Jump to content

പ്രസവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രസവം
മറ്റ് പേരുകൾpartus, parturition, birth
സ്പെഷ്യാലിറ്റിമിഡ്‌വൈഫറി, ഒബ്സ്റ്റട്രിക്ക്സ് ആൻഡ് ഗൈനക്കോളജി Edit this on Wikidata

സ്ത്രീയുടെ ഗർഭപാത്രത്തിൽ നിന്ന് ഒന്നോ അതിലധികമോ കുഞ്ഞുങ്ങൾ യോനിയിലൂടെയോ സിസേറിയൻ സെക്ഷൻ വഴിയോ പുറത്തുവരികയും ഗർഭാവസ്ഥ അവസാനിക്കുകയും ചെയ്യുന്നതിനെയാണ് പ്രസവം അഥവാ പേറെന്ന് പറയുന്നത്.ഇംഗ്ലീഷ്:Vaginal delivery ചൈൽഡ്ബർത്ത്, ഡെലിവറി എന്നൊക്കെയുള്ള ഇംഗ്ലീഷ് വാക്കുകൾ കൊണ്ട് ഉദ്ദേശിക്കുന്നതും ഇത് തന്നെ. സാധാരണ ഗതിയിൽ കഠിനമായ വേദനയോടെ സംഭവിക്കുന്നതിനാൽ പേറ്റുനോവെന്നും ഇത് അറിയപ്പെടുന്നു. സുഖപ്രസവം എന്നൊക്കെ ചില ആളുകൾ പറയാറുണ്ടെങ്കിലും ശാസ്ത്രീയമായി പറഞ്ഞാൽ പ്രസവം കടുത്ത വേദനയോടെ സംഭവിക്കുന്നത് തന്നെയാണ്. അതുകൊണ്ട് തന്നെ പലപ്പോഴും പ്രസവസമയത്തു സ്ത്രീകൾ കരയുന്നതും സാധാരണമാണ്.[1]

Sequence of images showing the stages of a normal vaginal delivery (NVD)
Sequence of images showing stages of an instrumental vaginal delivery


2015-ൽ ആഗോളാടിസ്ഥാനത്തിൽ 135 മില്യൻ പ്രസവങ്ങൾ നടന്നു.[2] ഏകദേശം 15 മില്യൺ കുഞ്ഞുങ്ങൾ ഗർഭധാരണത്തിന്റെ 32 ആഴ്ച പൂർത്തിയാകുന്നതിന്,[3] [[‘പ്രി‌-ടേം’| ആയി മുമ്പ് പിറന്നു, 3 ശതമാനം തൊട്ട് 12 ശതമാനം വരെയുള്ള കുഞ്ഞുങ്ങൾ ഗർഭധാരണത്തിന്റെ 32 ആഴ്ച പൂർത്തിയായിക്കഴിഞ്ഞതിന് ശേഷം, ആയി പിറന്നു.[4] വികസിത രാജ്യങ്ങളിൽ, മിക്ക പ്രസവങ്ങളും നടക്കുന്നത് ആശുപത്രിയിലാണ്. ഇവിടങ്ങളിൽ പങ്കാളിക്ക് പ്രസവ സമയത്ത് സ്ത്രീയുടെ കൂടെ നിൽക്കുവാനും പലപ്പോഴും കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിക്കുവാനും അനുവദിക്കാറുണ്ട്,[5][6] എന്നാൽ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ, മിക്ക പ്രസവങ്ങളും നടക്കുന്നത്, പരമ്പരാഗത വയറ്റാട്ടിയുടെ സഹായത്തോടെ, വീട്ടിൽ തന്നെയാണ്. [7]

ഏറ്റവും പൊതുവായുള്ള പ്രസവ രീതി, യോനിയിലൂടെ കുഞ്ഞിനെ പുറന്തള്ളലാണ്.[8] ഇത്തരത്തിലുള്ള പ്രസവത്തിന് മൂന്ന് ഘട്ടങ്ങളുണ്ട്: ഗർഭാശയമുഖം ചുരുങ്ങലും വികസിക്കലുമാണ് ഒന്നാം ഘട്ടം. തുടർന്ന് കുഞ്ഞ് താഴേക്കിറങ്ങുകയും പ്രസവം നടക്കുകയും ചെയ്യും, അവസാനഘട്ടം മറുപിള്ളയെ പുറന്തള്ളലാണ്.[9] ആദ്യ ഘട്ടത്തിന് സാധാരണ ഗതിയിൽ പന്ത്രണ്ട് മുതൽ പത്തൊമ്പത് മണിക്കൂർ വരെ നീണ്ടുനിൽക്കാം. രണ്ടാമത്തെ ഘട്ടത്തിന് ഇരുപത് മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെയെടുക്കും. അവസാന ഘട്ടത്തിന് അഞ്ച് മിനിറ്റ് മുതൽ മുപ്പത് മിനിറ്റ് വരെയും എടുക്കും.[10] ആദ്യഘട്ടം ആരംഭിക്കുന്നത് കൊളുത്തിപ്പിടിക്കുന്നത് പോലെയുള്ള ഉദര വേദനയോടൊപ്പമോ മുതുകു വേദനയോടൊപ്പമോ ആണ്. ഓരോ പത്ത് മുതൽ 30 മിനിറ്റിൽ ഇത് സംഭവിക്കുന്നു.[9] സമയം കഴിയുന്തോറും, ഈ വേദന കൂടുതൽ ശക്തവും ഇടവിട്ടുള്ളതുമാകുന്നു.[10] രണ്ടാം ഘട്ടത്തിൽ, സങ്കോചങ്ങൾക്കൊപ്പം തള്ളലും അനുഭവപ്പെടാം.[10] മൂന്നാമത്തെ ഘട്ടത്തിൽ, വൈകിയുള്ള കോർഡ് ക്ലാമ്പിംഗാണ് പൊതുവെ ശുപാശ ചെയ്യപ്പെടുന്നത്.[11] റിലാക്സേഷൻ രീതികൾ, ഒപ്പിയോയിഡുകൾ, സ്പൈനൽ ബ്ലോക്കുകൾ എന്നിങ്ങനെയുള്ള പലതരത്തിലുള്ള രീതികൾക്ക് വേദന കുറയ്ക്കാൻ കഴിയും.[10]

