കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം
| കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം | |
|---|---|
ശ്രീ കുരുംബ ഭഗവതി ക്ഷേത്രം | |
| പേരുകൾ | |
| ശരിയായ പേര്: | ശ്രീ കുരുംബ ഭഗവതി ക്ഷേത്രം |
| സ്ഥാനം | |
| സ്ഥാനം: | കൊടുങ്ങല്ലൂർ, തൃശ്ശൂർ ജില്ല, കേരളം |
| വാസ്തുശൈലി, സംസ്കാരം | |
| പ്രധാന പ്രതിഷ്ഠ: | ശ്രീ ഭദ്രകാളി (കണ്ണകി, ആദിപരാശക്തി), സപ്തമാതാക്കൾ, പരമശിവൻ |
| വാസ്തുശൈലി: | തെക്കേ ഇന്ത്യൻ, കേരളീയ രീതി |
| ചരിത്രം | |
| നിർമ്മിച്ചത്: (നിലവിലുള്ള രൂപം) | സംഘകാലം |
കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലുള്ള ഒരു പ്രസിദ്ധമായ മഹാക്ഷേത്രമാണ് ശ്രീ കുരുംബ ഭഗവതിക്ഷേത്രം. ഭഗവതിയുടെ മൂലകേന്ദ്രമായി കരുതപ്പെടുന്ന ഇത് "ലോകാംബിക ക്ഷേത്രം" എന്നും അറിയപ്പെടുന്നു. കേരളത്തിൽ ആദ്യമായി ആദിപരാശക്തിയെ ഭദ്രകാളി ഭാവത്തിൽ ശ്രീചക്ര സമേതയായി പ്രതിഷ്ഠിച്ചത് കൊടുങ്ങല്ലൂരിലാണ് എന്നതാണ് പ്രധാന പ്രത്യേകത. ഇതിനുവേണ്ടി വളരെയധികം താന്ത്രികവിദ്യകൾ പ്രയോഗിയ്ക്കപ്പെട്ടതായി പറയുന്നു. കാവ് സമ്പ്രദായമുള്ള ഇവിടെ മറ്റുള്ള ക്ഷേത്രങ്ങളിലെ പോലെ കൊടിമരം കാണപ്പെടുന്നില്ല. രുരുജിത് വിധാനത്തിലുള്ള ക്ഷേത്രമാണിത്. ഇവിടുത്തെ ദ്രാവിഡ ഭഗവതി കൊടുങ്ങല്ലൂരമ്മ എന്ന പേരിൽ പ്രസിദ്ധയാണ്. പ്രത്യക്ഷ ഫലം നൽകുന്ന ഭഗവതി അഥവാ പ്രത്യക്ഷ ദൈവം (പ്രത്യക്ഷ മൂർത്തി) എന്ന് കൊടുങ്ങല്ലൂരമ്മ അറിയപ്പെടുന്നു. ഭഗവതിയോടൊപ്പം സപ്തമാതാക്കളായ ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വാരാഹി, കൗമാരി, ചാമുണ്ഡി എന്നിവരുടെ ഗണപതി, വീരഭദ്രൻ എന്നിവരോടൊപ്പമുള്ള അപൂർവമായ പ്രത്യേക പ്രതിഷ്ഠയും ഇവിടെ കാണാവുന്നതാണ്. കേരളത്തിൽ ഇന്ന് കാണുന്ന പല ഭഗവതീ ക്ഷേത്രങ്ങളും കുരുംബക്കാവുകളും ഇവിടുന്നു ആവാഹിച്ചു കൊണ്ടുപോയി പ്രതിഷ്ഠിച്ചതാണെന്ന് പറയപ്പെടുന്നു. അതിനാൽ കേരളത്തിലെ മറ്റ് 64 ഭഗവതീക്ഷേത്രങ്ങളുടെ മാതൃക്ഷേത്രം ആയിട്ടാണ് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം കണക്കാക്കപ്പെടുന്നത്.
പരമശിവൻ ആണ് ക്ഷേത്രനാഥൻ. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഈ ക്ഷേത്രം ഉൾപ്പെടുന്നു. 108 ശിവാലയ സ്തോത്രത്തിൽ ഇത് കാണാൻ സാധിക്കും. എന്നാൽ ഇവിടെ ശിവനേക്കാൾ പ്രാധാന്യം ഭഗവതിയ്ക്കാണ്. ഉപദേവതകളായി ഗണപതി, വീരഭദ്രൻ, ക്ഷേത്രപാലകൻ, തവിട്ടുമുത്തി, വസൂരിമാല, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മകരമാസത്തിലെ (ജനുവരി 14/ 15) താലപ്പൊലി, മീനമാസത്തിലെ (മാർച്ച്-ഏപ്രിൽ) ഭരണി മഹോത്സവം, കന്നിമാസത്തിലെ (സെപ്റ്റംബർ-ഒക്ടോബർ) നവരാത്രി, മേടമാസത്തിലെ (മെയ്) ചന്താട്ടം, മകര ചൊവ്വ എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ട് വിശേഷങ്ങൾ. പൊതുവെ ഈ ദിവസങ്ങളിൽ വൻ ഭക്തജനത്തിരക്കാണ് ഉണ്ടാവുക.
അടികൾ എന്ന സമുദായക്കാരാണ് ഇവിടുത്തെ പൂജാരിമാർ. ശാക്തേയ, കൗളമാർഗത്തിലുള്ള പൂജകളാണ് ഈ ക്ഷേത്രത്തിൽ ഉണ്ടായിരുന്നത്. കുന്നത്ത്, മഠത്തിൽ, നീലത്ത് എന്നീ അടികൾ കുടുംബക്കാർക്കാണ് പരമ്പരാഗതമായി പൂജാധികാരം. പുരാതനമായ മാതൃ ദൈവ സങ്കല്പം, ഊർവരത, കാർഷിക സംസ്കാരം എന്നിവയുടെ പിന്തുടർച്ചയാണ് ഈ ക്ഷേത്രം എന്ന് കരുതപ്പെടുന്നു. കേരളത്തിലെ ഒരു പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രം കൂടിയാണിത്. ചൊവ്വ, വെള്ളി, ശനി, പൗർണമി, അമാവാസി, മാസത്തിലെ ഒന്നാം തീയതി തുടങ്ങിയവ ദർശനത്തിന് പ്രധാനം.
ചരിത്രം
[തിരുത്തുക]കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന ചേരൻ ചെങ്കുട്ടുവനാണ് ആദ്യമായി കണ്ണകിയെ പ്രതിഷ്ഠിച്ച് ക്ഷേത്രനിർമ്മാണം നടത്തിയത്. ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ നിന്നും ഏകദേശം 300 മീറ്റർ തെക്കുമാറി ദേശീയപാത 66-നോട് ചേർന്ന് പടിഞ്ഞാറോട്ട് ദർശനമായി കുരുംബക്കാവ് സ്ഥിതി ചെയ്യുന്നു. ഇവിടെയാണ് ചേരൻ ചെങ്കുട്ടവൻ ആദ്യമായി കണ്ണകി പ്രതിഷ്ഠ നടത്തിയത്. ചേരൻ ചെങ്കുട്ടവൻ പ്രതിഷ്ഠിച്ച കണ്ണകിയുടെ സ്മാരക ശിലക്ക് പിന്നെയും ഒരുപാട് മാറ്റങ്ങൾ വന്നു. പിൽക്കാലത്തു നിലവിൽ വന്നതാണ് ഇന്ന് കാണുന്ന ഭഗവതി ക്ഷേത്രം. എ. ശങ്കരമേനോൻ എഴുതിയ ‘എ സർവേ ഓഫ് കേരള ഹിസ്റ്ററി’ പോലെയുള്ള ചില പുസ്തകങ്ങളിൽ ആദിമ യുദ്ധ ദൈവമായ കൊറ്റവൈ ആയിരുന്നു കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ആരാധനാമൂർത്തി എന്ന് കാണാം. ഈ ഭഗവതി പിൽക്കാലത്ത് പലവിധ പരിണാമങ്ങളിലൂടെ ഭദ്രകാളി എന്ന പേരിൽ അറിയപ്പെട്ടു. ഇത് മാതൃ ദൈവാരാധന, ഊർവരത, കാർഷിക സംസ്കാരം, യുദ്ധവിജയം എന്നിവയുമായി ബന്ധപ്പെട്ട ദൈവമായിരുന്നു. പത്തിനിക്കടവുൾ (അഥവാ ഭാര്യാദൈവം) എന്ന പേരിലാണ് ചിലപ്പതികാരത്തിലെ വീരനായികയായ (അവതാര കാളി) കണ്ണകി അറിയപ്പെട്ടിരുന്നത്.
ചെങ്കുട്ടുവന്റെ കാലത്ത് ജൈനമതം കൊടുങ്ങല്ലൂരിന്റെ പരിസരങ്ങളിൽ സ്വാധീനം നേടിയിരുന്നു. പത്തിനിക്കടവുൾ എന്നാണ് കണ്ണകിയെ വിശേഷിപ്പിച്ചിരുന്നത്. കണ്ണകിയുടെ വിഗ്രഹം നിർമ്മിക്കാനുള്ള കല്ല് അനേകം രാജാക്കന്മാരെ കീഴ്പ്പെടുത്തിയ ശേഷം ഹിമാലയത്തിൽ നിന്ന് കൊണ്ടു വന്നതാണെന്ന് സംഘകാല സാഹിത്യങ്ങളിൽ വർണ്ണിക്കുന്നുണ്ട്. ഇതിന്റെ പ്രതിഷ്ഠാ ചടങ്ങുകളിൽ അനേകം രാജാക്കന്മാർ പങ്കെടുത്തിരുന്നു. സിലോണിലെ ഗജബാഹു ഒന്നാമൻ അവരിൽ ഒരാളായിരുന്നു.
മഹായാമൻ പാലിഭാഷയിൽ രചിച്ച മഹാവംശത്തിൽ എ.ഡി. 2-ആം നൂറ്റാണ്ടിൽ ഗജബാഹു സിലോണിൽ വാണിരുന്നതായും വഞ്ചിയിൽ വന്ന് പത്തിനീദേവി പ്രതിഷ്ഠാഘോഷത്തിൽ പങ്കെടുത്തതായും പറഞ്ഞുകാണുകയാൽ [1] 1800 വർഷങ്ങൾക്ക് മുമ്പ് കൊടുങ്ങല്ലൂരിൽ കണ്ണകീപ്രതിഷ്ഠ നടന്നതായി കണക്കാക്കാം. ചേരൻ ചെങ്കുട്ടവൻ പ്രതിഷ്ഠിച്ച വിഗ്രഹം ഒറ്റമുലയുള്ള കണ്ണകിയുടെതായിരുന്നു എന്നാണ് സാഹിത്യ പരാമർശം. എന്നാൽ ഇന്ന് വസൂരിമാലക്ക് മാത്രമേ ഇതുമായി ആകാരസാമ്യം കാണപ്പെടുന്നുള്ളൂ.
