നഴ്‌സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നഴ്‌സ്
British woman tending to a baby.jpg
A British nurse caring for a baby
തൊഴിൽ / ജോലി
ഔദ്യോഗിക നാമം Nurse
തരം / രീതി Healthcare professional
പ്രവൃത്തന മേഖല Health care
വിവരണം
അഭിരുചികൾ Caring for general well-being of patients
വിദ്യാഭ്യാസ യോഗ്യത Qualifications in terms of statutory regulations according to national, state, or provincial legislation in each country
തൊഴിൽ മേഘലകൾ *Hospital,

ആരോഗ്യപരിപാലന മേഖലയിലെ ഒരു തൊഴിലാണ് നഴ്‌സിങ്. ആരോഗ്യം വീണ്ടെടുക്കുന്നതിനും നിലനിർത്തുന്നതിനും വ്യക്തികളെയോ, കുടുംബങ്ങളേയോ, സമൂഹത്തെയോ സഹായിക്കുക, ശാക്തീകരിക്കുക എന്നിവയാണ് നഴ്സിങ്ങിൽ ഏർപ്പെട്ടിരിക്കുന്നവരുടെ വിശാല ചുമതലകൾ . രോഗിയുടെ ആവശ്യം നിർണയിച്ച് വളരെ ശാസ്ത്രീയമായാണ് അവർ ശുശ്രൂഷാ-സേവന പദ്ധതികൾ ആവിഷ്കരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നത്. ഡോക്ടറുടെ നിർദ്ദേശാനുസരണം രോഗിക്ക് മരുന്നും ചികിത്സയും നല്കുകയും പരിചരിക്കുകയും ചെയ്യുന്നതിനു പുറമേ ആരോഗ്യം നിലനിർത്തുകയോ വീണ്ടെടുക്കുകയോ ചെയ്യുന്നതിനുവേണ്ട മാർഗങ്ങളെക്കുറിച്ച് രോഗിയെ ബോധവത്കരിക്കുകയും നഴ്സിങ്ങിന്റെ ഭാഗമാണ്.

ചരിത്രം[തിരുത്തുക]

പ്രാചീന സംസ്കാരങ്ങളിൽ മന്ത്രവാദിയും പുരോഹിതനും ഭിഷഗ്വരൻ എന്ന നിലയ്ക്ക് ബഹുമാനിതരായിരുന്നു. എന്നാൽ അക്കാലത്ത് ഭിഷഗ്വരധർമത്തിൽനിന്ന് ഭിന്നമായ നഴ്സിങ് എന്ന സങ്കല്പം രൂപം കൊണ്ടിരുന്നില്ല. ക്രിസ്തുമതത്തിന്റെ പ്രചാരത്തോടെ വ്യക്തിഗതശ്രദ്ധ, ദയ, കാരുണ്യം തുടങ്ങിയ മൂല്യങ്ങൾ പ്രചരിക്കുകയും സമ്പന്നവിഭാഗങ്ങളിൽ നിന്നുള്ള ആളുകൾ കാരുണ്യപ്രവർത്തനങ്ങൾക്ക് സന്നദ്ധരാവുകയും ചെയ്തു. കുടുംബങ്ങൾ കേന്ദ്രീകരിച്ചു നടന്ന ആതുരശൂശ്രൂഷാ പ്രവർത്തനങ്ങളിൽ അക്കാലത്തെ സാമൂഹിക പരിഷ്കർത്താക്കളും പങ്കെടുത്തു. ഭരണകൂടത്തിന്റെ മതേതരവത്കരണത്തിന്റെ ഫലമായി രാഷ്ട്രീയാധികാരം ഉപേക്ഷിക്കേണ്ടിവന്ന ക്രിസ്തുമതം ആതുര സേവാപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നല്കി. വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും സ്ഥാപിച്ചുകൊണ്ട് സ്വാധീനം നിലനിർത്താനാണ് ക്രിസ്തുമതം ശ്രമിച്ചത്. ഇത് വൈദ്യശാസ്ത്ര ഗവേഷണങ്ങൾക്ക് പ്രോത്സാഹജനകമായിരുന്നു. ഭിഷഗ്വരർക്കു പുറമേ ശുശ്രൂഷാ പ്രവർത്തകർ അഥവാ നഴ്സുമാരുടെ വലിയൊരു വിഭാഗത്തെത്തന്നെ ഇത്തരം പ്രവർത്തനങ്ങൾക്കാവശ്യമായിത്തീർന്നു. ക്രമേണ, നഴ്സിങ് ഒരു സ്വതന്ത്ര പ്രവർത്തന മേഖലയും വിജ്ഞാനശാഖയുമായി വികസിക്കുകയാണുണ്ടായത്.

