Jump to content

ചിഹ്നശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Semiotics എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചിഹ്നം എന്നർത്ഥമുള്ള semeion എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ചിഹ്നവിജ്ഞാനീയം അഥവാ സെമിയോട്ടിക്സ് എന്ന സംജ്ഞയുടെ നിഷ്പത്തി. ചിഹ്നങ്ങളെ സംബന്ധിച്ച സാമാന്യമായ സിദ്ധാന്തങ്ങളെ അഥവാ ചിഹ്നങ്ങളെക്കുറിച്ചുള്ള പഠനത്തെയാണ് ചിഹ്നശാസ്ത്രം എന്ന് പറയുന്നത്. മനുഷ്യജീവിതത്തിന്റെ ഭാഗമായ സകല സാംസ്കാരിക വ്യവസ്ഥകളേയും പഠന വിഷയമാക്കുന്നതിനാൽ ചിഹ്നശാസ്ത്രം കേവലം ഭാഷയുടെയോ സാഹിത്യത്തിന്റെയോ മാത്രം മേഖലയല്ല. വിശാലാർത്ഥത്തിൽ ചിഹ്ന വിജ്ഞാനം സാംസ്കാരിക പഠത്തിനത്തിനുള്ള ഉപാധിയാണ് . അർത്ഥസൂചന സംവഹിക്കുന്ന വാക്കുകളേയും അടയാളങ്ങളെയുമാണ് ചിഹ്നം എന്ന് സാമാന്യമായി പറയുന്നത്. അങ്ങനെ വരികയാൽ അർത്ഥസൂചന വഹിക്കുന്നതെന്തും ചിഹ്നമാണെന്ന് പറയാം. ഭാഷാപരവും ഭാഷേതരവും ആയ ചിഹ്നങ്ങളുണ്ട്. ചിഹ്നശാസ്ത്രം എന്ന വിജ്ഞാനമേഖലയുടെ സാദ്ധ്യതയെ ആദ്യമായി കണ്ടെത്തിയത് സ്വിസ്സ് ഭാഷാശാസ്ത്രജ്ഞനായ ഫെർഡിനാൻഡ് ഡി സൊസ്യൂർ ആണ്. ചിഹ്നങ്ങളുടെ ഒരു ശാസ്ത്രം നിലവിൽ വരാനുള്ള സാദ്ധ്യതയെ സൊസ്സ്യൂർ തന്റെ കോഴ്സ് ഇൻ ജെനറൽ ലിങ്ഗ്വിസ്റ്റിക്സ് എന്ന പുസ്തകത്തിലൂടെയാണ് വിഭാവന ചെയ്തത് ചിഹ്നശാസ്ത്രത്തെപ്പറ്റിയുള്ള ചിന്തകൾക്ക് അടിത്തറയിട്ടുകൊടുത്ത ചാൾസ് സാൻഡേഴ്സ് പെയേഴ്സ് ചിഹ്നങ്ങളെ മൂന്നു വിഭാഗങ്ങളായി വർഗീകരിക്കുന്നു. ആദ്യത്തേത് ചിത്രം മുതലായ വസ്തുവിനെ നേരിട്ട് പ്രതിനിധാനം ചെയ്യാൻ കഴിയുന്ന വിഗ്രഹാത്മക ചിഹ്നങ്ങൾ(iconic signs), രണ്ടാമത്തേത് മേഘം -മഴ, പുക- തീ മുതലായ പ്രകൃതിചിഹ്നങ്ങൾ(natural signs)അഥവാ സൂചികാചിഹ്നങ്ങൾ(indexical) , മൂന്നാമത്തേത് അപകടത്തെ സൂചിപ്പിക്കുന്ന ചുവപ്പ് മുതലായ പാരമ്പര്യ-കീഴ്‌വഴക്കപരമായ ചിഹ്നങ്ങൾ(conventional signs) അഥവാ പ്രതീകാത്മക ചിഹ്നങ്ങൾ(symbolic signs).[1]


ചിഹ്നശാസ്ത്രം അഥവാ സെമിയോട്ടിക്സ്

ചിഹ്നങ്ങളുടെ ശാസ്ത്രമാണു സെമിയോട്ടിക്സ്. മനുഷ്യൻ പോലും ഒരു ചിഹ്നമാണെന്നു ചാൾസ് സാൻഡേഴ്സ് പിയേഴ്സി പറയുകയുണ്ടായി. പ്രപഞ്ചം ചിഹ്നങ്ങളാൽ സംഘടിതമാണ്. സൊഷ്വറും പിയേഴ്സിയും ചിഹ്നങ്ങളെക്കുറിച്ചു ബോധവാന്മാരായിരുന്നു.

