നാടകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാഹിത്യം
മുഖ്യരൂപങ്ങൾ

നോവൽ · കവിത · നാടകം
ചെറുകഥ · ലഘുനോവൽ

സാഹിത്യ ഇനങ്ങൾ

ഇതിഹാസം · കാവ്യം · നാടകീയത
കാല്പനികത · ആക്ഷേപഹാസ്യം
ശോകം · തമാശ
ശോകാത്മക ഹാസ്യം

മാധ്യമങ്ങൾ

നടനം (അരങ്ങ്· പുസ്തകം

രീതികൾ

ഗദ്യം · പദ്യം

ചരിത്രവും അനുബന്ധപട്ടികകളും

സംക്ഷേപം
പദസൂചിക
ചരിത്രം · ആധുനിക ചരിത്രം
ഗ്രന്ഥങ്ങൾ · എഴുത്തുകാർ
പുരസ്കാരങ്ങൾ · കവിതാപുരസ്കാരങ്ങൾ

ചർച്ച

വിമർശനം · സിദ്ധാന്തം · പത്രികകൾ

അഭിനയം, സംഭാഷണം എന്നിവയിലൂടെ, സമ്പൂർണമായ ഒരു മനുഷ്യവ്യാപാരത്തെ പ്രേക്ഷകരിലേക്ക് പകരുന്ന ദൃശ്യശ്രാവ്യകലയാണ് നാടകം. വളരെയധികം ജനപ്രീതിയാർജ്ജിച്ച ഒരു ദൃശ്യ കലയായ നാടകം, സുകുമാരകലകളിൽ ഉൾപെടുന്നു. 'ഒരു പൂർണക്രിയയുടെ അനുകരണം' എന്നാണ് നാടകത്തെ അരിസ്റ്റോട്ടിൽ നിർവചിച്ചിട്ടുള്ളത്. നാടകം ഒരു സങ്കരകലയോ സമ്പൂർണകലയോ ആണെന്നു പറയാം. കാരണം അതിൽ സാഹിത്യം, സംഗീതം, നൃത്തം, ചിത്രകല എന്നിങ്ങനെ വിഭിന്ന കലകളുടെ സാകല്യം കാണാം. നാടകാവതരണത്തിന്റെ സാഹിത്യരൂപമാണ് പൊതുവേ നാടകം അഥവാ ഡ്രാമ എന്നറിയപ്പെടുന്നതെങ്കിലും ഡു (Do) എന്ന പദത്തിൽനിന്നാരംഭിച്ച 'ഡ്രാമ'യും നാടകത്തിലെ ക്രിയാംശത്തിലേക്കുതന്നെയാണ് വിരൽചൂണ്ടുന്നത്. നാടകത്തെ സമ്പൂർണമായി ഉൾക്കൊള്ളുന്ന ആംഗലേയപദം തിയേറ്റർ (Theatre) ആണ്. മലയാളത്തിൽ നാടകവേദിയെന്നും നാടകകലയെന്നും പ്രയോഗിക്കാറുണ്ട്. രംഗവേദിയിൽ അവതരിപ്പിക്കുന്ന വൈകാരികഭാവങ്ങളോട് പ്രേക്ഷകൻ സംവദിക്കുമ്പോഴാണ് തിയേറ്റർ സമ്പൂർണമാകുന്നത്.

നാടകകല, നാടകസാഹിത്യം എന്നിവയിൽ ഏതാണു പ്രധാനം എന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലവിലുണ്ട്. സാഹിത്യത്തിനു പ്രാധാന്യം കല്പിക്കുന്നവർ നാടകസാഹിത്യത്തിനാണ് പ്രാധാന്യമെന്നും മറ്റൊരു കൂട്ടർ നാടകകലയ്ക്കടിസ്ഥാനമായി ഒരു സാഹിത്യകൃതി അത്യന്താപേക്ഷിതമല്ലെന്നും ഒരു സാഹിത്യകൃതിയെയും അവലംബിക്കാതെ നാടകത്തിന് രൂപംനല്കാനും അരങ്ങത്ത് ആവിഷ്കരിക്കാനും സാധിക്കുമെന്നും കരുതുന്നു. നാടകസാഹിത്യത്തെയും നാടകകലയെയും ഒരുപോലെ മനസ്സിലാക്കിയിട്ടുള്ളവരും കലാതത്ത്വവാദികളുമാണ് രണ്ടാമത്തെ വീക്ഷണഗതി വച്ചുപുലർത്തുന്നത്. എന്തായാലും ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന ഒരു കലയെന്നനിലയിൽ നാടകത്തിന്റെ ശക്തി വളരെ വലുതാണ്. അതുകൊണ്ടാണ് മറ്റേതൊരുകലയെക്കാളും നാടകം ജനകീയകലയായി വളർന്നത്; പലപ്പോഴും ഒരു സമരായുധം തന്നെയായിരുന്നു അത്.

ചരിത്രം[തിരുത്തുക]

ലോകസാഹിത്യത്തിലെ ഏറ്റവും പഴക്കമുള്ള കലകളിലൊന്ന് നാടകമാണ്. പ്രാചീന കാലത്തുതന്നെ നാടകം രൂപംകൊണ്ട രാജ്യങ്ങളിൽ ആദ്യം അത് ഒരുതരം അനുഷ്ഠാനമായിരുന്നു. മനുഷ്യജീവിതത്തെയും പ്രപഞ്ചത്തെയും നിയന്ത്രിക്കുന്ന അദൃശ്യശക്തികൾ തമ്മിൽ നടന്നുകൊണ്ടിരിക്കുന്നതായുള്ള സംഘട്ടനം ആംഗ്യത്തിലൂടെയും നൃത്തചലനങ്ങളിലൂടെയും ഗാനത്തിലൂടെയും പ്രാചീനമനുഷ്യർ ആവിഷ്കരിച്ചവയാണ് അനുഷ്ഠാനങ്ങൾ. ആ അനുഷ്ഠാനം പല പരിണാമങ്ങളിലൂടെ വികസിച്ച് നാടകരൂപം പ്രാപിച്ചതിനുശേഷമാണ് ആദ്യകാല നാടകകൃതികൾ ഉണ്ടായത്.

അനുകരണവാസനയിൽ നിന്നാണ് നാടകത്തിന്റെ ആരംഭമെന്ന് കരുതപ്പെടുന്നതുപോലെ സംഘട്ടനമാണ് നാടകകലയുടെ അടിസ്ഥാനഘടകമെന്നും കരുതപ്പെടുന്നു. ഈ സംഘട്ടനസിദ്ധാന്തം പാശ്ചാത്യ നാടകചിന്തയിൽ ഒരു നിർണായകഘടകമാണ്. മനുഷ്യരുടെ വിഭിന്ന പ്രകൃതങ്ങൾ തമ്മിലോ നന്മയും തിന്മയും തമ്മിലോ വ്യക്തികൾ തമ്മിലോ സമൂഹത്തിന്റെ വിഭിന്ന ഘടകങ്ങൾ തമ്മിലോ നടക്കുന്ന സംഘട്ടനങ്ങളുടെ കലാപരമായ ആവിഷ്കാരമാണ് നാടകം എന്ന അഭിപ്രായം പ്രബലമാണ്. ഇന്ത്യയിലെ പ്രാചീനങ്ങളായ നാടോടി നാടകങ്ങളിലും സംഘട്ടനങ്ങൾക്കുള്ള പ്രാധാന്യം ശ്രദ്ധേയമാണ്. എന്നാൽ വികസിതമായ സംസ്കൃത നാടക പാരമ്പര്യത്തിൽ സംഘട്ടനത്തിന് വലിയ പ്രാധാന്യം ഇല്ലെന്ന വസ്തുതയും അനിഷേധ്യമാണ്. സംഘട്ടനം നാടകത്തിന്റെ അത്യന്താപേക്ഷിതമായ ഘടകമാണെന്ന വാദം ആധുനിക കാലത്തെ പല നാടക നിരൂപകരും നിരാകരിച്ചിട്ടുണ്ടെന്ന വസ്തുതയും ശ്രദ്ധയർഹിക്കുന്നു.

ഉദ്ഭവം[തിരുത്തുക]

വികസിതമായ നാടകകല ആദ്യമായി നിലവിൽ വന്ന രാജ്യം പ്രാചീന ഗ്രീസ് ആയിരുന്നു എന്ന് ഗവേഷകന്മാർ കണ്ടെത്തിയിട്ടുണ്ട്. അതിനെത്തുടർന്ന് അധികകാലം കഴിയുന്നതിനു മുമ്പുതന്നെ ഇന്ത്യയിലും നാടകകല രൂപംകൊണ്ടു. പ്രാചീനഗ്രീസിലെ ജനങ്ങൾ ദേവതകൾക്ക് ബലി അർപ്പിക്കാൻ ദേവതാ പ്രതിഷ്ഠകൾക്കു ചുറ്റും അണിനിരന്ന് ആരാധനാപരമായ പാട്ടുകൾ പാടുകയും താളാത്മകമായി ചുവടുവച്ച് നൃത്തം ചെയ്തുകൊണ്ട് പ്രതിഷ്ഠയെ വലംവയ്ക്കുകയും ചെയ്തുവന്നു. ആ ചടങ്ങ് കലാപരമായി വികസിച്ചപ്പോൾ ആരാധകർ പാടിയിരുന്ന ഗീതങ്ങളിൽ ഓരോ ഭാഗവും ഓരോരുത്തർ മാറിമാറിപാടുന്ന സമ്പ്രദായം നിലവിൽവന്നു. , ഗീതത്തിന്റെ ഏതെങ്കിലും ഒരു ഭാഗം പാടുന്നയാൾ പ്രത്യേക കഥാപാത്രത്തിന്റെ ഭാവരൂപങ്ങൾ കൈക്കൊള്ളാൻ തുടങ്ങി. ഇങ്ങനെ നൃത്തം ചെയ്യുന്നവരെല്ലാം വിഭിന്ന കഥാപാത്രങ്ങളായിത്തീരുകയും ഓരോരുത്തരുടെയും നൃത്തരംഗങ്ങൾ അവരവർ പാടുന്ന ഗീതഭാഗത്തിന്റെ അഭിനയമായി രൂപാന്തരപ്പെടുകയും എല്ലാവരുടെയും അഭിനയം കൂടിച്ചേർന്ന് നിയതമായ ഒരു ഇതിവൃത്തത്തിന്റെ ആവിഷ്കരണമായിത്തീരുകയും ചെയ്തു. അതോടുകൂടി അനുഷ്ഠാനം നാടകമായിത്തീർന്നു. കാലാന്തരത്തിൽ ഇപ്രകാരം ഒരു സംഘം കലാകാരന്മാർ കൂടിച്ചേർന്ന് പാട്ടിലും സംഭാഷണത്തിലും രംഗചലനങ്ങളിലും കൂടി ഇതിവൃത്തം അവതരിപ്പിക്കുന്ന നാടകകല രൂപംപ്രാപിച്ചു.