ക്ഷേത്രത്തിലെ രഹസ്യ അറയിൽ കണ്ണകിയുടെ അവശിഷ്ടങ്ങൾ ഉണ്ടെന്ന് ശ്രീ. വി.റ്റി.ഇന്ദുചൂഡൻ അഭിപ്രായപ്പെടുന്നു. [2]
ഭരണി ഉത്സവം ആരംഭിച്ചതിനെപ്പറ്റി നിരവധി നിഗമനങ്ങളുണ്ട്. ചോളന്മാരെ നേരിടാൻ പുറപ്പെടുന്നതിനു മുമ്പ് ആത്മീയമായും സാമുദായികമായും ഉന്നതി കൈവരിക്കാൻ കുലശേഖരരാജാവ് രാമവർമ്മകുലശേഖരൻ നടത്തിയ ഏതെങ്കിലും ആചാരമായി ഭരണി ഉത്സവത്തെ കണക്കാക്കുന്നു. [3]
അശോകന്റെ കാലത്ത് ബുദ്ധമതത്തിന് പ്രചാരം സിദ്ധിക്കുകയും പിൽക്കാലത്ത് ചേര രാജാക്കൻമാർ ബുദ്ധമതം സ്വീകരിച്ചതോടെ[4] കാവും ബുദ്ധവിഹാരമായെന്നും അങ്ങനെ കുരുംബ ഭഗവതി ക്ഷേത്രം മുമ്പ് ഒരു ബൗദ്ധകേന്ദ്രമായി മാറിയെന്നും പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു. [5] അവിടെ ബലിക്കല്ലായി ഉപയോഗിച്ചിരുന്ന വൃത്താകാരത്തിലുള്ള ശിലയിന്മേൽ കാണുന്ന പത്മദളങ്ങൾ ഒരു ബൗദ്ധസ്തൂപത്തിൻറെ ഭാഗമായിരുന്നു ഈ ശിലയെന്ന് തോന്നിപ്പിക്കുന്നുണ്ടത്രെ. ബൗദ്ധരെ ഓടിക്കുവാൻ വേണ്ടിയാണ് ഈ ക്ഷേത്രത്തിൽ കോഴിബലിയും ഭരണിപ്പാട്ടും ആരംഭിച്ചതെന്ന വാദത്തിൽ കഴമ്പുണ്ടാകാമെന്ന് പി.കെ. ഗോപാലകൃഷ്ണൻ വിശ്വസിക്കുന്നു.[6]. ഹിന്ദു മതത്തിലെ ശാക്തേയ ഉപാസനയിൽ ഉൾപ്പെടുന്ന പഞ്ച "മ" കാര പൂജയുടെ ഭാഗമാണ് ഭരണിപാട്ട്, കോഴിവെട്ട് എന്നിവ എന്ന് ഹൈന്ദവ ആചാരങ്ങളിൽ പഠനം നടത്തിയവർ പറയുന്നു.
ഭൂമിദേവിയെ പ്രതിനിധാനം ചെയ്യുന്ന ഊർവരതാ പൂജയാണ് ബലിയിലൂടെ അർത്ഥമാക്കുന്നതെന്നും അദ്ദേഹം കരുതുന്നു. [6]
എന്നാൽ ഇത് ഒരു ജൈനക്ഷേത്രമായിരുന്നു എന്നാണ് വി.വി.കെ. വാലത്ത് അഭിപ്രായപ്പെടുന്നത്. “കൊടും കല്ലൂര്“ ആണ് കൊടുങ്ങല്ലൂർ ആയതെന്നതും ജൈന ക്ഷേത്രങ്ങൾക്കാണ് “കല്ല്” എന്നു പറയാറുള്ളതും ഇത് ഒരു ജൈന ക്ഷേത്രമായിരുന്നു എന്നു വാദിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. പിൽക്കാലത്ത് ശിവക്ഷേത്രമായി പരിണമിച്ചെങ്കിലും മുൻകാലത്ത് തൃക്കണാമതിലകം ശിവക്ഷേത്രവും മറ്റും ജൈന ക്ഷേത്രങ്ങളായിരുന്നു എന്ന പഴമ ഈ വാദത്തിനു ഉപോൽബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. [7]
ശൈവമതത്തിന്റെ പ്രചാരത്തോടെ ഇത് അവരുടെ ക്ഷേത്രമായി മാറി. അങ്ങനെ ക്ഷേത്രത്തിൽ ശിവ പ്രതിഷ്ഠ നടന്നു. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ ആദിപരാശക്തിയായ കാളിയെ ആരാധിച്ചതെങ്കിലും പിന്നീടത് പാർവ്വതിയുടെ പര്യായമായി തീരുകയായിരുന്നു. [8] അതോടെ പഴയ ഉടമസ്ഥർ അയിത്തക്കാരും അസ്പൃശ്യരുമായി പുറന്തള്ളപ്പെട്ടു. എങ്കിലും പൊതുസമൂഹത്തിൽ നിലനിന്നിരുന്ന പാരസ്പര്യം നിറഞ്ഞ സാമ്പത്തിക- ഉത്പാദന ബന്ധങ്ങളുടേയും സഹിഷ്ണുത കളുടെയും ഫലമായി ആണ്ടിലൊരിക്കൽ ക്ഷേത്രം സന്ദർശിക്കാനുള്ള അവസരം അവർക്ക് നല്കപ്പെട്ടു. ഇതോടനുബന്ധിച്ചു നടക്കുന്ന ഒരു പ്രധാന ചടങ്ങാണ് അശ്വതിനാളിലെ കാവുതീണ്ടൽ (ചിലർ കാവ് പൂകൽ എന്നും വിളിക്കുന്നു). മറ്റു ചിലർ അത് സ്വന്തം ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ആദിമജനതയുടെ രോഷപ്രകടനമായാണ് കാണുന്നത്. യുദ്ധദൈവാരാധനയും (കൊറ്റവൈ ആരാധന), മാതൃദൈവ ആരാധനയും, ഊർവ്വരതാ സങ്കല്പങ്ങളും രതിയും ആഘോഷമാക്കി ജീവിച്ചുപോന്ന ഒരു ആദിമ ജനവിഭാഗത്തിന്റെ ആഘോഷ സങ്കല്പങ്ങളുടെ തുടർച്ച മാത്രമാണ് ഭരണിപ്പാട്ട് എന്ന് വ്യാഖ്യാനിക്കുന്ന ചരിത്രകാരന്മാരുണ്ട്. [9] എന്നാൽ ഇത് ജീവിത പ്രാരാബ്ധങ്ങൾ മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾ തങ്ങളുടെ ദൈവത്തിന് നേർക്ക് ആത്മരോഷം പ്രകടിപ്പിക്കുന്നതാണെന്നും അഭിപ്രായമുണ്ട്. ഇന്നു ക്ഷേത്രഭരണം കൊച്ചി ദേവസ്വം ബോർഡ് നിർവഹിക്കുന്നു.
1892 ഡിസംബർ 5-ന് സ്വാമി വിവേകാനന്ദൻ കൊടുങ്ങല്ലൂർ സന്ദർശിച്ചിരുന്നു, ഈ സന്ദർശനത്തിൽ കൊടുങ്ങല്ലൂർ കോവിലകത്തെ കൊച്ചുണ്ണിത്തമ്പുരാനുമായി അദ്ദേഹം സംഭാഷണം നടത്തുകയും ക്ഷേത്രം കാവൽക്കാരുടെ തടസ്സത്തെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ സ്മരണാർത്ഥം വിപുലമായ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
ഐതിഹ്യങ്ങൾ
[തിരുത്തുക]- കേരളത്തിൽ ആദിപരാശക്തിയായ "ഭദ്രകാളിയെ (മഹാകാളി) ആദ്യമായി കുടിയിരുത്തിയ ക്ഷേത്രമാണ് കൊടുങ്ങല്ലൂർ എന്നു പറയപ്പെടുന്നു. ദാരികനെന്നെ രക്ഷസനെ വധിച്ച ഭഗവതി കൊടുങ്ങല്ലൂർ എത്തിയെന്നും, അവിടെ പുലക്കാവിൽ വള്ളോന്റെ പൂജ സ്വീകരിച്ചു കൊണ്ട് കുടിയിരുന്നെന്നും, കൂടാതെ അവിടെയുള്ള മറ്റൊരു തറവാട്ടിലെ അറയിലും ഭഗവതി കുടിയിരുന്നെന്നാണ് ഐതീഹ്യം. പിന്നീട് ഭഗവതിയുടെ മാഹാത്മ്യം കേട്ടറിഞ്ഞ കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന ചേര രാജാവായ ചെങ്കുട്ടവൻ തന്റെ രാജ്യത്തിന്റെ രക്ഷക്കായി ഭഗവതിയെ ഇന്ന് കാണുന്ന ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തി എന്ന ഐതീഹ്യം കൊടുങ്ങല്ലൂർ ഭാഗത്ത് പ്രബലമാണ്. കൊറ്റവൈ എന്ന ഭഗവതിയാണ് ഭദ്രകാളി എന്നറിയപ്പെട്ടിരുന്നതായി പറയപ്പെടുന്നു.
- ദേശീയപാത 17ന് ചേർന്ന് പടിഞ്ഞാറോട്ട് ദർശനമായി ശ്രീകുരുംബക്കാവ് സ്ഥിതി ചെയ്യുന്നു. ചേരൻ ചെങ്കുട്ടവൻ ആദ്യമായി കണ്ണകിയെ (കന്യാവ്) പ്രതിഷ്ഠ നടത്തിയത് ഇവിടെയാണ് എന്നാണ് ചരിത്രം. ഇവിടെനിന്നും ഭഗവതിയെ ഇന്നത്തെ ക്ഷേത്രത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു എന്നാണ് പറയപ്പെടുന്നത്.
- കേരളത്തിൽ ഇന്ന് കാണുന്ന പല ഭഗവതീ ക്ഷേത്രങ്ങളും കുറുംബക്കാവുകളും ഇവിടുന്നു ആവാഹിച്ചു കൊണ്ട് പോയി പ്രതിഷ്ഠിച്ചതാനെന്ന് പറയപ്പെടുന്നു. അതിനാൽ കേരളീയരുടെ കുലദൈവം എന്ന് കൊടുങ്ങല്ലൂരമ്മ അഥവാ ഭദ്രകാളി അറിയപ്പെടുന്നു.
- പരശുരാമൻ പ്രതിഷ്ഠിച്ച നാല് ദേവിമാരിൽ "ലോകാംബികയെന്നാണ്" കൊടുങ്ങല്ലൂരമ്മ അറിയപ്പെടുന്നത്. കേരളത്തെ മഹാമാരികളിൽ നിന്നും ആപത്തുകളിൽ നിന്നും രക്ഷിക്കാനാണ് ഭഗവതിയെ പ്രതിഷ്ഠിച്ചത് എന്നാണ് സങ്കല്പം.
- പ്രത്യക്ഷ ഫലം നൽകുന്ന ദേവി അഥവാ പ്രത്യക്ഷ മൂർത്തി എന്ന് കൊടുങ്ങല്ലൂരമ്മ അറിയപ്പെടുന്നു. ഭഗവതിയെ ദർശിച്ച് കുറച്ചു ദിവസങ്ങൾ കൊണ്ട് ഭക്തരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നു എന്ന വിശ്വാസം കൊണ്ടാണിത്. കടുത്ത ആപത്തുകൾ, മാറാരോഗങ്ങൾ, പ്രശ്നങ്ങൾ എന്നിവ ഉണ്ടായാൽ അവ തടയാനോ ഇനി ഉണ്ടായാൽ തന്നെ വലിയ ആപത്തുകൾ ഉണ്ടാകാതെ സംരക്ഷിക്കാനോ കൊടുങ്ങല്ലൂരമ്മ ശക്തയാണെന്നാണ് വിശ്വാസം.
