നാടകചരിത്രം വിവിധ രാജ്യങ്ങളിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിവിധ രാജ്യങ്ങളിലെ നാടകത്തിന്റെ ചരിത്രം

ഗ്രീസ്[തിരുത്തുക]

ലോകനാടകകല പിറവിയെടുത്തതു ഗ്രീസിലാണെന്നു പറയാം. ലോകചരിത്രത്തിൽ ഏറ്റവും പഴക്കവും മഹത്ത്വവുമാർന്നതു ഗ്രീക്കുനാടകമാണ്. ദുരന്തനാടകം (ട്രാജഡി), ശുഭാന്തനാടകം (കോമഡി), ഹാസ്യനാടകം (സറ്റയറിക് പ്ലേ) എന്നു മൂന്നു പ്രധാന വിഭാഗങ്ങളാണ് യവന നാടകത്തിലുള്ളത്. പൂർവ മാതൃകകളില്ലാതെ സ്വയം ഉരുത്തിരിഞ്ഞുവന്ന ഈ കലാരൂപം കാലക്രമത്തിൽ ലോകം മുഴുവൻ പ്രചരിക്കുകയായിരുന്നു. (നോ: ഗ്രീക്ക് നാടകം).[1]

റോം[തിരുത്തുക]

ക്രിസ്തുവർഷാരംഭത്തിനു തൊട്ടുമുമ്പുള്ള നൂറ്റാണ്ടുകളിൽ ഗ്രീക്കുനാടകങ്ങളുടെ അനുകരണങ്ങളും ആശയാനുവാദങ്ങളും റോമാ സാമ്രാജ്യത്തിൽ അവതരിക്കപ്പെട്ടു തുടങ്ങി. അക്കൂട്ടത്തിൽ ട്രാജഡികളും കോമഡികളും ഉൾപ്പെട്ടിരുന്നു. എന്നാൽ ഗ്രീക്കുനാടകങ്ങൾക്ക് ഉണ്ടായിരുന്നതിനു തുല്യമായ നാടകീയതയോ കലാസൌഷ്ഠവമോ ജീവിതസ്പർശിയായ ഭാവാവിഷ്കരണത്തിന്റെ മൂല്യമോ റോമൻ നാടകങ്ങൾക്ക് ഉണ്ടായിരുന്നില്ല. റോമിൽ നാടകങ്ങൾ അവതരിപ്പിച്ചുവന്നത് ഗ്രീസിലെന്നതുപോലെ തുറസ്സായ നാടകവേദികളിലല്ല, ഭിത്തികെട്ടി അടച്ച രംഗവേദികളിലാണ്. ഈ കാലഘട്ടത്തിലെ റോമൻ നാടകങ്ങളെപ്പറ്റി ഇന്നു കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. അന്നത്തെ ദുരന്ത നാടകകൃത്തുക്കളിൽ പ്രഥമഗണനീയനായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത് സെനെക്കാ ആണ്. ശുഭാന്ത നാടകരംഗത്തെ പ്രമുഖർ പ്ലോട്ടസും ടെറൽസും ആയിരുന്നു.

ചൈന[തിരുത്തുക]

ഗ്രീസിനെപ്പോലെതന്നെ, പ്രാചീന അനുഷ്ഠാനപാരമ്പര്യത്തിന്റെ സ്വാധീനം ചൈനീസ് നാടകകലയ്ക്കുണ്ട്. ഗവേഷകരുടെ കണക്കനുസരിച്ച് ചി സൈനാസ്റ്റി രാജവംശത്തിന്റെ (ക്രി.പി. 557-81) പ്രതാപകാലം മുതൽക്കുതന്നെ ഒരു ഇതിവൃത്തത്തിന്റെ അടിസ്ഥാനത്തിൽ നാടകീയ സംഭവങ്ങൾ കോർത്തിണക്കിയുള്ള നൃത്തസംഗീതാവിഷ്കാരം അരങ്ങേറിയിരുന്നു. 'പിയർ ഗാർഡൻ' (Pear Garden) എന്നറിയപ്പെടുന്ന ചൈനയിലെ ആദ്യത്തെ ഡ്രമാറ്റിക് സ്കൂൾ ആരംഭിച്ചത് മിങ് ഹുയാങ് (Ming Huang) എന്ന ഭരണാധികാരിയാണ് (ക്രി.പി. 720).

അരങ്ങിലെ ദൃശ്യപശ്ചാത്തലങ്ങളെ പ്രതീകാത്മകമായി ആവിഷ്കരിക്കുന്നതായിരുന്നു ചൈനീസ് തിയെറ്റർ. ചൈനീസ് നാടകത്തിലെ അഭിനയ സങ്കല്പം വിശാലമായിരുന്നു. അരങ്ങിലെത്തുന്ന നടൻ നായകനും നർത്തകനും കായികാഭ്യാസിയും അനുകരണവിദഗ്ദ്ധനുമായിരിക്കണം എന്ന നിർബന്ധമുണ്ടായിരുന്നു. ഏഴു വർഷത്തിലധികം വിദഗ്ദ്ധ പരിശീലനം നേടിയ നടനെയാണ് അരങ്ങിലേക്ക് തിരഞ്ഞെടുത്തിരുന്നത്. നടന്മാർ 'ഷെങ്' (Sheng) എന്ന പേരിലും നടിമാർ 'ടാൻ' (Tan) എന്ന പേരിലുമാണ് അറിയപ്പെട്ടിരുന്നത്. കോമഡിയന്മാർ 'ചൂ' (Ch'o) എന്ന പേരിലും മുഖംമൂടി കഥാപാത്രങ്ങൾ ചിങ് (Ching) എന്ന പേരിലും രംഗത്തെത്തി. സ്ത്രീവേഷങ്ങൾ പുരുഷന്മാർതന്നെയാണ് അവതരിപ്പിച്ചിരുന്നത്.

19-ാം ശ.-ത്തിൽ പെക്കിങ് നഗരത്തിലെമ്പാടും ജനകീയമായിരുന്ന ജനപ്രിയ നാടകാവിഷ്കാരങ്ങൾ സകലകലകളുടെയും സംയോജിതരൂപമായിരുന്നു. പ്രാദേശികഭാഷാവഴക്കങ്ങളും സാഹിത്യവും സമന്വയിക്കുന്ന സംഭാഷണഭാഷയായിരുന്നു ആ നാടകങ്ങളിൽ പൊതുവേ ഉപയോഗിച്ചിരുന്നത്.

വ്യത്യസ്തങ്ങളായ രണ്ട് നാടക പാരമ്പര്യങ്ങളാണ് സമകാലിക ചൈനീസ് തിയെറ്ററിനുള്ളത്. ക്ലാസ്സിക്കൽ പാരമ്പര്യവും (K'un-Ch'u'), പെക്കിങ് ഓപ്പറയും (Ching-hai) ഉൾപ്പെടുന്ന പരമ്പരാഗത നാടകധാരയും വൈദേശിക സ്വാധീനമുള്ള (hna-chii) സംഭാഷണ നാടകങ്ങൾ ഉൾപ്പെടുന്ന നവീനധാരയുമാണ് അവ.

ചൈനീസ് വിപ്ലവങ്ങളെയും യുദ്ധങ്ങളെയും അതിജീവിച്ച് ശക്തിയാർജിച്ച പരമ്പരാഗത നാടകാവിഷ്കാരങ്ങൾ തന്നെയാണ് ജനഹൃദയങ്ങളിൽ വേരുറച്ചു നില്ക്കുന്നത്. ജപ്പാനിലെ ചൈനീസ് വിദ്യാർഥി ഗ്രൂപ്പുകളിൽനിന്ന് ഉടലെടുത്ത 'സംഭാഷണ നാടകവും' (spoken drama) പ്രധാനമാണ്. 1917-ൽ ചൈനയിലുണ്ടായ ന്യൂ കൾച്ചർ മൂവ്മെന്റിനെ പിന്തുടർന്ന് വിദേശ നാടകകൃത്തുക്കളുടെ നാടകകൃതികൾ ചൈനീസ് ഭാഷയിലേക്ക് പരിവർത്തനം ചെയ്ത് അവതരിപ്പിച്ചുതുടങ്ങി. അതോടൊപ്പം ചൈനീസ് നാടകങ്ങളും സ്വതന്ത്രമായി രംഗത്തുവന്നു. ടിയാൻ ഹാൻ (T'ien Han), ഹങ്ഷെൻ (Hungshen) തുടങ്ങിയ നാടകകൃത്തുക്കൾ 1920-കളിൽ തിയെറ്റർ കമ്പനികൾക്കും സ്കൂൾ ഒഫ് ഡ്രാമയ്ക്കും തുടക്കമിട്ടതോടെ ചൈനീസ് നാടകവേദിയിൽ ഒരു നവതരംഗം അലയടിച്ചുതുടങ്ങി. 1930-കളിൽ സോവോ യു(Ts'ou Yu) വിന്റെ തണ്ടർസ്റ്റോം, സൺറൈസ്, പെക്കിങ് മാൻ തുടങ്ങിയ നാടകങ്ങൾ ശ്രദ്ധേയമായി. 1937-ലെ ജപ്പാൻ ആക്രമണത്തിനുശേഷമുള്ള നാടകങ്ങളിൽ തുടിച്ചുനിന്നത് ദേശസ്നേഹമാണ്.

പാവനാടകത്തിന്റെ പ്രാചീനമായ പാരമ്പര്യമുള്ള ചൈനീസ് തിയെറ്റർ ഇന്ന് പുതിയ രൂപങ്ങളിൽ പാവനാടകത്തെ പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ട്. 1959-ൽ ആരംഭിച്ച പരീക്ഷണ നാടകസംഘമായ 'വെസ്റ്റേൺ ബാലേയും' ചൈനീസ് നാടകവേദിക്ക് ബലം പകരുന്നുണ്ട്.

