ബയോ-ഇൻഫർമാറ്റിക്സ്
പരമ്പര |
ശാസ്ത്രം |
---|
വിവര സാങ്കേതികവിദ്യയും ജൈവസാങ്കേതികവിദ്യയും പരസ്പര പൂരകങ്ങളായി വർത്തിക്കുന്ന നൂതന വൈദ്യശാസ്‌ത്രാനുബന്ധ ശാഖയാണ് ബയോ ഇൻഫർമാറ്റിക്സ്. ഭാവിയിൽ സജീവ സാന്നിധ്യം പ്രകടമാക്കുന്ന തരത്തിൽ വിപ്ലവകരമായ പുരോഗതി ബയോ ഇൻഫർമാറ്റിക്സ് നേടിത്തരുമെന്നതിൽ സംശയമില്ല. ആധുനികവും മെച്ചപ്പെട്ടതുമായ ഔഷധങ്ങളുടെ രൂപകൽപ്പനയിലും പൂർണതോതിലുള്ള രോഗശമനം സാധ്യമാക്കുന്ന ചികിൽസാ രീതികൾ പ്രാവർത്തികമാക്കുന്നതിലും മാത്രമല്ല ജീവനെ സംബന്ധിച്ച അടിസ്ഥാന ധാരണ രൂപപ്പെടുത്തുന്നതിൽ പോലും ഒട്ടേറെ സംഭാവനകൾ നൽകുവാൻ ഈ വിഷയത്തിനു കഴിയും.
ഈ നൂറ്റാണ്ടിന്റെ മുന്നേറ്റം ജൈവ സാങ്കേതിക വിദ്യയുടെ സംയോജിത ഗവേഷണങ്ങളുടെ പരിണതഫലമായിരിക്കും. ഗണിതശാസ്‌ത്രം, കംപ്യൂട്ടർ സയൻസും വിവര സാങ്കേതികവിദ്യയും, ജീവശാസ്‌ത്രം എന്നീ പ്രധാന ശാസ്‌ത്രശാഖകളുടെ സംഭാവനകളെ കൂട്ടിയിണക്കുകയാണ് ബയോ ഇൻഫർമാറ്റിക്സ്. അതായത് ഇത് ഒരു ഇന്റർ ഡിസിപ്ലിനറി മേഖലയാണ്. ജീവശാസ്‌ത്രത്തിൽ തന്നെ ഇവിടെ പ്രാധാന്യമർഹിക്കുന്നത് ബയോ കെമിസ്ട്രി, മോളിക്കുലർ ബയോളജി, ജനിറ്റിക് എൻജിനീയറിങ്, ബയോ- സ്റ്റാറ്റിസ്റ്റിക്സ്, ജൈവ സാങ്കേതിക വിദ്യ തുടങ്ങിയ വിഷയങ്ങളാണ്. വിദേശ രാജ്യങ്ങളിലെ കംപ്യൂട്ടേഷണൽ ബയോളജിയും ബയോ ഇൻഫർമാറ്റിക്സിനു തുല്യം തന്നെ.ജൈവ വിവരശേഖരണത്തിലും അപഗ്രഥനത്തിലും ക്ലോണിങ് മുതൽ ജീവജാലങ്ങളിൽ ഉപകാരപ്രദമായ മാറ്റങ്ങൾ വരുത്തുവാനും ജനുസ്സുകൾ കൂട്ടിക്കലർത്തുവാനുമുള്ള സാധ്യതകൾവരെ ഈ രംഗത്ത് തെളിയിക്കപ്പെട്ടുകഴിഞ്ഞു.