- കേരളത്തിലെ മറ്റ് കാളീക്ഷേത്രങ്ങളുടെ മാതൃക്ഷേത്രമായാണ് കൊടുങ്ങല്ലൂർ ഭഗവതീ ക്ഷേത്രം കണക്കാക്കപ്പെടുന്നത്. ആറ്റുകാൽ, ചെട്ടികുളങ്ങര പോലെയുള്ള പ്രസിദ്ധ ക്ഷേത്രങ്ങളിലും ഭഗവതി കൊടുങ്ങല്ലൂരിൽ നിന്ന് വരുന്നു എന്നാണ് ഐതീഹ്യം.
- ഭർത്താവിന്റെ മരണത്തിൽ മനംനൊന്ത് മധുരാനഗരം ദഹിപ്പിച്ച കണ്ണകി "മധുര മീനാക്ഷി" ആവശ്യപ്പെട്ട പ്രകാരം കൊടുങ്ങല്ലൂരിൽ എത്തിയതായും വടക്കേ നടയിൽ വച്ചു ജഗദംബയായ പരാശക്തിയിൽ ലയിച്ചു മോക്ഷം നേടിയതായും കഥയുണ്ട്.
- ദുർഗ്ഗയുടെ തിരുനെറ്റിയിൽ നിന്നും അവതരിച്ചു ചണ്ഡമുണ്ഡന്മാരെ വധിച്ച ചാമുണ്ഡിയാണ് തവിടാട്ടു മുത്തിയെന്നാണ് ഐതീഹ്യം.
- കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്ന് ഭഗവതീ ക്ഷേത്രമെന്ന നിലയ്ക്കാണ് ഏറെ പ്രസിദ്ധിയെങ്കിലും ക്ഷേത്രനാഥൻ ശിവനാണ്.108 ശിവാലയങ്ങളിൽ ഉൾപ്പെട്ട ക്ഷേത്രമാണിത്.
- ഇവിടെ ദർശനം നടത്തിയാൽ രോഗങ്ങളും കടുത്ത ദുരിതങ്ങളും ഇല്ലാതാവും എന്നൊരു വിശ്വാസം ഭക്തർക്കുണ്ട്. [10]
- കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹത്താൽ ആണ് കുഞ്ഞിക്കുട്ടൻ തമ്പുരാൻ മഹാഭാരതം അനായാസേന മലയാളത്തി ലേക്ക് പരിഭാഷപ്പെടുത്തിയത് എന്നൊരു വിശ്വാസമുണ്ട്.[3]
- ശ്രീ ഭദ്രകാളി മാഹാത്മ്യം, കാളികാ പുരാണം എന്നിവ പ്രകാരം ആദിശക്തിയായ കാളി പ്രപഞ്ചനാഥയാണ്. ലോകാംബികയായ കൊടുങ്ങല്ലൂരമ്മ സർവ്വജനരക്ഷകയായ, അധർമ്മനാശിനിയായ, ഭക്തരെ രക്ഷിക്കുന്ന, ദുഷ്ടരെ ശിക്ഷിക്കുന്ന, മോക്ഷദായിനിയായ, കരുണാമയിയായ, മാതൃവാത്സല്യമുള്ള, സാത്വികയായ ജഗദീശ്വരി തന്നെ ആകുന്നു.
- കാളിക പുരാണത്തിൽ ഒരിക്കൽ ഹിമാലയത്തിലെ മാതംഗമുനിയുടെ ആശ്രമത്തിൽ ചെന്ന് ദേവന്മാർ ജഗദീശ്വരിയെ സ്തുതിച്ചു. സ്തുതികേട്ട് പ്രസന്നയായ ആദിപരാശക്തി ദേവന്മാർക്ക് ദർശനം കൊടുത്ത് നിങ്ങൾ ആരെയാണ് സ്തുതിക്കുന്നത് എന്നു ചോദിച്ചു. അപ്പോൾ ദേവിയുടെ ശരീരത്തിൽ നിന്ന് ഒരു വീരനാരി പ്രകടയായി, ഇവർ എന്നെയാണ് സ്തുതിക്കുന്നത് എന്ന് ഉത്തരം കൊടുത്തു. അവൾ കറുപ്പ് വർണ്ണത്തോട് കൂടിയവളായിരുന്നു. അതുകൊണ്ട് അവളുടെ നാമം കാളി എന്നായി.
- മാർക്കണ്ഡേയപുരാണത്തിലെ ഭദ്രോൽപ്പത്തി പ്രകരണത്തിൽ ഒരു പ്രധാനപ്പെട്ട ഭദ്രകാളി സങ്കല്പമുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളിൽ പൊതുവെ ആരാധിക്കപ്പെടുന്ന ശിവന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നും അവതരിച്ച വേതാള കണ്ഠസ്ഥിതയായ ഭഗവതിയാണിത്.
- ദുഷ്ടനായ ദാരികാസുരനിൽ നിന്ന് സമസ്തലോകത്തെ രക്ഷിക്കാൻ പരമശിവന്റെ തൃക്കണ്ണിൽ നിന്ന് ഭദ്രകാളി ജനിക്കുകയും, ദാരികനിഗ്രഹത്തിനു ശേഷവും കോപം ശമിക്കാത്ത ദേവിയുടെ കോപമടക്കുവാൻ വേണ്ടി ഭൂതഗണങ്ങൾ തെറിപ്പാട്ടും, ബലിയും, നൃത്തവുമായി ദേവിയുടെ കോപം ശമിപ്പിച്ചു. ദേവി സന്തുഷ്ടയാവുകയും അതിന്റെ പ്രതീകാത്മകമായ ആചാരവും അനുഷ്ഠാനവുമാണ് കൊടുങ്ങല്ലൂർ ഭരണി എന്നാണ് ഐതിഹ്യം.
- ഇതിന്റെ ഭാഗമായി ഭക്തർ മുളംതണ്ടിൽ താളമിട്ടു ദേവീ സ്തുതികൾ പാടി നൃത്തമാടുകയും ക്ഷേത്രത്തിനു മൂന്ന് വലം വച്ചു ചെമ്പോലതകിടുകളിൽ അടിക്കുകയും ചെയ്യുന്നു; ചെമ്പട്ടുടുത്തു വാളും ചിലമ്പും ധരിച്ച കോമരങ്ങൾ ഉറഞ്ഞു തുള്ളുന്നു. അതിനാൽ "ഭക്തിയുടെ രൗദ്രഭാവം" എന്നാണ് ഭരണി വിശേഷിക്കപ്പെടുന്നത്.
- ശാക്തേയ സമ്പ്രദായത്തിലെ പഞ്ചമകാര പൂജയിലൂടെ (മത്സ്യം, മാംസം, മധു, മുദ്ര, മൈഥുനം തുടങ്ങിയ അഞ്ച് മകാരങ്ങൾ) പൂജയിലൂടെ ദേവി പ്രസാദിക്കും എന്നാണ് വിശ്വാസം. ഇത് കൊടുങ്ങല്ലൂർ ഭരണിക്ക് പ്രധാനമാണ്. അതിനാലാണ് ഉണക്ക ചെമ്മീൻ, മലരും ഭരണിക്ക് പോകുന്നവർ വാങ്ങുന്നതും, വീടുകളിൽ കോഴിയും പിടിയും തയ്യാറാക്കുന്നതും.
- ദേവി ദാരികനിൽ വിജയം വരിച്ച രേവതി നാളിൽ "രേവതി വിളക്ക് " ആഘോഷിക്കുന്നു. കോഴി ബലിയുടെ പ്രതീകമായാണ് "ചുവന്ന പട്ടു കൊണ്ട് കോഴിക്കല്ല് മൂടൽ" എന്ന ചടങ്ങു നടത്തപ്പെടുന്നത്. ഇത് ദുരിതങ്ങൾ മാറാനുള്ള വഴിപാടായും നടത്തുന്നു. മഞ്ഞളും, കുരുമുളകും സമർപ്പിക്കുക എന്നതാണ് പകർച്ചവ്യാധികളും ദുരിതങ്ങളും ഒഴിയാൻ നടത്തുന്ന മറ്റൊരു വഴിപാട്. കോഴിയും പിടിയും ഉണ്ടാക്കി കഴിക്കുക എന്നതും മറ്റൊരു ആചാരമാണ്.
- ഇന്നത്തെ ദേവിക്ഷേത്രത്തിൽ നിന്നും ഏകദേശം 300 മീറ്റർ തെക്ക് മാറി ദേശീയപാത 17നോട് ചേർന്ന് റോഡിൻ കിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായി ശ്രീകുരുംബ അമ്മയുടെ മൂലക്ഷേത്രമായ ശ്രീകുരുംബക്കാവ് സ്ഥിതിചെയ്യുന്നു. ഇവിടെയാണ് ചേരൻ ചെങ്കുട്ടവൻ പത്തിനിക്കടവുൾ പ്രതിഷ്ഠ നടത്തിയത് എന്ന് ചരിത്രം.
