നെല്ലുവായ ധന്വന്തരീക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിൽ എരുമപ്പെട്ടി പഞ്ചായത്തിൽ നെല്ലുവായ ഗ്രാമത്തിലുള്ള പ്രസിദ്ധമായ ഒരു വൈഷ്ണവ ക്ഷേത്രമാണ് നെല്ലുവായ ശ്രീ ധന്വന്തരീക്ഷേത്രം. മഹാവിഷ്ണുവിന്റെ അവതാരവും ആയുർവേദത്തിന്റെ പരമദൈവവുമായ ധന്വന്തരി മുഖ്യപ്രതിഷ്ഠയായ ഭാരതത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. ലോകപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രവുമായി അഭേദ്യമായ ബന്ധമുള്ള ഒരു ക്ഷേത്രമാണിത്. ഈ ക്ഷേത്രവും ഗുരുവായൂർ ക്ഷേത്രവും പരസ്പരം അഭിമുഖമായി നിൽക്കുന്നു എന്നാണ് വിശ്വാസം. പടിഞ്ഞാറോട്ട് ദർശനമായി ശ്രീലകത്ത് വാഴുന്ന ധന്വന്തരിഭഗവാന് ഉപദേവകളായി ശിവൻ, ഗണപതി, അയ്യപ്പൻ, വരാഹമൂർത്തി, ചെറുതേവർ (മഹാവിഷ്ണു), സർപ്പദൈവങ്ങൾ എന്നിവരും കുടികൊള്ളുന്നു. ധനുമാസത്തിലെ സ്വർഗ്ഗവാതിൽ ഏകാദശിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷം. കൂടാതെ, തുലാമാസത്തിലെ ധന്വന്തരി ജയന്തി, ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, കർക്കടകമാസത്തിലെ ഔഷധസേവാദിനം തുടങ്ങിയവയും വളരെ വിശേഷമായി ആചരിച്ചുവരുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.

ഐതിഹ്യം[തിരുത്തുക]

ധന്വന്തരിയെ ആയുർ‌വേദത്തിന്റെ ദൈവമായി കണക്കാക്കുന്നു

ഇന്ന് ക്ഷേത്രത്തിലുള്ള ധന്വന്തരിവിഗ്രഹം ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണഭഗവാന്റെ മാതാപിതാക്കളായ വസുദേവരും ദേവകിയും പൂജിച്ചതാണെന്ന് വിശ്വസിച്ചുവരുന്നു. ഈ വിഗ്രഹം ക്ഷേത്രത്തിലെത്താൻ കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ:

ആയുർവേദത്തിന്റെ നാഥനായ ധന്വന്തരിയ്ക്ക് ഒരു ക്ഷേത്രം പണിയണമെന്ന് നെല്ലുവായ ദേശവാസികൾ തീരുമാനിച്ചു. അവിടെ പ്രതിഷ്ഠിയ്ക്കാൻ ഉചിതമായ ഒരു വിഗ്രഹത്തിനായി അടുത്തുള്ള മുരിങ്ങത്തേരി എന്ന സ്ഥലത്തെ ഒരു ചെറിയ കുന്നിൽ നിന്ന് ഒരു കൃഷ്ണശില കൊണ്ടുവന്ന് അതിൽ വിഗ്രഹം പണിയിച്ചു. തുടർന്ന് ക്ഷേത്രനിർമ്മാണം പൂർത്തിയാക്കി പ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ നടന്നുവരുന്നതിനടിയിൽ എവിടെനിന്നോ രണ്ട് തേജോമയരായ ബാലന്മാർ മുമ്പിൽ വരികയും പ്രതിഷ്ഠിയ്ക്കാൻ നിർദ്ദേശിച്ച വിഗ്രഹത്തെക്കാൾ ദിവ്യമായ ഒരു വിഗ്രഹമുണ്ടെന്ന് പറയുകയും ചെയ്തു. തുടർന്ന് അവരോടൊപ്പം അടുത്തുള്ള പറമ്പിലേയ്ക്കുപോയ നാട്ടുകാർ വിഗ്രഹം കണ്ടെത്തുകയും ക്ഷേത്രത്തിൽ അത് പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ആദ്യം പ്രതിഷ്ഠിയ്ക്കാൻ നിർദ്ദേശിച്ച വിഗ്രഹം അടുത്തുള്ള പറമ്പിൽ പ്രത്യേകം ക്ഷേത്രം പണിത് പ്രതിഷ്ഠിച്ചു. പിൽക്കാലത്ത് അത് ധന്വന്തരിക്ഷേത്രമതിലകത്തേയ്ക്ക് മാറ്റി. ഈ പ്രതിഷ്ഠയാണ് ഇന്ന് ചെറുതേവർ എന്ന് ഇന്നറിയപ്പെടുന്നത്. ചെറുതേവരെ മഹാവിഷ്ണുവായാണ് സങ്കല്പിയ്ക്കുന്നത്. വിഗ്രഹം കണ്ടെത്തിയ കുട്ടികൾ മഹാവൈദ്യന്മാരായ അശ്വിനീദേവകളാണെന്ന് വിശ്വസിച്ചുവരുന്നു.

പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രവുമായി വളരെ അടുത്ത ബന്ധം നെല്ലുവായ ക്ഷേത്രത്തിനുണ്ട്. ഇരുക്ഷേത്രങ്ങളും തമ്മിൽ ഏകദേശം 20 കിലോമീറ്റർ ദൂരവ്യത്യാസം മാത്രമേയുള്ളൂ. ഇരുക്ഷേത്രങ്ങളിലെയും മൂർത്തികൾ വിഷ്ണുവിന്റെ അവതാരങ്ങളാണ്. ഇരുക്ഷേത്രങ്ങളിലെയും വിഗ്രഹങ്ങൾ വസുദേവരും ദേവകിയും പൂജിച്ചവയാണെന്ന് വിശ്വസിച്ചുപോരുന്നു. ഇരുക്ഷേത്രങ്ങളിലെയും മൂർത്തികൾ പരസ്പരാഭിമുഖമായാണ് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത് (ഗുരുവായൂരപ്പൻ കിഴക്കോട്ടും നെല്ലുവായ് തേവർ പടിഞ്ഞാറോട്ടും ദർശനം). കൂടാതെ, വിവിധ രോഗങ്ങൾ മാറുന്നതിന് ഇരുക്ഷേത്രങ്ങളിലെയും ഭജനമിരിയ്ക്കലും വിശേഷമായി കണക്കാക്കപ്പെടുന്നു.

കുട്ടഞ്ചേരി മൂസ്സുമാരുടെ കഥ[തിരുത്തുക]

നെല്ലുവായ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന അതിപ്രസിദ്ധമായ ഒരു കഥയാണ് കേരളത്തിലെ അഷ്ടവൈദ്യകുടുംബങ്ങളിലൊന്നായ കുട്ടഞ്ചേരി മൂസ്സുമാരുമായി ബന്ധപ്പെട്ടത്. നെല്ലുവായയിൽ തന്നെയാണ് ഇവരുടെ ആസ്ഥാനം. ഈ കുടുംബത്തിലെ ഓരോ ആൺകുട്ടിയും വൈദ്യപഠനം കഴിഞ്ഞാൽ 41 ദിവസം ഇവിടെ ഭജനമിരിയ്ക്കണമെന്നാണ് ചിട്ട. ഈ ചിട്ട തുടങ്ങാൻ കാരണമായ ഒരു കഥയുണ്ട്. ഐതിഹ്യമാലയിൽ പരാമർശിച്ച ആ കഥ ഇങ്ങനെ:

