അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
| അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം | |
|---|---|
അമ്പലപ്പുഴ ക്ഷേത്രക്കുളവും ക്ഷേത്രവും | |
ക്ഷേത്രത്തിന്റെ സ്ഥാനം | |
| നിർദ്ദേശാങ്കങ്ങൾ: | 9°24′5″N 76°21′5″E / 9.40139°N 76.35139°E |
| സ്ഥാനം | |
| രാജ്യം: | ഇന്ത്യ |
| സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
| ജില്ല: | ആലപ്പുഴ |
| പ്രദേശം: | അമ്പലപ്പുഴ |
| വാസ്തുശൈലി, സംസ്കാരം | |
| പ്രധാന പ്രതിഷ്ഠ: | പാർത്ഥസാരഥി/ആദിനാരായണൻ(മഹാവിഷ്‌ണു) |
| പ്രധാന ഉത്സവങ്ങൾ: | പൈങ്കുനി ഉത്സവം (മീനം) മുപ്പതിനായിരം കളഭം പള്ളിപ്പാന |
| ചരിത്രം | |
| നിർമ്മിച്ചത്: (നിലവിലുള്ള രൂപം) | എ.ഡി. 1545 (കൊ.വ. 720) |
| സൃഷ്ടാവ്: | ചെമ്പകശ്ശേരി പൂരാടംതിരുനാൾ ദേവനാരായണൻ |
| ക്ഷേത്രഭരണസമിതി: | തിരുവിതാംകൂർ ദേവസ്വം ബോർഡ് |
ആലപ്പുഴ ജില്ലയിലെ (കേരളം, ഇന്ത്യ) അമ്പലപ്പുഴയിൽ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പാർത്ഥസാരഥി സങ്കല്പത്തിൽ വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന പരബ്രഹ്മസ്വരൂപനായ ശ്രീകൃഷ്ണഭഗവാന്റെ പ്രതിഷ്ഠയാണ് ഇവിടുത്തേത് [1]. എന്നാൽ, പ്രതിഷ്ഠയെ ഗോശാലകൃഷ്ണനായും ഗുരുവായൂരപ്പനായും സങ്കല്പിച്ചുവരുന്നുണ്ട്. ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസവും, അമ്പലപ്പുഴ വേലകളിയും ഈ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ളവയാണ്. ഉച്ചപൂജയ്ക്ക് പാല്പായസം സേവിക്കുവാൻ ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ എത്തുമെന്ന് ഐതീഹ്യമുണ്ട്. ഇക്കാരണത്താലാണ് ഇവിടെ ഉച്ചപൂജയ്ക്ക് ഗുരുവായൂരപ്പനായി സങ്കൽപ്പിച്ചു ഭഗവാനെ ആരാധിക്കുന്നത്. പഴയ നാട്ടുരാജ്യമായിരുന്ന ചെമ്പകശ്ശേരിയിലെ ഭരണാധികാരി പൂരാടം തിരുനാൾ ദേവനാരായണൻ ക്രി.വർഷം 1545-ലാണ് (കൊ.വർഷം 720) അമ്പലപ്പുഴയിൽ ഈ ക്ഷേത്രം നിർമ്മിച്ചത്. അമ്പലപ്പുഴ ക്ഷേത്രപ്രതിഷ്ഠയുമായി ബന്ധപ്പെടുത്തിയാണ് മൂലം നാളിൽ ചമ്പക്കുളം പമ്പാനദിയിൽ രാജപ്രമുഖൻ വള്ളംകളി 1545-മുതൽ അരങ്ങേറുന്നത് [2]. കേരളത്തിന്റെ തനതുകലകളിലൊന്നായ ഓട്ടൻതുള്ളലിന്റെ ഉദ്ഭവസ്ഥാനം എന്ന നിലയിലും അതിപ്രസിദ്ധമാണ് ഈ ക്ഷേത്രം. ഉപദേവതകളായി ശിവൻ, ഗണപതി, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മീനമാസത്തിൽ തിരുവോണം ആറാട്ടായി പത്തുദിവസം ഉത്സവം ക്ഷേത്രത്തിലുണ്ട്. ഇവയിൽ ഒമ്പതാം ദിവസമാണ് ഏറ്റവും വിശേഷം. മകരമാസം ഒന്നാം തീയതി മുതൽ പന്ത്രണ്ടുദിവസം നീണ്ടുനിൽക്കുന്ന പന്ത്രണ്ടുകളഭം മഹോത്സവവും അതിവിശേഷമായ ഒരു ആഘോഷമാണ്. പന്ത്രണ്ടുവർഷത്തിലൊരിയ്ക്കൽ നടക്കുന്ന പള്ളിപ്പാനയാണ് മറ്റൊരു പ്രധാന ആഘോഷം. ഇത് വേലൻ, നായാടി എന്നീ സമുദായക്കാരുടെ വകയാണ് നടത്തുന്നത്. ഇവ കൂടാതെ സാധാരണ ശ്രീകൃഷ്ണക്ഷേത്രങ്ങളിലെപ്പോലെ അഷ്ടമിരോഹിണി, വിഷു എന്നിവയും വിശേഷമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
ഐതിഹ്യം
[തിരുത്തുക]ക്ഷേത്രസ്ഥാപനം
[തിരുത്തുക]ഈ ക്ഷേത്രത്തെപ്പറ്റിയുള്ള ഒരു ഐതിഹ്യപ്രകാരം വില്വമംഗലത്തു സ്വാമിയാരാണ് ക്ഷേത്രത്തിനു സ്ഥാനം നിശ്ചയിച്ചത്. ചെമ്പകശ്ശേരി രാജാവ് ഒരു ദിവസം സ്വാമിയാരുമൊത്തു വള്ളത്തിൽ യാത്ര ചെയ്യുകയായിരുന്നു. ആ സമയം കർണാനന്ദകരമായ ഓടക്കുഴൽഗാനം കേട്ട് രാജാവ് ചുറ്റുപാടും നോക്കി. എന്നാൽ ആ പ്രദേശത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. ശ്രീകൃഷ്ണന്റെ ഓടക്കുഴൽ ഗാനമാണു കേട്ടതെന്നും അവിടെ ഒരു ക്ഷേത്രം പണിയണമെന്നും സ്വാമിയാർ രാജാവിനെ അറിയിച്ചു. അങ്ങനെയാണ് ആ ക്ഷേത്രം അവിടെ പണിചെയ്യപ്പെട്ടതെന്ന് ഐതിഹ്യങ്ങൾ പറയുന്നു.
അമ്പലപ്പുഴയിൽ പ്രസിദ്ധമായ ഐതിഹ്യമാണ് നാറാണത്തുഭ്രാന്തൻ നടത്തിയ പ്രതിഷ്‌ഠ. പ്രതിഷ്‌ഠാസമയത്ത് അഷ്ടബന്ധം ഉറയ്ക്കാതെ തന്ത്രിമാർ (പുതുമനയും കടികക്കോലും) വിഷമിച്ചു. അപ്പോൾ ആ വഴി വന്ന നാറാണത്തുഭ്രാന്തനോട് അപേക്ഷിച്ചതനുസരിച്ച് അദ്ദേഹം കയ്യിലിരുന്ന മീൻ ശ്രീകോവിലിനു പുറത്തുവെച്ചെന്നും വായിലെ മുറുക്കാൻ (താംബൂലം) തുപ്പി വിഗ്രഹം ഉറപ്പിച്ചെന്നും വിശ്വസിക്കുന്നു. താംബൂലം ഒഴുക്കി വിഗ്രഹപ്രതിഷ്‌ഠ നടത്തിയതു കൊണ്ട് താംബൂലപ്പുഴയെന്നും പിന്നീട് അമ്പലപ്പുഴയെന്നും പേരുവന്നെന്നും പറയപ്പെടുന്നു. എന്നാൽ, ഈ ഐതിഹ്യത്തിന് ചരിത്രപരമായ അടിത്തറയില്ല. കാരണം, നാറാണത്ത് ഭ്രാന്തന്റെ കാലഘട്ടം, ചരിത്രപരമായി നോക്കുമ്പോൾ ചെമ്പകശ്ശേരി രാജവംശത്തിന്റെ കാലഘട്ടത്തിനും വളരെ മുമ്പാണ്. എങ്കിലും, ഭക്തജനവിശ്വാസം ഇപ്പോഴും ഇത് ശക്തമായി കാണുന്നു.

തന്ത്രിമാർ
[തിരുത്തുക]കേരളത്തിൽ രണ്ട് തന്ത്രിമാരുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ക്ഷേത്രം. അമ്പലപ്പുഴയിൽ തന്നെയുള്ള പുതുമന ഇല്ലത്തിനും, കോട്ടയം ജില്ലയിലെ കുമാരനല്ലൂരുള്ള കടികക്കോൽ ഇല്ലത്തിനുമാണ് ക്ഷേത്രത്തിലെ താന്ത്രികാവകാശം നൽകിയിരിയ്ക്കുന്നത്. ഇരു കുടുംബക്കാർക്കും തുല്യാവകാശമാണ് കൊടുത്തിരിയ്ക്കുന്നത്. ഇങ്ങനെ രണ്ട് കുടുംബക്കാർക്ക് താന്ത്രികാവകാശം ലഭിച്ചതിനുപിന്നിലും ഒരു ഐതിഹ്യമുണ്ട്. അതിങ്ങനെ:
തുടക്കത്തിൽ കടികക്കോൽ മനയിലെ തിരുമേനി മാത്രമാണ് ക്ഷേത്രത്തിൽ തന്ത്രിയായുണ്ടായിരുന്നത്. പ്രതിഷ്ഠാകർമ്മത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരികയായിരുന്നു അപ്പോൾ. പ്രതിഷ്ഠാകർമ്മങ്ങളിൽ ക്ഷേത്രത്തിൽ പരികർമ്മിയായി നിൽക്കുകയായിരുന്നു പുതുമന നമ്പൂതിരി. വിഗ്രഹത്തിൽ ചില അപാകതകളുള്ളതായി പുതുമനയ്ക്ക് തോന്നുകയും ഇക്കാര്യം അദ്ദേഹം കടികക്കോലിനോട് പറയുകയും ചെയ്തു. എന്നാൽ, കടികക്കോൽ അത് ഉൾക്കൊള്ളാൻ തയ്യാറായില്ല. ഈയവസരത്തിൽ, തന്റെ കയ്യിലുണ്ടായിരുന്ന വടിയെടുത്ത് പുതുമന വിഗ്രഹം തല്ലിയൊടിയ്ക്കുകയും തദ്സമയം അതിൽനിന്ന് ചെളിവള്ളം പുറത്തേയ്ക്കൊഴുകുകയും ചെയ്തു. ഈ കാഴ്ച കാണാനിടയായ കടികക്കോലും രാജാവും മറ്റു പരികർമ്മികളും സ്തബ്ധരാകുകയും നിരാശപ്പെടുകയും ചെയ്തു. ഈയവസരത്തിൽ, പ്രതിഷ്ഠയ്ക്ക് അനുയോജ്യമായ വിഗ്രഹം എവിടെയുണ്ടെന്ന് ചോദ്യമുയർന്നപ്പോൾ ക്ഷേത്രക്കുളത്തിൽ അതുണ്ടെന്ന് പറഞ്ഞ പുതുമന, തുടർന്ന് കുളത്തിലിറങ്ങി മുങ്ങിത്തപ്പി വിഗ്രഹം കണ്ടെടുക്കുകയും നിശ്ചിത മുഹൂർത്തത്തിൽ തന്നെ അത് പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. തന്മൂലം, ഇരു കുടുംബക്കാർക്കും തന്ത്രിസ്ഥാനം വീതിച്ചുനൽകാൻ ഉത്തരവായി. ദേവനിർമ്മിതമെന്ന് വിശ്വസിയ്ക്കപ്പെടുന്ന ആ വിഗ്രഹം തന്നെയാണ് ഇന്നും ക്ഷേത്രത്തിലുള്ളത്. കേരളത്തിൽ, ഇത്തരത്തിൽ വിഗ്രഹങ്ങളുള്ള മൂന്ന് ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ. ഗുരുവായൂരും പൂർണ്ണത്രയീശ ക്ഷേത്രവുമാണ് മറ്റുള്ളവ.