- എന്നാൽ പരശുരാമൻ തപസ്സ് ചെയ്തു പരാശക്തിയെ പ്രത്യക്ഷപ്പെടുത്തിയെന്നും മഹാമേരുചക്രത്തിൽ കാളിയെ ആവാഹിച്ചെടുത്ത് പ്രതിഷ്ഠിച്ചെന്നും മറ്റൊരു ഐതിഹ്യം ഉണ്ട്. പിന്നീട് ശങ്കരാചാര്യരാണ് ദേവിയെ ഇന്നത്തെ ക്ഷേത്രത്തിലേക്ക് മാറ്റി ശ്രീചക്രത്തിൽ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം.[11]
- മീനഭരണിയുടെ തലേന്ന് നടത്തപ്പെടുന്ന അശ്വതിപൂജ “തൃച്ചന്ദന ചാർത്ത്“ എന്നും അറിയപ്പെടുന്ന രഹസ്യപൂജയാണ്. ദാരികനുമായുള്ള യുദ്ധത്തിൽ ദേവിക്കുണ്ടായ മുറിവുകൾക്കുള്ള ചികിത്സയെയാണ് തൃച്ചന്ദന ചാർത്തൽ പൂജയെ സങ്കൽപ്പിക്കുന്നത്. തുടർന്ന് ഏഴുദിവസം നടയടച്ച് നടതുറപ്പു വരെയുള്ള ദിവസങ്ങളിൽ നടത്തപ്പെടുന്ന പൂജകളെ ദേവിയുടെ വിശ്രമവും ഒപ്പം ഭഗവതിയുടെ പരിവാരങ്ങളുടെ ഉത്സവവും ആയിട്ടാണ് സങ്കല്പം.[11]
നിർമ്മാണശൈലി
[തിരുത്തുക]ക്ഷേത്രസമുച്ചയത്തിൻറെ മൊത്തം വിസ്തീർണം 10 ഏക്കർ ആണ്. ചതുരാകൃതിയിലുള്ള ചുറ്റമ്പലത്തിനുള്ളിലാണ് ശ്രീകോവിൽ. ധ്വജപ്രതിഷ്ഠയില്ല എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ഈ ക്ഷേത്രത്തിനു മുന്നിൽ നിരവധി അരയാലും, പേരാലും ഉണ്ട്. ക്ഷേത്ര നിർമ്മാണശൈലി പരിശോധിക്കുമ്പോൾ ശിവക്ഷേത്രത്തിന് വളരെ പ്രാധാന്യം നൽകിയിട്ടുള്ളതായി കാണുന്നു. ശിവൻറെ പ്രതിഷ്ഠയോട് ബന്ധപ്പെട്ടതാണ് മണ്ഡപത്തിൻ്റെ നിർമ്മാണരീതി. തിടപ്പള്ളി, വലിയ ബലിക്കല്ല്, നാലമ്പലം, ആനപ്പന്തൽ, മണ്ഡപം, ബലിക്കല്പുര, ഗണപതിപ്രതിഷ്ഠ, സപ്തമാതൃക്കൾ എല്ലാം തന്നെ ശിവ ക്ഷേത്രത്തിൻ്റെ ശിൽപ്പ ശാസ്ത്രവിധിപ്രകാരമാണ്. ശിവൻ്റെ ശ്രീകോവിലിനു നേർക്കാണ് മുഖമണ്ഡപം സ്ഥിതി ചെയ്യുന്നത്. മുഖമണ്ഡപത്തിൻ്റെയും ബലിക്കല്പുരയുടേയും തട്ട് നവഗ്രഹങ്ങൾ കൊത്തിയ ഒറ്റപ്പലകയിൽ തീർത്തതാണ്. മണ്ണുത്തരം, ചിറ്റുത്തരം മുതലായവയിൽ രാമായണം, മഹാഭാരതം എന്നിവയുടെ ഭാഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട് . അതുപോലെ കരിങ്കൽ തൂണുകളിൽ മനോഹരമായ കൊത്തുപണികളും കാണാം. ശ്രീകോവിലിന്റെ കിഴക്കുഭാഗത്ത് ഒരു രഹസ്യ അറയാണ്. ഈ അറയ്ക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരു വാതിലുണ്ട്. അതിൻ്റെ മുഖം ശ്രീകോവിലിലേക്കാണ്. പടിഞ്ഞാറോട്ട് ദർശനമായിട്ടുള്ള ഈ കവാടം എല്ലായ്പ്പോഴും ചുവന്ന പട്ടുവിരിച്ച് മൂടിയിട്ടിരിക്കും. രഹസ്യ അറയ്ക്ക് ശ്രീമൂലസ്ഥാനം എന്നും പറയുന്നു. പരശുരാമൻ സൃഷ്ടിച്ച മഹാമേരുചക്രവും ശ്രീ ശങ്കരാചാര്യർ പ്രതിഷ്ഠിച്ച ശ്രീചക്രവും ഒപ്പം സംഹാരമൂർത്തിയായ "രുധിര മഹാകാളിയുടെ" പ്രതിഷ്ഠയും ഈ രഹസ്യ അറയിൽ ഉണ്ടെന്നാണ് വിശ്വസിച്ചുവരുന്നത്. ചേരൻ ചെങ്കുട്ടുവൻ മൂലപ്രതിഷ്ഠ (കണ്ണകി പ്രതിഷ്ഠ ) നിർവഹിച്ച സ്ഥലമായ ശ്രീമൂല സ്ഥാനമാണ് രഹസ്യഅറയാക്കിയിരിക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്. ശ്രീകോവിലിലേക്കു മാത്രം ഒരു ചെറിയ കവാടമുള്ളതും, മറ്റു ഭാഗങ്ങൾ കരിങ്കല്ല് കൊണ്ട് അടച്ചു കെട്ടിയതുമായ രഹസ്യ അറയുടെ കവാടത്തിന് ഏകദേശം മൂന്നടി ഉയരവും രണ്ടടി വീതിയും കാണും. കവാടത്തിലേക്ക് കയറിച്ചെല്ലാൻ മൂന്ന് തൃപ്പടികളും ശ്രീകോവിലിനുള്ളിലുണ്ട്.
ക്ഷേത്രത്തിലെ ശിവൻ്റെ നടയ്ക്കുള്ള മണ്ഡപത്തിൻ്റെ വടക്കേ അറ്റത്തായി നാലമ്പലത്തിനുള്ളിൽ കിഴക്കോട്ട് ദർശനമായിട്ടാണ് രണ്ട് നിലയുള്ള പള്ളിമാടം. നിത്യേന വിളക്കുവയ്പ്പ് നടത്തുന്ന പള്ളിമാടത്തിലാണ് ഭഗവതിയുടെ പള്ളിവാളും, ചിലമ്പും പ്രതിഷ്ഠിച്ചിരിക്കുന്നത്. അശ്വതി കാവുതീണ്ടലിനു നടയടച്ചതിന് ശേഷം, പൂയം നാളിൽ നട തുറക്കുന്നതു വരെ വഴിപാടുകൾ ഭക്തജനങ്ങൾ പള്ളിമാടത്തിനു മുന്നിലാണ് അർപ്പിക്കാറ്.
പ്രതിഷ്ഠകൾ
[തിരുത്തുക]
ആദിപരാശക്തിയായ ശ്രീ "ഭദ്രകാളിയാണ്" ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. വരിക്കപ്ലാവിൽ നിർമ്മിച്ച ബിംബത്തിൻ്റെ ദർശനം വടക്കോട്ടാണ്. ദാരുബിംബത്തിന് എടുത്തു മാറ്റാവുന്ന ഒരു സ്വർണ്ണഗോളകയും ഉണ്ട്.
ദാരിക വധത്തിന് ശേഷം പ്രദർശിപ്പിച്ച വിശ്വരൂപത്തിൽ ഉഗ്രമായ രൗദ്രഭാവ ത്തിലാണിരിക്കുന്നത്. കാളിയുടെ നിറം കറുപ്പാണ്. ചാന്താട്ടം ചെയ്യുന്നതിനാൽ വിഗ്രഹവും കറുപ്പു നിറത്തിലാണ്.
പ്രതിഷ്ഠയ്ക്ക് പീഠത്തോടുകൂടി ഉദ്ദേശം ആറടി ഉയരമുണ്ട്. വലത്തെ കാൽ മടക്കി ഇടത്തേത് തൂക്കിയിട്ട രൂപത്തിലാണ് ഇരിപ്പ്. തലയിൽ കിരീടമുണ്ട്. ഭഗവതിയുടെ ഇടത്തെ കാതിൽ ആനയും വലത്തേ കാതിൽ സിംഹവുമാണ് കമ്മലായിട്ടുള്ളത്. മുഖത്ത് ദ്രംഷ്ടകളുണ്ട്. ബിംബത്തിൽ വൃത്താകാരത്തിലുള്ള താലിമാലകളും വഴിപാടായി ലഭിച്ചിട്ടുള്ള നിരവധി ആഭരണങ്ങളും ചാർത്താറുണ്ട്.
ഭഗവതിയ്ക്ക് എട്ട് കൈകൾ കാണുന്നുണ്ട് എങ്കിലും കൈകളിലുള്ള ആയുധങ്ങൾ വ്യക്തമായി കാണാൻ കഴിയുന്നില്ല. എട്ട് കൈകളിൽ വലതുഭാഗത്ത് മുകളിൽ നിന്നും താഴോട്ട് ആദ്യത്തേതിൽ തൃശൂലവും രണ്ടാമത്തേതിൽ ഖട്വാഗവും, മൂന്നാമത്തേതിൽ കൈമുന്നിലേക്ക് മടക്കി മേൽ വയറിനോടൊപ്പം നിൽക്കുന്നതിൽ നന്ദകം വാളും, നാലാമത്തേതിൽ ദാരിക ശിരസ്സുമാണുള്ളത്. ഇടതുഭാഗത്ത് ഒന്നാമത്തേതിൽ മണിനാഗവും, രണ്ടാമത്തെതിൽ ചിലമ്പും, മൂന്നാമത്തതിൽ മുന്നിലേക്ക് നീട്ടിപ്പിടിച്ച വട്ടകവും, നാലാമത്തേതിൽ ഓട്ടുമണിയുമാണ് കാണാൻ കഴിയുക. പ്രതിഷ്ഠയ്ക്ക് മുന്നിൽ അഷ്ടബന്ധമിട്ട് പീഠത്തിലുറപ്പിച്ച ബലികല്ലുണ്ട്. ഇതിന് പ്രത്യേക സ്വർണ്ണ ഗോളകയും പ്രഭാമണ്ഡലവും ഉണ്ട്. ശ്രീചക്ര പ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്.

രഹസ്യ അറ
[തിരുത്തുക]പ്രധാന ശ്രീകോവിലിന് കിഴക്കുഭാഗത്തായി ഒരു രഹസ്യ അറയുണ്ട്. ഇതിൻ്റെ പടിഞ്ഞാറു ഭാഗത്ത് ഉള്ളിൽ നിന്ന് ബന്ധിച്ച മരം കൊണ്ടുള്ള ഒരു വാതിലുണ്ട്. അതായത് മുഖ്യ ശ്രീകോവിലിൽ നിന്ന് കിഴക്കോട്ടു കടക്കത്തക്കരീതിയിലാണ് ഈ അറ. രഹസ്യ അറയുടെ വാതിൽ ചുവന്ന പട്ട് കൊണ്ട് മൂടിയിരിക്കും.
ഈ രഹസ്യ അറയ്ക്ക് "ശ്രീമൂലസ്ഥാനം" എന്ന പേരും ഉണ്ട്. ഉള്ളിൽ അഷ്ടബന്ധമിട്ട് ഉറപ്പിച്ചതും, സ്വർണ്ണ ഗോളക കൊണ്ട് പൊതിഞ്ഞതുമായ രുധിര മഹാകാളിയുടെ മൂലബിംബവും അഞ്ചു ശ്രീചക്രങ്ങളും പ്രതിഷ്ഠിച്ചിട്ടുണ്ട്. "രുധിര മഹാകാളി" കോപമൂർത്തിയായതിനാൽ നേരിട്ട് ദർശനം പാടില്ലത്രെ; അതിനാൽ ഈ വിഗ്രഹം കറുത്ത തുണിയിട്ട് മൂടിയിരിക്കുകയാണ്, പകരം ഭക്തർക്കു ദർശിക്കാൻ വടക്കു ദിക്കിലേക്ക് ദർശനമായി ഭദ്രകാളിയുടെ മറ്റൊരു ദാരുബിംബവും അതിന് മുമ്പിലായി ത്രിപുര സുന്ദരിയുടെ അർച്ചനാ ബിംബവും പ്രഭാമണ്ഡലവും പ്രതിഷ്ഠിച്ചിട്ടുണ്ട്. അതാണ് കൊടുങ്ങല്ലൂരമ്മയായി നാം ദർശിക്കുന്നത്.
