Jump to content

പാട്രിക് മോഡിയാനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാട്രിക് മോദിയാനോ
ജനനം (1945-07-30) 30 ജൂലൈ 1945  (78 വയസ്സ്)
തൊഴിൽരചയിതാവ്
ഭാഷഫ്രെഞ്ച്
ദേശീയതഫ്രെഞ്ച്
പൗരത്വംഫ്രാൻസ്
Genreനോവലുകൾ
അവാർഡുകൾസാഹിത്യത്തിനുള്ള നോബൽ സമ്മാനം (2014)
പങ്കാളിഡൊമിനിക് സെഹർഫസ്

ഒരു ഫ്രഞ്ച് നോവലിസ്റ്റാണ് പാട്രിക് മോദിയാനോ (ജനനം:30 ജൂലൈ 1945). 2014-ൽ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു[1]. ‘മിസിംഗ് പേഴ്സൺ’, ‘ലാക്കോംബെ ലൂസിയെൻ’, ‘നൈറ്റ് റൈഡ്സ്’, ‘റിംഗ് റോഡ്സ്’ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.

ജനനവും കുട്ടിക്കാലവും[തിരുത്തുക]

1945,ജൂലൈ 30-ന് പാരിസ് നഗരത്തിനന്റെ പടിഞ്ഞാറെ അറ്റത്ത് ബോളോൺ-ബിയാൻകോർ എന്നയിടത്താണ് പാട്രിക് മോദിയാനോ ജനിച്ചത്. അച്ഛൻ ആൽബെർട്ട് മോദിയാനോ ജൂതവംശജനായിരുന്നു അമ്മ ബെൽജിയൻകാരി അഭിനേത്രിയും. പ്രശസ്ത ചിത്രകാരൻ അമെദിയോ മോദിഗ്ലാനിയുടെ തന്റെ പൂർവികരിൽ ഒരാളാണെന്ന് മോദിയാനോ പറയുകയുണ്ടായി. [2] മോദിഗ്ലിയാനി എന്ന പേര് ലോപിച്ചാണ് മോദിയാനോ ആയതെന്നും അഭിപ്രായമുണ്ട്.[3]. അച്ഛൻ തന്റെ കുട്ടിക്കാലത്തിന്റെ ഭാഗമേ അല്ലായിരുന്നുവെന്ന് പാട്രിക് മോദിയാനോ പലയിടത്തും പറയുന്നുണ്ട്. നാടകരംഗത്തെ തിരക്കുകൾ കാരണം അമ്മ പലപ്പോഴും പാട്രിക്കിനെ ബന്ധുവീടുകളിൽ ഏല്പിച്ചിട്ടാണ് പോകാറുണ്ടായിരുന്നത്. ഇക്കാരണങ്ങൾ കൊണ്ട് പാട്രിക്കിനേയും അനിയൻ റൂഡിയേയും കൂടുതൽ അടുപ്പിച്ചു. പത്തു വയസ്സുകാരൻ റൂഡിയുടെ മരണം പാട്രിക്കിനെ വല്ലാതെ ഉലച്ചു. [4], [5], [6]. വിഷി കാലഘട്ടത്തിൽ അച്ഛൻ സംശയാസ്പദവും വിവാദപരവുമായ ബിസിനസ്സുകളിലും കൂട്ടുകെട്ടുകളിലും ഇടപെട്ടിരുന്നതായും അതു കാരണം ഒളിച്ചു നടക്കേണ്ടതായി വന്നുവെന്നും മോദിയാനോ പലയിടത്തും സൂചിപ്പിക്കുന്നു.[7].

