മാവിലർ
കാസർഗോഡ് ജില്ലയിലും, കണ്ണൂർ ജില്ലയിലും ഉള്ള ആദിവാസിവിഭാഗമാണ് മാവിലർ. ഹോസ്‌ദുർഗ്, വെള്ളരിക്കുണ്ട് താലുക്കുകളിലാണ് ഇവരെ കൂടുതലായി കണ്ടുവരുന്നത്. തുളുവും മലയാളവും ഇടകലർന്ന ഭാഷയാണ് ഇവർ ഉപയോഗിക്കുന്നത്. 1981-ലെ കാനേഷുമാരിക്കണക്കു പ്രകാരം 16,362 ആണ് മാവിലരുടെ ജനസംഖ്യ. ഭരണഘടന 19 -ആം ഉത്തരവു പ്രകാരം പട്ടികജാതിയിൽ പെടുന്നു മാവിലർ. തുളുമാവിലർ (തുളുമർ), ചിങ്ങത്താന്മാർ എന്നിവർ മാവിലരിലെ ഉപവിഭാഗങ്ങളാണ്. പച്ചമരുന്നു ശേഖരിക്കുക, ചൂരലും മുളയും ഉപയോഗിച്ച് ഉപകരണങ്ങൾ നിർമ്മിക്കുക, കൃഷിയിടങ്ങളിൽ കൂലിവേല ചെയ്യുക തുടങ്ങിയവയാണ് മാവിലസമുദായത്തിന്റെ പരമ്പരാഗതതൊഴിൽ. 'മാവിലവ്' എന്ന പച്ചമരുന്നിന്റെ പേരിൽനിന്നാണ് ഇവർക്ക് ഈ പേർ ലഭിച്ചത്. പരമ്പരാഗത തെയ്യം കലാകാരന്മാരുമാണ് ഇവർ. വീരഭദ്രനാണ് മാവിലരുടെ സമുദായദേവത. 36 തറവാടുകളിൽ പെടുന്നവരാണ് മാവിലകുടുംബങ്ങൾ.
ചരിത്രം
[തിരുത്തുക]പ്രാചീനകാലം മുതൽ തന്നെ മലനിരകളിൽ ജീവിതം നയിച്ച ആദിവാസികളാണ് പിന്നീട് ചെറുമൻ എന്നും മാവിലൻ എന്നും അറിയപ്പെടുന്നത്[1]. വേട്ടയാടിയും കാട്ടുകിഴങ്ങുകൾ ഭക്ഷിച്ചും ഇവർ പിന്നീട് കാർഷികവൃത്തിയിലേക്കു തിരിയുകയുണ്ടായി. വേട്ടയാടലിനു പുറമേ കാട്ടിൽതന്നെ ഇവർ ചെറിയതോതിലുള്ള കൃഷികളും ചെയ്തു വന്നിരുന്നു. കാലക്രമേണ ഉയർന്ന ജാതിക്കാർ ഇവരെ അടിമകളാക്കുകയും വിൽക്കുകയും പാട്ടത്തിനു നൽകുകയും ചെയ്തു.[1] ഈ വിഭാഗക്കാർക്ക് ഭൂമിയുടെ സ്ഥിരാവകാശം ലഭിക്കുന്നത് 1957 മുതലാണ്. ജന്മിമാർ പറയുന്ന ഇടങ്ങളിൽ മാറിമാറി താമസിച്ചാണ് അതുവരെ ഇവർ കഴിഞ്ഞിരുന്നത്. മാവിലന്മാർ ബന്തടുക്ക ആസ്ഥാനമാക്കി തുളുനാട് ഭരിച്ചിരുന്നവരായിരുന്നു എന്നും പറയപ്പെടുന്നു.[2]
- പേരിനു പിന്നിൽ
സമുദായത്തിന് മാവിലൻ എന്ന പേരു വന്നതിനെ പറ്റി പല അഭിപ്രായഭേദങ്ങൾഉം നിലനിൽക്കുന്നു. മുമ്പ് ചെറുമൻ എന്ന പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്.[1] കേരളത്തിൽ ഭരണം നടത്തിയിരുന്ന ചേരമാന്റെ ആൾക്കാർ എന്ന നിലയിലാണ് ആ പേരു വന്നതെന്ന ഒരഭിപ്രായം പ്രബലമാണ്. മാവിലൻ എന്നത് ഒരു വ്യക്തിയുടെ പേരാണെന്നും, ചെറുമൻമാരിൽ പ്രധാനിയായ അദ്ദേഹത്തോടുള്ള ബഹുമാനപുരസരമാണ് ജാതിപ്പേരു തന്നെ മാവിലൻ എന്നായതെന്നും മറ്റൊരഭിപ്രായവും നിലവിലുണ്ട്. മാവിലെ ചെറോൻ എന്നും ഇവർ അറിയപ്പെട്ടിരുന്നുവത്രേ. ആദ്യകാലത്ത് മാവിന്റെ ഇല വസ്ത്രമായി ഉപയോഗിച്ചതിനാലാണ് മാവിലൻ എന്ന പേരു വീണതെന്ന നിഗമനവും ഉണ്ട്. അതിലുപരിയായി പറഞ്ഞുകേൾക്കുന്നത്, 'മാവിലവ്' എന്ന പച്ചമരുന്നിന്റെ നിന്നാണ് മാവിലൻ എന്ന പേരു വന്നതെന്നാണ്.