ക്ഷേത്രത്തിന്റെ പരമാധികാരി വലിയ തമ്പുരാനോ അമ്മത്തമ്പുരാട്ടിയോ ക്ഷേത്രദർശനത്തിന് വരുന്ന സമയത്തോ കൊടുങ്ങല്ലൂർ കോവിലകത്തെ ഒരു സന്തതിയെ ഒന്നാംപിറന്നാളിന് രുധിര മഹാകാളിക്ക് മുന്നിൽ (പടിഞ്ഞാറേ നടയ്ക്കൽ) അടിമ കിടത്താൻ കൊണ്ടുവരുമ്പോഴോ മാത്രമേ ശ്രീകോവിലിന്റെ പടിഞ്ഞാറെ നട തുറക്കുകയുള്ളു. തമ്പുരാനോ തമ്പുരാട്ടിയോ നടയ്ക്കൽ എത്തി നമസ്ക്കരിച്ചു കഴിഞ്ഞാൽ പടിഞ്ഞാറെ നടയ്ക്കൽ സ്ഥാപിച്ചിട്ടുള്ള മണി അഞ്ച് പ്രാവശ്യം മുഴക്കും. ഈ അവസരത്തിൽ ശ്രീകോവിലിന്റെ പടിഞ്ഞാറെനടയുടെ വലത്തെ കതകു മാത്രം തുറന്നുകൊടുക്കും. തമ്പുരാൻ നമസ്കരിച്ച് എഴുന്നേൽക്കും മുൻപ് നട അടച്ചുകഴിയും.
ചെങ്കുട്ടവൻ കണ്ണകിയെ മൂലപ്രതിഷ്ഠ നടത്തിയ സ്ഥലമാകാം പിന്നീട് രഹസ്യ അറയായത്. രഹസ്യ അറയിൽ നിന്ന് കിഴക്കുഭാഗത്തേക്ക് ഉദ്ദേശം നൂറടിയോളം ദൂരത്തിൽ ഒരു തുരംഗം ഉണ്ടായിരുന്നു. മീനഭരണി കഴിഞ്ഞ് നട അട അടച്ചുകിടക്കുന്ന ദിവസങ്ങളിൽ നടതുറപ്പുവരെ അടികളാണ് എല്ലാ പൂജകളും നിർവ്വഹിക്കുന്നത്. ഓരോ യാമത്തിലും ഓരോ പൂജയെന്ന കണക്കിലാണ് ഇത് നടത്തുന്നത്. ഇതിന്നായി അടികൾ ഈ തുരംഗത്തിൽ കൂടിയായിരുന്നുവത്രെ പണ്ട് പോയിരുന്നത്. എന്നാൽ ഇപ്പോൾ ഈ തുരംഗം അടഞ്ഞുകിടക്കുന്നു. പുറമെ നിന്നുള്ള പ്രവേശന ദ്വാരത്തിൽ ഇപ്പോൾ ഒരു ദീപസ്‌തംഭവും ഭണ്ഡാരവും സ്ഥാപിച്ചിട്ടുണ്ട്. ഉത്സവത്തിന് ആനകളെ ഇന്നും ഈ തുരംഗത്തിന്നു മുകളിലൂടെ കടത്തിവിടാറില്ല. ആനകൾ അവിടെയെത്തിയാൽ പ്രദക്ഷിണം മുഴുമിക്കാതെ മടങ്ങുകയാണ് പതിവ്. [11]
പരമശിവൻ
[തിരുത്തുക]മറ്റൊരു മുഖ്യ പ്രതിഷ്ഠയായ ശിവന്റെ ദർശനം കിഴക്കോട്ടാണ്. ശിവക്ഷേത്രത്തിന്റെ തറ കരിങ്കല്ലുകൊണ്ടും ചുമരുകൾ വെട്ടുകല്ലുകൊണ്ടും തീർത്തതാണ്. നന്ദി പ്രതിഷ്ഠ ഇവിടെയില്ല. ശിവക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള ബലിക്കല്ല് സാമാന്യം വലുതാണ്. ശിവന് പ്രത്യേക ഉത്സവങ്ങളും ധ്വജവും ഇല്ല.
ക്ഷേത്രപാലകൻ
[തിരുത്തുക]ഭദ്രകാളി ക്ഷേത്രങ്ങളിൽ കാണപ്പെടുന്ന ഒരു പ്രതിഷ്ഠ ആണിത്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റെ സംരക്ഷകൻ ആയിട്ടാണ് സങ്കല്പം. വടക്കേനടയിൽ നിന്ന് അല്പം കിഴക്കോട്ട് നീങ്ങി കാണുന്നതാണ് ക്ഷേത്രപാലകന്റെ പ്രതിഷ്ഠ. ശിവചൈതന്യം നിറഞ്ഞ മൂർത്തിയാണിത്. 12 അടിയോളം ഉയരമുണ്ട്. ഇതാണ് കേരളത്തിൽ ഏറ്റവും ഉയരം കൂടിയ വിഗ്രഹം. മലബാറിലെ ക്ഷേത്രപാല ക്ഷേത്രങ്ങളിൽ ക്ഷേത്രപാലൻ കൊടുങ്ങല്ലൂരിൽ നിന്ന് വന്നു എന്നാണ് ഐതിഹ്യം. ഇത് തമിഴ്നാട്ടിലെ ചതുക്കപൂതമാണെന്നും അതല്ല കാലഭൈരവനാണെന്നും അഭിപ്രായമുണ്ട്.[3] ശർക്കരപായസത്തിൽ തൈര് ചേർത്ത പുളിഞ്ചാമൃതമാണ് പ്രത്യേക നിവേദ്യം. ക്ഷേത്രപാലകന്റെ നടയ്ക്ക് മുന്നിലുള്ള കല്ലിലാണ് മുട്ട് ഇറക്കുന്നതിനുള്ള നാളികേരം ഉടക്കുക.
ദേവീക്ഷേത്രത്തിലേക്കുള്ള തുലാഭാരം ക്ഷേത്രപാലകന്റെ നടയിലാണ് നടത്തി വരുന്നത്. ഇവിടത്തെ പ്രത്യേക വഴിപാട് ചമയമാണ്. വൈകീട്ട് ക്ഷേത്രപാലകന്റെ ക്ഷേത്രം കുലവാഴ, കുരുത്തോല, കരിക്കിൻകുല എന്നിവകൊണ്ട് അലങ്കരിക്കുകയും, ദേവി ക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രപാലകന്റെ മുമ്പിൽ നാളികേരം എറിഞ്ഞ് ഉടയ്ക്കുകയും ചെയ്യുന്നു. ശേഷം ക്ഷേത്രപാലകനെ 101 വസ്ത്രം ഉടുപ്പിക്കും. മുഖത്ത് ചന്ദനം ചാർത്തി തണ്ണീരാമൃതം നിവേദ്യം നൽകും. ഇതിനെയാണ് ചമയം എന്ന് പറയുന്നത്. ഇന്ത്യയിലെ ശക്തിപീഠക്ഷേത്രങ്ങളിൽ കാവൽദൈവമായി കാലഭൈരവനെ പ്രതിഷ്ഠിച്ചിരിക്കുന്നതും ഇതിന് സമാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനാൽ ഇത് കാലഭൈരവൻ ആണെന്നും വിശ്വാസമുണ്ട്.
തവിടാട്ട് മുത്തി (തവിട്ട് മുത്തി)
[തിരുത്തുക]കാളി രൂപത്തിലുള്ള ഭഗവതിയാണിത്. മേൽക്കൂരയോ ചുറ്റുമതിലോ ഇല്ല. പുറത്ത് ശിവന്റെ നടക്കൽ ഇടതുഭാഗത്തായാണ് പ്രതിഷ്ഠ. തവിട് കൊണ്ട് ഉഴിഞ്ഞിടുകയാണ് പ്രധാന വഴിവാട്. തവിട്ടുമുത്തിക്ക് തവിട് ആടിക്കാം എന്ന വഴിപാട് നേർന്നാൽ വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മാറിക്കിട്ടും എന്നാണ് വിശ്വാസം.
ഏകദേശം രണ്ടടി ഉയരമുള്ള പീഠത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഒന്നര അടി ഉയരമുള്ള തവിട്ടുമുത്തിയുടെ വിഗ്രഹം എട്ട് തൃകൈകളോടുകൂടിയ ദേവിരൂപമാണ്. ഇവിടെ നിത്യപൂജയോ നിവേദ്യമോ ഇല്ല. ഭക്തജനങ്ങൾ വഴിപാടായി ആടിക്കുന്ന തവിടാണ് തവിട്ടുമുത്തിക്ക് പൂജയും നിവേദ്യവും. തവിട് ആടിക്കാനുള്ള അവകാശം പത്മശാലീയ എന്ന സമുദായക്കാർക്ക് ആണ്.
വസൂരിമാല
[തിരുത്തുക]പടിഞ്ഞാറെ നടയിലുള്ള പ്രതിഷ്ഠയാണ് വസൂരിമാല. ദേവീഭക്തയായി മാറിയ ദാരികന്റെ പത്നി മനോദരി ആണിതെന്ന് ഐതിഹ്യം. വടക്കോട്ടാണ് ദർശനം. ഇതിന് മേൽക്കൂരയില്ല. വിഗ്രഹത്തിന് 4 അടിയോളം ഉയരമുണ്ട്. മഞ്ഞൾപ്പൊടി ആടിക്കലാണ് പ്രധാന വഴിപപട്. പ്രത്യേക ക്ഷേത്രം ഉണ്ടെങ്കിലും നിത്യപൂജയില്ല. പകരം സപ്തമാതൃക്കളുടെ ക്ഷേത്രത്തിൽ പ്രത്യേക പീഠത്തിൽ വസൂരിമാല സങ്കല്പത്തിൽ നിത്യപൂജയും നിവേദ്യങ്ങളും നടത്തി വരികയാണ് പതിവ്. വസൂരിമാലയ്ക്കുള്ള വഴിപാടാണ് ഗുരുതി. പത്മദളം വരച്ച് കുരുമുളക്, മഞ്ഞൾ എന്നിവ തൂവുകയാണ് ഇവിടത്തെ പ്രധാന വഴിപാട്. വസൂരിമാല ഭൂമിദേവിയെ പ്രതിനിധാനം ചെയ്യുന്നതായി കരുതപ്പെടുന്നുണ്ട്. പത്മദളം സ്ത്രീലിംഗത്തിൻ്റെ പ്രതീകമായതുകൊണ്ട് അതു വരച്ച് ജീവരക്തമൊഴുക്കി ദേവിയെ ഓജസ്വിനിയാക്കുന്ന പ്രക്രിയയാണ് ഈ പൂജയിൽ അന്തർഭവിച്ചിട്ടുള്ളത് എന്നു കരുതേണ്ടിയിരിക്കുന്നു. വസൂരി പോലുള്ള അസുഖങ്ങൾ വരാതെ ഇരിക്കാനും ഈ വഴിപാട് ചെയ്യുന്നു എന്നൊരഭിപ്രായവുമുണ്ട്. വസൂരിമാല എന്ന പേരുതന്നെ അതിനുള്ള തെളിവായി കണക്കാക്കാവുന്നതാണ്. വസൂരിമാലയുടെ നടയ്ക്കലാണ് പണ്ട് “ഗുരുതി” നടന്നിരുന്നത്. ഇപ്പോഴും ഈ ക്ഷേത്രത്തിലെ വസൂരിമാലയ്ക്കാണ് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഗുരുതി ചാർത്തുക.