അമ്പലപ്പുഴ പാൽപ്പായസം
[തിരുത്തുക]അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രധാന നിവേദ്യമാണ് ഉച്ചപ്പൂജയ്ക്ക് ഭഗവാന് നേദിയ്ക്കുന്ന പാൽപ്പായസം. കേരളത്തിൽ എല്ലാ ക്ഷേത്രങ്ങളിലും പാൽപ്പായസം വഴിപാടുണ്ടെങ്കിലും അമ്പലപ്പുഴയിലെപ്പോലെ അതിവിശേഷമായി അറിയപ്പെടുന്ന പാൽപ്പായസം വേറെയില്ല. ഇതിന്റെ പാചകരീതിയും സ്വാദും കൊണ്ടാണ് ഇതിന് ഇത്രയേറെ പ്രസിദ്ധി ലഭിച്ചത്. സാധാരണ പാൽപ്പായസത്തിൽ നിന്ന് വ്യത്യസ്തമായി ഇതിന് സ്വർണ്ണനിറമാണ് എന്നതും ശ്രദ്ധേയമാണ്. ഇതിന്റെ നിർമ്മാണരീതിയും സവിശേഷമാണ്. ഏകദേശം ആറുമണിക്കൂർ നീളുന്ന ജോലി ഇതിനുണ്ട്. ഈ പാൽപ്പായസം സ്വീകരിയ്ക്കാൻ ഗുരുവായൂരപ്പനും തിരുവാർപ്പിലപ്പനും വരെ ക്ഷേത്രത്തിലെത്തുന്നു എന്ന് വിശ്വാസങ്ങളുണ്ട്. ഈ വഴിപാട് ഇവിടെ വന്നതിനുപിന്നിലും രസകരമായ ഒരു കഥയുണ്ട്. അതിങ്ങനെ:
ഒരു ക്ഷാമകാലത്ത്, അന്നത്തെ ചെമ്പകശ്ശേരി രാജാവ് തലവടി സ്വദേശിയായിരുന്ന ഒരു തമിഴ് ബ്രാഹ്മണപ്രഭുവിൽ നിന്നും കുറച്ചു ധനം വായ്പ വാങ്ങുകയുണ്ടായി. എന്നാൽ ആ കടം പറഞ്ഞ സമയത്തു തിരികെ കൊടുക്കാൻ സാധിച്ചില്ല. ഒരിക്കൽ ആ ബ്രാഹ്മണൻ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വന്ന് തന്റേ കുടുമ അഴിച്ചു ശപഥം ചെയ്തു പറഞ്ഞു, രാജാവു തന്റെ കടം വീട്ടാതെ ഇന്നത്തെ ഉച്ചപൂജ നടത്തരുത് എന്നു. അതുകേട്ട് ഖിന്നനായ രാജാവ് തന്റെ മന്ത്രിയായ മണക്കാട്ടമ്പിള്ളി മേനോനോട് കാര്യം പറയുകയും ചെയ്തു. മേനോന്റെ നിർദ്ദേശപ്രകാരം അമ്പലപ്പുഴ ദേശത്തെ സകല കരക്കാരും തങ്ങളുടെ മുഴുവൻ നെല്ലും ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ കൊണ്ടു ചൊരിഞ്ഞു. മന്ത്രി ബ്രാഹ്മണനോടു ഉച്ചപൂജയ്ക്കു മുൻപായി ധാന്യം എല്ലാം എടുത്തുമാറ്റുവാനും ആവശ്യപ്പെട്ടു. എന്നാൽ അവിടത്തെ ഒരു വള്ളക്കാരും ബ്രാഹ്മണനെ സഹായിക്കാൻ കൂട്ടാക്കിയില്ല. ചുരുക്കത്തിൽ ആ ബ്രാഹ്മണൻ ആ നെല്ലെല്ലാം ക്ഷേത്രത്തിലേക്കു സമർപ്പിച്ച് ഉച്ചപ്പൂജയ്ക്ക് ഭഗവാന് പാൽപ്പായസം നേദിയ്ക്കാൻ ആവശ്യപ്പെട്ടു. അന്നുമുതലാണ് ഇപ്പോൾ നാം കാണുന്ന പാൽപ്പായസം തുടങ്ങിയത്.
ഉണക്കലരി, പാൽ, വെള്ളം, പഞ്ചസാര എന്നിവയാണ് അമ്പലപ്പുഴ പാൽപ്പായസത്തിലെ വിഭവങ്ങൾ. ഇതിനുള്ള അരിയെടുക്കുന്നത്, സമീപപ്രദേശമായ കുട്ടനാട്ടെ പാടശേഖരങ്ങളിൽ നിന്നു കൊയ്തുകൊണ്ടുവരുന്ന നെല്ലിൽ നിന്നാണ്. ഇതും പായസത്തിന്റെ മഹിമയ്ക്കുള്ള കാരണമായി പറയപ്പെടുന്നു. ആദ്യകാലത്ത് 36 പറ പാൽ മാത്രം ഉപയോഗിച്ചാണ് പായസമുണ്ടാക്കിയിരുന്നതെങ്കിൽ പിന്നീട് ഇത് ആറുപറയാക്കി കുറയ്ക്കുകയും പകരം 30 പറ വെള്ളം ചേർക്കാൻ തുടങ്ങുകയും ചെയ്തു. നിലവിലെ കണക്കനുസരിച്ച് 71 ലിറ്റർ പാലും 284 ലിറ്റർ വെള്ളവും ഇതിനുപയോഗിച്ചുവരുന്നുണ്ട്. കൂടാതെ 20 ഗ്രാം അരിയും 15 ഗ്രാം പഞ്ചസാരയും ഇതിനുണ്ടാകും. ക്ഷേത്രത്തിൽ ഇതിനുമാത്രമായി പ്രത്യേകം തിടപ്പള്ളി പണിതിട്ടുമുണ്ട്. നാലമ്പലത്തിനുപുറത്ത് വടക്കുകിഴക്കുഭാഗത്താണ് പാൽപ്പായസത്തിടപ്പള്ളി പണിതിരിയ്ക്കുന്നത്.
രാവിലെ ആറുമണിയ്ക്കാണ് പാൽപ്പായസം തയ്യാറാക്കാൻ തുടങ്ങുന്നത്. പാൽപ്പായസത്തിടപ്പള്ളിയിലുള്ള ഭീമൻ വാർപ്പിൽ ക്ഷേത്രക്കിണറ്റിലെ വെള്ളമൊഴിച്ച് തിളപ്പിയ്ക്കാൻ വയ്ക്കുന്നതാണ് ആദ്യത്തെ ചടങ്ങ്. ഏകദേശം ഒരുമണിക്കൂർ കഴിയുമ്പോൾ ഇതിൽ പാലൊഴിയ്ക്കുന്നു. പതിനൊന്നുമണിയാകുമ്പോഴേയ്ക്കും വെള്ളം പൂർണ്ണമായും വറ്റുകയും അപ്പോൾ അരി ചേർത്തിളക്കുകയും ചെയ്യുന്നു. അതിനുശേഷം വീണ്ടും ഒരുമണിക്കൂറാകുമ്പോൾ പാലിന്റെ പതിനൊന്നിലൊരുഭാഗം വറ്റുകയും അപ്പോൾ പഞ്ചസാര ചേർത്തിളക്കുകയും ചെയ്യുന്നു. ഇതിനുശേഷമാണ് ഭഗവാന് നേദിയ്ക്കാൻ കൊണ്ടുപോകുന്നത്. പഞ്ചസാര ചേർക്കേണ്ട സമയമാകുമ്പോൾ ശാന്തിക്കാരൻ തിടപ്പള്ളിയുടെ പുറത്തുവന്ന് വാസുദേവോ എന്ന് നീട്ടിവിളിയ്ക്കുന്നത് ഇവിടത്തെ ആചാരമാണ്. പാൽപ്പായസം നേദിയ്ക്കാൻ കൊണ്ടുപോകുമ്പോൾ വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കുന്നത് കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമായി ഭക്തർ കണ്ടുവരുന്നു. ഇതിന് ഉപോദ്ബലകമായി ഗുരുവായൂരിൽ ഉച്ചപ്പൂജ കഴിഞ്ഞ ഉടനെ ക്ഷേത്രനട അടയ്ക്കുന്നു. സാധാരണയായി ഉച്ചപ്പൂജ കഴിഞ്ഞ ഉടനെ നടത്തുന്ന ഉച്ചശീവേലി, ഗുരുവായൂരിൽ മാത്രം നിത്യേന വൈകുന്നേരം നടതുറന്നശേഷമാണ് നടത്തുന്നത്.
കഷായത്തിലെന്നപോലെ പാലിൽ ഏറെ വെള്ളം ചേർത്തുണ്ടാക്കുന്നതുകൊണ്ട് അമ്പലപ്പുഴ പാൽപ്പായസത്തിന് ഗോപാല കഷായം എന്നൊരു അപരനാമവുമുണ്ട്. 2019-ൽ ഇത് ഔദ്യോഗികനാമമാക്കാൻ ശ്രമിച്ചത് വൻ വിവാദമായിരുന്നു. ഭക്തജനപ്രതിഷേധം മൂലം പിന്നീട് ഇത് ഉപേക്ഷിയ്ക്കേണ്ടിവന്നു. മുൻകാലങ്ങളിൽ പെട്ടെന്ന് കേടാകും എന്നതുകൊണ്ട് ദൂരദേശങ്ങളിലേയ്ക്ക് അയച്ചുകൊടുക്കുന്ന പതിവുണ്ടായിരുന്നില്ല. എന്നാൽ, ഇന്ന് അതുണ്ട്. മതിലകത്ത് തെക്കുഭാഗത്തുള്ള കൗണ്ടറിൽ നിന്നാണ് ഇതിനുള്ള ടിക്കറ്റ് ശീട്ടാക്കുന്നത്. ഉച്ചപ്പൂജ കഴിഞ്ഞ ഉടനെ ഇത് വിതരണം ചെയ്യാൻ തുടങ്ങും.
ചരിത്രം
[തിരുത്തുക]
AD 1200-നു ശേഷമാണ് ഇവിടെ ഇന്നത്തെ ക്ഷേത്രം പണിതത് എന്ന് പറയപ്പെടുന്നു. ആദ്യകാലങ്ങളിൽ ഇങ്ങനെ ഒരു സഥലം തന്നെയുണ്ടായിരുന്നില്ല. ഈ സ്ഥലം കേവലം ജലാശയങ്ങളാൽ ചുറ്റപ്പെട്ട കൃഷിയിടങ്ങൾ ആയിരുന്നു. ക്ഷേത്രോദ്ഭവത്തിന് കാരണമായ ഐതിഹ്യം തന്നെ വിരൽ ചൂണ്ടുന്നത് അത്തരമൊരു സാഹചര്യത്തിലേയ്ക്കാണ്. അക്കാലങ്ങളിൽ ഈ ഭാഗം പാണ്ഡ്യസാമ്രാജ്യത്തിന്റെയോ മറ്റോ കീഴിലായിരുന്നിരിയ്ക്കണം എന്നും അഭ്യൂഹങ്ങളുണ്ട്. അതേ സമയം അമ്പലപ്പുഴയുടെ ചരിത്രത്തിന്റെ പ്രധാന ഭാഗം മുഴുവൻ കിടക്കുന്നത്, കേരളത്തിലെ ആദ്യ ബ്രാഹ്മണരാജ്യമായിരുന്ന ചെമ്പകശ്ശേരി രാജവംശവുമായി ബന്ധപ്പെട്ടാണ്. ഇന്നത്തെ കോട്ടയം ജില്ലയിൽ കുടമാളൂർ ദേശത്തുണ്ടായിരുന്ന ഒരു ദരിദ്ര ബ്രാഹ്മണകുടുംബമായിരുന്ന ചെമ്പകശ്ശേരി ഇല്ലത്തെ ഒരു ഉണ്ണി, പിന്നീട് ഈ സ്ഥലം പിടിച്ചടക്കി ഇവിടെ രാജ്യം സ്ഥാപിയ്ക്കുകയായിരുന്നുവത്രേ. അതിന് കാരണമായി പറയുന്ന കഥ ഇങ്ങനെയാണ്:
ഉത്തരകേരളത്തിൽ നിന്നും തോറ്റോടിവന്ന ഒരുകൂട്ടം ഭടന്മാർ ആഹാരത്തിനായി കുടമാളൂർ ദേശത്ത! വരുകയുണ്ടായി. ഇവർ ആഹാരത്തിനായി അവിടെ പല വീടുകളിലും പോയങ്കിലും, ആഹാരം കിട്ടാതെ അലയുകയുണ്ടായി. ഇതു മനസ്സിലാക്കിയ ചില ബാലന്മാർ അടുത്തുള്ള ചെമ്പകശ്ശേരി എന്ന ദരിദ്ര ഇല്ലത്തിലേക്ക് ഇവരെ അയച്ചു. ആ ഇല്ലത്തിലെ നമ്പൂതിരി ബാലനെ കളിയാക്കാനായി അവന്റെ കൂട്ടുകാർ മനപൂർവ്വം ചെയ്തതായിരുന്നു ഇത്. എന്നാൽ ദരിദ്രനായ ആ ഉണ്ണി ആ പരിഹാസം മനസ്സിലാക്കി അവർക്ക് തന്റെ സ്വർണ്ണ മോതിരം ഊരി നൽകി ഭക്ഷണം കഴിച്ചു വരുവാൻ നിർദ്ദേശിച്ചു. ആ പടയാളികൾ തങ്ങളുടെ നന്ദി പ്രകാശിപ്പിക്കുവാനായി, പരിഹസിക്കാൻ വന്നവരുടെ കുടുംബം കൊള്ളയടിച്ച് നമ്പൂതിരി ഉണ്ണിക്ക് സമ്മാനിച്ചു. തുടർന്ന് ആ ഭാഗം മുഴുവനും പിടിച്ചെടുക്കുകയും ഒരു രാജ്യമായി വികസിപ്പിച്ചു അതിന്റെ രാജാവായി ആ ബാലനെ തന്നെ അധികാരസ്ഥാനം നൽകി ആദരിയ്ക്കുകയും ചെയ്തു. [3] ആ രാജ്യത്തിന് ചെമ്പകശ്ശേരി എന്ന പേരുതന്നെ നൽകുകയും ചെയ്തു. ഒരുപക്ഷേ കേരളത്തിലെ ആദ്യത്തെ ബ്രാഹ്മണരാജ്യമാകാം അത്. ഈ ഉണ്ണിയുടെ മകനായിരുന്നു അമ്പലപ്പുഴ ക്ഷേത്രത്തിന്റെ സ്ഥാപകൻ എന്ന നിലയിൽ പ്രസിദ്ധനായ പൂരാടം തിരുനാൾ ദേവനാരായണൻ.