         ചിഹ്നങ്ങളെയും ചിഹ്നപ്രക്രിയകളെയും (സെമിയോസിസ്) സംബന്ധിച്ച പഠനമാണ് സെമിയോട്ടിക്സ് അഥവാ ചിഹ്നശാസ്ത്രം എന്നു പറയാം (ഇതിനെ സെമിയോട്ടിക്  പഠനം എന്നും പറയുന്നു). ഇത് ഏത്  തരത്തിലുമുള്ള പ്രവർത്തനങ്ങളുടെയും, പെരുമാറ്റങ്ങളുടെയും, ചിഹ്നങ്ങൾ ഉൾപ്പെടുന്ന ഏതൊരു പ്രക്രിയകളുടെയും,  അർത്ഥോല്പാദനത്തിന്റെ   പഠനമാണ്.   ഒരു അർത്ഥത്തെ  വിനിമയം ചെയ്യുന്ന  എന്തും,  ഒരു ചിഹ്നവ്യാഖ്യാതാവിനെ സംബന്ധിച്ചിടത്തോളം,  ചിഹ്നമാണ്.   അത് ഒരു അടയാളം മാത്രമല്ല.   നിർ‌ദ്ദിഷ്‌ട അർ‌ത്ഥത്തോടെ ഉച്ചരിച്ച ഒരു വാക്കിലുള്ളതു പോലെ ഉദ്ദിഷ്ടമോ       അല്ലെങ്കിൽ‌ ഒരു പ്രത്യേക മെഡിക്കൽ‌ അവസ്ഥയുടെ ലക്ഷണം   പോലെ    ഉദ്ദിഷ്ടമല്ലാത്തതോ ആയ ഒന്നാകാം ചിഹ്നം. അതുകൊണ്ട് ചിഹ്നങ്ങളെ  ദൃശ്യ, ശ്രാവ്യ, സ്പർശ, ഘ്രാണ, രസന  എന്നിങ്ങനെ  ഏത് ഇന്ദ്രിയങ്ങൾ വഴിയും വിനിമയം  ചെയ്യാൻ കഴിയുന്ന ഒന്നായി മനസ്സിലാക്കാം.

ആശയവിനിമയത്തിന്റെ ഒരു സുപ്രധാന ഭാഗമെന്ന നിലയിൽ പ്രതീകങ്ങളെയും ചിഹ്നങ്ങളെയും കുറിച്ച്  സെമിയോട്ടിക് പാരമ്പര്യം പര്യവേക്ഷണം   നടത്തുന്നു. ഭാഷാശാസ്ത്രത്തിൽ നിന്ന് വ്യത്യസ്തമായി, ഭാഷാപരമല്ലാത്ത ചിഹ്ന സംവിധാനങ്ങളെക്കുറിച്ചും    സെമിയോട്ടിക്സ് പഠിക്കുന്നു. ചിഹ്നങ്ങൾ,  ചിഹ്ന പ്രക്രിയകൾ   സൂചനം, പദവി, സാദൃശ്യം, സാമ്യത, ഉപമ, മെറ്റോണിമി, രൂപകം, പ്രതീകാത്മകത, അർത്ഥോല്പാദനം, ആശയവിനിമയം എന്നിവയെ കുറിച്ചെല്ലാം ഉള്ള പഠനം  സെമിയോട്ടിക്സിൽ ഉൾപ്പെടുന്നു.