മാവിലൻ എന്ന വാക്കിന്റെ ഉത്ഭവം മേരർ എന്നതിൽ നിന്നാണെന്നും, മേര എന്നത് മൗര്യർ എന്നതിന്റെ മറ്റൊരു രൂപമാണെന്നും ഒരു അഭിപ്രായം നിലവിലുണ്ട്.[2]
മറ്റൊരു നിഗമനം അനുസരിച്ച് ചാമയും അരിയും കൃഷിചെയ്തിരുന്ന ഇവർ അരിമാവും ചാമമാവും ഉണ്ടാക്കാനായി നിയോഗിക്കപ്പെട്ടിരുന്നവരായിരുന്നതിനാൽ മാവിലാൻ എന്നു വിളിക്കപ്പെട്ടിരുന്നു എന്നു പറയപ്പെടുന്നു.[2]
ജീവിതക്രമം
[തിരുത്തുക]ഭൂവുടമസ്ഥർ കൂലിയായി പലപ്പോഴും ഭക്ഷണവും നെല്ലും മാത്രമായിരുന്നു കൊടുത്തുപോന്നിരുന്നത്. തുച്ഛമായി കിട്ടുന്ന ഭക്ഷണത്തിനു പുറമേ നര, ചാവ, കേത, കുരുണ്ട്, വെണ്ണി, കായൽ (മുള), ഓട (മുള പോലെയുള്ള മറ്റൊരു സസ്യം - ഓടക്കുഴലുണ്ടാക്കുന്നത് ഇതുപയോഗിച്ചാണ്) എന്നിവയുടെ കണലകളും (ഇളം കൂമ്പ്) നീറ് എന്നറിയപ്പെടുന്ന ഉറുമ്പിനേയും ഭക്ഷിച്ചിരുന്നു. നായാട്ട് പ്രധാന ജീവിതോപാധിയായിരുന്നതിനാൽ നായാടിക്കിട്ടുന്ന കാട്ടിറച്ചികളും ഭക്ഷിക്കുമായിരുന്നു. നായ പണ്ടുമുതലേ ഇവരുടെ വളർത്തുമൃഗമാണ്. ശിവഭക്തരായിരുന്ന ഇവർ കരിങ്കല്ലിനെ ആരാധിച്ചുവന്നിരുന്നു. പുനംകൃഷിയിൽ വളരെ പ്രാഗൽഭ്യമുള്ളവരാണു മാവിലർ. ആദ്യകാലങ്ങളിലിവർ കൂട്ടു കുടുംബമായാണു താമസിച്ചിരുന്നത്. കൂട്ടത്തിലെ ഏറ്റവും പ്രായം കൂടിയ ആണായിരിക്കും മൂപ്പൻ. എങ്കിലും ജന്മിമാരുടെ താല്പര്യപ്രകാരമാണു മൂപ്പനെ നിശ്ചയിക്കുന്നത്. മൂപ്പന്മാർ കിരാകൻ എന്നും ചിങ്കം എന്നും അറിയപ്പെട്ടിരുന്നു. പച്ചമരുന്ന്, മന്ത്രവാദം, തെയ്യം എന്നിവയിലെല്ലാം അഗ്രഗണ്യരായിരിക്കും മൂപ്പൻമാർ. ആദ്യകാലത്ത് ഗുഹകളിൽ താമസിച്ചിരുന്ന ഇവർ പിന്നീട് പുല്ലുമേഞ്ഞ വീടുകളിലേക്കു മാറുകയായിരുന്നു. ഇന്ന് സർക്കാർ വക കോളനികളായി ഇവർക്കു സ്ഥലം പതിച്ചു നൽകിയിരിക്കുന്നു. ആദ്യമൊക്കെ ഇവരുടെ സമൂഹത്തിൽ സ്ത്രീകൾക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നുവെങ്കിലും ക്രമേണ അതു കുറഞ്ഞുവന്നില്ലതെയായി. വിവാഹസമയത്ത് പുരുഷധനം നൽകിപ്പോന്നിരുന്നു. കല്യാണക്കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് മൂപ്പനും കാരണവന്മാരുമായിരിക്കും.