പ്രസവസമയത്ത്, ഭൂരിഭാഗം കുഞ്ഞുങ്ങളുടെയും തലയാണ് ആദ്യം പുറത്തുവരുന്നത്’എന്നിരുന്നാലും 4% കുഞ്ഞുങ്ങൾക്ക് കാലോ പൃഷ്ഠഭാഗമോ ആണ് ആദ്യം പുറത്തുവരുന്നത്. ഇതിനെ ബ്രീച്ച് എന്ന് പറയുന്നു.[10][12] പേറ്റുനോവിന്റെ സമയത്ത് സ്ത്രീകൾക്ക് പൊതുവെ ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ളത് പോലെ ചലിക്കാനും കഴിയും, ആദ്യ ഘട്ടത്തിലോ കുഞ്ഞിന്റെ ശിരസ്സ് പുറത്തുവരുമ്പോഴോ തള്ളൽ ശുപാർശ ചെയ്യുന്നില്ല. എനിമയും ശുപാർശ ചെയ്യുന്നില്ല.[13] കുഞ്ഞിന് പുറത്തേക്ക് വരാൻ യോനിയുടെ വശം ഒരു ചെറു ശസ്ത്രക്രിയ വഴി മുറിച്ചു വലുതാക്കുന്നത് സാധാരണമാണ്, എപ്പിസിയോടോമി എന്ന് വിളിക്കപ്പെടുന്ന ഈ സർജറി എല്ലായ്പോഴും ആവശ്യമില്ല.[10] 2012-ൽ, സിസേറിയൻ സെക്ഷൻ എന്ന് വിളിക്കപ്പെടുന്ന ഒരു ശസ്ത്രക്രിയ നടപടിക്രമം വഴി ഏതാണ് 23 മില്യൺ പ്രസവങ്ങൾ നടന്നു.[14] ഇരട്ടകളാണെങ്കിലോ, അമ്മയ്‌ക്കോ കുഞ്ഞിനോ അപകടാവസ്ഥയുടെ ലക്ഷണങ്ങളുണ്ടെങ്കിലോ, കുഞ്ഞ് തലകീഴായിക്കിടക്കുന്ന പൊസിഷനിൽ ആണെങ്കിലോ ആണ് സിസേറിയൻ ശുപാർശ ചെയ്യപ്പെടുക.[10] യോനി വഴിയുള്ള പ്രസവങ്ങളിൽ ഉണ്ടാകാറുള്ള കടുത്ത വേദന സഹിക്കാൻ സാധിക്കാത്ത ധാരാളം സ്ത്രീകൾ അനസ്തേഷ്യ ഉപയോഗപ്പെടുത്തുന്ന സിസേറിയൻ രീതി തിരഞ്ഞെടുക്കാറുണ്ട്. മറ്റേതൊരു സർജറിയും പോലെ ഇത്തരം പ്രസവത്തിലെ ശസ്ത്രക്രിയയുടെ മുറിവ് ഭേദമാകുന്നതിനും സമയമെടുക്കും.[10][15][16][17]

സങ്കീർണ്ണതകൾ, മാതൃമരണം

[തിരുത്തുക]

