സാഹിത്യവിമർശനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാഹിത്യ കൃതികൾ വിലയിരുത്തി അതിലെ മൂല്യം, പ്രമേയം എന്നിവ കണ്ടെത്തുന്ന സാഹിത്യശാഖ. ഒരു സാഹിത്യ കൃതി വിശകലനം ചെയ്ത് അതിൻറെ സാഹിത്യവും ആന്തരികവുമായ പ്രത്യേകതകൾ വിലയിരുത്തി മൂല്യനിർണയനം ചെയ്യുന്ന ക്രിയാത്മകവും ഭൗതികവുമായ സർഗ്ഗ വ്യാപാരമാണ് സാഹിത്യ വിമർശനം.സർഗാത്മക രചനകൾ ആണ് മുഖ്യമായും ഇപ്രകാരം വിശകലനത്തിന് വിധേയമാവുന്നത്. സൃഷ്ടിയും വിമർശനവും സാഹിത്യത്തിലെ പരസ്പരബന്ധമുള്ള രണ്ടു ശാഖകളാണ്.

വിമർശനങ്ങൾ പലതരത്തിൽ[തിരുത്തുക]

ഒരു കൃതിയെ സർവത അഭിനന്ദിച്ചും അനുകൂലിച്ചും ചെയ്യുന്ന വിമർശനമാണ് മണ്ഡന വിമർശനം ഒരു കൃതിയെ അടിമുടി വിമർശിച്ച് ദോഷവശങ്ങൾ എടുത്തു കാട്ടുന്ന വിമർശനം ഖണ്ഡനവിമർശനം. പ്രാചീന ആലങ്കാരികന്മാരുടെ സിദ്ധാന്തങ്ങളെ പിൻപറ്റി നടത്തുന്ന വിമർശനം ക്ലാസിക് വിമർശനം. കഥാപാത്രങ്ങളുടെ മാനസിക വ്യക്തിത്വ സവിശേഷതകളും കലാകാരന്റെ മനോവൃത്തികളുടെ പ്രത്യേകതകളും കൃതിയുടെ സൗന്ദര്യത്മകമായ ഭാവസാന്ദ്രതയും തെളിമയോടെ അനാവരണം ചെയ്യുന്ന വിമർശനത്തെ കാല്പനിക വിമർശനം എന്ന് വിളിക്കുന്നു. ഒരു കൃതി വിമർശകനിൽ ചെലുത്തിയ പ്രതികരണം അവലംബമാക്കി നിർവഹിക്കുന്ന വിമർശനമാണ് വൈയക്തിക വിമർശനം. ഒരു രചനയുടെ ഉള്ളടക്കം മനുഷ്യരാശിക്ക് എപ്രകാരം ഗുണദോഷങ്ങൾ സമ്മാനിക്കുന്നുവെന്ന് മൂല്യ ബദ്ധതയോടെ പഠിക്കുന്ന വിമർശനമാണ് ധർമ്മാധിഷ്ഠിത നിരൂപണം. എഴുത്തുകാരന്റെ മാനസിക ചിത്തവൃത്തികളെ കലാസൃഷ്ടിയുമായി അന്വയിച്ചു വിലയിരുത്തുന്ന വിമർശന പദ്ധതിയാണ് മനോവിജ്ഞാനീയ വിമർശനം. സാഹിത്യത്തിൻറെ സാമൂഹിക ബന്ധത്തിന് പ്രാമുഖ്യം കൽപ്പിക്കുന്ന വിമർശന പദ്ധതിയാണ് സമൂഹ അധിഷ്ഠിത വിമർശനം. പ്രാക്തന സംസ്കാരത്തിന്റെ ചിഹ്നങ്ങളും അടയാളങ്ങളും കാവ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിനെ അടിസ്ഥാനമാക്കി വളർന്നുവന്ന വിമർശന പദ്ധതിയാണ് ആദിപ്രരൂപാത്മക വിമർശനം. മാക്സിയൻ പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട് കലാസൃഷ്ടിയുടെ സാമൂഹിക പ്രാമാണ്യത്തിന് ഊന്നൽ നൽകുന്ന വിമർശന സമീപനമാണ് മാർക്സിസ്റ്റ് വിമർശനത്തിന്റെത്. ഭാഷാശാസ്ത്രത്തിന്റെ ഉൾക്കാഴ്ചകൾ പ്രയോജനപ്പെടുത്തി സാഹിത്യ വിമർശനം നടത്തുന്ന ശൈലി വിജ്ഞാനീയ വിമർശനവും ശ്രദ്ധേയമാണ്. ഘടനാവാദം, ഉത്തരഘടനാവാദം, ദളിത് ചിന്ത, പരിസ്ഥിതിചിന്ത,സ്ത്രീവാദചിന്ത എന്നിവയിൽ നിന്ന് വെളിച്ചം സ്വീകരിച്ച് രൂപപ്പെട്ട വ്യത്യസ്ത വിമർശന പദ്ധതികളും ഇന്ന് സജീവമാണ്.

"https://ml.wikipedia.org/w/index.php?title=സാഹിത്യവിമർശനം&oldid=3967529" എന്ന താളിൽനിന്ന് ശേഖരിച്ചത്