മധ്യയുഗത്തിലെ കുരിശുയുദ്ധങ്ങൾ സൈനിക നഴ്സിങ് വിഭാഗത്തിനു ജന്മം നല്കി. വ്യാവസായികവിപ്ളവവും നഗരവത്കരണവും നഴ്സിങ്ങിന്റെ വളർച്ചയ്ക്ക് വളരെയേറെ സഹായകമായിട്ടുണ്ട്. വൈദ്യശാസ്ത്രരംഗത്തെ പുതിയ കണ്ടുപിടിത്തങ്ങളും രോഗനിർണയ-ശുശ്രൂഷോപകരണങ്ങളുടെ നിർമ്മാണവും അവ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ദ്ധരായ ആളുകളുടെ സേവനം ആവശ്യമാക്കിത്തീർത്തു. ഈ പരിവർത്തനങ്ങൾ നഴ്സിങ്ങിനെ വൈദ്യശാസ്ത്രമേഖലയുടെ അവിഭാജ്യഘടകമാക്കുകയും നഴ്സുമാർ ഡോക്ടർമാരുടെ സഹപ്രവർത്തകർ എന്ന നിലയ്ക്ക് അംഗീകരിക്കപ്പെടുകയും ചെയ്തു.


അസാധാരണ വൈഭവവും സമർപ്പണബോധവും കൊണ്ട് നഴ്സിങ്ങിനെ ഒരു സ്വതന്ത്രശാഖയാക്കുന്നതിൽ ഫ്ളോറൻസ് നൈറ്റിങ്ഗേൽ എന്ന ഇംഗ്ളീഷ് വനിത വഹിച്ച പങ്ക് സ്തുത്യർഹമാണ്. ഇവർ രചിച്ച നോട്സ് ഓൺ ഹോസ്പിറ്റൽസ്, നോട്സ് ഓൺ നഴ്സിങ് എന്നീ കൃതികൾ നഴ്സിങ്ങിന്റെ അടിസ്ഥാന മാർഗനിർദ്ദേശ രേഖകളായി ദീർഘകാലം പരിഗണിക്കപ്പെട്ടിരുന്നു. ഈ രംഗത്തെ സംഭാവനകളെ പുരസ്കരിച്ചുകൊണ്ട് 1907-ൽ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ രാജകീയ ബഹുമതിയായ 'ഓർഡർ ഒഫ് മെറിറ്റ്' ഇവർക്കു ലഭിച്ചു. ഇത് നഴ്സിങ്ങിന്റെ പൊതുജനസമ്മതിക്കും പ്രചാരത്തിനും വളരെയേറെ സഹായിച്ചിട്ടുണ്ട്. രാഷ്ട്രത്തിന്റെ ആരോഗ്യ രഹസ്യം കുടുംബങ്ങളിലാണ് എന്ന് ആഹ്വാനം ചെയ്തത് ഫ്ളോറൻസ് നൈറ്റിങ്ഗേൽ ആണ്.