- വിവാഹം
മാതാപിതാക്കൾക്ക് മക്കളുടെ കല്യാണക്കാര്യത്തിൽ പരിമിതമായ അധികാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുനത്തിൽ പൊതികെട്ടിവെച്ച നെല്ലിൽ നിന്നും നാലുപൊതി നെല്ല് മൂപ്പന്റെ ആജ്ഞപ്രകാരം മാറ്റിവെയ്‌ക്കുന്നയാൾക്ക് കല്യാണപ്രായമായതായി കണക്കാക്കി വന്നിരുന്നു.കല്യാണത്തിന് വയസ്സൊരു പ്രശ്നമായിരുന്നില്ല. പെൺകുട്ടികൾക്ക് 7 നും 11 നും ഇടയിലായിരിക്കും പ്രായം പുരുഷന്മാർക്ക് 16 മുതൽ 19 വരെയൊക്കെയാവാം. വിവാഹം നടക്കുന്ന കാര്യം ജന്മിയെ അറിയിക്കേണ്ടതുണ്ട്. മൂപ്പനും കൂട്ടരുമാണ് പെണ്ണുകാണാൻ പോവുക. ചെറുക്കന്റെ സൗകര്യപ്രകാരം രണ്ടു വർഷം വരെയൊക്കെ പെൺവീട്ടുകാർ കാത്തിരിക്കാൻ ബാധ്യസ്ഥരാണ്. എന്തെങ്കിലും കാരണത്താൻ ചെറുക്കൻ പിൻമാറുകയാണെങ്കിൽ മൂന്നാൻ ആ പെണ്ണിനെ സ്വീകരിക്കാൻ ബാധ്യസ്ഥനാണ്. തുലാം മാസത്തിലെ വാവിന് അഞ്ചുവെറ്റില, ഒരടക എന്നിവ പെണ്ണിന്റെ വീട്ടിലെ കാരണവർക്കു നൽകണം. തുലാം മാസം അവസാനം അരിമോതിരം പിടിക്കൽ എന്ന ചടങ്ങു നടക്കുന്നു. 10 അടക്ക, 5 കെട്ടുവെറ്റില ( ഒരു കെട്ടിൽ 25 വെറ്റിലകൾ ഉണ്ടാവും) രണ്ടര നാഴി അരി എന്നിവ പെണ്ണിന്റെ വീട്ടിലെത്തിച്ച് കല്യാണ തീയതി നിശ്ചയിക്കുന്ന ചടങ്ങാണിത്. പിന്നീട് കഞ്ഞിയും കാണവും എന്ന ചടങ്ങാണ്. നാലുമുതൽ പത്തുവരെ പൊതി നെല്ല് പുരുഷധനമായി(കാണം) നൽകുന്ന ചടങ്ങാണിത്. സാധാരണയായി വൃശ്ചികം, ധനു മാസങ്ങളിലാണ് വിവാഹം നടക്കുക. മാവിലരുടെ വിവാഹത്തിന് മംഗലം കളി ഒഴിച്ചുകൂടാനാവാത്ത ചടങ്ങായിരുന്നു. തലേന്നാൾ വരന്റെ വീട്ടിൽ നിന്നും വിവാഹപാർട്ടി പോകുന്നു. വധുവിന്റെ വീടിനടുത്ത് എത്തിയാൽ വെടി പൊട്ടിക്കണം. തുളു പാട്ടു പാടിയും തുടികൊട്ടിക്കൊണ്ടുമായിരുന്നു പാർട്ടി പോയിരുന്നത്. വധുവിന്റെ വീട്ടിൽ വരന്റേയും കൂടെ വന്നവരുടേയും മംഗലംകളി പാതിരാത്രി വരെ നീണ്ടു നിൽക്കും. വധുവിന്റെ വീട്ടിലെ കാരണവർ, കന്യകയുടെ ദേഹത്ത്മഞ്ഞൾ ചേർത്തുണ്ടാക്കിയ എണ്ണയുംശിരസ്സിൽ താളിയും തൊട്ടുവെയ്ക്കുന്നു. തുടർന്ന്, കുടുംബത്തിലെ പ്രായമുള്ളവരൊക്കെയും ഇതാവർത്തിക്കുന്നു. പിന്നീട് നാത്തൂന്മാർ കന്യകയെ വെള്ളമൊഴിച്ച് കുളിപ്പിച്ച്, ശിരോവസ്ത്രം ധരിപ്പിച്ച് കുടിലിന്റെ അകത്ത് പായയിൽ പെണ്ണിനെ ഇരുത്തുന്നു. പിറ്റേദിവസം മാതാപിതാക്കളും ഇണങ്ങത്തിമാരും (സമീപസ്ഥർ) ചേർന്ന് പെൺകുട്ടിയെ ദീപത്തോടെ കല്യാണപന്തലിൽ കൊണ്ടുവരുന്നു. വരൻ കൊണ്ടുവന്ന കണിവെറ്റിലയും അടക്കയും കാല്പണവും കാർന്നോർക്ക് നൽകി കാൽതൊട്ടുവന്ദിക്കണം. പിന്നീട് ആളുകളുടെ മധ്യത്തിൽ വെച്ച് കന്യക പുടവ സ്വീകരിക്കുന്നു, ഇതോടൊപ്പം തുടികൊട്ടി പാടുകയും ചെയ്യും.[3]