ഫ്രാൻസ്[തിരുത്തുക]

പള്ളികളിൽ അവതരിപ്പിക്കപ്പെട്ടിരുന്ന ബൈബിൾ അവതരണങ്ങളിൽ നിന്നാണ് ഫ്രാൻസിലെ നാടകവേദിയുടെ തുടക്കം. 13-ാം ശ.-ത്തിലാണ് ഇത്തരം നാടകീയപ്രകടനങ്ങൾ ശക്തമായിത്തീർന്നത്. പതുക്കെ പള്ളികളിൽനിന്ന് പുറത്തേക്ക് വ്യാപിച്ചതോടെ നാടകം വേറിട്ട് വളരാൻ തുടങ്ങി. പുരോഹിതനിൽനിന്ന് സാധാരണക്കാരിലേക്ക് നാടകം വ്യാപിച്ചതോടെ പ്രാദേശികത്തനിമകളും ഭാഷാഭേദങ്ങളും ഉൾക്കൊണ്ടുകൊണ്ട് നാടകീയ സങ്കല്പം വികസിക്കുകയായിരുന്നു. 1402-ൽ അമച്വർ നാടകക്കാരുടെ ഒരു സംഘം രൂപീകരിക്കപ്പെടുകയും രസകരമായ രീതിയിൽ നാടകരൂപങ്ങൾ അരങ്ങേറുകയും ചെയ്തു. പിയേർ ഗ്രിഞ്ഞോറിനെപ്പോലുള്ള പ്രഗല്ഭരുടെ രചനകൾ 16-ാം ശ.-ത്തിനെ പ്രകാശമാനമാക്കി. ആഭ്യന്തരകലഹങ്ങൾ ഫ്രാൻസിന്റെ സാംസ്കാരിക കാലാവസ്ഥകളെ പ്രതികൂലമായി സ്വാധീനിച്ചിരുന്നു. ഇറ്റലിയിലുണ്ടായ നവോത്ഥാനം ഫ്രാൻസിലെ കലാരംഗത്തെ ഊർജ്ജിതപ്പെടുത്തുകയും പഴയ ആസ്വാദനശീലങ്ങൾ പൊളിച്ചെഴുതാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഇറ്റിയൻ ജോഡൈൽ, റോബർട്ട് ഗാർഹിയർ, പിയറി ലാറിവെ തുടങ്ങിയവരുടെ രചനകൾ ഫ്രാൻസിലെ നാടകകലയ്ക്ക് പുതിയ വ്യാഖ്യാനങ്ങൾ നല്കി. 17-ാം ശ.-ത്തിന്റെ തുടക്കത്തോടെ പാരിസിൽ പ്രൊഫഷണൽ നാടകക്കമ്പനികൾ സ്ഥാപിക്കപ്പെട്ടു. കോർണേലിയെ (Corneille) പോലുള്ള പ്രഗല്ഭരുടെ ഇടപെടലുകളാണ് ഫ്രഞ്ച് നാടകത്തിന് സുവർണകാലം സമ്മാനിച്ചത്. നാടകീയാനുഭവത്തിന്റെ പുതിയ ഭാവകാലങ്ങളാണ് കോർണേലി ആവിഷ്കരിച്ചത്.

മോളിയറുടെ നാടകങ്ങൾ ഫ്രഞ്ച് നാടകഭാവുകത്വത്തിന് പുതിയ രസനീയതയും ആർജവവും പകർന്നു. 19-ാം ശ.-ത്തോടെ റൊമാന്റിക് നാടകങ്ങളുടെ സ്വാധീനമുണ്ടായി. 1848-ലെ വിപ്ലവത്തോടെ നാടകരംഗത്തും ഭാവവ്യതിയാനം സംഭവിച്ചു. കോമഡിയിൽനിന്ന് ഗൗരവപൂർണമായ സാമൂഹികമാനങ്ങളിലേക്ക് നാടകചിന്തകൾ കടന്നുചെല്ലുകയായിരുന്നു.

20-ാം ശ.-ത്തിൽ ഫ്രഞ്ച് നാടകവേദിയിൽ നിറഞ്ഞുനിന്നത് എമിലി സോള, ഹെന്റി ബെക്ക്, ആദ്രേ ആന്റൺ ജോർജ്, ഴാൻ അനൂയ് തുടങ്ങിയവരാണ്. ലോകയുദ്ധങ്ങൾക്കുശേഷം നാടകവേദിയുടെ പ്രവർത്തനം കൂടുതൽ സമഗ്രവും സങ്കീർണവുമായ തലത്തിലേക്ക് നീങ്ങി. സാമൂഹ്യപ്രതിബദ്ധതയും ദേശീയബോധവും നിറഞ്ഞുനില്ക്കുന്ന ഹാസ്യചേരുവകളാണ് പാരിസ് നാടകവേദിയെ വേറിട്ടുനിർത്തുന്നത്. മിസ്റ്റിങ്ഗറ്റ് വെറ്റെ ഗിൽബേർ, മോറിസ് ഷെവലിയേ തുടങ്ങിയവർ ഫ്രഞ്ച് നാടകവേദി ലോകത്തിന് നല്കിയ മഹാനടന്മാരാണ്.

ജർമനി[തിരുത്തുക]

കാർണിവൽ ആഘോഷസംസ്കാരവും മതപരമായ ആശയങ്ങളും സാമൂഹികജീവിതത്തിന്റെ ഹാസ്യമാനങ്ങളും ഇടകലർന്നു വികസിച്ച കലാസങ്കല്പമാണ് 15-ാം ശ.-ത്തിൽ നാടകകലയായി ജർമനിയിൽ വളർന്നുവന്നത്.

ജോഹൻ ക്രിസ്റ്റോഫ് ഗോസ്സ്ചെസ്, കരോളിൻ ന്യൂബർ, ഹെന്റിച്ച് കോച്ച്, ജോഹാൻ ഷോൺമാൻ, ഏലിയസ് ഷെഗൽ തുടങ്ങിയവർ ജർമൻ നാടകവേദിക്ക് വിലപ്പെട്ട സംഭാവനകൾ നല്കിയവരാണ്. തനതായ സാംസ്കാരിക പാരമ്പര്യത്തിൽനിന്ന് ഊർജ്ജം ആവാഹിച്ച കലാകാരന്മാരായിരുന്നു കോൺറാഡ് എക്കോഫ്, കോൺറാഡ് അക്കർമാൻ എന്നിവർ. അക്കാലത്ത് അക്കർമാൻ 'നാഷണൽ തിയെറ്റർ' എന്ന നാടകസ്ഥാപനം ആരംഭിക്കുകയും ചെയ്തു.

19-ാം ശ.-ത്തിൽ ജർമൻ സംസ്കാരത്തിന്റെ പ്രധാന പ്രചരണോപാധി നാടകമായിരുന്നു. പ്രൊഫഷണൽ നാടകവേദി പല പ്രതിസന്ധികൾ നേരിട്ടുവെങ്കിലും ലുഡ്പിങ് ടൈക്കിനെപ്പോലുള്ളവർ നാടോടി പാരമ്പര്യത്തിന്റെ രസകരമായ അംശങ്ങൾ ഉൾപാകി, ഒരു നവീന നാടകാനുഭവത്തിന് പ്രചോദനമേകി. ഡ്രെഫറിക് ഹെബൽ, ഓട്ടോ ലുഡ്വിങ്, ജെർഹാട്ട് ഹോപ്മാൻ തുടങ്ങിയവരാണ് ജർമൻ നാടകവേദിയെ 20-ാം ശ.-ത്തിലേക്ക് നയിച്ചത്.

മാക്സ് ഫ്രിഷ്, ഫ്രീദ്റിഷ് ഡ്യൂറൻമാറ്റ് തുടങ്ങിയവരാണ് ആധുനിക ജർമൻ നാടകത്തിന്റെ പുതിയ വക്താക്കളായി പേരെടുത്തത്.

ഇറ്റലി[തിരുത്തുക]

സാഹിത്യത്തെ മുൻനിർത്തിയുള്ള നാടകാവിഷ്കാരങ്ങളാണ് തുടക്കം മുതൽ 18-ാം ശ. വരെ ഇറ്റലിയിൽ നിലനിന്നിരുന്നത്. 'കോമഡിയാ ഡെൽ ആർട്ടെ'യുടെ പുനരുജ്ജീവനവും സാഹിത്യാവിഷ്കാരങ്ങളുടെ നവീന നാടകനിർമിതികളും ഇറ്റാലിയൻ നാടകവേദിയെ പുതിയ പന്ഥാവിലേക്ക് നയിച്ചു. ആഘോഷവേളകളിൽ അവതരിപ്പിക്കപ്പെട്ട ഉത്സവപ്രകടനങ്ങളാണ് ഇറ്റാലിയൻ നാടകത്തിന്റെ ആദിമാതൃകകൾ. പണ്ഡിതർക്കിടയിലും നിരൂപകർക്കിടയിലും രാജവേദികളിലുമാണ് 17-ാം ശ.-ത്തിലെ നാടകം വളർന്നത്. കോമഡിയാ ഇറുഡിറ്റാ, കോമഡിയാ ഡെൽ ആർട്ടെ എന്നീ രണ്ട് ശൈലികളിലൂടെയാണ് ഇറ്റാലിയൻ നാടകസങ്കല്പം വികസിച്ചുവന്നത്.

'ലൗഡി' (Laudi) എന്ന പേരിൽ അറിയപ്പെട്ട നാടകരൂപങ്ങളാണ് മധ്യകാലഘട്ടത്തിലുണ്ടായിരുന്നത്. 'വിശുദ്ധ പ്രതിനിധാനങ്ങളായി' (sacre rappresentazioni) പുകഴ്ത്തപ്പെട്ട അഭിനയപ്രകടനങ്ങൾ, പഴയ പുതിയ നിയമങ്ങളിൽ നിന്നുള്ള സാരോപദേശ കഥകളാണ് ആവിഷ്കരിക്കപ്പെട്ടത്.