ക്ഷേത്രനിർമ്മാണത്തിനുശേഷം പൂരാടം തിരുനാൾ രാജാവ് തന്റെ രാജ്യവും മറ്റും അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിയ്ക്ക് സാങ്കല്പികമായി കാഴ്ച്ചവച്ച് ദേവനാരായണൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ചു. പിന്നീടുവന്ന എല്ലാ രാജാക്കന്മാരും ഈ പേരിൽ തന്നെ അറിയപ്പെടാൻ തുടങ്ങി. ക്ഷേത്രത്തോടുചേർന്നുതന്നെയാണ് രാജാവ് തന്റെ കൊട്ടരം പണികഴിപ്പിച്ചതും. രാജാവ് നമ്പൂതിരിയായതിനാൽ കൊട്ടാരം മഠം എന്ന പേരിലാണ് അറിയപ്പെട്ടത്. നിത്യവും രാവിലെ കുളിയും തേവാരവും കഴിഞ്ഞ് ശ്രീകൃഷ്ണദർശനം നടത്തുന്നത് എല്ലാ രാജാക്കന്മാരും നിഷ്ഠയായി ആചരിച്ചുവന്നു. ചെമ്പകശ്ശേരി രാജവംശത്തിന്റെ സുവർണ്ണകാലത്ത് നിരവധി കവികൾ സദസ്സിനെ അലങ്കരിച്ചിട്ടുണ്ട്. മേല്പുത്തൂർ നാരായണ ഭട്ടതിരി, തുഞ്ചത്തെഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, രാമപുരത്തുവാര്യർ തുടങ്ങിയവർ അവരിൽ പ്രധാനപ്പെട്ടതാണ്. നാരായണീയരചനയ്ക്കുശേഷം അതിപ്രസിദ്ധനായി മാറിയ മേല്പുത്തൂർ, തന്റെ പ്രസിദ്ധ വ്യാകരണഗ്രന്ഥമായ പ്രക്രിയാസർവ്വസ്വം രചിച്ചത് അമ്പലപ്പുഴയിൽ താമസിയ്ക്കുന്ന കാലത്താണ്. ഇക്കാലത്തുതന്നെ, അദ്ദേഹം അന്നത്തെ രാജാവിന്റെ ആജ്ഞയനുസരിച്ച് മഹാഭാരതം വായിയ്ക്കുന്നതിനിടയിൽ സ്വന്തമായി ഒരു ശ്ലോകം സൃഷ്ടിച്ചുചൊല്ലി രാജാവിനെ അദ്ഭുതപ്പെടുത്തിയതായി കഥയുണ്ട്. ഇക്കാലത്തുതന്നെയാണ് തെലുങ്കുഭാഷയിൽ രചിച്ച അധ്യാത്മരാമായണം വായിച്ച് എഴുത്തച്ഛൻ തന്റെ പ്രസിദ്ധമായ കിളിപ്പാട്ടുകൃതി രചിച്ചതെന്ന് വിശ്വാസമുണ്ട്. കുഞ്ചൻ നമ്പ്യാർ തന്റെ ജീവിതത്തിന്റെ പ്രധാനഭാഗം മുഴുവൻ അമ്പലപ്പുഴയിലും തിരുവനന്തപുരത്തുമാണ് കഴിച്ചുകൂട്ടിയത്. അവയിൽ അമ്പലപ്പുഴയിലുണ്ടായിരുന്ന കാലത്താണ് അദ്ദേഹം തുള്ളൽ പ്രസ്ഥാനത്തിന് രൂപം കൊള്ളുന്നത്. ക്ഷേത്രത്തിൽ ചാക്യാർക്കൂത്ത് നടക്കുന്ന സമയത്ത് മിഴാവ് കൊട്ടിക്കൊണ്ടിരിയ്ക്കുകയായിരുന്ന നമ്പ്യാർ പെട്ടെന്ന് ഉറങ്ങിപ്പോയപ്പോൾ ചാക്യാർ അദ്ദേഹത്തെ കളിയാക്കുകയും അതിൽ പ്രതിഷേധിച്ച് പിറ്റേന്ന് സ്വന്തമായ ഒരു കലാരൂപം സൃഷ്ടിച്ചെടുക്കുകയുമായിരുന്നു എന്ന കഥ പ്രസിദ്ധമാണ്. തിരുവനന്തപുരത്തെ താമസത്തിനുശേഷം അമ്പലപ്പുഴയിൽ വീണ്ടും വന്നു താമസിയ്ക്കുന്നതിനിടയിലാണ് പേവിഷബാധയേറ്റ് നമ്പ്യാർ അന്തരിച്ചത്.
1746-ൽ തിരുവിതാംകൂർ രാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ചെമ്പകശ്ശേരിയെ ആക്രമിച്ചു കീഴ്പെടുത്തിയ ശേഷം ചെമ്പകശ്ശേരി രാജാവിന്റ ശൈലി സ്വീകരിച്ചാണ് തിരുവിതാംകൂറിനെ ശ്രീപദ്മനാഭനു സമർപ്പിച്ച ശേഷം പദ്മനാഭദാസൻ എന്ന പേരു സ്വീകരിച്ചത് എന്ന് പറയപ്പെടുന്നു. തിരുവിതാംകൂറിന്റെ ഭാഗമായശേഷവും അമ്പലപ്പുഴ ക്ഷേത്രത്തിന്റെ പ്രസിദ്ധിയ്ക്ക് കോട്ടം തട്ടിയില്ല. മാർത്താണ്ഡവർമ്മ മുതൽ ചിത്തിര തിരുനാൾ വരെയുള്ള എല്ലാ രാജാക്കന്മാരും അമ്പലപ്പുഴ ക്ഷേത്രത്തെ വളരെ പ്രാധാന്യത്തോടെ കണ്ടുവന്നു. തിരുവിതാംകൂറിൽ മഹാക്ഷേത്രങ്ങൾക്കിടയിൽ മഹാക്ഷേത്രങ്ങളായി നിന്ന ഏഴുക്ഷേത്രങ്ങളിലൊന്ന് അമ്പലപ്പുഴയാണ്. കന്യാകുമാരി, ശുചീന്ദ്രം, പത്മനാഭസ്വാമിക്ഷേത്രം, ഹരിപ്പാട്, ഏറ്റുമാനൂർ, വൈക്കം എന്നിവയാണ് മറ്റുള്ളവ. ഏറ്റുമാനൂർ ക്ഷേത്രത്തിൽ ഉത്സവക്കാലത്ത് എഴുന്നള്ളിയ്ക്കുന്ന പ്രസിദ്ധമായ ഏഴരപ്പൊന്നാനയ്ക്കുപകരം സമർപ്പിച്ച ഏഴരപ്പൊന്നാനപ്പതക്കം, ഇന്നും ക്ഷേത്രത്തിൽ ഉത്സവക്കാലത്ത് ഭഗവാന് ചാർത്താറുണ്ട്. 1949-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രം രൂപവത്കരിച്ചപ്പോൾ ക്ഷേത്രം അതിന്റെ കീഴിലായി. ഇന്ന് ബോർഡിനുകീഴിൽ ഏറ്റവുമധികം വരുമാനമുള്ള ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ.
കേരളത്തിലെ പ്രധാന ശ്രീകൃഷ്ണക്ഷേത്രമായ ഗുരുവായൂർ ക്ഷേത്രവുമായും അമ്പലപ്പുഴയ്ക്ക് വലിയ ബന്ധമുണ്ട്. ടിപ്പു സുൽത്താൻ ഗുരുവായൂർ ആക്രമിയ്ക്കുമോ എന്ന് സംശയം തോന്നിയ സമയത്ത് ഗുരുവായൂർ ക്ഷേത്രം ഊരാളനായിരുന്ന മല്ലിശ്ശേരി നമ്പൂതിരിയും തന്ത്രിയും ശാന്തിക്കാരും കഴകക്കാരും കൂടി ഗുരുവായൂരപ്പന്റെ വിഗ്രഹം അമ്പലപ്പുഴയിലേയ്ക്ക് കൊണ്ടുവന്നു. പഴയ ചെമ്പകശ്ശേരി രാജകൊട്ടാരമായിരുന്ന അമ്പലപ്പുഴ തെക്കേ മഠത്തിൽ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും പണികഴിപ്പിച്ച് ഗുരുവായൂരപ്പനെ അവിടെ കുടിയിരുത്തി. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. അവിടെ ഗുരുവായൂരപ്പന്റെ ഒരു ചിത്രവും അതിന് നിത്യേന വിളക്കുവയ്പുമുണ്ട്. അമ്പലപ്പുഴയ്ക്കുശേഷം കുറച്ചുകാലം മാവേലിക്കരയിലും ഗുരുവായൂരപ്പൻ കുടികൊണ്ടിട്ടുണ്ട്.
എന്നാൽ, സമീപത്തെ ക്ഷേത്രങ്ങൾ പലതും തകർത്തിട്ടും ടിപ്പുവിന് ഗുരുവായൂർ ക്ഷേത്രം മാത്രം തകർക്കാൻ കഴിഞ്ഞില്ല. തുടർന്ന്, ഗുരുവായൂരിലേയ്ക്ക് വിഗ്രഹം മടക്കിക്കൊണ്ടുപോയി. ഇന്നും അമ്പലപ്പുഴയിൽ പാൽപ്പായസം എഴുന്നള്ളിയ്ക്കുമ്പോൾ വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നത് കാണാം. അത് സാക്ഷാൽ ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമായി ഭക്തർ വിശ്വസിച്ചുവരുന്നു. തന്മൂലം, ഗുരുവായൂരിൽ ഉച്ചപ്പൂജ കഴിഞ്ഞ ഉടനെ നടയടയ്ക്കുന്നു. നിത്യശീവേലിയുള്ള എല്ലാ ക്ഷേത്രങ്ങളിലും സാധാരണയായി ഉച്ചപ്പൂജ കഴിഞ്ഞ ഉടനെ നടക്കുന്ന ഉച്ചശീവേലി, ഗുരുവായൂരിൽ മാത്രം വൈകീട്ട് നടതുറന്ന ശേഷമാണ് നടത്തുന്നത്.