ഒരിയ്ക്കൽ, കോഴിക്കോട് സാമൂതിരിയ്ക്ക് അതികഠിനമായ ഒരു വയറുവേദനയുണ്ടായി. നിരവധി വൈദ്യന്മാർ ചികിത്സിച്ചിട്ടും വയറുവേദന ഭേദമായില്ലെന്ന് മാത്രമല്ല, അത് കൂടുകയും ചെയ്തു. ഇനിയെന്തെന്ന് ആലോചിച്ചപ്പോഴാണ് കുട്ടഞ്ചേരി മൂസ്സിനെ കൂട്ടിക്കൊണ്ടുവരാൻ ചില സഹായികൾ തീരുമാനിച്ചത്. അക്കാലത്ത് കുട്ടഞ്ചേരി ഇല്ലത്ത് സഹോദരന്മാരായി രണ്ട് മൂസ്സുമാരാണുണ്ടായിരുന്നത്. രണ്ടുപേരും വൈദ്യശാസ്ത്രത്തിൽ അപാരമായ പ്രാവീണ്യമുള്ളവരായിരുന്നെങ്കിലും ജ്യേഷ്ഠനെക്കാൾ കൈപ്പുണ്യമുള്ളയാളായി കണക്കാക്കപ്പെട്ടിരുന്നത് അനുജനായിരുന്നു. തന്മൂലം അദ്ദേഹത്തെ കാണാനാണ് രോഗികൾ കൂടുതൽ എത്തിയിരുന്നത്. സാമൂതിരിയുടെ ഭടന്മാർ കുട്ടഞ്ചേരിയിലെത്തുമ്പോൾ അവിടെ ജ്യേഷ്ഠൻ മൂസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ. അനുജനുപകരം താൻ പോകാമെന്ന് ജ്യേഷ്ഠൻ മൂസ്സ് പറഞ്ഞപ്പോൾ അനുജൻ മൂസ്സ് തന്നെ വേണമെന്നായിരുന്നു ഭടന്മാരുടെ മറുപടി. ഈ സംഭവം ജ്യേഷ്ഠൻ മൂസ്സിനെ അതീവദുഃഖിതനാക്കി. ഒരേ വൈദ്യശാസ്ത്രം തന്നെ പഠിച്ചിട്ടും തനിയ്ക്ക് കൈപ്പുണ്യമില്ലാതെപോയത് ധന്വന്തരിമൂർത്തിയുടെ അനുഗ്രഹമില്ലാത്തതുകൊണ്ടാണെന്ന് വിചാരിച്ച അദ്ദേഹം നേരെ നെല്ലുവായ ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു. ഒരു വർഷം കഠിനനിഷ്ഠയോടെ അവിടെ ഭജനം നടത്തിയ അദ്ദേഹം തിരിച്ച് ഇല്ലത്തെത്തിയപ്പോൾ മികച്ച ചികിത്സാപാടവം നേടുകയും, അനുജനെക്കാൾ മിടുക്കനായി അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു. പിന്നീട് സാമൂതിരിയുടെ വയറുവേദന പൂർണ്ണമായി മാറിയില്ലെന്ന് അറിയാനിടവന്ന ജ്യേഷ്ഠൻ മൂസ്സ്, അവിടെച്ചെന്ന് അദ്ദേഹത്തെ ചികിത്സിയ്ക്കുകയും രോഗം പൂർണ്ണമായി മാറുകയും ചെയ്തു. തുടർന്ന് സാമൂതിരി അദ്ദേഹത്തിന് നിരവധി സമ്മാനങ്ങൾ നൽകുകയും അദ്ദേഹം അവ സന്തോഷപൂർവ്വം സ്വീകരിയ്ക്കുകയും ചെയ്തു. അതിനുശേഷമാണ് വൈദ്യപഠനം കഴിഞ്ഞാൽ ഭജനം നടത്തണമെന്ന ചിട്ട വന്നത്. ഇപ്പോഴും ഈ കുടുംബം അത് ഭംഗിയായി നടത്തിപ്പോരുന്നു.

ചരിത്രം[തിരുത്തുക]

ആയുർവേദത്തിന്റെ ദേവനായ ധന്വന്തരി കുടികൊള്ളുന്ന ഈ ക്ഷേത്രം ആദ്യം നെല്ലുവായയിലെ പ്രസിദ്ധ വൈദ്യകുടുംബമായ കുട്ടഞ്ചേരി മൂസ്സുമാരുടെ ഉടമസ്ഥതയിലായിരുന്നു. ഈ കുടുംബത്തിലുള്ള ഓരോ ആൺകുട്ടിയും വൈദ്യപഠനം കഴിഞ്ഞാൽ ഇവിടെ വന്ന് 41 ദിവസം ഭജനമിരിയ്ക്കേണ്ടതുണ്ട്. കേരളത്തിലെ മറ്റ് പ്രസിദ്ധ ആയുർവേദ വൈദ്യന്മാരും ഇവിടെ വന്ന് ഭജനമിരുന്നിട്ടുണ്ട്. വൈദ്യരത്നം പി.എസ്. വാര്യർ, ആര്യവൈദ്യൻ പി.വി. രാമവാര്യർ തുടങ്ങിയവർ അവരിൽ പ്രധാനപ്പെട്ടവരാണ്.

