ബോറിസ് പാസ്തർനാക്ക്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ബോറിസ് ലിയൊനിഡോവിച്ച് പാസ്തനാർക്ക് (ജനനം - 1890 ജനുവരി 29, മരണം - 1960 മെയ് 30) റഷ്യൻ കവിയും എഴുത്തുകാരനുമായിരുന്നു. ‘ഡോക്ടർ ഷിവാഗോ’ എന്ന പുസ്തകമാണ് പാശ്ചാത്യലോകത്ത് അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. സാർ ചക്രവർത്തി ഭരിച്ച റഷ്യയുടെ കാലത്തും സോവിയറ്റ് യൂണിയന്റെ ആദ്യകാലത്തുമായി എഴുതിയ ഈ പുസ്തകം 1957-ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. എങ്കിലും ഒരു കവിയായി ആണ് റഷ്യയിൽ അദ്ദേഹം പ്രശസ്തനാവുന്നത്. ‘എന്റെ സഹോദരിയുടെ ജീവിതം’ (my sister's life) എന്ന കവിതാസമാഹാരം റഷ്യൻ ഭാഷാ കൃതികളിൽ എഴുതിയ ഒരുപക്ഷേ ഏറ്റവും സ്വാധീനം ചെലുത്തിയ കവിതാസമാഹാരം ആയിരിക്കും.
ആദ്യകാലം
[തിരുത്തുക]പാസ്തനാർക്ക് റഷ്യയിലെ മോസ്കൊവിൽ 1890 ഫെബ്രുവരി 10-നു (ജൂലിയൻ കലണ്ടർ പ്രകാരം ജനുവരി 29-നു) ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് പ്രശസ്തനായ ജൂത ചിത്രകാരനായിരുന്ന ലിയൊനിഡ് പാസ്തനാർക്ക് മോസ്കോ സ്കൂൾ ഓഫ് പെയിന്റിംഗിൽ ചിത്രകലാദ്ധ്യാപകനായിരുന്നു. മാതാവ് റോസാ കോഫ്മാൻ ഒരു പ്രശസ്ത പിയാനോ വാദകയായിരുന്നു. നഗരാന്തരീക്ഷത്തിൽ പ്രശസ്തരുടെ സാന്നിദ്ധ്യത്തിലാണ് പാസ്തനാർക്ക് വളർന്നുവന്നത്. സെർഗ്ഗീ റാച്ച്‌മാനിനോവ്, റൈനർ മരിയ റിൽക്കെ, ലിയോ ടോൾസ്റ്റോയ് തുടങ്ങിയവർ അദ്ദേഹത്തിന്റെ അച്ഛന്റെ സുഹൃത്തുക്കളായിരുന്നു. അച്ഛൻ ഓർത്തഡോക്സ് ക്രിസ്തുമതത്തിലേക്കുമാറിയത് ബോറിസ് പാസ്തനാർക്കിന്റെ ചിന്തയെ വളരെ സ്വാധീനിച്ചു. ക്രിസ്തുമതത്തിന്റെ സ്വാധീനം അദ്ദേഹത്തിന്റെ പിൽക്കാല കവിതകളിൽ പ്രകടമായി കാണാം.
അലക്സാണ്ടർ സ്ക്രിയാബിൻ എന്ന അയൽക്കാരന്റെ സ്വാധീനം കൊണ്ട് പാസ്തനാർക്ക് ഒരു സംഗീത സംവിധായകൻ (കമ്പോസർ) ആകുവാൻ തീരുമാനിച്ച് മോസ്കോ കൺസർവേറ്ററിയിൽ ചേർന്നു. 1910-ൽ തിടുക്കത്തിൽ കൺസർവേറ്ററി വിട്ട് അദ്ദേഹം മാർസ്ബർഗ്ഗ് സർവകലാശാലയിൽ ചേർന്നു. അവിടെ നവ-കാന്തിയൻ തത്ത്വചിന്തകരായിരുന്ന ഹെർമൻ കോയെൻ, നിക്കൊലാ ഹാർട്ട്‌മാൻ എന്നിവരുടെ കീഴിൽ പഠിച്ചുതുടങ്ങി. ഒരു വിദുഷി (സ്കോളർ) ആകുവാൻ ക്ഷണിക്കെപ്പെട്ടെങ്കിലും തത്ത്വചിന്ത തന്റെ വഴി അല്ല എന്നു തിരിച്ചറിഞ്ഞ് 1914-ൽ അദ്ദേഹം മോസ്കോവിലേക്കു തിരിച്ചുപോയി. അദ്ദേഹത്തിന്റെ ആദ്യത്തെ കവിതാ സമാഹാരം 1914-കളുടെ അവസാനത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അലക്സാണ്ടർ ബ്ലോക്ക്, റഷ്യൻ ഫ്യൂച്ചറിസ്റ്റുകൾ തുടങ്ങിയവരുടെ സ്വാധീനം ആദ്യകാല കവിതകളിൽ ഉണ്ടായിരുന്നു.