ആദ്യനോവൽ, വിവാഹം, കുടുംബം[തിരുത്തുക]

കവിയും കഥാകൃത്തുമായിരുന്ന റെയ്മോ ക്വിനോയാണ് തന്നെ സാഹിത്യലോകത്തേക്ക് എത്തിച്ചതെന്ന് മോദിയാനോ പറയുന്നു.ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് മോദിയാനോ തന്റെ ആദ്യ നോവൽ എഴുതിയിത്. ആ വർഷം തന്നെ ഗല്ലിമാർഡ് അത് പ്രസിദ്ധീകരിക്കുകയും നോവലിന് രണ്ട് സാഹിത്യ പരസ്കാരങ്ങൾ ലഭിക്കുകയും ചെയ്തു. 1970- ൽ പാട്രിക്, ഡോമ്നിക് സെർഫസ്സിനെ വിവാഹം കഴിച്ചു. 1974-ൽ സീനയും 1978-ൽ മേരിയും ജനിച്ചു.

നോബൽ പുരസ്കാരം[തിരുത്തുക]

2014-ലെ നോബൽ പുരസ്കാരം പ്രഖ്യാപനത്തിൽ ഭൂതവർത്തമാനങ്ങൾ ഓർമകളിലൂടെ കൂട്ടിയിണക്കി കഥപറയാനുള്ള മോദിയാനോയുടെ സവിശേഷ പാടവത്തെ നോബൽ കമ്മിറ്റി പ്രത്യേകം എടുത്തു പറഞ്ഞു.[8].

കൃതികൾ[തിരുത്തുക]

വിഷികാലഘട്ടത്തിൽ സാധാരണ വ്യക്തികൾക്ക് അനുഭവിക്കേണ്ടിവന്ന ദുരന്തങ്ങളാണ് മിക്ക നോവലുകളിലേയും പ്രമേയം. പല നോവലുകളിലും ആത്മകഥാംശങ്ങൾ കണ്ടെത്താനാകും.[7], [9]. പാരിസ് നഗരവും ഒരു സജീവ സാന്നിധ്യമായി എല്ലാ നോവലുകളിലുമുണ്ട്. നോബൽ പ്രഭാഷണത്തിൽ മോദിയോനോ പറഞ്ഞു- പാരിസ് എന്നിൽ ആവേശിച്ചിരിക്കുന്നു, എന്റെ എല്ലാ നോവലുകളിലും പാരീസുണ്ട്.[2]

 • 1968- La Place de l'étoile (ലാപ്ലാസ് ഡുലിറ്റ്വായിൽ, നക്ഷത്രക്കവല )

ശീർഷകത്തിൽ ദ്വയാർഥമുണ്ട്. പാരിസിൽ വിഖ്യാതമായ ആർക് ദി ട്രിയോംഫ് നിലകൊള്ളുന്നതും പന്ത്രണ്ടു നഗരവീഥികൾ കൂടിച്ചേരുന്നതുമായ നക്ഷത്രാകൃതിയിലുളള കവലയുടെ പഴയ പേര് നക്ഷത്രക്കവലയെന്നായിരുന്നു. (ഈ കവലയുടെ ഇന്നത്തെപ്പേര് ഡിഗാൾ ചത്വരമെന്നാണ്). അതല്ലെങ്കിൽ നാസി മേധാവിത്വകാലത്ത് യഹൂദർ ധരിക്കേണ്ടിയിരുന്ന മഞ്ഞ നക്ഷത്രം. രണ്ടാം ആഗോള യുദ്ധം ഏതാണ്ട് അവസാനിച്ച സമയത്താണ് റഫേൽ ഷ്ലെമിലോവിച്ച് ജനിച്ചത്. നാസി മേൽക്കോയ്മയുടേയും യഹൂദരുടെ വിവശതകളുടേയും ഭൂതകാലചിത്രങ്ങളാൽ നിരന്തരം വേട്ടയാടപ്പെട്ട ഷ്ലെമിലോവിച്ചിന്റെ സങ്കീർണമായ ആത്മകഥ. ഈ പശ്ചാത്തലമാണ് മോദിയാനോയുടെ മിക്കനോവലുകളിലും.[10]

 • 1969-La ronde de nuit (ലാ ഹോൺഡെ ന്യുയി ഇംഗ്ലീഷു പരിഭാഷ Night Rounds)

ഫ്രഞ്ച് പ്രതിരോധ സംഘത്തിനുവേണ്ടി പ്രവർത്തനം നടത്തവേ തന്നെ ജർമൻ ചാരപോലീസിനേയും സേവിക്കേണ്ടി വന്ന ഒരു വ്യക്തിയുടെ ആത്മസംഘർഷം. രക്തസാക്ഷിത്വമെന്ന ഒരൊറ്റ രക്ഷാമാർഗ്ഗമേ അവനു ദൃശ്യമാകുന്നുളളു.