പ്രാചീനകാലത്ത് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശത്ത് വാസമുറപ്പിച്ച ആര്യന്മാർ സന്ധ്യാസമയത്ത് ഒത്തുകൂടി അഗ്നികുണ്ഠം തയ്യാറാക്കുകയും അന്നന്ന് ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ ആ അഗ്നിയിലിട്ട് വേവിച്ചു ഭക്ഷിക്കുകയും ചെയ്തതിനുശേഷം അഗ്നികുണ്ഠത്തെ വലംവച്ചുകൊണ്ടു പാടി ആടുക പതിവായിരുന്നു. ദേവതാസ്തുതിപരങ്ങളും പ്രാർഥനാരൂപത്തിലുള്ളവയുമായ ആ പാട്ടുകളുടെ ആലാപനം, ക്രമേണ നാടകീയ ഭാഷണങ്ങളായി മാറിയെന്നും വിവിധ സംഘാംഗങ്ങൾ വ്യത്യസ്തങ്ങളായ ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കുന്ന ഗാനഭാഗങ്ങൾ ചൊല്ലിക്കൊണ്ട് നടത്തുന്ന നൃത്തം കാലാന്തരത്തിൽ വിഭിന്ന കഥാപാത്രങ്ങളുടെ അഭിനയമായി കലാശിച്ചുവെന്നും അങ്ങനെയാണ് പ്രാചീനഭാരതീയ നാടകം ഉദ്ഭവിച്ചതെന്നും പ്രമുഖ ഗവേഷകന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ചൈനയിലും ജപ്പാനിലും ഇതുപോലെ പ്രകൃതിശക്തികളെ പ്രീതിപ്പെടുത്താൻ നടത്തിയിരുന്ന നൃത്താത്മകമായ ചടങ്ങുകളിൽ നിന്നു നാടകമുണ്ടായതായി ചില ഗവേഷകന്മാർ കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ ഉണ്ടായ ജാപ്പനീസ് നാടകങ്ങളുടെ പരിണതരൂപങ്ങളാണ് ജപ്പാനിൽ നിലനിൽക്കുന്ന 'നോ', 'കബൂക്കി' എന്നീ പരമ്പരാഗത നാടകങ്ങൾ എന്ന് അവർ അനുമാനിക്കുന്നു.

പ്രാചീനകാലം[തിരുത്തുക]

ബി.സി. 1500-നുമുമ്പുതന്നെ ഗ്രീസിൽ അബിദോസ് പാഷൻ പ്ലേ (Abydos Passion Play) എന്നറിയപ്പെടുന്ന ഒരുതരം നാടകം അവതരിപ്പിച്ചിരുന്നു. നാലും അഞ്ചും ശതകങ്ങളിൽ അവിടുത്തെ നാടകം പൂർണ വളർച്ച പ്രാപിച്ചിരുന്നു. നാടകരചനയും രംഗവേദിയിലെ നാടകാവതരണവും നാടകമത്സരവും വിപുലമായ പ്രചാരം നേടിയ കാലഘട്ടമായിരുന്നു അത്. അക്കാലത്ത് ഗ്രീസിൽ പ്രതിഭാശാലികളായ പല നാടകകൃത്തുക്കളും ജീവിച്ചിരുന്നു. നാടകങ്ങളുടെ അവതരണം കണ്ടാസ്വദിക്കാൻ ജനസാമാന്യം തടിച്ചുകൂടാറുണ്ടായിരുന്നു. അവതരണം നടന്നിരുന്നത് സ്റ്റേഡിയത്തിനു സദൃശവും വൃത്താകാരവുമായ സ്ഥലത്ത് (Amphitheatre) ആണ്. അതിന്റെ മൂന്നുവശത്തും സദസ്യർക്ക് നാടകം ഇരുന്നുകാണാനായി പടവുകൾ പോലുള്ള ഇരിപ്പിടങ്ങൾ നിർമിച്ചുവന്നു. ഈ സ്ഥലത്തിന് മേൽക്കൂരയോ അടച്ചുകെട്ടോ ഉണ്ടായിരുന്നില്ല. ആളുകൾക്കുള്ള ഇരിപ്പിടങ്ങളുടെ എതിർവശത്ത് പൊക്കമേറിയ ഒരു രംഗവേദി നിർമ്മിക്കപ്പെട്ടിരുന്നു. ആ വേദിയിൽ നിന്നാണ് നടന്മാർ അഭിനയം നടത്തിവന്നത്. രംഗവേദിയുടെ മുൻവശത്ത് താഴെ ഒരു ഗായകസംഘം നാടകാവതരണവേളയിൽ നിലയുറപ്പിച്ചുവന്നു. നാടകത്തിലെ ഓരോ രംഗവും അവസാനിക്കുമ്പോൾ അതിലെ സംഭവങ്ങളോട് പ്രതികരിച്ചുകൊണ്ട് ഗായകസംഘം വികാരനിർഭരമായ ഗാനങ്ങൾ ആലപിക്കാറുണ്ടായിരുന്നു. ഈ സംഘത്തെ കോറസ് (Chorus)എന്നാണ് പറഞ്ഞുവന്നത്. നാടകം കണ്ടുകൊണ്ടിരിക്കുന്ന സദസ്യരിലും വൈകാരിക പ്രതികരണങ്ങൾ ഉണർത്താനുള്ള ഉപാധി ആയിരുന്നു കോറസിന്റെ ഗാനാലാപം.

നാടകമത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുക പതിവായിരുന്നു. ജനങ്ങളുടെ പ്രതികരണങ്ങളും നാടകകൃത്തിനും നടീനടന്മാർക്കും നൽകിയിരുന്ന പ്രോത്സാഹനവുമാണ് നാടകത്തിന്റെ വളർച്ചയ്ക്ക് പ്രചോദനമായത്.

ഗ്രീക്ക് നാടകം[തിരുത്തുക]

ഇന്ന് ലഭ്യമായതിൽ വച്ച് ഏറ്റവും പുരാതനമായ തെളിവ് ക്രിസ്തുവിനു മുൻപ് 534 ൽ ഏഥൻസിൽ നടന്നിരുന്ന ദുരന്തനാടക മത്സരത്തെക്കുറിച്ചുള്ളതായിരുന്നു. ആ നാടകമത്സരങ്ങളിലെ വിജയിയായിരുന്ന് തെസ്പിസ് ആണ് അറിയപ്പെട്ടിട്ടുള്ളതിൽ വച്ച് ആദ്യത്തെ നടനും നാടകകൃത്തും. ഏഥൻസിലെ അക്രോപോളീസിലെ ഡയോണിസസ് തിയ്യറ്ററിൽ വച്ചായിരുന്നു ഗ്രീക്കുകാർ നാടകങ്ങൾ അവതരിപ്പിച്ചിരുന്നത്. ഈ ഡയോണിസസിൽ 14000 പേർക്ക് നാടകം കാണാൻ സൗകര്യം ഉണ്ടായിരുന്നു. ഇവിടെ അഭിനയിക്കുന്ന വേദിയെ ഓർക്കസ്ട്ര എന്നാണ്‌ വിളിച്ചിരുന്നത്. ഗ്രീക്ക് നാടകങ്ങളെ പ്രധാനമായും മൂന്ന് തരത്തിൽ വിഭജിച്ചിരിക്കുന്നു. ദുരന്തനാടകം(Tragedy), ആക്ഷേപഹാസ്യ നാടകം(Satyr Plays), ശുഭാന്ത്യ നാടകം(Comedies) എന്നിവയാണ്‌ അവ. ഇതിൽ ദുരന്തനാടകങ്ങളാണ് വിശിഷ്ടമായ നാടകരൂപമായി കരുതപ്പെട്ടുവന്നത്

