കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ നഗരത്തിനടുത്ത് കൂർക്കഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ മഹേശ്വരക്ഷേത്രം (മാഹേശ്വരക്ഷേത്രം എന്ന് തെറ്റായി പറയപ്പെടുന്നു). ശ്രീ നാരായണഗുരു പ്രതിഷ്ഠ നടത്തിയ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ശിവനാണ്. ഉപദേവതകളായി പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ശ്രീകൃഷ്ണൻ, മുത്തപ്പൻ, ചാമുണ്ഡി, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ എന്നിവർക്കും ഇവിടെ പ്രതിഷ്ഠയുണ്ട്. ശിവനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയെങ്കിലും ഉപദേവനായ സുബ്രഹ്മണ്യന്റെ പേരിൽ നടത്തപ്പെടുന്ന തൈപ്പൂയമാണ് ഇവിടെ പ്രധാന ആഘോഷം. ജില്ലയിൽ ഏറ്റവും കൂടുതൽ കാവടികൾ എത്തിച്ചേരുന്ന ഉത്സവങ്ങളിലൊന്നാണിത്. കൂടാതെ, ശിവരാത്രിയും അതിവിശേഷമായി ആചരിച്ചുവരുന്നു. ശ്രീനാരായണ ഭക്തജനസമാജം എന്ന സംഘടനയാണ് ക്ഷേത്രഭരണം നടത്തുന്നത്.

ചരിത്രം[തിരുത്തുക]

പത്തൊൻപതാം നൂറ്റാണ്ടിലെ കേരളീയസമൂഹം വളരെയധികം അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞതായിരുന്നു. സമൂഹത്തിലെ ഭൂരിപക്ഷമായിരുന്ന അവർണ്ണർ, ന്യൂനപക്ഷമായിരുന്ന സവർണ്ണരുടെ കീഴിൽ അടിച്ചമർത്തപ്പെട്ടു കഴിഞ്ഞു. അവർക്ക് സ്വന്തമായി പണം സമ്പാദിയ്ക്കാനോ, വലിയ വീടുകൾ പണിയാനോ, പൊതുവഴികളും പൊതുക്കിണറുകളും ഉപയോഗിയ്ക്കാനോ, ക്ഷേത്രദർശനം നടത്താനോ, എന്തിനേറെ, മുഖ്യധാരാ ഹൈന്ദവദേവതകളെ ആരാധിയ്ക്കാനോ പോലും അവകാശമുണ്ടായിരുന്നില്ല. ഈ സാഹചര്യങ്ങൾ കണ്ട് ദുഃഖിതനായാണ് സ്വാമി വിവേകാനന്ദൻ കേരളത്തെ ഇന്ത്യയുടെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത്. ഈയൊരു സാഹചര്യത്തിലാണ് ശ്രീനാരായണഗുരുവും ചട്ടമ്പി സ്വാമികളും അയ്യങ്കാളിയും വാഗ്‌ഭടാനന്ദനും മന്നത്ത് പത്മനാഭനും വി.ടി. ഭട്ടതിരിപ്പാടും അടക്കമുള്ള കേരളീയ നവോത്ഥാനനായകർ ഉദയം ചെയ്തത്. ഇവരിൽ ഏറ്റവും ശ്രദ്ധേയനായത് ശ്രീനാരായണഗുരുവാണ്. 1888-ലെ ശിവരാത്രിനാളിൽ നെയ്യാറിന്റെ തീരത്തെ അരുവിപ്പുറത്ത് അദ്ദേഹം നടത്തിയ ശിവപ്രതിഷ്ഠ കേരളീയ ചരിത്രത്തിലെ സുപ്രധാനമായ ഏടാണ്. തുടർന്ന് അദ്ദേഹം 42 ക്ഷേത്രങ്ങളിൽ കൂടി പ്രതിഷ്ഠകൾ നടത്തിയിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നായ കൂർക്കഞ്ചേരി ശ്രീമഹേശ്വരക്ഷേത്രത്തിന്റെ ഉദ്ഭവത്തിലേയ്ക്ക് വഴിതെളിച്ചത് ഇങ്ങനെയാണ്:

ഗുരുദേവന്റെ പ്രവർത്തനങ്ങൾ കേരളീയ സമൂഹത്തിൽ വലിയ ചലനമുണ്ടാക്കിയപ്പോൾ തൃശ്ശൂരും അതിന്റെ ഭാഗമായി. തൃശ്ശൂർ ഭാഗത്ത് അദ്ദേഹത്തിന് വലിയൊരു ആരാധകവൃന്ദമുണ്ടായി. അവരെല്ലാവരും കൂടിച്ചേർന്ന് 1912-ൽ ശ്രീനാരായണ ഭക്തപരിപാലനയോഗം എന്ന സംഘടനയ്ക്ക് രൂപം നൽകി. ആദ്യകാലത്ത് വലിയ മൂലധനമൊന്നുമില്ലാതിരുന്ന ഇതിലെ അംഗങ്ങൾ, കുറിക്കമ്പനി നടത്തിയും ഓരോരുത്തരായി നാലണ വച്ചുനൽകിയും പുരോഗമനവാദികളായ ചില പ്രശസ്തരിൽ നിന്ന് പണം വാങ്ങിയുമൊക്കെയാണ് സംഘടന നിലനിർത്തിപ്പോന്നത്. അങ്ങനെയാണ് ഇപ്പോൾ ക്ഷേത്രമിരിയ്ക്കുന്ന അരയേക്കർ സ്ഥലം യോഗം വാങ്ങുന്നത്. മേൽപ്പറഞ്ഞ പണം മുഴുവൻ ഉപയോഗിച്ച് അവർ ശ്രീകോവിലും നാലമ്പലവുമെല്ലാം പണികഴിപ്പിച്ചു. അന്നത്തെ കൊച്ചി രാജാവ് ക്ഷേത്രനിർമ്മാണത്തിന് ആറുകണ്ടി തേക്കുമരം കൊടുത്തതും ശ്രദ്ധേയമാണ്. നാലുവർഷം നീണ്ടുനിന്ന ക്ഷേത്രനിർമ്മാണം 1916-ൽ അവസാനിച്ചു.

പുതിയ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാകർമ്മം ഗുരുദേവൻ സ്വന്തം കൈകൾ കൊണ്ടു നിർവഹിയ്ക്കണമെന്നായിരുന്നു യോഗത്തിന്റെ ആവശ്യം. ഗുരുദേവൻ ആലുവയിലെ അദ്വൈതാശ്രമത്തിൽ എത്തിച്ചേർന്ന വിവരം അറിഞ്ഞ യോഗം ഭാരവാഹികൾ അദ്ദേഹത്തെ അവിടെച്ചെന്നുകാണുകയും പ്രതിഷ്ഠയ്ക്ക് ക്ഷണിയ്ക്കുകയും ചെയ്തു. ഗുരുദേവൻ പൂർണസമ്മതം മൂളി. അതനുസരിച്ച് തൃശ്ശൂരിൽ എത്തിച്ചേർന്ന ഗുരുദേവൻ ക്ഷേത്രനിർമ്മാണത്തിന് ഉദ്ദേശിച്ച സ്ഥലം സന്ദർശിയ്ക്കുകയും, സ്വന്തം കൈകൾ കൊണ്ടുതന്നെ ക്ഷേത്രത്തിന്റെ രൂപരേഖ തയ്യാറാക്കുകയും ചെയ്തു.