ദാരികന്റെ വധം ഉറപ്പായപ്പോൾ പത്നിയായ മനോദരി ശിവനെ തപസ് ചെയ്യുകയും വസൂരി രോഗത്തിന്റെ വിത്തുകൾ വരമായി വാങ്ങുകയും ചെയ്തു. മനോദരി ഇത് ആദ്യം പ്രയോഗിച്ചത് തന്റെ ഭർത്താവിന്റെ ഘാതകിയായ ഭദ്രകാളിയുടെ നേർക്കാണ്. ഇതറിഞ്ഞ ശിവൻ ഘണ്ഠാകർണ്ണനെ സൃഷ്ടിക്കുകയും അദ്ദേഹം ഭഗവതിയുടെ രോഗം ഭേദം ആക്കുകയും ചെയ്തു. ഭഗവതി പിന്നീട് മനോദരിയുടെ കയ്യും കാലും ഛേദിക്കുകയും പശ്ചാത്തപിച്ച മനോദരിയെ "വസൂരി" എന്ന് പേരിട്ട് കൈലാസത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു എന്നാണ് ഇതുമായി ബന്ധപ്പെട്ട പുരാണകഥ.
സപ്തമാതൃക്കൾ
[തിരുത്തുക]ശിവൻ്റെ ശ്രീകോവിലിൻ്റെ തെക്കു ഭാഗമായിട്ടാണ് സപ്തമാതൃക്കളുടെ പ്രതിഷ്ഠ. ഭഗവതിയുടെ ശ്രീകോവിലിന്റെ തുടർച്ചയാണിത്. ആദിപരാശക്തിയുടെ ഏഴു ഭാവങ്ങൾ ആണ് സപ്തമാതാക്കൾ എന്നറിയപ്പെടുന്നത്. ഭഗവതിയുടെ ശ്രീകോവിലിനോട് ചേർന്ന് പടിഞ്ഞാറുഭാഗത്ത് ഭിത്തിയുടെ തുടർച്ചയായി, കിഴക്കുപടിഞ്ഞാറ് നീളത്തിൽ വടക്കോട്ട് ദർശനമായി മൂന്ന് നടകളായി പ്രത്യേക പ്രാധാന്യത്തോടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പ്രധാന മൂർത്തിയായ ഭഗവതിയേയും കൂട്ടിയാൽ അഷ്ടമാതൃക്കളാകും. സപ്തമാതൃക്കളായ ബ്രാഹ്മി (അഥവാ ബ്രഹ്മാണി), മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വാരാഹി, ചാമുണ്ഡി എന്നീ ഏഴ് ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രൻ എന്നിവരേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഭഗവതി പ്രതിഷ്ഠ നിർമ്മിച്ച അതേ വരിക്കപ്ലാവിൻ്റെ തടി കൊണ്ടാണ് സപ്തമാതൃക്കളുടെ വിഗ്രഹവും നിർമിച്ചിട്ടുള്ളത് എന്ന് പറയപ്പെടുന്നു. വസൂരിമാലയെ സങ്കൽപ്പിച്ചുള്ള നിത്യപൂജയും നിവേദ്യങ്ങളും സപ്തമാതൃക്കളുടെ ക്ഷേത്രത്തിലാണ് നടത്തിവരുന്നത്.
കുരുംബക്കാവ്
[തിരുത്തുക]
ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽനിന്നും ഏകദേശം 300 മീറ്റർ തെക്ക് മാറി ദേശീയപാത 17ന് ചേർന്ന് പടിഞ്ഞാറോട്ട് ദർശനമായി ശ്രീകുരുംബക്കാവ് സ്ഥിതി ചെയ്യുന്നു. ചേരൻ ചെങ്കുട്ടവൻ ആദ്യമായി കണ്ണകിയെ (കന്യാവ്) പ്രതിഷ്ഠ നടത്തിയത് ഇവിടെയാണ് എന്നാണ് ചരിത്രം. ഇവിടെയാണ് കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റെ മൂലകേന്ദ്രം. ഇവിടെനിന്നും ഭഗവതിയെ ഇന്നത്തെ ക്ഷേത്രത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു എന്നാണ് പറയപ്പെടുന്നത്. താലപ്പൊലിയോടനുബന്ധിച്ചുള്ള രാപകൽ എഴുന്നള്ളിപ്പ് ആരംഭിക്കുന്നത് ഇവിടെ നിന്നുമാണ്. താലപ്പൊലി മഹോത്സവത്തോട് അനുബന്ധിച്ച് എത്തിച്ചേരുന്ന കുഡുംബി സമുദായക്കാർ ദേവി ക്ഷേത്രത്തിൽ നട തള്ളാനുള്ള ചെമ്മരിയാടുകളെയും പഴക്കുലയും വാദ്യഘോഷങ്ങളോടെ ആനയിക്കുന്നതും ശ്രീകുരുംബക്കാവിൽ നിന്നുമാണ്. പരിസര വാസികളുടേയും ഭക്തജനങ്ങളുടേയും പരിശ്രമഫലമായി നിത്യേന ഉള്ള വിളക്കുവയ്പ്പ് മുടങ്ങാതെ നടന്നുപോരുന്നു.
പൂജകൾ
[തിരുത്തുക]ക്ഷേത്രത്തിലെ തന്ത്രികൾ താമരശ്ശേരി മേയ്ക്കാട്ടുമനയിലെ അംഗങ്ങളാണ്. നമ്പൂതിരിമാരിൽനിന്ന് അല്പം താഴെ എന്ന് കരുതുന്ന അടികൾ എന്ന പൂജാരിമാരാണ് ശാക്തേയ പൂജകൾ നിർവ്വഹിക്കുന്നത്. സാത്വിക പൂജകൾ നടത്തുന്നത് നമ്പൂതിരിമാരാണ്. ഓത്തില്ലാത്ത നമ്പൂതിരിമാരേ പൂജയ്ക്ക് വരാറുള്ളു. അടികൾ ക്ഷേത്രത്തിൻറെ ചുമതല മൂന്ന് മഠങ്ങൾക്കായി പങ്കുവച്ചിരുന്നു. അവ മഠത്തിൽ മഠം, കുന്നത്തു മഠം, നീലത്തും മഠം എന്നിങ്ങനെയാണ്. ക്ഷേത്രത്തിലെ പല ചടങ്ങുകളിലും അബ്രാഹ്മണസമ്പർക്കമാണ് മുന്നിൽ നിൽക്കുന്നത്. ക്ഷേത്രഭരണം കൊച്ചിൻ ദേവസ്വം ബോർഡ് നിർവഹിക്കുന്നു.
സുവാസിനീപൂജ
[തിരുത്തുക]മംഗല്യവതികളായ സ്ത്രീകൾ കുടുംബഐശ്വര്യത്തിനും നെടുമംഗല്യത്തിനും ഉത്തമദാമ്പത്യത്തിനും വേണ്ടി നേരിട്ട് നടത്തുന്ന സമൂഹ അർച്ചനയാണിത്. കുഡുംബി സമുദായത്തിലെ സ്ത്രീകൾ ആണ് പ്രധാനമായും കൊടുങ്ങല്ലൂർ താലപ്പൊലി ദിവസത്തിൽ സുവാസിനീപൂജ ആചരിക്കുന്നത് .
വഴിപാടുകൾ
[തിരുത്തുക]- എറ്റവും പ്രധാനപ്പെട്ട വഴിപാട് വെടിവഴിപാടാണ്. വലിയ വെടി, ചെറിയ വെടി എന്നിങ്ങനെ രണ്ടു തരം വഴിപാടുകൾ ഉണ്ട്. ബുദ്ധമതത്തിന്റെ മറ്റൊരു സംഭാവനയായാണ്[അവലംബം ആവശ്യമാണ്] കതിന വെടികളെ കാണുന്നത്.
- ഗുരുതിയാണ് മറ്റൊരു വഴിപാട്. ശത്രുദോഷത്തിനും മാനസികപ്രശ്നങ്ങൾക്കും പരിഹാരമായി ചെയ്യുന്ന വഴിപാടാണിത്. ഗുരുതി വഴിപാട് നടത്തിവരുന്നത് വസൂരിമാല ക്ഷേത്രനടയ്ക്കലാണ്. ഉഗ്രരൂപിണിയായ ദേവിയുടെ ഉഗ്രത വർദ്ധിക്കാതിരിക്കാനാണ് ഗുരുതിപൂജ നടത്തിയിരുന്നത് എന്നാണ് വിശ്വാസം. വൃശ്ചിക- ധനു മാസങ്ങളിലെ മണ്ഡലകാലങ്ങളിലും, മീനഭരണിക്ക് തുടക്കം കുറിക്കുന്നതുതൊട്ട് ക്ഷേത്രനട തുറക്കും വരെയും ഗുരുതി വഴിപാട് നടത്താറില്ല.
- വസൂരിമാലയ്ക്ക് മഞ്ഞൾപ്പൊടി ആടിക്കലാണ് പ്രധാന വഴിപാട്. ഒരു പ്രാവശ്യം ആടിച്ച പൊടി വീണ്ടും ആടിക്കാൻ ഉപയോഗിക്കാറുണ്ട്.
- ക്ഷേത്രപാലകന് പ്രധാന വഴിപാട് ചമയമാണ്. 101 നാളികേരം ഉടയ്ക്കലും 101 വസ്ത്രം ഉടുപ്പിക്കലും ഇതിൽ പെടും. ക്ഷേത്രപാലകനുള്ള മറ്റൊരു വഴിപാട് പുളിഞ്ചാമൃതമാണ്.
- തവിടാടുമുത്തിക്കുള്ള പ്രധാന വഴിപാട് തവിട് ആടിക്കലാണ്. അതിനുള്ള അവകാശം പത്മശാലീയർക്കാണ്. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ മാറിക്കിട്ടും എന്നാണ് വിശ്വാസം.
- ഒറ്റയപ്പവും ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടായി നടത്തപ്പെടുന്നു. ഗുരുതി പുഷ്പാഞ്ജലി, രക്ത പുഷ്പാഞ്ജലി, ശത്രുസംഹാര പുഷ്പാഞ്ജലി, മഹിഷാസുര മർദ്ദിനി പുഷ്പാഞ്ജലി എന്നിവയും പ്രധാന വഴിപാടുകളിൽ ഉൾപ്പെടും.