ഈസ്കിലസ്, സോഫോക്ളീസ്, യൂറിപ്പിഡിസ്, അരിസ്റ്റോഫനിസ് തുടങ്ങിയ അവിസ്മരണീയരായ നാടകകൃത്തുക്കളുടെ സാന്നിധ്യം ഈ പ്രാചീന യവന നാടകവേദിയെ നാടകകലയുടെയും സാഹിത്യത്തിന്റെയും സർവകാലമാതൃകയാക്കി. പ്രാചീന ഗ്രീസിൽ ട്രാജഡികളും കോമഡികളും ഒരുപോലെ പ്രോത്സാഹനം ആർജിക്കുകയും വികസിക്കുകയും ചെയ്തെങ്കിലും ട്രാജഡികളാണ് പില്ക്കാലത്ത് കൂടുതൽ സമാദരണീയങ്ങളായിത്തീർന്നത്. ഗ്രീക്കുട്രാജഡികൾ വിവിധ രൂപങ്ങളിൽ പില്ക്കാല നാടകസാഹിത്യത്തെ സ്വാധീനിച്ചിട്ടുണ്ട്. പൊയറ്റിക്സ് എന്ന അതിപ്രധാനമായ ഗ്രന്ഥം രചിച്ച അരിസ്റ്റോട്ടൽ എന്ന യവനചിന്തകൻ ട്രാജഡിയിലെ ഇതിവൃത്തങ്ങൾക്കാണ് പരമപ്രാധാന്യം കല്പിക്കുന്നത്. ട്രാജഡിയിലെ മൂന്നുതരം ഐക്യം (Triple unities) അത്യന്താപേക്ഷിതമാണെന്ന് അരിസ്റ്റോട്ടിൽ പ്രസ്താവിച്ചിട്ടുണ്ട്. സമയം സംബന്ധിച്ച ഐക്യം (Unity of Time) ആണ് അവയിൽ ഒന്നാമത്തേത്. അതായത് നാടകത്തിലെ സംഭവങ്ങളെല്ലാം നാടകാവതരണത്തിനുവേണ്ടി വരുന്ന സമയപരിധിക്കുള്ളിലോ ഇരുപത്തിനാലുമണിക്കൂറിനുള്ളിലോ നടക്കുന്നവ ആയിരിക്കണം. രണ്ടാമത്തേത് സ്ഥലപരമായ ഐക്യം (Unity of place). നാടകത്തിൽ ചിത്രീകരിക്കുന്ന സകല സംഭവങ്ങളും പലേടത്തുവച്ച് നടക്കുന്നവ ആകരുത്. മുന്നാമത്തേത് ക്രിയാംശത്തിന്റെ ഐക്യം (Unity of action) മർമപ്രധാനമായ ഒരു സംഭവത്തിന്റെ വികാസപരിണാമങ്ങളായിരിക്കണം നാടകത്തിൽ ചിത്രീകരിക്കുന്നത്. തുടക്കം മുതൽ അവസാനം വരെ ഒരു സ്ഥലത്തുതന്നെയാണ് ക്രിയ (action)നടക്കുന്നത്. അങ്കങ്ങളായോ (acts) രംഗങ്ങളായോ (scenes) തിരിക്കുന്നില്ല. അതുകൊണ്ടുതന്നെ ഗ്രീക്കുനാടകം സ്ഥലപരമായ ഐക്യം (Unity of place) പാലിച്ചേ മതിയാകൂ. പല വ്യത്യസ്ത സംഭവങ്ങളുടെ പരമ്പര ഒരേ നാടകത്തിൽ കൂട്ടിയിണക്കരുത്. പില്ക്കാലത്തും പാശ്ചാത്യസാഹിത്യത്തിൽ ട്രാജഡികൾ ഉണ്ടായിട്ടുണ്ടെങ്കിലും അവ മിക്കപ്പോഴും ഈ ഐക്യങ്ങൾ പാലിച്ചിരുന്നില്ല. ഗ്രീസിൽ നിന്ന് നാടകം പിന്നീട് റോമിലെത്തി, റോമാസാമ്രാജ്യത്തിന്റെ വികാസം നാടകകലയെ ഉണർത്തിയെങ്കിലും ക്രൈസ്തവമതത്തിന്റെ വ്യാപനം അതിനെ ഏറെ തളർത്തുകയുണ്ടായി.

ദുരന്തനാടകം (Tragedy)[തിരുത്തുക]

എല്ലാ ഗ്രീക്ക് ദുരന്തനാടകങ്ങളും മിത്തുകളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിട്ടുള്ളവയായിരുന്നു. അതിലെ കേന്ദ്രകഥാപാത്രം ആദ്യവസാനം ഒന്നിനുപിറകേ ഒന്നായി ദുരന്തങ്ങളാൽ വേട്ടയാടപ്പെടുന്നവനായിരുന്നു. സാധാരണ മനുഷ്യരേക്കാൾ പ്രാഗല്ഭ്യവും സ്വഭാവവൈശിഷ്ട്യവുമുള്ള വ്യക്തികൾ തങ്ങളുടെ സ്വഭാവത്തിലുള്ള ഏതെങ്കിലുമൊരു ദൗർബല്യം (Hamartia or tragic flaw) മൂലം പരാജയപ്പെടുകയും പരിഹാസ്യരായിത്തീരുകയും അവരുടെ ജീവിതം പൂർണമായ തകർച്ചയിൽ കലാശിക്കുകയും ചെയ്യുന്ന കഥയാണ് ട്രാജഡിയിൽ ചിത്രീകരിക്കാറുണ്ടായിരുന്നത്. ഈഡിപ്പസ് രാജാവിന്റെ കഥയാണ് ഉത്തമോദാഹരണം.

ഇത്തരം നാടകങ്ങളിൽ വേദിയിൽ മൂന്ന് അഭിനേതാക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓരോ കഥാപാത്രങ്ങൾക്ക് അനുസരിച്ച് ഈ അഭിനേതാക്കൾ മുഖംമൂടി അണിയുകയായിരുന്നു. മാത്രവുമല്ല നാടകങ്ങളിൽ സ്ത്രീകൾ അഭിനയിക്കുമായിരുന്നില്ല. അതിനുപകരം പുരുഷന്മാർ സ്ത്രീ വേഷത്തിൽ അഭിനയിക്കുകയായിരുന്നു.

ഇത്തരം നാടകങ്ങൾ കണ്ട് വികാരതരളിതരായിത്തീരുന്ന പ്രേക്ഷകരുടെ ഹൃദയങ്ങളിൽ വികാരവിരേചനം (Catharsis) നടക്കുന്നു എന്നാണ് ട്രാജഡികളെ വ്യാഖ്യാനിച്ചുകൊണ്ട് ഗ്രന്ഥമെഴുതിയ അരിസ്റ്റോട്ടിൽ എന്ന പണ്ഡിതൻ രേഖപ്പെടുത്തിയിട്ടുള്ളത്.

ക്രി.മു. 525 ൽ ഏഥൻസിൽ ജനിച്ച് ഈസ്കിലസ് ആണ്‌ ദുരന്തനാടകപ്രസ്ഥാനത്തിൻറെ സ്ഥാപകൻ എന്ന് കരുതപ്പെടുന്നു. അദ്ദേഹം മൂന്ന് ദുരന്തനാടകങ്ങൾ ചേർന്ന ട്രെലജി(Tralogy)യുടെ സ്ഥാപകനായും അറിയപ്പെടുന്നു. ഇന്ന് ലഭ്യമായ ഈസ്കിലസിൻറെ ഏക ട്രിലജിയാണ്‌ ഒറസ്റ്റിയ. ഈ ട്രിലജിയിൽ ആഗ്മെംനൻ, ചോഫേറി, യൂമെനിഡസ് എന്നിങ്ങനെ മൂന്ന് ദുരന്തനാടകങ്ങൾ ഉണ്ടായിരുന്നു. ഈസ്കിലസ് വേദിയിൽ രണ്ട് കഥാപാത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

മറ്റൊരു ദുരന്തനാടകകൃത്തായിരുന്ന സോഫോക്ലീസ് ക്രി.മു. 465ൽ ഏഥൻസിൽ ജനിച്ചു. ഈസ്കിലസിനെ അപേക്ഷിച്ച് കൂടുതലായി നാടകഘടനയിലും വികാസത്തിലും നാടകാന്ത്യത്തിലും മികച്ചവയായിരുന്നു സോഫോക്ലീസിൻറെ നാടകങ്ങൾ. സോഫോക്ലീസാണ്‌ വേദിയിൽ കഥാപത്രങ്ങളുടെ എണ്ണം രണ്ടിൽ നിന്നും മൂന്നാക്കി ഉയർത്തിയത്. ഇദ്ദേഹത്തിൻറെ ഏറ്റവും പ്രസിദ്ധമായ ദുരന്തനാടകമായിരുന്നു ഈഡിപ്പസ് രാജാവ്. വുമൺ ഓഫ് ട്രാക്കീസ്, ഇലക്ട്രാ, ഫിലോക റ്റൈറ്റസ്, അജാക്സ് തുടങ്ങിയവ സോഫോക്ലീസിൻറെ പ്രധാന നാടങ്ങൾ.

ക്രി.മു. 480 - കളിൽ ജനിച്ച മറ്റൊരു ദുരന്തനാടകകൃത്തായിരുന്നു യൂറിപ്പിഡെസ്. സ്വാഭാവികത ആയിരുന്നു അദ്ദേഹത്തിൻറെ നാടകങ്ങൾക്ക് മറ്റുള്ള നാടകങ്ങളിൽ നിന്നുമുള്ള പ്രധാന വ്യത്യാസം. മനഃശാസ്ത്രപരമായ സമീപനത്തിലൂടെ പ്രേക്ഷകരെ രസിപ്പിക്കാൻ അദ്ദേഹത്തിൻറെ നാടകങ്ങൾക്ക് കഴിഞ്ഞിരുന്നു. മീഡിയ, അൽസെസ്റ്റിസ്, ഹിപ്പോലൈറ്റ്സ്, ആൻഡ്രൊമക്കി, ഇയോൺ, സൈക്ലോപ്സ് എന്നിവയാണ്‌ യൂറിപ്പിഡെസിൻറെ പ്രധാന നാടകങ്ങൾ. ഇതിൽ സൈക്ലോപ്സ് ഒരു ആക്ഷേപഹാസ്യ നാടകമായിരുന്നു.

ഈസ്കിലസ്, സോഫോക്ലീസ്, യൂറിപ്പിഡെസ് എന്നിവരെ ഗ്രീക്ക് നാടകത്തിലെ ത്രിമൂർത്തികൾ എന്ന് അറിയപ്പെടുന്നു.