 • 1972-Les Boulevards de ceinture (ലെ ബുളിവാഡ് ഡിസാഞ്ച്യോർ, ഇംഗ്ലീഷു പരിഭാഷ The Ring Roads)

സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ സ്വത്വവും സ്മൃതിയും നഷ്ടപ്പെട്ട് അപരനാമങ്ങളിൽ ജീവിക്കേണ്ടി വരുന്ന ഒരച്ഛന്റേയും മകന്റേയും കഥ.

 • 1974-‘ലാക്കോംബെ ലൂസിയെൻ’ (തിരക്കഥ ലൂയി മാളിനോടൊപ്പം)
 • 1975- Villa triste (വില്ലാട്രിസ്റ്റ് ദുഃഖവീട് )

പന്ത്രണ്ടു വർഷം മുമ്പ് താൻ അഭയം തേടിയ സുഖവാസസ്ഥലത്ത് തിരിച്ചെത്തുകയാണ് ആഖ്യാതാവ്. അന്നയാളുടെ പേര് വിക്റ്റർ എന്നായിരുന്നു. ഈവോൺ എന്ന യുവതിയുമായുള്ള തന്റെ സൗഹൃദവും തുടർന്നുള്ള സംഭവവികാസങ്ങളഉം അയാൾ ഓർത്തുപോകുന്നു.

 • 1977- Livret de famille (ലീവ്രേഡുഫാമീൽ- കുടുംബ ചരിത്രം)

ആത്മകഥാംശം കലർന്ന നോവൽ

 • 1978- Rue des Boutiques obscures(റൂദിബുച്ചി ഒബ്സ്ക്യുർ (അജ്ഞാതപഥങ്ങൾ English translation: Missing Person‘മിസിംഗ് പേഴ്സൺ

താനാരാണെന്ന് മറന്നുപോയ ഗി റോളാങ്ങിന് സഞ്ചരിക്കേണ്ടി വരുന്ന ഇരുളടഞ്ഞ വീഥികൾ.

 • 1981 Une jeunesse (ഇൻജുനെ- താരുണ്യം)

പാരീസിന്റെ തെരുവീഥികളിൽ ജീവിതത്തിന്റെ ഉയർച്ചതാഴ്ചകൾ അനുഭവിച്ചറിയുന്ന നിഷ്കളങ്കരും ഉത്സാഹഭരിതരുമായ രണ്ടു ചെറുപ്പക്കാരുടെ, ഓഡിലിന്റേയും ലൂയിസിന്റേയും കഥ

 • 1982- De si braves garcons ദെസീ ബ്രാവ് ഗാർസോൺ- ചുണക്കുട്ടികൾ

പലരുടേയും ഓർമകളിലൂടെ സ്കൂൾ ഹോസ്റ്റൽ ജീവിതകാലം ചുരുളഴിയുന്നു.

 • 1984- Quartier Perdu (കാർചി പെർദു- English translation: A Trace of Malice)

പാരീസിലെത്തുന്ന അംബ്രോസ് ഗീസ് എന്ന ഡിറ്റക്റ്റീവ് നോവലിസ്റ്റിനെ ഭൂതകാല ചിന്തകൾ വേട്ടയാടുന്നു. യൗവനദശയിൽ മറ്റൊരു പേരിൽ താൻ പാരിസിൽ കഴിച്ചുകൂട്ടിയ നാളുകളോർത്തുപോകുന്നു.

