ഉള്ളടക്കത്തിലേക്ക് പോവുക

ആർത്തവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർത്തവചക്രം.

ഗർഭപാത്രത്തിന്റെ ഉൾപാളിയായ എന്റോമെട്രിയം അടർന്ന് രക്തത്തോടൊപ്പം യോനിയിലൂടെ പുറത്തുപോകുന്ന പ്രക്രിയയാണ് ആർത്തവം, മാസമുറ. ഇംഗ്ലീഷിൽ മെൻസ്‌ട്രൂവേഷൻ (Menstruation) എന്നറിയപ്പെടുന്നു. ‘മെൻസസ്, പീരീഡ്സ്’ എന്നൊക്കെയുള്ള പേരുകളിൽ ഇതറിയപ്പെടുന്നു. ഇത് തികച്ചും സ്വാഭാവികമായ ഒരു ശാരീരിക പ്രവർത്തനമാണ്. 28 ദിവസങ്ങൾ ഉൾപ്പെടുന്ന കാലഘട്ടത്തെ ഒരു ആർത്തവചക്രം എന്നറിയപ്പെടുന്നു. അതായത് ഓരോ 28 ദിവസം കൂടുമ്പോഴും ആർത്തവം ഉണ്ടാകുന്നു.

ശരീരത്തിലെ ഈസ്ട്രജൻ, പ്രൊജസ്റ്റിറോൺ തുടങ്ങിയ സ്ത്രീ ഹോർമോണുകളുടെ പ്രവർത്തന ഫലമായാണ് ആർത്തവം ഉണ്ടാകുന്നത്. പല സ്ത്രീകൾക്കും ആർത്തവ സമയത്ത് മിതമായ വയറു വേദന, ശരീര വേദന, അസ്വസ്ഥത, ക്ഷീണം, മൂട് വ്യത്യാസങ്ങൾ (ഉദാഹരണത്തിന് കോപം, വിഷാദം) തുടങ്ങിയവ അനുഭവപ്പെടാറുണ്ട്. എന്നാൽ നിത്യ ജീവിതത്തെ ബാധിക്കുന്ന രീതിയിൽ അമിതമായ വേദന, അമിത രക്തസ്രാവം എന്നിവ അനുഭവപ്പെട്ടാൽ ഉടനെ ചികിത്സ തേടേണ്ടതാണ്. ഇവയിൽ പലതിനും ഇന്ന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്.

സാധാരണ ഗതിയിൽ സ്ത്രീകളിൽ 45-55 വയസിനുള്ളിൽ ആർത്തവവിരാമം (മെനോപോസ്/ Menopause) എത്തുന്നത് വരെ ആർത്തവം തുടരുന്നു. മെനോപോസ് എത്തുന്നതോട് കൂടി സ്ത്രീ ഹോർമോണുകളുടെ ഉത്പാദനം കുറയുകയും ആർത്തവം നിലയ്ക്കുകയും ചെയ്യുന്നു. ആർത്തവം ഉണ്ടായി എന്നത് കൊണ്ട് മാത്രം കൗമാരക്കാരിയായ ഒരു പെൺകുട്ടി ഗർഭധാരണത്തിനോ, പ്രസവത്തിനോ, ലൈംഗികബന്ധത്തിനോ ശാരീരികമായോ മാനസികമായോ പക്വത നേടാറില്ല. ഗർഭപാത്രത്തിന്റെ വളർച്ച പൂർത്തിയാകാനും, ഹോർമോൺ ഉത്പാദനം മെച്ചപ്പെടാനും, ആർത്തവം ക്രമമാകാനും, അണ്ഡവിസർജനം അഥവാ ഓവുലേഷൻ ഉണ്ടാകാനും, ലൈംഗികബന്ധത്തിനും, പ്രത്യുൽപ്പാദനത്തിന് പാകമാകാനും, മാനസികപക്വത ഉണ്ടാകാനും, ഒരു കുട്ടിയെ പ്രസവിച്ചു വളർത്താനുള്ള ശേഷി ഉണ്ടാകാനും പിന്നേയും ധാരാളം വർഷങ്ങൾ എടുക്കാറുണ്ട്.

ആർത്തവം, ആർത്തവവിരാമം എന്നിവയെപ്പറ്റി ശാസ്ത്രീയമായ അവബോധം ഇന്നും പലർക്കുമില്ല. എന്നാൽ പല വിദേശ രാജ്യങ്ങളിലും ഇതേപറ്റി കൃത്യമായ ബോധവൽക്കരണം വിദ്യാഭ്യാസ പദ്ദതിയിലും ആരോഗ്യ വകുപ്പ് മുഖേനയും ശാസ്ത്രീയമായി നടത്താറുണ്ട്.

പദപരിചയം

[തിരുത്തുക]

ആർത്തവചക്രം

[തിരുത്തുക]

ഒരു ആർത്തവചക്രത്തിന്റെ (Menstrual Cycle) ദൈർഘ്യം സാധാരണ ഗതിയിൽ 28±7 ദിവസങ്ങൾ ആണ്. ആർത്തവചക്രത്തിന്റെ ഏറ്റവും അനുഭവവേദ്യമാകുന്ന ഭാഗമാണ് ആർത്തവം. ആർത്തവചക്രം കണക്കാക്കുന്നത് ആർത്തവരക്തം പോക്കിന്റെ ആദ്യ ദിനം മുതലാണ്, അഥവാ ഗർഭപാത്രത്തിന്റെ പഴയ ഉൽപാളി വിസ്സർജ്ജിക്കുന്ന ദിനം മുതൽ. ഈ സമയം മുതൽ അടുത്ത ഓവുലേഷൻ (Ovulation) അഥവാ അണ്ഡവിസർജനത്തിന് ശരീരം തയ്യാറെടുക്കുന്നു. അതിനാൽ, ഒരു ആർത്തവത്തിന്റെ ആദ്യ ദിനം മുതൽ അടുത്ത ആർത്തവത്തിന് തൊട്ടു മുമ്പ് വരെയുള്ള കാലയളവിൽ ഗർഭപാത്രത്തിലും ശരീരത്തിൽ പൊതുവെയും ഉണ്ടാകുന്ന ക്രമമായ മാറ്റങ്ങളെ ഒരു ആർത്തവചക്രം എന്നു കണക്കാക്കുന്നു.

ആർത്തവത്തിന്റെ ആരംഭം ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ആർത്തവത്തിന് ശേഷമുള്ള ആദ്യത്തെ കുറച്ചു ദിവസങ്ങൾ യോനി പൊതുവേ വരണ്ടു കാണപ്പെടാറുണ്ട്. ഇതിനെ ‘ഡ്രൈ ഡേയ്‌സ് അഥവാ വരണ്ട ദിവസങ്ങൾ’ എന്നറിയപ്പെടുന്നു. ഇക്കാരണത്താൽ യോനീ വരൾച്ച സ്വാഭാവികമാണ്. ഈ സമയത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടുക ആണെങ്കിൽ ബുദ്ധിമുട്ട് ഒഴിവാക്കാൻ ചിലപ്പോൾ കേവൈ ജെല്ലി പോലെയുള്ള ഒരു ലൂബ്രിക്കന്റ് ജെല്ലി ഉപയോഗിക്കേണ്ടതായി വന്നേക്കാം. ഗർഭകാലത്തും മുലയൂട്ടുന്ന കാലയളവിലും ആർത്തവം താൽക്കാലികമായി നിലയ്ക്കുന്നു. ആർത്തവം പുനരാരംഭിച്ചിട്ടില്ലെങ്കിൽ മുലയൂട്ടുന്ന കാലയളവിൽ ഗർഭിണിയാവനുള്ള സാധ്യത കുറവാണ്[1]

ആർത്തവവും അണ്ഡവിസർ‌ജനവും

[തിരുത്തുക]

കൗമാരപ്രായത്തിൽ ആർത്തവം ആരംഭിച്ചാലും അണ്ഡവിസർജനം നടക്കാൻ പിന്നേയും വർഷങ്ങൾ എടുത്തേക്കാം. ഏതാണ്ട് പതിനെട്ടു വയസോടെയാകും മിക്കവരിലും അണ്ഡവിസർജനം, ഹോർമോൺ നില എന്നിവയൊക്കെ ക്രമമാകുന്നത്. ഇത് ഗർഭധാരണം എന്ന പ്രക്രിയയിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ഓരോ ആർത്തവചക്രത്തിലും അണ്ഡവിസർ‌ജനം അഥവാ ഓവുലേഷൻ (Ovulation) നടക്കാറുണ്ട്. 28 ദിവസമുള്ള ഒരു ആർത്തവചക്രത്തിൻറെ ഏതാണ്ട് പകുതിയോടെ അതായത് ഏകദേശം 14-ലാം ദിവസത്തോടടുത്താകും അണ്ഡവിസർ‌ജനം (Ovulation) നടക്കുക.

ആർത്തവം തുടങ്ങിയ ദിവസം ഒന്ന് എന്ന് കണക്കാക്കിയാൽ ഒന്പതാം ദിവസത്തിനും പതിനെട്ടാം ദിവസത്തിനും ഇടയിലാകും ഓവുലേഷൻ സാധ്യത കൂടുതൽ. ഈസ്ട്രജൻ പോലെയുള്ള സ്ത്രീ ഹോർമോണുകൾ ഈ സമയത്ത് ശരീരത്തിൽ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നു. ഈ സമയത്ത് വളർച്ചയെത്തിയ അണ്ഡം ബീജസംയോഗത്തിന് തയ്യാറായിരിക്കും. ലൈംഗിക ബന്ധം നടന്നാൽ ഗർഭധാരണം നടക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ദിവസങ്ങൾ കൂടിയാണ് ഇത്. അതിനാൽ കുട്ടികളെ ആഗ്രഹിക്കുന്നവർക്ക് ഗർഭധാരണത്തിന് പറ്റിയ സമയം കൂടിയാണ് ഇത്. ശരീര താപനിലയിൽ നേരിയ വർധന, യോനിയുടെ ഉൾഭാഗത്തു നിന്നും കൂടുതലായി നേർത്ത സ്രവങ്ങൾ ഉത്പാദിപ്പിക്കപ്പെടുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം.