വിശേഷ ദിവസങ്ങൾ
[തിരുത്തുക]മീനഭരണി
[തിരുത്തുക]ക്ഷേത്രത്തിലെ അറിയപ്പെടുന്ന പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് മീനഭരണി. ഭരണി എന്നാണറിയപ്പെടുന്നത്. താലപ്പൊലിയാണ് മറ്റൊരു ഉത്സവം. കുംഭ മാസത്തിലെ ഭരണിക്ക് ആരംഭിച്ചു മീന മാസത്തിലെ ഭരണിക്ക് അവസാനിക്കുന്ന ഭരണി ഉത്സവം മാർച്ച്, ഏപ്രിൽ മാസങ്ങളിലായി നടക്കുന്നു. ഭദ്രകാളിയും ദാരികനും തമ്മിലുള്ള യുദ്ധമാണ് ഈ ആഘോഷത്തിന്റെ അടിസ്ഥാനം എന്ന് വിശ്വാസം. അമ്മയായ ഭഗവതിയെ കണ്ടാരാധിക്കാൻ വേണ്ടിയുള്ള ഒരു കൂട്ടം ജനങ്ങളുടെ കൂടിച്ചേരൽ ആണ് ഈ ഉത്സവം. ഈ ഉത്സവത്തിനു വരുന്നവരിൽ അധികവും കേരളത്തിന്റെ വടക്കൻ ജില്ലകളിൽ (കടത്തനാടൻ) നിന്നുള്ളവരാണെന്നത് ഒരു പ്രത്യേകതയാണ്. ഇന്നും കൊടുങ്ങല്ലൂർ ഭരണി ഈ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് ഉത്സവമാണ്. കൊടുങ്ങല്ലൂരും ചേരന്റെ രണ്ടാം തലസ്ഥാനമായ തൊണ്ടി (തിണ്ടിസ്) പട്ടണം സ്ഥിതി ചെയ്യുന്ന ഈ സ്ഥലങ്ങളും തമ്മിലുള്ള പുരാതന കാലത്തെ ബന്ധമായിരിക്കണം ഈ ആചാരങ്ങൾക്ക് പിന്നിൽ എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു. [12]
ഭഗവതിയുടെ ദ്രാവിഡബന്ധം വെളിവാക്കുന്ന ധാരാളം ചടങ്ങുകൾ മീനഭരണിക്ക് കാണാൻ കഴിയും. കാവുതീണ്ടല്, മന്ത്രതന്ത്രാദികൾ ഇല്ലാത്ത കൊടിയേറ്റം, കോഴികല്ല് മൂടല്, കോഴിയും പിടിയും എന്ന വിഭവം തയ്യാറാക്കൽ, പാലക്കാവേലൻറെ വരവ്, ഉണക്ക ചെമ്മീൻ, മലർ തുടങ്ങിയവ വാങ്ങുക എന്നി പ്രത്യേക അനുഷ്ഠാനങ്ങളാണ്. കൊടിയേറ്റ് ചടങ്ങ് കുംഭമാസത്തിലെ ഭരണിനാളിൽ നടക്കുന്നു. ഇതിനെ ഭരണിവേല കൊടിയേറുക എന്നാണ് പറയുന്നത്. [13]
തലേ ദിവസം നടക്കുന്ന ചടങ്ങായ (അശ്വതി നാളിൽ) അശ്വതീകാവുതീണ്ടലാണ് എങ്കിലും പ്രധാനപ്പെട്ടത്. മീനഭരണി ദിവസം ക്ഷേത്രത്തിൽ യാതൊരാഘോഷവുമില്ല. പിന്നീട് പൂയം നാളിലെ നടതുറപ്പ് ആണ് പ്രധാനം. കുംഭമാസത്തിലെ ഭരണിദിവസമുള്ള കൊടിയേറ്റുമുതൽ മീനമാസത്തിലെ അശ്വതിനാൾ വരെയുള്ള ദിവസങ്ങളാൺ ആഘോഷങ്ങൾ മുഴുവനും. ഇക്കാലയളവിൽ കേരളത്തിലെ മിക്ക ദ്രാവിഡ ക്ഷേത്രങ്ങളിലും പൂരം, കുത്തിയോട്ടം, കെട്ടുകാഴ്ച എന്നീ ആഘോഷങ്ങൾ നടക്കുന്നു. അശ്വതിനാളിനു മുന്നേ തന്നെ വിദൂരദേശങ്ങളിൽ നിന്നും നിരവധി പേർ കാവിലെത്തും. വ്രതാനുഷ്ഠാനത്തോടെ എത്തുന്ന ഭക്തരെ ഭരണിക്കാർ എന്നാണ് വിളിക്കുക.[13]

കുംഭമാസത്തിലെ കൊടിയേറ്റിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളിൽ ആശാരിയും തട്ടാനും ചേർന്ന് നടത്തുന്ന ഒന്നുണ്ട്. വീരാശാരിയും മലയൻ തട്ടാൻ എന്നു വിളിക്കുന്ന തട്ടാനുമാണവർ. തട്ടാൻ മണികിലുക്കി അമ്പലം വലം വെച്ച് ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്നു. തുടർന്ന് പ്ലാപ്പിള്ളിത്തറവാട്ടിലെ മൂത്തന്മാർ ക്ഷേത്രം ശുദ്ധമാക്കുന്നു. അതോടെ അമ്പലത്തിനു ചുറ്റുമുള്ള എല്ലാ ആലിന്മേലും ഗോപുരത്തിലും കൊടിക്കൂറകൾ കെട്ടുന്നു. അതോടെ ഭരണിക്കാലം ആരംഭിക്കുകയായി.[13]
മീനത്തിലെ തിരുവോണദിവസം മുതൽ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം തുടങ്ങും. എല്ലാദേശത്തു നിന്നും ജനങ്ങൾ സംഘം ചേർന്ന് ഭരണിക്കാരായി വന്നു ചേരുന്നു. അശ്ലീലം കലർന്ന നാടൻ പാട്ടുകളോ പുരാണ കഥകളോ ഭഗവതി സ്തുതികളോ പാടി മണികെട്ടിയ വടിയുമായാണ് അവർ വരിക. ഭഗവതിയെപ്പോലെ വാളും ചിലമ്പും പൂമാലകളും ധരിച്ച കോമരങ്ങളും ഇക്കൂട്ടത്തിൽ ഉണ്ടാകും. വയനാട്, കണ്ണൂർ, തലശ്ശേരി, പാലക്കാട് എന്നിവടങ്ങളിൽ നിന്ന് സംഘമായി കാൽനടയായി വരുന്നവരും ഉണ്ട്. ഭരണിക്ക് പോകുന്നതിനു ഏഴുദിവസത്തെ വ്രതാചരണം അത്യാവശ്യമായിരുന്നു. ശബരിമലക്ക് പോകുന്നതു പോലുള്ള സന്നാഹങ്ങളും പൂജകളും കഴിച്ചാണ് ഇവർ എത്തിയിരുന്നത്. പലരും കുടുംബ ക്ഷേത്രങ്ങളിലും കാവുകളിലും പൂജകൾ നടത്തിയിട്ടാണ് ഇങ്ങോട്ടേക്ക് വരുന്നത്. എല്ലാ ജാതിയില്പെട്ടവർക്കും കൊടുങ്ങല്ലൂർ ഭരണിക്ക് പോകാം എന്നും ആദിമകാലങ്ങളിൽ നിരവധി കോഴികളെ അറുത്ത് വെള്ളത്തിനു പകരം മദ്യം തർപ്പണം ചെയ്യുന്ന പതിവായിരുന്നു എന്നാണ് വില്യം ലോഗൻ രേഖപ്പെടുത്തിയിരിക്കുന്നത്. ശാക്തേയപൂജക്ക് ജാതിയോ താന്ത്രിക ആചാരങ്ങളോ നിർബന്ധം അല്ലാ എന്നതും മറ്റൊരു പ്രത്യേകത ആണ്.[14]
കോഴിക്കല്ല് മൂടൽ
[തിരുത്തുക]മീനഭരണിക്ക് പത്തു് ദിവസം മുൻപാണ് കോഴിക്കല്ലു മൂടൽ എന്ന ചടങ്ങ്. ആദ്യകാലങ്ങളിൽ നടക്കൽ കോഴിയെ അറുത്ത് ബലി കൊടുക്കുന്ന പതിവുണ്ടായിരുന്നു. മൃഗബലി പൊതുക്ഷേത്രങ്ങളിൽ നിരോധിച്ചതുമൂലം അതിനു പകരമായി ചുവന്ന പട്ട് കൊണ്ട് ബലിക്കല്ല് മൂടുന്ന ചടങ്ങാണ് ഇപ്പോൾ നടത്തപ്പെടുന്നത്. കൂടാതെ പ്രതീകാത്മകമായി കുമ്പളങ്ങ മുറിക്കലും കോഴിയെ പറപ്പിക്കലും നടത്തിവരുന്നു. നിരോധനം വരുന്നതിനു മുന്പ് വടകരയിലെ തച്ചോളി വീട്ടിലെ അവകാശമായിരുന്നു ആദ്യത്തെ കോഴിയെ ബലി കഴിക്കുക എന്നത്. കോഴി ബലിയുള്ളപ്പോൾ കാവിന്റെ പരിസരത്തും, വീടുകളിലും കോഴി ഇറച്ചി കൊണ്ടുള്ള ഒരു വിശേഷ വിഭവം ഉണ്ടാക്കുന്നു. കോഴിയും പിടിയും എന്നാണ് ആ വിഭവത്തിന്റെ പേര്. ഇത് ഭഗവതിയുടെ പ്രസാദമായി കണക്കാക്കുന്നു. കോഴി ഇറച്ചി കൊണ്ട് ഉണ്ടാക്കുന്ന ഒരു മാംസേതര വിഭവമാണ് ഇത് മറ്റുള്ള ക്ഷേത്രങ്ങളിൽ കാണാൻ സാധിക്കില്ല. ഇന്നും ആചാരത്തിന്റെ തുടർച്ചയെന്നോണം വീടുകളിൽ ഭരണി നാളിൽ സ്വാദിഷ്ഠമായ കോഴിയും പിടിയും അരി പായസവും വയ്ക്കുന്നു. ചിലരൊക്കെ രാത്രിയിൽ ഇവ വീതും വയ്ക്കുന്നു. രാത്രിയിൽ മുറിയടച്ചു ഇലയിൽ മരിച്ചുപോയ കാരണവന്മാർക്ക് വിളക്ക് വച്ച് മേല്പറഞ്ഞ ഭക്ഷണം കൊടുക്കുന്നതിനാണ് ‘വീത് ’ എന്ന് പറയുന്നത്. കോഴിക്കല്ല് മൂടിയാൽ പിന്നെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ വെടി നിർത്തിവക്കുന്നു. പിന്നീട് നടതുറപ്പിനുശേഷമേ വീണ്ടും ഇത് പുനരാരംഭിക്കുകയുള്ളൂ. കോഴിക്കല്ല് മൂടൽ ചടങ്ങിനു ശേഷം, രേവതി നാളിൽ കളമെഴുത്തുപാട്ടുണ്ട്. അതിൻ കടത്തനാട്ടുകാർക്കാണ് അവകാശം. രേവതി ദിവസം സന്ധ്യയോടെ ദാരികന് മേൽ ഭഗവതിയുടെ വിജയം വിളിച്ചറിയിച്ചു കൊണ്ട് രേവതി വിളക്ക് തെളിയിക്കുന്നു.[13]
കാവുതീണ്ടൽ (അഥവാ (കാവ് പൂകൽ)
[തിരുത്തുക]