 • 1986- Dimanches d'août(ഡീമാഷ് ഡൂട്- ഓഗസ്റ്റ് മാസത്തിലെ ഞായറാഴ്ചകൾ)
 • 1988- Catherine Certitude

സാഹചര്യസമ്മർദ്ദങ്ങൾ കാരണം അച്ഛനെ പിരിഞ്ഞ് , അമ്മയോടൊപ്പം പാരിസിൽ നിന്ന് ന്യൂയോർക്കിലേക്കു താമസം മാറ്റേണ്ടി വന്ന കാതറിൻ സ്വന്തം കഥ പറയുന്നു.

 • 1989- Vestiaire de l'enfance (ബാലവേഷങ്ങൾ)

പാരീസിൽ നിന്ന് ഒളിച്ചോടി, മധ്യധരണ്യാഴിതീരത്തെവിടേയോ ജിമ്മി സരാനോ എന്ന പുതിയ പേരിൽ പുതിയ ജീവിതം നയിക്കുന്ന ഷോൺ മൊറേനയുടെ കഥ. പണ്ടെന്നോ കണ്ടു മറന്ന ഒരു മുഖം, ഭൂതകാലസ്മരണകളെ, പ്രത്യേകിച്ച് ബാല്യകാലസ്മരണകളെ ചിക്കിയുണർത്തുന്നു.

1941-ൽ പാരിസിലെ തെരുവുകളിലെവിടെയോ വെച്ച് ഡോറാ ബ്രൂഡർ എന്ന പതിനഞ്ചു വയസ്സുകാരിയായ ജൂതപ്പെൺകുട്ടിയുടെ തിരോധാനം. വർഷങ്ങൾക്കുശേഷം അവൾക്ക് എന്തുപറ്റിയിരിക്കുമെന്ന് അന്വേഷിച്ചു കണ്ടെത്താൻ ശ്രമിക്കുന്ന കഥാകൃത്ത്.

 • 2005 Un pedigree (വംശമാഹാത്മ്യം)

മോദിയാനോയുടെ 21 വയസ്സുവരേയുള്ള ആത്മകഥ

 • 2007- Dans le café de la jeunesse perdue (നഷ്ടയൗവനങ്ങളുടെ കഫേയിൽ)

ലൂക്കി എന്ന പെൺകുട്ടിയെക്കുറിച്ച് അവളെ പരിചയമുണ്ടായിരുന്ന ചെലർ വർഷങ്ങൾക്കുശേഷം സ്മരിക്കുന്നു.

 • 2010- L'Horizon (ചക്രവാളം)

പാരിസിന്റെ തെരുവുകളിൽ അലഞ്ഞുതിരിയുന്ന ബോസ്മാന്റേയും മാർഗററ്റിന്റേയും കഥ. ഭൂതകാലം അവരെ വേട്ടയാടുകയാണ്.

 • 2012- L'Herbe de nuit(നിശാഗന്ധികൾ)

താൻ അര നൂറ്റാണ്ടുമുമ്പ് ഒരു കൊച്ചു പുസ്തകത്തിൽ കുറിച്ചിട്ട വിവരങ്ങളിലൂടെ പഴയകാലം പടുത്തുയർത്താൻ ശ്രമിക്കുകയാണ് ഒരെഴുത്തുകാരൻ. ഡാനീ എന്ന ഗായികയെയാണ് അയാൾ അന്വേഷിക്കുന്നത്. ഭൂതവും വർത്തമാനവും കൂടിക്കലർന്ന പുതിയൊരു കാലഘട്ടത്തിലേക്ക് അയാൾ പ്രവേശിക്കുന്നു.