ആർത്തവചക്രത്തിന്റെ ഏകദേശം മധ്യത്തിലായി വരുന്ന അണ്ഡവിസർജനം അഥവാ ഓവുലേഷന്റെ സമയത്ത് രതിസലിലം അഥവാ ലൂബ്രിക്കേഷൻ സ്രവങ്ങൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുവാൻ സാധ്യതയുണ്ട്. ഗർഭം ധരിക്കാൻ കൂടുതൽ സാധ്യതയുള്ള ഈ സമയത്ത് ഗർഭനിരോധന രീതികൾ അഥവാ കുടുംബാസൂത്രണ മാർഗങ്ങൾ ഒന്നുമില്ലാതെ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ ഗർഭധാരണം നടന്നേക്കാം. ഇതോടെ ആർത്തവം താത്കാലികമായി നിലയ്ക്കുന്നു. മറ്റ് ദിവസങ്ങളിൽ ഗർഭധാരണം നടക്കാൻ ഉള്ള സാധ്യത കുറവായിരിക്കും. എന്നാൽ കൃത്യമായ ആർത്തവചക്രം ഉള്ള സ്ത്രീകൾക്ക് മാത്രമേ അണ്ഡവിസർ‌ജനം ശരിയായി നിർണ്ണയിക്കാൻ സാധിക്കുകയുള്ളൂ. അതും ചിലപ്പോൾ രണ്ടോ മൂന്നോ ദിവസം മാറാറുണ്ട്. സ്ത്രീ ശരീരത്തിൽ എത്തുന്ന പുരുഷബീജങ്ങൾ കുറച്ചു ദിവസം ആരോഗ്യത്തോടെ ഉണ്ടാവുകയും അണ്ഡവുമായി യോജിച്ചു ഗർഭം ധരിക്കുകയും ചെയ്യാറുണ്ട്. [2]

ആർത്തവവും ശുചിത്വവും

[തിരുത്തുക]

ആർത്തവ ദിനങ്ങളിൽ ഗർഭാശയഗളം തുറന്നിരിക്കുന്നതിനാൽ അണുക്കൾക്ക് ഗർഭപാത്രത്തിലേക്കും ഇടുപ്പറയിലേക്കും സ്വതന്ത്രമായി കയറിപ്പോകാനുള്ള സാഹചര്യമൊരുക്കാം. അണുനാശകമായ അസിഡിക് അന്തരീക്ഷം മാറി യോനീ ഭാഗത്ത്‌ ക്ഷാരാവസ്ഥ വരും. ഇതും അണുബാധയ്ക്കുള്ള സാധ്യത കൂട്ടും.

സ്ത്രീകളിലുണ്ടാകുന്ന മൂത്രനാളി അണുബാധകളുടെ ഒരു പ്രധാനകാരണം ആർത്തവദിനങ്ങളിൽ വേണ്ടത്ര ശുചിത്വം പാലിക്കാത്തതാണ്. ആർത്തവ സമയത്ത് ശരീരശുചിത്വം, പ്രത്യേകിച്ചും യോനിശുചിത്വം, കൃത്യ സമയത്ത് പാഡ് മാറ്റുക എന്നിവ വളരെ അത്യാവശ്യമാണ്. കാരണം അണുബാധയ്ക്ക് ഏറെ സാധ്യതയുള്ള സമയമാണിത്.

യോനിഭാഗം കഴുകുന്നതും, സാനിറ്ററി വസ്തുക്കൾ മാറ്റുന്ന ആവൃത്തി മുതൽ ഉപയോഗിക്കുന്ന സാനിറ്ററി വസ്തുക്കളിൽ വരെ ഏറെ ശ്രദ്ധ വേണ്ട സമയമാണിത്. യോനിഭാഗത്തു വീര്യം കൂടിയ സോപ്പ്, ബോഡിവാഷ്, പെർഫ്യൂം തുടങ്ങിയവ ഉപയോഗിക്കുന്നതും നിശ്ചിത ഇടവേളകളിൽ പാഡ് മാറ്റാതിരിക്കുന്നതും ചൊറിച്ചിൽ, ചുണങ്ങ്, ഫംഗസ് ഇൻഫെക്ഷൻ, മൂത്രാശയ അണുബാധ പോലുള്ള പ്രശ്നങ്ങൾക്ക് സാധ്യത വർദ്ധിപ്പിക്കുന്നു.

മറ്റൊന്ന് യോനീ ഭാഗത്തെ രോമങ്ങൾ പാഡ് അല്ലെങ്കിൽ നാപ്കിൻ ഉപയോഗിക്കുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുക ആണെങ്കിൽ അവ ആർത്തവത്തിന് മുൻപ് ഒരു വൃത്തിയുള്ള കത്രിക അല്ലെങ്കിൽ ട്രിമ്മർ ഉപയോഗിച്ചു നീളം കുറച്ചു നിർത്താവുന്നതാണ്. ശ്രദ്ധിക്കേണ്ട കാര്യം യോനീ ഭാഗത്തെ രോമങ്ങൾ ഷേവ് ചെയ്യുക, ഹെയർ റിമൂവൽ ക്രീം ഉപയോഗിച്ച് നീക്കം ചെയ്യുക തുടങ്ങിയവ ഒഴിവാക്കുക എന്നതാണ്. അണുബാധ തടയുക, ഗുഹ്യ ചർമത്തിന്റെ സംരക്ഷണം എന്നിവയാണ് ഗുഹ്യ രോമത്തിന്റെ ധർമ്മം. കാരണം ലോലമായ ഗുഹ്യ ചർമത്തിൽ ഷേവ് ചെയ്യുമ്പോൾ ഉണ്ടാകുന്ന സൂക്ഷ്മമായ മുറിവുകളിലൂടെ രോഗാണു ബാധകൾ പകരാനുള്ള സാധ്യത കണക്കിലെടുത്താണ് ഇങ്ങനെ പറയുന്നത്.[3]

ആർത്തവ ശുചിത്വം പാലിക്കാത്തത് ശരീര ദുർഗന്ധത്തിന് കാരണമാകും. വായുവും ബാക്ടീരിയയും സമ്പർക്കത്തിൽ വരുന്ന രക്തവും ആർത്തവ കലകളും വിഘടിപ്പിക്കുമ്പോൾ ഒരു പ്രത്യേക ദുർഗന്ധം ഉണ്ടാകാം. കാരണം യോനിയിലെ ബാക്ടീരിയകൾ രക്തത്തെയും മറ്റ് ദ്രാവകങ്ങളെയും വിഘടിപ്പിക്കുന്നു. ഇത് വോലറ്റൈൽ സൾഫർ സംയുക്തങ്ങളും അമിനുകളും എന്നറിയപ്പെടുന്ന ദുർഗന്ധം വമിക്കുന്ന ജൈവ സംയുക്തത്തിന് കാരണമാകും. മാത്രമല്ല, സമ്മർദ്ദവും വിയർപ്പും അത്തരം ശരീര ദുർഗന്ധം വർദ്ധിപ്പിക്കും.

ഈ സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക അധികം ബന്ധപ്പെടുക ആണെങ്കിൽ അണുബാധ കണക്കിലെടുത്ത് പുരുഷൻ കോണ്ടം ഉപയോഗിക്കുന്നതാണ് നല്ലത്.

ആർത്തവവുമായി ബന്ധപ്പെട്ട ആരോഗ്യകരമായ അറിവുകൾ സ്കൂൾതലം മുതൽക്കേ എല്ലാ കുട്ടികൾക്കും പകർന്നു കൊടുക്കേണ്ടത് അനിവാര്യമാണ്. ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം അഥവാ ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യ ബോധവൽക്കരണം എന്നതിന്റെ അഭാവം തന്നെയാണ് ഇത്തരം അറിവുകൾ ആളുകൾക്ക് ലഭ്യമാകാതിരിക്കാനുള്ള പ്രധാന കാരണം.[4]

ആർത്തവവും ലൈംഗികബന്ധവും

[തിരുത്തുക]

