നാടകസിദ്ധാന്തങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാടകപ്രമേയങ്ങളും അവതരണശൈലിയും മുന്നോട്ടുവച്ച സിദ്ധാന്തങ്ങൾ.

ഡ്രമാറ്റിക് തിയറി[തിരുത്തുക]

ഏറ്റവും സങ്കീർണമായ സിദ്ധാന്തങ്ങളിലൊന്നാണിത്. ഡ്രമാറ്റിക് ചിന്തകരിൽത്തന്നെ രചനാരീതിയാണ് പ്രധാനമെന്ന് വാദിക്കുന്നവരും അവതരണമാണ് പ്രധാനമെന്ന് വാദിക്കുന്നവരുമുണ്ട്. പാശ്ചാത്യ നാടകങ്ങളിലാണ് ഡ്രമാറ്റിക് തിയറി വ്യാപകമായി പ്രയോഗിച്ചുവരുന്നത്. ഡ്രമാറ്റിക് സിദ്ധാന്ത സ്വഭാവങ്ങൾക്കനുസരിച്ച് കഥാപാത്രങ്ങളെ സൃഷ്ടിച്ച ഏറ്റവും പ്രധാനിയായ നാടകകൃത്തായിരുന്നു ഷെയ്ക്സ്പിയർ. യാഥാർഥ്യത്തെ അനുകരിക്കുകയോ പ്രതിഫലിപ്പിക്കുകയോ ആണ് പൊതുവെയുള്ള കലാധർമമെന്ന് പ്ളേറ്റോയും അരിസ്റ്റോട്ടിലും അഭിപ്രായപ്പെട്ടിട്ടുണ്ട്. അരിസ്റ്റോ ഫെയിനിസിന്റെ ദ് ഫ്രോഗ്സ് എന്ന നാടകമാണ് ഡ്രമാറ്റിക് തിയറിയുടെ പ്രായോഗികതയ്ക്ക് ഏറ്റവും നല്ല ഉദാഹരണം.

എക്സ്പ്രഷനിസം[തിരുത്തുക]

ജീവിത യാഥാർഥ്യങ്ങളുടെ ഉപരിപ്ലവമായ ചിത്രീകരണത്തെക്കാൾ ആന്തരികാനുഭവങ്ങളെ പ്രകടമാക്കുന്ന രീതിയാണ് എക്സ്പ്രഷനിസം. ചിത്രരചനയിലാണ് ഈ സൈദ്ധാന്തിക പരിവേഷം ആദ്യം ദൃശ്യമായത്. ബാഹ്യലോകത്തിന്റെ കൃത്രിമച്ചേരുവകളിലൂടെ വൈകാരികാനുഭൂതികൾ പ്രേക്ഷകനുമായി പങ്കുവയ്ക്കുന്നത് ഈ നാടകസിദ്ധാന്തത്തിന്റെ പ്രത്യേകതയാണ്.

മധ്യയൂറോപ്പിൽ പൊതുവേയും ജർമിനിയിൽ പ്രത്യേകിച്ചും 1907-20-കളിൽ സോർജ്, ഹസ്സൽ ക്ലവർ, കൈസർ തുടങ്ങിയവർ എക്സ്പ്രഷനിസ്റ്റ് രീതി അവലംബിച്ച നാടകകൃത്തുക്കളായിരുന്നു. മാനവരാശിയുടെ ആത്മീയമായ പുനരുത്ഥാനമാണ് എക്സ്പ്രഷനിസത്തിന്റെ കാതലായ സന്ദേശം. സംവിധാനം, പ്രകാശവിധാനം, വേദി, രംഗസംവിധാനം തുടങ്ങിയ ഘടകങ്ങളിലാണ് ഈ സിദ്ധാന്തം കൂടുതൽ പ്രായോഗികമാകുന്നത്. രംഗാവിഷ്കാരവും കഥാപാത്രങ്ങളുടെ ഭാവാഭിനയരീതിയും എക്സപ്രഷനിസ്റ്റ് രീതിയെ വ്യത്യസ്തമാക്കുന്നു. എക്സ്പ്രഷനിസം ജർമനിയിൽ നിന്നും യാത്ര തുടങ്ങി അമേരിക്കൻ - ലാറ്റിനമേരിക്കൻ നാടകസിദ്ധാന്തങ്ങളിൽ ഉൾച്ചേർന്നു. യൂജിൻ ഒ നീൽ ഏറ്റവും പ്രസിദ്ധനായ എക്സ്പ്രഷനിസ്റ്റാണ്.

ഫ്യൂച്ചറിസം[തിരുത്തുക]

ആധുനികതയുടെ സ്വാധീനമുള്ള ഒരു നാടകസിദ്ധാന്തമാണ് ഇത്. വേഗത, ചലനാത്മകത, ഊർജസ്വലത, ആത്മപ്രചോദനം എന്നിവയാണ് ഫ്യൂച്ചറിസത്തിന്റെ സവിശേഷതകൾ. 20-ാം നൂറ്റാണ്ടിന്റെ രണ്ടും മൂന്നും ദശാബ്ദങ്ങളിലാണ് ഫ്യൂച്ചറിസ്റ്റ് കലാപ്രസ്ഥാനം വികാസം പ്രാപിച്ചത്. എഫ്.ടി. മറിനെറ്റിയാണ് ഇതിന്റെ പ്രയോക്താവ്. പ്രസിദ്ധീകരണങ്ങൾ, പ്രദർശനങ്ങൾ, ഫ്യൂച്ചറിസ്റ്റ് ഇവിനിങ്സ് എന്നിവയായിരുന്നു ഇതിന്റെ പ്രത്യേകതകൾ.

റിയലിസം[തിരുത്തുക]

എമിലി സോള മുന്നോട്ടുവച്ച നാടകസിദ്ധാന്തമാണ് റിയലിസം. സമകാലിക ജീവിതത്തിന്റെ യഥാതഥമായ ചിത്രീകരണമാണ് റിയലിസം എന്ന സിദ്ധാന്തത്തിന്റെ കാതൽ. ജീവിതയാഥാർഥ്യങ്ങൾക്ക് കലാചാരുത ചേർക്കുന്നതാണ് റിയലിസ്റ്റ് തത്ത്വം. കലാകാരന്റെ ഭാവനയ്ക്കുള്ളിൽ വികസിക്കുന്ന മൂല്യങ്ങൾ ഉൾക്കൊള്ളുന്നതാണ് റിയലിസം. കലാകാരന്റെ മനോവ്യാപാരത്തിനപ്പുറമുള്ള യാഥാർഥ്യങ്ങളെ നാച്വറലിസം എന്ന് വിളിക്കുന്നു. ഒരു ആശയത്തിന്റെ കേവലമായ അവതരണമോ കേവലമായ യാഥാർഥ്യമോ അല്ല കല. ആശയവാദത്തെ സൈദ്ധാന്തികമായി അസാധുവാക്കുന്നതിനുവേണ്ടി ഉയർന്നുവന്ന സൈദ്ധാന്തിക രൂപമാണ് റിയലിസം. ക്ലാസ്സിക്കൽ ഗ്രീക്കു തത്ത്വശാസ്ത്രത്തിനും പാശ്ചാത്യചിന്താധാരയ്ക്കും ഇടയിൽ സ്ഥാനം നേടിയാണ് റിയലിസത്തിന്റെ വളർച്ച.