എന്നാൽ, ഗുരുദേവന്റെ രൂപരേഖയിൽ അതൃപ്തി തോന്നിയ ചിലർ, അന്നാട്ടുകാരനായ ഒരു നമ്പൂതിരിയെ സമീപിച്ചു. വാസ്തുശാസ്ത്രവിദഗ്ധനായിരുന്ന ആ നമ്പൂതിരി, ഗുരുദേവന്റെ രൂപരേഖയിൽ മാറ്റം വരുത്തി, ക്ഷേത്രത്തിന്റെ വലുപ്പം കുറച്ചാണ് കൊടുത്തത്. ഈ വിവരമറിഞ്ഞ ഗുരുദേവൻ, അടുത്തുകെട്ടിയ പർണ്ണശാലയിൽ കയറി വാതിലടച്ചു. ഒരുപാടുനേരം കഴിഞ്ഞും അദ്ദേഹത്തെ കാണാതായ ഭാരവാഹികൾ, പിന്നീട് പർണ്ണശാല തുറന്നുനോക്കിയപ്പോൾ അദ്ദേഹം സ്ഥലം വിട്ടതായി കണ്ടു. ഇതിൽ ദുഃഖിതരായ ഭാരവാഹികൾ ഗുരുദേവനെ അന്വേഷിച്ച് പുറപ്പെട്ടു. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ഗുരുദേവനെ കണ്ടെത്തിയ അവർ, അദ്ദേഹത്തോട് ക്ഷമ ചോദിയ്ക്കുകയും അദ്ദേഹത്തെ അനുനയിപ്പിച്ചുകൊണ്ടുവരികയും ചെയ്തു. അതനുസരിച്ച് കൊല്ലവർഷം 1092 ചിങ്ങം 24 (1916 സെപ്റ്റംബർ 8) വെള്ളിയാഴ്ച, ചിങ്ങമാസത്തിലെ ഉത്രാടം നക്ഷത്രത്തിൽ, വിശേഷപ്പെട്ട ഒരു മുഹൂർത്തത്തിൽ ഗുരുദേവൻ ശിവപ്രതിഷ്ഠ നടത്തി. ഗുരുദേവന്റെ പ്രമുഖശിഷ്യനായിരുന്ന ബോധാനന്ദ സ്വാമികൾ ഉപദേവതകളുടെ പ്രതിഷ്ഠകളും നടത്തി. പ്രതിഷ്ഠ കഴിഞ്ഞ ഉടനെ അവിടെ കനത്ത മഴ പെയ്യുകയുണ്ടായി. ഇതിൽ സംതൃപ്തനായ ഗുരുദേവൻ, ക്ഷേത്രത്തിന് അഭിവൃദ്ധിയുണ്ടാകുമെന്ന് പ്രവചിച്ചു. അത് അക്ഷരാർത്ഥത്തിൽ ശരിവയ്ക്കും വിധത്തിലാണ് ഇന്ന് ക്ഷേത്രം മുന്നോട്ട് പോകുന്നത്. നിലവിൽ ക്ഷേത്രം വകയായി ഒരു സ്കൂളും കല്യാണമണ്ഡപവും ഷോപ്പിങ് കോംപ്ലക്സും അടക്കം നിരവധി സൗകര്യങ്ങളുണ്ട്. മാത്രവുമല്ല, ക്ഷേത്രത്തിന് നല്ല നടവരുമുണ്ട്. ഇന്ന് സമീപത്ത് ഏറ്റവും വരുമാനമുള്ള ക്ഷേത്രമാണ് കൂർക്കഞ്ചേരി ശ്രീമഹേശ്വരക്ഷേത്രം.[1]