ആക്ഷേപഹാസ്യ നാടകങ്ങൾ(Satyre Plays)[തിരുത്തുക]

ഡയോണീഷ്യയിലെ നാടകമത്സരങ്ങളിൽ ദുരന്തനാടകങ്ങളുടെ കൂടെ അവതരിപ്പിച്ചിരുന്ന മറ്റൊരു നാടകരീതിയാണ്‌ ആക്ഷേപഹാസ്യ നാടകങ്ങൾ. ഇത്തരം നാടകങ്ങളിൽ ഗ്രീക്ക് മിത്തുകളുടെ ഹാസ്യരൂപങ്ങളായിരുന്നു അവതരിപ്പിച്ചിരുന്നത്. ഇത്തരം നാടകങ്ങൾ ക്രി.മു. 200 ഓടെ ഗ്രീക്ക് നാടകങ്ങളുടെ തകർച്ചയുടെ ഫലമായി അപ്രത്യക്ഷമാക്കപ്പെട്ടു.

ഇത്തരം നാടകങ്ങളുടെ ഏറ്റവും വലിയ നാടകകൃത്തായിരുന്നു കോറിലസ്. അതുപോലെ മറ്റൊരു ആക്ഷേപഹാസ്യ നാടകകൃത്തായിരുന്നു പ്രറ്റിനസ്.

ഒരു ട്രെലജിയും ഒരു ആക്ഷേപഹാസ്യനാടകവും ചേരുമ്പോൾ അതിനെ ടെട്രലജി(Tetralogy ) എന്ന് വിളിക്കുന്നു.

ശുഭാന്ത നാടകങ്ങൾ (Comedies)[തിരുത്തുക]

കൊമഡി എന്ന വാക്ക് രസിപ്പിക്കുന്ന എന്നർത്ഥമുള്ള കൊമോയ്ഡിയ(Komoidia) എന്ന ഗ്രീക്ക് വാക്കിൽ നിന്നും ഉണ്ടായതാണ്‌. പഴയത് പുതിയത് എന്നിങ്ങനെ ഗ്രീക്ക് കോമഡികളെ രണ്ടായി തരം തിരിച്ചിരിക്കുന്നു. പഴയ കോമഡികൾ ക്രി.മു. 400ഓട് കൂടി രചിക്കപ്പെട്ട കോമഡികളാണ്‌. കൂടുതലായും എല്ലാ കോമഡികളും പ്രേക്ഷകനെ രസിപ്പിക്കുന്നതിലേക്ക് എത്തിച്ചുകൊണ്ട് അവസാനിക്കുന്നവയാണ്‌.

സാധാരണ മനുഷ്യരുടെ ദൗർബല്യങ്ങളും അവരുടെ പെരുമാറ്റത്തിലുള്ള വൈകല്യങ്ങളും ചിത്രീകരിച്ച് ആസ്വാദകരെ ഹാസ്യരസത്തിൽ മുഴുകിക്കുന്ന നാടകങ്ങളായിരുന്നു ശുഭാന്തനാടകങ്ങൾ. പരിഹാസത്തിലൂടെ പൗരന്മാരുടെ സ്വഭാവത്തിലെയും പെരുമാറ്റത്തിലെയും വൈകല്യങ്ങൾ വെളിപ്പെടുത്തുന്ന നാടകങ്ങളായിരുന്നു അവ. അവയിലെ കഥാപാത്രങ്ങൾ സാധാരണ മനുഷ്യരുടെ തനിപ്പകർപ്പുകൾ അല്ലെന്നും അതിശയോക്തിപരമായ പുനഃസൃഷ്ടികളാണ് എന്നും കാണിക്കാൻ കോമഡിയിലെ നടന്മാർ മുഖംമൂടികൾ ധരിക്കാറുണ്ടായിരുന്നു

ക്രി.മു. 448 ൽ ജനിച്ച അരിസ്റ്റോഫനിസ് രചിച്ചവ പഴയ കോമഡികളിൽ പെടുന്നു. അക്കാർണിയൻസ്, നൈറ്റ്സ്, ക്ലൗഡ്സ്, വാസ്പ്സ്, ബേർഡ്സ്, ലിസി സ്ട്രാറ്റ, തെസ്മോ ഫോറിയാസുസെ, എക്ലൈസിയാസുസെ, പ്ലൂട്ടസ് എന്നിവയാണ്‌ അരിസ്റ്റോഫനിസ് രചിച്ചിട്ടുള്ളതിൽ ഇന്ന് നിലവിലുള്ള കൃതികൾ. രാഷ്ട്രീയം, സാമൂഹികം, സാംസ്കാരികം എന്നിങ്ങനെയുള്ള വിഷയങ്ങളായിരുന്നു ഇദ്ദേഹത്തിൻറെ കൃതികളിലെ സവിശേഷതകൾ.

ക്രി.മു. 320 മുതൽ 250 വരെയുള്ള കാലഘട്ടങ്ങളിൽ ശുഭാന്ത നാടകങ്ങളിൽ ഉണ്ടായ രണ്ടാമത്തെ വിഭാഗമാണ്‌ പുതിയ കോമഡികൾ എന്നറിയപ്പെടുന്നത്. പുതിയ കോമഡികളിൽ പ്രധാന നാടകകത്തായിരുന്നു ദ് ക്രൗച്ച് എന്ന നാടകം രചിച്ച മെനാൻഡർ. ആ കാലഘട്ടങ്ങളിലെ മധ്യവർഗ്ഗ സമൂഹത്തിൻറെ പ്രശ്നങ്ങളായിരുന്നു പുതിയ കോമഡികളുടെ ഇതിവൃത്തം.

ഈ രണ്ട് കാലഘട്ടങ്ങൾക്കും ഇടയിലായി ക്രി.മു. 390 മുതൽ 320 വരെയുള്ള കാലത്തിലെ കോമഡികളിൽ നാടകങ്ങളിലെ വിഷയങ്ങൾ മിത്തുകളിൽ നിന്നും മാറി രാഷ്ട്രീയ സാംസ്കാരിക വിഷയങ്ങളിലേക്ക് തിരിയുകയായിരുന്നു.

റോമൻ നാടകം[തിരുത്തുക]

ക്രി.മു.200 നുശേഷം ഗ്രീക്ക് നാടകത്തിൻറെ പതനത്തോട് കൂടി റോമിൽ നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. റൊമൻ നാടകവേദികളിൽ ദുരന്തനാടകങ്ങളേക്കാൾ ജനപ്രീതി ശുഭാന്തനാടകങ്ങൾക്കായിരുന്നു. ക്രി.മു.240 കളിൽ റോമിൽ ദുരന്തനാടകം അവതരിപ്പിച്ച്വരിൽ പ്രധാനിയായിരുന്നു ലിവിയസ് ആൻഡ്രോണിക്സ്. എങ്കിലും മറ്റൊരു പ്രധാന റോമൻ നാടകകൃത്ത് ആയിരുന്നു ലൂഷ്യസ് അനീയസ് സെനക്കെ. ഇദ്ദേഹത്തിൻറെ നാടകങ്ങൾ ഗ്രീക്ക് നാടകങ്ങളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടവയായിരുന്നു. അദ്ദേഹത്തിൻറെ നാടകങ്ങളിലെ ഏറ്റവും പ്രധാന പ്രത്യേകത അഞ്ചങ്കസംവിധാനം. പ്രതികാരം, മാന്ത്രികത, പ്രേതം എന്നീ വിഷയങ്ങൾ അദ്ദേഹത്തിൻറെ രചനകളിൽ ഉൾപ്പെടുത്തിയിരുന്നു. പിന്നീടുണ്ടായ നവോത്ഥാന നാടക കാലത്ത് സെനക്കെയുടെ രചനകൾ സ്വാധീനം ചെലുത്തിരുന്നു.

ഗ്രീക്കിലെ പുതിയ കോമഡി നാടകങ്ങളെ അടിസ്ഥാനമാക്കി ടെറെൻസ്, പ്ലൗട്ടസ് എന്നീ നാടകകൃത്തുക്കൾ റോമിൽ കോമഡികൾ രചിച്ചു. ഇത്തരം നാടകങ്ങളിൽ തെറ്റിദ്ധാരണയായിരുന്നു പ്രധാന വിഷയം. ഇവയിൽ ടെറെൻസിൻറെ നാടകങ്ങളിൽ ചിന്താനർമ്മത്തിനായിരുന്നു മുൻതൂക്കം.

റോമൻ നാടകവേദികളിൽ ശുഭാന്ത, ദുരന്ത നാടകങ്ങൾ കൂടാതെ മൈം(Mime) പൻറോമൈം(Pantomime) എന്നീ നാടകരൂപങ്ങളും ആവിർഭവിച്ചു. മതപരവും ഭരണപരവുമായ മാറ്റങ്ങൾ റോമൻ നാടങ്ങളുടെ തകർച്ചയ്ക്ക് കരണമായെന്ന് കരുതപ്പെടുന്നു. ക്രി.വ. 533 ലാണ്‌ പ്രാചീന റോമൻ നാടകാവതരണം നടന്നത്.

മധ്യകാലം[തിരുത്തുക]

റോമാ സാമ്രാജ്യത്തോടൊപ്പം ക്രിസ്തുമതം യുറോപ്പ് മുഴുവൻ വ്യാപിച്ചത് നാടകകലയുടെ തളർച്ചയ്ക്കു കാരണമായിത്തീർന്നു. ക്രൈസ്തവസഭ മതവിശ്വാസികളെ അഭിനയത്തിൽ നിന്നു കർശനമായി വിലക്കുകയുണ്ടായി. ആ കാലഘട്ടത്തിലെ യൂറോപ്യൻ നാടകാവതരണം സാമൂഹികാഘോഷങ്ങളിലും പ്രഭുക്കന്മാർ അതിഥികൾക്കായി ഒരുക്കിയിരുന്ന സത്കാരസദസ്സുകളിലുമുള്ള സംഗീതാലാപനത്തോടു കൂടിയ നൃത്തനൃത്യങ്ങളിൽ ഒതുങ്ങിനിന്നു. അതിനാൽ ഈ സാഹചര്യങ്ങളുടെ നടുവിൽ അഭിനയത്തിനുവേണ്ടിയുള്ള നാടകരചന നാമമാത്രമായി. മികച്ച നാടകങ്ങൾ സാഹിത്യ കൃതികൾ എന്ന നിലയിലാണ് ശ്രദ്ധിക്കപ്പെട്ടത്. നാടകാവതരണം തീരെ കുറഞ്ഞു. മധ്യകാലത്ത് നാടകാവതരണം തുടങ്ങിയത് ക്രൈസ്തവദേവാലയങ്ങളുടെ ഉള്ളിലായിരുന്നു. പിന്നീട് അതു പള്ളിമുറ്റത്തേക്കു മാറി. ചന്തസ്ഥലങ്ങളിൽ ബൂത്ത് സ്റ്റേജുകൾ ക്രമീകരിച്ച് നാടകങ്ങൾ അവതരിപ്പിക്കുന്ന പതിവുമുണ്ടായിരുന്നു. ഗിൽഡ് ഹാളുകളും (Guild Halls) നാടകവേദികളായി മാറി.

