Jump to content

ഹോണോറെ ഡി ബൽസാക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹോണോറെ ഡി ബൽസാക്
ബൽസാക്ക് 1842-ൽ
(ഡഗരോടൈപ്പ് ഛായ, ഛായാകാരൻ അഗസ്തെ ബിസ്സോൺ)
ജനനം20 മേയ് 1799
ടൂർസ്, ഫ്രാൻസ്
മരണം18 ആഗസ്റ്റ് 1850 (പ്രായം 51)
തൊഴിൽനോവലിസ്റ്റ്
നാടകകൃത്ത്
ജീവിതപങ്കാളി(കൾ)ഇവലീന ഹാൻസ്ക

പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് നോവലിസ്റ്റും, നാടകകൃത്തും ആയിരുന്നു ഹോണോറെ ഡി ബൽസാക് ( Honoré de Balzac) ഉച്ചാരണം: [ɔ.nɔ.ʁe d(ə) bal.zak] (ജനനം: 20 മേയ് 1799; മരണം: 18 ആഗസ്റ്റ് 1850). ഇദ്ദേഹത്തിന്റെ പ്രധാന കൃതി ലാ കോമെഡീ ഹുമേൺ എന്ന സമാഹാരമാണ്. ഇതിൽ നോവൽ, നിരൂപണം, ചെറുകഥകൾ എന്നിവയുൾപ്പെടെ 91 പൂർണ രചനകളും 46 അപൂർണ രചനകളും ഉണ്ട്.[1] നെപ്പോളിയന്റെ പതനത്തിനു ശേഷമുള്ള പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രാൻസിലെ സാമൂഹ്യ ജീവിതത്തിന്റെ വിശാലദൃശ്യം ഈ കൃതിയിൽ ബൽസാക് വരച്ചു കാട്ടുന്നു. സൂക്ഷ്മ നിരീക്ഷണപാടവവും, വസ്തുനിഷ്ഠമായ ആഖ്യാന ശൈലിയും ബൽസാക് കൃതികളെ ശ്രദ്ധേയമാക്കുന്നു. സങ്കീർണ്ണവ്യക്തിത്വവും, സദാചാരമൂല്യങ്ങളോടുള്ള സമീപനത്തിൽ ആശയഭിന്നതയും (moral ambiguity) പ്രകടിപ്പിച്ച പച്ച മനുഷ്യർ ആയിരുന്നു ബൽസാക്കിന്റെ കഥാപാത്രങ്ങൾ. ഇതു മൂലം ഇദ്ദേഹം യുറോപ്യൻ സാഹിത്യത്തിലെ യഥാർത്ഥ്യ പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളായി കരുതപ്പെടുന്നു [2]. ഇംഗ്ലീഷ് എഴുത്തുകാരൻ സോമർസെറ്റ് മോം "പത്തു നോവലുകളും അവയുടെ എഴുത്തുകാരും" (Ten Novels and Their Authors, 1954) എന്ന നിരൂപണരചനയിൽ ബൽസാക്കിനെ ലോകം കണ്ട എറ്റവും പ്രതിഭാശാലിയായ നോവലിസ്റ്റ് എന്നു വിശേഷിപ്പിച്ചു.

പിന്നീടു വന്ന ഒരുപാട് എഴുത്തുകാർക്കും, ചിന്തകർക്കും ബൽസാക് പ്രചോദനം ആയി. അദ്ദേഹത്തിന്റെ കൃതികൾ മാർസെൽ പ്രൂസ്ത്, എമിൽ സോള, ചാൾസ് ഡിക്കൻസ്, എഡ്ഗാർ അല്ലൻ പോ, ദസ്തയേവ്സ്കി, ഗുസ്താവ് ഫ്ലോബേർ, ബെനിറ്റോ പെരേസ് ഗാൾദോസ്, മേരി കോറെല്ലി, ഹെൻറി ജെയിംസ്, വില്യം ഫാക്ക്നർ, ജാക്ക് കെറൂവാക്ക്, ഇറ്റാലൊ കൽവീനൊ, ഫ്രെഡറിക് എംഗൽസ്, കാൾ മാർക്സ് എന്നിവരെ സ്വാധീനിച്ചു. ബൽസാക്കിന്റെ കൃതികൾ അനേകം ഭാഷകളിലേയ്ക്ക് തർജ്ജുമ ചെയ്യപ്പെട്ടിട്ടുണ്ട്. പലതും ചലച്ചിത്രങ്ങൾക്ക് അവലംബം ആയിട്ടുമുണ്ട്.