സൊസൂറിയൻ  ഭാഷാശാസ്ത്രപാരമ്പര്യം മുന്നോട്ടുവെച്ച  സെമിയോളജി എന്നു വിളിക്കുന്ന വിജ്ഞാനശാഖയെ  സെമിയോട്ടിക്സായി തെറ്റിദ്ധരിക്കാറുണ്ട്. അത്  സെമിയോട്ടിക്സിന്റെ ഒരു ഉപഘടകമാണ് എന്നേ പറയാനാവൂ. സെമിയോട്ടിക്സിന്  നരവംശശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായ  സുപ്രധാന  മാനങ്ങൾ ഉള്ളതായി കാണാം; ഉദാഹരണത്തിന്, ഇറ്റാലിയൻ സെമിയോട്ടീഷ്യനും നോവലിസ്റ്റുമായ  ഉംബർട്ടോ എക്കോ എല്ലാ സാംസ്കാരിക പ്രതിഭാസങ്ങളെയും ആശയവിനിമയമെന്ന നിലയിൽ പഠിക്കാമെന്ന് നിർദ്ദേശിച്ചു. എന്നാൽ മറ്റു ചില സെമിയോട്ടിഷ്യന്മാർ ശാസ്ത്രത്തിന്റെ യുക്തിപരമായ തലങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവർ ജീവശാസ്ത്രപഠനത്തിന്റെ  ഭാഗമായ മേഖലകളെ  പോലും  പരിശോധനാ വിധേയമാക്കുന്നു.  ജീവജാലങ്ങൾ ലോകത്തിലെ അവരുടെ വാസസ്ഥാനവുമായി ബന്ധപ്പെട്ട്  എങ്ങനെയാണ് സാഹചര്യങ്ങളെ  പ്രവചിക്കുന്നത് എന്നും   എങ്ങനെയാണ്  ചുറ്റുപാടുകളോട്   പൊരുത്തപ്പെടുന്നത് എന്നും  ഒക്കെ ഇവർ സെമിയോസിസിന്റെ അടിസ്ഥാനത്തിൽ മനസ്സിലാക്കുന്നു. പൊതുവിൽ, സെമിയോട്ടിക് സിദ്ധാന്തങ്ങൾ ചിഹ്നങ്ങളെയോ ചിഹ്ന സംവിധാനങ്ങളെയോ മാത്രം അവയുടെ പഠന വസ്തുക്കളായി എടുക്കുന്നു: ജീവജാലങ്ങളിലെ വിവര വിനിമയത്തെയും മറ്റും ബയോസെമിയോട്ടിക്സിൽ ഉൾക്കൊള്ളിക്കുകയും ചെയ്യുന്നു.

ചാൾസ് സാണ്ടേഴ്‌സ് പിയേഴ്‌സ്

         തത്ത്വചിന്തകൻ, താർക്കികൻ,  ഗണിതശാസ്ത്രജ്ഞൻ, ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന അമേരിക്കക്കാരനായ  ചാൾസ് സാണ്ടേഴ്‌സ് പിയേഴ്‌സ് (സെപ്റ്റംബർ 10, 1839 - ഏപ്രിൽ 19, 1914) പ്രാഗ്മാറ്റിസത്തിന്റെ പിതാവ് എന്നും ചിലപ്പോൾ അറിയപ്പെട്ടു.  രസതന്ത്രം പഠിച്ചിട്ട് ശാസ്ത്രജ്ഞനായി അദ്ദേഹം മുപ്പതുവർഷക്കാലം ജോലി ചെയ്തു. തർക്കശാസ്ത്രം, ഗണിതം, തത്ത്വചിന്ത, ശാസ്ത്രീയ രീതിശാസ്ത്രം, സെമിയോട്ടിക്സ് എന്നിവയിലെ സംഭാവനകളുടെയും  പ്രാഗ്മാറ്റിസം രൂപപ്പെടുത്തിയതിന്റെയും   പേരിൽ അദ്ദേഹം ഇന്ന്  പ്രശംസിക്കപ്പെടുന്നു.