17-ാം ശ.-ത്തിലെ നവോത്ഥാന പ്രവണതകൾ, നാടകത്തെ സമൂലം സ്വാധീനിക്കുകയുണ്ടായി. അഭിജാതരായ ജനതയ്ക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ട പാസ്റ്റോറൽ (Pastoral) നാടകങ്ങളും ട്രാജഡി നാടകങ്ങൾക്ക് സമാന്തരമായി നിലകൊണ്ടു. വെർജീറിയോ, പിക്കോലോമിനി, ലൊഡോവിസ്കോ അരിയോസ്കോ തുടങ്ങിയവരുടെ കോമഡി നാടകങ്ങളും ജനകീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഐറണിയെ തീവ്രമായി അവതരിപ്പിച്ച നിക്കോളോ മാക്യവെല്ലിയുടെ രചനകളും ഏറെ പ്രകീർത്തിക്കപ്പെട്ടു. ഡെല്ലാ പോർട്ടയുടെ നാടകപരീക്ഷണങ്ങളും ഇറ്റാലിയൻ നാടകത്തെ ക്രിയാത്മകമാക്കി.

'കോമഡിയാ ഡെൽ ആർത്തെ'യിൽ ഉൾപ്പെട്ട ആക്റ്റിങ് കമ്പനികൾ, 'മാസ്ക്' നാടകരൂപത്തിലൂടെ നാടകത്തിന് പുതിയ ഭാവചൈതന്യം പകർന്നു. ഇറ്റാലിയൻ അഭിനയ സങ്കല്പങ്ങളെ കാലാനുസൃതമായി നവീകരിക്കുന്നതിൽ 'മാസ്കുകൾ' പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സിൽവിയോ ഫിയോറില്ലോ, ടൈബീരിയോ ഫിയോറില്ലോ, ഇവാറിസ്റ്റ് ഗെരാർസി, ഡൊമനിക്കോ ബിയാൻകോലൊലി തുടങ്ങിയവർ നവീന നാടകവേദിയെ പുതിയ ഭാവതലങ്ങളിൽ പ്രതിഷ്ഠിച്ചവരാണ്. ഇറ്റാലിയൻ നാടകവേദിയെ ദുരന്തഭാവനകൊണ്ട് ഉദാത്തമാക്കിയവരിൽ പ്രധാനി പെർഗയാണ്.

ഇറ്റലിയുടെ ഏകീകരണത്തിനുശേഷം അവിടെ ഒരു പുതിയ നാടകഭാവം ഉയർന്നുവന്നു. ഗോൾഡോണിയുടെ ശൈലി ട്രാജഡിയും കോമഡിയും തൊടാത്ത പുതിയ ഒരു കലാമിശ്രിതമായാണ് പിന്നീട് വേരുറച്ചത്. ചരിത്രത്തിൽനിന്ന് സ്വീകരിക്കുന്ന ആശയങ്ങളെ നവീനമായി സാക്ഷാത്കരിക്കുകയും പുതിയ അവതരണ സങ്കേതങ്ങൾ പരീക്ഷിക്കുകയും ചെയ്യുന്ന പിയട്രോ കോസ്സയുടെ പരിശ്രമങ്ങൾ, ശ്രദ്ധേയമായിത്തീർന്നു. ഗിസപ്പെ ഗിയക്കോസയുടെ സംഭാവനകളും പ്രധാനമാണ്. തോമസ്സോ മാരിനെറ്റി, ആനിബേൽ ബൂട്ടി, റോബർട്ടോ ബ്രാക്കോ തുടങ്ങിയവരാണ് 20-ാം ശ.-ത്തിലെ പ്രമുഖർ. യൂറോപ്യൻ നാടകത്തിന്റെ സ്വാധീനശക്തി പ്രകടമായത് ലൂയി പിരാന്തലോയുടെ (1867-1936) വരവോടെയാണ്. യൂഗോ ബെറ്റിയുടെ ശ്രമങ്ങളും പരിഗണനാർഹമാണ്. പിരാന്തലോയുടെ നാടകചിന്തകളിൽനിന്ന് കരുത്താർജിക്കുന്ന സമകാലിക ഇറ്റാലിയൻ നാടകവേദിയിൽ, രംഗകലയുടെ ഉത്തരാധുനികപ്രവണതകളും ദൃശ്യമാണ്.

ജപ്പാൻ[തിരുത്തുക]

ലിറിക്കൽ നാടകം, പപ്പറ്റ് പ്ലേ, കബുക്കി എന്നീ മൂന്ന് നാടകരൂപങ്ങളാണ് ജാപ്പനീസ് ക്ലാസ്സിക്കൽ നാടകവേദിയുടെ അടിസ്ഥാനം.

14-ാം ശ. മുതൽതന്നെ 'നോ' എന്ന പേരിൽ ലിറിക്കൽ നാടകപ്രസ്ഥാനം നിലനിന്നിരുന്നു. ക്ഷേത്രങ്ങളിൽ ആചാരനൃത്തങ്ങളിൽനിന്നും പ്രാദേശിക കലാരൂപങ്ങളിൽനിന്നും ഉറവെടുത്ത പ്രകടനശൈലിയായിരുന്നു 'നോ'യുടേത്. ബുദ്ധമതാശയങ്ങളുടെ സ്വാധീനവും 'നോ' നാടകങ്ങളിൽ പ്രകടമായിരുന്നു. ആചാരവസ്ത്രം ധരിച്ച ഒരു പ്രധാന നടന്റെ അവതരണത്തിലൂടെ അരങ്ങേറിയിരുന്ന പപ്പറ്റ് നാടകങ്ങൾ അതിന്റെ ചടുലതകൊണ്ടും പ്രമേയവൈചിത്യ്രംകൊണ്ടും പ്രേക്ഷകരെ കീഴടക്കിയിരുന്നു. സംഗീതത്തിന് പ്രത്യേക പ്രാധാന്യമില്ലായിരുന്നുവെങ്കിലും കോറസ് സംഘങ്ങൾ പപ്പറ്റ് നാടകങ്ങളിൽ സജീവമായിരുന്നു.

'കബുക്കി'യുടെ സ്റ്റേജ് സംവിധാനം ആകർഷകവും സാങ്കേതികവൈദഗ്ദ്ധ്യം നിറഞ്ഞതുമായിരുന്നു. അഞ്ച് ഘടകങ്ങൾ ഇഴചേർത്ത് ഒരുക്കിയിരുന്ന 'നോ' നാടകങ്ങളിൽ രസകരവും വൈവിധ്യപൂർണവുമായ ഇതിവൃത്തഭാഗങ്ങളാണുണ്ടായിരുന്നത്.

ആധുനിക ജപ്പാൻ നാടകവേദിയിൽ 'കബുക്കി'ക്കും 'നോ'യ്ക്കും പ്രമുഖസ്ഥാനമുണ്ടെങ്കിലും നവീനമായ തിയെറ്ററിക്കൽ ആർട്ടിന്റെ സ്വാധീനം വളരെയേറെയാണ്. 'ഷിങ്കെകി' (Shingeki) എന്നറിയപ്പെടുന്ന ആധുനിക നാടകം, ക്ളാസ്സിക്കൽ കബുക്കി തിയെറ്ററിൽനിന്ന് തീർത്തും വിഭിന്നമാണെന്ന് പറയാം. അഭിനയത്തിലും നാടകനിർമിതിയിലും തികച്ചും ഭിന്നമായ മാർഗങ്ങളാണ് അവലംബിക്കുന്നത്.

1904-ൽ ജപ്പാനിൽ ആരംഭിച്ച മോഡേൺ തിയെറ്റർ പ്രസ്ഥാനം, പടിഞ്ഞാറൻ നാടകസങ്കല്പങ്ങളെ ജപ്പാനിലേക്ക് കൊണ്ടുവന്നു. മോഡേൺ തിയെറ്ററിന്റെ സ്ഥാപകരായ ഷോയോ സുബോച്ചി, കവോരു ഒസാന എന്നിവരാണ് വിപ്ളവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടത്. ഷെയ്ക്സ്പിയറിന്റെയും ഇബ്സന്റെയും നാടകങ്ങൾ സ്വീകരിക്കപ്പെട്ടതോടെ, ഒസാന 'സുക്കിജി ലിറ്റിൽ തിയെറ്ററി'ന് രൂപംനല്കുകയും വിദേശ നാടകങ്ങൾ അതിന്റെ യഥാർഥരൂപത്തിൽ അവതരിപ്പിച്ചുതുടങ്ങുകയും ചെയ്തു. സുബോഹി ആരംഭിച്ച ആദ്യത്തെ ജാപ്പനീസ് തിയെറ്റർ മ്യൂസിയം, എലിസബത്തൻ ശൈലിയിലുള്ള നാടകവേദികളെ ഏകോപിപ്പിക്കുകയും പുതിയ നാടകാവബോധം ജനിപ്പിക്കുകയും ചെയ്തു.