ഗർഭാവസ്ഥ, പ്രസവം എന്നിവയുമായി ബന്ധപ്പെട്ട സങ്കീർണ്ണതകളാൽ ഓരോ വർഷവും അഞ്ച് ലക്ഷത്തോളം മാതൃ മരണങ്ങൾ സംഭവിക്കുന്നു, പ്രസവത്തെ തുടർന്ന്, 7 മില്യൺ സ്ത്രീകൾക്ക് നീണ്ടകാലത്തേക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നു , 50 മില്യൺ സ്ത്രീകൾക്ക് ആരോഗ്യവുമായി ബന്ധപ്പെട്ട പ്രതികൂല പ്രഭാവങ്ങൾ ഉണ്ടാകുന്നു.[18] കൗമാര പ്രായത്തിലെ പെൺകുട്ടികളുടെ പ്രസവം അമ്മക്കും കുഞ്ഞിനും ഒരുപോലെ അപകടമാണ്. ദരിദ്ര/വികസ്വര രാജ്യങ്ങളിലാണ് ഇവയിൽ ഭൂരിഭാഗവും സംഭവിക്കുന്നത്.[18] നിർദ്ദിഷ്ട സങ്കീർണ്ണതകളിൽ തടസ്സപ്പെടുന്ന പ്രസവ പ്രക്രിയ, പോസ്റ്റ്‌പാർട്ടം ബ്ലീഡിംഗ്, എക്ലാംപ്സിയ, പോസ്റ്റ്‌പാർട്ടം അണുബാധ, പ്രായമേറിയവരുടെ പ്രസവം എന്നിവ ഉൾപ്പെടുന്നു. മാതൃശിശു മരണം ഇതിന്റെ ഗുരുതരമായ ഒരു പ്രശ്നമാണ്. പ്രസവാനന്തര രക്തസ്രാവം, അംനിയോട്ടിക്‌ ഫ്ലൂയിഡ് എമ്പോളിസം എന്നിവ ഗുരുതരമായ രോഗവസ്ഥകളാണ്. പ്രസവശേഷം ഗർഭപാത്രം പൂർവസ്ഥിതിയിലേക്ക് ചിലപ്പോൾ ചരുങ്ങാറില്ല. ഇത് കടുത്ത രക്തസ്രാവത്തിലേക്ക് നയിക്കുകയും, ശരീരം മരുന്നുകളോട് പ്രതികരിക്കാതിരിക്കുകയും, അമ്മയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമാകുകയും ചെയ്യും. മറ്റൊന്ന് അംനിയോട്ടിക്‌ ഫ്ലൂയിഡ് അമ്മയുടെ രക്തത്തിൽ കലരുകയും അത് സ്ത്രീയുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്തേക്കാം. മേൽപ്പറഞ്ഞ പല പ്രശ്നങ്ങളും പ്രസവം വളരെ സങ്കീർണ്ണമായ, ചിലപ്പോൾ ജീവൻ പോലും നഷ്ടപ്പെടുന്ന ഒന്നായി മാറ്റാറുണ്ട്. അതുകൊണ്ട് തന്നെ പ്രസവം ആശുപത്രിയിൽ നടത്തുന്നതാണ് ഏറ്റവും നല്ലത്. [18][19][20]

കുട്ടിക്ക് ഉണ്ടാകുന്ന സങ്കീർണ്ണതകൾ

[തിരുത്തുക]

കുട്ടിക്ക് ഉണ്ടാകുന്ന സങ്കീർണ്ണതകളിൽ ശിശുമരണം, ജനന സമയത്തെ ശ്വാസം മുട്ടൽ, ഭാരക്കുറവ് എന്നിവ ഉൾപ്പെടുന്നു. ഗർഭകാലത്തെ അമ്മയുടെ പോഷകാഹാരക്കുറവ്, അമ്മയിലെ അമിത മാനസിക സമ്മർദ്ദം, കൗമാരപ്രായത്തിലെ അല്ലെങ്കിൽ 18 വയസിൽ താഴെ ഉള്ളവരുടെ പ്രസവം, 35 വയസിന് ശേഷമുള്ള സ്ത്രീയുടെ ആദ്യത്തെ പ്രസവം തുടങ്ങിയവ കുഞ്ഞിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു[21][22][23].

പ്രസവവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ

[തിരുത്തുക]

മിക്ക രാജ്യങ്ങളിലും പ്രസവവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ സ്ത്രീകൾക്ക് അവകാശമുണ്ട്. ശാസ്ത്രീയമായ ഗർഭനിരോധന രീതികളിലൂടെ ഗർഭധാരണം നീട്ടിവെക്കാൻ സാധിക്കും. ഇത് ലൈംഗികവും പ്രത്യുത്പാദനപരമായ അവകാശങ്ങളുടെ ഭാഗമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. [24]

സിസേറിയനും ഇൻഡക്ഷനും

[തിരുത്തുക]

നവജാതശിശുവിനെ യോനിയിലൂടെ പ്രസവിക്കുന്നതിനുപകരം വയറിലെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുന്നതാണ് സിസേറിയൻ.[25]

മാതൃമരണനിരക്ക് കാര്യമായി കുറഞ്ഞെങ്കിലും സിസേറിൻ നിരക്ക് കൂടുകയാണ്. പ്രധാനമായും മൂന്നു കാരണങ്ങളാണ് സിസേറിയൻ നിരക്ക് കൂടുന്നതിനു പിന്നിലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.[അവലംബം ആവശ്യമാണ്]

ഒന്ന്, പരമാവധി അപകടമൊഴിവാക്കി സ്വയം സുരക്ഷിതനാവാനുള്ള ഡോക്ടറുടെ ശ്രമം. ഉദാ: കുട്ടി കുറുകെ കിടക്കുന്ന ബ്രീച്ച് ഡെലിവറി പോലുള്ള സാഹചര്യത്തിൽ പണ്ട് ആ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് ഡോക്ടർമാർ സാധാരണ പ്രസവത്തിന് ശ്രമിക്കുമായിരുന്നു. ഇന്ന് അതു ചെയ്യില്ല. രണ്ടാമത്തെ കാരണം, ഗർഭിണിയുടെയും ബന്ധുക്കളുടെയും ക്ഷമ കുറവാണ്.