ക്ഷേത്രനിർമ്മിതി
[തിരുത്തുക]ക്ഷേത്രപരിസരവും മതിലകവും
[തിരുത്തുക]ക്ഷേത്രപരിസരം
[തിരുത്തുക]അമ്പലപ്പുഴ ദേശത്തിന്റെ ഒത്ത നടുക്ക്, തിരുവല്ലയിലേയ്ക്കുള്ള സംസ്ഥാനപാതയോടുചേർന്നാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. എന്നാൽ, പടിഞ്ഞാറുഭാഗത്താണ് കൂടുതൽ സൗകര്യങ്ങളുള്ളത്. പ്രധാനപ്പെട്ട ലോഡ്ജുകൾ, ഹോട്ടലുകൾ, കടകംബോളങ്ങൾ തുടങ്ങിയവയെല്ലാം പടിഞ്ഞാറേ നടയിലാണ് പണിതിരിയ്ക്കുന്നത്. പടിഞ്ഞാറേ നടയിൽ നിന്ന് ക്ഷേത്രം വരെ നീണ്ടുനിൽക്കുന്ന വലിയൊരു കവാടമുണ്ട്. അമ്പലപ്പുഴ കിഴക്ക് പോസ്റ്റ് ഓഫീസ്, ഗവ. വെറ്റിനറി ആശുപത്രി, ഗവ. കോളേജ് തുടങ്ങിയ സ്ഥാപനങ്ങൾ ക്ഷേത്രത്തിന്റെ നാലുഭാഗത്തും കാണാവുന്നതാണ്. കിഴക്കേ നടയിലാണെങ്കിൽ അതിമനോഹരമായ ഒരു ക്ഷേത്രകവാടം പണിതിട്ടുണ്ട്. മൂന്നുവാതിലകളോടുകൂടിയ ഈ കവാടത്തിന്റെ മുകളിലായി ദശാവതാരരൂപങ്ങളും അവയ്ക്കും മുകളിലായി ഗണപതി, ശ്രീകൃഷ്ണൻ, ശിവൻ എന്നീ ദേവന്മാരുടെ രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. പടിഞ്ഞാറേ നടയിലും ഇതുപോലെയൊരു കവാടമുണ്ട്. ഈ കവാടം കഴിഞ്ഞ് അല്പം കൂടി മുന്നോട്ടുപോയാൽ ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷരമന്ത്രം എഴുതിവച്ച നടപ്പന്തൽ കാണാം. 1998-ലാണ് ഈ കവാടം പണിതത്. ഇവിടെനിന്നുള്ള വഴിയുടെ ഇരുവശവും ധാരാളം കടകൾ കാണാം. ക്ഷേത്രത്തിന്റെ കിഴക്കും പടിഞ്ഞാറും നടകളിൽ വലിയ രണ്ട് അരയാൽ മരങ്ങളുണ്ട്. അവയിൽ കിഴക്കുഭാഗത്തെ ആൽത്തറയിൽ ഭഗവദ്വാഹനമായ ഗരുഡന്റെ ചെറിയൊരു ശില്പം കാണാം. ഗുരുവായൂരിലെ മഞ്ജുളാൽത്തറയിൽ മുമ്പുണ്ടായിരുന്ന ഗരുഡരൂപവുമായി നല്ല രൂപസാദൃശ്യം ഈ ഗരുഡന്നുണ്ട്. ഇവിടെ തൊഴുതശേഷമാണ് ഭക്തർ കൃഷ്ണദർശനത്തിന് ചെല്ലുന്നത്. ഇതിനുസമീപമാണ് മലയാളത്തിലെ പ്രാചീനകവിത്രയത്തിലെ അതികായനായിരുന്ന കുഞ്ചൻ നമ്പ്യാരുടെ സ്മാരകം കാണാൻ സാധിയ്ക്കുക. ഇന്നത്തെ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് ജനിച്ച കുഞ്ചൻ നമ്പ്യാർ, തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ജീവിച്ചത് അമ്പലപ്പുഴയിലാണ്. ചെമ്പകശ്ശേരി രാജാവിന്റെ സദസ്യനായിരുന്ന അദ്ദേഹം, ഇവിടെ വച്ചാണ് കേരളത്തിന്റെ തനതുകലകളിലൊന്നായ തുള്ളലിന് രൂപം നൽകിയത്. ഇതിന്റെ സ്മരണയ്ക്കായി ഓട്ടൻ തുള്ളൽ വേഷത്തിന്റെ ഒരു ശില്പം ഇവിടെ കൊത്തിവച്ചിട്ടുണ്ട്. ഇതുകൂടാതെ ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് നമ്പ്യാരുടെ സ്മൃതിമണ്ഡപവുമുണ്ട്.
ക്ഷേത്രമതിലകത്തിനുപുറത്ത് തെക്കുഭാഗത്താണ് ക്ഷേത്രം വക വലിയ സർപ്പക്കാവ് പണിതിരിയ്ക്കുന്നത്. നിരവധി അപൂർവ്വ സസ്യജാലങ്ങൾ കാണപ്പെടുന്ന ഈ കാവിൽ, നാഗരാജാവായി അനന്തൻ കുടികൊള്ളുന്നു. കൂടാതെ ധാരാളം പരിവാരങ്ങളുമുണ്ട്. നൂറും പാലും, പുറ്റും മുട്ടയും, മഞ്ഞൾപ്പൊടി അഭിഷേകം തുടങ്ങിയവയാണ് നാഗദൈവങ്ങൾക്കുള്ള പ്രധാന വഴിപാടുകൾ. കൂടാതെ, എല്ലാ മാസത്തിലെയും ആയില്യം നാളിൽ വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയുമുണ്ടാകും. തെക്കുപടിഞ്ഞാറുഭാഗത്ത് ചെറിയൊരു ക്ഷേത്രക്കുളം പണിതിട്ടുണ്ട്. പുത്തൻ കുളം എന്നറിയപ്പെടുന്ന ഈ കുളം, ക്ഷേത്രത്തിലെ രണ്ടാമത്തെ പ്രധാനപ്പെട്ട കുളമാണ്. എല്ലാ വർഷവും മീനമാസത്തിൽ കൊടിയേറ്റുത്സവത്തിനിടയിൽ വരുന്ന നാടകശാലസദ്യ കഴിഞ്ഞാൽ ഈ കുളത്തിൽ പോയാണ് ഭക്തർ കൈകാലുകൾ കഴുകുന്നത്. ഇവിടെനിന്നുതന്നെ അല്പം മാറി അമ്പലപ്പുഴ തമിഴ് ബ്രാഹ്മണസമൂഹം വക നവഗ്രഹക്ഷേത്രവുമുണ്ട്. പഴയൊരു നാലുകെട്ടിന്റെ ആസ്ഥാനം ബ്രാഹ്മണസമൂഹം ആസ്ഥാനമാക്കി അവിടെ പ്രത്യേകം ശ്രീകോവിൽ പണിത് നവഗ്രഹപ്രതിഷ്ഠ നടത്തിയതാണ്. ജ്യോതിഷപ്രകാരമുള്ള ഒമ്പത് ഗ്രഹങ്ങളായ സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിവരെ ഒരേ പീഠത്തിൽ വ്യത്യസ്തദിശകളിലേയ്ക്ക് ദർശനം നൽകി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. സൂര്യനും ബുധനും ശുക്രനും കിഴക്കോട്ടും ചന്ദ്രനും ശനിയും പടിഞ്ഞാറോട്ടും ചൊവ്വയും രാഹുവും കേതുവും തെക്കോട്ടും വ്യാഴം മാത്രം വടക്കോട്ടും ദർശനം നൽകുന്നു. എല്ലാദിവസവും ഇവർക്ക് വിശേഷാൽ നവഗ്രഹപൂജയും നവഗ്രഹഹോമവുമുണ്ടാകാറുണ്ട്. കൂടാതെ അതാത് ഗ്രഹത്തിനനുസരിച്ചുള്ള പട്ടുചാർത്തൽ (സൂര്യന്നും ചൊവ്വയ്ക്കും ചുവപ്പ്, ചന്ദ്രന്നും ശുക്രന്നും വെളുപ്പ്, ബുധന്ന് പച്ച, വ്യാഴത്തിന് മഞ്ഞ, ശനിയ്ക്ക് നീല, രാഹുവിന് കറുപ്പ്, കേതുവിന് നാനാവർണ്ണം എന്നിങ്ങനെ), നവധാന്യസമർപ്പണം എന്നിവയും അതിവിശേഷമാണ്. നവഗ്രഹങ്ങളെക്കൂടാതെ പൂർണ്ണാപുഷ്കലാസമേതനായ ധർമ്മശാസ്താവിനെയും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. കിഴക്കോട്ടാണ് ശാസ്താവിന്റെ ദർശനം. നീരാജനം, നെയ്യഭിഷേകം, അഷ്ടാഭിഷേകം, പുഷ്പാഭിഷേകം തുടങ്ങി ധാരാളം വഴിപാടുകൾ ശാസ്താവിനുമുണ്ട്. മണ്ഡലകാലത്ത് ഇവിടെ നടത്തുന്ന ശാസ്താപ്രീതി ചടങ്ങുകൾ അതിവിശേഷമാണ്. ക്ഷേത്രത്തിന്റെ വടക്കേ നടയിൽ കാണാൻ പറ്റിയ ആകർഷണങ്ങളില്ല.
മതിലകം
[തിരുത്തുക]കിഴക്കേ നടപ്പുരയിലൂടെ അകത്തുകടന്നാൽ ക്ഷേത്രത്തിൽ വീണ്ടും ഒരു അരയാൽ കാണാം. ഈ അരയാലിന് ക്ഷേത്ര ഐതിഹ്യവുമായി അടുത്ത ബന്ധമുണ്ട്. കാരണം, ഐതിഹ്യപ്രകാരം ഈ ആൽത്തറയിൽ വച്ചാണ് വില്വമംഗലം സ്വാമിയാർക്ക് കൃഷ്ണദർശനം ലഭിച്ചത്. തന്മൂലം ഇവിടെ നിത്യേന വിളക്കുവയ്പുണ്ടാകാറുണ്ട്. ഇതിന്റെ തെക്കുകിഴക്കേമൂലയിൽ ആനകളെയും വടക്കുകിഴക്കേമൂലയിൽ പശുക്കളെയും പാർപ്പിയ്ക്കാനുള്ള സ്ഥലങ്ങൾ കാണാം. ആൽത്തറയുടെ പുറകിലാണ് അതിവിശാലമായ പ്രധാന ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നത്. വേലകുളം എന്നറിയപ്പെടുന്ന ഈ കുളം, അമ്പലപ്പുഴയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. കുലച്ചുവച്ച ഒരു വില്ലിന്റെ ആകൃതിയിലുള്ള ഈ കുളത്തിൽ കുളിച്ചാണ് ശാന്തിക്കാരും ഭക്തരും ക്ഷേത്രദർശനത്തിനെത്തുന്നത്. ഉത്സവക്കാലത്ത് വേലകളി നടക്കുന്ന കുളമായതുകൊണ്ടാണ് ഇതിനെ വേലകുളം എന്നുവിളിയ്ക്കുന്നത്. ഈ കുളത്തിലേയ്ക്ക് ദർശനം നൽകുന്ന രീതിയിലാണ് ക്ഷേത്രം പണിതിരിയ്ക്കുന്നത്. ഇതിനോടുചേർന്ന് പടിഞ്ഞാറുഭാഗത്ത് (പ്രധാന നടയ്ക്കുനേരെ) ഒരു കുളപ്പുരയും പണിതിട്ടുണ്ട്. ചെമ്പകശ്ശേരി രാജാവിന്റെ കാലത്തുതന്നെ പണിത അതിമനോഹരമായ ഈ കുളപ്പുരയോട് ചേർന്നുതന്നെ ഭക്തർക്ക് വിശ്രമിയ്ക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കുളത്തിന്റെ തെക്കുപടിഞ്ഞാറായി കാണുന്ന ആൽത്തറയിൽ കിഴക്കോട്ടുതന്നെ ദർശനമായി ശിവന്റെയും ഗണപതിയുടെയും പ്രതിഷ്ഠകളോടുകൂടിയ ഒരു കൊച്ചുശ്രീകോവിലുണ്ട്. സ്വർണ്ണം പൂശിയ ഈ ശ്രീകോവിലിൽ കഷ്ടിച്ച് അരയടി മാത്രം ഉയരം വരുന്ന ചെറിയ രണ്ട് വിഗ്രഹങ്ങളാണുള്ളത്. എങ്കിലും ഇവിടെ നിത്യപൂജകൾ മുടക്കം കൂടാതെ നടത്തിവരുന്നുണ്ട്. ശിവന്ന് നിത്യവും ധാരയും ശംഖാഭിഷേകവുമടക്കമുള്ള അഭിഷേകങ്ങളും ശിവരാത്രിനാളിൽ വിശേഷാൽ പൂജകളുമുണ്ടാകും. ഗണപതിപ്രീതിയ്ക്കായി നിത്യേന ക്ഷേത്രത്തിൽ ഗണപതിഹോമം നടത്തിവരുന്നുണ്ട്.