ആദ്യ കാല ജീവിതം

[തിരുത്തുക]
The Oratorian grammar school in Vendôme—engraving by A. Queyroy

ഹൊണൊറെ ബൽസാക് 1799 മേയ് 20-ന് ൽ ഫ്രാൻസിലെ ടൂർസ് നഗരത്തിൽ ജനിച്ചു. പിതാവ് ബെർണാർഡ് ഫ്രാൻസ്വാ ബൽസാ(Bernard-François Balssa) ഒരു വക്കീൽ ആയിരുന്നു. പാവപ്പെട്ട കുടുംബത്തിൽ ജനിച്ച് കഠിനാധ്വാനം വഴി ഉയർന്നു വന്ന ആളായിരുന്നു അദ്ദേഹം. ബെർണാർഡ് ഫ്രാൻസ്വാ അൻപത് വയസ്സ് ഉള്ളപ്പോൾ പതിനെട്ടു വയസ്സുകാരിയായ ഹൊണോറെയുടെ മാതാവ്, അന്ന ഷാർലൊ-ലോർ സല്ലാംബിയെയെ (Anne-Charlotte-Laure Sallambier) കല്യാണം കഴിച്ചു. ഇവരുടെ രണ്ടാമത്തെ കുട്ടിയായിരുന്നു ഹൊണൊറെ. ആദ്യം പിറന്ന ആൺകുട്ടി ഒരു മാസം കഴിഞ്ഞപ്പോൾ മരിച്ചു പോയി. അക്കാലത്തെ ഫ്രാൻസിൽ, കുട്ടികളെ മുലയൂട്ടാനായി ജനിച്ച ഉടനെ വാടക-വളർത്തമ്മമാരെ ഏല്പിക്കുന്നത് സാമ്പത്തിക സഥിതിയുള്ള കുടുംബങ്ങളിലെ ഒരു സമ്പ്രദായം ആയിരുന്നു . അങ്ങനെ ഹൊണൊറെയും ഇളയ സഹോദരി ലോറയും വീട്ടിൽ നിന്നകലെ നാലു വർഷം വളർത്തമ്മയുടെ അടുത്തായിരുന്നു. തിരിച്ച് വീട്ടിൽ വന്നപ്പോൾ അച്ഛനമ്മമാർ അധികം അടുപ്പം കാണിക്കാതിരുന്നത് ഹൊണൊറെയെ മാനസികമായി ബാധിച്ചിരുന്നു.

എട്ടു വയസ്സ് ഉള്ളപ്പോൾ ഹൊണൊറെയെ വെൻഡോം(Vendôme) എന്ന പട്ടണത്തിലെ ഒററ്റൊറിയൻ (Oratory of Jesus) പാതിരിമാർ നടത്തുന്ന ഒരു ബോർഡിങ്ങ് സ്കൂളിൽ ചേർത്തു. ഇവിടെ അദ്ദേഹം ഏഴു കൊല്ലം പഠിച്ചു. കാണാപ്പാഠം രീതിയിൽ ഉള്ള പഠന ശൈലിയോട് ഒത്തു പോവാൻ പറ്റാത്തതു കൊണ്ട് ഹൊണോറെക്ക് ഒരുപാട് ശിക്ഷയും പീഡനങ്ങളും അനുഭവിക്കേണ്ടി വന്നു. ഈ വിദ്യാലയത്തിലെ താമസവും, ശിക്ഷകളും ഹൊണൊറെയെ ശാരീരികമായി തളർത്തി. വേദനകളും, ഒറ്റപ്പെടലും തരണം ചെയ്യാൻ ഹൊണൊറെ കണ്ടെത്തിയ മാർഗ്ഗം വായന ആയിരുന്നു. അദ്ദേഹം കൈയിൽ കിട്ടുന്നത് എന്തും വായിച്ചു സമയം ചിലവഴിച്ചു. ഒന്നും കിട്ടാത്ത അവസ്ഥകളിൽ നിഘണ്ടു വരെ വായിക്കുന്നതിൽ ആനന്ദം കണ്ടെത്തി.

ഹൊണൊറെക്ക് പതിനഞ്ച് വയസ്സ് ഉള്ളപ്പോൾ ബൽസാക് കുടുംബം പാരിസിലേയ്ക്ക് താമസം മാറി. അവിടെ രണ്ടു വർഷം സ്വകാര്യ അധ്യയനം നടത്തി. ഇക്കാലത്ത് ഹൊണോറെ ഒരിക്കൽ ഒരു പാലത്തിൽ നിന്ന് നദിയിലേയ്ക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെങ്കിലും മരിക്കാതെ രക്ഷപെട്ടു. 1816 - ൽ ഹൊണൊറെ സൊർബൊൺ യുണിവെർസിറ്റിയിൽ ചേർന്നു. അവിടെ പ്രമുഖരും പ്രശസ്തരും ആയ അധ്യാപകരുടെ കീഴിൽ അഭ്യസിക്കാൻ ഭാഗ്യമുണ്ടായി. സർവകലാശാല വിദ്യാഭ്യാസം പൂർത്തിയായപ്പോൾ ഹൊണൊറെ അച്ഛ്റെ നിർബന്ധപ്രകാരം കുടുംബ സുഹൃത്ത് വിക്ടർ പാസ്സെ എന്ന വക്കീലിന്റെ ഓഫീസിൽ മൂന്നു വർഷം ജൂനിയർ ആയി പ്രാക്റ്റീസ് ചെയ്തു. പരിശീലനം കഴിഞ്ഞപ്പോൾ വിക്ടർ പാസ്സെ ഹൊണോറെയെ സീനിയർ പാർട്ട്നർ ആക്കാമെന്നു പറഞ്ഞെങ്കിലും അദ്ദേഹം ആ ക്ഷണം നിരസിക്കയും താൻ ഒരു എഴുത്തുകാരനാവാൻ പോവുകയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഈ പ്രഖ്യാപനം ബൽസാക്കിന്റെ മാതാപിതാക്കളെ അരിശം പിടിപ്പിച്ചതിനാൽ, അദ്ദേഹത്തിന് വീട്ടിൽ നിന്നു മാറി താമസിക്കേണ്ടിയും വന്നു. [3]