ലൈംഗികബന്ധം വഴി ആർത്തവം ഉണ്ടാക്കാതെ അവസ്ഥയെ ആണ് കുളി തെറ്റുക എന്ന പരാമര്ശിക്കപ്പെടുന്നത്, ശരീരം ഊർവ്വരമായിരുന്നപ്പോൾ ഗർഭധാരണം സംഭവിച്ചു എന്നാണ് അതിന്റെ അർഥം. ആർത്തവ സമയത്ത് ശരിയായ ശുചിത്വം പാലിച്ചാൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുകയില്ല. സ്ത്രീയുടെ ശാരീരിക മാനസിക ആരോഗ്യം കൂടി കണക്കിലെടുക്കണമെന്ന് മാത്രം. എന്നാൽ ഈ സമയത്ത് അണുബാധ ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്. സാധാരണ ഗതിയിൽ അമ്ലഗുണമുള്ള യോനിയിലെ പിഎച്ച് ആർത്തവ സമയത്ത് ഉയർന്നിരിക്കും. ഗർഭാശയമുഖം (സർവിക്സ്) പതിവിലും താഴ്ന്ന സ്ഥാനത്തായിരിക്കും കാണപ്പെടുന്നത്, എന്ടോമെട്രിയം എന്ന ഗർഭാശയത്തിന്റെ ഉൾപ്പാളി ഇളകിയ നിലയിലായിരിക്കും, ഗർഭാശയത്തിലേയ്ക്ക് തുറക്കുന്ന ഭാഗം രക്തത്തെ പുറന്തള്ളാൻ കുറച്ചൊന്നു വികസിച്ചായിരിക്കും കാണപ്പെടുന്നത്. ഇക്കാരണങ്ങളാൽ പുറമേ നിന്നുള്ള രോഗാണുക്കൾ നേരിട്ട് ശരീരത്തിനുള്ളിലേക്ക് കടക്കാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും, പ്രത്യേകിച്ച് പങ്കാളിക്ക് ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗാണുബാധകൾ ഉണ്ടെങ്കിൽ സ്ത്രീയിലേക്ക് ഇവ വേഗം പടരാം. അതിനാൽ ഗർഭനിരോധന ഉറ (Condom), ചിലതരം മെൻസ്ട്രൽ കപ്പുകൾ എന്നിവ ഉപയോഗിച്ചു കൊണ്ടുള്ള സുരക്ഷിതമായ ലൈംഗികബന്ധം മാത്രമേ ഈ സമയത്ത് പാടുള്ളു. അല്ലെങ്കിൽ അണുബാധ പകരാം. സ്ത്രീകൾക്കുള്ള ഉറയും അണുബാധ തടയാൻ ഫലപ്രദമാണ്. ഈ സമയത്ത് ലൈംഗിക ശുചിത്വം പാലിക്കുകയും പങ്കാളികൾ ഇരുവരും ശാരീരിക ബന്ധത്തിന് മുൻപും ശേഷവും ലൈംഗികാവയവങ്ങൾ ശുദ്ധജലത്താൽ കഴുകി വൃത്തി ആക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇത് കണക്കിലെടുത്ത് ആർത്തവ സമയത്ത് സംഭോഗം ഒഴിവാക്കുന്നത് സാധാരണമാണ് [5]. എന്നാൽ ഈ സമയത്ത് വേഴ്ചയിലേർപ്പെടുന്നത് ആർത്തവരക്തസ്രാവം പെട്ടെന്ന് നിലയ്ക്കാനോ വേഗത്തിലാക്കാനോ കാരണമായേക്കാം. രതിമൂർച്ഛയിലെത്തുന്നത് ഗർഭാശയം സങ്കോചിച്ച് എൻഡോമെട്രിയൽ ആവരണത്തെ പുറന്തള്ളുന്നത് എളുപ്പത്തിലാക്കുമെന്നും, വേദന കുറയ്ക്കുമെന്നും പഠനങ്ങൾ തെളിയിക്കുന്നു, സ്വയംഭോഗം അല്ലെങ്കിൽ ഭഗശിശ്നിക ഉത്തേജനത്തിലൂടെ ലഭിക്കുന്ന രതിമൂർച്ഛ ഇക്കാര്യത്തിൽ ഗുണകരമാണ്.[6]

ആർത്തവത്തോടനുബന്ധിച്ച് ഉപയോഗിക്കാവുന്ന സംവിധാനങ്ങൾ

[തിരുത്തുക]

ആർത്തവരക്തം വസ്ത്രങ്ങളിലും മറ്റും പറ്റി അഴുക്കാകാതിരിക്കാൻ പല സംവിധാനങ്ങളുമുണ്ട്. സ്വകാര്യഭാഗങ്ങൾ ഇടയ്ക്ക് ശുദ്ധജലത്താൽ വൃത്തിയാക്കാവുന്നതാണ്.

