ഉരൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മരം കൊണ്ടുള്ള ഉരൽ

വീടുകളിൽ അരി, മഞ്ഞൾ, മല്ലി, മുളക്, എന്നിവ ഇടിച്ച് പൊടിയാക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഉപകരണമാണ് ഉരൽ[1]‍. ഉലക്ക എന്ന ദണ്ഡുപയോഗിച്ചാണ് ഉരലിലെ ധാന്യങ്ങളും മറ്റും ഇടിക്കുന്നത്. പ്രാചീനമനുഷ്യൻ ഉരൽ ഏറ്റവുമാദ്യമുപയോഗിച്ചത് ഭക്ഷ്യവസ്തുക്കൾ പൊടിച്ചെടുക്കാനായിരുന്നിരിക്കണം. പാറപ്പുറത്തോ ഉറപ്പുള്ള മണ്ണിലോ ഉണ്ടാക്കിയിരുന്ന കുഴികളായിരുന്നിരിക്കും അവ. ഉറപ്പുള്ള ഗൃഹനിർമ്മാണം തുടങ്ങുന്നതോടെ വീടിന്നുള്ളിലോ പുറത്തോ യഥേഷ്ടം മാറ്റിവക്കാവുന്ന ഇന്നത്തെ രൂപത്തിലുള്ള ഉരലുകൾ രൂപം കൊണ്ടു. ആദ്യകാലത്ത് കരിംകല്ലു കൊണ്ടു തന്നെയായിരുന്നു ഉരൽ നിർമിച്ചിരുന്നത്. മരം കൊണ്ടുള്ള ഉരലും പ്രചാരത്തിലുണ്ടായിരുന്നു.മരം ധാരാളം ലഭ്യമായ കേരളക്കരയിൽ കല്പ്പണിക്കാരുടെ വിരളത കൂടി ആയപ്പോൾ ഉരുത്തിരിഞ്ഞുവന്നതായിരിക്കണം മരം കൊണ്ടുള്ള ഉരലുകൾ.

നിർമ്മാണരീതി[തിരുത്തുക]

ഉരലും ഉലക്കയും
കൂവക്കിഴങ്ങ് ഉരലിൽ ഇടിച്ചെടുക്കുന്നു.

കല്ലന്മൂപ്പന്മാരാണ്‌ കരിങ്കല്ലുകൊണ്ട് ഉരൽ നിർമ്മിക്കുന്നത്. ഉരൽ ഉണ്ടാക്കുവാനാവശ്യമായ കല്ല് ഉടുക്കിന്റെ ആകൃതിയിൽ കൊത്തിയെടുത്ത് ഒരറ്റത്തെ മുഖപ്പിന്റെ മദ്ധ്യത്തിൽ ഒരു കുഴിയുണ്ടാക്കുന്നു. ഇതിന് ഏതാണ്ട് ഒരു മീറ്ററോളം ഉയരമുണ്ടാകും. (ഈ രൂപത്തിലല്ലാതെ സിംഹഭാഗവും നിലത്ത് കുഴിച്ചിടുന്ന തരത്തിലുള്ള ഉരലുകളുമുണ്ട്.) ഈ കുഴിയിലാണ് ധാന്യങ്ങളും മറ്റും ഇട്ട് ഇടിച്ച് പൊടിക്കുന്നത്.. ഉലക്ക ഉപയോഗിച്ചാണ് ഇടിക്കുന്നത്. മരം കൊണ്ട് നിർമ്മിച്ച ഒരാളുടെ ഉയരം വരുന്ന ഒരു ദണ്ഡാണ് ഉലക്ക. ആശാരിമാരാണ് ഉലക്ക നിർമ്മിക്കുന്നത്. ഉലക്കയുടെ രണ്ടറ്റത്തും, ഇരുമ്പിന്റെ ചിറ്റുണ്ടാക്കുന്നു. ഇടിക്കുന്ന ഭാഗത്തിനു ഭാരം വർദ്ധിപ്പിക്കാനും ഇടിക്കുന്ന അറ്റം ഇടിയുടെ ആഘാതതത്തിൽ ‍ ചിതറിപ്പോകാതെ ഉലക്കയുടെ ആയുസ്സ് കൂട്ടാനുമാണ് ഈ ചിറ്റിടുന്നത്.ഉലക്കയുടെ ഒരു അറ്റം ധാന്യങ്ങൾ പൊടിക്കുന്നതു പോലെയുല്ല കാര്യങ്ങൾക്കും, മറുവശം നെല്ല് കുത്തുന്നതിനും ഉപയോഗിക്കാവുന്ന വിധമാണ് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. ആശാരിമാർ ഉണ്ടാക്കിയെടുത്ത ഉലക്കയിൽ ചിറ്റിടുന്നത് കൊല്ലന്മാരാണ്[1].

നെല്ല് കുത്തി അരിയാക്കുന്നതിന്നും ഉരലുകൾ ഉപയോഗിച്ചിരുന്നു. വിശേഷിച്ചും ഉമി വേർപെടുത്തിക്കഴിഞ്ഞ അരിയിൽനിന്നു തവിട് നീക്കം ചെയ്തിരുന്നത് ഇതിലായിരുന്നു. (ഉമി വേർപെടുത്താനായി മരത്തടിയിൽ കുഴിച്ചെടുത്തിരുന്ന കൂടുതൽ വിസ്താരമുള്ള, വളരെ വലിയ പാത്രം പോലുള്ള കുന്താണികളും ഉപയോഗിച്ചിരുന്നു). നിലത്ത് തയ്യാറക്കിയ ഉരൽക്കുഴികളും നിലവിലുണ്ടായിരുന്നു. കൊയ്ത്തുകാലത്ത് കറ്റകൾ അടിച്ച് അവയിൽ നിന്ന് നെന്മണികൾ വേർപെടുത്തിയെടുക്കാനും ഇവ ഉപയോഗിക്കാറുണ്ടായിരുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-20.
"https://ml.wikipedia.org/w/index.php?title=ഉരൽ&oldid=3625621" എന്ന താളിൽനിന്ന് ശേഖരിച്ചത്