- മരണം
സമുദായത്തിലൊരാൾ മരിച്ചാൽ വേണ്ടപ്പെട്ടവരെയൊക്കെ അറിയിക്കുന്നു. ശവശരീരം കുളിപ്പിക്കുന്ന ചടങ്ങ് പ്രധാനമാണ്. ആദ്യകാലങ്ങളിൽ ദൂരെ ആൾസഞ്ചാരമില്ലാത്ത ഇടങ്ങളിൽ കൊണ്ടുപോയി ദഹിപ്പിക്കുകയായിരുന്നു പതിവ്. ഇപ്പോൾ അതു മാറി, സ്വന്തം പറമ്പിൽ തന്നെ ദഹിപ്പിച്ചു വരുന്നു. ദഹിപ്പിക്കുന്ന സ്ഥലത്തെ മൈതാനം എന്നോ പൂത്ത എന്നോ ചുടുകാട് എന്നോ വിളിക്കുന്നു. ചെറിയ കുട്ടികൾക്കും സ്ത്രീകൾക്കും ചുടുകാട്ടിലേക്കു പ്രവേശനമില്ല. മൂന്നാം ദിവസമാണ് തെളിപ്പ് എന്ന ചടങ്ങ്. അന്നു മരിച്ച വ്യക്തിക്ക് അന്നം കൊടുക്കുന്ന ബലിയിടൽ ചടങ്ങു നടക്കുന്നു. 12 ആം ദിവസമാണ് അടിയന്തരം നടത്തുക. ആദ്യമൊന്നും നാൽപ്പത്തിയൊന്ന് എന്ന ചടങ്ങ് ഉണ്ടായിരുന്നില്ല; എന്നാൽ ഇപ്പോൾ പലയിടങ്ങളിലും അതു കണ്ടു വരുന്നുണ്ട്. മറ്റു ജാതിക്കാരിൽ നിന്നും കടം കൊണ്ടതാണീ ആചാരം എന്നു കരുതേണ്ടിയിരിക്കുന്നു.
- തിരണ്ടുകല്യാണം
കുടുംബത്തിൽ ഒരു പെണ്ണ് ആദ്യമായി ഋതുമതിയായാൽ നടത്തുന്ന ചടങ്ങാണ് തിരണ്ടുകല്യാണം. ഇതു വലിയൊരു ആഘോഷമാണിവർക്ക്. ഏഴു ദിവസം പെണ്ണ് വീട്ടിനകത്തു കഴിയണം. പുരുഷൻമാരാരും പെണ്ണിനെ ആ സമയത്ത് കാണാൻ പാടില്ല. ഋതുമതിയായതറിഞ്ഞാൽ ആ വീട്ടിലെ ഉലക്കയുടെ തല ഭാഗത്ത് അല്പം നെല്ലു കെട്ടി വെയ്‌ക്കണം. അടിമസ്ഥാനത്തേക്ക് പണം വെയ്‌ക്കുകയും കാരണവന്മാർക്ക് കാണിക്ക വെയ്ക്കുകയും ചെയ്യണം. നാലാം ദിവസമോ ഏഴാം ദിവസമോ ആണു തിരണ്ടുകല്യാണം നടത്തുക. വേണ്ടപ്പെട്ടവരെ വിളിച്ച് സദ്യകൊടുക്കുന്ന ചടങ്ങാണിത്. തുടികൊട്ടിപ്പാട്ട് അന്നേ ദിവസം ഉണ്ടാവും. ചെറിയൊരു കല്യാണ ചട്ടവട്ടങ്ങൾ തന്നെയാണിതിന്റെ ഒരുക്കങ്ങൾ.
- പത്താവതം
തുലാം മാസം പത്താം തീയതി മാവിലർ ഇഷ്ടദൈവങ്ങൾക്ക് നൈവേദ്യങ്ങൾ അർപ്പിച്ച് പ്രാർത്ഥിക്കുന്ന ചടങ്ങാണ് പത്താവതം. പത്താം ഉദയം എന്നത് ലോപിച്ചാണ് പത്താവതം ഉണ്ടായത്. സംക്രമദിവസങ്ങളിലും ഈ ചടങ്ങുകൾ ആവർത്തിക്കാറുണ്ട്. പലയിടങ്ങളിലും ഇപ്പോൾ ഇതു തെയ്യത്തിനുകൊടുക്കൽ എന്നും അറിയപ്പെടുന്നു. അന്നേ ദിവസം ആരാധനാ കേന്ദ്രത്തിൽ എല്ലാവരും ഒത്തുചേരുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്നു.