പ്രഥമ രചനകൾ

[തിരുത്തുക]

ബൽസാക് ആദ്യമായി എഴുതിയത് ലാ കൊർസൈർ എന്ന ഓപ്പറയുടെ തിരക്കഥ (libretto) ആയിരുന്നു. ഇത് അവതരിപ്പിക്കാൻ ഒരു സംഗീത സ്ംവിധായകനെ കിട്ടാൻ ബുദ്ധിമുട്ടാവും എന്ന് മനസ്സിലായതൊടെ ബൽസാക് ഓപ്പറ വിട്ട് നാടകരചനയിലേയ്ക്കു തിരിഞ്ഞ്, ക്രോംവെൽ എന്ന ദുരന്തനാടകം എഴുതി. ഈ നാടകവും അധികം ജനശ്രദ്ധ നേടിയില്ല. പിന്നീട് ബൽസാക്, അഗസ്തെ ലെപ്വാറ്റെവിൻ (Auguste Lepoitevin) എന്ന സാഹിത്യ ഏജന്റ് (Literary agent) മുഖേന കുറെ ചെറുകഥകളും, ചെറു നോവലുകളും പ്രസിദ്ധീകരിച്ചു. കച്ചവട ഉദ്ദേശത്തോടെ എഴുതിയ നിലവാരം കുറഞ്ഞ കൃതികൾ ആയിരുന്നു അവ. പലവിധം തൂലികാനാമങ്ങളിൽ ആയിരുന്നു പ്രസിദ്ധീകരണം.

ബൽസാക് ഇതിനിടയിൽ കുറെ ബിസിനസ്സ് സംരംഭങ്ങൾ തുടങ്ങിയെങ്കിലും അവ ദയനീയമായി പരാജയപ്പെട്ടു. ഇതു മൂലം 'തരക്കേടില്ലാത്ത' കട ബധ്യതകളും അദ്ദേഹത്തിനു ഉണ്ടായി. കുറെ "പോട്ട് ബോയിലർ" കൃതികൾ എഴുതിയതിനു ശേഷം 1831-ൽ ഇദ്ദേഹത്തിനു ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയ ഒരു ആശയം മനസ്സിൽ ഉദിച്ചു. ആ ആശയമായിരുന്നു "ലാ കോമെഡീ ഹുമേൺ" എന്ന ബ്രഹ്മാണ്ഡ കൃതി.

Drawing of Balzac in the mid-1820s, attributed to Achille Devéria

ലാ കോമെഡീ ഹുമേൺ - തുടക്കവും, വിജയവും

[തിരുത്തുക]

ലാ കോമെഡീ ഹുമേൺ 91 പൂർണരചനകളും 45 അപൂർണരചനകളും ചേർന്ന ഒരു ശേഖരമാണ്. ഒരോ കൃതിയും സ്വന്തം നിലയിൽ പൂർണതയുള്ള നോവലോ ചെറുകഥയൊ ഒക്കെയാണ്. ഇവ ചേരുമ്പോഴാകട്ടെ അന്നത്തെ ഫ്രെഞ്ച് സാമൂഹ്യജീവിതത്തിന്റെ ബൃഹത്തായ ചിത്രമാകുന്നു. ചില കഥാപാത്രങ്ങൾ പല നോവലുകളിലും ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നു. ഈ പരമ്പരയിലെ ആദ്യ കൃതി ഫ്രഞ്ച് വിപ്ലവം പശ്ചാത്തലം ആക്കി രചിച്ച ലെ ഷൊവാൻ (Les Chouans) എന്ന നോവൽ ആയിരുന്നു. 1829 ൽ പ്രസിദ്ധീകരിച്ച ഈ കൃതി ബൽസാക് തന്റെ സ്വന്തം പേരിൽ എഴുതിയ ആദ്യത്തെ രചന ആയിരുന്നു. (അതിനു മുൻപ് അദ്ദേഹം എഴുതിയതെല്ലാം തൂലികാനാമങ്ങളിൽ ആയിരുന്നു.) ഈ നോവലിന്റെ വിജയം ബൽസാകിനെ ഫ്രാൻസിലെ അറിയപ്പെടുന്ന എഴുത്തുകാരിൽ ഒരാളാക്കി. 1830 മുതൽ 1832 വരെ അദ്ദേഹം എൽ വെർഡുഗോ, La Peau de Chagrin എന്നീ നോവലുകൽ എഴുതി. 1833-ലാണ് വൻവിജയമായിത്തീർന്ന Eugénie Grandet പ്രസിദ്ധീകരിച്ചത്, ഈ നോവലാണ് നിരൂപകരുടെ അഭിപ്രായത്തിൽ ബൽസാകിന്റെ എറ്റവും ഉദാത്തമായ സൃഷ്ടി. 1835 ൽ പ്രസിദ്ധീകരിച്ച Le Père Goriot ആണ് അടുത്ത വൻ വിജയം.[4]