വീണ്ടും ഉപയോഗിക്കാവുന്നവ

[തിരുത്തുക]
  • വീണ്ടും ഉപയോഗിക്കാവുന്ന തുണി, പാഡ് — കോട്ടൻ കൊണ്ടുണ്ടാക്കിയ പാഡുകൾ വീണ്ടും കഴുകി ഉപയോഗിക്കാറൂണ്ട്. ആർത്തവകാലത്ത് ഉപയോഗിക്കുവാൻ വൃത്തിയുള്ള സാനിറ്ററി പാഡുകൾ ഇന്നു ലഭിക്കും. പാഡുകളാണ് ഉപയോഗിക്കുന്നതെങ്കിൽ ഇടയ്ക്കിടെ പാഡുകൾ മാറ്റണം.
  • മെൻസ്ട്രുവൽ കപ്പുകൾ — മണിയുടെ ആകൃതിയിലുള്ള ഒരുപകരണം. മെഡിക്കൽ ഗ്രേഡ് സിലിക്കോണിൽ നിർമ്മിച്ച ചെറിയ, ഫ്ലെക്സിബിൾ ബെൽ ആകൃതിയിലുള്ള ഒരു ഉപകരണം. ടാമ്പൂണിനെ പോലെയോ അല്ലെങ്കിൽ സ്ത്രീകൾക്കുള്ള കോണ്ടം പോലെയോ യോനിയുടെ (Vagina) ഉള്ളിൽ ഇടുന്നു. രക്തം ആഗിരണം ചെയ്യുന്നതിന് പകരം ഈ കപ്പ് ശേഖരിക്കുന്നു (collects). മെഡിക്കൽ നിലവാരത്തിലുള്ള സിലിക്കൺ കൊണ്ടാണ് ഇവ നിർമിച്ചിരിക്കുന്നത്. ഇതിനെ പീരീഡ് കപ്പ് എന്നും അറിയപ്പെടുന്നു. പ്രസവിച്ചവർക്കും പ്രസവിക്കാത്തവർക്കും കൗമാര പ്രായക്കാർക്കും ഇവ ഒരുപോലെ ഉപയോഗിക്കാം. പന്ത്രണ്ട് മണിക്കൂർ വരെ തുടർച്ചയായി ഒരു കപ്പ് ഉപയോഗിക്കാൻ സാധിക്കും. ഇവ ചെറുതും വലുതുമായ പല വലിപ്പത്തിൽ ലഭ്യമാണ്. ഓരോരുത്തർക്കും സൗകര്യപ്രദമായവ തിരഞ്ഞെടുക്കാം. കപ്പ് നിറഞ്ഞാൽ ഇതിൽ ശേഖരിക്കപ്പെട്ട രക്തം കളഞ്ഞ ശേഷം വെള്ളം കൊണ്ട് കഴുകി വീണ്ടും ഉള്ളിലേക്ക് വയ്ക്കാം. ഒരു കപ്പ് പത്ത് വർഷം വരെ ഉപയോഗിക്കാം. അതിനാൽ ഇത് ലാഭകരമാണ്. എല്ലാത്തവണയും ഇവ അണുവിമുക്തമാക്കേണ്ടത് അത്യാവശ്യമാണ്. അതിനായി ഓരോ ആർത്തവത്തിന് ശേഷവും (മാസം തോറും) സോപ്പിട്ടു കഴുകി കപ്പ് ഉണക്കി സൂക്ഷിക്കാം. ശരിയായി ഉപയോഗിച്ചാൽ ആർത്തവ കാലത്ത് ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവും ആണ്‌ മെൻസ്ട്രൽ കപ്പ്. പാഡും മറ്റും ഉപയോഗിക്കുന്നത് കൊണ്ടുള്ള ബുദ്ധിമുട്ടുകൾ ഇതിലൂടെ മറികടക്കാം. ഇവ ഉപയോഗിക്കുന്നത് കൊണ്ട് യോനിയുടെ വ്യാസം വർധിക്കുന്നില്ല. അതിനാൽ ഇത് ലൈംഗികജീവിതത്തിനെ ബാധിക്കുന്നില്ല. സാധാരണ ഗതിയിൽ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നത് കൊണ്ട് യാതൊരുവിധ അസ്വസ്ഥതയും ഉണ്ടാകാറില്ല. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഇതിന്‌ പാർശ്വഫലങ്ങളും തീരെയില്ല. ഇത്തരം ഒരു കപ്പ് ഉപയോഗിക്കുന്ന കാര്യം തന്നെ പലപ്പോഴും സ്ത്രീകൾക്ക് അനുഭവപ്പെടാറില്ല. ഇത് ധരിച്ചുകൊണ്ട് കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിനോ, യാത്ര ചെയ്യുന്നതിനോ, നീന്തൽ, നൃത്തം പോലെയുള്ള കാര്യങ്ങൾ ചെയ്യുന്നതിനോ ബുദ്ധിമുട്ടില്ല. അത്രമേൽ മെച്ചപ്പെട്ടതാണ് ഈ ചെറിയ ഉപകരണം. മാത്രമല്ല ആർത്തവ രക്തം ശരീരത്തിന് പുറത്തേക്ക് വരാത്തതിനാൽ കൂടുതൽ ഗുണകരമാണ് ഈ സംവിധാനം. എന്നാൽ 12 മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഇവ ഉപയോഗിക്കുന്നത് ഒരിക്കലും നല്ലതല്ല. മിക്കപ്പോഴും കൗമാരക്കാർക്കും, പ്രസവിക്കാത്ത സ്ത്രീകൾക്കും ചെറിയ ആർത്തവ കപ്പാണ് അനുയോജ്യമെങ്കിൽ, പ്രസവം കഴിഞ്ഞവർക്ക് ഏകദേശം ഒരു മീഡിയം വലുപ്പമുള്ള കപ്പായിരിക്കും യോജിക്കുക. വ്യക്തിപരമായി ഇത് ചിലപ്പോൾ മാറാറുണ്ട്. അതിനാൽ സ്ത്രീകൾ തങ്ങൾക്ക് അനുയോജ്യമായ കപ്പ് തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ആദ്യമായി മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നവർക്ക് ആർത്തവമില്ലാത്ത സമയത്ത് ഇവ ഉപയോഗിക്കുന്ന രീതി സ്വയം പരിശീലിച്ചു നോക്കാവുന്നതാണ്. മെൻസ്ട്രൽ കപ്പ് യോനിയിലേക്ക് കടത്തിവെക്കാൻ ചെറിയ ബുദ്ധിമുട്ട് ഉള്ളവർക്ക് ഒരു നല്ല ലൂബ്രിക്കന്റ് ജെല്ലിയുടെ (ഉദാഹരണത്തിന്: കേവൈ ജെല്ലി, ഡ്യുറക്സ്, മൂഡ്സ് തുടങ്ങിയവ) സഹായത്താൽ അത് എളുപ്പത്തിൽ ചെയ്യാവുന്നതാണ്. യോനീസങ്കോചം അഥവാ വജൈനിസ്മസ് (Vaginismus) എന്ന അവസ്ഥ ഉള്ളവർക്ക് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാൻ പലപ്പോഴും ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ആർത്തവ കപ്പ് ഉപയോഗിക്കുന്നത് കൊണ്ട് കന്യാചർമ്മം പൂർണ്ണമായും നഷ്ടമാകും എന്നൊക്കെയുള്ള ചിലരുടെ ധാരണ തികച്ചും അശാസ്ത്രീയമാണ് എന്ന് ആരോഗ്യവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. മെൻസ്ട്രൽ കപ്പ് (Menstrual Cup) എന്നത് സ്ത്രീകളുടെ ഋതുമതിയുടെ സമയത്ത് ഉപയോഗിക്കുന്ന ഒരു ആധുനിക, പരിസ്ഥിതി സൗഹൃദ ഉൽപ്പന്നമാണ്.
  • പ്രധാന ഗുണങ്ങൾ (Advantages): ദീർഘകാല ഉപയോഗം, 8–12 മണിക്കൂർ വരെ ഉപയോഗിക്കാം, ചെലവ് കുറവ്, ഒരു കപ്പ് 5–10 വർഷം വരെ ഉപയോഗിക്കാം, ഇത് പരിസ്ഥിതി സൗഹൃദമാണ്, പ്ലാസ്റ്റിക് പാഡുകളും ടാമ്പൂണുകളും പോലെ മാലിന്യം ഉണ്ടാക്കുന്നില്ല, കുറഞ്ഞ ലീക്ക്, ശരിയായി ഇട്ടാൽ ലീക്ക് വളരെ കുറവ്, ഏറെ സുഖകരം, ഗന്ധം ഇല്ല, വരണ്ടതായി തോന്നില്ല തുടങ്ങിയവ.
  • ഇത് എങ്ങനെ ഉപയോഗിക്കാം? ആദ്യമായി തിരഞ്ഞെടുക്കൽ: സൈസ്: ചെറുത് (S ), മീഡിയം (M), വലുത് (L) എന്നിങ്ങനെ അളവുകൾ ഉണ്ട്. ആദ്യ ഉപയോഗം മുൻപ് ആവശ്യമെങ്കിൽ ആരോഗ്യ പ്രവർത്തകരോട് ചോദിച്ച് ശരിയായ സൈസ് തിരഞ്ഞെടുക്കുക.
  • 2. ഇൻസെർട്ട് ചെയ്യൽ (Insertion): കൈകൾ നന്നായി കഴുകുക. കപ്പ് മടക്കി “C” അല്ലെങ്കിൽ “U” ആകൃതിയിൽ ആക്കുക. ഒരു കാൽ ഉയർത്തി, യോനിയിൽ 45 ഡിഗ്രി കോണിൽ താഴേക്ക് തിരിച്ച് ഇടുക. കപ്പ് ഉള്ളിൽ വന്നതിന് ശേഷം അടിഭാഗം തിരുകി അത് തുറക്കുക എന്ന് ഉറപ്പാക്കുക (സ്റ്റം പിടിച്ച് തിരിക്കാം).
  • 3. നീക്കം ചെയ്യൽ (Removal): വയറിന് താഴെ ഭാഗത്ത് മസിൽ അയക്കുക. സ്റ്റം പിടിച്ച് താഴ്ന്ന ഭാഗം തൊട്ട് മടക്കി പുറത്തെടുക്കുക. ഇതിലെ ആർത്തവ രക്തം ടോയ്‌ലറ്റിൽ ഒഴിച്ച്, വെള്ളത്തിൽ കഴുകി വീണ്ടും ഇടാം.
  • 4. വൃത്തിയാക്കൽ (ക്ലീനിങ്): ദിവസവും വെള്ളത്തിൽ കഴുകുക.
  • ഒരു ആർത്തവം കഴിഞ്ഞാൽ: തിളപ്പിച്ച വെള്ളത്തിൽ 5–7 മിനിറ്റ് വേവിക്കുക. അല്ലെങ്കിൽ സ്റ്റെറിലൈസ് ചെയ്യുക.
  • ആർക്കൊക്കെ ഉപയോഗിക്കാൻ പാടില്ല? ആദ്യമായി ആർത്തവം ആരംഭിക്കുന്നവർക്ക് (കാരണം പ്രാക്ടീസ് ആവശ്യം). യോനി അണുബാധ (ഇൻഫെക്ഷൻ) ഉള്ളവർ. കോപ്പർ ഐ.യു.ഡി (ഉദാഹരണം: കോപ്പർ ടി) പോലെയുള്ള IUD (intrauterine device) കുടുംബാസൂത്രണ മാർഗങ്ങൾ അഥവാ ഗർഭനിരോധന രീതികൾ ഉപയോഗിക്കുന്ന ചിലരിൽ ഡോക്ടറുടെ ഉപദേശം ആവശ്യം.
  • സാധാരണ പ്രശ്നങ്ങളും & പരിഹാരങ്ങളും: ലീക്ക് ആകുന്നു → സൈസ് തെറ്റായിരിക്കാം അല്ലെങ്കിൽ ഇത് പൂർണമായി തുറന്നിട്ടില്ല. ഉള്ളിലേക്ക് വയ്ക്കുമ്പോൾ വേദന → റിലാക്സ് ചെയ്ത് ഇടുക, വെള്ളം അടിസ്ഥാനമാക്കിയ ലൂബ്രിക്കന്റ് ജെല്ലി ഉപയോഗിക്കാം. (ഉദാഹരണത്തിന് കേവൈ ജെല്ലി, ഡ്യുറക്സ്, മൂഡ്സ് തുടങ്ങിയവ. ഇവ ഫാർമസിയിൽ ലഭ്യമാണ്.) എടുക്കാൻ പ്രയാസം → ശ്വസനം നിയന്ത്രിച്ച് മസിൽ അയക്കുക. [7]
  • സ്പോഞ്ച് — കടലിൽ നിന്ന് ശേഖരിക്കുന്ന സ്വാഭാവിക സ്പോഞ്ചുകൾ ടാമ്പോൺ മാതിരി യോനിക്കുള്ളിൽ ആർത്തവരക്തം വലിച്ചെടുക്കാനായി ധരിക്കാറുണ്ട്.
  • പാഡുള്ള പാന്റികൾ — അടിവസ്ത്രത്തിൽ ആർത്തവരക്തം വലിച്ചെടുക്കാനുദ്ദേശിച്ച് അധികപാളികൾ ചേർത്ത സംവിധാനം ഉപയോഗിക്കപ്പെടുന്നുണ്ട്.
  • തുണികൾ — രാത്രിയിൽ ഒരു വലിയ കഷണം തുണി ആർത്തവരക്തം ഒലിക്കാതിരിക്കാൻ തുടകൾക്കിടയിൽ ധരിക്കാറുണ്ട്. പാഡുകൾ വാങ്ങാൻ സാധ്യമല്ലാത്ത സാഹചര്യത്തിൽ തുണി ഉപയോഗിക്കേണ്ടി വരികയാണെങ്കിൽ വൃത്തിയുള്ള തുണി തന്നെ ഉപയോഗിക്കണം. ഇവ നല്ല വെയിലിൽ കഴുകി ഉണക്കുന്നതും അണുബാധ ഉണ്ടാകാതെ സഹായിക്കും[8].

ഡിസ്പോസബിൾ സംവിധാനങ്ങൾ

[തിരുത്തുക]
ടാമ്പോൺ
  • സാനിട്ടറി നാപ്കിനുകൾ — ചതുരാകൃതിയിലുള്ള ഈ സംവിധാനം ആർത്തവരക്തസ്രാവം വലിച്ചെടുക്കാനായി അടിവസ്ത്രത്തോട് ചേർത്ത് ധരിക്കുകയാണ് ചെയ്യുന്നത്. ഇവയ്ക്ക് ചിറകുകളും "വിങ്സ്" ഉണ്ടാകാറുണ്ട്. ഈ ചിറകുകൾ അടിവസ്ത്രത്തിനു ചുറ്റും പൊതിഞ്ഞ് നാപ്കിൻ സ്ഥാനം മാറിപ്പോകാതെ സംരക്ഷിക്കുന്നു.
  • ടാമ്പോൺ — ഇവ യോനിക്കുള്ളിലേയ്ക്ക് കടത്തിവയ്ക്കുന്ന സിലിണ്ടർ ആകൃതിയുള്ള സംവിധാനങ്ങളാണ്. ആർത്തവരക്തം വലിച്ചെടുക്കുകയാണ് ഇവയും ചെയ്യുന്നത്. യോനീസങ്കോചം അഥവാ വാജിനിസ്മസ് (Vaginismus) എന്ന അവസ്ഥ ഉള്ളവർക്ക് ടാമ്പോൺ ഉപയോഗിക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടുണ്ടാകാറുണ്ട്.
  • പാഡെറ്റുകൾ — യോനിക്കുള്ളിലായി ആർത്തവരക്തം വലിച്ചെടുക്കാനായി ധരിക്കുന്ന ചെറിയ പാഡുകൾ
  • ഉപേക്ഷിക്കാവുന്ന മെൻസ്ട്രുവൽ കപ്പുകൾ [9]