കുളപ്പുരയ്ക്കും ബലിക്കൽപ്പുരയ്ക്കുമിടയിലാണ് ക്ഷേത്രത്തിലെ പ്രധാന ആനക്കൊട്ടിൽ തെക്കുവടക്ക് വീതിയിൽ കിടക്കുന്നത്. ഇവിടെ വച്ചാണ് ക്ഷേത്രത്തിൽ ചോറൂൺ, തുലാഭാരം, വിവാഹം, അടിമ കിടത്തൽ, ഭജന തുടങ്ങിയവ നടത്തുന്നത്. ഏകദേശം അഞ്ച് ആനകളെ ഒന്നിച്ച് എഴുന്നള്ളിയ്ക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. നിത്യേന അഞ്ചുപൂജകൾക്കും ദീപാരാധനയ്ക്കും മറ്റും നാദസ്വരസേവ നടത്തുന്നതും ഇവിടെവച്ചാണ്. ആനക്കൊട്ടിലിനപ്പുറമാണ് ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന സ്വർണ്ണക്കൊടിമരം പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ കൊടിമരത്തിനുതന്നെ മണ്ഡപം പണിതിട്ടുണ്ട്. ഇത് വിളക്കിൽ നിന്നുള്ള പുകയേൽക്കാതെ കൊടിമരത്തെ സംരക്ഷിച്ചുവരുന്നു. സമീപഗ്രാമമായ തകഴിയിലെ ശ്രീ ധർമശാസ്താക്ഷേത്രമാണ് അമ്പലപ്പുഴ കൂടാതെ ഇത്തരത്തിൽ കാണപ്പെടുന്ന ഏക ക്ഷേത്രം. ഇതിന് ചുവട്ടിൽ മഞ്ചാടി സമർപ്പിയ്ക്കുന്നത് അതിവിശേഷമായ വഴിപാടാണ്. കൊടിമരച്ചുവട്ടിൽ പതിവുപോലെ അഷ്ടദിക്പാലകരൂപങ്ങളും കാണാം. കൊടിമരത്തിനപ്പുറമാണ് ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് പ്രതിഷ്ഠിച്ച ബലിക്കൽപ്പുര പണിതിരിയ്ക്കുന്നത്. ശ്രീകോവിലിന് ഉയരം കുറവായതിനാൽ ഇവിടെയുള്ള ബലിക്കല്ലിനും ഉയരം കുറവാണ്. തന്മൂലം, കൊടിമരത്തിന് മുന്നിൽ നിന്നുനോക്കിയാൽത്തന്നെ വിഗ്രഹം വ്യക്തമായി കാണാൻ സാധിയ്ക്കും. ബലിക്കൽപ്പുരയുടെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. കൂടാതെ, അതിമനോഹരമായ നിരവധി ദാരുശില്പങ്ങൾ കൊണ്ട് അലംകൃതമാണ് ബലിക്കൽപ്പുര.
ഗുരുവായൂർ നട
[തിരുത്തുക]ക്ഷേത്രത്തിന്റെ തെക്കുഭാഗത്താണ് പഴയ ചെമ്പകശ്ശേരി രാജവംശത്തിന്റെ കൊട്ടാരമായിരുന്ന തെക്കേ മഠം സ്ഥിതിചെയ്യുന്നത്. ഇതൊരു നാലുകെട്ടാണ്. നടുക്ക് വലിയ നടുമുറ്റവും ചുറ്റും വലിയ മാളികയും പണിതിരിയ്ക്കുന്ന ഈ കൊട്ടാരം, ചെമ്പകശ്ശേരി രാജവംശത്തിന്റെ കാലത്ത് പ്രൗഢിയോടെ വാണു. ഇതിന്റെ കിഴക്കുഭാഗത്തുള്ള കെട്ടിടത്തിലാണ് ഇപ്പോൾ അമ്പലപ്പുഴ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ള ഒരു 'എ' ഗ്രേഡ് ദേവസ്വമാണ് അമ്പലപ്പുഴ ദേവസ്വം. ഇതിന്റെ പടിഞ്ഞാറുഭാഗത്താണ് പ്രസിദ്ധമായ ഗുരുവായൂർ നട. ടിപ്പു സുൽത്താന്റെ ആക്രമണം ഭയന്ന് ഗുരുവായൂർ ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരിയും ഓതിയ്ക്കന്മാരിൽ പ്രധാനിയായിരുന്ന കക്കാട് നമ്പൂതിരിയും കൂടി ഗുരുവായൂരപ്പന്റെ വിഗ്രഹവും തിടമ്പും അമ്പലപ്പുഴയിൽ കൊണ്ടുവരികയും, തുടർന്ന് മൂലവിഗ്രഹം അടുത്തുള്ള വേമ്പനാട്ട് കായലിൽ ജലാധിവാസം ചെയ്ത് തിടമ്പിലേയ്ക്ക് ചൈതന്യം ആവാഹിച്ച് ഇവിടെ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും പണിത് പ്രതിഷ്ഠിയ്ക്കുകയുമായിരുന്നു. നിലവിൽ ഈ ശ്രീകോവിലിലുള്ളത് ഗുരുവായൂരപ്പന്റെ ഒരു ചിത്രം മാത്രമാണ്. ഇവിടെ നിത്യവും വിളക്കുവയ്പുണ്ട്. അമ്പലപ്പുഴയിൽ കുറച്ചുനാൾ വച്ചശേഷം ഗുരുവായൂരപ്പനെ മാവേലിക്കരയിലും കൊണ്ടുപോയി പ്രതിഷ്ഠിയ്ക്കുകയുണ്ടായി. മാവേലിക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് പ്രത്യേകം ക്ഷേത്രം പണിത് അവിടെയാണ് ഗുരുവായൂരപ്പൻ കുടികൊണ്ടത്. പിന്നീട്, അടുത്തുള്ള എണ്ണക്കാട് കൊട്ടാരത്തിലും ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ച് ആരാധിച്ചിട്ടുണ്ട്. അതിനുശേഷം 1792 ഡിസംബർ മാസത്തിലാണ് ഭഗവാൻ തിരിച്ച് ഗുരുവായൂരിലെത്തിയത്.
നാടകശാലയും മണിക്കിണറും
[തിരുത്തുക]അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ നാടകശാല, തെക്കേ മഠത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്നു. ഉത്സവക്കാലത്ത് ഏറ്റവും പ്രധാനപ്പെട്ട ഒമ്പതാമുത്സവത്തിന് ഇവിടെ നടത്തുന്ന സദ്യ അതിവിശേഷമാണ്. സദ്യ കഴിച്ച് അധികമാകും മുമ്പ് ഇല പകുതിയിലിട്ട് ഉപേക്ഷിച്ചുപോകുന്ന ഈ പരിപാടി വൻ വിമർശനത്തിനും കാരണമായിട്ടുണ്ട്. ഇവിടെ വച്ചുതന്നെയാണ് ഉത്സവക്കാലത്ത് പല കലാപരിപാടികളും നടക്കുന്നതും. ഇതിന് സമീപമാണ് ക്ഷേത്രത്തിലെ പ്രധാന മണിക്കിണർ കാണാൻ കഴിയുക. ഐതിഹ്യപ്രകാരം തന്നെ വലിയ പ്രാധാന്യമുള്ള കിണറാണിത്. ഒരിയ്ക്കൽ വില്വമംഗലം സ്വാമിയാർ ക്ഷേത്രദർശനത്തിനെത്തിയപ്പോൾ ഭഗവാനെ ശ്രീലകത്ത് കാണാതിരിയ്ക്കുകയും അന്വേഷിച്ചുനടന്നപ്പോൾ ഈ കിണറിനടുത്തുവച്ച് ഭക്തർക്ക് സദ്യ വിളമ്പുന്ന രൂപത്തിൽ ഭഗവാനെ കാണുകയും ചെയ്തു എന്നൊരു കഥയുണ്ട്. ഭഗവാന്റെ പ്രസിദ്ധമായ പാൽപ്പായസത്തിനുള്ള വെള്ളമെടുക്കുന്നത് ഇവിടെനിന്നാണ്. ഇവിടെ കിണറിന് വലിയൊരു മറയിട്ടിട്ടുണ്ട്. ശാന്തിക്കാർക്കു മാത്രമേ ഇവിടെ പ്രവേശനമുള്ളൂ. മണിക്കിണറിനടുത്താണ് അമ്പലപ്പുഴ കൃഷ്ണന്റെ തൃക്കൈവെണ്ണ, ത്രിമധുരം വഴിപാടുകൾ ലഭിയ്ക്കുന്ന കൗണ്ടറും. ഒരു കുടത്തിൽ നൽകുന്ന വെണ്ണ, ഗോകുലത്തിന്റെ പ്രതീതി സമ്മാനിയ്ക്കുന്നു.
കളിത്തട്ടും രാമചന്ദ്രൻ സ്മാരകവും
[തിരുത്തുക]ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലാണ് ചരിത്രപ്രസിദ്ധമായ കളിത്തട്ട്. തുള്ളൽ പ്രസ്ഥാനം പിറന്നുവീണ സ്ഥലം എന്ന നിലയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ സ്ഥലം, ക്ഷേത്രത്തിൽ വരുന്ന ഭക്തരുടെ വിശ്രമസ്ഥാനങ്ങളിലൊന്നുകൂടിയാണ്. ഇവിടെയാണ് കുഞ്ചൻ നമ്പ്യാരുടെ മിഴാവ് കാണാൻ സാധിയ്ക്കുന്നത്. ഇതിൽ തൊടാനുള്ള അനുമതി നിഷേധിച്ചിട്ടുണ്ട്. വടക്കുപടിഞ്ഞാറുഭാഗത്ത് ക്ഷേത്രം വക ഒരു തുളസീവനവും നക്ഷത്രവനവും കാണാവുന്നതാണ്. ശ്രീകൃഷ്ണൻ്റെ ഇഷ്ടപുഷ്പമായ തുളസിയ്ക്ക് പുറത്തുനിന്നുള്ളവരെ ആശ്രയിയ്ക്കാതെ സ്വന്തമായി നട്ടുവളർത്തുക എന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയ പദ്ധതിയാണ് തുളസീവനം. ഇവിടെ ഇപ്പോൾ ഏതാണ്ട് പത്തോളം തുളസിച്ചെടികൾ കാണാം. ഭാരതീയ ജ്യോതിഷപ്രകാരമുള്ള 27 നക്ഷത്രങ്ങളുടെയും വൃക്ഷങ്ങളെ ഇവിടെ കാണാവുന്നതാണ്. ഇവയെ പൂജിയ്ക്കുന്നതും ഇവയ്ക്ക് വെള്ളമൊഴിച്ചുകൊടുക്കുന്നതും അതിവിശേഷപ്പെട്ട കർമ്മമായി കണക്കാക്കപ്പെടുന്നു. ഇവയ്ക്ക് നടുവിലാണ് പ്രസിദ്ധ ഗജവീരനായിരുന്ന അമ്പലപ്പുഴ രാമചന്ദ്രൻ്റെ ശില്പം പണിതിരിയ്ക്കുന്നത്. ഒരുകാലത്ത് മധ്യതിരുവിതാംകൂറിലെ ക്ഷേത്രങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന രാമചന്ദ്രനെ, ചരിഞ്ഞശേഷം ഗുരുവായൂരിലെ കേശവൻ സ്മാരകത്തിൻ്റെ മാതൃകയിൽ പ്രത്യേകം സ്മാരകമുണ്ടാക്കി ആദരിയ്ക്കുകയായിരുന്നു. രാമചന്ദ്രൻ സ്മാരകത്തിനടുത്ത് ഒരു ശംഖിൻ്റെ രൂപവും കൊത്തിവച്ചിട്ടുണ്ട്.