ബൽസാകിന്റെ ബിസിനസ്സ് സംരംഭങ്ങളും എഴുത്തിനൊപ്പം നടന്നുകൊണ്ടിരുന്നു. സാർഡിനിയിൽ പഴയ റോമൻ ഖനികളിലെ അവശിഷ്ടങ്ങൾ സംസ്കരിച്ച് സ്വർണ്ണം വേർതിരിച്ചെടുക്കുക, പ്രിന്റിങ്ങ് പ്രസ്സ്, രണ്ട് ആനുകാലിക പ്രസിദ്ധീകരണങ്ങൾ (Chronique de Paris, Revue Parisienne) എന്നീ സംരംഭങ്ങൾ പരാജയപ്പെട്ട് വൻ നഷ്ടങ്ങൾ ഉണ്ടാക്കിയതേയുള്ളു. 'അത്യാവശ്യം' കടവും കയറി. ഈ തിക്താനുഭവങ്ങൾ 1843 ൽ ഇറങ്ങിയ Illusions Perdues (നഷ്ടസ്വപ്നങ്ങൾ) എന്ന നോവലിനു പ്രചോദനമായി. പിന്നെ 1847 ൽ Le Cousin Pons ഉം , 1848 ൽ La Cousine Bette യും പ്രസിദ്ധീകരിച്ചു.

കല്യാണം, പിൽക്കാല ജീവിതം, മരണം

[തിരുത്തുക]

1832 ൽ ബൽസാകിനു റഷ്യയിലെ ഒഡെസ്സായിൽ നിന്ന് "L'Étrangère" (അജ്ഞാത) എന്ന പേരിൽ ഒരു ആരാധിക എഴുതിയ ഒരു കത്ത് കിട്ടി. ഈ കത്ത് എഴുതിയത് ഇവലീന ഹൻസ്കാ (Ewelina Hańska) എന്ന പോളണ്ടുകാരി യുവതി ആയിരുന്നു. ഇതിനു മറുപടിയായി ബൽസാക് 'ഗസറ്റ്-ഡി-ഫ്രാൻസ്' പത്രത്തിൽ ഒരു പരസ്യം ഇട്ടു എങ്കിലും ഇവലീന അത് കണ്ടിരിക്കാൻ വഴിയില്ല എന്നാണ് പിൽക്കാല സംഭവങ്ങളിൽ നിന്നു മനസ്സിലാവുന്നത്. ആ വർഷം ഇവലീന ബൽസാകിനു വീണ്ടും കത്തുകൾ എഴുതി. ഇവയിൽ, അവർ തമ്മിൽ ഒരിക്കലും കണ്ടു മുട്ടുകയില്ല "നിനക്ക് ഞാൻ അജ്ഞാത മാത്രം ആയിരിക്കും, എപ്പൊഴും!" എന്ന് അവൾ എഴുതുമായിരുന്നു. നവംബർ മാസത്തിൽ എഴുതിയ കത്തിൽ ഇവലീന ഒരു കാര്യം കൂടി എഴുതി: ബൽസാക്കിനു മറുപടി എഴുതാൻ ആഗ്രഹമുണ്ടെങ്കിൽ 'ലാ-ക്വോത്തിദിയേൻ' എന്ന പത്രത്തിൽ "L'É-യ്ക്ക് H.B-യിൽ നിന്ന്." എന്ന വാക്കുകൾ മാത്രം ഉള്ള ഒരു പരസ്യം ഇടുക. ബൽസാക് ആരാധിക പറഞ്ഞ പോലെ ചെയ്യുകയും, അടുത്ത കത്തിൽ ഇവലീന, ബൽസാകിന്റെ മറുപടികൾ വാങ്ങി സുരക്ഷിതമായി എത്തിക്കാൻ ഒരു സന്ദേശവാഹകനെ ഏർപ്പാടാക്കിയ വിവരം അറിയിക്കുകയും ചെയ്തു. അങ്ങനെ കത്തുകളിലൂടെ അവരുടെ സൗഹൃദം വളർന്നു. അടുത്ത വർഷം എഴുതിയ ഒരു കത്തിൽ താൻ ഭർത്താവിനൊപ്പം സ്വിറ്റ്സർലാന്റ് സന്ദർശിക്കുന്നുണ്ടെന്നും കണ്ടുമുട്ടാൻ ആഗ്രഹമുണ്ടെന്നും അറിയിച്ചു. ഉടനെ തന്നെ ബൽസാക് സ്വിറ്റ്സർലാന്റ് യാത്രക്കു ഉള്ള ഒരുക്കങ്ങൾ തുടങ്ങി; കൂടാതെ ആദ്യമായി തന്റെ പ്രേമം ഇവലീനയെ അറിയിച്ചു.