 • 2014- Pour que tu ne te perdes pas dans le quartier (വഴിതെറ്റാതിരിക്കാൻ)

വൃദ്ധനായ ഷോൺ ഡറാങ്ങിന്റെ, പണ്ടെന്നോ കൈമോശം വന്ന അഡ്രസ് ബുക്ക് തിരിച്ചേല്പിക്കാനെത്തിയവരാണ് ഗൈൽസും ഷാൻ്റലും. അഡ്രസ് ബുക്കിസെ ടോർസ്റ്റെൽ എന്ന വ്യക്തിുയെക്കുറിച്ച് അവർക്ക് കൂടുതലറിയണം. അറുപതു വർഷം മുമ്പുള്ള കാര്യങ്ങൾ ഓർത്തെടുക്കാൻ ക്ലേശിക്കുകയാണ് ഡറാങ്ങ്.

മറ്റു പുരസ്ക്കാരങ്ങൾ[തിരുത്തുക]

 • ഫെന്യോൺ പുരസ്കാരം (1968-ലാപ്ലാസ് ദു ലെറ്റ്വായ്ൽ എന്ന നോവലിന്)
 • റോജർ നിമിയർ പുരസ്കാരം (1968- ലാപ്ലാസ് ദു ലെറ്റ്വായ്ൽ എന്ന നോവലിന്)
 • ഗോൺകോർ പുരസ്കാരം (1978 -റൂ ദി ബൂട്ടിക് ഒബ്സ്ക്യൂർ എന്ന നോവലിന് )
 • മോണ്ടിയൽ സിനോ ദെൽ ദൂക പുലസ്കാരം (2010) (സമഗ്രസംഭാവനകൾക്ക്)
 • ഓസ്ട്രിയൻ സ്റ്റേറ്റ് പ്രൈസ് ഫോർ യൂറോപ്യൻ ലിറ്ററേച്ചർ (2012)[11]

അവലംബം[തിരുത്തുക]

 1. നോബൽപ്രൈസ്.ഓർഗ് സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം- 2014
 2. 2.0 2.1 മോദിയാനോ നോബൽ പ്രഭാഷണം
 3. മോദിയാനോ വംശവൃക്ഷം
 4. Patrick Modiano (1977). Livret de famille. Gallimard, Paris. ISBN 978-2070372935.
 5. Patrick Modiano (2005). Un pedigree. ISBN 978-2070321025.
 6. "Patrick Modiano: in France Today, 15 Nov. 2014, accessed 1 June 2015". Archived from the original on 2016-03-21. Retrieved 2015-06-01.
 7. 7.0 7.1 Dervila Cooke (2005). Present Pasts: Patrick Modiano's (auto)biographical Fictions. Rodopi. ISBN 9789042018846.
 8. സമ്മാന പ്രഖ്യാപനം[പ്രവർത്തിക്കാത്ത കണ്ണി]
 9. സ്മരണകളുടെ പരിഭാഷ-പാട്രിക് മോദിയാനോയുടെ ഉത്തരാധുനിക പ്രസക്തി
 10. Charles O'Keefe. A Riffaterrean Reading of Patrick Modiano's La Place de L'étoile: Investigating the Family Crime. Summa publications. ISBN 9781883479480.
 11. "ഫ്രഞ്ച് എഴുത്തുകാരൻ പാട്രിക് മൊദിയാനോക്ക് സാഹിത്യ നൊബേൽ". മാതൃഭൂമി. 10 ഒക്റ്റോബർ 2014. Retrieved 10 ഒക്റ്റോബർ 2014. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (2001-)

2001: നൈപാൾ | 2002: കർത്തേസ്സ് | 2003: കുട്സീ | 2004: ജെലിനെക് | 2005: പിന്റർ | 2006: പാമുക്‌ | 2007: ലെസ്സിങ്ങ് | 2008: ലേ ക്ലേസിയോ | 2009: മുള്ളർ | 2010: യോസ | 2011: ട്രാൻസ്ട്രോമർ | 2012: യാൻ | 2013: ആലിസ് മൺറോ |


"https://ml.wikipedia.org/w/index.php?title=പാട്രിക്_മോഡിയാനോ&oldid=3660987" എന്ന താളിൽനിന്ന് ശേഖരിച്ചത്