നാടകവിദഗ്ദ്ധന്മാർ പിന്തുടരുന്ന ഏറ്റവും പ്രധാനപ്പെട്ട സൈദ്ധാന്തിക നിലപാടാണ് റിയലിസം. നാടകത്തിലെ ഹാസ്യവും ജീവിതപ്പകർച്ചയും ജീവിതരീതികളുടെ പ്രതിഫലനവുമാണെന്ന് റിയലിസത്തെക്കുറിച്ച് സിസറോ (Cicero) പ്രസ്താവിച്ചിട്ടുണ്ട്. നിയോ-ക്ളാസ്സിക്കൽ സംവാദം നാടകവേദിയെ സ്ഥലകാല ബദ്ധമായിട്ടാണ് വിലയിരുത്തുന്നത്. നാടകാവതരണ സമയത്ത് പ്രേക്ഷകർ അരങ്ങിൽ കാണുന്ന കഥാപാത്രത്തെ അനുകരിക്കുന്ന അവസ്ഥയുണ്ടായാൽ അത് 'റിയലിസ്റ്റു നേച്വർ' ആയി നിർവചിക്കപ്പെടും.

ജീവിതത്തിന്റെ സുതാര്യവും, സുശക്തവും യഥാർഥവുമായ ചിത്രം അവതരിപ്പിക്കുകയാണ് റിയലിസത്തിന്റെ കടമയെന്ന് തൾസ്തായി, ഇലിയറ്റ്, സോള തുടങ്ങിയ നാടകാചാര്യന്മാർ കണ്ടെത്തി. റിയലിസ്റ്റ് നാടകങ്ങളിൽ സാമൂഹിക മൂല്യങ്ങൾക്ക് മുന്തിയ പ്രാധാന്യമാണ് നൽകുന്നത്.

നിയോ-റിയലിസം[തിരുത്തുക]

യഥാതഥ നാടകങ്ങളുടെ രൂപഘടനയെ അതേപടി അനുകരിച്ചുകൊണ്ട്, സൃഷ്ടിക്കപ്പെടുന്ന നാടകങ്ങളാണ് നിയോ-റിയലിസ്റ്റിക് നാടകങ്ങൾ. സാമൂഹ്യനിഷ്ഠതയാണ് റിയലിസത്തിന്റെ കാതൽ. ജീവിതക്കാഴ്ചകളെ അതിശയോക്തി കൂടാതെ രംഗത്തവതരിപ്പിക്കാനാണ് റിയലിസ്റ്റിക് നാടകങ്ങൾ ശ്രമിച്ചത്. സാമൂഹിക വിവേചനത്തിനും അരാജകത്വത്തിനുമെതിരെയുള്ള നേർപ്രയോഗം എന്ന നിലയിൽ റിയലിസ്റ്റിക് ഭാവുകത്വത്തെ നിലനിർത്താനാണ് 'നിയോ റിയലിസം' പ്രചരിപ്പിക്കപ്പെട്ടത്. ക്ലാസ്സിക്കുകളായി മാറിയ റിയലിസ്റ്റിക് നാടകങ്ങളെ സാന്ദർഭികമായി നവീകരിക്കുകയും രംഗത്ത് അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെ സാമൂഹ്യാധിഷ്ഠിതമായ നാടകദർശനം ചുവടുറപ്പിക്കുകയാണ് ചെയ്യുന്നത്. വിജയിച്ച നാടകങ്ങളെ അന്ധമായി അനുകരിച്ചുകൊണ്ടും അവയുടെ ലാവണ്യദർശനം സ്വീകരിച്ചുകൊണ്ടും അരങ്ങേറുന്ന നാടകങ്ങൾ നിയോ-റിയലിസത്തിന്റെ പാതയിലാണെന്ന് പറയാം. കച്ചവട നാടകവേദി, നിയോ-റിയലിസ്റ്റിക് നാടകങ്ങളിലൂടെയാണ് മുന്നോട്ട് നീങ്ങുന്നതെന്ന് പറയാം. സമകാലിക ജീവിതാവസ്ഥകളെ പൊടിപ്പും തൊങ്ങലും ചേർത്ത് അവതരിപ്പിക്കുമ്പോഴും അടിസ്ഥാനപരമായി റിയലിസ്റ്റിക് നാടകങ്ങളുടെ വിജയ ഫോർമുലയാണ് അവ ലക്ഷ്യമിടുന്നത്.

സിംബലിസം[തിരുത്തുക]

അടയാളങ്ങളിലൂടെയും സൂചനകളിലൂടെയും അർഥം ധ്വനിപ്പിക്കുന്ന രീതിയാണ് സിംബലിസം. സിംബോളിക് നാടകപ്രസ്ഥാനം 19-ാം നൂറ്റാണ്ടിൽ ഫ്രാൻസിലാണ് രൂപംകൊണ്ടത്. ചാൾസ് ബൗദ്ലെയർ (1981-67), പോൾ വെർലെയ്ൻ (1844-96), ആർതർ റിംബാഡ് എന്നിവരായിരുന്നു പ്രമുഖരായ സിംബലിസ്റ്റുകൾ. മറച്ചുവയ്ക്കപ്പെടുന്ന കഥാംശങ്ങളെ പ്രകടിതമാക്കുന്നതിന് ആംഗ്യവിക്ഷേപങ്ങൾ നടത്തുകയാണ് സിംബലിസ്റ്റ് രീതി. ശാസ്ത്രീയവും യുക്തിഭദ്രവുമായ നാച്വറലിസത്തിന്റെ സ്വാധീനത്തോടെയാണ് സിംബലിസ്റ്റ് തിയെറ്റർ വികസിച്ചത്. തീസിസ്-ആന്റി-തീസിസ്-സിന്തസിസ് ഘടനാശ്രേണിയുടെ ആരംഭം ഈ സൈദ്ധാന്തികാടിത്തറയിലാണ്. വേദിയും നാടകവും തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. നടന്റെ സ്ഥാനത്ത് ഒരു പാവയോ പ്രതിരൂപമോ സ്ഥാപിച്ചാൽ മതിയാകും.