മൂന്നാമത്തെ കാരണം ഗർഭിണിയുടെ പേടിയാണ്. പ്രത്യേകിച്ചും കഠിനമായ പ്രസവവേദനയെക്കുറിച്ചുള്ള ഭയം. ആദ്യ പ്രസവങ്ങളിൽ നല്ല പങ്കും സിസേറിയനാകുന്നതിന്റെ പ്രധാനകാരണം ഇതാണ്. നാൽപതു ശതമാനത്തിനുമുകളിലാണ് നമ്മുടെ നാട്ടിലെ സിസേറിയൻ നിരക്ക്. എന്നാൽ വേദനയും സിസേറിയൻ നിരക്കും കുറയ്ക്കാൻ ഏറ്റവും സഹായിച്ചത് ‘വേദനരഹിത’ പ്രസവരീതിയാണ്.

പ്രസവം ഉത്തേജിപ്പിക്കുന്ന പ്രക്രിയ അല്ലെങ്കിൽ ചികിത്സയാണ് ലേബർ ഇൻഡക്ഷൻ. ഫാർമസ്യൂട്ടിക്കൽ അല്ലെങ്കിൽ നോൺ-ഫാർമസ്യൂട്ടിക്കൽ രീതികൾ ഉപയോഗിച്ച് പ്രസവം പ്രേരിപ്പിക്കാൻ കഴിയും. പ്രോസ്റ്റാഗ്ലാൻഡിൻ മരുന്ന് ചികിത്സയിലൂടെയോ അല്ലെങ്കിൽ പ്രോസ്റ്റാഗ്ലാൻഡിൻ, ഇൻട്രാവീനസ് ഓക്സിടോസിൻ എന്നിവയുടെ സംയോജനത്തിലൂടെയോ ആണ് ഇൻഡക്ഷനുകൾ മിക്കപ്പോഴും നടത്തുന്നത്.[26]

39 ആഴ്‌ചയ്‌ക്ക് മുമ്പുള്ള പ്രേരിത ജനനങ്ങളും സിസേറിയനും നവജാതശിശുവിന് ഹാനികരവും അമ്മയ്ക്ക് ദോഷകരവും പ്രയോജനമില്ലാത്തതും ആയിരിക്കും. അതിനാൽ, പല മാർഗ്ഗനിർദ്ദേശങ്ങളും 39 ആഴ്‌ചയ്‌ക്ക് മുമ്പുള്ള വൈദ്യശാസ്ത്രപരമായി ആവശ്യമില്ലാത്ത ഇൻഡക്ഷനും സിസേറിയനും എതിരായി ശുപാർശ ചെയ്യുന്നു.[27] അമേരിക്കൻ കോൺഗ്രസ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റുകളുടെ (എസിഒജി) മാർഗ്ഗനിർദ്ദേശങ്ങൾ, നവജാതശിശുവിൻറെ ഒപ്റ്റിമൽ ആരോഗ്യത്തിനായി മാതൃ-ഗര്ഭപിണ്ഡത്തിന്റെ അവസ്ഥ, സെർവിക്സിന്റെ അവസ്ഥ, എന്നിവയെക്കുറിച്ചുള്ള പൂർണ്ണമായ വിലയിരുത്തൽ, കുറഞ്ഞത് 39 ആഴ്ചകൾ (മുഴുവൻ കാലയളവ്) എന്നിവ ശുപാർശ ചെയ്യുന്നു. ഈ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഇൻഡക്ഷനിനുള്ള സൂചനകളിൽ ഇവ ഉൾപ്പെടാം:

  • അബ്രപ്റ്റിയോ പ്ലാസന്റ
  • കോറിയോഅമ്നിയോണിറ്റിസ്
  • നവജാതശിശുവിന് അല്ലെങ്കിൽ ഒളിഗോഹൈഡ്രാംനിയോസിന്റെ ഹീമോലിറ്റിക് രോഗത്തിലേക്ക് നയിക്കുന്ന ഐസോഇമ്മ്യൂണൈസേഷൻ പോലുള്ള ഗര്ഭപിണ്ഡത്തിന്റെ വിട്ടുവീഴ്ച
  • ഗര്ഭപിണ്ഡത്തിന്റെ മരണം
  • ഗർഭകാല ഹൈപ്പർടെൻഷൻ
  • ഗർഭകാല പ്രമേഹം അല്ലെങ്കിൽ വിട്ടുമാറാത്ത വൃക്കരോഗം പോലുള്ള അമ്മയുടെ അവസ്ഥകൾ
  • പ്രീക്ലാമ്പ്സിയ അല്ലെങ്കിൽ എക്ലാംപ്സിയ
  • മെംബ്രണുകളുടെ അകാല വിള്ളൽ
  • പോസ്റ്റ്-ടേം ഗർഭം[28][29][30]