ഇന്ത്യയിൽ[തിരുത്തുക]

ഇന്ത്യയിൽ ആയുർവേദത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിൽ പ്രാചീന കാലത്തെ നഴ്സിങ്ങിനെക്കുറിച്ചു ചർച്ച ചെയ്യുന്നുണ്ട്. ഭിഷഗ്വരൻ, രോഗി, ശുശ്രൂഷകൻ അഥവാ നഴ്സ് എന്നിവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച്, ശുശ്രുതൻ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 19-ാം ശ.-ത്തിലാണ് ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ആശുപത്രികൾ സ്ഥാപിതമാകുന്നത്. സിവിലിയൻ ആശുപത്രികളിൽ നഴ്സിങ് ജോലികൾ നിർവഹിച്ചിരുന്നത് മിക്കവാറും യൂറോപ്യൻ മിഷണറിമാരായിരുന്നു. രോഗികളെ കിടത്തി ചികിത്സിക്കുന്ന ആശുപത്രികൾ നിലവിൽവന്നതോടെ സൂതികാ (midvives) പരിശീലനം ആവശ്യമായിത്തീർന്നു. കൊൽക്കത്തയിലും മദ്രാസിലും ആരംഭിച്ച പരിശീലന കേന്ദ്രങ്ങളിൽ വിദേശമിഷണറി പ്രവർത്തകരാണ് ആദ്യമൊക്കെ അഭ്യസിച്ചത്. ക്രമേണ സ്വദേശികളും ഈ സ്ഥാപനത്തിൽനിന്ന് പരിശീലനം നേടിത്തുടങ്ങി. ദക്ഷിണേന്ത്യൻ മെഡിക്കൽ മിഷണറി അസോസിയേഷൻ 1911-ൽ ഒരു നഴ്സിങ് കമ്മിറ്റിക്കു രൂപം നല്കി. പരിശീലന കാലയളവും പാഠ്യപദ്ധതിയും നിർണയിക്കുന്നത് ഈ കമ്മിറ്റിയുടെ ചുമതലയായിരുന്നു. ഇന്ത്യയിൽ, അടിസ്ഥാന നഴ്സിങ് പഠനപദ്ധതിയായ 'നഴ്സിങ് ആൻഡ് മിഡ് വൈഫറി' കോഴ്സ് (General Nursing & Midwifery Course) ഒരു ത്രിവത്സര പദ്ധതിയാണ്. കോളജ് ഒഫ് നഴ്സിങ്; ന്യൂഡൽഹി, ക്രിസ്റ്റ്യൻ മെഡിക്കൽ കോളജ്; വെല്ലൂർ എന്നിവിടങ്ങളിലാണ് നഴ്സിങ്-ഭരണനിർവഹണം, മേൽനോട്ടം, അധ്യാപനം എന്നീ വിഷയങ്ങളിൽ പോസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സുകൾ ആദ്യമായി ആരംഭിച്ചത്. ചതുർവർഷ ബിരുദ കോഴ്സ് ആദ്യമായി തുടങ്ങിയതും ന്യൂഡൽഹി, വെല്ലൂർ എന്നീ നഴ്സിങ് കോളജുകളിൽത്തന്നെ. 1960-ൽ ഇവിടെ ദ്വിവത്സര നഴ്സിങ് ബിരുദാനന്തര ബിരുദ കോഴ്സും ആരംഭിച്ചു. 1963-ൽ കേരളത്തിൽ തിരുവനന്തപുരത്ത് സ്കൂൾ ഒഫ് നഴ്സിങ് സ്ഥാപിതമായി. ഇപ്പോൾ ഇതര വൈജ്ഞാനിക മേഖലകളെപ്പോലെത്തന്നെ നഴ്സിങ്ങിലും ബിരുദാനന്തരബിരുദം, എം.ഫിൽ, പിഎച്ച്.ഡി. ബിരുദങ്ങളും നിലവിലുണ്ട്.