കാൽപ്പനികത (റൊമാന്റിസിസം)[തിരുത്തുക]

പ്രധാന ലേഖനം: കാല്പനികത്വം

സമഗ്ര സർഗാത്മക സ്വഭാവമുള്ള ആശകളും ആശങ്കകളും പ്രകടിപ്പിക്കുന്ന സൈദ്ധാന്തിക സ്വത്വമാണ് റൊമാന്റിസിസം. ഫ്രഞ്ച് വിപ്ളവത്തിന്റെ സ്വാധീനത്താലാണ് ഈ സിദ്ധാന്തത്തിന്റെ പ്രയോക്താക്കളും പ്രചോദകരും പിറന്നത്. 18-ാം ശ.-ത്തിന്റെ അവസാനത്തിലും 19-ാം ശ.-ത്തിന്റെ ആരംഭത്തിലും യൂറോപ്പിലും അമേരിക്കയിലും ഈ സിദ്ധാന്തത്തിന് പ്രചുരപ്രചാരമായി. ആദ്യഘട്ടത്തിൽ ശുഭാപ്തിവിശ്വാസം ഉയർത്തിപ്പിടിച്ച റൊമാന്റിസിസം നെപ്പോളിയന്റെ പതനത്തോടെ വിഷാദാത്മകത്വത്തിലായി. കാഴ്ചപ്പാടുകളുടെ സാംഗത്യത്തെക്കാൾ സൂക്ഷ്മമായ സദുദ്ദേശ്യങ്ങൾ, വിവേകത്തിനപ്പുറമുള്ള വികാരം, ലൌകികമായ സ്നേഹ വിചാരം, പ്രകൃതിയെ ആരാധിക്കൽ തുടങ്ങിയ പ്രത്യേകതകൾ റൊമാന്റിസിസത്തിനുണ്ട്. പ്രാപഞ്ചിക സംഘർഷങ്ങളുടെ കേന്ദ്രബിന്ദുവായി മനുഷ്യമനസ്സിനെ പ്രതിഷ്ഠിച്ചതും റൊമാന്റിസിസമാണ്. 'എപ്പിസോഡ്' ഘടനാരീതിയാണ് കാല്പനിക നാടകങ്ങൾക്കധികവും. സാമൂഹികവും കുടുംബപരവുമായ കാരണങ്ങൾ മാനസിക സംഘർഷം അനുഭവിക്കുന്ന കേന്ദ്രകഥാപാത്രങ്ങളായിരിക്കും ഇത്തരം നാടകങ്ങളെ കൂടുതൽ ആകർഷകമാക്കുക.

ഇക്കാലത്ത് വില്യം ഷേക്സ്പിയറുടെ കൃതികളെ മാതൃകയാക്കി കൃതികൾ രചിക്കപ്പെട്ടു. കാല്പനിക സാഹിത്യ പ്രസ്ഥാനങ്ങളിൽ പ്രാമുഖ്യം ജർമ്മനിക്കായിരുന്നു. ഇക്കാലങ്ങളിലെ പ്രധാന ജർമ്മൻ നാടകകൃത്തുക്കളായിരുന്നു കോഹാൻ വോൺ‍ ഗോയ് ഥെയും ഫ്രെഡെറിക് ഷില്ലറും. നരകത്തിൽ നിന്നും സ്വർഗ്ഗത്തിലേക്ക് യാത്ര തിരിക്കുന്ന ഫൗസ്റ്റിൻറെ കഥ പറയുന്ന ഫൗസ്റ്റ് ഗൊയ് ഥെയുടെ പ്രധാന നാടകകൃതിയാണ്‌.

ഫ്രഞ്ച് സാഹിത്യത്തിൽ കാല്പനികതയുടെ വരവ് 1830 കളിൽ വിക്ടർ ഗ്യൂഗോയുടെ ഹെർനാനി എന്ന നാടകത്തോട് കൂടിയാണ്‌. ഫ്രഞ്ച് കാല്പനിക നാടകവും ജർമ്മൻ കാല്പനിക നാടക പ്രസ്ഥാനങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം, ഫ്രഞ്ചിനെ അപേക്ഷിച്ച് തത്ത്വചിന്തയിലധിഷ്ഠിതമായ നാടകങ്ങളായിരുന്നു ജർമ്മനിൽ‍ അവതരിപ്പിച്ചിരുന്നത്. മെലോഡ്രാമയുടെ ആവിർ‍ഭാവത്തോട് കൂടി കാല്പനിക സാഹിത്യ നാടകങ്ങൾക്ക് ജനപ്രീതി കുറഞ്ഞു.

ഇമേജിസം[തിരുത്തുക]

20-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളിൽ ഇംഗ്ലണ്ടിലും അമേരിക്കയിലും നിലനിന്നിരുന്ന സാഹിത്യ കലാ പ്രസ്ഥാനമാണ് ഇമേജിസം അഥവാ 'പ്രതിമാനവാദം'. എസ്രാ പൌണ്ട്, ടി.ഇ. ഹ്യൂം, എഫ്.എസ്. ഫ്ലിന്റ് തുടങ്ങിയ സാഹിത്യകാരന്മാരുടെ രചനകളിലാണ് 'ഇമേജിസം' വളർന്നുവന്നത്. താളത്തിന്റെ ക്രമവും സൂക്ഷ്മവുമായ ആവിഷ്കാരമാണ് ഇമേജിസത്തെ വേറിട്ടു നിർത്തുന്നത്. സാഹിത്യ കൃതികളിൽ ഭാവുകത്വസംസ്കാരമായി പ്രത്യക്ഷപ്പെട്ട ഇമേജിസം, നാടകത്തിലും വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സംഭാഷണങ്ങളും ചലനങ്ങളും അനാവശ്യമായി ഉപയോഗിക്കുന്നതും അസാന്ദർഭികമായ വിവരങ്ങളിൽ അഭിരമിക്കുന്നതും നല്ല രചനയുടെ സ്വഭാവമല്ല എന്ന പ്രതിമാനവാദം നാടകത്തിനും ബാധകമാണ്.

സിംബലിസവും ഇമേജിസവും തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ടെന്ന് എസ്രാപൗണ്ട് അവകാശപ്പെടുന്നുണ്ട്. സിംബലിസത്തിലെ പ്രതീക മുദ്രകൾ അരിത്തമെറ്റിക്സിലെ അക്കങ്ങളെപ്പോലെയും ഇമേജിസത്തിന്റെ ആശയങ്ങൾ ആൾജിബ്രിയിലെ ചിഹ്നങ്ങൾ പോലെയുമാണെന്ന് എസ്രാപൗണ്ട് ചൂണ്ടിക്കാട്ടുന്നു. ശിഥിലമായ ബിംബ കല്പനകളിലേക്ക് നീങ്ങിപ്പോകാതെ, മികച്ച ബിംബങ്ങൾ മാത്രം ഉപയോഗിച്ച് ദൃശ്യഭാഷ ചമയ്ക്കുന്ന നാടകങ്ങളുണ്ട്.