വേഷവിധാനം
[തിരുത്തുക]ആദ്യകാലങ്ങളിൽ മരങ്ങളുടെ ഇലകൾ കോർത്തുകെട്ടിയാണ് വസ്ത്രമായി ഉപയോഗിച്ചിരുന്നത്. അന്നു കാടുകളിൽ സുലഭമായി ഉണ്ടായിരുന്ന മാവിന്റെ ഇലകൾക്കായിരുന്നു പ്രാമുഖ്യം. കാലക്രമേണ വസ്‌ത്രങ്ങൾ ധരിക്കാൻ തുടങ്ങി. മുട്ടോളമെത്തുന്ന ഒരുകൊച്ചു തോർത്തുമുണ്ടും കവുങ്ങിൻ പാള കൊണ്ടുണ്ടാക്കിയ ഒരു തൊപ്പിയുമാണ് പ്രധാന വേഷം. പളത്തൊപ്പിക്കുള്ളിൽ തണുപ്പുനൽകാൻ ഉതകുന്ന ചില മരങ്ങളുടെ ഇലകളും ചിലപ്പോൾ വെയ്‌ക്കാറുണ്ട്. പേരയിലയോ, ചിലപ്പോൾ മറ്റുചില കാടുചെടികളുടെ ഇലകളോ ആയിരിക്കും ഇതിനായി ഉപയോഗിക്കുക. അരയിൽ തൊടങ്കൽ ഉണ്ടാവും. തൊടങ്കൽ എന്നാൽ അല്പം നീളമുള്ള കത്തി(വാക്കത്തി) തൂക്കിയിടാൻ പറ്റുന്ന ഒരു അരപ്പട്ട(belt)യാണ്. അരയ്‌ക്കുമുമ്പിൽ കെട്ടിവെയ്‌ക്കാൻ പറ്റുന്ന രീതിയിൽ ഉള്ളതും പുറകുവശത്ത് കത്തി കൊളുത്തിയിടാൻ പറ്റുന്ന ഒരു ഇരുമ്പുകൊളുത്തുള്ളതുമായ അരപ്പട്ടയാണിത്.
സ്ത്രീകൾ മുണ്ടുകൊണ്ടുള്ള കുച്ചാണ്ടം(മേൽമുണ്ട്) കെട്ടിയാണു നടക്കുക. തലയിൽ പാളത്തൊപ്പി ഇവരും ധരിക്കാറുണ്ട്. വിവാഹശേഷം കഴുത്തിൽ നിറയെ കല്ലുമാലകളൂം കയ്യിൽ നിറയെ അലുമിനിയം വളകളും ഇവർ ധരിക്കുന്നു. വിരലുകളിൽ ഇരുമ്പുമോതിരങ്ങളും ധരിച്ചു വന്നിരുന്നു. കാതിൽ ഓല ചുരുട്ടി കടുക്കനിട്ടിരിക്കും. വലിയ വട്ടത്തിലുള്ള തുളകളായിരിക്കും ചെവിയിൽ ഉണ്ടായിരിക്കുക. ചെരിപ്പു ധരിക്കാറില്ല. എങ്കിലും ഒറ്റമൂലിയായി ഉപയോഗിക്കുന്ന ആലം എന്ന മരത്തിന്റെ തോൽ എടുത്ത് അതിൽ ചരട് കെട്ടി ചെരുപ്പായി ഉപയോഗിച്ചു വന്നിരുന്നു. തെങ്ങിന്റെ മടലും ഇതിനായി ഉപയോഗിച്ചു വന്നിരുന്നു. സ്ത്രീകളും മുണ്ടുടുക്കുന്നത് മുട്ടോളം മാത്രമേ എത്തുകയുള്ളൂ. മടിശീല വളരെ നീട്ടിയിരിക്കും. മുറുക്കാനും മറ്റു അത്യാവശ്യ സാധനങ്ങളും ഈ മടിശീലയിൽ ആണു വെയ്‌ക്കുക. എത്ര വലിയ ആഘോഷങ്ങളായാലും ഇതായിരിക്കും ഇവരുടെ വേഷം.
സമീപകാലത്ത് ഇവരുടെ വേഷവിധാനങ്ങളിൽ സമൂലമായ പരിഷ്‌കാരങ്ങൾ വന്നു. ഇപ്പോൾ പഴയ തലമുറയിലെ ആളുകളെ മാത്രമേ അങ്ങനെ കാണാൻ പറ്റുകയുള്ളൂ.
ഭാഷ
[തിരുത്തുക]മാവിലൻ സമുദായത്തിലെ അംഗങ്ങൾ തുളുവിനോട് ഏറെ സാമ്യമുള്ള ഒരു ഭാഷയാണു സംസാരിച്ചുവരുന്നത്. പ്രത്യേക ലിപിയൊന്നും തന്നെ ഈ ഭാഷയ്‌ക്കില്ല. തമിഴ്, കന്നഡ, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലെ പദങ്ങളും പ്രയോഗങ്ങളും ഈ ഭാഷയിൽ ധാരാളമായി കണ്ടുവരുന്നു. പ്രാകൃതമായ തുളുവായിരിക്കാമിതെന്ന് അനുമാനിക്കപ്പെടുന്നു[4]. അമ്മയെ അപ്പാ എന്നും അച്ഛനെ അമ്മാ എന്നുമാണിവർ വിളിക്കുന്നത്. ചേട്ടനെ അണ്ണനെന്നും ചേച്ചിയെ അക്ക എന്നും വിളിക്കുന്നു. അതുപോലെ അനുജനെ മെക്യൻ എന്നും അനുജത്തിയെ മെക്‌ദിയെന്നും വിളിക്കുന്നു. മാവിലർ പരസ്പരം കാണുമ്പോഴും അവരുടെ വീടുകളിലും ഇന്നും അവരീ ഭാഷ തന്നെയാണു സംസാരിക്കുന്നത്. എന്നാൽ മറ്റുള്ളവരുമായി മലയാളത്തിലഅണ് ആശയവിനിമയം നടത്തുന്നത്. പുതിയ തലമുറയിലെ ആൾക്കാർ ഇപ്പോൾ മലയാളത്തോടാണ് ആഭിമുഖ്യം പുലർത്തുന്നത്. എങ്കിലും ഈ ഭാഷയേയും തനിമയേയും പൂർണമായി തള്ളിക്കളയാൻ അവർക്കും ആയിട്ടില്ല.
