Jump to content

തോട്ടുവാ ധന്വന്തരിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളസംസ്ഥാനത്തിന്റെ മധ്യഭാഗത്ത് എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ കൂവപ്പടി ഗ്രാമപഞ്ചായത്തിൽ തോട്ടുവാ ദേശത്ത് പെരിയാറിന്റെയും തോട്ടുവാ തോടിന്റെയും ഇടയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് തോട്ടുവാ ധന്വന്തരിക്ഷേത്രം. മഹാവിഷ്ണുവിന്റെ അവതാരവും ആയുർവേദത്തിന്റെ ദേവനുമായ ധന്വന്തരി പ്രധാന പ്രതിഷ്ഠയായി വരുന്ന ഭാരതത്തിലെ അപൂർവം ക്ഷേത്രങ്ങളിലൊന്നായ ഇവിടം, തന്മൂലം ഉത്തമമായി കണക്കാക്കപ്പെടുന്നു. ആദി ധന്വന്തരി എന്ന അത്യപൂർവമായ സങ്കല്പത്തിൽ പ്രതിഷ്ഠിയ്ക്കപ്പെട്ടിരീയ്ക്കുന്ന ഇവിടത്തെ ധന്വന്തരിമൂർത്തിയെ പ്രതിഷ്ഠിച്ചത് പരശുരാമനാണെന്ന് വിശ്വസിയ്ക്കുന്നു. ആറടിയിലധികം ഉയരം വരുന്ന ഇവിടത്തെ ധന്വന്തരിവിഗ്രഹം, കേരളത്തിലെ ഏറ്റവും വലിയ ധന്വന്തരിപ്രതിഷ്ഠയാണ്. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ഭഗവതി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരും കുടികൊള്ളുന്നുണ്ട്. വൃശ്ചികമാസത്തിൽ തിരുവോണം നാളിൽ ആറാട്ട് വരത്തക്ക വിധത്തിൽ നടത്തപ്പെടുന്ന ആറുദിവസത്തെ കൊടിയേറ്റുത്സവം, അതേ മാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശി (ഗുരുവായൂർ ഏകാദശി) ദിവസം നടത്തപ്പെടുന്ന തോട്ടുവാ ഏകാദശി, ധനു 1 മുതൽ 11 വരെ നടത്തപ്പെടുന്ന ദശാവതാരം ചന്ദനച്ചാർത്ത് മഹോത്സവം, തുലാമാസത്തിലെ ധന്വന്തരി ജയന്തി, കർക്കടകമാസത്തിലെ ഔഷധസേവാദിനം, മേടമാസത്തിലെ പൂയം നാളിൽ നടത്തപ്പെടുന്ന പ്രതിഷ്ഠാദിന മഹോത്സവം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ, എല്ലാ വ്യാഴാഴ്ചകളും, ഏകാദശി, തിരുവോണം നാൾ എന്നിവയും വിശേഷങ്ങളിൽ പെടും. കൊരമ്പൂർ മന എന്ന ബ്രാഹ്മണ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തിവരുന്നത്.

ഐതിഹ്യം[തിരുത്തുക]

ചരിത്രം[തിരുത്തുക]

ക്ഷേത്രനിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

തോട്ടുവാ ഗ്രാമത്തിന്റെ ഒത്തനടുക്ക്, പെരിയാറിന് തെക്കും തോട്ടുവാ തോടിന് വടക്കുമായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. എന്നാൽ, കൂടുതൽ ഭക്തർക്ക് വരാൻ സൗകര്യം പടിഞ്ഞാറേ നടയിലാണ്. നിലവിൽ ഒരുഭാഗത്തും ഗോപുരം പണിതിട്ടില്ല. പടിഞ്ഞാറേ നടയിൽ ഒരു അരയാൽ കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന് മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതുവഴി അരയാൽ ത്രിമൂർത്തീസ്വരൂപമാകുന്നു. എല്ലാദിവസവും രാവിലെ അരയാലിന് ഏഴുവലം വയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. അരയാലിനെ പ്രദക്ഷിണം വച്ചുകഴിഞ്ഞാൽ ക്ഷേത്രദർശനത്തിനായി അകത്തുകടക്കാം.