ഇവ കടന്നുനടന്നാൽ ക്ഷേത്രത്തിലെ പൂജാസാധനങ്ങൾ വിൽക്കുന്ന കടയ്ക്കുമുന്നിലെത്താം. പൂജയ്ക്കുള്ള മാലകൾ, എണ്ണ, നെയ്യ്, ചന്ദനത്തിരി തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ വിൽക്കുന്നു. ഇതും കടന്നാലാണ് പാൽപ്പായസത്തിടപ്പള്ളിയ്ക്കുമുന്നിലെത്തുന്നത്. സാധാരണ തിടപ്പള്ളികളെക്കാൾ വലുപ്പമുണ്ട് ഇതിന്. ഉച്ചപ്പൂജയടുത്ത സമയത്ത് ഇവിടെനിന്ന് പായസത്തിൻ്റെ മണം പുറത്തേയ്ക്ക് വരുന്നുണ്ടാകും. ഇവയ്ക്കെല്ലാം അപ്പുറത്താണ് ക്ഷേത്രം വക ഊട്ടുപുര. രണ്ടുനിലകളോടുകൂടിയ ഊട്ടുപുര പ്രൗഢിയോടെ തലയുയർത്തിനിൽക്കുന്നു. പണ്ടുകാലത്ത് നിത്യേന ഇവിടെ ഊട്ടുണ്ടാകുമായിരുന്നു. ഇപ്പോൾ വിശേഷദിവസങ്ങളിൽ മാത്രമേ ഊട്ടുള്ളൂ.
ശ്രീകോവിൽ
[തിരുത്തുക]ചതുരാകൃതിയിൽ തീർത്ത ചെറിയൊരു സൗധമാണ് ഇവിടെ ശ്രീകോവിൽ. മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ശ്രീകോവിലിന്റെ മേൽക്കൂര നാലമ്പലത്തിന്റെ മേൽക്കൂരയുമായി കൂടിച്ചേർന്നാണിരിയ്ക്കുന്നത്. ഇതുമൂലമാണ് അമ്പലപ്പുഴ കൃഷ്ണനെ ഗോശാലകൃഷ്ണനായി കണ്ടുവരുന്നത്. ചുറ്റുമുള്ള വഴി ഗോശാലയായി കണ്ടുവരുന്നു. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. അകത്തേയ്ക്ക് കയറാനുള്ള പടികൾ (സോപാനപ്പടികൾ) നേരിട്ടുകയറാവുന്ന രീതിയിലാണ് പണിതിരിയ്ക്കുന്നത്. ഇതിന് ഇരുവശവുമായി ദ്വാരപാലകരൂപങ്ങൾ കാണാം. ദ്വാരപാലകരെ തൊഴുത്, അവരുടെ അനുവാദം വാങ്ങിവേണം ശ്രീലകത്ത് കയറാൻ എന്നാണ് ചിട്ട. ശ്രീകോവിലിനകത്ത് മൂന്നുമുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഏകദേശം മൂന്നടി ഉയരം വരുന്ന അതിമനോഹരമായ ശ്രീകൃഷ്ണവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിയ്ക്കപ്പെട്ടിരിയ്ക്കുന്നു. രണ്ടുകൈകളോടുകൂടിയ ഭഗവാന്റെ വലതുകയ്യിൽ ചാട്ടവാറും ഇടതുകയ്യിൽ ശംഖും കാണാം. ഇതാണ് ഭഗവാനെ പാർത്ഥസാരഥിസങ്കല്പത്തിൽ ആരാധിയ്ക്കുന്നതിനുള്ള കാരണം. ആടയാഭരണങ്ങളും ചന്ദനമുഴുക്കാപ്പും അണിഞ്ഞുകാണുമ്പോൾ വിഗ്രഹത്തിന് ഭംഗി കൂടുതലാണ്. അങ്ങനെ വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശ്രീകൃഷ്ണഭഗവാൻ അമ്പലപ്പുഴ ശ്രീലകത്ത് വാഴുന്നു.
അതിമനോഹരമായ ചുവർച്ചിത്രങ്ങളും ദാരുശില്പങ്ങളും കൊണ്ട് അലംകൃതമാണ് ശ്രീകോവിൽ. ശ്രീകൃഷ്ണലീലകൾ, ശിവകഥകൾ, ദശാവതാരങ്ങൾ തുടങ്ങി ധാരാളം ചിത്രങ്ങൾ ഇവിടെ അതിമനോഹരമായി വരച്ചുചേർത്തിട്ടുണ്ട്. ഇവയെല്ലാം ചില്ലിട്ട് സൂക്ഷിച്ചുവച്ചിട്ടുണ്ട്. ശ്രീകോവിലിന്റെ പ്രവേശനകവാടത്തിന്റെ വടക്കുവശത്ത് ഒരു ഇടയ്ക്ക തൂക്കിയിട്ടിട്ടുണ്ട്. പൂജയും ദീപാരാധനയുമുള്ള അവസരങ്ങളിൽ ഇതെടുത്തുകൊട്ടി അഷ്ടപദി പാടുന്ന പതിവ് ഇവിടെയുണ്ട്. വടക്കുവശത്തുതന്നെ അഭിഷേകതീർത്ഥം ഒഴുക്കിവിടാൻ ഓവും പണിതിട്ടുണ്ട്.
നാലമ്പലം
[തിരുത്തുക]ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. വളരെ ചെറിയൊരു നാലമ്പലമാണ് ഇവിടെയുള്ളത്. എന്നാലും പ്രദക്ഷിണം നന്നായി നടത്താം. കരിങ്കല്ലിൽ തീർത്ത നാലമ്പലത്തിന്റെ മേൽക്കൂര പൂർണ്ണമായും ചെമ്പുമേഞ്ഞിട്ടുണ്ട്. ഇതേ മേൽക്കൂരയാണ് ശ്രീകോവിലിനും എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. നാലമ്പലത്തിനകത്തേയ്ക്ക് നാലുഭാഗത്തുനിന്നും പ്രവേശനമുണ്ടെങ്കിലും പടിഞ്ഞാറുഭാഗത്തെ പ്രവേശനകവാടം അടച്ചിട്ടിരിയ്ക്കുകയാണ്. കിഴക്കുഭാഗത്തുകൂടെ കടന്നുവരുമ്പോൾ ഇരുവശത്തുമായി വിളക്കുമാടങ്ങൾ കാണാം. അവയിൽ തെക്കുഭാഗത്തെ വാതിൽമാടത്തിൽ വച്ചാണ് ശ്രീകോവിലിന് പുറത്തുള്ള പൂജകളും ഗണപതിഹോമം അടക്കമുള്ള ഹോമങ്ങളും നടത്താറുള്ളത്; വടക്കേ വാതിൽമാടം മാലകെട്ടലിനും നാമജപത്തിനും ഉപയോഗിച്ചുവരുന്നു. പൂജയും ദീപാരാധനയും ഒഴികെയുള്ള അവസരങ്ങളിൽ വടക്കേ വാതിൽമാടത്തിൽ ചെണ്ട, മദ്ദളം, തിമില, കൊമ്പ്, കുറുംകുഴൽ തുടങ്ങിയ വാദ്യങ്ങൾ സൂക്ഷിച്ചുവച്ചിരിയ്ക്കുന്നതും കാണാം. മേൽപ്പറഞ്ഞ വാദ്യങ്ങൾ കൂടാതെ ക്ഷേത്രത്തിലെ സവിശേഷവാദ്യമായി ഓടക്കുഴലും ഇവിടെ സൂക്ഷിയ്ക്കാറുണ്ട്. നിത്യേന ഓടക്കുഴൽ സേവയുള്ള കേരളത്തിലെ ഏക ക്ഷേത്രമാണ് അമ്പലപ്പുഴ. വില്വമംഗലം സ്വാമിയാർക്ക് ഭഗവാൻ ഓടക്കുഴലൂതുന്ന രൂപത്തിൽ ദർശനം കൊടുത്തതിന്റെ സങ്കല്പത്തിലാണ് ഇവിടെ നിത്യേന ഓടക്കുഴൽ സേവയുള്ളത്.
നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്. പാൽപ്പായസമൊഴികെയുള്ള നിവേദ്യങ്ങൾ ഇവിടെയാണുണ്ടാക്കുന്നത്. അവയിൽ ഏറ്റവും പ്രധാനം ഉണ്ണിയപ്പമാണ്. നിത്യേന അത്താഴപ്പൂജയ്ക്ക് ഇതുനേദിയ്ക്കുന്നത് അതിവിശേഷമാണ്. കൂടാതെ തൃക്കൈവെണ്ണയും പ്രധാനമാണ്. വടക്കുകിഴക്കേമൂലയിൽ മുളയറ പണിതിട്ടുണ്ട്. ഉത്സവക്കാലത്ത് മുളപൂജ നടക്കുന്നത് ഇവിടെവച്ചാണ്. നവധാന്യങ്ങൾ പതിനാറുപാത്രങ്ങളിലാക്കി നിറച്ചുവയ്ക്കുന്ന ചടങ്ങാണ് മുളയിടൽ. മേൽപ്പറഞ്ഞ പാത്രങ്ങൾക്കെല്ലാം ഉത്സവദിനങ്ങളിൽ വിശേഷാൽ പൂജയുണ്ടാകും. ആറാട്ടാകുമ്പോഴേയ്ക്കും ഇവ മുളച്ചിട്ടുണ്ടാകും. ഇവയ്ക്കുനടുവിൽ ഭഗവാന് പള്ളിക്കുറുപ്പൊരുക്കുന്ന ചടങ്ങും ക്ഷേത്രത്തിലുണ്ടാകും. ഇവിടെത്തന്നെ ഉപദേവതകളായി ശിവന്റെയും ഭദ്രകാളിയുടെയും പ്രതിഷ്ഠകളുമുണ്ട്. വളരെ വലുപ്പം കുറഞ്ഞ വിഗ്രഹങ്ങളാണ് ഇരുവർക്കും. ഒരടി മാത്രം ഉയരം വരുന്ന ചെറിയൊരു ശിവലിംഗവും അത്ര തന്നെ ഉയരം വരുന്ന, വാൽക്കണ്ണാടിയുടെ രൂപത്തിലുള്ള ഒരു വിഗ്രഹവുമാണ് ഇവിടെ കാണാനാകുന്നത്. ഇവരെ വന്ദിച്ചാണ് മുളയിടൽ നടക്കുന്നതും.
ശ്രീകോവിലിനെ ചുറ്റിപ്പറ്റി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിരൃതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ & ചന്ദ്രൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ - കിഴക്കുനിന്ന് ബ്രാഹ്മി, മാഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്ന ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം - കിഴക്കുഭാഗത്ത്), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം - പടിഞ്ഞാറുഭാഗത്ത്), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), ദുർഗ്ഗ (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), സുബ്രഹ്മണ്യൻ (വടക്കുപടിഞ്ഞാറിനും വടക്കിനുമിടയിൽ), നിർമ്മാല്യധാരി (വടക്കിനും വടക്കുകിഴക്കിനുമിടയിൽ ശിവലിംഗരൂപത്തിൽ - ഇവിടെ വിഷ്വക്സേനൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. ബലിക്കല്ലുകൾ ദേവന്റെ/ദേവിയുടെ വികാരഭേദങ്ങളാണെന്നാണ് വിശ്വാസം. തന്മൂലം അവയിൽ ചവിട്ടുന്നതും തൊട്ടു തലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു.