തെയ്യം
[തിരുത്തുക]ഇവർക്കു മാത്രമായല്ലാതെ തന്നെ അന്യസമുദായക്കാരുടെ ഇടയിലും മാവിലർ തെയ്യം കെട്ടാറുണ്ട്. മികച്ച തെയ്യക്കാരങ്കൊടക്കാരൻ, ചിങ്കം, ചേരിക്കല്ല് എന്നീ ആചാരപ്പേരുകൾ നൽകിവരുന്നു. മുക്രിപോക്കർ, കോയിമമ്മദ്, ആലിച്ചാമുണ്ഡി, കലന്തൻ മുക്രി തുടങ്ങി ഒട്ടേറെ മാപ്പിളതെയ്യങ്ങളും ഇവർ കെട്ടുന്നു. ചെണ്ടയേക്കാൾ കൂടുതൽ തുടിയാണിവർ തെയ്യത്തിന് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ തുടിയുടെ കൂടെ ചെണ്ടയും കൂടുതലായി ഉപയോഗിച്ചു വരുന്നു. കാർന്നോൻ തെയ്യം, മുത്താരൻ തെയ്യം എന്നിവ പല തറവാടുകളിലും ഇവരെ കൊണ്ട് ആടിക്കാറുണ്ട്. മരിച്ചുപോയ മുത്തച്ഛൻ ഈ തെയ്യത്തിലൂടെ തങ്ങൾക്കു മുമ്പിൽ തിരിച്ചെത്തുന്നതാണു സങ്കൽപ്പം.[3]
ഒന്നു കുറേ നാല്പത്ത് തെയ്യങ്ങൾ (മുപ്പത്തി ഒമ്പതു തെയ്യങ്ങൾ) എന്നാണ് ഈ തെയ്യങ്ങൾ അറിയപ്പെടുന്നത്. ഈ മുപ്പത്തിയൊമ്പത് തെയ്യങ്ങളിൽ പ്രധാനപ്പെട്ടവ കൊടുവളാൻ, കാട്ടുമടന്ത, കരിമണൽ ചാമുണ്ഡി, മലങ്കുറത്തി, തറുകണ്ടൻ, ചിങ്ങത്താർ വീരൻ, വീരമ്പിനാർ മുതലാൾ, ചട്ടിയൂർ ഭഗവതി, കാരണോൻ തെയ്യം, മൂത്താരൻ, വനഭൂതം, പഞ്ചുരുളി, കല്ലുരുട്ടി, പരതാളി, കരിംചാമുണ്ഡി, കാപ്പാളത്തി, ആട്ടക്കാരി, പോത്താളൻ, അണങ്ങ് മനപ്പന, മന്ത്രമൂർത്തി, പന്നിവീരൻ, അണ്ണപഞ്ചുരുളി, നട്ടടുക്കം തെയ്യം, ആലിച്ചാമുണ്ഡി, മുക്രി പോക്കർ, കലന്തൻ മുക്രി, കോയി മമ്മദ് തുടങ്ങിയവയാണ്.[3]
കലാരൂപങ്ങൾ
[തിരുത്തുക]തെയ്യം കൂടാതെ മാവിലരുടെ ഇടയിൽ കണ്ടുവരുന്ന മറ്റൊരു കലാരൂപമാണു 'മംഗലംകളി'. വിവാഹവേളകളിൽ ആണു ഇത് അവതരിപ്പിക്കപ്പെടുന്നത്. തുളുവിലാണു വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
- മംഗലംകളിപ്പാട്ടിലെ ചില വരികൾ,
എള്ളുള്ളേരി എള്ളുള്ളേരി മാണിനങ്കരെ
ബീരാജ്പേട്ട ദുണ്ട്ഗയ മാണിനങ്കരെ
- എരുത്കളി
പത്താമുദയദിവസം (തുലാമാസം പത്താം തിയ്യതി) മുളയും പുല്ലും വെച്ച് കാളയുടെ(എരുത്) രൂപം കെട്ടി വീടുകൾ കയറി നൃത്തം ചെയ്യുന്ന കളിയാണിത്. വീടുകളിൽ ഐശ്വര്യം ലഭിക്കാനാണിങ്ങനെ ആടുന്നത്.കാലിയനും മരമീടനും ചേർന്നുള്ള നൃത്തരൂപമാണിത്. കാളയുടേത് പോലുള്ള ഒരു മുഖാവരണം അണിഞ്ഞിരിക്കും. വീട്ടുകളിൽ നിന്നും അരി, തേങ്ങ, പണം, മുണ്ട് എന്നിവ ഇവർക്ക് പ്രതിഫലമായി ലഭിക്കും. അവസാനം, എരുതിനെ അഴിച്ചു വിട്ട് അതിനു പുല്ലും വെള്ളവും കൊടുക്കുന്ന ചടങ്ങുണ്ട്, അപ്പോൾ നരിവേഷം(പുലി) കെട്ടിയ ആൾ എരുതിനുമേൽ ചാടിവീഴുന്നതോടെ ആ കലാരൂപം അവസാനിക്കുന്നു.[5]