അഭിനയത്തിന്റെ പഴയ മാതൃകകളെ പിന്തുടർന്ന ജപ്പാൻ നാടകവേദി ഇപ്പോൾ പുതിയ നാട്യക്രമങ്ങൾക്കൊപ്പം സഞ്ചരിച്ചുതുടങ്ങിയിട്ടുണ്ട്. സ്റ്റാനിസ്ളാവ്സ്കിയുടെ ആൻ ആക്ടർ പ്രിപ്പയേഴ്സ് (An Actor Prepares) എന്ന ഗ്രന്ഥം 1930-ൽ ജപ്പാൻഭാഷയിൽ പ്രസിദ്ധീകരിച്ചെങ്കിലും ആശാവഹമായ സ്വീകരണം ലഭിക്കുകയുണ്ടായില്ല. എങ്കിലും പിന്നീട് പുതിയ അഭിനയമാതൃകകളെ സ്വാംശീകരിക്കാനും അരങ്ങിൽ പ്രയോജനപ്പെടുത്താനും അവർ ശ്രമിച്ചിട്ടുണ്ട്. പാരമ്പര്യവിത്തുകളും തനതുകലാമാതൃകകളും ഉപയോഗിച്ച് നാടകശില്പം വാർത്തെടുക്കുന്നതിന് പല പരിമിതികളും നാടകചിന്തകർ നേരിടുന്നുണ്ട്. ഫോക്ലോർ പാരമ്പര്യഘടകങ്ങളെ സംയോജിപ്പിച്ചുകൊണ്ട് ജുഞ്ചി കിനോഷിതയെപ്പോലുള്ളവർ ഒരുക്കുന്ന സർഗാവിഷ്കാരങ്ങൾ ശ്രദ്ധ നേടിയിട്ടുണ്ട്.

നടന് അമിതപ്രാധാന്യം നല്കുന്ന 'കബുക്കി' തിയെറ്റർ പ്രസ്ഥാനത്തിന് സാമൂഹികാധിഷ്ഠിതമായ ആധുനിക നാടകചിന്തകൾക്കൊപ്പം സഞ്ചരിക്കുക പ്രയാസമാണെന്ന് പറയാം. 'കബുക്കി'യിൽനിന്നും 'നോ' നാടകരൂപങ്ങളിൽനിന്നും പാശ്ചാത്യ സങ്കല്പത്തിൽനിന്നും സാംസ്കാരിക പരിവർത്തനത്തിനുതകുന്ന മൂല്യങ്ങൾ സ്വീകരിച്ചുകൊണ്ട് ജാപ്പനീസ് നാടകവേദി ഒരു പുതിയ കലാപരിപ്രേക്ഷ്യം സൃഷ്ടിക്കണമെന്ന് നാടക ഗവേഷകർ പറയുന്നു.

പപ്പറ്റ് തീയറ്ററുകളുടെ പുനഃസ്ഥാപനവും പ്രചരണവും ജാപ്പനീസ് നാടകവേദി ലക്ഷ്യമിടുന്നുണ്ട്. ഗ്രാമങ്ങളെ കേന്ദ്രീകരിച്ചുള്ള അമച്വർ നാടകഗ്രൂപ്പുകളും ജപ്പാനിൽ സജീവമാണ്. 1950-ൽ വസേഡാ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ ചേർന്ന് മോഡേൺ തിയെറ്റർ (kindari crekijo) രൂപീകരിക്കുകയുണ്ടായി. അവർ നിരവധി ഷെയ്ക്സ്പിയർ നാടകങ്ങൾ രംഗത്ത് അവതരിപ്പിച്ചുവരുന്നു.

റഷ്യ[തിരുത്തുക]

യൂറോപ്യൻ നാടകപാരമ്പര്യവുമായി താരതമ്യം ചെയ്യുമ്പോൾ, റഷ്യൻ നാടകവേദി താമസിച്ചാണ് പിറന്നത്. പള്ളികളോടുള്ള വെറുപ്പും റഷ്യൻ ഭരണാധികാരികളുടെ ഉരുക്കുമുഷ്ടിയുമാണ് നാടകവേദിയുടെ വികാസത്തെ മന്ദഗതിയിലാക്കിയത്. എങ്കിലും, ചരിത്രരേഖകൾ പ്രകാരം 'സ്കോമോറോഖാക്' എന്നറിയപ്പെട്ട നാടോടി സംഘങ്ങളുടെ കലാപ്രകടനങ്ങൾ 11-ാം ശ.-ത്തിൽ റഷ്യൻജനതയെ സ്വാധീനിച്ചിരുന്നു എന്നു പറയാം. നർത്തകരും പാട്ടുകാരും കായികാഭ്യാസികളും കോമാളികളും സാഹസികരും ഉൾപ്പെടുന്ന കലാകാരന്മാരുടെ ആ സംഘം, തങ്ങളുടെ ആവിഷ്കാരങ്ങളിലൂടെ ശക്തമായ സാമൂഹികവിമർശനവും നടത്തിയിരുന്നു. പള്ളികളിലും ഭരണസ്ഥാപനങ്ങളിലും ഇവരെ പ്രവേശിപ്പിച്ചിരുന്നില്ല. 14-ാം ശ.-ത്തോടെ ഈ അവഗണന, അടിച്ചമർത്തലായി രൂപപ്പെട്ടു. നാടോടിസംഘങ്ങൾ അവർ നിവസിച്ചിരുന്ന മസ്കോവി പ്രവിശ്യയിൽ നിന്ന് ആട്ടിയോടിക്കപ്പെടുകയും, വടക്കൻ അതിർത്തി പ്രദേശത്തിന്റെ പല ഭാഗങ്ങളിലായി അവർ താമസമുറപ്പിക്കുകയും ചെയ്തു. അവർ പാരമ്പര്യകലാരൂപങ്ങൾ അവതരിപ്പിക്കുകയും അനന്തരതലമുറകൾക്ക് കൈമാറുകയും ചെയ്തു. 16-ഉം 17-ഉം ശ.-ങ്ങളിൽ അവർ വീണ്ടും മുഖ്യധാരയിൽ സജീവമായിത്തീർന്നു.

1613-ൽ രാജകീയ ശാസനപ്രകാരം 'ഹൗസ് ഒഫ് അമ്യൂസ്മെന്റ്' സ്ഥാപിതമായി. സാർ അലക്സിസിന്റെ കാലഘട്ടത്തിൽ (1645-76) കലാസംഗീതവിദ്യകൾ നിരോധിക്കപ്പെടുകയും കലാകാരന്മാർ ശിക്ഷിക്കപ്പെടുകയും ചെയ്തതോടെ പാരമ്പര്യകലയുടെ തുടിപ്പുകൾ വീണ്ടും അസ്തമിച്ചു.

1633-ൽ റഷ്യൻ പുരോഹിതന്മാർ ചേർന്ന് 'റഷ്യൻ തിയോളജിക്കൽ സൊസൈറ്റി'ക്ക് രൂപം നല്കിയതോടെ, ജസ്യൂട്ട് നാടകങ്ങളെ അനുകരിച്ചുകൊണ്ട് ബൈബിൾ പ്രമേയങ്ങൾ നാടകരൂപത്തിൽ അവതരിപ്പിച്ചുതുടങ്ങി. സാർ ചക്രവർത്തി തന്റെ പഴയ നിലപാട് മാറ്റുകയും യൂറോപ്യൻ സഭകളെ അനുകരിച്ചുകൊണ്ട്, നാടകാവതരണങ്ങൾക്ക് അനുമതിയേകുകയും ചെയ്തു. രാജസഭയിൽ പിന്നീട് അനവധി നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടു. 'തിയെറ്റ്റിക്കൽ ആർട്ടിന്റെ മാസ്റ്ററായി' പില്ക്കാലത്ത് അറിയപ്പെട്ട ജോഹാൻ കുൻസ്റ്റ്, പീറ്റർ ദ് ഗ്രേറ്റ് എന്നിവർ മോസ്കോയിൽ ആദ്യത്തെ പബ്ളിക് തിയെറ്ററിന് രൂപം കൊടുത്തത് റഷ്യൻ നാടകവേദിയുടെ നാഴികക്കല്ലായി പരിണമിച്ചു.

19-ാം ശ.-ത്തിൽ റഷ്യയിൽനിന്ന് ലോകപ്രസിദ്ധരായ നാടകപ്രതിഭകൾ ഉയർന്നുവന്നു. പുഷ്കിൻ, തൾസ്തായി, ഗോഗോൾ, തുർഗനീഫ്, ചെക്കോഫ്, ഗോർക്കി തുടങ്ങിയവർ മൗലികമായ കലാദർശനത്തിലൂടെ അനന്തസാധ്യതകളാണ് വിശ്വനാടകവേദിക്ക് നല്കിയത്.

1948 വരെയും മറ്റേതൊരു യൂറോപ്യൻ നാടകവേദിയേയും പോലെ റഷ്യൻ നാടകവേദിയും മുഖ്യധാരയിൽനിന്ന് അവഗണിക്കപ്പെട്ടിരുന്നു. കുട്ടികളുടെ നാടകവേദി അപ്പോഴും മികച്ചനിലയിൽ പ്രവർത്തിക്കുകയായിരുന്നു. എങ്കിലും റഷ്യൻ ഗവൺമെന്റിന്റെ സാമ്പത്തിക സഹായങ്ങളും പ്രോത്സാഹനങ്ങളും വേണ്ടുവോളം ലഭിച്ചതിനാൽ നാടകവേദിക്ക് ഒരു സമഗ്രവികാസം ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. മികച്ച നാടകകലാകരന്മാരുടെ അഭാവവും പുതിയ പരീക്ഷണങ്ങൾ ഏറ്റെടുക്കാനുള്ള വിമുഖതയും റഷ്യൻ നാടകവേദിയെ ഉലച്ചിട്ടുണ്ട്. 'സോഷ്യലിസ്റ്റ് റിയലിസം' എന്ന ആശയത്തെ കേന്ദ്രീകരിച്ചുള്ള ഇടതുപക്ഷ ദർശനങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും സോവിയറ്റ് തിയെറ്ററിന് വിഭിന്നമായൊരു ആശയപഥം പകരാനും റഷ്യൻ നാടകവേദി ശക്തമായി നിലകൊണ്ടിട്ടുണ്ട്. നാടകത്തിന്റെ രചയിതാവ്, അവതരണം, സംഭാഷണശൈലി തുടങ്ങിയ അടിസ്ഥാനഘടകങ്ങൾക്കപ്പുറം, കമ്യൂണിസ്റ്റ് സമൂഹത്തിനുവേണ്ടി ഒരു പുതിയ മനുഷ്യനെ സൃഷ്ടിക്കാനുതകുന്ന ആശയമാണ് റഷ്യൻ നാടകവേദിയും പ്രേക്ഷകരും ലക്ഷ്യമിട്ടത്.