റോമാസാമ്രാജ്യത്തിന്റെ പതനത്തിനും നവോത്ഥാനകാലത്തിനുമിടയിലുള്ള ഏതാണ്ട് പത്ത് നൂറ്റാണ്ടുകൾ യൂറോപ്യൻ നാടകവേദിയുടെ ജീർണകാലഘട്ടമായിരുന്നു. അശ്ളീലത്തിലേക്ക് കൂപ്പുകുത്തിയ നാടകാവതരണങ്ങളെ ക്രൈസ്തവമതം സമ്പൂർണമായി എതിർക്കുകതന്നെ ചെയ്തു. മധ്യകാലത്ത് യുറോപ്പിലെ നാടകവേദിയിലുണ്ടായ എടുത്തുപറയത്തക്ക സംഭവവികാസം ക്രൈസ്തവ മതവിശ്വാസത്തോട് ഗാഢമായി ബന്ധപ്പെട്ട 'മിറക്കിൾ പ്ലേ'(Miracle Play)യുടെ ആവിർഭാവവും പ്രചാരവുമാണ്. ഈ വിഭാഗത്തിൽപ്പെടുന്ന നാടകകൃതികളും നാടകാവതരണങ്ങളും മതവിശ്വാസപ്രചാരണത്തിന് സഹായകമായിരുന്നു എന്നതാണ് ഇതിനു കാരണം. എങ്കിലും മിറക്കിൾ പ്ലേയുടെ അവതരണം എല്ലായിടത്തും ഒരുപോലെ കലാപരമായിരുന്നില്ല. അവയുടെ ഭാഷയിലും രചനാരീതിയിലും അവതരണരീതിയിലും സംഭവിച്ച പരിണാമം ദേശീയസ്വഭാവമുള്ള നാടകങ്ങളുടെ ആവിർഭാവത്തിന് വഴിതെളിച്ചു. ബൈബിളിലെ അത്ഭുതകഥകൾ പ്രമേയമാക്കുന്ന മിറക്കിൾ പ്ലേകളോടൊപ്പംതന്നെ മിസ്റ്ററി പ്ലേകളും (Mystery Play) അരങ്ങിലെത്തി. കന്യകാപുത്രനായി ക്രിസ്തു ജനിച്ചത്, ത്രിത്വ വിശ്വാസം തുടങ്ങിയ ഗഹനങ്ങളായ ദിവ്യരഹസ്യങ്ങളെ ആധാരമാക്കിയുള്ളവയാണ് മിസ്റ്ററി പ്ലേകൾ. സദ്ഗുണങ്ങളും ദുർഗുണങ്ങളും കഥാപാത്രങ്ങളായി വരുന്ന മൊറാലിറ്റി പ്ലേകളും (Morality Play) ഇക്കാലത്ത് അവതരിപ്പിച്ചു വന്നു. ഇന്റർലൂഡുകളാണ് (Interlude) മറ്റൊരിനം. ഒരു നാടകം വേദിയിൽ നടക്കുമ്പോൾ രണ്ടങ്കങ്ങൾക്കിടയിലുള്ള സമയത്ത് അവതരിപ്പിക്കുന്നതിനുള്ളതാണ് ഇന്റർലൂഡ്. എന്നാൽ ഇത് നാടകം തുടങ്ങുന്നതിനുമുമ്പോ പിമ്പോ വേണമെങ്കിലും അവതരിപ്പിക്കാവുന്നതാണ്. ഇതിനുപുറമേ മറ്റു കലാപരിപാടികൾക്കിടയിലും വിരുന്നുകൾക്കിടയിലും ഉള്ള സമയത്തും ഇന്റർലൂഡിന് വേദി ഒരുങ്ങിയിരുന്നു. ക്രൈസ്തവസഭയുടെ അനുഗ്രഹത്തോടെ വളർന്ന മധ്യകാല നാടകകലയ്ക്കെതിരായ ചില പ്രതിഷേധങ്ങളും അക്കാലത്തുണ്ടായി. അധ്യാപകരും അഭിഭാഷകരുമടങ്ങിയ ബുദ്ധിജീവിവർഗമാണ് അതിന് നേതൃത്വം നല്കിയത്. അങ്ങനെ പിറന്ന ചില പ്രതിഷേധാത്മക നാടകങ്ങൾക്ക് നല്ല ഉദാഹരണമാണ് ദ് ഫീസ്റ്റ് ഒഫ് ഏൻ ആസ് (ഒരു കഴുതയുടെ സദ്യ). അക്കാലത്തെ വൈദികരുടെ ജീവിതരീതികളെയും പൗരോഹിത്യകർമങ്ങളെയും പരിഹസിക്കുന്ന ഒരു നാടകമായിരുന്നു അത്.

നവോത്ഥാന നാടകം[തിരുത്തുക]

ക്രി.വ. 1500 കളിൽ ഗ്രീക്ക് റോമൻ സാഹിത്യങ്ങളുടെ ചുവടുപിടിച്ച് ഇറ്റലി ആസ്ഥാനമാക്കി യൂറോപ്പിലാകെ രൂപംകൊണ്ടതാണ്‌ നവോത്ഥാന തരംഗം എന്നറിയപ്പെടുന്നത്. ഇതുമൂലം നാടകരംഗത്തും മാറ്റങ്ങൾ ഉണ്ടാവുകയും, അർസ്റ്റോട്ടിലിൻറെ പോയറ്റിക്സ് , ഹൊറേസിൻറെ ആർട്ട് ഓഫ് പൊയട്രിഎന്നീ കൃതികളെ അടിസ്ഥാനമാക്കി വളരെയധികം നാടകങ്ങൾ രൂപം കൊള്ളുകയും ചെയ്തു. ഇത്തരം പ്രസ്ഥാനങ്ങളെ നിയോ ക്ലാസിക്സിസം എന്ന് അറിയപ്പെട്ടിരുന്നു.

നവോത്ഥാനകാലഘട്ടത്തിൽ മിക്ക യൂറോപ്യൻ രാജ്യങ്ങളിലെയും നാടകം രൂപപരമായും ഉള്ളടക്കത്തിന്റെ കാര്യത്തിലും പല പരിവർത്തനങ്ങൾക്കും വിധേയമായി. ഇറ്റലിയിലായിരുന്നു നിർണായകമാറ്റങ്ങൾ ആദ്യമുണ്ടായത്. മനുഷ്യൻ എങ്ങനെയായിരിക്കണമെന്നല്ല എങ്ങനെയിരിക്കുന്നു എന്ന് കാണിച്ചുകൊടുക്കുകയാണ് നാടകധർമം എന്ന് പ്രഖ്യാപിച്ച ഇറ്റാലിയൻ ഹ്യൂമനിസ്റ്റ് നാടകകൃത്തുക്കൾ സമകാലീന ഇറ്റലിയുടെ ഒരു പരിഛേദംതന്നെ അരങ്ങിലെത്തിച്ചു. അത് യൂറോപ്പിലാകമാനം അർഥപൂർണമായ ഒരു നാടകവേദിയുടെ പിറവിക്ക് നിമിത്തമായി.

ശുഭാന്ത ദുരന്ത നാടകങ്ങൾക്ക് പുറമേ ഇറ്റലിയിലെ നാടകമത്സരങ്ങളിൽ, വനദേവതമാരും ഇടയന്മാരും തമ്മിലുള്ള പ്രണയം വിഷയമാക്കി അവതരിപ്പിച്ചിരുന്ന ഒരു നാടകരൂപമായിരുന്നു പാസ്റ്ററൽ

ക്രി.വ. 1502 ലും 1508 ലുമായി രചിക്കപ്പെട്ട ലുഡോവിക്കൊ അരിയോസ്റ്റോയുടെ കൃതികളായ ഐ സപ്പോസിറ്റി, കസ്സാറിയ എന്നീ നാടകങ്ങളിലൂടെയാണ്‌ ഇറ്റലിയിൽ നാടകപ്രസ്ഥാനങ്ങളുടെ ആരംഭം എന്ന് കരുതപ്പെടുന്നു. ഇദ്ദേഹത്തിനെ കൂടാതെ ഭരണാധികാരിയും സാഹിത്യകാരനുമായിരുന്ന നിക്കോളാമാക്കി വെല്ലി യുടെ ശുഭാന്ത നാടകമായിരുന്ന ലാ മാൻഡ്രോഗലയും ഇറ്റാലിയൻ നാടകപ്രസ്ഥാനത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. ഗിയാൻ ഗിയോഗിയോ ട്രിസ്റ്റിനോ രചിച്ച സോഫോ നിസ്ബ ഇറ്റലിയിലെ ആദ്യത്തേതും പ്രശസ്തവുമായ ദുരന്ത നാടകമായിരുന്നു.