വേദനരഹിത പ്രസവം

[തിരുത്തുക]

വിദേശ രാജ്യങ്ങളിൽ നൂറുവർഷത്തിൽ അധികമായി തുടർന്നുവരുന്ന ശാസ്ത്രീയ പദ്ധതിയാണ് വേദനരഹിത സാധാരണ പ്രസവം. ഓക്‌സിനോസ് അഥവാ എന്റാനോക്‌സ് എന്ന 50% ഓക്‌സിജനും 50% നൈട്രസ് ഓക്‌സൈഡും ചേർന്ന മിശ്രിതം ഉപകരണങ്ങളുടെ സഹായത്തോടെ ഗർഭിണി സ്വയം ശ്വസിക്കുന്നു. പ്രസവസമയത്തെ വേദന അകറ്റാൻ ആധുനിക വൈദ്യശാസ്ത്രം അവലംബിക്കുന്ന ഏറ്റവും സുരക്ഷിതവും ചിലവ് കുറഞ്ഞതും ലളിതവുമായ ഈ മാർഗം. ഇതിലൂടെ കഠിനമായ പ്രസവവേദന 40 മുതൽ 100% വരെ കുറയ്ക്കാൻ കഴിയുമെന്ന് പറയപ്പെടുന്നു. മാത്രമല്ല ഗർഭിണിക്കും കുഞ്ഞിനും 50% ഓക്‌സിജൻ ഇതിലൂടെ ലഭ്യമാക്കാൻ കഴിയും. അന്തരീക്ഷവായുവിലെ 13% ഓക്‌സിജൻ ശ്വസിക്കുന്നതിനേക്കാൾ ഗുണകരമാണ് ഈ സമയം ലഭിക്കുന്ന 50% ഓക്‌സിജൻ. ഇത് അമ്മയ്ക്കും കുഞ്ഞിനും കൂടുതൽ സംരക്ഷണം നൽകുന്നു. കൂടാതെ കൃത്യമായ മേൽനോട്ടവും പരിചരണവും ഗർഭിണിക്ക് ലഭിക്കുന്നു.

വേദനാ സംഹാരികളായ മരുന്നുകൾ ഉപയോഗിച്ച് നടത്തുന്ന എപ്പിഡ്യൂറൽ അനസ്തെഷ്യ രീതിയാണ് മറ്റൊന്ന്. ഇത്‌ തീർത്തും വേദനരഹിതമായ അവസ്ഥ സൃഷ്ടിക്കുന്നു. ഈ സമയം ഗർഭിണിക്ക്‌ വേദനയില്ലാതെ മുക്കാനും പ്രസവിക്കാനും കഴിയും. എന്തെങ്കിലും കാരണത്താൽ സിസേറിയൻ ശസ്ത്രക്രിയ വേണ്ടി വരുകയാണെങ്കിൽ ഇതിലേക്ക്‌ അനസ്തേഷ്യ കൊടുക്കാവുന്നതുമാണ്‌. തീർത്തും സുരക്ഷിതമായ ഈ രീതി മൂലം യാതൊരുവിധ പാർശ്വഫലവും ഉണ്ടാകുന്നില്ല. തീരെ പൊക്കം കുറഞ്ഞ അമിത വണ്ണമുള്ള അല്ലെങ്കിൽ നടുവിന്‌ വളവോ ശസ്ത്രക്രിയ ചെയ്ത ചരിത്രമോ ഉള്ള ഗർഭിണികൾക്ക്‌ എപ്പിഡ്യൂറൽ രീതി അത്ര അനുയോജ്യമാകാറില്ല.

ഗർഭിണികളിൽ 90 ശതമാനത്തിലേറെ പേർക്ക് ‌സുരക്ഷിതവും സൗകര്യപ്രദവുമായ വേദനരഹിത സുഖപ്രസവത്തിന്‌ ഇത്തരം രീതികൾ പ്രയോജനപ്പെടുത്താം[31][32].

പ്രായവും പ്രസവവും

[തിരുത്തുക]