സാഹിത്യത്തിനുള്ള നോബൽ സമ്മാനം
[തിരുത്തുക]പാസ്തനാർക്കിനു 1958-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. സമ്മാനം ലഭിച്ച വിവരം അറിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോൾ (ഒക്ടോബർ 25-നു) പാസ്തനാർക്ക് സ്വീഡിഷ് അക്കാദമിക്ക് ഈ ടെലിഗ്രാം അയച്ചു.
“അതിയായ നന്ദിയുണ്ട്, സ്പർശിക്കപ്പെട്ടു, അഭിമാനിക്കുന്നു, ആശ്ചര്യപ്പെടുന്നു, ലജ്ജിക്കുന്നു”
എങ്കിലും നാലുദിവസത്തിനുശേഷം അദ്ദേഹം മറ്റൊരു ടെലെഗ്രാം ഇപ്രകാരം അയച്ചു.
“ഞാൻ ജീവിക്കുന്ന സമൂഹത്തിൽ ഈ പുരസ്കാരത്തിനുള്ള അർത്ഥം പരിഗണിക്കുമ്പോൾ ഈ അർഹിക്കാത്ത പുരസ്കാരം ഞാൻ നിരസിക്കേണ്ടിവരുന്നു. എന്റെ സ്വമേധയാ ഉള്ള ഈ നിരസനത്തിൽ നീരസപ്പെടരുതേ”
ടെലിഗ്രാം ലഭിച്ചതിനുശേഷം സ്വീഡിഷ് അക്കാദമി ഇങ്ങനെ വിളംബരം ചെയ്തു.
“ഈ നിരസനം ഒരുതരത്തിലും പുരസ്കാരത്തിന്റെ സാധുത ഇല്ലാതാക്കുന്നില്ല. നോബൽ സമ്മാനദാനം നടക്കില്ല എന്നുമാത്രമേ അക്കാദമി ദുഃഖത്തോടുകൂടി അറിയിക്കുന്നുള്ളൂ.”
ജയിലിൽ അടക്കപ്പെട്ടില്ല എങ്കിലും പാശ്ചാത്യലോകത്തെ ഒരു പ്രശസ്തമായ കാർട്ടൂൺ പാസ്തനാർക്കിനെയും മറ്റൊരു കുറ്റവാളിയെയും സൈബീരിയയിലെ ഒരു കാരാഗ്രഹത്തിൽ തടിവെട്ടുന്നതായി ചിത്രീകരിച്ചു. പാസ്തനാർക്ക് കാർട്ടൂണിൽ കൂട്ടുകുറ്റവാളിയോട് ഇങ്ങനെ പറയുന്നു. “എനിക്ക് നോബൽ സമ്മാനം കിട്ടി. എന്താണ് നിങ്ങളുടെ കുറ്റം?”
പാസ്തനാർക്ക് 1960 മെയ് 30-നു അന്തരിച്ചു[1]. ജൂൺ 02-ന് പെരെദെൽകിനോ എന്ന സ്ഥലത്ത് ഒരുപാട് ആരാധകരുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ സംസ്കാരം നടന്നു.
അവലംബം
[തിരുത്തുക]- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 688. 2011 മെയ് 02. Retrieved 2013 മാർച്ച് 13.
{{cite news}}
: Check date values in:|accessdate=
and|date=
(help)
സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1951-1975) |
---|
1951: ലാഗെർക്വിസ്റ്റ് | 1952: മൗറിയാക് | 1953: ചർച്ചിൽ | 1954: ഹെമിംഗ്‌വേ | 1955: ലാക്സ്നെസ്സ് | 1956: ജിമെനെസ്സ് | 1957: കാമ്യു | 1958: പാസ്തനാർക്ക് | 1959: ക്വാസിമൊഡോ | 1960: പെർസെ | 1961: ആൻഡ്രിക്ക് | 1962: സ്റ്റെയിൻബെക്ക് | 1963: സെഫെരിസ് | 1964: സാർത്ര് | 1965: ഷോലൊക്കോവ് | 1966: ആഗ്നോൺ, സാഷ് | 1967: അസ്റ്റൂറിയാസ് | 1968: കവബാത്ത | 1969: ബെക്കറ്റ് | 1970: സോൾഷെനിറ്റ്സിൻ | 1971: നെരൂദ | 1972: ബോൾ | 1973: വൈറ്റ് | 1974: ജോൺസൺ, മാർട്ടിൻസൺ | 1975: മൊണ്ടേൽ |