ആർത്തവവും ആരോഗ്യവും

[തിരുത്തുക]

ആർത്തവം തുടങ്ങുന്ന സമയത്ത് ഒരുമാസം അത് വരാതിരിക്കുന്നതോ, രണ്ടോ മൂന്നോ മാസം ഇടവിട്ട് വരുന്നതോ പ്രശ്‌നമുള്ള അവസ്ഥയല്ല. എന്നാൽ ഒരുമാസത്തിൽ തന്നെ രണ്ടോ അതിൽകൂടുതലോ തവണ മാസമുറ ഉണ്ടാകുന്നതും ആർത്തവങ്ങൾക്കിടയിലുള്ള ദൈർഘ്യം കുറയുന്നതും ശ്രദ്ധിക്കണം. ആർത്തവവുമായി ബന്ധപ്പെട്ട കഠിനമായ ആരോഗ്യ പ്രശ്നങ്ങൾ എല്ലാവർക്കും ഉണ്ടാകണമെന്നില്ല. ചെറിയ ഒരു ശതമാനത്തിന് മാത്രമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ശരിയായ ചികിത്സ കൊണ്ടു ഇത് ഒരുപരിധിവരെ പരിഹരിക്കാനും സാധിക്കും. അമിതമായ രക്തസ്രാവം, ക്ഷീണം, തളർച്ച, വിളർച്ച എന്നിവയും പരിഗണിക്കേണ്ടതുണ്ട്. ആർത്തവവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വേദനകൾക്ക് ആശ്വാസം നൽകുന്ന ചികിത്സകൾ ഇന്നു ലഭ്യമാണ്. അസഹ്യമായ വേദന ഉള്ള അവസരങ്ങളിൽ ഡോക്ടർമാർ നിർദേശിക്കുന്ന അളവിൽ വേദന സംഹാരികൾ കഴിക്കാവുന്നതാണ്. പരീക്ഷയുള്ള ദിവസങ്ങളിൽ കടുത്ത വേദന കാരണം പഠിക്കുവാനും, പരീക്ഷ എഴുതുവാനും കഴിയാതെ വിഷമിക്കുന്ന കുട്ടികളുണ്ട്. ഇത്തരം അവസരങ്ങളിൽ വൈദ്യശാസ്ത്ര വിദഗ്ദരെ സമീപിക്കാം.

ആർത്തവകാലത്ത് ചില പെൺകുട്ടികൾക്ക് ഉണ്ടാകുന്ന കാൽകഴപ്പ്, തലവേദന, ക്ഷീണം എന്നിവയ്ക്ക് ഡോക്ടറെ കാണുന്നത് നല്ലതായിരിക്കും. ആർത്തവകാലത്ത് സാധാരണമായതും മിതമായതുമായ എല്ലാ കാര്യങ്ങളും നടത്താവുന്നതാണ്. എന്നാൽ അമിതമായ അദ്ധ്വാനവും, ഓടിക്കളിക്കുന്നതും കുറയ്ക്കുന്നത് നല്ലത്‌ ആണ്. അമിത രക്തസ്രാവമുള്ള ആദ്യ ദിവസങ്ങളിൽ ഇത് ഒഴിവാക്കാം.

ആർത്തവ രക്തസ്രാവവും ഗർഭാശയ കാൻസറും

[തിരുത്തുക]

സ്ത്രീകളിൽ ആർത്തവ സമയത്ത് അമിതമായ രക്തസ്രാവം ഉണ്ടാവുക ആണെങ്കിലോ അല്ലെങ്കിൽ മാസമുറ സമയത്ത് അല്ലാതെ രക്തസ്രാവം ഉണ്ടാകുമെങ്കിലോ അത് ഗർഭാശയ കാൻസർ ആകാം. ഇത്തരം പ്രശ്നം ഉണ്ടെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടു ഉടനെ പരിശോധന നടത്തേണ്ടതാണ്. ആർത്തവവുമായി ബന്ധപ്പെട്ടു സ്ത്രീകൾക്ക് ഇതേപറ്റി കൃത്യമായ ബോധവൽക്കരണം അനിവാര്യമാണ്.

ആർത്തവ ക്രമക്കേടും, തെറ്റുന്നതിനുള്ള കാരണങ്ങളും

[തിരുത്തുക]

ആദ്യ ആർത്തവത്തിന് ശേഷം ഓരോ 28 ദിവസം കൂടുമ്പോഴും ആർത്തവചക്രം ആവർത്തിക്കും. ഗർഭാശയത്തിലെ ആന്തരിക സ്തരമായ 'എന്ടോമെട്രിയം' രക്തവുമായി കലർന്ന് യോനി വഴി പുറന്തള്ളപ്പെടുന്ന ഈ പ്രക്രിയ ഓരോ മാസവും നാലോ അഞ്ചോ ദിവസം നീണ്ടു നിൽക്കും. ആരോഗ്യനില അനുസരിച്ചു ദിവസത്തിന്റെ എണ്ണത്തിൽ വ്യത്യാസം വരാം. എന്നാൽ ചിലരിൽ 35 ദിവസങ്ങൾക്ക് ശേഷവും ആർത്തവം സംഭവിക്കാതിരിക്കാറുണ്ട്. ഇതിനെ ക്രമം തെറ്റിയ ആർത്തവമായി കണക്കാക്കാം.

പലപ്പോഴും ക്രമരഹിതമായ ആർത്തവം സംഭവിക്കുന്നതിനുള്ള കാരണങ്ങൾ ജീവിത ശൈലിയുമായി ബന്ധപ്പെട്ടതാണ്. ചിലപ്പോൾ ഇത് മറ്റെന്തെങ്കിലും രോഗത്തിന്റെ ലക്ഷണവുമാകാറുണ്ട്. അതിനാൽ ഇത്തരം അവസ്ഥകൾ കണ്ടെത്തി ക്രമമായ ആർത്തവം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.[10]

കാരണങ്ങൾ

  1. ഹോർമോൺ അസന്തുലിതാവസ്ഥ: സ്ത്രീ ഹോർമോണുകളായ ഈസ്ട്രജൻ, പ്രോജസ്റ്ററോൺ എന്നിവയുടെ പ്രവർത്തനത്തിലെ ഏറ്റക്കുറച്ചിലുകൾ ആർത്തവം ക്രമരഹിതമാക്കും.
  2. ഗർഭനിരോധന മാർഗങ്ങളുടെ ഉപയോഗം: ഗുളികകൾ പോലുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നവരിൽ ക്രമരഹിതമായ ആർത്തവത്തിന് സാധ്യതയുണ്ട്.
  3. മാനസിക സമ്മർദ്ദം: ക്രമരഹിത ആർത്തവത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് അമിത മാനസിക സമ്മർദ്ദം.
  4. പോഷകക്കുറവ്: സ്ത്രീകളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് പോഷകങ്ങൾ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. വ്യത്യസ്ത ഭക്ഷണങ്ങളിൽ നിന്ന് ലഭിക്കേണ്ട പോഷക ഗുണങ്ങൾ ശരീരത്തിലെത്താത്തത് ആർത്തവം ക്രമരഹിതമാകുന്നതിനു കാരണമാകും. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് ആർത്തവം ക്രമപ്പെടുത്തും. സംസ്കരിച്ച ഭക്ഷണവും കൃത്രിമ ഭക്ഷണവും ഹോർമോൺ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. ഇത് ആർത്തവചക്രത്തെ തടസ്സപ്പെടുത്തും. ഇതു പരിഹരിക്കാൻ നിങ്ങളുടെ ഭക്ഷണത്തിൽ പച്ചക്കറികൾ, പഴങ്ങൾ, ഉണങ്ങിയ പഴങ്ങൾ, മത്സ്യം, മുട്ട, ഇരുമ്പ് ധാരാളം അടങ്ങിയ മുരിങ്ങയില, ഈന്തപ്പഴം, ആട്ടിറച്ചി തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. പ്രത്യേകിച്ച് സോയ ഉത്പന്നങ്ങൾ, പയർ വർഗ്ഗങ്ങൾ, ചണവിത്ത്, എള്ള്, ഒലിവ് ഓയിൽ, മാതളം, ആപ്പിൾ, ബദാം, തൈര് അഥവാ യോഗർട്ട് തുടങ്ങിയവ സ്ത്രീകളിലെ ഈസ്ട്രജൻ നില മെച്ചപ്പെടുത്തും.
  5. ചിട്ടയായ വ്യായാമം: ഹോർമോണുകളെ നിയന്ത്രിക്കാൻ പതിവായി വ്യായാമം ചെയ്യുന്നത് സഹായിക്കും. സ്ത്രീകൾക്ക് നടത്തം, ഓട്ടം, നൃത്തം, സൈക്ലിങ്, നീന്തൽ, അയോധന കലകൾ പോലുള്ള വ്യായാമങ്ങളിൽ ഏർപ്പെടാം. വ്യായാമം ശരീരത്തിലെ രക്തയോട്ടം നിയന്ത്രിക്കുന്നു. ഇത് ആർത്തവചക്രം ക്രമപ്പെടുത്തും. എന്നാൽ അമിതമായ അധ്വാനം ഒഴിവാക്കണം[11].

ആർത്തവവിരാമം (Menopause)

[തിരുത്തുക]

ആർത്തവം നിലയ്ക്കുന്നതിനെ ആർത്തവവിരാമം അഥവാ മെനോപോസ് (Menopause) എന്നറിയപ്പെടുന്നു. മിക്കവരിലും 45നും 55 വയസ്സിനും ഇടയ്ക്ക് (ശരാശരി 47-52 വയസ്) ഇത് സംഭവിക്കുന്നു. ഈസ്ട്രജൻ ഹോർമോൺ ഉത്പാദനക്കുറവ് ഉണ്ടാകുന്ന ഈ കാലഘട്ടം സ്ത്രീകളെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ്. ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ആർത്തവ വിരാമം മോശമായി ബാധിക്കാറുണ്ട്. പലപ്പോഴും സ്ത്രീകൾക്കും അവരുടെ കുടുംബങ്ങൾക്കും ഇതിനെക്കുറിച്ച് ശാസ്ത്രീയ അറിവ് ഉണ്ടായിരിക്കണമെന്നില്ല. സ്ത്രീകൾക്ക് ഏറെ പിന്തുണ ആവശ്യമുള്ള ഒരു സമയമാണിത്.