രാജസദസ്സുകളിൽ അവതരിപ്പിച്ചിരുന്ന ഒരു നാടകരൂപമായിരുന്നു ഇൻറർമെസ്സോ. ഗ്രീക്ക് ദുരന്ത നാടകങ്ങളുടെ പുനരവതരണ ശ്രമത്തിൻറെ ഫലമായി ക്രി.വ. 1590- കളിൽ രൂപം ഇറ്റലിയിൽ രൂപംകൊണ്ട മറ്റൊരു നാടകരൂപമായിരുന്നു ഓപ്പറ. കാലാന്തരത്തിൽ ഇൻറർമെസ്സോ ഓപ്പറയുടെ ഭാഗമാകുകയും 1650 കളോട് കൂടി ഓപ്പറകൾ ഇറ്റലിയിലെ ഏറെ ജനപ്രീതിയാർജ്ജിച്ച നാടകരൂപമായി മാറുകയും ചെയ്തു.

പാശ്ചാത്യ നാടകവേദിയിൽ രണ്ടാമതൊരു സുവർണയുഗം ആവിർഭവിച്ചത് ഇംഗ്ളീഷ് നാടകകൃത്തായ [ഷെയ്ക്സ്പിയർ|ഷെയ്ക്സ്പിയറുടെ രംഗപ്രവേശത്തോടുകൂടിയാണ്. അദ്ദേഹത്തിന്റെ രചനകൾ ആസ്വാദ്യങ്ങളായിരുന്നു എന്നു മാത്രമല്ല തികച്ചും അഭിനയയോഗ്യങ്ങളും ആയിരുന്നു. പലതും തുടർച്ചയായി വളരെനാൾ ഒരേ നാടകവേദിയിൽ അവതരിപ്പിക്കപ്പെട്ടു. ഉന്നതകുലജാതർക്കും സാധാരണക്കാർക്കും വേണ്ടി വെവ്വേറെ വേദികളിൽ അവ അവതരിപ്പിക്കുക പതിവായിരുന്നു. ഷെയ്ക്സ്പിയറുടെ നാടകകൃതികളെ ട്രാജഡികൾ, കോമഡികൾ, ചരിത്രനാടകങ്ങൾ എന്നിങ്ങനെ മൂന്നുവിഭാഗങ്ങളായി തിരിക്കാം. ഗ്രീക്കു ദുരന്തനാടകങ്ങൾക്കു പ്രകൃത്യതീത ശക്തികളുടെ ഇടപെടൽ കാരണമായിരിക്കെ, മനുഷ്യ സ്വഭാവത്തിൽ അന്തർലീനമായ വൈകല്യങ്ങളാണ് ഷെയ്ക്സ്പീരിയൻ ട്രാജഡികൾക്കു മൂലഹേതു. ഷെയ്ക്സ്പിയറുടെ ട്രാജഡികൾ സ്ഥലപരമായും ക്രിയാംശ സംബന്ധമായും കാലസംബന്ധമായുമുള്ള ഐക്യം പുലർത്തുന്നവയല്ല എന്നതാണ് അവയ്ക്ക് ഗ്രീക്ക് ട്രാജഡികളിൽ നിന്നുള്ള മറ്റൊരു വ്യത്യാസം. ദ് ടെംപസ്റ്റ് ഉൾപ്പെടെ ചില നാടകങ്ങൾ ഇതിന് അപവാദമായുണ്ട്. ഷെയ്ക്സ്പിയറുടെ കിങ് ലിയർ, മാക്ബെത്, ഹാംലെറ്റ്, ഒഥല്ലോ തുടങ്ങിയ പല ട്രാജഡികളും ലോകസാഹിത്യത്തിലെയും നാടകവേദിയിലെയും മാസ്റ്റർ പീസുകളായി കരുതപ്പെടുന്നു.

ഷെയ്ക്സ്പിയറിന്റെ സമകാലികരായിരുന്നു ക്രിസ്റ്റഫർ മാർലോയും ബെൻ ജോൺസണും. ഡോ. ഫൗസ്റ്റ് എന്ന ഐതിഹ്യകഥാപാത്രത്തിന്റെ കഥയെ ആസ്പദമാക്കി മാർലൊ രചിച്ച നാടകം (ഡോക്ടർ ഫോസ്റ്റസ്) പ്രത്യേക പരാമർശമർഹിക്കുന്നു. രചനാശില്പത്തിന്റെ സവിശേഷതകൊണ്ട് ഈ നാടകം ലോകപ്രശസ്തിയാർജിച്ചു. കാല്പനികസാഹിത്യത്തിന്റെയും കലയുടെയും ആരംഭഘട്ടത്തിൽ ഇതേ കഥാപാത്രത്തെ കേന്ദ്രമാക്കിക്കൊണ്ട് വിഖ്യാത ജെർമൻ സാഹിത്യകാരനായ ഗെയ്ഥെ രചിച്ച കാവ്യനാടകവും (ഫൗസ്റ്റ്) ലോകപ്രശസ്തി ആർജിച്ചിട്ടുള്ളതാണ്.

ദേശീയ നാടകം[തിരുത്തുക]

ഇറ്റാലിയൻ നാടകപ്രസ്ഥാനത്തിൽ നിന്നും നാടകപ്രസ്ഥാനം വികസിപ്പിക്കുന്നതിലേക്കായി രൂപം കൊണ്ട നാടക പ്രസ്ഥാനമാണ്‌ ദേശീയനാടക പ്രസ്ഥാനം. ക്രി.വ. 1580 നും 1642 നും ഇടയിൽ ഇംഗ്ലണ്ടിൽ ആണ്‌ അത്തരം നാടകപ്രസ്ഥാനങ്ങൾ രൂപംകൊണ്ടത് എന്ന് കരുതപ്പെടുന്നു. 1580 മുതൽ 1603 വരെയുള്ള കാലഘട്ടത്തിൽ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി ഒന്നാമൻറെ ഭരണകാലത്തിൻറെ ആദ്യപകുതിയിലും, 1603 മുതൽ 1625 വരെയുള്ള ജയിംസ് രാജാവ് ഒന്നാമൻറെ ഭരണകാലത്തിലും ,അതിനുശേഷം വന്ന ചാൾസ് രാജാവ് ഒന്നാമൻറെ കാലത്തിലുമായി ഇംഗ്ലണ്ടിൽ നിരവധി നാടകങ്ങൾ രചിക്കപ്പെട്ടു. അവയെ എലിസബത്തൻ, ജാക്കോബിയൻ, കരോലിൻ എന്നീ പേരുകളിൽ അറിയപ്പെടുന്നു.

യൂറോപ്യൻ നാടകം[തിരുത്തുക]

1640 കളിൽ ഇംഗ്ലണ്ട് പാർലമെൻറിൻറെ അധികാരം പ്യൂരിറ്റൻ (Puritan) എന്ന ക്രിസ്തീയ വിഭാഗം പിടിച്ചെടുക്കുകയും 1642 ഓട് കൂടി യൂറോപ്പിലാകെ നാടകശാലകളും നാടകപ്രസ്ഥാനങ്ങളും നിരോധിക്കുകയും ചെയ്തു. അതിനുശേഷം 1660 കളോട്കൂടി ചാൾസ് രണ്ടാമൻ അധികാരത്തിലെത്തുകയും നാടകങ്ങൾ നിയമവിധേയമാക്കുകയും ചെയ്തു. അതിനുശേഷം ആദ്യമായി സ്ത്രീകൾ അഭിനയരംഗത്തേക്ക് വരുകയും ചെയ്തു. വീരോചിത നാടകങ്ങൾ, സെൻറിമെൻറൽ നാടകങ്ങൾ, ബാലഡ് ഓപ്പറ തുടങ്ങിയ പുതിയ നാടകരീതികൾ ഈ കാലയളവിൽ വികാസം പ്രാപിച്ചവയാണ്‌.

ആധുനികകാലം[തിരുത്തുക]

യൂറോപ്യൻ നാടകവേദിയിലെ ആധുനിക കാലഘട്ടത്തിന് തുടക്കം കുറിച്ചത് മോളിയേ എന്ന പ്രശസ്ത ഫ്രഞ്ച് നാടകകൃത്താണ്. പ്രഹസനരൂപത്തിലുള്ള ഗദ്യനാടകത്തിന്റെ വിശിഷ്ട മാതൃകകളാണ് അദ്ദേഹത്തിന്റെ രചനകൾ. മനുഷ്യസഹജമായ ദൌർബല്യങ്ങൾ, സാധാരണക്കാരായ മിക്ക മനുഷ്യരുടെയും പെരുമാറ്റത്തിലെ അനാശാസ്യത, പല മനുഷ്യരും പ്രകടിപ്പിക്കാറുള്ള സ്വഭാവവൈകൃതങ്ങൾ തുടങ്ങിയവ അവിസ്മരണീയമായ രീതിയിൽ ചിത്രീകരിക്കുന്നവയാണ് അദ്ദേഹത്തിന്റെ പ്രഹസനങ്ങൾ. പ്രാചീന ഗ്രീസിലെ കോമഡികളിൽ നിന്ന് വ്യത്യസ്തമായ ഒരു ഹാസ്യനാടകരൂപം അവതരിപ്പിക്കുന്നതിൽ മോളിയേ തികച്ചും വിജയിച്ചു. ഇതിനുപുറമേ മറ്റൊരു പ്രാധാന്യം കൂടി മോളിയേറുടെ നാടകങ്ങൾക്കുണ്ട്. അദ്ദേഹത്തിന്റെ കാലഘട്ടത്തിനുമുമ്പുണ്ടായ നാടകങ്ങളിൽ ഭൂരിപക്ഷവും പദ്യരൂപത്തിലുള്ളവയായിരുന്നു. ഗദ്യനാടകത്തിന് രംഗവേദിയിൽ വിജയിക്കാൻ കഴിയുമെന്ന് മോളിയേറുടെ നാടകങ്ങൾ തെളിയിച്ചു. ഉള്ളടക്കത്തിലും രൂപത്തിലും അദ്ദേഹത്തിന്റെ നാടകങ്ങൾക്കുള്ള സവിശേഷതകൾ മൂലം ലോകത്തിലെ പലഭാഷകളിലും ഇത്തരം ഫാഴ്സുകൾ (പ്രഹസനങ്ങൾ) രചിക്കപ്പെടാൻ ഇടയായി.