മോഡേണിസം[തിരുത്തുക]

സാമൂഹിക-രാഷ്ട്രീയ അനുരണനങ്ങൾ അനാവരണം ചെയ്യുന്ന സൈദ്ധാന്തിക ശൈലിയാണ് ആധുനികത അഥവാ മോഡേണിസം. 18-ാം ശ.-ത്തിലാണ് ആധുനികതയുടെ അടിവേരുകൾ കണ്ടെത്താനാവുക. ദൈവകേന്ദ്രീകൃതമായ ലോക വ്യാഖ്യാനത്തിനപ്പുറം മാനുഷിക യുക്തിക്ക് പ്രാധാന്യമേറിയതാണ് ഈ കാലഘട്ടത്തിന്റെ എടുത്തുപറയത്തക്ക സവിശേഷത. മനുഷ്യന് ശാസ്ത്രബോധവും തത്ത്വചിന്താപരമായ വളർച്ചയും നല്കിയത് ഈ സൈദ്ധാന്തിക പശ്ചാത്തലമാണ്. പ്രകൃതി നിയമങ്ങളെ നിയന്ത്രിക്കുന്നിടംവരെയുള്ള മനുഷ്യരാശിയുടെ വളർച്ച ആധുനികതയെ കൂടുതൽ യാഥാർഥ്യമാക്കുന്നു. അമാനുഷികമായ ശക്തിവൈഭവങ്ങളെ സുതാര്യമായി അനാവരണം ചെയ്യുന്ന രംഗങ്ങൾ ഒരുക്കുകവഴി ആധുനികത നാടകവേദികളിലും പ്രമേയങ്ങളിലും നിർണായക സ്ഥാനം പിടിച്ചു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആരംഭിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ അവസാനിച്ച സാംസ്കാരിക പ്രവണതയാണ് ആധുനികത. റൊമാന്റിസിസത്തിനും റിയലിസത്തിനും ബദലായിട്ടാണ് ആധുനികതയുടെ ഉദ്ഭവം.

സർറിയലിസം[തിരുത്തുക]

യുക്തിഭദ്രതയെക്കാൾ ഭാവനാവിലാസത്തിനു പ്രാധാന്യം നൽകുന്ന സൈദ്ധാന്തിക ശൈലി. 20-ാം ശ.-ത്തിന്റെ തുടക്കത്തിൽ യൂറോപ്പിൽ രൂപപ്പെട്ട പ്രസ്ഥാനമാണ്. സ്വയം പ്രചോദിതമാകുന്ന ഭാവങ്ങൾക്കനുസൃതമായി രംഗാവിഷ്കാരം ചെയ്യുകയാണ് ഈ സിദ്ധാന്തത്തിന്റെ സവിശേഷത. സർറിയലിസത്തിന്റെ ആദ്യത്തെ പ്രകടനപത്രിക പുറത്തിറക്കിയത് 1924-ലാണ്. ബോധമനസ്സിന്റെ നിയന്ത്രണമില്ലാത്ത ഭാവാഭിനയത്തിനാണ് ഇതിൽ പ്രാധാന്യം.

സർറിയലിസ്റ്റ് നാടകവേദിയിൽ സിംബലിസ്റ്റ്, ഫ്യൂച്ചറിസ്റ്റ്, ദാദായിസ്റ്റ് സിദ്ധാന്തങ്ങളുടെ സ്വാധീനമുണ്ട്. മുഖംമൂടികളും വസ്ത്രധാരണരീതികളും ഉപയോഗിച്ച് കഥാപാത്രത്തിന്റെ സ്വഭാവ വൈശിഷ്ട്യങ്ങൾക്ക് മാറ്റുകൂട്ടുന്നു. രംഗവേദി മനോഹരമായി സുസ്സജ്ജമാക്കിയിരിക്കും. കടുംനിറങ്ങൾ പ്രകാശവിധാനത്തിനുപയോഗിക്കും. റോബർട്ട് വിൽസൺ, റിച്ചാർഡ് ഫോർമാൻ എന്നിവർ സർറിയലിസ്റ്റ് നാടകങ്ങളുടെ പ്രമുഖരായ പ്രണേതാക്കളും പ്രയോക്താക്കളുമായിരുന്നു.

ഉത്തരാധുനിക നാടക സങ്കല്പനം[തിരുത്തുക]

നാടകകലയെ സാംസ്കാരികവും രാഷ്ട്രീയപരവുമായ വ്യവസ്ഥിതികളുടെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുകയും പ്രതിരോധപ്രതീകമായി ഉപയോഗിക്കുകയും ചെയ്യുന്ന ലാവണ്യദർശനമാണിത്. സാംസ്കാരികബോധത്തിന് ഉപയുക്തമായി എല്ലാ ജീവത്ചേതനകളെയും നാട്യവത്കരിക്കുന്ന ഈ കലാദർശനത്തിൽ സംസ്കാരവും ദർശനവും സാമൂഹികവ്യവസ്ഥകളുമെല്ലാം വിഷയകേന്ദ്രമായി മാറുന്നു.

നിലവിലിരിക്കുന്ന മൂല്യവ്യവസ്ഥകളെ പ്രശ്നവത്കരിക്കുന്ന ഇടപെടലുകളാണ് ഉത്തരാധുനിക നാടകം സങ്കല്പനം ചെയ്യുന്നത്. മനുഷ്യവൃത്തികളുടെ കലാംശത്തിനപ്പുറം സർവമൂല്യങ്ങളും എല്ലാത്തരത്തിലും വിശകലനം ചെയ്യുകയും ഒരു പുതുവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്ന ഉത്തരാധുനികനാട്യസിദ്ധാന്തത്തിൽ സമൂഹചലനങ്ങളെല്ലാംതന്നെ അരങ്ങിന്റെ പ്രതിനിധാനമായിത്തീരുകയാണ്. കലയെന്നും അനുഷ്ഠാനമെന്നും സമരമെന്നും ആഘോഷമെന്നുമൊക്കെ മുൻവിധി ചെയ്യപ്പെട്ട എല്ലാ പ്രവൃത്തികളും നാട്യരൂപങ്ങളായിത്തീർന്ന് പുതിയൊരു ജൈവപരിസ്ഥിതിതന്നെ സംജാതമാക്കുന്നു. അതിനുവേണ്ടി ആധുനികതയുടെ വിചാരമാതൃകകളും കാല്പനികതയുടെ വികാരഭ്രമങ്ങളും റിയലിസത്തിന്റെ മൂർത്തരൂപങ്ങളും പോസ്റ്റ് മോഡേൺ കലാകാരന്മാർ ഉപയോഗിക്കുന്നു. നാട്യകല, ഇവിടെ പുതിയ രാഷ്ട്രീയമൂല്യങ്ങളെ സൃഷ്ടിക്കുകയും കല, സംസ്കാരം, സാഹിത്യം തുടങ്ങിയ യാഥാസ്ഥിതിക മൂല്യഭാവനകളെ തച്ചുടയ്ക്കുകയും ചെയ്യുന്നു. 'ഒറ്റപ്പെട്ട അസ്തിത്വം' എന്ന പരികല്പനയുടെ നിരാസമാണ് പോസ്റ്റ് മോഡേൺ കല വിഭാവനം ചെയ്യുന്നത്. ബഹുസ്വരങ്ങളുടെ സംലയനവും വിയോജനവുമാണ് ഉത്തരാധുനിക കലയുടെ ഘടന നിർണയിക്കുന്നത്. ഇവിടെ ഒരു പ്രതികരണംപോലും നാട്യരൂപമായിത്തീരുകയാണ്. തെരുവുജാഥകളും ഹർത്താലുകളും ഘോഷയാത്രകളും മതപരമായ ചടങ്ങുകളും സെമിനാറുകളും രാഷ്ട്രീയ സമ്മേളനങ്ങളുമെല്ലാംതന്നെ നാട്യകലയുടെ നവീന മുദ്രകളായി പോസ്റ്റ് മോഡേണിസ്റ്റുകൾ ദർശിക്കുന്നു.