സ്റ്റേജ് ഡിസൈനിങ്ങിൽ റഷ്യൻ നാടകവേദി സൃഷ്ടിച്ച പരിവർത്തനവും പ്രധാനമാണ്. വാദിം റിൻഡിൻ, കഷിൻസേഫ്, കെയ്ഖെൽ, ഇവാൻ സെവാന്റ്യാനോഫ്, വി.വി. ഇവാനോഫ് തുടങ്ങിയവരും ആധുനിക റഷ്യൻ നാടകവേദിയെ പുനഃപ്രതിഷ്ഠിച്ചവരിൽ പ്രമുഖരാണ്. കമ്യൂണിസ്റ്റ് ഭരണത്തിന്റെ പതനത്തിനുശേഷം ആഗോളീകരണത്തിന്റെയും ഫെമിനിസ്റ്റ്-പാരിസ്ഥിതികവീക്ഷണത്തിന്റെയും ആശയമാതൃകകൾ പിന്തുടരുന്ന നാടകസങ്കല്പമാണ് റഷ്യൻ നാടകവേദി അനുവർത്തിച്ചുപോരുന്നത്.

സ്പെയിൻ[തിരുത്തുക]

ക്രിസ്തുവർഷം ആദ്യശതകങ്ങൾ മുതൽക്കുതന്നെ സ്പെയിനിൽ നാടകീയ കലാരൂപങ്ങൾക്ക് പ്രചാരമുണ്ടായിരുന്നു. പള്ളികളിലെ ആഘോഷങ്ങളോടനുബന്ധിച്ച് നടന്നിരുന്ന കലാപരിപാടികളിൽ പലതിനും നാടകസ്വഭാവമുണ്ടായിരുന്നു. പള്ളികളിലെ കലാപരിപാടികൾക്കെതിരെ വിലക്ക് വന്നതോടെ, അവ ജനം ഏറ്റെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. എങ്കിലും മൂറുകളുടെ അധിനിവേശത്തോടെ, തെക്കൻ സ്പെയിനിൽനിന്നും ജനകീയകലകൾ തുടച്ചുമാറ്റപ്പെട്ടു. വടക്കു-കിഴക്കൻ സ്പെയിനിൽ പൌരോഹിത്യം അധികാരം ആർജിച്ചതോടെ, പാരമ്പര്യകലകളുടെ ചൈതന്യവും ശക്തിയും ഇല്ലാതാവുകയും കർശനമായ മതനിഷ്ഠകൾ നടപ്പാക്കപ്പെടുകയും ചെയ്തു.

മധ്യകാലഘട്ടത്തിലാണ് ആരാധനാധിഷ്ഠിതമായ നാടകം ആദ്യമായി പെനിൻസുലയിൽ അരങ്ങേറിയത്. ആരാധനാപുസ്തകത്തിൽനിന്ന് ആശയങ്ങൾ സ്വീകരിച്ച് അവതരിപ്പിച്ചിരുന്ന 'ട്രോപ്സ്' (Tropes) എന്ന കലാരൂപത്തിൽനിന്നാണ് സ്പെയിനിൽ നാടകം ഉടലെടുത്തത്. പ്രത്യേകം തയ്യാറാക്കിയ വേദികളിലാണ് ഇത്തരം ആരാധനാ നാടകങ്ങൾ അരങ്ങേറിയത്. ഒൻപതാം ശ. മുതൽ പതിനൊന്നാം ശ. വരെയുള്ള മൂറിഷ് ആധിപത്യം നാടകത്തിന്റെ വളർച്ചക്ക് മങ്ങലേൽപ്പിച്ചു.

സാധാരണ സമൂഹത്തിന്റെയും പുരോഹിതവിഭാഗത്തിന്റെയും കലാസങ്കല്പങ്ങൾ തമ്മിലുള്ള സംഘർഷം അക്കാലയളവിൽ പ്രകടമായിരുന്നു. 14-ാം ശ.-ത്തിന്റെ ആദ്യപകുതിയിൽ കോർപ്പസ് ക്രിസ്റ്റി പ്രൊഡക്ഷൻ സംഘടിപ്പിക്കപ്പെട്ടതോടെ, പള്ളിക്കും സാധാരണ ജനസമൂഹത്തിനും അവരുടേതായ നാടകാസ്വാദത്തിനും പ്രചരണത്തിനും വഴി തുറന്നുകിട്ടി. എങ്കിലും മതാത്മകമായ ആരാധനാ സമ്പ്രദായത്തിന് തന്നെയായിരുന്നു മുൻതൂക്കം. 15-ാം ശ.-ത്തോടെ, ഘോഷയാത്രയുടെ മതാത്മക പരിവേഷം ഇല്ലാതാവുകയും ജനകീയകലാരൂപങ്ങൾ ശക്തിയാർജിക്കുകയും ചെയ്തു.

രാജസഭയുടെ തീരുമാനങ്ങൾ, പിന്നീട് നാടകവികാസത്തിന് പുതിയ വഴി തെളിച്ചു. രാജകീയ പരിപാടികളിലും മറ്റും നാടകരൂപങ്ങൾ അവതരിക്കപ്പെട്ടു. ക്ളാസ്സിക്കൽ കലയുടെയും സാഹിത്യത്തിന്റെയും നവോത്ഥാനത്തിനൊപ്പം വളരാൻ സ്പെയിനിലെ ജനങ്ങൾക്ക് അവസരം ലഭിച്ചു. 17-ാം ശ., കലയുടെ പുനരുജ്ജീവനത്തിന്റെ ആശയങ്ങളാണ് പകർന്നു കൊടുത്തത്.

15-ാം ശ.-ത്തിൽ പ്രത്യക്ഷപ്പെട്ട 'കോർട്ട് തിയെറ്റർ' പ്രസ്ഥാനം മതാത്മകദൃശ്യങ്ങളും നവോത്ഥാനത്തിന്റെ മതേതര സ്വഭാവങ്ങളും സമന്വയിപ്പിക്കുകയുണ്ടായി.

യുവാൻ ഡെൽ ഇൻസിനയുടെ (1468-1528) (Iuan del Encina) മതേതര നാടകങ്ങൾ നവോത്ഥാനത്തെ സ്വാധീനിച്ചു. ലൂക്കാസ് ഫെർണാണ്ടസ് (1474-1542), ഗിൽ വിസന്റ് (Gil Vicente 14651537), ബർത്തലോമാ ഡി ടൊറസ് നഹാരോ തുടങ്ങിയവരും നവോത്ഥാനകാലത്തിന് മാറ്റു കൂട്ടിയ പ്രതിഭകളാണ്. മതപരമായ ഉത്സവാഘോഷങ്ങളെ നാടകത്തിന്റെ വളർച്ചയിൽ ഫലപ്രദമായി ഉപയോഗിച്ച ലോപ് ഡി റൂഡാ (Lope de Rueda 150565)യും പ്രധാനിയാണ്. നിയോ-ക്ലാസ്സിക്കൽ നാടകകലാകാരന്മാരുടെ പ്രഭാവവും ശ്രദ്ധേയമായിരുന്നു. ഹെർനൻ പെരസ്ഡി ഒലിവാ (1494-1533), പെട്രോ സൈമൺ അബ്റിൽ (1530-95), ലിയനാഡോ ഡി അർജൻസോളാ (1559-1613), തിമോനെദാ, ആർട്രൈഡാ, ക്രിസ്റ്റബൽ ഡി വൈറൂസ്, സെർവാന്റ്സ് സാവെദ്രാ തുടങ്ങിയവരും സ്പാനിഷ് നാടകവേദിയുടെ വളർച്ചയെ ത്വരിതപ്പെടുത്തിയവരിൽ പ്രധാനികളാണ്.

കോമഡിനാടകങ്ങളുടെ ആധിപത്യം അവസാനിപ്പിച്ചുകൊണ്ട് ഇറ്റാലിയൻ ഓപ്പറെകൾ അരങ്ങേറുന്ന കാഴ്ചയാണ് 18-ാം ശ.-ത്തിന്റെ തുടക്കത്തിൽ കണ്ടത്. ബോർബോൺ മൊണാർക്കിന്റെ സ്ഥാനപതിയായിരുന്ന ഫാറിനെല്ലിയുടെ ഉത്തരവുപ്രകാരം തിയെറ്ററുകളും നാടകസങ്കേതങ്ങളുമെല്ലാം പുനരുദ്ധരിക്കപ്പെട്ടു. നവീന നാടകചിന്തകളും സങ്കേതങ്ങളുമായി അന്റോണിയോ ഡി സമോറ (1664-1728), കാനി സറസ് (1676-1750), ഇഗ്നേഷ്യോ ലുസാൻ (1702-54), നിക്കോളാസ് ഫെർണാണ്ടസ് ഡി മൊറാറ്റിൻ (1737-80) തുടങ്ങിയവർ രംഗപ്രവേശം ചെയ്തു.