1833 സെപ്റ്റംബർ മാസം ഇരുപത്തഞ്ചാം തീയതി സ്വിറ്റ്സർലാന്റിലെ 'ന്യൂഷറ്റെൽ' തടാകത്തിനു സമീപമുള്ള ഒരു സ്ഥലത്ത് വച്ച് അവർ കണ്ടുമുട്ടി. ബൽസാക് നേരത്തെ നിശ്ചയിച്ച സ്ഥലത്ത് വന്നപ്പോൾ, തന്റെ പുസ്തകങ്ങളിലൊന്നു വായിച്ചു കൊണ്ടിരുന്ന ഒരു യുവതിയെ അദ്ദേഹം കണ്ടു. അവളുടെ സൗന്ദര്യത്തിൽ ബൽസാക് മയങ്ങിപ്പോയി; ആ യുവതി ഇവലീന ആയിരുന്നു. ഇവലീനയ്ക്കും ബൽസാക്കിനെ ഇഷ്ടമായി. പിന്നീട് അനേകം കണ്ടുമുട്ടലുകളിലൂടെ അവരുടെ പ്രണയം വളർന്നു. ഇവലീനയെക്കാൾ 20 വയസ്സിനു മൂത്ത വക്ലാ ഹാൻസ്കി എന്ന പോളിഷ് പ്രഭു ആയിരുന്നു ഇവലീനയുടെ ഭർത്താവ്. ഇദ്ദേഹം 1841 ൽ മരിച്ചു. 1843 ൽ ബൽസാക് സെയിന്റ് പീറ്റ്ർസ്ബർഗിലെത്തി ഇവലീനയെ കണ്ടു വിവാഹ അഭ്യർഥന നടത്തി. കോടതി കേസ്, ബൽസാകിന്റെ സാമ്പത്തിക ബാദ്ധ്യതകൾ മുതലായ പ്രശ്നങ്ങൾ കാരണം അവർക്ക് ഉടനേ വിവാഹിതരാകാൻ കഴിഞ്ഞില്ല. ഈ അനിശ്ചിതാവസ്ഥ വർഷങ്ങളോളം നീണ്ടു, അവസാനം 1850 മാർച്ചു മാസത്തിൽ അവർ വിവാഹിതരായി. അപ്പോൾ ഇവലീനയ്ക്ക് 45 വയസ്സും, ബൽസാകിനു 51 വയസ്സും ആയിരുന്നു.

വിവാഹം കഴിഞ്ഞു മാസങ്ങൾക്കകം രണ്ടുപേരും രോഗബാധിതരായി. ഇവലീനയ്ക്ക് പാദങ്ങളിലെ സന്ധി വീക്കവും നീരും, ബൽസാക്കിനു ഹൃദ്രോഗവും ആയിരുന്നു. എവലീന ചികിൽസക്ക് ശേഷം രോഗവിമുക്തയായെങ്കിലും, ബൽസാകിന്റെ രോഗം മൂർഛിച്ചു അദ്ദേഹം പൂർണമായി രോഗശയ്യയിൽ ആയി. ഒടുവിൽ, തന്റെ കല്യാണം കഴിഞ്ഞു അഞ്ചു മാസം കഴിഞ്ഞപ്പോൾ ബൽസാക് മരണമടഞ്ഞു. അദ്ദേഹത്തെ പാരിസിലെ 'ലാക്കേയ്സ്' സിമിത്തേരിയിലാണ് അടക്കം ചെയ്തിരിക്കുന്നത്. അന്ത്യസംസ്കാര ചടങ്ങിൽ പാരിസിലെ പ്രമുഖ എഴുത്തുകാർ പങ്കെടുത്തിരുന്നു.

രചനാ ശൈലി

[തിരുത്തുക]