പ്രസവവും പ്രായവും തമ്മിൽ കാര്യമായി ബന്ധപ്പെട്ടു കിടക്കുന്നു. സ്ത്രീകളുടെ ആദ്യത്തെ പ്രസവം 23 വയസിനും 32 വയസിനും ഇടയിലാകുന്നതാണ് ഏറ്റവും നല്ലത് എന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. ഇതാണ് അമ്മയുടെയും കുഞ്ഞിൻെറയും ആരോഗ്യത്തിനു ഏറെ ഗുണകരം. 18 വയസിന് മുൻപും 35 വയസിന് ശേഷവുമുള്ള പ്രസവം പല പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. ഇത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനെ മോശമായി ബാധിച്ചേക്കാം. കൗമാരപ്രായത്തിലെ പ്രസവം മാതൃശിശു മരണത്തിന്റെയും, അമ്മയ്ക്കും കുഞ്ഞിനും ഉണ്ടാക്കാനിടയുള്ള ആരോഗ്യപ്രശ്നങ്ങളുടെയും, വൈകല്യങ്ങളുടെയും ഒരു മുഖ്യ കാരണമായി പറയുന്നുണ്ട്. ബ്രിട്ടീഷ് ഗൈനക്കോളജിസ്റ്റുമാരുടെ നിർദേശപ്രകാരം ഇന്ത്യയിൽ പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള മുഖ്യ കാരണം ഇതായിരുന്നു. 35 വയസിന് സ്ത്രീകളിൽ ഗർഭധാരണ ശേഷി കുറഞ്ഞു വരുന്നു. പുരുഷന്മാരിൽ 45 വരെ സാധാരണ ഗതിയിൽ പിതാവ് ആകുന്നതിനു പ്രശ്നങ്ങൾ ഉണ്ടാകാറില്ല. എന്നാൽ 45 വയസിനു ശേഷം പുരുഷന്മാരിൽ ശുക്ലത്തിന്റെ ഗുണമേന്മ കുറഞ്ഞു വരികയും, കുട്ടികളിൽ ഓട്ടിസം പോലെയുള്ള രോഗങ്ങൾ ഉണ്ടാകാൻ സാധ്യത വർധിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളർച്ചയാൽ പ്രായമേറെ ഉള്ള സ്ത്രീകളും പുരുഷന്മാരും ഇന്ന് ആരോഗ്യമുള്ള കുട്ടികൾക്ക് ജന്മം കൊടുക്കുന്നതായി കണ്ടുവരുന്നു. അതിനാൽ 35 വയസിന് ശേഷം ഗർഭധാരണത്തിന് ശ്രമിക്കുന്ന സ്ത്രീകളും, 45 വയസ് കഴിഞ്ഞ പുരുഷന്മാരും വൈദ്യശാസ്ത്ര വിദഗ്ദരുടെ സേവനം തേടുന്നത് ഉചിതമാണ്[33][34][35].

പ്രസവ ശേഷമുള്ള ലൈംഗികബന്ധം

[തിരുത്തുക]

പ്രസവം കഴിഞ്ഞതിനു ശേഷമുള്ള ലൈംഗിക ജീവിതത്തെ കുറിച്ച് മിക്ക ആളുകൾക്കും ശാസ്ത്രീയമായ അറിവ് ഉണ്ടായിരിക്കണമെന്നില്ല. ഇതേപറ്റി ഡോക്ടറോട് ചോദിച്ചു മനസിലാക്കാൻ മടി കാണിക്കേണ്ട കാര്യമില്ല. ലൈംഗിക ജീവിതം പുനരാരംഭിക്കാൻ ഇരുവരും ഒരു ധാരണയിലെത്തണം. അതിനായി അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

പ്രസവ ശേഷം ആറു ആഴ്ചകൾക്ക് ശേഷം ലൈംഗിക ബന്ധം ആരംഭിക്കുന്നതാണ് നല്ലത് എന്ന് വിദഗ്ദർ ചൂണ്ടി കാട്ടുന്നു. ഇതിൽ സ്ത്രീയുടെ ആരോഗ്യവും മാനസികാവസ്ഥയും കൂടി പരിഗണിക്കേണ്ടതുണ്ട്. എപ്പിസിയോട്ടമി ശാസ്ത്രക്രിയ പോലെയുള്ളവ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ മുറിവ് ഉണങ്ങുന്നതുവരെ കാത്തിരിക്കേണ്ടതാണ്. സിസേറിയൻ ശസ്ത്രക്രിയ  കഴിഞ്ഞവരിൽ വയറിനു മുകളിൽ പങ്കാളിയുടെ ഭാരം വരാതെ സൂക്ഷിക്കേണ്ടതാണ്. മുലയൂട്ടുന്ന അമ്മമാർക്ക് പഴയതുപോലെ സമാനമായ ആഗ്രഹങ്ങൾ ഉണ്ടാകണമെന്നില്ല.

കൂടാതെ, ശാരീരിക വ്യതിയാനങ്ങളും ഹോർമോൺ ഫലങ്ങളും കാരണം സ്ത്രീകൾക്ക് ലൈംഗികത ശരിയായി ആസ്വദിക്കാൻ കഴിഞ്ഞേക്കില്ല. അവരുടെ ശരീരം പാൽ ഉത്പാദിപ്പിക്കാൻ പ്രോലാക്റ്റിൻ എന്ന ഹോർമോൺ ഉയർന്ന അളവിൽ ഉത്പാദിപ്പിക്കുന്നു.

അതേസമയെ ഈസ്ട്രജൻ ഉത്പാദനം കുറയുന്നു. ഈ ഹോർമോണുകളുടെ പ്രഭാവം കാരണം യോനിയിൽ വരൾച്ച ഉണ്ടാവാം. അത്തരം സമയങ്ങളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് അവർക്ക് ബുദ്ധിമുട്ടോ വേദനയോ ഉണ്ടാകാം.