പുനം കൃഷി
[തിരുത്തുക]ജന്മിമാരുടെ നിർദ്ദേശപ്രകാരം കാട്ടിൽ പുനം കൃഷി നടത്തുക പതിവായിരുന്നു. ധനുമാസം 28 - നാണ് പുനംകൊത്തൽ ആരംഭിക്കുന്നത്. കാട് വെട്ടിത്തെളിച്ച് തീവെച്ചു കരിച്ചെടുത്തു വൃത്തിയാക്കുന്നതിനേയാണു പുനംകൊത്തൽ എന്നു വിളിക്കുന്നത്. പുനത്തിന്റെ ഒരു മൂലയിൽ നെൽവിത്തുവിതയ്ക്കുന്ന പൊയ്തുകൊള്ളൽ എന്ന ചടങ്ങ് മീനമാസം 27 - നാണു നടക്കുക. ചിലപ്പോൾ ഇത് മേടം ഒന്നാം തീയതിയിലേക്കു മാറാറുമുണ്ട്. മേടം അവസാനത്തോടെ പുനം മുഴുവനായും കിളച്ചു തീർക്കും. ഇടവത്തിൽ തന്നെ നെൽവിത്തു വിതയ്ക്കും. കർക്കിടകം 18 ഓടെ കളപറിക്കൽ നടത്തും. കതിരിൽ വരുന്ന മഞ്ഞളിപ്പു രോഗത്തിനെതിരെ ആവണക്കെണ്ണ ഉപയോഗിച്ച് മരുന്നു തെളിക്കും. കൂടെ മന്ത്രവാദവും നടത്തും. ഈ സമയത്തു തന്നെ പുനത്തിൽ കാവലിരിക്കാനുള്ള പന്തൽ കെട്ടിയൊരുക്കുന്നു. ഇതിനായി തൈലപ്പുല്ല്, ഓടപ്പുല്ല് എന്നിവയാണുപയോഗിക്കുക. തറനിരപ്പിൽ നിന്നല്പം ഉയർത്തിയാവും പലപ്പോഴും പന്തൽ നിർമ്മിക്കുക. കാട്ടു മൃഗങ്ങളെ പേടിപ്പിച്ചോടിക്കാനായി തുടിയിലോ ചെണ്ടയിലോ ടിന്നിന്റെയോ തകരത്തിന്റേയോ പാത്രങ്ങളിലോ തട്ടി ഇടയ്ക്കിടയ്ക്ക് ശബ്ദമുണ്ടാക്കും. ചിങ്ങം മുതൽ കന്നിവരെയാണു കാവലുണ്ടാവുക. കൊയ്ത്തു നടത്തുന്നതിനു മുമ്പുതന്നെ മണ്ണു നിരത്തി തട്ടാക്കി വലിയ കളം( നെല്ലുണക്കിയെടുക്കാൻ നന്നായി വെയിൽ കൊള്ളുന്ന സ്ഥലങ്ങളെ നിരപ്പാക്കിയെടുത്ത് ഉപയോഗിക്കുന്നു) ഉണ്ടാക്കുന്നും മൂന്നും നാലും വട്ടം ചാണകം മെഴുകി ഉറപ്പിച്ചെടുക്കുന്നു. കൊയ്യാനുപയോഗിക്കുന്ന കത്തിയിൽ നൂറു (ചുണ്ണാമ്പ്)പുരട്ടും. കൊയത്തിനു ശേഷം കാളകളെ ഉപയോഗിച്ചാണു മെതിക്കുക. മെതി കഴിഞ്ഞ് നെല്ലും പതിരും തിരിച്ചശേഷം പത്തായം നിറയ്ക്കൽ ചടങ്ങാണ്. ബാക്കി വരുന്ന നെല്ല് പൊതികെട്ടുന്നു. മൂന്നുപറ നെല്ലാണ് ഒരു പൊതി. പണിക്കൂലിയായി നെല്ലാണ് ഇവർക്കു കൊടുത്തിരുന്നത്.