മനുഷ്യമതിൽ, മനുഷ്യച്ചങ്ങല, സമരയാത്രകൾ തുടങ്ങിയ പല രാഷ്ട്രീയപ്രതിരോധങ്ങളും പുത്തൻകലയുടെ നാട്യപരതയിലേക്കാണ് എത്തിനില്ക്കുന്നത്. കാരൻ ഫിൻലി, ഏഞ്ചലിക്കാ ഫെസ്റ്റ തുടങ്ങിയ ഫെമിനിസ്റ്റുകളുടെ ലൈവ്ഷോകൾ, ലൈംഗികതയെ രാഷ്ട്രീയവത്കരിച്ചുകൊണ്ട് ഫെമിനിസത്തിന്റെ പുതിയ പ്രതിരോധമുഖം തുറക്കുന്നു. സാംസ്കാരിക കലാജാഥകൾ, ഉപവാസസമരങ്ങൾ, ഒറ്റയാൾ സമരങ്ങൾ തുടങ്ങിയ പ്രതിഷേധമാർഗങ്ങളും പ്രചാരണവഴികളുമെല്ലാം വിശാലമായ അർഥത്തിൽ പോസ്റ്റ് മോഡേൺ നാട്യകലയെയാണ് പ്രതിനിധീകരിക്കുന്നത്. രാഷ്ട്രീയ വ്യവസ്ഥകളോടുള്ള പ്രതീകാത്മക സമരങ്ങളെല്ലാം തന്നെ സാമൂഹികബോധത്തെ നാട്യവത്കരിക്കലാണെന്ന് കാണാം. ട്രെയിൻ തടയൽ, കോലം കത്തിക്കൽ, ശയനപ്രദക്ഷിണം തുടങ്ങിയ പ്രതിഷേധ പരിപാടികളിൽ പ്രതിബിംബിക്കുന്നതും നാട്യകലയുടെ നവീന ചലനങ്ങളത്രെ.

സാധൂകരിക്കപ്പെട്ട കലാസിദ്ധാന്തങ്ങളുടെയും രൂപകനിർമിതികളുടെയും അട്ടിമറിയാണ് ഉത്തരാധുനിക നാട്യകല അടയാളപ്പെടുത്തുന്നത്. വ്യവസ്ഥാപിത കലാസങ്കേതങ്ങളെയും ആസ്വാദനശീലങ്ങളെയും ലയിപ്പിച്ചുകൊണ്ടുതന്നെ അവയുടെ പരമ്പരാഗത സങ്കല്പങ്ങൾക്ക് വിരുദ്ധമായ നാട്യവത്കരണമാണ് പുതിയ കലയുടെ രീതി. രംഗവേദി, സദസ്, രംഗചിട്ടകൾ, കഥാപാത്രപരിവേഷങ്ങൾ, വിധിപൂർവകമായ രംഗസംവിധാനം തുടങ്ങിയ വ്യവസ്ഥാഘടകങ്ങളെ അപ്രധാനീകരിക്കുകയും സമൂഹത്തിലെ ഏത് ഇടവും രംഗവേദിയായി, അപ്രതീക്ഷിത ആവിഷ്കാരമായി മാറുകയുമാണ് ഉത്തരാധുനിക നാടകത്തിൽ.

വംശം, ദേശം, രാഷ്ട്രം, വ്യക്തി, ആശയം തുടങ്ങിയ മൂല്യാതിർത്തികളെ നിരന്തരം ലംഘിക്കുന്ന നാട്യവ്യവസ്ഥയാണ് പുതിയ കലയുടെ കാതൽ. ഷെഹ്നർ ഇതിനെ 'അന്തർ സംസ്കാര നാട്യ'മെന്ന് വിളിക്കുന്നു. റോബർട്ട് വിൽസൺ, ലോറി ആൻഡേഴ്സൺ, മെറിഡിത്ത് മോങ്ക്, റിച്ചാർഡ് ഫോർമാൻ, പിനാബാഷ്, റെയ്ച്ചൽ റസൻതാൻ തുടങ്ങിയവരാണ് വർത്തമാന നാട്യകലയുടെ മുന്നണിപ്പോരാളികൾ. ലൈംഗികത, സ്ത്രൈണബോധം, കക്ഷിരാഷ്ട്രീയം, പരിസ്ഥിതിവാദം, ഹരിതരാഷ്ട്രീയം തുടങ്ങിയവയെല്ലാം രാഷ്ട്രീയനാട്യങ്ങളായി ആവിഷ്കരിക്കാനും പുതിയ ആലോചനകളെ ഉത്പാദിപ്പിക്കാനും ഇവർ ശ്രമിക്കുന്നു. മനുഷ്യവൃത്തിയുടെ ആവിഷ്കാരങ്ങളെ വിശകലനം ചെയ്യുന്ന പഠനമേഖലകളായ ഭാഷാവിജ്ഞാനീയം, ഫോക്ലോറിസ്റ്റിക്സ്, നരവംശശാസ്ത്രം, മനോവിജ്ഞാനം, ചേഷ്ടാശാസ്ത്രം, ശരീരഭാഷാശാസ്ത്രം തുടങ്ങിയവയെല്ലാം നാട്യകലയുടെ ആഖ്യാനമാതൃകകൾ കൂടിയാണ്. ജ്ഞാനവും വിജ്ഞാനവും അതിന്റെ സൈദ്ധാന്തിക ആദർശങ്ങളും ഒരുമിക്കുന്ന ആവിഷ്കാരമാണ് പുതിയ നാട്യകല പ്രദാനം ചെയ്യുന്നത്. നാട്യത്തിലൂടെ സകല ചലനാത്മകവ്യവഹാരങ്ങളെയും വ്യാഖ്യാനിക്കുവാൻ കഴിയുമെന്നാണ് പോസ്റ്റ് മോഡേൺ കലാദർശനം വ്യക്തമാക്കുന്നത്.