യോനിയിലെ വരൾച്ച ഒരു പ്രശ്നമാണെങ്കിൽ കഴിവതും ഗുണമേന്മയുള്ള ഏതെങ്കിലും ലൂബ്രിക്കന്റ് ഉപയോഗിക്കണം. ഫാർമസിയിലും ഓൺലൈൻ വഴിയും ഇവ ലഭ്യമാണ്. പ്രസവശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് ഈ ഘടകങ്ങളെല്ലാം പരിഗണിക്കണം.

പ്രസവശേഷം അമ്മയുടെ ശരീരം മുലയൂട്ടലിനോട് പൊരുത്തപ്പെടുന്നു. ചിലയിടങ്ങൾ വളരെ സെൻസിറ്റീവ് ആയിത്തീരുന്നു. സ്തനങ്ങൾ, മുലക്കണ്ണുകൾ എന്നിവ പഴയത് പോലെയായിരിക്കില്ല. വേദനയ്‌ക്കൊപ്പം അവർക്ക് അസ്വസ്ഥത അനുഭവപ്പെടാം, അതിനാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക.

അതിനാൽ പുരുഷന്മാർ അവരെ അലട്ടുന്ന അത്തരം പ്രവൃത്തികളിൽ നിന്നും വിട്ടുനിൽക്കണം. ലൈംഗികവേളയിൽ പങ്കാളിക്ക് അസ്വസ്ഥത ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ലൈംഗിക ഉത്തേജനത്തിനായി കഴുത്ത്, ചെവി, അരക്കെട്ട്, വയർ തുടങ്ങിയ മറ്റ് മേഖലകൾ പരിഗണിക്കണം. പ്രസവ ശേഷം യോനി അയഞ്ഞു പോയിട്ടുണ്ടെങ്കിൽ പങ്കാളികൾക്ക് വേണ്ടത്ര സുഖവും സംതൃപ്തിയും ലഭിക്കണമെന്നില്ല.  പ്രത്യേകിച്ചും തുടർച്ചയായി ഒന്നിലധികം യോനി വഴിയുള്ള പ്രസവം കഴിഞ്ഞവരിൽ യോനിയിൽ വേണ്ടത്ര മുറുക്കം ഉണ്ടായെന്നു വരില്ല. ഇത്തരം സാഹചര്യത്തിൽ ലളിതമായ കെഗൽ വ്യായാമം പോലെയുള്ളവ ചെയ്തു ഒരു പരിധിവരെ പ്രശ്നം പരിഹരിക്കാം അല്ലെങ്കിൽ ഡോക്ടറുമായി ആലോചിച്ചു വേണ്ട പരിഹാരമാർഗങ്ങൾ തേടാൻ മടിക്കരുത്. പ്രസവശേഷം സ്ത്രീകളുടെ പ്രശ്‌നങ്ങൾ പങ്കാളി മനസ്സിലാക്കുന്നുവെങ്കിൽ ലൈംഗികജീവിതം സുഗമമായി കൈകാര്യം ചെയ്യാം[36][37].