മോളിയറുടെ കാലത്തിനുശേഷം യൂറോപ്യൻ നാടകവേദിയിൽ ഉണ്ടായ ഒരു വലിയ സംഭവം നോർവേക്കാരനായ ഹെന്റിക് ഇബ്സൻ രചിച്ച റിയലിസ്റ്റിക് ഗദ്യനാടകങ്ങളുടെ ആവിർഭാവമാണ്. ലോകനാടകവേദിയിലെ റിയലിസ്റ്റിക് നാടകപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്ന ഇബ്സന്റെ ഭൂരിപക്ഷം നാടകങ്ങളും റിയലിസ്റ്റിക് ശൈലിയിൽ സമകാലിക സാമൂഹിക ജീവിതത്തിലെ പ്രശ്നങ്ങൾ ചിത്രീകരിക്കുന്നവയാണ്. ഗോസ്റ്റ്സ്, ഡോൾസ് ഹൌസ്, വൈൽഡ് ഡക്ക്, എനിമി ഒഫ് ദ് പീപ്പിൾ എന്നിവ അദ്ദേഹത്തിന്റെ വിഖ്യാത റിയലിസ്റ്റിക് നാടകങ്ങളാണ്. ഇവയിൽ പലതും മലയാളത്തിലേക്കും മറ്റനേകം ലോകഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ഇബ്സൻ, റിയലിസ്റ്റിക് നാടകങ്ങളുടെ രചയിതാവ് മാത്രമായിരുന്നില്ല. പ്രതീകാത്മകങ്ങളും കാവ്യാത്മകങ്ങളുമായ ഏതാനും മികച്ച നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. അവയിൽ ഏറ്റവും പ്രസിദ്ധം മാസ്റ്റർ ബിൽഡർ (രാജശില്പി) എന്ന കൃതിയാണ്. ഇബ്സന്റെ നാടകങ്ങൾക്ക് പൊതുവേയുള്ള ഒരു സവിശേഷത ഗ്രീക്കു ട്രാജഡികളിലെ ക്രിയാംശപരമായ ഐക്യം, കാലസംബന്ധിയായ ഐക്യം, സ്ഥലപരമായ ഐക്യം എന്നിവ ഇവയിൽ പാലിക്കപ്പെടുന്നു എന്നതാണ്.

ഇബ്സന്റെ നാടകങ്ങളെ അധികരിച്ച് ഇബ്സൻ സാരസംഗ്രഹം (ക്വിന്റെസൻസ് ഒഫ് ഇബ്സനിസം) എന്ന ഗ്രന്ഥം എഴുതിയ വിഖ്യാത ഇംഗ്ളീഷ് നാടകകൃത്തായ ബർണാഡ്ഷാ സമകാലിക സാമൂഹികയാഥാർഥ്യങ്ങളെ അധികരിച്ച് ഒട്ടേറെ നാടകങ്ങൾ രചിക്കുകയുണ്ടായി. അവ നാടകവേദിയിൽ വിജയകരമായി അവതരിപ്പിക്കപ്പെടുകയും ചെയ്തു. ഷായുടെ അതിപ്രശസ്തങ്ങളായ നാടകങ്ങളാണ് ദി ആപ്പിൾ കാർട്ട്, മാൻ ആൻഡ് സൂപ്പർമാൻ എന്നിവ. എന്നാൽ ക്രിയാംശപ്രധാനമായ ഇബ്സന്റെ നാടകങ്ങളിൽ നിന്ന് വ്യത്യസ്തമായി ഷായുടെ നാടകങ്ങൾ സംഭാഷണ പ്രധാനങ്ങളാണ്. അവയെല്ലാം നർമരസപ്രധാനങ്ങളും പലപ്പോഴും ഹാസ്യത്മകങ്ങളുമത്രെ. അദ്ദേഹത്തിന്റെ നാടകങ്ങൾക്ക് നാടകീയത കുറവാണെന്നുള്ള വിമർശനം ശക്തമാണ്.

ഏകദേശം ഇതേകാലത്ത് സാമൂഹിക യാഥാർഥ്യങ്ങൾ ചിത്രീകരിച്ചുകൊണ്ട് ശക്തങ്ങളായ ഗദ്യനാടകങ്ങൾ പലതും എഴുതിയിട്ടുള്ള ഇംഗ്ലീഷുകാരനാണ് ജോൺ ഗാൽസ്വർത്തി. അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ നാടകം സ്ട്രൈക് (പണിമുടക്ക്) ആണ്. അത് മലയാളത്തിലേക്ക് തർജുമ ചെയ്യപ്പെട്ടിട്ടുണ്ട്.

ഈ റിയലിസ്റ്റിക് നാടകകൃത്തുക്കളുടെ കാലത്തിന് അല്പം മുമ്പ് ജീവിച്ചിരുന്ന കലാചിന്തകൻ കൂടിയായ ഓസ്കർ വൈൽഡ് ആണ് ഇംഗ്ലീഷിലെ ഗദ്യനാടകകൃത്തുക്കളിൽ പ്രധാനിയായ ഒരാൾ. അദ്ദേഹത്തിന്റെ നാടകങ്ങൾ പൊതുവേ ഹാസ്യാത്മകങ്ങളായിരുന്നു. സമൂഹത്തിലെ മധ്യവർത്തികളുടെ പൊള്ളത്തരം അനാവരണം ചെയ്യുക എന്നതായിരുന്നു നാടകരചനയിലെ അദ്ദേഹത്തിന്റെ ലക്ഷ്യം.

ഇരുപതാം നൂറ്റാണ്ടിന്റെ പൂർവാർധത്തിൽ ജീവിച്ചിരുന്ന വിഖ്യാതരായ റഷ്യൻ ചെറുകഥാകാരന്മാരിൽ ഒരാളായ ആന്റൺ ചെഖഫ് പ്രഗല്ഭനായ ഒരു നാടകകൃത്തുകൂടി ആയിരുന്നു. അദ്ദേഹത്തിന്റെ നാടകങ്ങളിൽ വച്ച് കൂടുതൽ പ്രസിദ്ധമായ ഒന്ന്, മൂന്നു സഹോദരിമാർ എന്ന കൃതിയാണ്. ഇബ്സന്റെ നാടകങ്ങളുടെ ആവിർഭാവത്തിനു ശേഷം അധികകാലം കഴിയുന്നതിനുമുമ്പുതന്നെ ലോകനാടകസാഹിത്യം റിയലിസത്തിൽ നിന്ന് അകന്നു തുടങ്ങി. അദ്ദേഹത്തിന്റെ പിന്നാലേ രംഗത്തുവന്ന ആഗസ്റ്റ് സ്ട്രിൻബർഗ്, മെറ്റർലിങ്ക് എന്നിവർ നാടകരചനയിൽ യുക്തിയുടെ ഭാഷ വെടിഞ്ഞ് അസാധാരണമായ ഒരു അനുഭൂതിതലം സൃഷ്ടിക്കുന്ന നാടകങ്ങൾ ലോകത്തിന്റെ മുന്നിൽ അവതരിപ്പിച്ചു. പില്ക്കാലത്ത് യൂറോപ്പിൽ രൂപം കൊണ്ട നവീനനാടകപ്രവണതകളാണ് അസംബന്ധനാടകം, എപ്പിക് തിയെറ്റർ തുടങ്ങിയവ. ആധുനിക ജീവിതത്തിൽ ആനുഭവവേദ്യമായ പൊരുത്തക്കേടുകളാണ് അസംബന്ധനാടകങ്ങൾക്കാധാരം. മാനവരാശിയുടെ 'മഹാനേട്ടങ്ങൾ' വരുത്തിവച്ച ദുരന്തങ്ങളും ലോകയുദ്ധങ്ങളും സൃഷ്ടിച്ച അസ്തിത്വസമസ്യകളാണ് ഇത്തരം നാടകങ്ങളിൽ ഏറിയും കുറഞ്ഞും ചർച്ച ചെയ്യപ്പെടുന്നത്. യൂജീൻ അയനെസ്കോയുടെ കാണ്ടാമൃഗം, കസേരകൾ എന്നിവ ഈ ഗണത്തിൽ ശ്രദ്ധേയമാണ്. അസംബന്ധനാടകങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ പ്രശസ്തി ആർജിച്ച ഗോദോയെ കാത്ത് (Waiting for Godot) എന്ന നാടകം സാമുവൽ ബെക്കറ്റ് എന്ന നാടകകൃത്തിന്റേതാണ്. നോബൽ സമ്മാനം നേടിയ ഈ കൃതി ലോകത്തിലെ മിക്ക ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കടമ്മനിട്ട രാമകൃഷ്ണനാണ് മലയാളത്തിൽ ഇതു തർജുമ ചെയ്തിട്ടുള്ളത്. ഇരുപതാം നൂറ്റാണ്ടിലെ നാടകരംഗത്ത് പുതിയ ചലനങ്ങൾ സൃഷ്ടിച്ച മറ്റൊരു എഴുത്തുകാരൻ അസ്തിത്വവാദിയായ ഷെനെ ആണ്. അസ്തിത്വവാദപരമായ മാനുഷികപ്രശ്നങ്ങൾ ചിത്രീകരിക്കുന്ന ആ നാടകങ്ങൾ മനുഷ്യജീവിതത്തിലെ ചില വൈകൃതങ്ങളെയും അസാധാരണ പ്രശ്നങ്ങളെയും ചിത്രീകരിക്കുന്നു. വേലക്കാരികൾ (The Maids) ആണ് ഏറ്റവും നല്ല ഉദാഹരണം. നാടകം നാടകീയമാകരുതെന്നും അതിലൂടെ ആവിഷ്കരിക്കപ്പെടുന്ന ജീവിതസത്യങ്ങളും തത്ത്വങ്ങളും ആസ്വാദകരെ ധരിപ്പിക്കുക എന്നതായിരിക്കണം നാടകത്തിന്റെ ലക്ഷ്യമെന്നും അഭിപ്രായപ്പെട്ട ബെർടോൾഡ് ബ്രെഹ്ത് എപ്പിക് നാടകം എന്നൊരു നാടകരൂപം ആവിഷ്കരിക്കുകയും അതിനു യോജിച്ച നാടകങ്ങൾ എഴുതി അവതരിപ്പിക്കുകയും ചെയ്തു. പ്രേക്ഷകന് അരങ്ങിലെ സംഭവങ്ങളോടു വികാരപരമായ സാത്മീകരണം ഉണ്ടാകരുതെന്നും ബൗദ്ധികമായ അന്യവത്കരണം നിലനിർത്തി വിമർശനാത്മകമായി വിലയിരുത്താൻ കഴിയണമെന്നും ബ്രഹ്ത് സ്വന്തം രചനകളിലൂടെ തെളിയിച്ചു. സാമൂഹിക മാറ്റത്തിന് പ്രേക്ഷകനെ ബോധവാനാക്കാനുള്ള പ്രകടനവേദിയാണ് അദ്ദേഹത്തിന് അരങ്ങ്. ത്രിപെനി ഓപ്പറ, കോക്കേഷ്യൻ ചാക്ക് സർക്കിൾ, സെറ്റ്സ്വാനിലെ നല്ല സ്ത്രീ, പുന്തിലയും ശിങ്കിടിയും, മദർ കറേജും അവരുടെ മകളും തുടങ്ങിയ അനവധി നാടകങ്ങളിലൂടെ ബ്രഹ്ത് തന്റെ സിദ്ധാന്തം ആവിഷ്കരിച്ചു. ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കൻ നാടകവേദിയും സജീവമായിരുന്നു. അവിടുത്തെ നാടകപ്രേമികളുടെ താത്പര്യത്തിനൊത്ത നാടകങ്ങളാണ് അവിടെ കൂടുതൽ ഉണ്ടാകുകയും പ്രചരിക്കുകയും ചെയ്തിട്ടുള്ളത്. ഏ സ്ട്രീറ്റ് കാർ നെയ്ംമ്ഡ് ഡിസയർ, ദ് ഗ്ളാസ് മെനാജറി എന്നീ നാടകങ്ങൾ രചിച്ച ടെനിസി വില്യംസ്, ദ് ഹെയറി എയ്പ്, ദി എംപറർ ജോൺസ് തുടങ്ങിയ നാടകങ്ങളുടെ കർത്താവായ യൂജിൻ ഒനീൽ, ദ് സൂ സ്റ്റോറിയുടെ രചയിതാവായ എഡ്വേഡ് ആൽബി, ഓൾ മൈ സൺസും മറ്റും എഴുതിയ ആർതർ മില്ലർ തുടങ്ങിയവരാണ് അമേരിക്കൻ നാടകവേദിയിലെ പ്രശസ്തർ.