അകത്തുകടന്നാൽ പടിഞ്ഞാറേ നടയിൽ എടുത്തുപറയത്തക്ക കാഴ്ചകളൊന്നുമില്ല. നാലമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്തേയ്ക്കുള്ള കവാടത്തിന് ഇരുവശവുമായി ഗണപതിയുടെയും സുബ്രഹ്മണ്യന്റെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. മുകളിലാണെങ്കിൽ, ഭഗവദ്വാഹനമായ ഗരുഡന്റെ ഒരു രൂപവും കൊത്തിവച്ചിരിയ്ക്കുന്നു. വടക്കുപടിഞ്ഞാറുഭാഗത്ത് ഭഗവതിയുടെ ശ്രീകോവിൽ സ്ഥിതിചെയ്യുന്നു. ദുർഗ്ഗ, ലക്ഷ്മി, സരസ്വതി, ഭദ്രകാളി തുടങ്ങിയ ഭാവങ്ങളെല്ലാം ഒത്തിണങ്ങിയ രാജരാജേശ്വരിയാണ് ഇവിടെ ദേവി. ചതുർബാഹുവായ ദേവിയുടെ നാലുകൈകളിലും ശംഖചക്രവരദകടീബദ്ധമുദ്രകൾ കാണാം. തുടർന്ന് പ്രദക്ഷിണമായി വരുമ്പോൾ വടക്കുകിഴക്കുഭാഗത്ത് ഊട്ടുപുര കാണാം. എല്ലാമാസവും തിരുവോണം നാളിൽ ഇവിടെ പ്രസാദ ഊട്ടുണ്ടാകാറുണ്ട്. ദർശനവശമായ കിഴക്കുഭാഗത്തെത്തുമ്പോൾ ആനക്കൊട്ടിലും കൊടിമരവും കാണാം. വളരെ ചെറിയൊരു ആനക്കൊട്ടിലാണ് ഇവിടെയുള്ളത്. കഷ്ടിച്ച് ഒരു ആനയെ നിർത്താനുള്ള സൗകര്യമേ ഇതിനുള്ളൂ. ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന സ്വർണ്ണക്കൊടിമരം, 2023-ലെ നവീകരണകലശത്തിനുശേഷമാണ് ഇവിടെ പ്രതിഷ്ഠിയ്ക്കപ്പെടുന്നത്. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുര. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. സാമാന്യം വലുപ്പമുള്ള ബലിക്കല്ലാണ് ഇവിടെ. തന്മൂലം, പുറത്തുനിന്ന് നോക്കിയാൽ വിഗ്രഹം കാണാൻ സാധിയ്ക്കില്ല. മഹാവിഷ്ണുവിന്റെ പ്രധാന സൈന്യാധിപനായ ഹരിസേനനെയാണ് ഇവിടെ വലിയ ബലിക്കല്ല് പ്രതിനിധീകരിയ്ക്കുന്നത്. ഇതിന് താഴെയായി ചെറിയ ചില ബലിക്കല്ലുകളും കാണാം. ഇവ ഭഗവാന്റെ ഉപസൈന്യാധിപന്മാരെയാണ് പ്രതിനിധീകരിയ്ക്കുന്നത്. കിഴക്ക് കുമുദൻ, തെക്കുകിഴക്ക് കുമുദാക്ഷൻ, തെക്ക് പുണ്ഡരീകൻ, തെക്കുപടിഞ്ഞാറ് വാമനൻ, പടിഞ്ഞാറ് ശംഖുകർണ്ണൻ, വടക്കുപടിഞ്ഞാറ് സർവനേത്രൻ, വടക്ക് സുമുഖൻ, വടക്കുകിഴക്ക് സുപ്രതിഷ്ഠൻ എന്നിവരാണ് ഉപസൈന്യാധിപന്മാർ. ക്ഷേത്രത്തിന്റെ പുറത്തെ ബലിവട്ടത്തിൽ അതാത് സ്ഥാനങ്ങളിലായി ഇവർക്ക് പ്രത്യേകം ബലിക്കല്ലുകളും അനുവദിച്ചിട്ടുണ്ട്. ശീവേലിസമയത്ത് ഇവിടങ്ങളിൽ ബലിതൂകുന്നു. കിഴക്കേ നടയ്ക്കപ്പുറം പാടങ്ങളാണ്. ഇതുവരെ അവിടെ റോഡ് വന്നിട്ടില്ല. പകരം ചില നാട്ടുവഴികൾ മാത്രമേയുള്ളൂ.

ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ ചെറിയൊരു ഓഡിറ്റോറിയം പണിതിട്ടുണ്ട്. വിശേഷദിവസങ്ങളിൽ ഇവിടെ കലാപരിപാടികൾ നടത്താറുണ്ട്. ഇതിന്റെ ചുവട്ടിലാണ് വിശേഷാൽ മന്ത്രങ്ങൾ കൊണ്ടുള്ള അർച്ചനകൾ നടത്താറുള്ളത്. ഇതിനടുത്താണ് പണ്ടുകാലത്ത് വെടിപ്പുര സ്ഥിതിചെയ്തിരുന്നത്. 2018 വരെ ഇവിടെ വെടിവഴിപാടുണ്ടായിരുന്നു. 2018-ൽ നടന്ന ദേവപ്രശ്നത്തിനുശേഷം അത് നിരോധിയ്ക്കാൻ ഉത്തരവായി. ഇപ്പോൾ വിശേഷ അവസരങ്ങളിൽ നടക്കുന്ന വെടിക്കെട്ട് മാത്രമേ ഇവിടെയുള്ളൂ. അതാണെങ്കിൽ മുമ്പിലെ പാടത്താണ് നടത്താറുള്ളത്. തെക്കേ നടയിലൂടെ ഇറങ്ങി അല്പദൂരം നടന്നാൽ തോട്ടുവാ തോട്ടിലുള്ള കടവിലെത്താം. തോട്ടുവാ എന്ന പേരുതന്നെ ഈ തോടുമായി ബന്ധപ്പെട്ടാണ് വന്നത്. തോടിന്റെ വായ, അഥവാ പതനസ്ഥാനം എന്ന അർത്ഥമാണ് ഈ പേരിന്. സമീപത്തുള്ള ഒരു ഗ്രാമത്തിൽ നിന്ന് ഉദ്ഭവിച്ച്, ക്ഷേത്രസമീപത്തുകൂടി ഒഴുകുന്ന ഈ നദി, ഒടുവിൽ ഗ്രാമത്തിന്റെ വടക്കുഭാഗത്തുവച്ച് പെരിയാറിൽ ലയിയ്ക്കുന്നു. നിരവധി വൃക്ഷജാലങ്ങളെ തഴുകിവരുന്ന ഈ തോട്ടിലെ ജലത്തിന് അപാരമായ ഔഷധമൂല്യമുണ്ടെന്ന് ഭക്തർ വിശ്വസിയ്ക്കുന്നു. തന്മൂലം, ഇതിൽ കുളിയ്ക്കുന്നത് എല്ലാ രോഗങ്ങൾക്കും ഉത്തമമായി കണക്കാക്കുന്നു. ഇതേ തോട്ടിലാണ് ഉത്സവാവസാനം ഭഗവാന്റെ ആറാട്ടും. തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി അയ്യപ്പന്റെ പ്രതിഷ്ഠ കാണാം. ശബരിമലയിലെ വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുള്ള വിഗ്രഹമാണ് ഇവിടെയുള്ളത്. ഇതിനുമുന്നിലും ഒരു മുഖപ്പുണ്ട്. ഇവിടെ വച്ചാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമൊക്കെ. ഇതിനപ്പുറമാണ് നാഗദൈവങ്ങളുടെയും ബ്രഹ്മരക്ഷസ്സിന്റെയും പ്രതിഷ്ഠകൾ സ്ഥിതിചെയ്യുന്നത്. ആൽമരച്ചുവട്ടിലാണ് ഇവരുടെ പ്രതിഷ്ഠകൾ കാണാവുന്നത്. വൈഷ്ണവദേവാലയമായതിനാൽ അനന്തനാണ് ഇവിടെ നാഗരാജാവായി വാഴുന്നത്. കൂടെ ധാരാളം പരിവാരങ്ങളുമുണ്ട്. എല്ലാമാസവും ആയില്യം നാളിൽ ഇവർക്ക് വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയുമുണ്ടാകും. ബ്രഹ്മരക്ഷസ്സിന് രണ്ട് സന്ധ്യയ്ക്കും വിളക്കുവയ്പുണ്ടെന്നല്ലാതെ വിശേഷാൽ പൂജകളോ ചടങ്ങുകളോ ഇല്ല.

ശ്രീകോവിൽ[തിരുത്തുക]

നാലമ്പലം[തിരുത്തുക]