റിച്ചാർഡ് ബൗമൻ രചിച്ച പാചകകല നാട്യപ്രകടനമെന്നനിലയിൽ എന്ന പുസ്തകത്തിൽ നാട്യം ഒരു വ്യാഖ്യാനാത്മക നിർമിതിയാണെന്ന് വ്യക്തമാക്കുന്നു. എല്ലാവിധ ജ്ഞാനമണ്ഡലങ്ങളെയും നാടകീയ വ്യാഖ്യാനമാതൃകകളായി പരിഗണിക്കാമെന്ന നിലപാടാണ് പോസ്റ്റ് മോഡേൺ കലാചിന്തകർ വച്ചുപുലർത്തുന്നത്. ഭാഷാവ്യാകരണത്തെയും ജീവിതത്തെയും നാടകീയ മാതൃകകളാക്കുന്ന ദർശനം കെന്നത്ത് ബർക്ക് വച്ചുപുലർത്തിയിരുന്നു. ജീവിതം, ഭാഷാ വ്യവഹാരങ്ങളാൽ നാട്യഭരിതമാണെന്നും അതിലീലാപരമാണെന്നും സിദ്ധാന്തിച്ച ദാർശനികന്മാരിൽ പ്രധാനികളായിരുന്നു കെന്നത്ത് ബർക്ക്, ഗ്രിഗറി ബേക്സൺ, ഇർവിങ് ഹോഫ്മാൻ തുടങ്ങിയവർ. ഇവരുടെ നാട്യബോധനങ്ങളെ വിക്ഗിസ്റ്റൈനിന്റെ ലീലാസിന്താന്തം വളരെ സ്വാധീനിച്ചിട്ടുണ്ട്.

ജീവിതത്തെ സമ്പൂർണമായ ഒരു സാമൂഹിക നാട്യലീലയായി കണ്ട ചിന്തകനാണ് വിക്ടർ ലൂണർ. നിത്യജീവിതത്തിൽ സ്വത്വത്തിന്റെ പ്രതിനിധാനം എന്ന ഗ്രന്ഥത്തിൽ ദൈനംദിനജീവിത ചലനങ്ങൾ നാട്യപ്രകടനങ്ങളായി വ്യാഖ്യാനിക്കപ്പെടുന്നതിനെക്കുറിച്ചാണ് ഇർവിങ് ഹോഫ്മാൻ പ്രതിപാദിക്കുന്നത്. നാട്യപഠനത്തെ സാർവകാലികമായ ഒരു വിചാരമാതൃകയായി പരിഗണിക്കുന്നവരിൽ പ്രമുഖരാണ് റൊണാൾഡ് വെലിയാസ്, ജയിംസ് ഊസ്റ്റിങ് തുടങ്ങിയവർ. വ്യവസ്ഥീകരിക്കപ്പെട്ട ഒരു നിർവചനം അസാധ്യമാക്കുന്ന തരത്തിലാണ് 'നാട്യപഠന'ത്തിന്റെ ജ്ഞാനവാദങ്ങൾ പടർന്നു പന്തലിക്കുന്നത്. കലാമൂല്യം, ജീവിതാർഥങ്ങൾ, അന്വേഷണധാരകൾ തുടങ്ങിയ മുൻകൂർ സങ്കല്പനങ്ങളെ അപനിർമ്മിക്കുന്നതിലൂടെ പുതിയ അനുഭവവും അവബോധവും സാക്ഷാത്കരിക്കുക എന്നതാണ് പോസ്റ്റ് മോഡേൺ നാട്യകലയുടെ ധർമം. ലാവണ്യസംവേദനത്തിന്റെ അന്വേഷണമുദ്രയായും തിരിച്ചറിവിനുള്ള ഉപാധിയായും ജ്ഞാനസമ്പാദനത്തിനുള്ള മാർഗ്ഗമായും നാട്യത്തെ ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് റൊണാൾഡ് വെലിയാസ് പ്രസ്താവിക്കുന്നുണ്ട്. ടുലൈൻ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായിരുന്ന റിച്ചാർഡ് ഷെഹ്നർ നാട്യസിദ്ധാന്തം എന്ന ഗ്രന്ഥത്തിലൂടെ നാട്യാന്വേഷണങ്ങൾക്ക് പുതിയ ദിശാബോധവും വ്യാഖ്യാനലാവണ്യവും പകർന്നു നല്കി. അരങ്ങ്, സംഗീതം, അനുഷ്ഠാനം, കായികവിനോദനം, പരിശീലനം തുടങ്ങിയ സാമൂഹികവൃത്തികളെ നാട്യമെന്ന നിലയിൽ അപഗ്രഥിക്കാനും വിലയിരുത്താനും ഷെഹ്നർ പരിശ്രമിച്ചു. സമൂഹത്തിലെ സകല സവിശേഷപ്രക്രിയകളും നാട്യകലയുടെ പോസ്റ്റ് മോഡേൺ മുഖമായി അവതരിപ്പിക്കാൻ ഷെഹ്നറുടെ ബൌദ്ധികാന്വേഷണങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഷെഹ്നർ അധ്യാപകനായിരുന്ന ടിഷ് സ്കൂൾ ഒഫ് ആർട്ട്സിലെ പാഠ്യപദ്ധതിയിൽ ന്യൂയോർക്ക് നഗരത്തിലെ 'ലിമിനോയ്ഡ്' നാട്യങ്ങൾ എന്ന വിഷയത്തിലുൾപ്പെടുത്തിയിട്ടുള്ളത് ഗുസ്തി, ശസ്ത്രക്രിയകൾ, വൈദ്യപരിശോധനകൾ, യാചന, തെരുവുനാട്യങ്ങൾ തുടങ്ങിയ സിവശേഷ പ്രവൃത്തികളാണ്.

നാട്യവത്കരണം എന്ന വൃത്തിയെ വിശദീകരിക്കുവാൻവേണ്ടി ഷെഹ്നർ ഉപയോഗിക്കുന്നത് വിയറ്റ്നാമിലെ യുദ്ധവിരുദ്ധപ്രകടനങ്ങൾ, രാമലീല, ബെർലിൻ മതിൽ തകർച്ച, ടിയാനെൻമെൻ സ്ക്വയർ ഉപരോധം തുടങ്ങിയ സംഭവങ്ങളെയാണ്. നാട്യങ്ങൾ, പ്രതിരോധക്ഷമമായ വിചാരമാതൃകകളായി മാറുകയാണിവിടെ.

