വിരൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യന്റെ കൈപ്പത്തി, കാൽപാദം എന്നിവയുടെ അഗ്രഭാഗങ്ങളാണ് വിരലുകൾ. ഓരോ കൈപ്പത്തിയിലും, കാൽപാദത്തിലും സാധാരണയായി അഞ്ചു വിരലുകൾ കാണുന്നു. കൈയിലെയും കാലിലേയും വിരലുകൾ സ്ഥാനവ്യത്യാസത്തിനനുസരിച്ച് തള്ളവിരൽ, ചൂണ്ടുവിരൽ, നടുവിരൽ, മോതിരവിരൽ, ചെറുവിരൽ എന്നിങ്ങനെ അറിയപ്പെടുന്നു.

വസ്തുക്കളെ കയ്യിൽ ഒതുക്കിപ്പിടിക്കാനും പെറുക്കിയെടുക്കാനും കൈവിരലുകൾ ഉപയോഗപ്പെടുന്നു. കൂടാതെ കൈവിരലുകൾ ശക്തിയേറിയ സ്പർശിനികളുമാണ്. നടക്കുമ്പോൾ അതാത് പ്രതലങ്ങളിൽ പാദങ്ങൾ ഉറപ്പിക്കാൻ കാൽ വിരലുകൾ ഉപയോഗപ്പെടുന്നു.

ഇംഗ്ലീഷിൽ കൈ വിരലുകൾക്ക് ഫിൻഗർ (Finger) എന്നും കാലിലെ വിരലുകൾക്ക് ടോ (Toe) എന്നും പറയുന്നു.

മനുഷ്യന്റെ പത്ത് വിരലിന്റേയും വിരലടയാളം വ്യത്യസ്തമായിരിക്കും. ഒരേ പോലുള്ള വിരലടയാളം രണ്ടുപേർക്ക് ഉണ്ടായിരിക്കില്ല. ജനിക്കുമ്പോഴുണ്ടാകുന്ന വിരലടയാളം മരണം വരെ മാറുന്നില്ല. [1]

കൈവിരലുകൾ[തിരുത്തുക]

അസ്ഥികൾ[തിരുത്തുക]

കയ്യിന്റെ മണിക്കണ്ഠത്തിൽനിന്ന് ഓരോ വിരലുകൾക്കുമായി വെവ്വേറെ അസ്ഥികൾ വിടരുന്നുണ്ട്.

മനുഷ്യന്റെ കൈപ്പത്തിയിലെ അസ്ഥികൾ

ഇവയെ മെറ്റാകാർപലുകൾ (Metacarpals)എന്നു പറയുന്നു. ഇവയോരോന്നിൽ നിന്നുമായി തള്ളവിരലിന്ന് രണ്ടും മറ്റു വിരലുകൾക്ക് മൂന്ന് വീതവും ഫലാംഗെസുകൾ (phalanges)എന്ന അസ്ഥികളും ഉണ്ട്. വിരലുകളെ പ്രവർത്തിപ്പിക്കുന്ന പേശികൾ കൈപ്പത്തിയിലും കൈത്തണ്ടയിൽ മണികണ്ഠത്തിനോടു ചേർന്നുമാണുള്ളത്. രോമകൂപങ്ങളോട് ചേർന്ന് രോമങ്ങളെ എഴുന്നുനിൽക്കാൻ സഹായിക്കുന്ന നനുത്ത പേശികളല്ലാതെ വിരലുകളിൽ വേറെ മാംസപേശികളൊന്നുമില്ല.

സ്പർശനം[തിരുത്തുക]

ജനനേന്ദ്രിയങ്ങൾ ഒഴികെ ശരീരത്തിലെ മറ്റൊരവയവത്തിലും സ്പർശവും ചൂടും അറിയാനുള്ള സിരാതല്പങ്ങൾ വിരലുകളിലുള്ളത്രയും ബാഹുല്യത്തിൽ ഇല്ല. അതുകൊണ്ടാണ് വസ്തുക്കളെ തോട്ടുനോക്കാനും ചൂടറിയാനുമായി നാം വിരലുകൾ ഉപയോഗിക്കുന്നത്[2].


കാൽവിരലുകൾ[തിരുത്തുക]

കാൽവിരലുകളുടെ അസ്ഥികൾ

നടക്കുമ്പോൾ നമ്മുടെ ഭാരം വഹിക്കുകയും ശരീരസന്തുലനം ഉറപ്പാക്കുകയും മുന്നോട്ടുള്ള ആയം നൽകുകയുമാണ് കാൽവിരലുകളുടെ ധർമ്മം.

അവലംബം[തിരുത്തുക]

  1. പേജ് , All about human body - Addone Publishing group
  2. https://en.wikipedia.org/wiki/Finger
"https://ml.wikipedia.org/w/index.php?title=വിരൽ&oldid=2620769" എന്ന താളിൽനിന്നു ശേഖരിച്ചത്