റൊമാന്റിസിസത്തിന്റെയും റിയലിസത്തിന്റെയും പ്രയാണമാണ് 18-ാം ശ.-ത്തിന്റെ അവസാനത്തിലും 19-ാം ശ.-ത്തിന്റെ ആരംഭത്തിലും കണ്ടത്. ബ്രെന്റൺ ഡി ഹെറെറോസ്, ലോപസ് ഡി അയാളാ, തമായോ ബോസ് തുടങ്ങിയവർ റൊമാന്റിക് നാടകത്തിന്റെ സൂത്രധാരകരായിനിന്നു. 19-ാം ശ.-ത്തിന്റെ അവസാനത്തിലാണ്, പാശ്ചാത്യാശയങ്ങളുടെ സ്വാധീനത്തിൽ പരീക്ഷണനാടകങ്ങൾ രംഗത്തെത്താൻ തുടങ്ങിയത്. ആൻട്രിയാ ഗുവാളിന്റെ (1872-1943) നാടകദർശനങ്ങളാണ് സ്പെയിനിൽ മോഡേണിസത്തിന് പ്രതിഷ്ഠയേകിയത്. ജാസിന്റോ ഗ്രാപ് (1877-1958), മാർട്ടിനസ് സീറാ (1881-1947), മരിയാ ഡി വാലെ ഇൻക്ളാൻ (1866-1936) എന്നിവർ ആധുനിക നാടകവേദിയെയും കുട്ടികളുടെ നാടകചിന്തകളെയും വളർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. 1917-25 കാലഘട്ടത്തിലാണ് 'ന്യൂ' തിയെറ്റർ പ്രസ്ഥാനം കടന്നുവന്നത്.

നിരവധി തിയെറ്റർ ക്ലബ്ബുകളും ലിറ്റിൽ തിയെറ്ററുകളും സ്പാനിഷ് നാടകവേദിയെ ഇപ്പോൾ സമ്പന്നമാക്കുന്നു. ക്ലാസ്സിക് നാടകങ്ങളുടെ അവതരണവും വിജയം നേടിയ പാശ്ചാത്യ നാടകങ്ങളുടെ അരങ്ങേറ്റങ്ങളും സ്പെയിനിൽ ജനകീയാംഗീകാരത്തോടെ നടത്തിവരുന്നു. ഒരുപാട് വൈദേശിക സ്വാധീനം സ്പാനിഷ് നാടകവേദിയിൽ പ്രകടമാണെങ്കിലും, സ്പാനിഷ് സംസ്കാരത്തിന്റെയും കലയുടെയും തനതു ഗന്ധമാണ് സ്പാനിഷ് നാടകവേദിയെ വ്യതിരിക്തമാക്കുന്നത്.

ആഫ്രിക്ക-ലാറ്റിനമേരിക്ക[തിരുത്തുക]

18-ാം ശ. വരെയും ദക്ഷിണാഫ്രിക്കയിൽ ഇത്തരം ജനകീയ കലാരൂപങ്ങൾ ഉണ്ടായിരുന്നില്ല. 1801-ൽ ഹോട്ടെൻടോട്ട് സ്ക്വയറിൽ ആദ്യമായി ഒരു ആഫ്രിക്കൻ തിയെറ്റർ സ്ഥാപിതമായി. 1855-ൽ ഇംഗ്ലീഷ്യ തിയെറ്റർ മാനേജരായിരുന്ന സെഫ്റ്റൺ പാരി, 'ഡ്രായിങ് റൂം തിയെറ്റർ' രൂപീകരിച്ചു. രത്ന-സ്വർണ വ്യാപാരം വ്യാപകമായതോടെ ആഫ്രിക്കയിൽ സാംസ്കാരിക കലാസമൃദ്ധിയും പ്രകടമായി. കേപ് ടൗൺ കേന്ദ്രമാക്കി ഓപ്പറ ഹൗസ് (1893), ദ് തിവോളി (1903) എന്നീ തിയെറ്ററുകളും ജോഹന്നാസ് ബർഗിൽ ദ് സ്റ്റാൻഡേർഡ് (1891), ദ് ഗ്ലോബ് (1892), ദ് ഗെയ്റ്റി (1893), ഹിസ് മജസ്റ്റീസ് (1903) തുടങ്ങിയ തിയെറ്ററുകളും രൂപീകൃതമായി. അമച്വർ നാടകാവതരണങ്ങൾ സജീവമാകുന്നതിനു കാരണമായ 'ആഫ്രിക്കൻ പ്രൊഫഷണൽ തിയെറ്ററി'ന്റെ വരവിനെത്തുടർന്ന് ഗണ്യമായ സ്വാധീനം ചെലുത്തുകയുണ്ടായി. പോൾ ഡി ഗ്രൂട്ട് (1882-1942), ആദ്രേ ഹ്യൂഗ്നെറ്റ്, വേനാ നൗഡ്, പിക്കി യൂസ്, ആന്റൺ ആക്കർമാൻ തുടങ്ങിയ കലാകാരന്മാർ ഇക്കാലത്ത് ശ്രദ്ധേയരായിത്തീർന്നു. കേപ് ടൌൺ റിപ്പെർട്ടറി തിയെറ്റർ സൊസൈറ്റി (1921), ജോഹന്നാസ് ബെർഗ് സൊസൈറ്റി (1927) എന്നീ പ്രമുഖ നാടകഗ്രൂപ്പുകളുടെ ഉദയവും ആഫ്രിക്കൻ നാടകവേദിക്ക് പുതിയ ഉണർവ് നൽകി. രണ്ടാം ലോകയുദ്ധ കാലഘട്ടത്തിൽ (1939-45) ഇംഗ്ലീഷ് പ്രൊഫഷണൽ നാടകസംഘങ്ങൾ ആധിപത്യം ചെലുത്തുകയുണ്ടായി.

ആഫ്രിക്കൻ നാടക സംസ്കാരത്തെ കാത്തുരക്ഷിക്കുന്നതിനായി 1947-ൽ രൂപമെടുത്ത 'നാഷണൽ തിയെറ്റർ ഓർഗനൈസേഷൻ', സഞ്ചാര നാടകസംഘങ്ങളെയും നാടകപ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിൽ ഏറെ ശ്രദ്ധ ചെലുത്തി. പ്രാദേശിക നാടകങ്ങളെയും എഴുത്തുകാരെയും മുന്നോട്ട് കൊണ്ടുവരാൻ തിയെറ്റർ ഓർഗനൈസേഷന്റെ പ്രവർത്തനങ്ങൾ സജീവമായി.

ഇംഗ്ലീഷിൽ എഴുതുന്ന ആഫ്രിക്കൻ സാഹിത്യകാരന്മാരുടെ ഉദയവും നാടകത്തിന്റെ വളർച്ചയ്ക്ക് ഗുണകരമായിത്തീർന്നു. ബേസിൽ വാർണറുടെ ട്രൈ ഫോർ വൈറ്റ്, ലൂയിസ് സോഡന്റെ കിംബർലി ട്രെയിൻ, അതോൾ ഫൂഗാഡിന്റെ ബ്ലഡ്നോട്ട് തുടങ്ങിയ നാടകങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടവയാണ്.

ചെറിയ നാടകക്കമ്പനികളും നാടോടി നാടകസംഘങ്ങളും പുതിയ നാടകചിന്തകളുടെ വരവോടെ, കൂടുതൽ പ്രചോദനം ഉൾക്കൊണ്ട് മുന്നേറാൻ തുടങ്ങുകയായിരുന്നു. ഗ്രാമങ്ങളിലെ പുതിയ തിയെറ്ററുകൾക്ക് പുറമേ 1962-ൽ ഒരു പുതിയ നാഗരിക നാടകവേദിയും ജോഹന്നാസ്ബർഗിൽ രൂപമെടുത്തു. കേപ് ടൌണിലെ കൂൺ കാർണിവലുകളും ഇയോൺ (Eoan) ഓപ്പറെ ഗ്രൂപ്പിന്റെ കലാപ്രവർത്തനങ്ങളും ആഫ്രിക്കൻ നാടകവേദിക്ക് പുതിയ ഉണർവും തിളക്കവുമാണ് സമ്മാനിച്ചത്. പ്രാചീനമായ ആഫ്രിക്കൻ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ആധുനികരണം കറുത്തവർഗക്കാർക്കിടയിൽനിന്ന് ഒട്ടേറെ പ്രൊഫഷണൽ കലാകാരന്മാരെ സൃഷ്ടിക്കുകയുണ്ടായി. പ്രാദേശികത്തനിമയിലും യൂറോപ്യൻ മാതൃകയിലുമായി രണ്ട് വഴികളാണ് ലാറ്റിനമേരിക്കൻ നാടകപ്രസ്ഥാനത്തിനുള്ളത്. വംശീയാഭിമാനം മുന്നിട്ടു നില്ക്കുന്ന നാടകാവതരണങ്ങളാണ് സൗത്ത് അമേരിക്കൻ ഗോത്രസമൂഹം ഇഷ്ടപ്പെട്ടിരുന്നത്. നാലു നൂറ്റാണ്ടുകൾ നീണ്ടുനിന്ന കൊളോണിയൽ ആധിപത്യവും അനിശ്ചിതത്വവും നാടകവികാസത്തിന് പ്രതിസന്ധി സൃഷ്ടിച്ചു എന്നു പറയാം. സ്പാനിഷുകാരാണ് സൗത്ത് അമേരിക്കൻ നാടകവേദിക്ക് ദിശാബോധം പകർന്നത്. യൂറോപ്യൻ രീതിയിൽ 1538-ൽ സ്പാനിഷ് കലാകാരന്മാർ മെക്സിക്കോ സിറ്റിയിൽ വെച്ച് ആദ്യത്തെ നാടകാവതരണം നടത്തുകയുണ്ടായി. 1597-ൽ ഹൗസ് ഒഫ് കോമഡീസ് എന്ന പേരിൽ ഒരു നാടകപ്രസ്ഥാനവും അവർ സംഘടിപ്പിച്ചു.