നാടകവും സിനിമയും[തിരുത്തുക]

സ്ഥലകാലബദ്ധമായ രംഗകലയാണ് നാടകം. എന്നാൽ, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് സിനിമാ ചിത്രീകരണത്തിലെ ഓരോ ചലനവും സാധ്യമാക്കിത്തീർക്കുന്നത്. ദൃശ്യഭാഷയിലൂടെയാണ് പ്രധാനമായും സിനിമയിൽ ആശയസംവേദനം നടക്കുന്നത്. നാടകത്തിലാകട്ടെ, കഥാപാത്രങ്ങളുടെ ഭാവഭേദങ്ങളത്രയും സംഭാഷണങ്ങളിലൂടെയാണ് പ്രേക്ഷകനിലേക്ക് പകരുന്നത്. പ്രേക്ഷകനും കഥാപാത്രങ്ങളും തമ്മിലുള്ള നേരിട്ടുള്ള സംവേദനത്തിൽ, നാടകാവതരണം ഓരോ പ്രാവശ്യവും വ്യത്യസ്തമായിത്തീരുന്നു. മുൻകൂറായി ചിത്രീകരിക്കുന്ന ചലച്ചിത്രദൃശ്യങ്ങൾ സാങ്കേതികോപകരണങ്ങളിലൂടെ ചിത്രീകരിക്കുന്നതിനാൽ സംവിധായകന്റെ കാഴ്ചപ്പാടിൽ സിനിമ ആസ്വദിക്കാൻ പ്രേക്ഷകർ നിർബന്ധിതരായി മാറുന്നു. നാടകപ്രേക്ഷകൻ സ്വതന്ത്രനും, സിനിമാസ്വാദകൻ ഒരു പരിധിവരെ ദർശനത്തിനൊപ്പം നീണ്ടേണ്ടവനുമാണ് എന്നർഥം. രംഗവേദിയുടെ പരിമിതികളും ഭാവദൃശ്യങ്ങളുടെ അഭാവവും നാടകീയമായ സ്ഥലകാലവ്യാഖ്യാനങ്ങൾക്ക് അതിരുകൾ തീർക്കുന്നുണ്ട്. നാടകാവതരണത്തെ ക്യാമറയിൽ പകർത്തി സിനിമയായി അവതരിപ്പിച്ചാൽ അത് നാടകമോ, സിനിമയോ ആവില്ല. നാടകത്തിന്റെ രംഗസങ്കല്പത്തിനപ്പുറത്തേക്ക് സ്വതന്ത്രമായി നീങ്ങാൻ മൂവിക്യാമറയ്ക്ക് കഴിയുകയുമില്ല. അതുപോലെ സിനിമയെ നാടകവേദിയിൽ അവതരിപ്പിക്കുക എന്നതും അസംഭവ്യമാണ്. നിരവധി സ്ഥലങ്ങളുടെ, സന്ദർഭങ്ങളുടെ, പ്രകൃതി വ്യാഖ്യാനങ്ങളുടെ പകർപ്പാണ് സിനിമ. എന്നാൽ നാടകം, അതിന്റേതായ ഒരു സ്വകാര്യസ്ഥലത്തേക്ക്, അവതരണത്തിന്റെ ടെക്നിക്കിലൂടെയും സംഭാഷണത്തിലൂടെയും ജീവിത സന്ദർഭങ്ങളെ പൊലിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. നാടകം എപ്പോഴും വർത്തമാനത്തിൽ അവതരിപ്പിക്കപ്പെടുകയും ഓരോ പ്രാവശ്യവും വേറിട്ടു നില്ക്കുകയും ചെയ്യുന്നു. സിനിമയിൽ, ഭൂതകാലത്തെ വർത്തമാനകാലമാക്കി തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. അച്ചടിക്കപ്പെട്ട ഒരു കഥാപുസ്തകം, വായനക്കാരന്റെ സൌകര്യമനുസരിച്ച് വായിക്കപ്പെടുമ്പോൾ, ആ കഥാപുസ്തകം വർത്തമാനകാലത്തിന്റെ ഭാഗമായി മാറുന്നു. സിനിമയും അതുപോലെയാണെന്ന് ചുരുക്കം. നാടകാഭിനയവും സിനിമാഭിനയവും തമ്മിൽ വ്യത്യാസമുണ്ട്. ക്ളോസപ്പ്, മിഡ് ഷോട്ട്, ലോങ് ഷോട്ട് തുടങ്ങിയ സങ്കേതങ്ങളിലൂടെ നടന്റെ 'ചലനങ്ങളാ'ണ് ക്യാമറയിൽ പകർത്തുന്നത്. ബിഹേവിയർ ആക്റ്റിങ്ങാണ് സിനിമയിലേത്. അതേസമയം, നാടകത്തിൽ സമഗ്രവും, അർപ്പണസന്നദ്ധവുമായ 'ആക്റ്റിങ്ങാ'ണ് നടൻ കാഴ്ചവക്കുന്നത്. ആദിമധ്യാന്തമായ അഭിനയസങ്കേതവും കഥാസങ്കേതവുമാണ് നാടകത്തിലുള്ളത്. സിനിമാചിത്രീകരണം, സ്ഥലത്തിന്റെയും നടീനടന്മാരുടെയും ലഭ്യത അനുസരിച്ച് സൌകര്യപൂർവം നടത്താൻ കഴിയും. പിന്നീട് പോസ്റ്റ് പ്രൊഡക്ഷൻ വർക്കിലൂടെ, കഥാനൈരന്തര്യം സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. സുനിശ്ചിതമായ ഒരു ഘടനയും ക്രിയയും അഭിനയ ജാഗ്രതയും നാടകത്തിന് അനിവാര്യമാണ്. ഒരു പ്രാവശ്യം, പാളിയാൽ അതേ രംഗം വീണ്ടും അവതരിപ്പിക്കാനാവില്ല. എന്നാൽ സിനിമയെ സംബന്ധിച്ചിടത്തോളം, റീ-ടേക്കിലൂടെ എത്ര പ്രാവശ്യം വേണമെങ്കിലും അഭിനയം ഷൂട്ട് ചെയ്യാവുന്നതാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ സിനിമ ഇന്ദ്രജാലവും നാടകം യാഥാർഥ്യവുമാണ്. സിദ്ധിയും സാധനയുമാണ് ഒരു നാടക കലാകാരനെ വിജയത്തിലെത്തിക്കുന്നത്.

അഭിപ്രായങ്ങൾ[തിരുത്തുക]

  • ലോകം ഒരു വലിയ വേദിയും, എല്ലാമനുഷ്യരും അതിലെ നടീനടന്മാരുമാണ്. (വില്യം ഷേക്സ്പിയർ, ആസ് യൂ ലൈക്ക് ഇറ്റ്)
  • മാനവ സമൂഹത്തിൻറെ ഏറ്റവും പ്രാചീനമായ കലാരൂപമാണ്‌ നാടകം. (ഏണസ്റ്റ് ഫിഷർ, ദി നെസ്സസ്സിറ്റി ഓഫ് ആർട്ട്)

ഇതും കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാടകകല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാടകം&oldid=3641735" എന്ന താളിൽനിന്ന് ശേഖരിച്ചത്