ഭൂപരിഷ്കരണനിയമം വരുന്നതിനുമുമ്പ് വളരെയധികം ഭൂസ്വത്തുക്കളുണ്ടായിരുന്ന ക്ഷേത്രമാണ് നെല്ലുവായ ക്ഷേത്രം. അതിനുശേഷം ഏറെക്കാലം ജീർണ്ണാവസ്ഥയിൽ കഴിഞ്ഞു. 1971 ജനുവരി 10-ന് ഒരു നവീകരണക്കമ്മിറ്റി രൂപീകരിച്ചു. ക്ഷേത്രം ഊരാളന്മാരായ കുട്ടഞ്ചേരി മൂസ്സുമാർക്ക് ക്ഷേത്രഭരണം നടത്തുന്നതിൽ ബുദ്ധിമുട്ടുണ്ടായപ്പോൾ അവർ കൊച്ചിൻ ദേവസ്വം ബോർഡിൽ സഹായം തേടി. തുടർന്ന്, 1973-ൽ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തോടെയുള്ള ഒരു ട്രസ്റ്റ് ഭരണം ഏറ്റെടുത്തു. 1979-ൽ, ക്ഷേത്രഭരണം ദേവസ്വം ബോർഡ് നേരിട്ട് ഏറ്റെടുത്തു. ഇപ്പോൾ, മികച്ച രീതിയിലാണ് ക്ഷേത്രം മുന്നോട്ടുപോകുന്നത്.

ക്ഷേത്രനിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

നെല്ലുവായ ഗ്രാമത്തിന്റെ ഒത്ത നടുക്ക് അതിവിശാലമായ നെൽപ്പാടങ്ങളാൽ ചുറ്റപ്പെട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രദർശനം. ഗ്രാമീണത്തനിമ വിട്ടുമാറാതെ നിൽക്കുന്ന സ്ഥലമാണ് ക്ഷേത്രപരിസരം. ക്ഷേത്രത്തിന്റെ നേരെമുന്നിൽ വലിയൊരു അരയാൽമരമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതായത് അരയാൽ ത്രിമൂർത്തീസങ്കല്പമായി കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറും തെക്കുപടിഞ്ഞാറും ഭാഗങ്ങളിലായി രണ്ട് ക്ഷേത്രക്കുളങ്ങളുണ്ട്. ഇവയിൽ ആദ്യത്തേതാണ് പ്രധാന കുളം. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ക്ഷേത്രത്തിലെത്തുന്നത്. കുളത്തോടു ചേർന്നാണ് ദേവസ്വം ഓഫീസും സ്റ്റേജും സ്ഥിതിചെയ്യുന്നത്. രണ്ടാമത്തേത് കൊക്കരണിക്കുളം എന്നാണറിയപ്പെടുന്നത്. പടിഞ്ഞാറേ നടയിൽ തന്നെ സാമാന്യം വലിയ ഒരു ഗോപുരവും പണിതിട്ടുണ്ട്. ഇത് പണിതിട്ട് അധികകാലമായിട്ടില്ല.

അകത്തേയ്ക്ക് കടന്നാൽ വലിയ നടപ്പുരയിലാണ് നമ്മൾ ചെന്നെത്തുക. ഇരുവശത്തും വഴിപാട് കൗണ്ടറുകൾ കാണാം. ക്ഷേത്രത്തിൽ കൊടിയേറി ഉത്സവമില്ലാത്തതിനാൽ കൊടിമരമില്ല. വടക്കുഭാഗത്ത് ദേവസ്വം ഓഫീസും ക്ഷേത്രം വക ആയുർവേദ ഡിസ്പെൻസറിയും കാണാം. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഒരു 'ബി' ഗ്രേഡ് ദേവസ്വമാണ് നെല്ലുവായ ദേവസ്വം. ആയുർവേദത്തിന്റെ മൂർത്തിയായ ധന്വന്തരിമൂർത്തിയുടെ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തോടുചേർന്നുള്ള ആയുർവേദ ഡിസ്പെൻസറിയിൽ നിരവധി രോഗികൾ ചികിത്സയ്ക്ക് വരാറുണ്ട്. 2006 നവംബർ ഒന്നിനാണ് ഇവിടെ ആയുർവേദ ഡിസ്പെൻസറി തുടങ്ങിയത്. ആയുർവേദത്തിലെ എല്ലാരീതിയിലുള്ള ചികിത്സകളും ഇവിടെ നൽകാറുണ്ട്.

ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ചെറിയൊരു ഗോപുരം പണിതിട്ടുണ്ട്. ഒരു നില മാത്രമുള്ള ഈ ഗോപുരവും താരതമ്യേന അടുത്തകാലത്തുമാത്രം പണിതതാണ്. തെക്കുകിഴക്കേമൂലയിൽ ഒരു കൊച്ചുശ്രീകോവിൽ പണിതിട്ടുണ്ട്. ഇവിടെയാണ് ചെറുതേവരുടെയും വരാഹമൂർത്തിയുടെയും പ്രതിഷ്ഠകൾ. ചെറുതേവർ, വിഷ്ണുസങ്കല്പത്തിലാണ് ആരാധിയ്ക്കപ്പെടുന്നത്. ഇവിടെയുള്ള വരാഹമൂർത്തിയുടെ വിഗ്രഹം അതിവിശേഷമാണ്. തേറ്റയിൽ ഭൂമീദേവിയെ ഉയർത്തിനിൽക്കുന്ന ചതുർബാഹുവായ ഭഗവാനാണ് ഇവിടെ വരാഹമൂർത്തി. അത്യപൂർവമായ ഈ പ്രതിഷ്ഠ, ഇവിടെയുള്ള പ്രധാന ആകർഷണങ്ങളിലൊന്നാണ്. തുടർന്ന് പ്രദക്ഷിണം വച്ചുവരുമ്പോൾ തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായി മറ്റൊരു ചെറുശ്രീകോവിൽ കാണാം. അയ്യപ്പസ്വാമിയാണ് ഇവിടെ പ്രതിഷ്ഠ. ആദ്യകാലത്ത് നാലമ്പലത്തിനകത്തുണ്ടായിരുന്ന അയ്യപ്പനെ, 2016-ൽ നടത്തിയ ദേവപ്രശ്നത്തിനുശേഷമാണ് പുറത്തേയ്ക്ക് മാറ്റുന്നത്. രണ്ടടി ഉയരം വരുന്ന അയ്യപ്പന്റെ വിഗ്രഹം, കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശബരിമലയിലെ രൂപവുമായി നല്ല രൂപസാദൃശ്യം ഇവിടെയുള്ള വിഗ്രഹത്തിനുമുണ്ട്. എള്ളുതിരി കത്തിയ്ക്കുന്നതാണ് അയ്യപ്പന്റെ പ്രധാന വഴിപാട്. ഇവിടെ വച്ചാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതും.

ശ്രീകോവിൽ[തിരുത്തുക]

ലക്ഷണമൊത്ത വൃത്താകൃതിയിൽ തീർത്ത ശ്രീകോവിലാണ് ഇവിടെയുള്ളത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിലിന് ഏകദേശം അമ്പതടി ചുറ്റളവുണ്ടാകും. ഒരു നിലയേ ഇതിനുള്ളൂ; അത് പൂർണ്ണമായും ചെമ്പുമേഞ്ഞിരിയ്ക്കുന്നു. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ശ്രീകോവിലിനകത്ത് മൂന്നുമുറികളുണ്ട്. അവയിൽ കിഴക്കേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഏകദേശം നാലടി ഉയരം വരുന്ന ധന്വന്തരിവിഗ്രഹം പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു.

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

തൃശ്ശൂരിൽ നിന്ന് വടക്കോട്ട്‌ ഏകദേശം 35 മിനിറ്റ് 21 കിലോമീറ്ററും, ഗുരുവായൂരിൽ നിന്ന് ഏകദേശം 21 കിലോമീറ്ററും, വടക്കാഞ്ചേരിയിൽ നിന്ന് 12 കിലോമീറ്ററും സഞ്ചരിച്ചാൽ നെല്ലുവായ് ക്ഷേത്രത്തിൽ എത്താവുന്നതാണ്. വടക്കാഞ്ചേരിയാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. തൃശ്ശൂർ, ഷൊർണ്ണൂർ, കുറ്റിപ്പുറം എന്നിവ അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകൾ. കൊച്ചിയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.