ആധുനികോത്തരസാമ്പത്തിക സംസ്കാരം സൃഷ്ടിക്കുന്ന നാട്യവേദികളാണ് സ്റ്റേഡിയങ്ങളും ആഡിറ്റോറിയങ്ങളും. പൊതുജീവിതത്തെ നിരന്തരമായി നാട്യവത്കരിക്കുന്ന സാംസ്കാരിക ഇടങ്ങളും കലാസംവേദനകേന്ദ്രങ്ങളുമായി ഇവകൾ മാറിക്കൊണ്ടിരിക്കുന്നു. ഇതിന് സമാന്തരമായി തെരുവുകളും വയലേലകളും നാല്ക്കവലകളുമെല്ലാം ചേർന്ന് സമാന്തരമായ നാട്യവേദി സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. സാമൂഹികവൃത്തികളിൽ ഒളിഞ്ഞുകിടക്കുന്ന നാടകീയമായ ക്രിയാംശങ്ങളെ കേന്ദ്രീകരിച്ച് പ്രക്രിയകളുടെ സാംസ്കാരികമായ അർഥം വെളിപ്പെടുത്താൻവേണ്ടിയാണ് വിക്ടർ ടേണർ 'സാമൂഹിക നാടകം' എന്ന സങ്കല്പം ഉപയോഗിച്ചത്. അനുഷ്ഠാനങ്ങളും അചാരങ്ങളുമെല്ലാം നാടകീയതയുടെ ജീവിതപ്രകടനമാണെന്നും ടേണർ കണ്ടു. സാമൂഹികമായ ഇടപഴകൽ, അരങ്ങ്, വൃത്തി തുടങ്ങിയവ എല്ലാറ്റിന്റെയും അടിസ്ഥാനം അനുഷ്ഠാനമാണെന്ന് ടേണർ വ്യക്തമാക്കുന്നുണ്ട്.

മാധ്യമത്തിലൂടെ നാട്യവത്കരിക്കുന്ന സാമൂഹികാവസ്ഥകളാണ് ബോദ്രിയാറിനെപ്പോലുള്ള നവീനചിന്തകന്മാർക്ക് വിഷയമായത്. മാധ്യമ സംസ്കാരം, സംസ്കാരവ്യവസായമായി പരിവർത്തനം ചെയ്യപ്പെടുമ്പോൾ, 'നാട്യം' സാമൂഹികാവസ്ഥയുടെ പരിച്ഛേദമായി മാറുകയാണ്. ബഹുജനമാധ്യമങ്ങളുടെ അധിനിവേശം, നാട്യകലയുടെ പുതിയ ഭാഷകളെയാണ് ഉത്പാദിപ്പിക്കുന്നത്. ടെലിവിഷനിലൂടെ ഏതു സാധാരണ സംഭവവും, സാങ്കേതികവിദ്യയും നാടകീയമായ അവതരണശൈലികൊണ്ട് അസാധാരണമായിത്തീരുന്നു എന്നത് ശ്രദ്ധേയമാണ്. മാധ്യമങ്ങളുടെ സാംസ്കാരികാധിനിവേശമാണ് പോസ്റ്റ് മോഡേൺ സാമൂഹികാവസ്ഥയുടെ പ്രധാന പ്രത്യേകത. ജനപ്രിയ മാധ്യമങ്ങൾ പകർന്നുതരുന്ന ബിംബപ്രതീകങ്ങളും ലക്ഷ്യാധിഷ്ഠിതമായി ഉത്പാദിപ്പിക്കുന്ന പ്രത്യയജ്ഞാനങ്ങളും നമ്മുടെ പൊതുജീവിതാവസ്ഥകളെ ആഴത്തിൽ സ്വാധീനിക്കുകയും പരസ്യകേന്ദ്രിതമായ, മാധ്യമവത്കരിക്കപ്പെട്ട ഒരു യാന്ത്രികസമൂഹം രൂപപ്പെടുക്കുകയും ചെയ്യുന്നു. സ്വാഭാവികജൈവചലനങ്ങൾ നിഗൂഢമായിത്തീരുകയും നാട്യവത്കരിക്കപ്പെട്ട ഒരു സാമൂഹിക പെരുമാറ്റവ്യവസ്ഥ സംജാതമാവുകയും ചെയ്യുന്നു. മാധ്യമപ്പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നതുപോലെയുള്ള ഒരു ജീവിതചര്യയും വൈയക്തിക പെരുമാറ്റച്ചട്ടങ്ങളും നമ്മുടെ അവബോധത്തിൽ നാമറിയാതെ തന്നെ രൂപീകൃതമാവുകയാണ്. നമ്മിലേക്ക് സ്വാംശീകരിക്കപ്പെടുന്ന ഈ യാന്ത്രികതയെയാണ് 'നാട്യ'മായി കലാചിന്തകർ വിലയിരുത്തുന്നത്. അങ്ങനെ, നാട്യം, മാധ്യമത്തിലേക്കും മാധ്യമം നാട്യത്തിലേക്കും തിരിഞ്ഞ് രണ്ടും സ്വാധീനിക്കുന്ന ഒരു നാട്യസമൂഹവ്യവസ്ഥയാണ് ഉണ്ടാകുന്നത്. അങ്ങനെയാണ് ബോദ്രിയാർ ചൂണ്ടിക്കാണിച്ചതുപോലെ ഒരു 'പ്രതീതിലോകം' ഉരുത്തിരിയുന്നത്. മാധ്യമസമൂഹമായി മാറിയ പോസ്റ്റ് മോഡേൺ സമൂഹത്തിൽ എല്ലാ സാമൂഹികവൃത്തികളും സവിശേഷനാട്യങ്ങളായി മാറുക സ്വാഭാവികമാണ്. സാങ്കേതികവിദ്യയുടെ വികാസവും മാധ്യമങ്ങളുടെ ഉദയവുമാണ് നാട്യകലയെ സജീവമാക്കിയത്.