ചാൾസ് സാണ്ടേഴ്സ് പിയേഴ്സ് ചിഹ്നങ്ങളെ കുറിച്ചുള്ള തത്ത്വചിന്താപരമായ പഠനം എന്ന നിലയിലാണ് സെമിയോട്ടിക്സിനെക്കുറിച്ച് എഴുതാൻ തുടങ്ങിയത്. ഇതിനെ സീമ്യോട്ടിക്സ് (semeiotics) എന്നും അദ്ദേഹം വിളിച്ചിരുന്നു, 1860 കളിൽ, അദ്ദേഹം മൂന്ന് വിഭാഗങ്ങളുള്ള തന്റെ ചിഹ്ന സങ്കല്പം ആവിഷ്കരിച്ചു. ഇരുപതാം നൂറ്റാണ്ടിൽ, ഫെർഡിനാൻഡ് ഡി സൊസൂറിന്റെ സെമിയോളജി ഉൾപ്പെടെയുള്ള ചിഹ്ന ഗവേഷണങ്ങളിലെ എല്ലാ പ്രവണതകളും ഉൾക്കൊള്ളുന്ന തരത്തിൽ "സെമിയോട്ടിക്സ്" എന്ന പദം സ്വീകരിക്കപ്പെട്ടു. ഭാഷാശാസ്ത്രത്തിൽ ഇത് തികച്ചും വ്യത്യസ്തമായ ഒരു പാരമ്പര്യമായി മാറി.

സൂചകം, സൂചിതം എന്നീ ഡയാറ്റിക് സങ്കല്പനത്തിൽ അധിഷ്ഠിതമായ സൊസൂറിയൻ പാരമ്പര്യത്തിനു വിരുദ്ധമായി ചിഹ്നം, ഒബ് ജക്ട്, വ്യാഖ്യാതാവ് എന്നിവയുൾപ്പെടെയുള്ള ട്രയാഡിക് സങ്കല്പനമാണ് പിയേർഷ്യൻ സെമിയോട്ടിക്  സ്വീകരിച്ചത്.  പിയേർഷ്യൻ‌ സെമിയോട്ടിക്സ് ഈ  മൂന്ന്‌ ട്രയാഡിക് മൂലകങ്ങളെയും വീണ്ടും  മൂന്ന്‌ ഉപ-വിഭാഗങ്ങളായിക്കൂടി വിഭജിക്കുന്നു.  അവ പ്രതീകങ്ങൾ,  സമാനങ്ങൾ ("ഐക്കണുകൾ"); പിന്നെ "സൂചികകൾ"(ഇൻഡക്സ്) അഥവാ എന്നിവയാണ്.

ഫെർഡിനാൻഡ് ഡി സൊസ്സൂർ

ആധുനിക ഭാഷാശാസ്ത്രത്തിന്റെ പിതാവ് എന്ന നിലയിലാണ്, സ്വിസ് ഭാഷാശസ്ത്രജ്ഞനായ ഫെർഡിനാൻഡ് ഡി സൊസ്സൂർ അറിയപ്പെടുന്നത്. ഭാഷയെ ഒരു ചിഹ്ന വ്യവസ്ഥ എന്ന നിലയിൽ ഘടനാപരമായി പഠിക്കുന്ന ഒരു ശാസ്ത്രത്തിനാണ് അദ്ദേഹം തുടക്കമിട്ടത്.  ഭാഷാശാസ്ത്രത്തിന്റെ മാതൃക മനസ്സിൽ വച്ചുകൊണ്ടാണു സൊസ്സൂർ ചിഹ്നങ്ങളെ സമീപിച്ചത്. എന്നാൽ പിയേഴ്സി ചുറ്റുമുള്ള എല്ലാറ്റിനെയും ചിഹ്നങ്ങളായാണു കണ്ടത്. ഭാഷാശാസ്ത്രപരമായ ചിഹ്നമായിരുന്നു സൊസ്സൂറിന്റെ മാതൃക. ഭാഷാ ചിഹ്നങ്ങളെ അദ്ദേഹം സൂചകം എന്നും സൂചിതം എന്നും ഒരു നാണയത്തിന്റെ   രണ്ട് വശങ്ങൾ പോലെ കണ്ടു.     എല്ലാ ചിഹ്നങ്ങളുടെയും അർത്ഥം ‘ആർബിട്രറി' ആണെന്നു സൊസ്സൂർ  അഭിപ്രായപ്പെട്ടു.

ചാൾസ് സാണ്ടേഴ്സ് പിയേഴ്സ്, ഫെർഡിനാന്റ് ഡി സൊസ്സൂർ, റൊളാങ്ങ് ബാർത്ത്, ഉമ്പർട്ടോ എക്കോ, പോൾ ഡി മാൻ, ജൂലിയ ക്രിസ്തേവ തുടങ്ങിയ നിരവധി പേർ ചിഹ്നശാസ്ത്രത്തെ വികസിപ്പിക്കുന്നതിൽ മുഖ്യമായ പങ്കുവഹിച്ചു. 

