സോമർസെറ്റ് മോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്യം സോമർസെറ്റ് മോം
Somerset Maugham (1934).jpg
ജനനംവില്യം സോമർസെറ്റ് മോം
(1874-01-25)25 ജനുവരി 1874
ബ്രിട്ടീഷ് എംബസ്സി, പാരീസ്, ഫ്രാൻസ്]]
മരണം16 ഡിസംബർ 1965(1965-12-16) (പ്രായം 91)
Nice, France
Occupationനോവലിസ്റ്റ്, നാടകകൃത്ത്, ചെറുകഥാകൃത്ത്
Notable worksഓഫ് ഹ്യൂമൻ ബോണ്ടേജ്
ദ ലെറ്റർ
റെയ്‌ൻ
ദ റേസേഴ്‌സ് എഡ്ജ്

നോവലിസ്റ്റ്, നാടകകൃത്ത്, നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു വില്യം സോമർസെറ്റ് മോം (William Somerset Maugham) (25 January 1874 – 16 December 1965). പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും ജനപ്രീതിയാർജിച്ച എഴുത്തുകാരിൽ ഒരാളായിരുന്നു മോം. 1930-കളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന എഴുത്തുകാരനും ഇദ്ദേഹമായിരുന്നു.[1]

ആദ്യകാല ജീവിതം[തിരുത്തുക]

സോമർസെറ്റ് മോം ജനിച്ചത് ഫ്രാൻസിലാണ്. അഭിഭാഷകനായിരുന്ന ഇദ്ദേഹത്തിന്റെ പിതാവ് റോബർട്ട് ഓമണ്ട് മോം പാരിസിലെ ബ്രിട്ടീഷ് എംബസ്സിയിലെ ഉദ്യോഗസ്ഥനായിരുന്നു. ഇദ്ദേഹത്തിനു എട്ടു വയസ്സ് ഉള്ളപ്പോൾ മാതാവ് ഈഡിത് മരിച്ചു. ഇത് സോമർസെറ്റ് മോമിനെ മാനസികമായി വല്ലാതെ ബാധിച്ചു. രണ്ടു വർഷം കഴിഞ്ഞു പിതാവ് റോബർട്ട് മോമും മരണമടഞ്ഞു. പിന്നെ സോമർസെറ്റ് വളർന്നത് പിതൃസഹോദരൻ ഹെൻറി മക്‌ഡോണാൾഡ് മോമിന്റെ സംരക്ഷണയിലായിരുന്നു. ഹെൻറി മക്‌ഡോണാൾഡ് ഇംഗ്ലണ്ടിലെ കെന്റ് കൗണ്ടിയിലെ വിറ്റ്സ്റ്റേബിൾ പട്ടണത്തിലെ ഒരു ആംഗ്ലിക്കൻ പള്ളിയിലെ വികാരിയായിരുന്നു. ഹെൻറി മക്‌ഡോണാൾഡ്, സോമർസെറ്റിനെ അടുത്ത് കാന്റർബറി പട്ടണത്തിലെ കിംഗ്സ് സ്കൂളിൽ പഠിക്കാൻ ചേർത്തു. ഫ്രാൻസിൽ വളർന്നത് കൊണ്ട് സോമർസെറ്റിന് ഇംഗ്ലീഷ് സംസാരിക്കാൻ അത്ര വശമില്ലായിരുന്നു. കൂടുതൽ അറിയാവുന്നത് ഫ്രഞ്ച് ആയിരുന്നു. കൂടാതെ ഉയരവും നന്നെ കുറവായിരുന്നു. ഇതു കാരണം സോമർസെറ്റ് സ്കൂളിൽ വച്ച് മറ്റു കുട്ടികളുടെ നിർദയമായ കളിയാക്കലിനു ഇരയായി. ഇത് പലപ്പോഴും മോമിനെ മാനസികമായി തളർത്തിയിരുന്നു. കടുത്ത മാനസിക സമ്മർദ്ദം ഉള്ള സമയങ്ങളിൽ മോമിന് വിക്ക് ഉണ്ടാവുക പതിവായി.[2]

സോമർസെറ്റ് മോമിനു പതിനാറു വയസ്സ് ഉള്ളപ്പോൾ അദ്ദേഹം ജർമനിയിലെ ഹൈഡൽബർഗ് യൂണിവേഴ്സിറ്റിയിൽ ഒരു വർഷം സാഹിത്യം പഠിക്കാൻ ചേർന്നു. അവിടെവച്ച് അദ്ദേഹം തന്റെ ആദ്യത്തെ പുസ്തകം എഴുതി. അത് സുപ്രസിദ്ധ കമ്പോസർ ജാകൊമോ മെയർബീറിന്റെ (Giacomo Meyerbeer) ജീവചരിത്രമായിരുന്നു. തിരിച്ച് ഇംഗ്ലണ്ടിൽ വന്നതിനു ശേഷം ഒരു സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തു. അദ്ദേഹത്തിനു ആ ജോലിയുമായി പൊരുത്തപ്പെട്ടുപോവാൻ ബുദ്ധിമുട്ടായത് കൊണ്ട് അതുപേക്ഷിച്ചു തിരിച്ചു വിറ്റ്സ്റ്റേബിളിൽ വന്നു. ഒടുവിൽ കുറച്ച് കൂടിയാലോചനകൾക്ക് ശേഷം വളർത്തഛൻ മോമിനെ വൈദ്യപഠനത്തിനയക്കാൻ തീരുമാനിച്ചു. അങ്ങനെ മോം ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിൽ മെഡിസിനു പഠിക്കാൻ ചേർന്നു. ഇതിനിടയിലും മോം എഴുത്ത് തുടർന്നു കൊണ്ടിരുന്നു.