റെഫറൻസുകൾ

[തിരുത്തുക]
  1. Martin, Elizabeth. Concise Colour Medical Dictionary (in ഇംഗ്ലീഷ്). Oxford University Press. p. 375. ISBN 9780199687992.
  2. "The World Factbook". www.cia.gov. July 11, 2016. Archived from the original on 2016-11-16. Retrieved 30 July 2016.
  3. "Preterm birth Fact sheet N°363". WHO. November 2015. Retrieved 30 July 2016.
  4. Buck, Germaine M.; Platt, Robert W. (2011). Reproductive and perinatal epidemiology. Oxford: Oxford University Press. p. 163. ISBN 9780199857746.
  5. Co-Operation, Organisation for Economic; Development (2009). Doing better for children. Paris: OECD. p. 105. ISBN 9789264059344.
  6. Olsen, O; Clausen, JA (12 September 2012). "Planned hospital birth versus planned home birth". The Cochrane database of systematic reviews (9): CD000352. PMID 22972043.
  7. Fossard, Esta de; Bailey, Michael (2016). Communication for Behavior Change: Volume lll: Using Entertainment–Education for Distance Education. SAGE Publications India. ISBN 9789351507581. Retrieved 31 July 2016.
  8. Memon, HU; Handa, VL (May 2013). "Vaginal childbirth and pelvic floor disorders". Women's health (London, England). 9 (3): 265–77, quiz 276-7. PMID 23638782.
  9. 9.0 9.1 "Birth". The Columbia Electronic Encyclopedia (6 ed.). Columbia University Press. 2016. Retrieved 2016-07-30 from Encyclopedia.com. {{cite web}}: Check date values in: |accessdate= (help)
  10. 10.0 10.1 10.2 10.3 10.4 10.5 10.6 10.7 "Pregnancy Labor and Birth". Women's Health. September 27, 2010. Archived from the original on 2016-07-28. Retrieved 31 July 2016.
  11. McDonald, SJ; Middleton, P; Dowswell, T; Morris, PS (11 July 2013). "Effect of timing of umbilical cord clamping of term infants on maternal and neonatal outcomes". The Cochrane database of systematic reviews (7): CD004074. PMID 23843134.
  12. Hofmeyr, GJ; Hannah, M; Lawrie, TA (21 July 2015). "Planned caesarean section for term breech delivery". The Cochrane database of systematic reviews (7): CD000166. PMID 26196961.
  13. Childbirth: Labour, Delivery and Immediate Postpartum Care (in ഇംഗ്ലീഷ്). World Health Organization. 2015. p. Chapter D. ISBN 978-92-4-154935-6. Retrieved 31 July 2016.
  14. Molina, G; Weiser, TG; Lipsitz, SR; Esquivel, MM; Uribe-Leitz, T; Azad, T; Shah, N; Semrau, K; Berry, WR; Gawande, AA; Haynes, AB (1 December 2015). "Relationship Between Cesarean Delivery Rate and Maternal and Neonatal Mortality". JAMA. 314 (21): 2263–70. doi:10.1001/jama.2015.15553. PMID 26624825.
  15. "Childbirth - Wikipedia". en.wikipedia.org.[പ്രവർത്തിക്കാത്ത കണ്ണി]
  16. "The Stages of Labour and Childbirth | Patient". patient.info.[പ്രവർത്തിക്കാത്ത കണ്ണി]
  17. "Safe childbirth - World Health Organization (WHO)". www.who.int.[പ്രവർത്തിക്കാത്ത കണ്ണി]
  18. 18.0 18.1 18.2 Education material for teachers of midwifery : midwifery education modules (PDF) (2nd ed.). Geneva [Switzerland]: World Health Organisation. 2008. p. 3. ISBN 978-92-4-154666-9.
  19. "Maternal Mortality - Our World in Data". ourworldindata.org.
  20. "Maternal mortality - World Health Organization (WHO)". www.who.int › detail › maternal-mortalityMaternal mortality - World Health Organization (WHO).
  21. "Losing your partner or child in pregnancy - NHS". www.nhs.uk.
  22. "A child or youth died once every 4.4 seconds in 2021 - UNICEF". www.unicef.org.[പ്രവർത്തിക്കാത്ത കണ്ണി]
  23. "Child Mortality - UNICEF DATA". data.unicef.org.[പ്രവർത്തിക്കാത്ത കണ്ണി]
  24. Martin, Richard J.; Fanaroff, Avroy A.; Walsh, Michele C. Fanaroff and Martin's Neonatal-Perinatal Medicine: Diseases of the Fetus and Infant (in ഇംഗ്ലീഷ്). Elsevier Health Sciences. p. 116. ISBN 9780323295376.
  25. "Rates for total cesarean section, primary cesarean section, and vaginal birth after cesarean (VBAC), United States, 1989–2010" (PDF). Childbirth Connection website. Relentless Rise in Cesarian Rate. August 2012. Archived from the original (PDF) on 17 February 2013. Retrieved 29 August 2013.
  26. Mozurkewich EL, Chilimigras JL, Berman DR, Perni UC, Romero VC, King VJ, Keeton KL (October 2011). "Methods of induction of labour: a systematic review". BMC Pregnancy and Childbirth. 11: 84. doi:10.1186/1471-2393-11-84. PMC 3224350. PMID 22032440.{{cite journal}}: CS1 maint: unflagged free DOI (link)
  27. Main E, Oshiro B, Chagolla B, Bingham D, Dang-Kilduff L, Kowalewski L (July 2010). "Elimination of Non-medically Indicated (Elective) Deliveries Before 39 Weeks Gestational Age" (PDF). Patient Safety Council (1st ed.). March of Dimes. Archived from the original (PDF) on 20 November 2012. Retrieved 29 August 2013.
  28. "What is a caesarean birth?". www.nct.org.uk.
  29. "Changing scenario of C-section delivery in India - LWW". journals.lww.com.
  30. "Childbirth in India - Wikipedia". en.wikipedia.org.[പ്രവർത്തിക്കാത്ത കണ്ണി]
  31. "Painless Birth and Pain Perception During Childbirth". evidencebasedbirth.com.[പ്രവർത്തിക്കാത്ത കണ്ണി]
  32. "Natural Birth vs. Epidural: What to Expect". www.healthline.com.[പ്രവർത്തിക്കാത്ത കണ്ണി]
  33. "Childbearing Age: What's Ideal and What Are the Risks?". www.healthline.com. Retrieved 09-01-2024. {{cite web}}: Check date values in: |access-date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  34. "Age of women giving birth - Office for National Statistics". www.ons.gov.uk.
  35. "Best age to have a baby: Biology, psychology, and more". www.medicalnewstoday.com.[പ്രവർത്തിക്കാത്ത കണ്ണി]
  36. "Sex After Pregnancy: Coping With Fatigue, Pain, and More". www.webmd.com. 09-01-2024. Retrieved 09-01-2024. {{cite web}}: Check date values in: |access-date= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  37. "Sex & Relationships | Healthline Parenthood". www.healthline.com.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
Wiktionary
Wiktionary
പ്രസവം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=പ്രസവം&oldid=4094168" എന്ന താളിൽനിന്ന് ശേഖരിച്ചത്