16-ഉം 17-ഉം ശ.-ങ്ങളിൽ യൂറോപ്പിൽനിന്നും ഇറക്കുമതി ചെയ്യപ്പെട്ട നാടകങ്ങളാണ് അരങ്ങേറിയിരുന്നത്. ലോപ് ഡി വേഗായുടെ മൂന്നു നാടകങ്ങൾ പ്രാദേശികഭാഷയിലേക്ക് വിവർത്തനം ചെയ്ത് അവതരിപ്പിക്കുകയുണ്ടായി. സ്പാനിഷ് ആധിപത്യത്തിന് മുൻപുള്ള ഗോത്രകലയുടെ അടയാളമുദ്രയായി പ്രകീർത്തിക്കപ്പെട്ട ഒല്ലന്തായ് (Ollantay) 18-ാം ശ.-ത്തിലാണ് എഴുതപ്പെട്ടത്. യുവാൻ റൂയിസ് ഡി അലർകോൺ ഫെർനൻ ഗോൺവാൽവസ് ഡിസിൽവ, റമിറസ് ഡി കാന്റില്ലാന തുടങ്ങിയവരാണ് ആദ്യകാല നാടകകൃത്തുക്കളായി പരിഗണിക്കപ്പെടുന്നത്.

18-ാം ശ.-ത്തിലെ നവോത്ഥാന നാടകങ്ങളായി വിലയിരുത്തപ്പെട്ടത് മാനുവൽ ജെ. ലാബർദിൻ രചിച്ച ഒല്ലന്തായ്, സിറിപ്പോ എന്നിവയാണ്. 19-ാം ശ.-ത്തിൽ സ്പെയിനിൽ നിന്ന് സ്വാതന്ത്യ്രം കിട്ടിയതോടെ, ദേശീയബോധവും വംശീയപാരമ്പര്യവും കലർന്ന തനിമയാർന്ന അവതരണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. കൊളോണിയൽ അടിമത്തത്തിന്റേതായ മാനസികാവസ്ഥയിൽ നിന്ന് മോചനം നേടാനുള്ള ശ്രമങ്ങളാണ് 20-ാം ശ.-ത്തിലെ നാടകങ്ങളിൽ തെളിഞ്ഞു കാണുന്നത്.

അർജന്റീനിയൻ തിയെറ്ററിന്റെ പ്രഭാവം, സൗത്ത് അമേരിക്കൻ നാടകവേദിയെ ഊർജസ്വലമാക്കിയിട്ടുണ്ട്. ബ്യൂണസ് അയേഴ്സിൽ ഉയർന്നുവന്ന സ്വതന്ത്ര തിയെറ്റർ പ്രസ്ഥാനം (independent threatre) നിരവധി അമച്വർ നാടകസംഘങ്ങൾക്ക് സഹായകമായി. ചിലി(സാന്റിയാഗോ)യിലെ നാടകപ്രവർത്തനങ്ങളും ലാറ്റിൻ-അമേരിക്കൻ നാടകവേദിയെ ശക്തമാക്കിയിട്ടുണ്ട്. ആന്റോണിയോ ഹെർനാന്റസ്, അർമാന്റോ മൂക്ക് തുടങ്ങിയവരാണ് ചിലിയിലെ പ്രമുഖർ.

ലാറ്റിനമേരിക്കൻ താരങ്ങളിൽ പ്രമുഖർ ഫെർണാന്റോ സോളർ, മരിയാ തെരേസാ മോൺടോയ തുടങ്ങിയവരാണ്.

ബ്രസീലിയൻ നാടകവേദിയെ സമ്പന്നമാക്കിയ പ്രതിഭയാണ് അന്റോണിയോ ജോസ് ഡിസിൽവ. ബ്രസീലിയൻ സംസ്കാരത്തിന്റെ നിറക്കാഴ്ചകളെ നാടകവേദിയിലേക്ക് കൊണ്ടുവന്നത് മാർട്ടിൻസ്പെന്നയെപ്പോലെയുള്ള രചയിതാക്കളാണ്. റിയോ-ഡി-ജനീറോ, സാവോപോളോ എന്നിവിടങ്ങളിലെ പ്രൊഫഷണൽ നാടകസംഘങ്ങളാണ് ഇന്ന് ബ്രസീലിയൻ കലാരംഗത്തെ തിളക്കമുള്ളതാക്കുന്നത്. സെർജിയോ കാർഡോസോ, ഫ്രാങ്കോ സമ്പാരി, അഡോൾഫോ സെല്ലി, ഗിയാനി റാറ്റോ, അഗസ്റ്റോ ബോയൽ, ഫ്ളേവിയോ ബോയൽ തുടങ്ങിയവരാണ് സമകാലിക ബ്രസീലിയൻ നാടകകവേദിക്ക് ചുക്കാൻ പിടിക്കുന്നത്.

ഇംഗ്ലണ്ട്[തിരുത്തുക]

ഇംഗ്ലണ്ടിലെ നാടകപാരമ്പര്യത്തിൽ മതവിശ്വാസത്തിന്റെ സ്വാധീനം ശക്തമാണ്. പുരോഹിതന്റെ വേദവാക്യവ്യാഖ്യാനത്തിൽ നാടകാവതരണത്തിന്റെ ഗാംഭീര്യം തെളിഞ്ഞുനിന്നിരുന്നു. പിന്നീട് പള്ളിയിൽനിന്ന് പള്ളിമുറ്റത്തേക്കും അവിടെനിന്ന് തെരുവിലേക്കും നാടകകല വികസിച്ചതോടെ നാടകത്തിന് സാമൂഹിക ജീവിതത്തിന്റെ പൊതുമാനങ്ങൾ കൈവന്നു. അങ്ങനെ മധ്യകാലഘട്ടമെത്തിയപ്പോഴേക്കും വൈദികമായ ലാറ്റിൻഭാഷയിൽനിന്നും മതപരമായ ആചാരങ്ങളിൽനിന്നും വ്യത്യസ്തമായി പ്രാദേശികഭാഷയുടെ കരുത്താർജിച്ചുകൊണ്ട് ഹാസ്യരസത്തോടെ ഇംഗ്ലീഷ് നാടകം പരക്കെ പ്രചരിച്ചുതുടങ്ങി.

ഇംഗ്ലണ്ടിലെ പട്ടണങ്ങളിൽ കച്ചവട നാടകസംഘങ്ങൾ ഉയർന്നു വരികയും ബൈബിൾ ഇതിവൃത്തങ്ങൾ ആസ്പദമാക്കി നിരവധി നാടകങ്ങൾ ആവിഷ്കൃതമാവുകയും ചെയ്തു. ക്രി.പി. 1300-1400 കാലഘട്ടത്തിലാണ് കച്ചവടനാടകങ്ങളുടെ വികാസദശ തുടങ്ങിയത്.

നോഹയുടെ ജീവിതകഥയും ഇസഹാക്കിന്റെ ബലിയും ചിത്രീകരിക്കുന്ന ചെസ്റ്റർ നാടകങ്ങളും അക്കാലത്ത് പ്രസിദ്ധമായിരുന്നു.

ബൈബിൾ നാടകങ്ങൾക്കൊപ്പം സമാന്തരമായി സദാചാരം പ്രചരിപ്പിക്കുന്ന നാടകരൂപങ്ങളും വ്യാപകമായിരുന്നു. സദാചാര നാടകങ്ങൾപോലെതന്നെ (morality plays) ഇടവേള വിനോദങ്ങളും (interludes) പ്രധാനപ്പെട്ട നാടകവിനിമയങ്ങളായി സമൂഹം അംഗീകരിച്ചിരുന്നു. ഇംഗ്ലണ്ടിലെ ഹ്യൂമനിസ്റ്റുകൾ തുടക്കമിട്ട നവോത്ഥാനപ്രക്രിയയിൽ ഇത്തരം ഇടവേള നാടകങ്ങളുടെ സ്വാധീനം ശക്തമായിരുന്നു. ജോൺ റാസ്ടലിന്റെ (John Rastell) ദ് ഫോർ എലമെന്റ്സ്, ജോൺ റെഡ്ഫോഡിന്റെ വിറ്റ് ആൻഡ് സയൻസ് എന്നീ ഇടവേള നാടകങ്ങളും ഏറെ പ്രസിദ്ധമായിരുന്നു. ഇത്തരം നാടകങ്ങളുടെ രചനയിലൂടെ ഏറെ കീർത്തി നേടിയ നാടകകൃത്താണ് ജോൺ ഹേവുസ്. വിദ്യാസമ്പന്നരായ ആളുകൾക്കിടയിലാണ് ഇൻർലൂഡ്സ് നാടകങ്ങൾ ഏറെ ശ്രദ്ധ നേടിയത്. ഹോവുസിന്റെ പല നാടകങ്ങളും രാജകൊട്ടാരങ്ങളിലാണ് അരങ്ങേറിയിരുന്നത്. രാജാവിന്റെയും രാജ്ഞിയുടെയും നാടകക്കാർ, കിങ് ചേംബർ ലെയിനിന്റെ നാടകസംഘം തുടങ്ങിയ രാജകീയ കലാസംഘങ്ങൾ 16-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളിലെ പതിവുകാഴ്ചയായിരുന്നു. സാമൂഹിക പ്രശ്നങ്ങളെ വിമർശന ബുദ്ധിയോടെ നോക്കിക്കാണുന്ന ഒരുകൂട്ടം നാടകസംഘക്കാരും അക്കാലത്ത് ഉണ്ടായിരുന്നു. അവർക്കുമേൽ പലപ്പോഴും പിഴ ചുമത്തപ്പെട്ടിരുന്നു. ഷെയ്ക്സ്പിയറിന്റെ കാലത്തും അവർക്കെതിരെ ചില നിയന്ത്രണങ്ങൾ നിലനിന്നിരുന്നതായി കാണാം. 16-ാം ശ.-ത്തിന്റെ അവസാനദശകങ്ങളിൽ ഇംഗ്ലീഷ് നാടകത്തിന്റെ വളർച്ച താരതമ്യേന കുറവായിരുന്നു. ക്രിസ്റ്റഫർ മാർലോയുടെ (1564-93) ദുരന്തനാടകങ്ങൾ ഇംഗ്ലീഷ് നാടകവേദിക്ക് പുതുചലനങ്ങൾ നല്കി.