ക്ഷേത്രനിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

കൂർക്കഞ്ചേരി ദേശത്തിന്റെ ഒത്തനടുക്ക്, തൃശ്ശൂരിൽ നിന്ന് കൊടുങ്ങല്ലൂർ, തൃപ്രയാർ എന്നിവിടങ്ങളിലേയ്ക്കുള്ള വഴിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രദർശനം. റോഡിലൂടെ യാത്രചെയ്യുമ്പോൾ തന്നെ ക്ഷേത്രത്തിലെ ശിവലിംഗം ശ്രദ്ധയിൽ പെടും. പോസ്റ്റ് ഓഫീസ്, പോലീസ് സ്റ്റേഷൻ, ബസ് സ്റ്റോപ്പ്, ആശുപത്രി, സ്കൂൾ തുടങ്ങിയ സൗകര്യങ്ങൾ ക്ഷേത്രത്തിന്റെ നേരെ മുന്നിലായാണ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ നേരെമുന്നിൽ തന്നെ ശ്രീനാരായണഗുരുദേവന്റെ രൂപത്തോടുകൂടിയ ഒരു മണ്ഡപവും കാണാം. ഗുരുദേവനെ തൊഴുതുവേണം മഹാദേവനെ കാണാൻ പോകാൻ എന്നാണ് ഇവിടത്തെ സങ്കല്പം. ക്ഷേത്രക്കമ്മിറ്റി ഓഫീസ് ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. ഇതിന് മുകളിൽ ക്ഷേത്രം വക ഓഡിറ്റോറിയവും പണിതിരിയ്ക്കുന്നു. നിരവധി വിശേഷച്ചടങ്ങുകൾ ഇവിടെ നടക്കാറുണ്ട്. ഇതിനപ്പുറമാണ് ഷോപ്പിങ് കോമ്പ്ലക്സ് പണികഴിപ്പിച്ചിരിയ്ക്കുന്നത്. ദീർഘകാലം ഇവിടത്തെ മേൽശാന്തിയായിരുന്ന പരേതനായ ടി.കെ. ചന്ദ്രശേഖരൻ ശാന്തികളുടെ പേരാണ് ഷോപ്പിങ് കോമ്പ്ലക്സിന് നൽകിയിരിയ്ക്കുന്നത്. ക്ഷേത്രക്കമ്മിറ്റി ഓഫീസിന് കിഴക്കായി ഒരു പർണശാലയും പണിതിട്ടുണ്ട്. 1928 ജനുവരി ഒമ്പതിന്, ശിവഗിരി ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ധർമ്മസംഘം രൂപീകരിയ്ക്കുന്നതിനോടനുബന്ധിച്ച് ഗുരുദേവൻ താമസിച്ച സ്ഥലം ഇവിടെ പ്രതീകാത്മകമായി പുനർനിർമ്മിച്ചിരിയ്ക്കുന്നു. സമീപം തന്നെയാണ് ശിഷ്യനായ ബോധാനന്ദസ്വാമികളുടെ പീഠവും. ഗുരുദേവൻ സമാധിയായി മൂന്നുദിവസം കഴിഞ്ഞ്, 1928 സെപ്റ്റംബർ 23-നാണ് ബോധാനന്ദസ്വാമികൾ സമാധിയായത്. ഗുരുദേവനോട് അദ്ദേഹത്തിനുണ്ടായിരുന്ന ഭക്തിയും, ക്ഷേത്രസ്ഥാപനത്തിൽ അദ്ദേഹം വഹിച്ച പങ്കും കണക്കിലെടുത്ത് അദ്ദേഹത്തിനും പീഠമൊരുക്കുകയായിരുന്നു. പടിഞ്ഞാറേ നടയിൽ അതിഗംഭീരമായ ഒരു ഗോപുരം പണിതിട്ടുണ്ട്. ശിവപാർവതിമാരുടെയും കൈലാസപർവതത്തിന്റെയും മനോഹരമായ രൂപങ്ങളോടുകൂടിയ ഈ ഗോപുരം, ക്ഷേത്രത്തിലെ പ്രധാന ആകർഷണമാണ്. ക്ഷേത്രത്തിൽ ആധുനികരീതിയിൽ മതിൽക്കെട്ട് പണിതിരിയ്ക്കുന്നു. മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ അടച്ചിട്ട മതിൽക്കെട്ടല്ല പണിതിരിയ്ക്കുന്നത്. ഇടയിൽ തുറന്നിട്ട രൂപത്തിലാണ്.