കൃതികൾ[തിരുത്തുക]

ഹോസ്പിറ്റലിൽ ഇന്റേൺ ആയി സേവനമനുഷ്ടിച്ച കാലം അമൂല്യമായ ജീവിതാനുഭവ സമ്പത്ത് ഉണ്ടാക്കാൻ സഹായിച്ച്തായി മോം പിൽക്കാലത്ത് പറയുകയുണ്ടായി. പലതരം ആൾക്കാരുമായി ഇടപഴകാനും, അവരുടെ ജീവിതത്തിലെ നിർണ്ണായക നിമിഷങ്ങളിൽ പങ്കു ചേരാനും ഉള്ള അവസരം ആശുപത്രി ജോലിയിൽ നിന്നുണ്ടായി. മോം ഈ അനുഭവത്തെ ഇങ്ങനെ വിവരിച്ചു "ഞാൻ മനുഷ്യർ മനുഷ്യർ മരിക്കുന്നത് കണ്ടു, അവർ മരണത്തെ എങ്ങനെ നേരിട്ടു എന്നു കണ്ടു, വേദന താങ്ങുന്നത് കണ്ടു, ഭീതിയും, പ്രത്യാശയും, ആശ്വാസവും കണ്ടു". 1897-ൽ മോം തന്റെ രണ്ടാമത്തെ പുസ്തകമായ ലിസാ ഒഫ് ലാംബെത് എന്ന നോവൽ എഴുതി. ലിസ എന്ന പതിനെട്ടുകാരി തൊഴിലാളി യുവതിക്ക് ഒൻപത് കുട്ടികളുടെ അച്ഛനായ നാല്പത് വയസ്സുകാരനോട് തോന്നുന്ന ആകർഷണവും, ഈ നിഷിദ്ധ ബന്ധത്തിന്റെ പ്രത്യാഘാതങ്ങളും ഇഴചേർന്ന ഈ കഥ ഒരു വൻ വിജയമായിരുന്നു. ഈ പുസ്തകത്തിന്റെ ആദ്യത്തെ പ്രിന്റ് ആഴ്ചകൾക്കകം വിറ്റ് തീർന്നു. ലിസ ഒഫ് ലാംബെത്തിന്റെ വിജയത്തോടെ മോം മെഡിക്കൽ പ്രാക്റ്റീസ് ഉപേക്ഷിച്ചു മുഴുവൻ സമയവും എഴുത്തിലേക്ക് തിരിഞ്ഞു.

മോമിന്റെ അടുത്ത പത്തു കൃതികളും ലിസ ഒഫ് ലാംബെത്തിന്റെ അത്ര വിജയം നേടിയില്ല. അതിനു ശേഷം 1907-ൽ ഇറങ്ങിയ ലേഡി ഫ്രെഡറിക് എന്ന നാടകം വൻ വിജയമായിരുന്നു. അതോടെ മോം നോവൽരചനയ്ക്കൊപ്പം നാടകരചനയ്ക്കും തുല്യപ്രാധാന്യം നൽകിത്തുടങ്ങി. 1914-ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയമായപ്പോൾ മോം ഇംഗ്ലണ്ടിലെ അറിയപ്പെടുന്ന എഴുത്തുകാരിൽ ഒരാളായിരുന്നു. പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി കഴിഞ്ഞിരുന്നത് കൊണ്ട് അദ്ദേഹം യുദ്ധകാലത്ത് ഫ്രാൻസിലെ ബ്രിട്ടീഷ് റെഡ്ക്രോസ്സിൽ സേവനമനുഷ്ടിച്ചു. ഇക്കാലത്താണ് മോമിന്റെ മാസ്റ്റർപീസെന്ന് നിരൂപകർ വിശേഷിപ്പിക്കുന്ന ഒഫ് ഹ്യൂമൺ ബോണ്ടേജ് എന്ന നോവൽ എഴുതുന്നത്.[3][4]

Maugham facing camera.jpg

അവലംബം[തിരുത്തുക]

  1. The Literature Network
  2. Hastings, Selina. The Secret Lives of Somerset Maugham, 2010
  3. Harvnb Popplewell, 1995
  4. Morgan, 1980, pp. 197–8.
"https://ml.wikipedia.org/w/index.php?title=സോമർസെറ്റ്_മോം&oldid=2943110" എന്ന താളിൽനിന്ന് ശേഖരിച്ചത്