സൂക്ഷ്മമായ പാശ്ചാത്തല വിവരണവും സങ്കീർണമായ കഥാപാത്രാവിഷ്കാരവും ബൽസാക് കൃതികളുടെ പ്രത്യേകതയാണ്. ബൽസാകിന്റെ കഥാപാത്രങ്ങളിൽ പൂർണമായ നന്മയോ തിന്മയോ ഉള്ളവർ ആരുമില്ല. ഓരോ കഥാപാത്രത്തിനും നന്മതിന്മകൾ ഇടകലർന്ന സ്വഭാവം ആണുള്ളത്. ഈ പാത്രാവിഷ്കാരശൈലിയാണ് ബൽസാകിനെ യുറോപ്യൻ സാഹിത്യത്തിലെ യഥാതഥ്യപ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളെന്ന നിലയിൽ പ്രസിദ്ധനാക്കിയത്. എമീൽ സോള ബൽസാകിനെ നാച്ചറലിസ്റ്റ് നോവലിന്റെ പിതാവ് എന്ന് വിശേഷിപ്പിച്ചു. റൊമാന്റിക്കുകൾ ലോകം നിറമുള്ള കണ്ണാടിയിലൂടെ നോക്കി കണ്ടപ്പോൾ ബൽസാക് അതിനെ കണ്ണാടി ഇല്ലാതെ കണ്ട്, ജീവിത യാഥാർത്ഥ്യങ്ങളെ നിറഭേദങ്ങൾ ചേർക്കാതെ വരച്ചു കാട്ടി എന്ന് സോള എഴുതി. ബൽസാക് തന്റെ കഥാപാത്രങ്ങളെ ഓരോ സാമൂഹിക വർഗത്തിൽ (social types) പെടുന്നവരായി ചിത്രീകരിച്ചിരുന്നു. കഥാപാത്രങ്ങളെ അദ്ദേഹം കുലീനനായ പട്ടാള ഉദ്യോഗസ്തൻ, അഭിമാനിയായ തൊഴിലാളി, സൂത്രക്കാരനായ കച്ചവടക്കാരൻ, സുന്ദരിയായ അഭിസാരിക എന്നിങ്ങനെ പല തരങ്ങളിൽ പെടുത്തി. ഈ കഥാപാത്രങ്ങളുടെ പെരുമാറ്റം അവർ ഉൾപ്പെടുന്ന തരത്തിനനുസരിച്ചും അതേസമയം ഒരോരുത്തരും അവരവരുടെ വ്യക്തിത്വം നിലനിർത്തിയും ആയിരുന്നു. ഒരു വ്യക്തിയുടെ സ്വഭാവത്തിൽ തന്റെ വർഗഗുണവും, സ്വന്തം വ്യക്തിത്വവും ഒരേസമയത്ത് പ്രതിഫലിച്ചു കാണുന്നത് വളരെ തന്മയത്വത്തോടുകൂടി അവതരിപ്പിക്കാൻ കഴിഞ്ഞത് ബൽസാക്കിന്റെ രചനാപാടവത്തിന്റെ മികവ് ആണ്. പല കഥാപാത്രങ്ങളും വിവിധ നോവലുകളിൽ ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്നത് കാരണം വായനക്കാരന് കഥാപാത്രങ്ങളോട് ഒരു പ്രത്യേക ആത്മബന്ധം തോന്നാനും ഇവരെ ശരിക്കും ജീവനുള്ള മനുഷ്യർ ആയി കരുതാനും ഉള്ള പ്രേരണ ഉണ്ടാവും. ഇതെല്ലാം കൂടി ചേർത്ത് അനുവാചകനിൽ ഇത് കഥയോ യഥാർത്ഥ സംഭവങ്ങളോ എന്ന ഒരു വിഭ്രമാവസ്ത വരെ ഉണ്ടാക്കുന്നു. [5]

തുടക്കകാലങ്ങളിൽ ബൽസാകിന്റെ രചനകൾ പൊതുവെ നഷ്ടബോധവും, നിരാശയും നിഴലിക്കുന്നവ ആയിരുന്നു. 1831 ൽ എഴുതിയ ലപ്പൊ ദി ഷഗ്രി (La Peau de chagrin) (en:The Wild Ass's Skin; ml:കാട്ടു കഴുതയുടെ തോൽ) ഇതിന് ഉദാഹരണമാണ്. ഈ നോവലിൽ ബൽസാക് ഫാന്റസിയും (Fantasy), യഥാർഥ ജീവിതത്തിലെ ദുരന്തങ്ങളും വിദഗ്ദ്ധമായി ഇടകലർത്തി കഥ നെയ്യുന്നു. ഈ നോവൽ മൂന്ന് ഭാഗങ്ങൾ ആയി ആണ് എഴുതിയിരിക്കുന്നത്. ലെ ടെലിസ്മാ (Le Talisman) (en: The Talisman; ml:മാന്ത്രിക തോൽ), ലാ ഫെമം സാങ് കേർ (La Femme sans cœur) (en:The woman without a heart;ml: ഹൃദയം ഇല്ലാത്ത പെണ്ണ്), ലാഗൊണീ (L'Agonie) (en:The Agony; ml: പ്രാണവേദന) എന്നിവ ആണ്. ലെ ടെലിസ്മായുടെ പ്രഥമ രംഗം പ്രധാന കഥാപാത്രമായ റാഫേൽ ഡി വലന്റി (Raphael de Valentin) തന്റെ അവസാന സ്വർണ നാണയവും ചൂതാടി നഷ്ടപ്പെട്ട് സീൻ നദിയിൽ ചാടി ആത്മഹത്യ ചെയ്യാൻ പോവുന്നതാണ്. കസീനോയുടെ രംഗ വിവരണത്തിൽ തന്നെ ബൽസാക് നിരാശയുടെ നിറം ചാലിക്കുന്നത് കാണാം. "മതിലിൽ അഴുക്കു പിടിച്ച വാൾപേപ്പർ അല്ലാതെ തൂങ്ങിച്ചാവാൻ ഒരു ആണി പോലും ഇല്ലായിരുന്നു" എന്ന് ബൽസാക് എഴുതുമ്പോൾ റാഫേലിന്റെ മാനസിക നിലയെപ്പറ്റി ഒരു ഏകദേശരൂപം അനുവാചകന് ലഭിക്കുന്നു. ആത്മഹത്യ ചെയ്യാൻ പറ്റിയ ഒരു സ്ഥലം തേടി പോവുന്ന രാഫേൽ, വഴിയിൽ കണ്ട ഒരു പുരാവസ്തു വില്പനശാലയിൽ (antique shop) കയറുന്നു. അവിടെ സംസ്കൃതത്തിൽ എന്തോ എഴുതിയ ഒരു കഷണം കഴുതത്തോൽ റാഫേലിനെ വൃദ്ധനായ കടക്കാരൻ കാണിച്ചു. ആഗ്രഹിക്കുന്നതെല്ലാം നേടിത്തരാനുള്ള മാന്ത്രിക ശക്തി അതിനുണ്ടെന്നും വേണമെങ്കിൽ അതു റാഫേലിനു വെറുതെ കൊടുക്കാമെന്നും പറഞ്ഞ വൃദ്ധൻ, പക്ഷെ ഈ അതു സ്വീകരിക്കാതിരിക്കുന്നതാവും നല്ലതെന്നും പറയുന്നു. സ്വത്തും പണവും പ്രശസ്തിയും ആഗ്രഹിക്കുന്ന റഫേൽ വൃദ്ധന്റെ മുന്നറിയിപ്പ് അവഗണിച്ച് റാഫേൽ കഴുതത്തോൽ വാങ്ങി. കഴുതത്തോൽ റാഫേലിന്റെ ജീവിതം മാറ്റിമറിക്കുന്നെങ്കിലും ഓരോ ആഗ്രഹം സാധിച്ചു കിട്ടുമ്പോഴും തോൽ അല്പം ചുരുങ്ങുന്നു, അതിനൊപ്പം റാഫേലിന്റെ ആയുസ്സും.