നിത്യപൂജകൾ
[തിരുത്തുക]നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പുലർച്ചെ മൂന്നുമണിയ്ക്ക് ഏഴുതവണയുള്ള ശംഖുവിളിയോടെയും തവിൽ, നാഗസ്വരം, കുഴിത്താളം തുടങ്ങിയ വാദ്യങ്ങളോടെയും ഭഗവാനെ പള്ളിയുണർത്തിയശേഷം മൂന്നേകാലിന് നടതുറക്കുന്നു. ആദ്യത്തെ ചടങ്ങ് പതിവുപോലെ നിർമ്മാല്യദർശനമാണ്. തലേന്നുചാർത്തിയ അലങ്കാരങ്ങളോടുകൂടി വിളങ്ങുന്ന ഭഗവദ്വിഗ്രഹം ദർശിച്ച് ഭക്തർ മുക്തിയടയുന്നു. നിർമ്മാല്യദർശനം കഴിഞ്ഞാൽ ഭഗവാന്റെ അഭിഷേകച്ചടങ്ങുകൾ തുടങ്ങുകയായി. ആദ്യം എള്ളെണ്ണ കൊണ്ടും, പിന്നീട് ഇഞ്ച, ശംഖതീർത്ഥം, കലശതീർത്ഥം എന്നിവകൊണ്ടും ക്രമത്തിൽ അഭിഷേകം ചെയ്തശേഷം ആദ്യനിവേദ്യങ്ങളായി മലർ, ശർക്കര, കദളിപ്പഴം എന്നിവ നേദിയ്ക്കുന്നു. അപ്പോഴേയ്ക്കും സമയം മൂന്നേമുക്കാലായിട്ടുണ്ടാകും. തുടർന്ന് അഞ്ചുമണിയ്ക്ക് ഉഷഃപൂജ തുടങ്ങുകയായി. സൂര്യോദയസമയത്ത് എതിരേറ്റുപൂജയും ഗണപതിഹോമവും നടത്തുന്നുണ്ടാകും. എതിരേറ്റുപൂജയുടെ സമയത്താണ് ക്ഷേത്രത്തിലെ ഉപദേവതകൾക്കുള്ള പൂജകളും നടത്തുന്നത്. എതിരേറ്റുപൂജ കഴിഞ്ഞാൽ രാവിലെ ഏഴുമണിയോടെ ഉഷഃശീവേലി തുടങ്ങുകയായി. തന്റെ ഭൂതഗണങ്ങൾക്ക് അന്നം നൽകുന്നത് ഭഗവാൻ നോക്കിക്കാണുന്ന സങ്കല്പത്തിൽ നടക്കുന്ന ചടങ്ങാണ് ശീവേലി. ആദ്യം നാലമ്പലത്തിനകത്തും, പിന്നീട് പുറത്തുമുള്ള എല്ലാ ബലിക്കല്ലുകളിലും ബലിതൂകി അവസാനം വലിയ ബലിക്കല്ലിലും തൂകുന്നതോടെ ശീവേലി അവസാനിയ്ക്കുന്നു. പിന്നെ എട്ടുമണിയ്ക്ക് പന്തീരടിപൂജ നടത്തുന്നു. നിഴലിന് പന്ത്രണ്ടടി നീളം വരുന്ന സമയത്തുള്ള പൂജയാണിത്. പന്തീരടിപൂജാസമയത്താണ് ക്ഷേത്രത്തിലെ നവകകലശപൂജയും നടക്കുന്നത്. ക്ഷേത്രക്കിണറ്റിൽ നിന്നെടുക്കുന്ന ജലം, ഒമ്പത് വെള്ളിക്കുടങ്ങളിലാക്കി അഭിഷേകം ചെയ്യുന്ന ചടങ്ങാണ് നവകാഭിഷേകം. പന്തീരടിപൂജ കഴിഞ്ഞാൽ ഭഗവാന്ന് ഇവ അഭിഷേകം ചെയ്യും. പതിനൊന്നരയോടെ ഉച്ചപ്പൂജ തുടങ്ങുന്നു. ഭഗവാന്റെ പ്രധാന നിവേദ്യമായ പാൽപ്പായസം ഈ സമയത്താണ് നേദിയ്ക്കുന്നത്. പാൽപ്പായസം കൊണ്ടുപോകുന്ന സമയത്ത് ഒരു കൃഷ്ണപ്പരുന്ത് വടക്കേ നടയിൽ വട്ടമിട്ടുപറക്കുന്ന കാഴ്ച കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമായി കണ്ടുവരുന്നു. ഉച്ചപ്പൂജ കഴിഞ്ഞാൽ ഉച്ചശീവേലിയും നടത്തി പന്ത്രണ്ടരയോടെ നടയടയ്ക്കുന്നു.
വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. ഭഗവാന്ന് കർപ്പൂരം കത്തിച്ച് ആരാധന നടത്തുന്നത് ഈ സമയത്താണ്. ശ്രീകോവിലിനകത്തും പുറത്തുമുള്ള വിളക്കുകളെല്ലാം ഈ സമയത്ത് അലംകൃതമാകാറുണ്ട്. ദീപാരാധന കഴിഞ്ഞാൽ രാത്രി ഏഴരയോടെ അത്താഴപ്പൂജ നടത്തുന്നു. ഈ സമയത്ത് അപ്പമാണ് പ്രധാന നിവേദ്യം. അത്താഴപ്പൂജ കഴിഞ്ഞാൽ ഏഴേമുക്കാലോടെ അത്താഴശീവേലിയും തുടർന്ന് എട്ടുമണിയ്ക്ക് തൃപ്പുകയും നടത്തിവരുന്നു. ഭഗവാനെ ഉറക്കുന്ന സങ്കല്പത്തിൽ നടത്തിവരുന്ന തൃപ്പുക കഴിഞ്ഞ് ഏകദേശം എട്ടേകാലോടെ വീണ്ടും നടയടയ്ക്കുന്നു. നടയടച്ചുകഴിഞ്ഞാൽ ക്ഷേത്രത്തിലെ അവകാശികൾ നാലുനടയിലും ചെന്ന് വാസുദേവോ എന്നുവിളിയ്ക്കുന്ന ആചാരവും ഇവിടെയുണ്ട്. ഈ സമയത്ത് ഭഗവാൻ അനന്തശായിയായി മാറുന്നു എന്ന സങ്കല്പത്തിലാണ് ഈ ചടങ്ങ് നടന്നുവരുന്നത്.
സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാഹരണം: കൊടിയേറ്റുത്സവം, അഷ്ടമിരോഹിണി, വിഷു, പന്ത്രണ്ടുകളഭം, പള്ളിപ്പാന) ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും ഗ്രഹണം നടക്കുന്ന ദിവസങ്ങളിലും ഇവയ്ക്ക് മാറ്റമുണ്ടാകും. ഉത്സവനാളുകളിൽ കൊടിയേറ്റത്തിന്റെയും ആറാട്ടിന്റെയും മറ്റുചടങ്ങുകളുടെയും സമയവ്യത്യാസം കാരണം പൂജാക്രമങ്ങൾ മാറും. അഷ്ടമിരോഹിണിദിവസം രാത്രി നടയടയ്ക്കില്ല. പകരം രാത്രി അവതാരസമയം കണക്കിലെടുത്ത് വിളക്കെഴുന്നള്ളത്തുണ്ടാകും. വിഷുദിവസം പതിവിലും ഒരുമണിക്കൂർ നേരത്തേ നടതുറന്ന് കണിദർശനമുണ്ടാകും. പന്ത്രണ്ടുകളഭദിവസങ്ങളിലും രാത്രി വിശേഷാൽ വിളക്കെഴുന്നള്ളത്തുണ്ടാകും. ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിൽ പതിനെട്ടുപൂജകളാണുണ്ടാകുക. അന്ന് വിളക്കെഴുന്നള്ളത്ത് കഴിഞ്ഞ് നടയടയ്ക്കുമ്പോൾ ഏകദേശം അർദ്ധരാത്രിയാകും. ഗ്രഹണമുള്ള ദിവസങ്ങളിൽ അത് തുടങ്ങുന്നതിനും അരമണിക്കൂർ മുമ്പേയടയ്ക്കുന്ന നട, അതുകഴിഞ്ഞ് ശുദ്ധിക്രിയകൾ നടത്തിയേ തുറക്കൂ.
കേരളത്തിൽ രണ്ടുതന്ത്രിമാരുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ക്ഷേത്രം. അമ്പലപ്പുഴയിൽ തന്നെയുള്ള പുതുമന, കോട്ടയം ജില്ലയിൽ കുമാരനല്ലൂരുള്ള കടിയക്കോൾ എന്നീ രണ്ട് ഇല്ലക്കാർക്കാണ് ക്ഷേത്രത്തിലെ തന്ത്രാധികാരം വീതിച്ചിരിയ്ക്കുന്നത്. വിശേഷച്ചടങ്ങുകളെല്ലാം ഇവർ ഒരുമിച്ചാണ് നിർവഹിയ്ക്കുക. മേൽശാന്തി, കീഴ്ശാന്തി നിയമനങ്ങൾ ദേവസ്വം വകയാണ്.
അമ്പലപ്പുഴ ഉത്സവം
[തിരുത്തുക]മീനമാസത്തിലെ തിരുവോണം നാളിൽ ആറാട്ടോടെ സമാപിയ്ക്കുന്ന പത്തുദിവസത്തെ കൊടിയേറ്റുത്സവമാണ് അമ്പലപ്പുഴ ക്ഷേത്രത്തിലുള്ളത്. അങ്കുരാദിമുറയിൽ (കൊടിയേറ്റത്തോടെ നടക്കുന്ന മുറ) നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് നിരവധി താന്ത്രികക്രിയകളും വിശേഷാൽ പൂജകളും കലാപരിപാടികളുമുണ്ടാകാറുണ്ട്. അമ്പലപ്പുഴ ദേശത്തിന്റെ മുഴുവൻ ഉത്സവമായി ഇതിനെ കണക്കാക്കിവരുന്നു.
തൃക്കൊടിയേറ്റ്
[തിരുത്തുക]ഉച്ചശീവേലിക്കുശേഷം തെക്കേ ഗോശാലയിൽ ഗണപതിപൂജയോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത്. ഗണപതിപൂജയ്ക്കുശേഷം ഉത്സവദിവസങ്ങളിൽ എടുക്കുന്ന കോയ്മവടി മേൽശാന്തി ശ്രീകോവിലിൽ കൊണ്ടുപോയി പൂജിച്ച് കോയ്മസ്ഥാനി വലിയമഠം പണിക്കർക്ക് കൈമാറും. തുടർന്ന് വാദ്യപൂജ. കൊടി ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു പൂജിച്ച് ദേവചൈതന്യം ആവാഹിച്ച് കോയ്മയുടെ അനുവാദത്തോടെ വാദ്യപരീക്ഷ നടത്തി, പാണികൊട്ടി കൊടിമരച്ചുവട്ടിലേക്ക് കൊടിയെഴുന്നള്ളിക്കുകയും പിന്നീട് തന്ത്രി കൊടിയേറ്റ് നടത്തുന്നു. കൊടിയേറ്റിനുശേഷം അമ്പലപ്പുഴ തച്ചന്റെ നേതൃത്വത്തിൽ നാളികേരം ഉടച്ച് രാശി നോക്കി ഫലം പ്രവചിക്കുന്നു. വൈകീട്ട് ദീപാരാധനയ്ക്കു മുൻപായി എട്ടുദിക്കിലും ദിക്കുകൊടിയേറ്റ്റുകയും ചെയ്യുന്നു
ശുദ്ധാദി കലശപൂജ
[തിരുത്തുക]കേരളത്തിലെ അപൂർവം ക്ഷേത്രങ്ങളിൽ മാത്രം നടന്നുവരുന്ന ശുദ്ധാദി, അമ്പലപ്പുഴ ഭഗവാന്റെ ഉത്സവ നാളുകളിലെ പ്രധാന താന്ത്രിക ചടങ്ങുകളിൽ ഒന്നാണ്. രണ്ടാം ഉത്സവദിനം ശുദ്ധാദി ചടങ്ങിന് തുടക്കം കുറിച്ച് ഒമ്പതാം ഉത്സവം വരെയാണ് ശുദ്ധാദി ഉള്ളത്. ശുദ്ധജലം, പാൽ,തൈര്, നെയ്യ്, അഷ്ടഗന്ധജലം, ഇളനീർ എന്നിവ പ്രത്യേകം കലശങ്ങളാക്കി പൂജിച്ച് ദേവന് അഭിഷേകം നടത്തുന്ന ചടങ്ങാണിത്. സ്വർണകുംഭങ്ങളിലും വെള്ളി കുംഭങ്ങളിലുമാണ് ദ്രവ്യങ്ങൾ നിറച്ച് പൂജിച്ച് ഭഗവാന് അഭിഷേകം ചെയ്യുന്നത്.