സാധാരണ ഗതിയിൽ ഒരു സ്ത്രീയിൽ ആർത്തവവിരാമം എന്ന ഘട്ടത്തിൽ എത്തുന്നത് വരെ ആർത്തവം ഉണ്ടാകാറുണ്ട്. ഒരു വർഷത്തോളം തുടർച്ചയായി ആർത്തവം ഉണ്ടാകാതിരുന്നാലേ ആർത്തവ വിരാമം അഥവാ മെനോപോസ് സംഭവിച്ചതായി കണക്കാക്കാറുള്ളു.

ഏകദേശം 45 വയസ്സാവുമ്പോൾ സ്ത്രീ ഹോർമോണായ ഈസ്ട്രജൻ, പ്രൊജസ്റ്റിറോൺ, ടെസ്റ്റോസ്റ്റിറോൺ എന്നി ഹോർമോണുകളുടെ ഉത്പാദനം കുറയുകയും, അണ്ഡാശയത്തിലെ (ovary) ഫോളിക്കിളുകൾ ക്ഷയിക്കാൻ തുടങ്ങുകയും ക്രമേണ അണ്ഡോൽപ്പാദനവും (ഓവുലേഷൻ) ആർത്തവവും പൂർണമായി നിലയ്ക്കുകയും ചെയ്യുന്നു. ഇത് സ്ത്രീകളുടെ പ്രത്യുത്പാദനശേഷി ഇല്ലാതാക്കുന്നു.

സ്ത്രീ ഹോർമോണുകളുടെ സംരക്ഷണം കുറയുന്നതോട് കൂടി ഹൃദ്രോഗ സാധ്യത വർധിക്കുന്നു. ആർത്തവ വിരാമ ഘട്ടത്തിൽ സ്ത്രീ ശരീരത്തിൽ പെട്ടന്നുള്ള ചൂടും, വിയർപ്പും, അസ്ഥികൾക്ക് ബലക്കുറവ്, എല്ലുകളുടെ പൊട്ടൽ, വിഷാദരോഗം, കോപം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ, അമിതവണ്ണം, മൂത്രാശയ അണുബാധ, യോനീ വരൾച്ച, വേദനാജനകമായ ലൈംഗികബന്ധം, അജിതേന്ദ്രിയത്വം അഥവാ ചുമക്കുമ്പോഴും മറ്റും അറിയാതെ മൂത്രം പോകുക, ഓർമക്കുറവ്, ക്ഷീണം, മുടി കൊഴിച്ചിൽ, വരണ്ട ചർമ്മം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. മാത്രമല്ല, ഹോർമോൺകുളുടെ കുറവ്മൂലം സഹാനുഭൂതി നാഡീ വ്യവസ്ഥ (Sympathetic nervous system) അമിതമായി സജീവമാകുന്നതിനാൽ സ്ഥിരമായ ജാഗ്രതയും, പൊതു ആശങ്കയും വളരാൻ സാധ്യതയുണ്ട്. ഇത് സ്ലീപ് ഡിസോർഡർ മൂലമുള്ള അസ്ഥിരത, ഉത്കണ്ഠ, ഓർമശക്തി സംബന്ധമായ പ്രശനങ്ങളിലേക്കും നയിച്ചേക്കാം.

ആർത്തവവിരാമം ലൈംഗികബന്ധത്തെ മോശമായി ബാധിക്കാറുണ്ട്. ആർത്തവവിരാമ സമയത്ത് ഈസ്ട്രജൻ ഹോർമോൺ കുറവ് മൂലം യോനിയിലെ നനവ് അഥവാ ലൂബ്രിക്കേഷൻ കുറയുക അതായത് യോനീ വരൾച്ച, യോനിയുടെ ഉൾതൊലിയുടെ കട്ടി കുറയുക, തന്മൂലം വേദനാജനകമായ ലൈംഗികബന്ധം, രതിമൂർച്ഛയില്ലായ്മ എന്നിവ ഉണ്ടാകാം. ലൈംഗിക ബന്ധത്തിലെ വേദനയും ബുദ്ധിമുട്ടും താല്പര്യക്കുറവ് ഉണ്ടാകാൻ ഒരു പ്രധാന കാരണമാണ്. എന്നാൽ ഇതിന് പലതരം ചികിത്സകൾ ലഭ്യമാണ്. എന്നാൽ പലർക്കും ഇതേപറ്റി ശാസ്ത്രീയമായ അറിവില്ല. ഫാർമസിയിലും ഓൺലൈൻ മാർഗത്തിലും മറ്റും ലഭ്യമായ ഏതെങ്കിലും ഗുണമേന്മയുള്ള ഒരു ലൂബ്രിക്കന്റ് ജെല്ലി (ഉദാ:കേവൈ ജെല്ലി, മൂഡ്സ്, ഡ്യുറക്സ് തുടങ്ങിയവ) ഉപയോഗിക്കുന്നത് യോനീ വരൾച്ച പരിഹരിക്കുകയും, വേദനരഹിതവും സുഖകരവുമായ ലൈംഗികബന്ധത്തിന് സഹായിക്കുകയും ചെയ്യുന്നു. ഒരു ഡോക്ടറുടെ നിർദേശപ്രകാരം ഈസ്ട്രജൻ ഹോർമോൺ അടങ്ങിയ ക്രീം ഉപയോഗിക്കുന്നത് യോനിഭാഗത്തെ ഹോർമോൺ കുറവ് പരിഹരിക്കുന്നു. ഇത് യോനിചർമത്തിന്റെ കട്ടി വർധിപ്പിക്കുകയും, ഈർപ്പം നിലനിർത്തുകയും, ഇടയ്ക്ക് ഉണ്ടാകുന്ന അണുബാധ തടയുകയും, ലൈംഗികജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ ശാരീരിക മാനസിക ആരോഗ്യത്തിന് സന്തോഷകരമായ ലൈംഗികത ഏറെ ഗുണകരമാണ്.

ആർത്തവവിരാമവും, ആരോഗ്യ സംരക്ഷണവും

[തിരുത്തുക]

ആർത്തവം നിലച്ചതിന് ശേഷമുള്ള ആരോഗ്യ സംരക്ഷണം ഏറ്റവും പ്രധാനമാണ്. 45-55 വയസ് പിന്നിട്ട സ്ത്രീകൾ ഇത് ശ്രദ്ധിക്കേണ്ടതുണ്ട്. ചിട്ടയായ വ്യായാമം , പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം, മതിയായ ഉറക്കം, ശരിയായ ലൈംഗികജീവിതം, സന്തോഷകരമായ മാനസികാവസ്ഥ, പുകയില തുടങ്ങിയ ലഹരി വിമോചനം തുടങ്ങിയവ പാലിച്ചു പോരുന്നവരിൽ ആർത്തവവിരാമം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ പൊതുവേ കുറവാണ്.

പ്രധാനമായും സ്ത്രീകൾ ഈ സമയത്ത് കൃത്യമായി വ്യായാമം ചെയ്യേണ്ടത് അനിവാര്യമാണ്. വേഗത്തിലുള്ള നടത്തം, സൈക്ലിങ്, നൃത്തം, സുംബ ഫിറ്റ്നസ് ഡാൻസ്, കളികൾ, നീന്തൽ, അയോധന കലകൾ, ജിം ട്രെയിനിങ് തുടങ്ങിയ ഏതെങ്കിലും ശീലമാക്കാം. ഇത് ആർത്തവ വിരാമത്തിന് ശേഷം എല്ലുകളുടെ ആരോഗ്യം നിലനിർത്താനും ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാനും സഹായിക്കുന്നു. പെൺകുട്ടികൾ ചെറുപ്പത്തിലേ വ്യായാമം ചെയ്തു തുടങ്ങേണ്ടതിന്റെ ആവശ്യകത ഇത് വ്യക്തമാക്കുന്നു.

പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, പരിപ്പ് വർഗ്ഗങ്ങൾ, മത്സ്യം, മുട്ട എന്നിവ അടങ്ങിയ പോഷക സമൃദ്ധമായ ആഹാരം കൃത്യമായ അളവിൽ കഴിക്കുക. ഇത് വിറ്റാമിനുകൾ, ധാതുക്കൾ, ഫൈബർ, പ്രോട്ടീൻ, ഒമെഗാ 3 ഫാറ്റി ആസിഡ് എന്നിവ ശരീരത്തിന് ലഭ്യമാക്കുന്നു. ഇത് ആരോഗ്യം, രോഗപ്രതിരോധ ശേഷി എന്നിവ മെച്ചപ്പെടുത്തുന്നു. സാലഡ് പോലെയുള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

കൂടാതെ അന്നജം, എണ്ണ, കൊഴുപ്പ്, ഉപ്പ്, മധുരം അല്ലെങ്കിൽ പഞ്ചസാര എന്നിവ അമിതമായി അടങ്ങിയ അനാരോഗ്യകരമായ ആഹാരം നിയന്ത്രിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ചോറ്, ബിരിയാണി, ചപ്പാത്തി, വറുത്തതും പൊരിച്ചതും, അച്ചാർ, പലഹാരങ്ങൾ, കൊഴുപ്പ് കൂടിയ മാംസം തുടങ്ങിയവ നിയന്ത്രിക്കുക.