ലപ്പൊ ദി ഷഗ്രിയുടെ (La Peau de chagrin) രണ്ടാം ഭാഗത്തിൽ (La Femme sans cœur) ഒരു ഫ്ലാഷ് ബാക്കിലൂടെ റഫേൽ തന്നെ ആത്മാർത്ഥമായി സ്നേഹിച്ച പോളീൻ (Pauline) എന്ന പെൺകുട്ടിയെ മറന്ന് ഫെഡോറാ (Foedora) എന്ന സോഷ്യലൈറ്റ്(socialite) സുന്ദരിയുടെ പുറകെ പോവുന്നതും, ഫെഡോറാ റാഫേലിന്റെ സ്നേഹം തിരസ്കരിക്കുന്നതും, അവസാനം നിർദ്ധനനും, നിരാശനും ആയി നോവലിന്റെ തുടക്കത്തിൽ കാണുന്ന അവസ്ഥയിൽ എത്തുന്നതും വിവരിക്കുന്നു. മൂന്നാം ഭാഗം ആയ ലാഗൊണീയിൽ (L'Agonie) കഴുതത്തോലിന്റെ സഹായത്തോടെ തന്റെ ആഗ്രഹങ്ങളൊക്കെ നേടാൻ കഴിഞ്ഞെങ്കിലും അനാരോഗ്യവും മരണഭയവും റാഫേലിനെ വേട്ടയാടുന്നു. ഇതിനിടെ ഓരോ ആഗ്രഹം മനസ്സിൽ തോന്നുമ്പോഴും ചെറുതാവുന്ന ഈ കഴുതത്തോൽ ചുരുങ്ങി ചുരുങ്ങി ഒരു ചെറിയ നിത്യകല്യാണി ഇലയോളം ആയി. ആഗ്രഹങ്ങൾ മനസ്സിൽ ഉണ്ടാവാതിരിക്കാൻ വേണ്ടി തന്റെ ജീവിതം ചിട്ടപ്പെടുത്തി റാഫേൽ ഒരു വലിയ വീട്ടിൽ അടച്ചു പൂട്ടി കഴിയുന്നു. കൂട്ടിനു ഒരു വേലക്കാരൻ മാത്രം. ഈ അവസ്ഥയിൽ ആണ് പോളീൻ (Pauline) റാഫേലിനെ കാണാൻ വരുന്നത്. മാന്ത്രിക തോലിന്റെ കാര്യം പോളീൻ അറിയുമ്പോൾ റാഫേലിന്റെ മനസ്സിൽ താൻ കാരണം ഇനി എന്തെങ്കിലും ആഗ്രഹം ഉണ്ടാവുമോ എന്ന് ഭയന്നു, പോളീൻ അവിടെ നിന്നു ഓടി അടുത്ത മുറിയിൽ കയറി വാതിൽ അടച്ചു കുറ്റി ഇടുന്നു. പുറകെ ചെന്ന റാഫേൽ "പോളീൻ, പോളീൻ വാതിൽ തുറക്കൂ, എനിക്ക് നിന്റെ കൈകളിൽ കിടന്നു മരിക്കണം" എന്ന് അലറി വിളിച്ചു വാതിലിൽ മുട്ടുന്നു. ഒടുവിൽ അവസാന ശക്തിയും സംഭരിച്ച് വാതിൽ ചവിട്ടി പൊളിക്കുന്നു. ഇതിനിടയിൽ രാഫേലിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി പോളീൻ സ്വന്തം കഴുത്തിൽ ഷാൾ മുറുക്കി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നു. അവളുടെ അഴിഞ്ഞുലഞ്ഞ മുടിയും, സ്ഥാനഭ്രംശം വന്ന വസ്ത്രവും എല്ലാം കണ്ട് റാഫേലിന്റെ സകല നിയന്ത്രണങ്ങളും വിട്ടു പൊവുന്നു. ആ ഷാൾ പിടിച്ചു മാറ്റി ഒരു ദീന രോദനത്തോടെ രാഫേൽ പോളീന്റെ മാറിൽ പല്ലുകൾ അമർത്തി അന്ത്യശ്വാസം വലിക്കുന്നു.