ചിത്രസഞ്ചയം
[തിരുത്തുക]-
വീരഭദ്രൻ തെയ്യത്തിന്റെ ആട്ടക്കളം. കാവിനു മുമ്പിലായി കളമൊരുക്കിയാണു തെയ്യാട്ടം നടത്തുക. കാസർഗോഡ് ജില്ലയിലെ ചക്കിട്ടടുക്കത്തിനടുത്ത് കണ്ടടുക്കം കരിഞ്ചാമുണ്ഡിയമ്മ കാവിൽ നടന്ന തെയ്യാട്ടത്തിൽ നിന്ന്.
-
കോഴിയെ അറുത്ത് വീരഭദ്രൻ തെയ്യത്തിനു കുരുതി നൽകുന്ന മാവിലൻ.
-
വീരഭദ്രൻതെയ്യത്തിനു മദ്യം നൽകുന്നു. തെയ്യാട്ടത്തിനിടയിൽ ഇടയ്ക്കിടയ്ക്ക് മദ്യസേവ നടത്തും. പ്രധാന കാർമ്മികനാണിതു നൽകുന്നത്. ഇദ്ദേഹമാണ് കാവിൽ എല്ലാ സക്രമണത്തിനും കലശം വെയ്ക്കുന്നത്. ഇദ്ദേഹത്തിന്റെ അഭാവത്തിൽ മാത്രമേ, ഇദ്ദേഹം ചുമതലപ്പെടുത്തിയ ആൾക്ക് ഈ അധികാരം ഏറ്റെടുക്കാൻ പറ്റുകയുള്ളൂ.
-
വീരഭദ്രൻ തെയ്യത്തിന്റെ മുഖത്തെഴുത്ത്. തികച്ചും പ്രകൃദത്തമായ നിറങ്ങളാണ് മുഖത്തെഴുത്തിനുപയോഗിക്കുന്നത്. മനയോലയും ചായില്യവും കരിയും ഒക്കെ ഉപയോഗിച്ച് വലരെ കലാചാതുരിയോടെയാണിവരുടെ മുഖത്തെഴുത്ത്.
-
മാവിലർ കെട്ടിയാടുന്ന മറ്റൊരു തെയ്യമായ വിഷ്ണു മൂർത്തി .നരസിംഹാവതാരമായി കരുതുന്നു
-
എരുതുകളി
കേരളത്തിലെ ആദിവാസികൾ |
---|
• അടിയർ • അരണാടർ • ആളാർ • എരവള്ളർ • ഇരുളർ • കാടർ • കനലാടി • കാണിക്കാർ • കരവഴി • കരിംപാലൻ • കാട്ടുനായ്ക്കർ • കൊച്ചുവേലൻ • കൊറഗർ • കുണ്ടുവടിയർ • കുറിച്യർ • കുറുമർ • ചിങ്ങത്താൻ • ചെറവർ • മലയരയൻ • മലക്കാരൻ • മലകുറവൻ • മലമലസർ • മലപ്പണ്ടാരം • മലപണിക്കർ • മലപ്പുലയർ • മലസർ • മലവേടർ • മലവേട്ടുവർ • മലയടിയർ • മലയാളർ • മലയർ • മണ്ണാൻ • മറാട്ടി • മാവിലർ • മുഡുഗർ • മുള്ളക്കുറുമർ • മുള്ളുവക്കുറുമൻ • മുതുവാൻ • നായാടി • പളിയർ • പണിയർ • പതിയർ • ഉരിഡവർ • ഊരാളിക്കുറുമർ • ഉള്ളാടർ • തച്ചനാടൻ മൂപ്പൻ • വിഴവർ • ചോലനായ്ക്കർ |
സ്രോതസ്സുകൾ
[തിരുത്തുക]- പഠനം: മാവിലർ - എം ജയചന്ദ്രൻ
അവലംബങ്ങൾ
[തിരുത്തുക]- ↑ 1.0 1.1 1.2 പുസ്തകം - കാസർഗോഡ്: ചരിത്രവും സമൂഹവും. പേജ് നമ്പർ 62 - കാസർഗോഡ് ജില്ലാപഞ്ചായത്ത് പ്രസിദ്ധീകരണം
- ↑ 2.0 2.1 2.2 ഷജിൽ കുമാർ (മാർച്ച് 13, 2014). "കഥപറയും സമുദായങ്ങൾ - 2 : ഗോത്രരാജ വംശവുമായി മാവിലന്മാർ" (പത്രലേഖനം). മലയാളമനോരമ ദിനപത്രം. Archived from the original on 2014-03-25. Retrieved 22 ജൂലൈ 2014.
- ↑ 3.0 3.1 3.2 പഠനം രാമകൃഷ്ണൻ മോനാച്ച
- ↑ പുസ്തകം: കാസർഗോഡ്: ചരിത്രവും സമൂഹവും പേജ് നമ്പർ:66.
- ↑ എരുതുകളി