അകത്തേയ്ക്ക് കടക്കുമ്പോൾ പടിഞ്ഞാറേ നടയിൽ വലിയ ആനക്കൊട്ടിൽ കാണാം. ഇതും പൂർണ്ണമായും കോൺക്രീറ്റിൽ തീർത്തതാണ്. നാല് ആനകളെ എഴുന്നള്ളിയ്ക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ക്ഷേത്രത്തിലെ ചോറൂൺ, വിവാഹം, തുലാഭാരം, ഭജന തുടങ്ങിയവ നടക്കുന്നത് ഇവിടെവച്ചാണ്. വിവാഹക്കാര്യത്തിൽ കൂർക്കഞ്ചേരി ക്ഷേത്രത്തിന് വലിയ റെക്കോർഡുണ്ട്. ഗുരുവായൂർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടക്കുന്ന ജില്ലയിലെ ക്ഷേത്രങ്ങളിലൊന്ന് ഇതാണ്. ഏറ്റവും കൂടുതൽ മിശ്രവിവാഹങ്ങൾ നടക്കുന്ന സ്ഥലവും ഇതുതന്നെ. ആനക്കൊട്ടിലിനപ്പുറമാണ് ഭഗവദ്വാഹനമായ നന്ദിയെ ശിരസ്സിലേറ്റുന്ന, ഏകദേശം അമ്പതടി ഉയരം വരുന്ന പഞ്ചലോഹക്കൊടിമരം പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. 2009-ലാണ് ഇവിടെ കൊടിമരം പ്രതിഷ്ഠിച്ചത്. കൊടിമരം പ്രതിഷ്ഠിയ്ക്കുന്നതിന് മുമ്പുതന്നെ ഇവിടെ ഉത്സവമുണ്ടായിരുന്നു. അക്കാലത്ത്, അടയ്ക്കാമരം കൊണ്ടുവന്ന് പ്രതിഷ്ഠിയ്ക്കുകയായിരുന്നു പതിവ്. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുര പണിതിട്ടുണ്ട്. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് ഇവിടെയാണ്. വളരെ ഉയരം കുറഞ്ഞ ഒരു ബലിക്കല്ലാണ് ഈ ക്ഷേത്രത്തിലേത്. തന്മൂലം, പുറത്തുനിന്ന് നോക്കിയാൽത്തന്നെ ശിവലിംഗം കാണാവുന്നതാണ്. ക്ഷേത്രമതിലകത്ത് വടക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം ശ്രീകോവിലിൽ ശ്രീകൃഷ്ണന്റെ പ്രതിഷ്ഠയുണ്ട്. വേണുഗോപാലരൂപത്തിലാണ് ഇവിടെ പ്രതിഷ്ഠ. അതായത്, പശുവിന്റെ പുറത്ത് ചാരിനിന്ന് ഓടക്കുഴൽ വായിയ്ക്കുന്ന രൂപം. ഏകദേശം മൂന്നടി ഉയരം വരുന്ന അതിമനോഹരമായ വിഗ്രഹമാണ് ഇവിടെയുള്ളത്. പാൽപ്പായസം, വെണ്ണ, തുളസിമാല, സഹസ്രനാമാർച്ചന തുടങ്ങിയവയാണ് ശ്രീകൃഷ്ണന്റെ പ്രധാന വഴിപാടുകൾ. അഷ്ടമിരോഹിണിയും വിഷുവുമാണ് പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ എല്ലാ വ്യാഴാഴ്ചകളും പ്രധാനമാണ്. ശ്രീകൃഷ്ണന്റെ ശ്രീകോവിലിനടുത്താണ് ക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ സ്ഥിതിചെയ്യുന്നത്. സാധാരണ ശിവക്ഷേത്രങ്ങളിലെപ്പോലെ ധാര, ശംഖാഭിഷേകം, പിൻവിളക്ക്, കൂവളമാല തുടങ്ങിയവയാണ് കൂർക്കഞ്ചേരി ക്ഷേത്രത്തിലെയും പ്രധാന വഴിപാടുകൾ. പാർവ്വതീസാന്നിദ്ധ്യമുള്ള ക്ഷേത്രമായതിനാൽ വിവാഹാദികാര്യങ്ങൾക്കുള്ള പൂജകളും ഇവിടെ നടത്താറുണ്ട്.

വടക്കുകിഴക്കുഭാഗത്ത് ഒറ്റക്കൊട്ടിലിൽ മുത്തപ്പന്റെയും ചാമുണ്ഡിയുടെയും പ്രതിഷ്ഠകൾ കാണാം. ഉത്തരകേരളത്തിൽ ആരാധിയ്ക്കപ്പെടുന്ന മുത്തപ്പൻ തെയ്യമല്ല ഇവിടെയുള്ളത്, മറിച്ച് ക്ഷേത്രം പണിയാൻ അനുമതി നൽകിയ സിദ്ധന്റെ പ്രതിഷ്ഠയാണ്. എട്ടുകൈകളോടുകൂടി അത്യുഗ്രഭാവത്തിലുള്ള ദേവിയാണ് ചാമുണ്ഡി. ഇവരുടെ സമീപമാണ് നവഗ്രഹപ്രതിഷ്ഠ.

  1. https://koorkkencherytemple.com/About