എല്ലുകളുടെ ആരോഗ്യത്തിന് കാൽസ്യം (അസ്ഥികളെ ശക്തിപ്പെടുത്താൻ), വിറ്റാമിൻ ഡി (കാൽസ്യം ആഗിരണം ചെയ്യാൻ), മഗ്നീഷ്യം (പേശികൾക്ക് വിശ്രമം നൽകാനും ഉറക്കം മെച്ചപ്പെടുത്താനും), വിറ്റാമിൻ കെ 2 (അസ്ഥികളിലേക്ക് കാൽസ്യം എത്തിക്കാൻ), ബി വിറ്റാമിനുകൾ - പ്രത്യേകിച്ച് ബി 6, ബി 12, ഫോളേറ്റ് (ഊർജ്ജം, മാനസികാവസ്ഥ, ഹൃദയാരോഗ്യം എന്നിവയ്ക്ക്), ഒമേഗ -3 ഫാറ്റി ആസിഡുകൾ (ഹൃദയത്തെയും തലച്ചോറിനെയും സംരക്ഷിക്കാൻ), ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയ ഭക്ഷണങ്ങൾ (ശരീര താപനില ക്രമീകരിക്കാനും ഹൃദയത്തെ സംരക്ഷിക്കാനും), പ്രോട്ടീൻ (പേശികളെ നിലനിർത്താൻ) എന്നിവ അടങ്ങിയ പോഷകസമൃദ്ധമായ ആഹാരം കഴിക്കേണ്ടതും കൃത്യമായി വ്യായാമം ചെയ്യേണ്ടതും അത്യാവശ്യമാണ്. വ്യായാമം ശാരീരികബലം മാത്രമല്ല മാനസികമായ ആരോഗ്യവും ആത്മവിശ്വാസവും വർധിപ്പിക്കുന്നു.[12]

സസ്യജന്യ സ്ത്രീ ഹോർമോണുകൾ അടങ്ങിയ ചേമ്പ്, കാച്ചിൽ, സോയാബീൻ, ശതാവരി, ഫ്‌ളാക്‌സ് സീഡ്‌സ്, മാതളം തുടങ്ങിയവയും കാൽസ്യം ധാരാളമായി അടങ്ങിയ മുരിങ്ങയില, കൊഴുപ്പ് നീക്കിയ പാൽ കൂടാതെ ധാരാളം പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ് വർഗ്ഗങ്ങൾ, മുട്ട, മത്സ്യം തുടങ്ങിയവ ഈ ഘട്ടത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്. മാത്രമല്ല ആഹാരത്തിൽ അമിതമായ കൊഴുപ്പ്, മധുരം, അന്നജം, ഉപ്പ് എന്നിവ കുറക്കേണ്ടതാണ്. കെഗൽ വ്യായാമം, വിവിധ ചികിത്സകൾ എന്നിവ അജിതേന്ദ്രിയത്വം നിയന്ത്രിക്കാൻ സഹായിക്കും.

ഒരു ഡോക്ടറുടെ നേതൃത്വത്തിൽ ഹോർമോൺ ചികിത്സയും, ജീവിതശൈലി സബന്ധമായ വൈദ്യോപദേശവും ഏറെ ഫലപ്രദമാണ്. എന്നാൽ തുടർച്ചയായ ഹോർമോൺ ചികിത്സ അപകടസാധ്യതകൾ ഉയർത്തുന്നു. അതിനാൽ ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ ഇത് ചെയ്യാൻ പാടുള്ളു.

സ്തനാർബുദം, ഗർഭാശയഗള അർബുദം എന്നിവയ്ക്കുള്ള പരിശോധനയും ഈ ഘട്ടത്തിൽ ചെയ്യുന്നത് ഏറെ ഗുണകരമാണ്. സ്തനങ്ങളിൽ മുഴ, തടിപ്പ്, നിറം മാറ്റം എന്നിവ കണ്ടാൽ ഉടൻ ശാസ്ത്രീയ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. സ്ത്രീകൾക്ക് വളരെ എളുപ്പത്തിൽ സ്തനം പരിശോധിച്ച് ഇത് മനസിലാക്കാവുന്നതേയുള്ളൂ. ആർത്തവവിരാമത്തിന് ശേഷമുള്ള രക്തസ്രാവം, ലൈംഗികമായി ബന്ധപ്പെടുമ്പോഴുള്ള രക്തസ്രാവം തുടങ്ങിയവ കാൻസർ ലക്ഷണങ്ങൾ ആകെയാൽ വളരെ ഗൗരവമായി വൈദ്യ പരിശോധന നടത്തേണ്ടതുണ്ട്.[13][14]

ആർത്തവവുമായി ബന്ധപെട്ട ചടങ്ങുകൾ, അന്ധവിശ്വാസങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ

[തിരുത്തുക]

ആദ്യമായി ആർത്തവം ഉണ്ടാകുന്നതോടെ ‘തിരണ്ടു കല്യാണം’ എന്ന ചടങ്ങ് ആഘോഷപൂർവം നടത്തുന്ന രീതി പണ്ടുകാലത്തു കേരളത്തിൽ ഉൾപ്പെടെ നടന്നിരുന്നു. ദക്ഷിണേന്ത്യയിൽ വ്യാപകമായിരുന്ന ആഘോഷമാണു് തിരണ്ടുകല്യാണം. അതു് ഏറെക്കുറെ ഇന്നും നിലനിൽക്കുന്നത് തമിഴ്‌നാട്ടിലാണ്. ബന്ധുമിത്രാദികളെയെല്ലാം ക്ഷണിച്ചു പന്തൽ കെട്ടി (ഇപ്പോൾ കല്യാണമണ്ഡപങ്ങളും മറ്റും വാടകക്കെടുത്തും ഇതു നടത്താറുണ്ടു്) നടത്തുന്ന വിപുലമായ ആഘോഷമാണു് അവിടത്തെ 'പൂപ്പുനിത നീരാട്ടുവിഴാ' എന്നറിയപ്പെടുന്ന തിരണ്ടുകല്യാണം. 'കന്നി'പ്പെണ്ണിന് അതിഥികൾ ഉപഹാരങ്ങൾ നല്കുന്ന പതിവുമുണ്ട്. ഋതുമതിയായ പെൺകുട്ടിയെ ഏഴാം ദിവസം അണിയിച്ചൊരുക്കി വിശേഷാൽ ഭക്ഷണങ്ങൾ നല്കുകയും ചെയ്യും. കരിപ്പട്ടി (പനഞ്ചക്കര), മുട്ട, നല്ലെണ്ണ (എള്ളെണ്ണ), അരിപ്പൊടി എന്നിവ ചേർത്ത് ഉരുളയാക്കിയെടുക്കുന്ന പോഷകസാന്ദ്രമായ ഒരു വിഭവമാണു് ഇതിൽ പ്രധാനം. ബന്ധുക്കൾ വീട്ടിലെത്തി പെൺകുട്ടിക്കു് ഈ ആചാരഭക്ഷണം ഉണ്ടാക്കി നല്കണമെന്നാണു് വ്യവസ്ഥ. ഇതിനു് 'മാവുകൊട'എന്നാണ് പേരു്. ഏഴാം ദിവസം പെൺകുട്ടിയെ കുളിപ്പിച്ചു് അണിയിച്ചൊരുക്കി വീടിന്റെ ഉമ്മറത്തേക്കു് കൊണ്ടുവരും. തുടർന്നു് പുണ്യാഹവും ആരതിയുഴിയലും നടത്തും. പെൺകുട്ടിയെ ആദിപരാശക്തിയും ജഗദീശ്വരിയുമായ ഭഗവതിയുടെ പ്രതീകമായി കണ്ട് ആഘോഷിക്കുന്ന ചടങ്ങ് ആണിത് എന്നാണ് വിശ്വാസം. ഊർവരതയുടെ ആഘോഷം കൂടി ആണിത്. ക്ഷണിതാക്കൾക്കെല്ലാം സദ്യയും ഉണ്ടായിരിക്കും. തമിഴ്നാട്ടിൽ തിരണ്ടുകല്യാണം കഴിഞ്ഞ പെൺകുട്ടി കല്യാണം വരെ ചാന്തുപൊട്ടണിയുന്ന രീതിയുണ്ട്. കേരളത്തിൽ ചെങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിലും ആസാമിലെ കാമാഖ്യാ ഭഗവതി ക്ഷേത്രത്തിലും പരാശക്തിയുടെ ആർത്തവം ആഘോഷമായി ആചരിക്കുന്ന രീതിയുണ്ട്. കേരളത്തിൽ ചെങ്ങന്നൂർ ഭഗവതിയുടെ തൃപ്പൂത്താറാട്ട് ഇതുമായി ബന്ധപ്പെട്ട ചടങ്ങാണ്. പ്രത്യേകമായി നടത്തുന്ന ശാക്തേയ പൂജയിൽ ആർത്തവക്കാരിയുടെ സാന്നിധ്യം വിശേഷമാണ് എന്ന വിശ്വാസവും പ്രബലമാണ്.