ബൽസാക്കിന്റെ പിന്നീടുള്ള നോവലുകളിൽ ലപ്പൊ ദി ഷഗ്രിയിൽ നിന്നു വ്യത്യസ്തമായി പ്രധാന കഥാപാത്രങ്ങൾ ജീവിതത്തെ നേരിടാൻ അസാമാന്യമായ ധൈര്യം കാണിക്കുന്ന കഥകൾ ആണ്. ഉദാഹരണത്തിനു Illusions perdues (Lost Illusions) എന്ന നോവലിലെ പ്രധാന കഥാപാത്രം ജീവിതത്തിലെ എല്ലാ പ്രതീക്ഷയും അസ്തമിച്ച് ആത്മഹത്യക്ക് ഒരുങ്ങുമ്പോൾ ജയിൽ ചാടിയ കുറ്റവാളിയായ Vautrin ഒരു പാതിരിയുടെ വേഷത്തിൽ വന്നു അയാളെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കുന്നു. നോവൽ അവസാനിക്കുമ്പോൾ രണ്ടു പേരും വീണ്ടും ഒരു കൈ നോക്കാം എന്ന് തീരുമാനിച്ചു ഒരു കുതിരവണ്ടിയിൽ പാരിസ് ലക്ഷ്യമായി പായുന്നതായി കാണാം. എന്നിരുന്നാലും, പ്രധാനമായും മനുഷ്യ സ്വഭാവത്തിന്റെ ഇരുണ്ട മുഖം വരച്ചു കാണിക്കാൻ ആണു ബൽസാക് ശ്രമിച്ചത്. സ്വന്തം ജീവിതാനുഭങ്ങളെ അദ്ദേഹം പല നോവലുകളിലെയും കഥകൾക്ക് അവലംബമാക്കി.

വ്യക്തിമുദ്ര (Legacy)

[തിരുത്തുക]

സമകാലീനരെയും തനിക്കു പിന്നെ വന്നവരെയും വളരെയധികം സ്വാധീനിച്ച ഒരു എഴുത്തുകാരനാണ് ബൽസാക്. പ്രസിദ്ധ നിരൂപകൻ ഡബ്ലിയു. ഹെച്. ഹെം (W. H. Helm) ചാൾസ് ഡിക്കൻസിനെ ഇഗ്ലീഷിലെ ബൽസാക് എന്ന് വിശേഷിപ്പിച്ചു. ഡിക്കൻസ് കൃതികളിലെ സ്വഭാവികത ബൽസാക്കിന്റെ സ്വാധീനം കാരണമാണ് എന്ന് ചില നിരൂപകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. മാഡം ബൊവറി എന്ന നോവൽ എഴുതിയ ഗുസ്റ്റാവ് ഫ്ലൊബെർ ബൽസാക്കിനെ സൂക്ഷമായി പഠിച്ച ഒരു എഴുത്തുകാരനാണു. ഗദ്യ രചനയുടെ കാര്യത്തിൽ ഒരു പെർഫക്ഷനിസ്റ്റ് ആയിരുന്ന ഫ്ലൊബെറിന് ബൽസാക്കിന്റെ രചനാ ശൈലിയോട് അത്ര പ്രതിപത്തി ഇല്ലായിരുന്നു എങ്കിലും കഥ പറയാനുള്ള ബൽസാക്കിന്റെ പാടവത്തെ അത്യധികം ബഹുമാനിച്ചിരുന്നു.

കൃതികൾ

[തിരുത്തുക]

ദുരന്ത കാവ്യം

  • ക്രോംവെൽ (1819)

അപൂർണ്ണ് കൃതികൾ

  • ലെ കൊർസൈർ (Le Corsaire)
  • സ്റ്റെനി (Stenie)
  • ഫൽത്യൂം (Falthume)
  • കൊർസിനോ (Corsino)

തൂലികാനാമത്തിൽ പ്രസിദ്ധീകരിച്ചവ

  • ലെ ഹെറിറ്റൈർ ഡി ബിറാഗ് (L'Héritière de Birague 1822)
  • ഴാൺ ലൂയീ (Jean-Louis 1822)

അവലംബം

[തിരുത്തുക]
  1. Robb, Graham: Balzac: A Life, pg. 330, 1996, W. W. Norton and Company, Inc.
  2. Robb, Graham: Balzac: A Life, 1996, W. W. Norton and Company, Inc.
  3. http://www.online-literature.com/honore_de_balzac/
  4. http://www.online-literature.com/honore_de_balzac/
  5. Robb, 156
"https://ml.wikipedia.org/w/index.php?title=ഹോണോറെ_ഡി_ബൽസാക്&oldid=3517372" എന്ന താളിൽനിന്ന് ശേഖരിച്ചത്