പുലർച്ചെ 5 മണിയോടുകൂടി കിഴക്കേ നാലമ്പലത്തിൽ പ്രത്യേകമായി പത്മമിട്ട് അലങ്കരിക്കുന്ന സ്ഥലത്ത് കുംഭങ്ങൾ നിറച്ച് ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചാണ് കലശങ്ങൾ ഭഗവാന് അഭിഷേകം ചെയ്യുന്നത്. ഉത്സവ ദിവസങ്ങളിൽ ഉച്ചപൂജ രാവിലെ 8.30ന് നടക്കുന്നതിനാൽ എട്ടുമണിയോടെയാണ് ശുദ്ധാദി ചടങ്ങുകൾ നടക്കുന്നത്. ശുദ്ധാദി ദർശിക്കുന്നതിനും ആടിയശേഷമുള്ള തീർഥം സേവിക്കുന്നതിനും നല്ല തിരക്കാണ് ഉണ്ടാകുക. ക്ഷേത്രം തന്ത്രിമാരായ പുതുമന-കടിയക്കോൽ നമ്പൂതിരിമാരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങ് നടക്കുന്നത്
കുടവരവ്
[തിരുത്തുക]അമ്പലപ്പുഴയിലെ ഏഴാം ഉത്സവദിനമാണ് തകഴി ധർമ്മശാസ്താക്ഷേത്രത്തിൽ നിന്ന് ഉത്സവക്കുട ആഘോഷമായി എഴുന്നള്ളിക്കുന്നത്. അമ്മയുടെ (അമ്പലപ്പുഴ കണ്ണന്റെ) ഉത്സവം കാണാൻ ഹരിഹരപുത്രൻ (ശാസ്താവ്) എഴുന്നള്ളുന്നതായും, തകഴി ക്ഷേത്രത്തിൽനിന്ന് ശാസ്താവിന്റെ കലവറക്കാരൻ വേലതുള്ളാൻ വരുന്നതായും രണ്ടു സങ്കല്പങ്ങൾ കുടവരവിന് പിന്നിലുണ്ട്. തകഴി ക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന കുടവരവിനെ വഴിനീളെ ഭക്തർ നിറപറയും നിലവിളക്കും വെച്ച് എതിരേക്കുന്നു. കുടവരവിനൊപ്പം കൊടിയും വേലകളിക്കാരും മേളക്കാരുമുണ്ടായിക്കും. ക്ഷേത്രത്തിനടുത്തുള്ള പുതുപ്പുരപ്പടിയിൽനിന്ന് ദേവസ്വം അധികൃതരും ഭക്തജനങ്ങളും ചേർന്ന് കുടവരവിനെ സ്വീകരിച്ച് നെറ്റിപ്പട്ടമേന്തിയ ഗജവീരന്മാരുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കുംകയും ചെയ്യും.
ഏഴാം ഉത്സവനാളിൽ ക്ഷേത്രത്തിൽ തകഴിക്കാരുടെ വേലകളിയുണ്ട്. കുളത്തിൽ വേല കഴിഞ്ഞ് തകഴിക്ഷേത്രത്തിലെ അത്താഴപൂജയ്ക്കുള്ള സാധനങ്ങളുമായാണ് കലവറക്കാരൻ മടങ്ങി പോകുന്നത്. തകഴിയിൽനിന്ന് കൊണ്ടുവന്ന കുട ക്ഷേത്രത്തിൽ നൽകിയശേഷം ക്ഷേത്രത്തിലെ കുട തിരികെ തകഴിയിലേക്ക് കൊണ്ടുപോകുകയും ചെയ്യും. തകഴിയിൽനിന്ന് കൊണ്ടുവരുന്ന കുടയാണ് അടുത്ത ഒരു വർഷത്തേക്ക് ക്ഷേത്രത്തിലെ പ്രഭാത, അത്താഴശീവേലികൾക്ക് ഉപയോഗിക്കുന്നത്.
ഏഴാം ഉത്സവം
[തിരുത്തുക]ഏഴാംഉത്സവം മുതൽ എഴുന്നള്ളത്തിന് അഞ്ചാനകളുണ്ട്. ഒന്നാംതരം നെറ്റിപ്പട്ടവും ആറാട്ടുചട്ടവും സ്വർണക്കുടകളും വെള്ളിക്കുടകളുമാണ് എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത്. ഏറ്റുമാനൂർ ഏഴരപ്പൊന്നാനയ്ക്കു തുല്യമായ പതക്കമാണ് ഏഴാം ഉത്സവ വൈകുന്നേരത്തെ എഴുന്നള്ളത്തു മുതൽ ചട്ടത്തിൽ ചാർത്തുന്നത്.
വാദ്യഘോഷങ്ങളോടെ ആഞ്ഞിലിക്കാവ് ക്ഷേത്രത്തിൽ നിന്ന് എത്തുന്ന കുട്ടവരവിന് ഞായറാഴ്ച വൈകിട്ട് 4.30ന് കിഴക്കേനടയിൽ സ്വീകരണം നൽകും. രാത്രി 8ന് ഊട്ടുപുരയിൽ നാടകശാലസദ്യക്കുള്ള കറിക്കുവെട്ട് നടക്കും. തിങ്കളാഴ്ച ഉച്ചക്ക് 12 നാണ് പ്രസിദ്ധമായ നാടകശാലസദ്യ.
കുട്ട വരവ്
[തിരുത്തുക]ഒമ്പതാം ഉത്സവനാളിലെ പ്രസിദ്ധമായ നാടകശാലസദ്യക്കുള്ള കുട്ടവരവ് എട്ടാ൦ ഉത്സവദിവസ൦ വൈകിട്ട് ആഞ്ഞിലിക്കാവ് ക്ഷേത്രത്തിൽനിന്നാണ് ആരംഭിക്കുന്നത്.
നാടകശാല സദ്യ
[തിരുത്തുക]ഒമ്പതാം ഉത്സവനാളിലെ പ്രസിദ്ധമായ നാടകശാല സദ്യ മധുരമൂറുന്ന ഐതിഹ്യത്തിന്റെ നവ്യാവിഷ്‌കാരമാണ്. നാടിന്റെ നാനാദിക്കുകളിൽനിന്നുമുള്ള ആയിരക്കണക്കിന് ഭക്തർ നാടകശാലസദ്യയിൽ പങ്കെടുക്കാനും ചടങ്ങ് ദർശിക്കാനുമായി ശ്രീകൃഷ്ണസന്നിധിയിലെത്തും. നാടകശാലസദ്യക്കു പിന്നിലുള്ള ഐതിഹ്യമിങ്ങനെ: ഭക്തോത്തമനായ വില്വമംഗലത്ത് സ്വാമിയാർ ഒരിക്കൽ ക്ഷേത്രദർശനത്തിനായി നാലമ്പലത്തിൽ പ്രവേശിച്ചപ്പോൾ അവിടെ ഭഗവാനെ കണ്ടില്ല. പരിഭ്രാന്തനായ സ്വാമിയാർ ഭഗവാനെത്തേടി നാലുപാടും പാഞ്ഞു. ഈ സമയം നാടകശാലയിൽ ക്ഷേത്രജീവനക്കാർക്കുള്ള സദ്യ നടക്കുകയായിരുന്നു. ഭഗവാനെ തിരക്കിയെത്തിയ സ്വാമിയാർ, ബാലന്റെ വേഷത്തിൽ സദ്യക്ക് നെയ്യ് വിളമ്പുന്ന സാക്ഷാൽ ഭഗവാനെയാണ് കണ്ടത്. 'കണ്ണാ' എന്നുവിളിച്ച് സ്വാമിയാർ ഓടിയടുത്തെങ്കിലും ഭഗവാൻ ഓടിമറഞ്ഞു. കഥയറിഞ്ഞവരെല്ലാം സദ്യ ഉപേക്ഷിച്ച് സ്വാമിയാർക്കൊപ്പം കണ്ണനെത്തേടി പിന്നാലെ പാഞ്ഞു. ഇതിന്റെ സ്മരണ നിലനിർത്തുന്നതാണ് നാടകശാല സദ്യ. നാടകശാല സദ്യ നടക്കുമ്പോൾ ഭഗവാൻ മണിക്കിണറിനു മുകളിൽ വന്നിരുന്ന് സദ്യ കാണുമെന്നാണ് വിശ്വാസം.
സദ്യവട്ടം
[തിരുത്തുക]നാലുകൂട്ടം പ്രഥമൻ, നാലുകൂട്ടം ഉപ്പേരി, അവിയൽ, തോരൻ, പച്ചടി, കൂട്ടുകറി, പരിപ്പ്, സാമ്പാർ, കാളൻ, പാല്, പഞ്ചസാര, കൽക്കണ്ടം തുടങ്ങിയ വിഭവങ്ങളാണ് സദ്യക്കുള്ളത്. നാടകശാലയിൽ വരിവരിയായിട്ട തൂശനിലകളിൽ ഉച്ചയ്ക്ക് 12ഓടെയാണ് സദ്യ വിളമ്പുന്നത്. സദ്യയുണ്ട ഭക്തർ എച്ചിലിലയുമായി വഞ്ചിപ്പാട്ടും പാടി പുത്തൻകുളത്തിന്റെ കരയിലേക്ക് താളം ചവിട്ടി നീങ്ങും. തിരികെയെത്തുന്ന ഭക്തരെ പോലീസധികാരികൾ ക്ഷേത്രസന്നിധിയിൽ പണക്കിഴിയും പഴക്കുലയും നല്കി ആചാരപരമായി സ്വീകരിക്കും. തുടർന്ന് കയ്യും വായയും കഴുകി ക്ഷേത്രദർശനം നടത്തുന്നതോടെ നാടകശാലസദ്യയുടെ ചടങ്ങുകൾ പൂർത്തിയാവും.
അമ്പനാട്ട് പണിക്കരുടെ വരവ്
[തിരുത്തുക]ഒൻപതാം ഉത്സവനാളിലെ മറ്റൊരു പ്രധാന ചടങ്ങാണ് വൈകുന്നേരത്തെ അമ്പനാട്ടു പണിക്കരുടെ വരവ്. ക്ഷേത്രനിർമ്മാണത്തിന് സ്ഥലം വിട്ടുകൊടുത്ത ഈഴവ പ്രമാണിയായ അമ്പനാട്ട് ഉണ്ണിരവിക്ക് ചെമ്പകശ്ശേരി രാജാവ് കല്പിച്ചു കൊടുത്തതാണ് അമ്പനാട്ടു പണിക്കർ സ്ഥാനം. അമ്പലപ്പുഴ രാജാവ് നല്കിയ തോട്ടിക്കടുക്കനും, വാളുമായാണ് അമ്പനാട്ടു പണിക്കരുടെ പിന്മുറക്കാർ ഒമ്പതാം ഉത്സവനാളിൽ പരിവാരസമേതം ക്ഷേത്രദർശനത്തിനെത്തുന്നത്.
ആറാട്ട്
[തിരുത്തുക]പത്താം ദിവസം രാത്രിയാണ് ക്ഷേത്രത്തിലെ ആറാട്ട്. വൈകുന്നേരം ആറുമണിയോടെ എല്ലാ താന്ത്രികച്ചടങ്ങുകളും കഴിഞ്ഞ് അമ്പലപ്പുഴ കൃഷ്ണൻ ആറാട്ടിന് പുറപ്പെടുന്നു. ഇവിടെ കൊടിയിറക്കത്തിനുശേഷമാണ് ആറാട്ട് നടക്കുന്നത്. ഇരട്ടക്കുളങ്ങര ശിവക്ഷേത്രക്കുളത്തിലാണ് ആറാട്ട്. അഞ്ച് ആനകളുടെ അകമ്പടിയോടെയുള്ള എഴുന്നള്ളത്ത് അത്യാകർഷകമാണ്.
ദർശന സമയം
[തിരുത്തുക]- രാവിലെ 3 AM മുതൽ ഉച്ചക്ക് 12.30 PM വരെ.
- വൈകുന്നേരം 5 PM മുതൽ രാത്രി 8 PM വരെ.
എത്തിച്ചേരാനുള്ള വഴി
[തിരുത്തുക]ജില്ലാ ആസ്ഥാനമായ ആലപ്പുഴയിൽ നിന്നും 14 കിലോമീറ്റർ അകലെ അമ്പലപ്പുഴയിൽ ആണ് ക്ഷേത്രം. ദേശീയപാത 66 വഴി ക്ഷേത്രത്തിൽ എത്തിച്ചേരാം. ധാരാളം ബസ് സർവീസുകൾ ലഭ്യമാണ്.
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - അമ്പലപ്പുഴ
അടുത്തുള്ള വലിയ റെയിൽവേ സ്റ്റേഷൻ - ആലപ്പുഴ
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ ടെമ്പിൾസ് ആൻഡ് ലെജെൻഡ്സ് ഓഫ് കേരളാ -- കെ.ആർ. വൈദ്യനാഥൻ
- ↑ http://www.alappuzhaonline.com/champakulammoolam-boatrace.htm
- ↑ ഐതിഹ്യമാല :ചെമ്പകശ്ശേരി രാജാവ് -- കൊട്ടാരത്തിൽ ശങ്കുണ്ണി