രജിസ്ട്രേഷൻ[തിരുത്തുക]

ഇന്ത്യയിൽ 1926-ൽ മദ്രാസിലാണ് ആദ്യമായി ഒരു രജിസ്ട്രേഷൻ കൗൺസിൽ രൂപീകൃതമായത്. 1947-ൽ നിലവിൽവന്ന ഇന്ത്യൻ നഴ്സിങ് കൗൺസിലാണ് സംസ്ഥാനങ്ങളിലെ നഴ്സിങ് വിദ്യാഭ്യാസ-പരിശീലന സ്ഥാപനങ്ങളെ ഏകീകരിക്കുകയും മാനകീകൃതമായ വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുന്നത്. ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും നഴ്സിങ് കൌൺസിലുകൾ നിലവിൽ വന്നിട്ടുണ്ട്. എന്നിരുന്നാലും സംസ്ഥാന നഴ്സിങ് സ്ഥാപനങ്ങൾ ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും അനുസരിക്കാൻ ബാധ്യസ്ഥമാണ്. കൂടാതെ ട്രെയ്ൻഡ് നഴ്സസ് അസോസിയേഷനും ഈ രംഗത്തു പ്രവർത്തിക്കുന്നുണ്ട്. പ്രസ്തുത സംഘടന നഴ്സിങ് ജേർണൽ ഒഫ് ഇന്ത്യ എന്ന ഒരു മാസികയും പ്രസിദ്ധീകരിക്കുന്നുണ്ട്. വൈദ്യശാസ്ത്ര രംഗത്ത് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഫലമായി നഴ്സിങ് മേഖലയിലും വൻതോതിലുള്ള വിശേഷവത്കരണം നടക്കുന്നുണ്ട്.

ഇന്ന് നഴ്സിങ് രംഗത്ത് തൊഴിൽ അവസരങ്ങൾ വളരെ കൂടുതലാണ്. ഹോസ്പിറ്റൽ നഴ്സിങ് സർവീസ്, ട്രെയിനിങ് ഇൻ നഴ്സിങ്, മിലിട്ടറി നഴ്സിങ്, കമ്യൂണിറ്റി ഹെൽത്ത് നഴ്സിങ്, നഴ്സിങ് ഇൻ റെഡ് ക്രോസ്, പ്രൈവറ്റ് ഡ്യൂട്ടി നഴ്സിങ് തുടങ്ങിയ വിവിധ ശാഖകളിലായി തൊഴിലവസരങ്ങൾ വ്യാപകമായിട്ടുണ്ട്. അടിസ്ഥാന യോഗ്യതയും പരിശീലനവും സിദ്ധിച്ച നഴ്സുമാർക്ക് വിദേശരാജ്യങ്ങളിൽ തൊഴിലവസരങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. വിദേശ ചോദനത്തിനനുസൃതമായി നഴ്സിങ് വിദ്യാഭ്യാസ മേഖല ത്വരിതഗതിയിലുള്ള മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു

അന്താരാഷ്ട്ര നേഴ്‍സിങ് ദിനം[തിരുത്തുക]

മെയ് മാസം 12 ന് അന്താരാഷ്ട്ര നേഴ്‍സിങ് ദിനമായി ആചരിക്കുന്നു. നഴ്‌സിങ്ങ് പ്രസ്ഥാനം ആരംഭിച്ച ഫ്ളോറൻസ് നൈറ്റിങ്ഗേലിന്റെ ജന്മദിനമാണ് അന്ന്.[1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  • Parks Text Book of Preventive and Social Medicine,19th Ed, Page:534 ( "The secret of national health lies in the homes of the people")
  1. "International Nurses Day".
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ %E0%B4%A8%E0%B4%B4%E0%B5%8D_%E0%B4%B8%E0%B4%BF%E0%B4%99%E0%B5%8D എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നഴ്‌സിങ്&oldid=3324639" എന്ന താളിൽനിന്ന് ശേഖരിച്ചത്