1576-ലാണ് ജയിംസ് ബർബേജ് ദിനംതോറുമുള്ള നാടകപ്രദർശനത്തിനായി ലണ്ടൻ പ്ലേഹൗസ് സ്ഥാപിച്ചത്. മാർലോയുടെ റ്റാംബർലെയിൻ (Tamburlaine) എന്ന നാടകം (1587) ഇംഗ്ലീഷ് നാടകവേദിയുടെ നാഴികക്കല്ലായിത്തീർന്നു. തോമസ് കിഡ്, ജോൺ ലിലി, റോബർട്ട് ഗ്രീൻ തുടങ്ങിയ നാടകകൃത്തുക്കൾ ഇതിവൃത്ത വൈവിധ്യങ്ങൾകൊണ്ട് ഇംഗ്ലണ്ടിലെ നാടകവേദികളെ ചലനാത്മകമാക്കി.

വില്യം ഷെയ്ക്സ്പിയറാണ് (1564-1616) ഇംഗ്ലീഷ് നാടകവേദിയെ നാടകകലയുടെ വിശ്വസങ്കേതമാക്കി മാറ്റിയത്. ഹാംലെറ്റ് (1601), ദ് ടെംപെസ്റ്റ് (1611), ഒഥല്ല്ലോ, ആന്റണി ആൻഡ് ക്ലിയോപാട്രാ തുടങ്ങിയ നാടകങ്ങൾ ലോകപ്രശസ്തങ്ങളാണ്.

1642-ലെ ആഭ്യന്തരയുദ്ധത്തിന്റെ ഫലമായി ഇംഗ്ലണ്ടിലെ നാടകപ്രസ്ഥാനത്തിന് തകർച്ച നേരിട്ടു. പാർലമെന്റ് നിയമത്തിലൂടെ ഇംഗ്ളണ്ടിൽ നാടകാവതരണങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്തു.

1660-ൽ ചാൾസ് രണ്ടാമന്റെ തിരിച്ചുവരവോടെയാണ് നാടകത്തിന് പുനരുജ്ജീവനമുണ്ടായത്. പുനഃസ്ഥാപിതമായ നാടകസങ്കല്പത്തിൽ പ്രാമുഖ്യം കൈവന്നത് കോമഡിക്കാണ്. വില്യം കോൺഗ്രീവ് (1670-1729), ജോൺവാൾ ബ്രൂഗ് (1664-1726), തോമസ് ഷാഡ്വെൽ (1642-92) തുടങ്ങിയവർ വ്യത്യസ്തമായ ഹാസ്യഭേദങ്ങളാണ് രംഗത്ത് കൊണ്ടുവന്നത്.

17-ാം ശ.-ത്തിൽ ജോൺ ഡ്രൈഡന്റെ കോമഡി നാടകങ്ങളാണ് ഇംഗ്ലണ്ടിന്റെ രംഗവേദികളെ നിലനിർത്തിയത്. ചെറിയ കോമഡി നാടകങ്ങളും രൂപകങ്ങളുമായിട്ടാണ് 18-ാം ശ. ഉദയം ചെയ്തത്. ഹാസ്യ-ദുരന്ത ഇതിവൃത്തങ്ങളുമായി രംഗത്തുവന്ന നിരവധി നാടകങ്ങൾ ശ്രദ്ധിക്കപ്പെട്ടു. നിക്കോളാസ് റോ (1674-1718), അഡിസൺ (1672-1719) തുടങ്ങിയവരുടെ ദുരന്ത നാടകസങ്കല്പം ആസ്വാദകാഭിരുചികളെ തിരുത്തിക്കുറിക്കുന്നവയായിരുന്നു. സെന്റ് ലിവർ (1667-1723), റിച്ചാഡ് സ്റ്റീൽ (1672-1729) തുടങ്ങിയവരുടെ കോമിക് ട്രീറ്റുമെന്റുകളും ഇംഗ്ലീഷ് നാടകവേദിയുടെ ഭാവവൈവിധ്യത്തിന് മാറ്റേകി. ഡേവിഡ് ഗാറിക്കിന്റെ നാടകപരീക്ഷണങ്ങളും ഏറെ ചർച്ചാവിഷയമായി.

ലോഡ് ബൈറൺ, ജയിംസ് ഷെരിസൻകോ, നോലെസ്, ഹെന്റി ടെയ്ലർ, തോമസ് നൂൺ താഫോഡ് തുടങ്ങിയവരാണ് 19-ാം ശ.-ത്തിന്റെ ആദ്യപകുതിയിലെ നാടകത്തിന്റെ മുഖ്യ പ്രയോക്താക്കൾ എന്നു പറയാം. ഹെന്റി ആർതർ ജോൺസ്, ആർതർ വിങ് പിനെറോ തുടങ്ങിവർ രണ്ടാംപകുതിയിൽ പുതിയ വസന്തംകൊണ്ടുവന്നവരാണ്.

ഇംഗ്ലണ്ടിൽ ആധുനികതയുടെ ആരവം മുഴങ്ങുന്നത്, ബർണാഡ് ഷാ, ഇബ്സൻ തുടങ്ങിയവരുടെ വരവോടെയാണ്. കാവ്യനാടകങ്ങളുടെ നവീനമായ അരങ്ങുവാഴ്ചകളാണ് 20-ാം ശ.-ത്തിന്റെ ആദ്യപകുതിയെ സമ്പന്നമാക്കിയത്. ഷെയ്ക്സ്പിയർ പാരമ്പര്യത്തെ മറികടക്കാനും പഴയകാലത്തിന്റെ പ്രതിധ്വനിയാകാതിരിക്കാനും നവീന നാടകകലാകാരന്മാർ ശ്രദ്ധവച്ചു.

സിനിമയുടെ വരവോടെ ലണ്ടനിലെ പ്രമുഖമായ നാടകതിയെറ്ററുകൾ പലതും സിനിമാഹൌസുകളായി പരിണമിച്ചു. ഇതോടെ നാടകരംഗവും അവതരണക്കമ്പനികളും അവതാളത്തിലായി. എങ്കിലും ഷെയ്ക്സ്പിയർ നാടകങ്ങൾക്ക് ലഭിച്ച അംഗീകാരം, നാടകവേദിക്ക് വിശ്വവ്യാപകമായ ജനസമ്മതിയാണ് നേടിക്കൊടുത്തത്. കാവ്യനാടക കല്പനകളെ കേന്ദ്രീകരിച്ചുള്ള സങ്കല്പനങ്ങൾ ടി.എസ്. എലിയറ്റിനും ക്രിസ്റ്റഫർ ഫ്രൈക്കും ഏറെ പ്രശസ്തിയാണ് നല്കിയത്.

1955-നുശേഷം കാവ്യനാടകകൃത്തുക്കളിൽനിന്ന്, സാമൂഹികപ്രശ്നങ്ങളിലേക്കും ആൾക്കൂട്ടത്തിന്റെ ഉത്കണ്ഠകളിലേക്കും ശ്രദ്ധവയ്ക്കുന്ന നാടകകൃത്തുക്കളിലേക്കുമാണ് നാടകധാര വികസിച്ചത്. മനുഷ്യന്റെ ഏകാന്തദുഃഖങ്ങളും അസ്തിത്വപരമായ വിഹ്വലതകളും വൈചിത്ര്യത്തോടെ ആവിഷ്കരിച്ച പുതിയ നാടക ചിന്തകർ, കറുത്ത ഹാസ്യംകൊണ്ട് രംഗകലയെ പ്രതിരോധസജ്ജമാക്കാൻ ശ്രമിച്ചവരാണ്. ജോൺ ഓസ്ബോണിന്റെ ലുക് ബാക് ഇൻ ആങ്ഗർ (1956) എന്ന നാടകമാണ് പുതിയ ദർശനത്തിന് തുടക്കമിട്ടത്. ഇതിനെത്തുടർന്ന് ഷെലക് ദിലനെ, ആൾനോൾഡ് വെസ്കർ തുടങ്ങിയവരുടെ നാടകങ്ങൾ ശ്രദ്ധയാകർഷിച്ചു. ബ്രെഹ്തിന്റെ ആശയസ്വാധീനം വ്യക്തമാക്കുന്ന സൃഷ്ടികളായിരുന്നു, റോബർട്ട് ബോൾട്ടിന്റെ എ മാൻ ഫോർ ആൾ സീസൺസ് (1960), ജോൺ വൈറ്റിങ്സിന്റെ ദ് ഡെവിൾസ് തുടങ്ങിയവ.

സാമുവൽ ബക്കറ്റിന്റെയും യൂജിൻ അയനസ്കോയുടെയും ആശയങ്ങളെ പുതിയ പകിട്ടിലും പരപ്പിലും വൈവിധ്യത്തിലും മെനഞ്ഞെടുക്കാൻ ശ്രമിച്ച ഹരോൾഡ് പിന്റർ, നവീന ഇംഗ്ലീഷ് തിയെറ്ററിന് ഉത്തരാധുനികമുദ്രയാണ് നല്കിയത്. അരങ്ങിന്റെ സാമ്പ്രദായിക വ്യവസ്ഥകളെ പുതിയ ശൈലിയും ഭാഷാവൈവിധ്യങ്ങളുംകൊണ്ട് ലംഘിച്ച പിന്റർ നാടകത്തിന് പുതിയ കളരിയും സങ്കേതവുമാണ് പകർന്നത്. ആറ്റോമിക് യുഗത്തിലെ മനുഷ്യന്റെ പ്രതിസന്ധികളെ ക്രിയാത്മകമായും വിമർശനാത്മകമായും അരങ്ങിൽ വിലയിരുത്തുന്ന നാടകമൂല്യങ്ങളാണ് ഇന്ന് ഇംഗ്ലീഷ് നാടകവേദിയിൽ തെളിഞ്ഞു കാണുന്നത്.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാടകകല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. https://www.cambridge.org/core/journals/greece-and-rome/article/abs/death-in-greek-tragedy/32C26A99DA261A618C9827B39319DF0A