ചിഹ്നശാസ്ത്രത്തിന്റെ വികാസം

ചിഹ്നശാസ്ത്രത്തിന് നിരവധി ഉപവിഭാഗങ്ങൾ ഉണ്ടായിട്ടുണ്ട്. അവയിൽ സാംസ്കാരികവും സാഹിത്യപരവുമായ ചിഹ്നവിശാസ്ത്രം വളരെ പ്രധാനപ്പെട്ട ഒന്നാണ്.  റോളണ്ട് ബാർത്ത്, മാർസെൽ ഡാനേസി, യൂറി ലോട്ട്മാൻ (ഉദാ. ടാർട്ടു-മോസ്കോ സെമിയോട്ടിക് സ്കൂൾ) തുടങ്ങിയ എഴുത്തുകാരുടെ സൃഷ്ടികളിൽ   സാഹിത്യ ലോകം,  ദൃശ്യമാധ്യമങ്ങൾ, സമൂഹമാധ്യമങ്ങൾ, പരസ്യങ്ങൾ  എന്നിവയെ ചിഹ്നശാസ്ത്രം ഉപയോഗിച്ച്  പരിശോധിക്കുന്നു. ഡ്രീം വർക്കിനെ കുറിച്ചുള്ള ഫ്രോയ്ഡിന്റെ  വിശകലനവും ചിഹ്നശാസ്ത്രസങ്കേതങ്ങളെ പിൻപറ്റുന്നു. നരവംശശാസ്ത്രപഠനങ്ങളിലും ഈ സ്വാധീനം കാണാം. ഫിലിം സെമിയോട്ടിക്സിൽ  ചലച്ചിത്രത്തിലെ വിവിധ കോഡുകളെയും ചിഹ്നങ്ങളെയും കുറിച്ചും അവ എങ്ങനെ മനസ്സിലാക്കാമെന്നതിനെക്കുറിച്ചും ഉള്ള പഠനമാണ്. ക്രിസ്റ്റ്യൻ മെറ്റ്സ്   ഈ  മേഖലയിലെ പ്രധാന   വ്യക്തികളിൽ ഒരാളാണ്.

സോഷ്യൽ സെമിയോട്ടിക്സ്:  ഇതിൽ സ്ലാങ്ങ്, ഫാഷൻ, ടാറ്റൂ, പരസ്യം ചെയ്യൽ തുടങ്ങി എല്ലാ സാംസ്കാരിക കോഡുകളെയും ഉൾപ്പെടുത്തി   വ്യാഖ്യാനിക്കാവുന്ന തരത്തിൽ സെമിയോട്ടിക് ലാൻഡ്സ്കേപ്പിനെ വിപുലീകരിക്കുന്നുണ്ട്. റൊളാങ്ങ്  ബാർത്ത്,  മൈക്കൽ ഹാലിഡേ, ബോബ് ഹോഡ്ജ്, ക്രിസ് വില്യം മാർട്ടിൻ, ക്രിസ്റ്റ്യൻ മെറ്റ്സ് എന്നിവരാണ് ഈ മേഖലയിലെ   പ്രധാന വ്യക്തിത്വങ്ങൾ.

ഘടനാവാദത്തിലും ഉത്തരഘടനാവാദത്തിലും ഉള്ള ചിഹ്നശാസ്ത്രത്തിന്റെ ഇടപെടൽ ഴാക്ക് ഡെറിഡ,  മിഷേൽ ഫുക്കോ, ലൂയിസ് ഹെംസ്ലെവ്, റോമൻ യാക്കോബ്‌സൺ, ഴാക്ക് ലാകാൻ, ക്ലോദ് ലെവി-സ്ട്രോസ്, റൊളാങ്ങ് ബാർത്ത്  എന്നിവരുടെ രചനകളിൽ കാണാം.  

അവലംബം

[തിരുത്തുക]
  1. The Oxford Companion to Philosophy(2005), semotics, p. 864, ed, Ted Honderich, Oxford University Press
"https://ml.wikipedia.org/w/index.php?title=ചിഹ്നശാസ്ത്രം&oldid=3709414" എന്ന താളിൽനിന്ന് ശേഖരിച്ചത്