പ്രായിക്കര ധന്വന്തരിക്ഷേത്രം
മാവേലിക്കര പ്രായിക്കര ശ്രീധന്വന്തരീക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 9°15′11″N 76°31′46″E / 9.25306°N 76.52944°E |
പേരുകൾ | |
ദേവനാഗിരി: | मावेलिक्करा श्री धन्वन्तरी मन्दिर् |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | ആലപ്പുഴ |
പ്രദേശം: | മാവേലിക്കര |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ധന്വന്തരി |
പ്രധാന ഉത്സവങ്ങൾ: | തിരുവുത്സവം |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | തിരുവിതാംകൂർ ദേവസ്വം ബോർഡ് |
ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്ത് പ്രായിക്കരയിൽ സ്ഥിതിചെയ്യുന്ന അതിപ്രസിദ്ധമായ ഒരു ക്ഷേത്രമാണ് പ്രായിക്കര ശ്രീധന്വന്തരിക്ഷേത്രം. ആയിരത്തിലധികം വർഷം പഴക്കം അവകാശപ്പെടുന്ന ക്ഷേത്രമാണിത്. ഭാരതത്തിൽത്തന്നെ അത്യപൂർവ്വമാണ് ധന്വന്തരിക്ഷേത്രങ്ങൾ. കേരളത്തിൽ അത്തരത്തിൽ അഞ്ച് ക്ഷേത്രങ്ങളുണ്ട്. അവയിലൊന്നാണ് പ്രായിക്കര ക്ഷേത്രം. തൃശ്ശൂർ ജില്ലയിലെ നെല്ലുവായ പെരിങ്ങാവ് ക്ഷേത്രങ്ങൾ, ആലപ്പുഴ ജില്ലയിൽത്തന്നെയുള്ള മരുത്തോർവട്ടം ക്ഷേത്രം, കോട്ടയം ജില്ലയിലെ ഒളശ്ശ ധന്വന്തരിക്ഷേത്രം എന്നിവയാണ് മറ്റുള്ളവ. [1]. രോഗശാന്തിക്ക് ഏറ്റവും വിശിഷ്ടമാണ് ധന്വന്തരീ ഭജനം. ആയുർവേദത്തിന്റെ ദേവതയായി ധന്വന്തരിയെ കാണുന്നു. തന്മൂലം മിക്ക വൈദ്യകുടുംബങ്ങളുടെയും ഉപാസനാമൂർത്തിയാണ് ധന്വന്തരി.
ക്ഷേത്രം
[തിരുത്തുക]മാവേലിക്കരയിൽ നിന്ന് ഉദ്ദേശം 3 കിലോമീറ്റർ വടക്കുമാറി ചെങ്ങന്നൂർ/തിരുവല്ല റോഡിന്റെ പടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ പ്രധാനനദികളിലൊന്നായ അച്ചൻകോവിലാർ ക്ഷേത്രത്തിൽനിന്ന് അല്പം മാറി വടക്ക്, പടിഞ്ഞാറ് ദിശകളിലൂടെ ഒഴുകിപ്പോകുന്നു. അതിവിശാലമായ ക്ഷേത്രവളപ്പാണ് ഇവിടെയുള്ളത്. ഇരുവശവും ധാരാളം മരങ്ങൾ നിറഞ്ഞുനിൽക്കുന്നു. ക്ഷേത്രനടയിലേയ്ക്കുള്ള വഴി മൊത്തം അടുത്തകാലത്ത് ടൈൽസ് പാകി. ഇവ പിന്നിട്ടുകഴിഞ്ഞാൽ ക്ഷേത്രനടപ്പുരയിലെത്താം. ഇതിന് തെക്കുവശത്ത് വലിയൊരു ആൽമരമുണ്ട്. ഇതിന്റെ ചുവട്ടിൽ ഒരു സ്ത്രീരൂപമുണ്ട്. പണ്ട് ഇവിടെ ഭജനമിരുന്ന് മോക്ഷം പ്രാപിച്ച ഒരു വാരസ്യാരുടേതാണ് ആ രൂപമെന്ന് വിശ്വസിയ്ക്കപ്പെടുന്നു. നടപ്പുരയ്ക്കപ്പുറത്ത് പക്ഷിവാഹനവുമായി ഉയർന്നുനിൽക്കുന്ന കൊടിമരം കാണാം. 2011ലാണ് ഇവിടെ കൊടിമരം പ്രതിഷ്ഠിച്ചത്. പഞ്ചലോഹത്തിൽ നിർമ്മിച്ചതാണ് ഈ കൊടിമരം. ഇതിനുമപ്പുറത്ത് ബലിക്കൽപ്പുരയാണ്. ബലിക്കൽപ്പുരയിൽ പ്രത്യേകിച്ച് അലങ്കാരങ്ങളൊന്നുമില്ല. തികച്ചും സാധാരണക്ഷേത്രം പോലെയാണ്. എന്നാൽ, ഇവിടെയുള്ള നാല് തൂണുകളിൽ ചെറിയ തോതിൽ ശില്പങ്ങൾ കാണാം. ബലിക്കല്ല് വളരെ ചെറുതാണ്. അതിനാൽ, നടയ്ക്കുപുറത്തുനിന്ന് നോക്കിയാൽത്തന്നെ വിഗ്രഹം വ്യക്തമായി കാണാം.