നാട്യത്തിനുള്ളിലാണ് യാഥാർഥ്യം വന്നുപെട്ടിരിക്കുന്നതെന്ന് സ്റ്റീവൻ കോണർ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംഗീതവേദിയിലെ ഒരു മൈക്രോഫോണിന്റെ ഉപയോഗത്തെക്കുറിച്ച് പാഞ്ഞുകൊണ്ടാണ് കോണർ തന്റെ നിരീക്ഷണം വിശദീകരിക്കുന്നത്. എൽവിസ് പ്രസ്ലിയുടെ സംഗീതപരിപാടികളിൽ നീണ്ട സ്റ്റാൻഡിലുറപ്പിച്ച മൈക്ക് ഒരു പ്രധാന ഘടകമാണ്. 'ശബ്ദപ്രേഷണം' എന്ന യാഥാർഥ്യത്തെ പ്രതിനിധീകരിക്കുന്ന മൈക്ക്, ഇവിടെ ഒരു 'നാട്യമായി' മാത്രം ഉപയോഗിക്കപ്പെടുന്നു. റെക്കോർഡ് ചെയ്യപ്പെട്ട സംഗീതമാണ് പ്രകടനത്തിന് ഉപയോഗപ്പെടുത്തുന്നത്. ജെയിംസ് ബ്രൌൺ എന്ന സംഗീതകാരൻ മൈക്രോഫോണുമായി നടത്തുന്ന അഭ്യാസങ്ങളും സദസ്സിന്റെ ഇഷ്ടവിഭവമാണ്. ശബ്ദം കൃത്രിമാണെന്നറിയുമ്പോഴും, 'മൈക്രോഫോൺ' എന്ന യാഥാർഥ്യത്തെ നാട്യത്തിലേക്ക് പരിവർത്തനം ചെയ്യുകയാണിവിടെ. മഡോണ, കഴുത്തിനോട് ചേർത്ത് രഹസ്യമായി ഒരു മൈക്ക് ഘടിപ്പിക്കുമ്പോഴും സ്റ്റാൻഡിൽ ഘടിപ്പിച്ച നിർജീവമായ മൈക്ക് ഉപയോഗിക്കുന്നു. മൈക്ക്, ശബ്ദ യാഥാർഥ്യം എന്നീ സത്യങ്ങളെ നാട്യവത്കരിക്കുകയാണ് മഡോണ ചെയ്യുന്നത്. സാങ്കേതികവിദ്യയെ നാട്യവത്കരണത്തിന്റെ സജീവഘടകമായി ഉപയോഗിക്കുവാൻ പോസ്റ്റ് മോഡേൺ കലയ്ക്ക് കഴിയുന്നുണ്ട്. നാട്യക്കാരുടെ അരങ്ങുകളിൽ, പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന ബിഗ് സ്ക്രീനിലൂടെ, സൂക്ഷ്മമായ ശരീരഭാവങ്ങൾ പ്രത്യേകമായി പ്രശ്നവത്ക്കരിക്കാൻ കഴിയുന്നു. ക്രിക്കറ്റ് മത്സരങ്ങളിൽ, സ്ളോമോഷനോ, റീപ്ളേയോ ഇല്ലാതെ കളിയെ രസകരമാക്കാൻ കഴിയില്ലെന്ന അവസ്ഥയാണ് വന്നിരിക്കുന്നത്. റെക്കോർഡ് ചെയ്തുവച്ചിരിക്കുന്ന പാട്ടിനനുസരിച്ച് ചുണ്ടനക്കുന്നതും മറ്റും നാട്യവത്കരണത്തിന്റെ സ്വഭാവത്തെയാണ് കാണിക്കുന്നത്. എല്ലാ സാമൂഹികാവസ്ഥകളിലും യാഥാർഥ്യം പ്രശ്നവത്കരിക്കപ്പെടുകയാണ്. 'സമൃദ്ധമായ തലമുടി' എന്ന യാഥാസ്ഥിതിക സൗന്ദര്യസങ്കല്പത്തെ മുൻനിർത്തി ഹെയർഫിക്സിങ്ങിലൂടെ കഷണ്ടി ഒളിപ്പിച്ചുവച്ച് അതിയാഥാർഥ്യത്തെ സൃഷ്ടിക്കുന്ന നാട്യവത്കരണം ഒരു ഉദാഹരണമാണ്.

പൊതുസംസ്കാരത്തിന്റെ വിശാല മണ്ഡലങ്ങളിലാണ് 'നാട്യം' രൂപപ്പെടുന്നതെന്ന് അർജുൻ അപ്പാദുരൈ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 'ശരീര'ത്തെ ഒരു മാധ്യമമായി ഉപയോഗപ്പെടുത്തുമ്പോൾ, അതിന്, നവീനമൂല്യങ്ങൾക്ക് അനുസൃതമായ ഇണക്കവും സമന്വയവും അവശ്യമാണ്. ശരീരം, ശരീരത്തിനുള്ളിലെ വികാരവിചാരങ്ങൾ, ജ്ഞാനവിധികൾ തുടങ്ങിയവയെല്ലാം നാട്യപരതയെ സ്വാധീനിക്കുന്നുണ്ട്. പരിശീലനക്കളരികളിൽ നടക്കുന്നത്, ശരീരത്തെ ഇണക്കുന്ന ചര്യകളാണ്. 'മനുഷ്യസമൂഹം' എന്ന പൊതുശരീരത്തെ ഇണക്കിയെടുക്കുന്ന വ്യവസ്ഥകളാണ് മതനിഷ്ഠകൾ, അനുഷ്ഠാനപദ്ധതികൾ, ധ്യാനമാർഗങ്ങൾ, കായികപരിശീലനങ്ങൾ, കലാവിഷ്കാരങ്ങൾ എന്നീ നാട്യരൂപങ്ങൾ. നാട്യം സംക്രമിക്കുന്നത് വൈയക്തികശരീരത്തിലൂടെ മാത്രമല്ല, സ്വത്വം, അധികാരം, ചേഷ്ട, രാഷ്ട്രീയത തുടങ്ങിയ ബഹുമുഖമൂല്യങ്ങളിലൂടെയാണ് 'പൊതുശരീരം' നിർമിതമാകുന്നത്. വൈയക്തിക ശരീരം, ഉപാധിഹിതമായ ഒരു അവസ്ഥ മാത്രമാണ്. ഈ ശരീരത്തെ, ചില മൂർത്തമായ സാമൂഹികസന്ദർഭങ്ങൾക്ക് ഉപയുക്തമായി നാട്യമായി ആവിഷ്കരിക്കാൻ കഴിയും എന്ന തിരിച്ചറിവാണ് പോസ്റ്റ് മോഡേണിസ്റ്റുകൾക്കുള്ളത്. ഒരു ശരീരത്തിൽ ജീവിതം എന്ന നാട്യം പ്രതിഫലിതമായിരിക്കുമ്പോഴും 'സമൂഹം' എന്ന പൊതുശരീരത്തിന്റെ വ്യവസ്ഥകളും അവസ്ഥകളുമാണ് നമ്മെ സ്വാധീനിക്കുന്നത്. ശാരീരികമായ ഓരോ ചലനങ്ങളും മനോവിചാരങ്ങളും, സമകാലിക സാംസ്കാരിക-രാഷ്ട്രീയ പരിതോവസ്ഥകളിൽ 'നാട്യം' ആവശ്യപ്പെടുന്നുണ്ട്. നമ്മുടെ സ്വഭാവത്തെയും സംസ്കാരത്തെയും നാം പല സാമൂഹികസന്ദർഭങ്ങൾക്കും ഉചിതമായരീതിയിൽ 'പെരുമാറാൻ' പരിശീലിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ആധുനികോത്തര നാട്യസിദ്ധാന്തങ്ങൾ ശരീരഭാഷയ്ക്ക് പുതിയ വ്യാകരണങ്ങളും നാട്യകലയ്ക്ക് പുതിയ രംഗവേദികളും സൃഷ്ടിക്കുന്നു. പദവി, തൊഴിൽ, കുലം, വിദ്യാഭ്യാസം തുടങ്ങിവയെല്ലാം നാട്യപ്രതിനിധാനങ്ങളുമായി മാറുന്ന ഉത്തരാധുനികകാലത്ത് 'നാട്യകല'യും പുതിയ രംഗഭാഷ്യങ്ങൾ തേടുക സ്വാഭാവികമാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാടകകല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാടകസിദ്ധാന്തങ്ങൾ&oldid=3739285" എന്ന താളിൽനിന്ന് ശേഖരിച്ചത്