ആർത്തവം സ്വാഭാവിക പ്രക്രിയ ആണെങ്കിലും ഇതൊരു അശ്ലീലമോ പാപമോ രോഗമോ ആയിക്കാണേണ്ട ഒന്നാണെന്ന ധാരണ പല സമൂഹങ്ങളിലുമുണ്ട്. ആർത്തവം മാറ്റി നിർത്തേണ്ട, അല്ലെങ്കിൽ സ്വകാര്യമായി സംസാരിക്കേണ്ട ഒന്നാണെന്നാണ് പൊതുവേ കരുതിപ്പോരുന്നത്. അതുകൊണ്ട് തന്നെ ഇതേപ്പറ്റി ശാസ്ത്രീയമായ അറിവ് പലർക്കും ലഭിക്കുന്നില്ല. ഒട്ടേറെ അന്ധവിശ്വാസങ്ങളും തെറ്റായ ധാരണകളും ആർത്തവവുമായി ബന്ധപെട്ടു ഇന്നും നിലനിൽക്കുന്നുണ്ട്. ഇത് പലപ്പോഴും സ്ത്രീകളുടെ ജീവിതം ദുഷ്ക്കരമാക്കാനും അനാരോഗ്യകരമായ ശീലങ്ങളിലേക്കും വഴി വെക്കാറുണ്ട്. നേപ്പാളിൽ ആർത്തവക്കാരായ യുവതികളെ വീടുകളിൽ നിന്നും അകലെ 'ചൌപഡി' എന്ന ചെറിയ മൺകുടിലിലേക്ക് മാറ്റി താമസിപ്പിക്കാറുണ്ട്. ഇവിടെ വച്ച് പാമ്പുകടിയേറ്റും അപകടങ്ങളിൽപ്പെട്ടും ധാരാളം യുവതികൾ മരണപ്പെടാറുണ്ട്.[15] 2017 ൽ നേപ്പാൾ ഗവൺമെന്റ് ഈ അനാചാരം നിരോധിച്ചതാണ്. ആർത്തവകാലത്ത് സ്ത്രീകളെ വീടിനു പുറത്തുള്ള കുടിലിൽ താമസിക്കാൻ നിർബന്ധിക്കുന്നത് മൂന്നുമാസം തടവും പിഴയുമാണ് നേപ്പാളിൽ.[16] ആർത്തവക്കാരായ സ്ത്രീകൾ ചില ഭക്ഷണപദാർഥങ്ങൾ കഴിക്കാൻ പാടില്ല, വ്യായാമം ചെയ്യാൻ പാടുള്ളതല്ല, ആർത്തവക്കാർ സ്പർശിച്ചാൽ തുളസി, വേപ്പ്, വെറ്റില മുതലായവ കരിഞ്ഞു പോകും, ആർത്തവക്കാരുടെ ശരീരത്ത് നെഗറ്റീവ് ഊർജ്ജം ഉണ്ട്, ആർത്തവ സമയത്ത് ശരീര താപനില കൂടുതലാണ്, ആർത്തവരക്തം അപകടകരമാണ് തുടങ്ങി പല തെറ്റിദ്ധാരണകളും ആർത്തവവുമായി ബന്ധപെട്ടു കാണാം. എന്നാൽ ഇവയ്ക്കൊനും ശാസ്ത്രീയമായി യാതൊരു അടിസ്ഥാനവുമില്ല.[17]

ലോകമെമ്പാടും, മിക്കവാറും എല്ലാ മതങ്ങളിലും, ആർത്തവം അശുദ്ധിയായാണ് കണക്കാക്കിയിരുന്നത്. ആ ദിവസങ്ങളിൽ സ്ത്രീ അശുദ്ധയാണെന്നാണ് സങ്കൽപ്പം. അതുകൊണ്ട് തന്നെ ആ സമയത്ത് വിശുദ്ധഗ്രന്ഥങ്ങളിൽ സ്പര്ശിക്കുവാനോ മതപരമായ ആചാരങ്ങളിൽ ഏർപ്പെടാനോ നോയമ്പ് അഥവാ വ്രതം എടുക്കാനോ അനുവാദമുണ്ടാകില്ല. സ്ത്രീകൾക്ക് പൗരോഹിത്യ പദവി ലഭ്യമാക്കാതിരുന്നതിന്റെ കാരണവും ഇതാണെന്ന് പറയപ്പെടുന്നു. ആർത്തവക്കാരികളെ സ്പർശിച്ചാൽ ഏഴു വെള്ളത്തിൽ കുളിക്കണമെന്ന് പറയുന്ന മതഗ്രന്ഥങ്ങൾ വരെയുണ്ട്. എന്നിരുന്നാലും ഇക്കാര്യത്തിൽ ചില മാറ്റങ്ങൾ ലോകത്ത് പലയിടത്തും കാണാം. ഇന്ത്യയിൽ ആർത്തവവുമായി ബന്ധപ്പെട്ട വിവേചനങ്ങൾ സർവ സാധാരണമാണ്. മുപ്പത് വർഷം മുൻപ് വരെ കേരളത്തിലെ ഒരു വിധം എല്ലാ ഗ്രാമങ്ങളിലും ആർത്തവവുമായി ബന്ധപ്പെട്ട് അനവധി അനാചാരങ്ങൾ വ്യാപകമായിരുന്നു. ആർത്തവം ആയിക്കഴിഞ്ഞാൽ മാറിത്താമസിക്കുതിന്നായി പ്രത്യേകം 'പ്രത്യേകമുറി' ഓരോ വീട്ടിലുമുണ്ടായിരുന്നു. പഴമക്കാരിലൂടെ പുതുതലമുറയിലേക്ക്​ കൈമാറിയെത്തുന്ന വിശ്വാസങ്ങളിലൊന്ന് ആർത്തവവുമായി ബന്ധപ്പെട്ടതാണ്. ആർത്തവ കാലത്ത് സ്ത്രീകൾക്ക് വിശ്രമിക്കാൻ ഉണ്ടാക്കിയിരുന്ന ഇത്തരം സങ്കേതങ്ങൾ പിന്നീട് അശുദ്ധിയുടെ ഇടങ്ങളായി മാറുകയായിരുന്നു. എന്നാൽ നഗരവൽക്കരണവും വിദ്യാഭ്യാസവും ആരോഗ്യപരമായ ബോധവൽക്കരണവും വ്യാപകമായതോടെ ഇത്തരം അനാചാരങ്ങൾ പൊതുവെ കുറഞ്ഞു കാണപ്പെടുന്നു.

ആർത്തവകാലത്ത് സ്ത്രീകൾക്ക് ആരാധനാലയങ്ങളിൽ പോകാൻ, പ്രത്യേകിച്ച് ക്ഷേത്രദർശനം, ചില വിഭാഗങ്ങളുടെ പള്ളി, മസ്ജിദ്, വിശുദ്ധ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പ്രവേശനം നിഷേധിയ്ക്കപ്പെട്ടതാണ്. സ്ത്രീ അശുദ്ധയായതിനാൽ അവൾ ആരാധനാലയങ്ങളിൽ പ്രവേശിച്ചാൽ ദൈവകോപമുണ്ടാകുമെന്നതാണ് പൊതുവേ ഇതിനു മതങ്ങൾ നൽകിയിരിക്കുന്ന വിശദീകരണം. ഉദാ: ശബരിമല ക്ഷേത്രത്തിൽ പ്രത്യേക പ്രായത്തിലുള്ള സ്‌ത്രീകളെ മാത്രം പ്രവേശിക്കാൻ അനുവദിക്കാത്തതിന്റെ കാരണമായി പറഞ്ഞിരുന്നത് ഇതേ കാരണങ്ങളായിരുന്നു. 2018 സപ്തംബറിൽ, ഏതു പ്രായത്തിലുള്ള സ്ത്രീകൾ‍ക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച് സുപ്രീം കോടതിയുടെ വിധി വന്നത് ഈ മേഖലയിൽ നിരവധി സംവാദങ്ങൾക്ക് വഴിവച്ചു. ആർത്തവത്തിന്റെ പേരിൽ യുവതികൾക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സ്ത്രീകളെ തരംതാഴ്ത്തുന്ന വിശ്വാസങ്ങൾക്ക് അംഗീകാരം നൽകാൻ സാധിക്കില്ല എന്നും സുപ്രീംകോടതി നിരീക്ഷിച്ചു.[18]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "menstral cycle - തിരയുക". Retrieved 2022-05-19.
  2. "Understanding Ovulation".
  3. CDC (2025-03-18). "Healthy Habits: Menstrual Hygiene" (in അമേരിക്കൻ ഇംഗ്ലീഷ്). U.S. Centers for Disease Control and Prevention.
  4. "menstration - തിരയുക". Retrieved 2022-05-19.
  5. മാനസികാവസ്ഥയെക്കുറിച്ചുള്ള വസ്തുതകളും മിഥ്യയും
  6. "WAYS TO SHORTEN A MENSTRUAL CYCLE".
  7. "menstral pads cups - തിരയുക". Retrieved 2022-05-19.
  8. "menstral pads cups - തിരയുക". Retrieved 2022-05-19.
  9. "napkins tampoons - തിരയുക". Retrieved 2022-05-19.
  10. ജ്യോത്സ്ന ടി., ടീം മെഡിക്കോവർ (2024-07-25). "ആർത്തവ ക്രമക്കേടുകൾ: കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ". മെഡിക്കോവർ ഹോസ്പിറ്റൽസ്.
  11. "irregular menstration - തിരയുക". Retrieved 2022-05-19.
  12. സി. എം., സൗമ്യ (2022-03-20). "ആർത്തവ വിരാമവും ആരോഗ്യവും". സിറാജ് മലയാളം ഡെയിലി.
  13. "menopause - തിരയുക". Retrieved 2022-05-19.
  14. page 104, All about human body, Addone Publishing Group
  15. "ആർത്തവ അശുദ്ധി; വീടിന് പുറത്ത് നിർത്തിയ യുവതി തണുത്ത് മരവിച്ച് മരിച്ചു".
  16. https://www.manoramaonline.com/women/women-news/2019/01/11/mother-and-two-kids-die-in-nepal-menstrual-cup.html
  17. "Menstruation related myths in India: strategies for combating it".
  18. https://www.manoramaonline.com/news/latest-news/2018/09/28/sc-judgement-on-sabarimala-women-entry.html
"https://ml.wikipedia.org/w/index.php?title=ആർത്തവം&oldid=4656552" എന്ന താളിൽനിന്ന് ശേഖരിച്ചത്