ഇവിടെ നാലമ്പലവും വളരെ ചെറുതാണ്. സാധാരണ കേരളീയക്ഷേത്രങ്ങളിൽ കാണുന്നപോലുള്ള അതേ രൂപമാണ് ഇവിടെയുള്ളത്. അകത്തേയ്ക്ക് കടക്കുമ്പോൾ വലതുവശത്ത് ഹോമപ്പുരയും ഇടതുവശത്ത് പാട്ടുപുരയും കാണാം. ഒറ്റനിലയിൽ പണിതീർത്ത, ചെമ്പുമേഞ്ഞ, വളരെ ചെറിയ ചതുരശ്രീകോവിലാണ് ഇവിടെയുള്ളത്. ശില്പചിത്രകലാവൈദഗ്ദ്ധ്യത്താൽ സമ്പന്നമല്ല ഈ ശ്രീകോവിൽ. സാധാരണ ക്ഷേത്രങ്ങളിലേതുപോലെത്തന്നെയാണ്. അകത്ത് രണ്ട് മുറികളുണ്ട്. അവയിൽ രണ്ടാമത്തെ മുറിയാണ് ഗർഭഗൃഹം. അവിടെ കിഴക്കോട്ട് ദർശനമായി സാക്ഷാൽ ധന്വന്തരിഭഗവാൻ വാഴുന്നു. നാലടിയോളം വലിപ്പമുള്ള കൃഷ്ണശിലാവിഗ്രഹമാണ് ഇവിടെയുള്ളത്. ചതുർബാഹുവായ ഭഗവാൻ പുറകിലെ വലത്തെക്കയ്യിൽ സുദർശനചക്രവും മുന്നിലെ വലത്തെക്കയ്യിൽ അമൃതകലശവും പുറകിലെ ഇടത്തെക്കയ്യിൽ ശംഖും മുന്നിലെ ഇടത്തെക്കയ്യിൽ ജളൂകവും (നീരട്ട) ധരിച്ച ഭഗവാൻ സർവ്വരോഗങ്ങളും ഹനിച്ച് ഭക്തർക്ക് ആയുരാരോഗ്യസൗഖ്യങ്ങൾ പ്രദാനം ചെയ്തുകൊണ്ട് പ്രായിക്കരയിൽ കുടിയിരിയ്ക്കുന്നു.
ശ്രീകോവിലിന് നേരെമുന്നിൽ നമസ്കാരമണ്ഡപമുണ്ട്. വളരെ ചെറുതാണ് ഇത്. കഷ്ടിച്ച് നാല് തൂണുകൾ മാത്രം. അവയിൽ പ്രത്യേകിച്ച് അലങ്കാരങ്ങളൊന്നുമില്ല. ഇതിന്റെ മച്ചകവും ശൂന്യമാണ്. ശ്രീകോവിലും നമസ്കാരമണ്ഡപവും സ്വർണ്ണത്താഴികക്കുടങ്ങൾ കൊണ്ട് അലംകൃതമാണ്. തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ കിണറും പണിതിട്ടുണ്ട്. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് മറ്റൊരു ശ്രീകോവിലിൽ ഗണപതി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഒക്കത്ത് ഗണപതി ഭാവത്തിലാണ് ഇവിടെ പ്രതിഷ്ഠ. തൊട്ടടുത്ത് ശാസ്താവുമുണ്ട്.
നാലമ്പലത്തിന് തൊട്ടുപുറകിൽ രണ്ട് ശ്രീകോവിലുകൾ കാണാം. ഒന്നിൽ ശിവനും മറ്റേതിൽ ഗണപതി, ശ്രീകൃഷ്ണൻ, ശാസ്താവ് എന്നിവർ ഒന്നിച്ചുമാണ് പ്രതിഷ്ഠ. അവർക്കടുത്ത് സർപ്പസാന്നിദ്ധ്യവുമുണ്ട്. വടക്കുകിഴക്കുഭാഗത്ത് ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു.
ചിത്രശാല
[തിരുത്തുക]-
പ്രായിക്കര ധന്വന്തരീക്ഷേത്ര കുളം
-
പ്രായിക്കര ധന്വന്തരീക്ഷേത്ര ഉത്സവബോർഡ്
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-23. Retrieved 2014-02-05.