ഭരണിനാളിനു തലേദിവസം അശ്വതി നാളിൽ നടക്കുന്ന പ്രത്യേക ചടങ്ങാണ് കാവുതീണ്ടൽ. ചിലപ്പോൾ കാവ് പൂകൽ എന്നും ഈ ചടങ്ങ് അറിയപ്പെടുന്നു. അശ്വതി ദിവസം രാവിലെ ഏഴ് മണിക്ക് പുലപ്പാടത്തു കാവിൽ നിന്നുള്ള വള്ളോൻ ആഘോഷമായി വന്നു ക്ഷേത്രത്തെ വലം വച്ചു പോകുന്നു. അന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ക്ഷേത്രത്തിൻറെ വടക്കേ നട അടച്ചുപൂട്ടും, പിന്നീട് ക്ഷേത്രത്തിനകത്തേക്ക് ആരേയും പ്രവേശിപ്പിക്കുകയില്ല. അത്താഴപൂജക്ക് ശേഷം അശ്വതീപൂജ എന്ന പേരിൽ രഹസ്യമായ മറ്റൊരു ചടങ്ങൂകൂടി നടത്തപ്പെടുന്നു. ദേവിയുടെ പ്രതിഷ്ഠയിൽ നിന്നും നിന്ന് ആഭരണങ്ങൾ എല്ലാം അഴിച്ചുമാറ്റി തൃച്ചന്ദനപ്പൊടി ചാർത്തുന്നു. ഭഗവതി ഒരു സാധാരണക്കാരിയായി മാറുന്നു എന്നാണ് സങ്കൽപ്പം. ദാരികനുമായുള്ള യുദ്ധത്തിൽ മുറിവേറ്റ ഭഗവതിക്കുള്ള ചികിത്സ എന്നാണ് ഇതിന്റെ പിന്നിലുള്ള വിശ്വാസം.[13]
ഇതിനുശേഷം നടതുറന്നു കഴിഞ്ഞാൽ കൊടുങ്ങല്ലൂർ കോവിലകത്തെ വലിയ തമ്പുരാനെ ദേവിയുടെ ഭക്തന്മാരും യോഗക്കാരും ചേർന്ന് ആനയിച്ച് കൊണ്ടുവരുന്നു. അദ്ദേഹം കിഴക്കേ നടയിലുള്ള നിലപാടുതറയിൽകയറി കോയ്മ സ്വീകരിക്കുന്നതോടെ കാവ്തീണ്ടൽ അഥവാ കാവ് പൂകൽ ആരംഭിക്കുകയായി. കാവുതീണ്ടൽ എന്നു പറയുന്നത് ആദ്യകാലത്ത് കാവുമായി ബന്ധമുണ്ടായിരുന്ന എല്ലാ ജാതിക്കാർക്കും പിന്നീട് ക്ഷേത്രം വിലക്കപ്പെട്ടപ്പോൾ വർഷത്തിലൊരിക്കൽ കാവിൽ പ്രവേശിക്കാനായി ഒരുക്കപ്പെട്ട ഒരു ദിനമാണ്. അതിന്റെ ഓർമ്മക്കായി ദേവീഭക്തന്മാരും കോമരങ്ങളും ഉറഞ്ഞ്തുള്ളി മൂന്നുവട്ടം ക്ഷേത്രത്തെ വലം വക്കുന്നു. ക്ഷേത്രത്തിന്റെ മേൽക്കൂരയിലെ ചെമ്പ് പലകയിൽ അടിച്ചുകൊണ്ടാണ് ഈ പ്രദക്ഷിണം വക്കൽ നടക്കുന്നത്. ഇതിനുശേഷം ഏഴുദിവസം കഴിഞ്ഞു പൂയം നാളിലെ ക്ഷേത്രനട തുറക്കൂ. ഇതിനെ പൂയത്തന് നാളിൽ നടതുറപ്പ് എന്നാണ് പറയുക. (മീന ഭരണി ദിവസം ഭഗവതിക്ക് വരിയരി പായസം നിവേദിക്കുന്നു. ഇതല്ലാതെ മറ്റു ചടങ്ങുകൾ ഒന്നും ഭരണി ദിവസം നടക്കുന്നില്ല).[13]
കാവുതീണ്ടൽ കഴിഞ്ഞ് പിറ്റേ ദിവസം മീന ഭരണി ദിവസം വരിനെല്ലിന്റെ പായസമാണ് നിവേദ്യമായി നൽകുക. പിറ്റേന്ന് മുതൽ ഒരോ നേരത്താണ് പൂജ. ശാക്തേയ വിധിപ്രകാരമുള്ള പ്രത്യേക രഹസ്യ പൂജകൾ ആണിത്. വടക്കേ നട അടഞ്ഞു കിടക്കുന്നതിനാൽ അടികൾ കിഴക്കേ നട വഴിയാണ് പൂജ ചെയ്യാനകത്ത് കയറുക. ആ ദിവസങ്ങളിൽ ഭക്തർക്ക് ദർശിക്കാൻ വേണ്ടി ഭഗവതിയെ ക്ഷേത്രത്തിന്റെ മുകൾ ഭാഗത്തുള്ള പള്ളി മാടത്തിൽ സങ്കല്പിച്ചു ഇരുത്തുന്നു. [13]
- കോമരങ്ങൾ
രേവതി നാളിൽ കോമരങ്ങളേയും ഭക്തജനങ്ങളേയും കൊണ്ട് കാവ് നിറയുന്നു. ഒരോ ദേശത്തു നിന്നും എത്തുന്നവർക്ക് അവരുടേതായ ആൽത്തറകൾ കാവിലുണ്ട്. അവകാശത്തറകൾ എന്നാണിവ അറിയപ്പെടുന്നത്. കാവു തീണ്ടൽ സമയത്ത് അവകാശമുള്ളവർ ഒഴികെ ആരും ഈ തറകളിൽ കയറാറില്ല.
പൂയത്തൻ നാളിലെ നടതുറപ്പ് (പൂയം തൊഴൽ)
[തിരുത്തുക]മീനത്തിലെ അശ്വതി ദിവസം ഉച്ചയ്ക്ക് അടയ്ക്കുന്ന ക്ഷേത്ര നട തുടർന്ന് ഏഴ് ദിവസം അടച്ചിട്ടു പ്രത്യേക പൂജകൾ നടത്തുന്നു. ഇതിന് ശേഷം പൂയം ദിവസം ദർശനത്തിനായി നട തുറക്കുന്നു. ഇതിനെ പൂയത്തൻ നാളിലെ നടതുറപ്പ് എന്ന് അറിയപ്പെടുന്നു. അന്ന് ഭഗവതിയെ സർവാഭരണ വിഭൂഷിതയായി, ഏറ്റവും സന്തുഷ്ടയായി ആണ് കാണാൻ സാധിക്കുക എന്നാണ് സങ്കല്പം. അന്ന് ദർശനം നടത്തുന്നത് ഏറെ ഐശ്വര്യകരമാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ പൂയം തൊഴാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതോടുകൂടി കൊടുങ്ങല്ലൂർ ഭരണി ഉത്സവത്തിലെ ചടങ്ങുകൾ പൂർണ്ണമാകുന്നു.
കൊടുങ്ങല്ലൂർ താലപ്പൊലി
[തിരുത്തുക]മകരം 1 മുതൽ 4 ദിവസം (സാധാരണ ഗതിയിൽ ജനുവരി 14 അല്ലെങ്കിൽ 15 മുതൽ) നീണ്ടുനിൽക്കുന്ന കൊടുങ്ങല്ലൂരിലെ പ്രസിദ്ധമായ മറ്റൊരു ഉത്സവമാണ് താലപ്പൊലി. മകരമാസത്തിലെ (ജനുവരി/ ഫെബ്രുവരി) സംക്രാന്തി മുതൽ നടക്കുന്ന ഒരു ഗംഭീര ഉത്സവമാണ് ഇത്. ഭരണി ഉണ്ടാകാറുള്ളത് പോലെയുള്ള ചടങ്ങുകൾ ഈ ഉത്സവത്തിന് ഉണ്ടാകാറില്ല. പകരം ഘോഷയാത്രകളും, ആനച്ചമയങ്ങളും, മേളവും, സുവാസിനീ പൂജ തുടങ്ങിയ നാരീ പൂജകളും മറ്റും ഇതിന്റെ ഭാഗമാണ്. വിളവെടുപ്പുമായി ബന്ധപ്പെട്ട ഈ ഉത്സവം, ഭക്തജനങ്ങളെ ക്ഷേത്രത്തിലേക്ക് ആകർഷിക്കുന്നു. ഈ ദിവസങ്ങളിൽ ഭഗവതിയെ തൊഴുന്നത് ഐശ്വര്യവും സമൃദ്ധിയും നൽകുമെന്നാണ് വിശ്വാസം.
പ്രധാന ചടങ്ങുകൾ:
- മകര സംക്രാന്തി ദിവസം വൈകുന്നേരം ആരംഭിക്കുന്നു. നാല് ദിവസം നീണ്ടുനിൽക്കുന്നു. ഇത് മിക്കവാറും ജനുവരി മാസത്തിലെ 14 അല്ലെങ്കിൽ 15 തീയതികളിലായി വരുന്നു.
- 1001 വെടിവെച്ച് ക്ഷേത്രത്തിൽ ആഘോഷം തുടങ്ങുന്നു.
- താലപ്പൊലിക്ക് രണ്ട് ദിവസം മുൻപ് തന്നെ സംഘക്കളി എന്ന ചടങ്ങ് ആരംഭിക്കുന്നു.
- പഞ്ചവാദ്യം, പാണ്ടി, പാഞ്ചാരി വാദ്യഘോഷങ്ങളോടെ വലിയ ആനച്ചമയ ഘോഷയാത്രകൾ നടക്കും.
- സുവാസിനീ പൂജ: മകരസംക്രാന്തിയിലെ ആദ്യ ദിവസം 'സുവാസിനി പൂജ' നടത്തുന്നു. കുടുംബി സമുദായക്കാർ ഇതിൽ ധാരാളമായി പങ്കെടുക്കാറുണ്ട്. ശർക്കരയും തേങ്ങയും അരിപ്പൊടിയും ചേർത്തുള്ള നിവേദ്യം ഭക്തർക്ക് നൽകുന്നു. സുവാസിനി പൂജ എന്നാൽ സ്ത്രീകളെ (സുവാസിനികളെ) പരാശക്തിയുടെ അംശമായി കണ്ട് പൂജിക്കുകയും ആദരിക്കുകയും ചെയ്യുന്ന ചടങ്ങാണിത്, ഇത് സ്ത്രീകളെ 'ജഗദീശ്വരി'യുടെ രൂപമായി കാണുന്നു. അവരെ ആദരിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഇത് പരാശക്തിയായ ഭഗവതിയുടെ സ്മരണയുടെയും ആരാധനയുടെയും ഒരു രൂപമാണ്.
- പ്രത്യേകത: പകൽ ശീവേലിയും രാത്രി എഴുന്നള്ളിപ്പുമാണ് താലപ്പൊലിയുടെ ചടങ്ങുകൾ. ഒരോ ദിവസവും സ്ത്രീകൾ താലത്തിൽ കൊണ്ടുവരുന്ന ധനധാന്യങ്ങൾ വാദ്യമേള അകമ്പടിയോടെ ഭഗവതിക്ക് മുന്നിൽ ചൊരിയുന്നതാണ് പ്രധാന ചടങ്ങ്. ഐശ്വര്യവും സമൃദ്ധിയുമാണ് ഇതിന്റെ ഫലം എന്നാണ് വിശ്വാസം. ഈ ഉത്സവം, ഈ പ്രദേശത്തെ ഉത്സവ പ്രതീതിയിലാക്കുന്നു.
- ദർശന സമയം: ധാരാളം ഭക്തർ എത്തുന്നതിനാൽ ക്ഷേത്രം കൂടുതൽ സമയം തുറന്നിരിക്കുന്നു. മിക്കവാറും ദിവസം മുഴുവൻ ദർശനം സാധ്യമാണ്.
പഴയകാവുകളിൽ നടത്തപ്പെട്ടിരുന്ന പുരാതനമായ കൊയ്ത്തുത്സവങ്ങളുടെ പരിഛേദങ്ങളാണിവ. ഊർവരത, സമൃദ്ധി, കാർഷിക വിളവെടുപ്പ്, ഐശ്വര്യം, ശക്തി ആരാധന എന്നിവയുമായി ബന്ധപ്പെട്ട ആഘോഷമാണ് ഇത്. 9 മുതൽ 11 ആനകളെ എഴുന്നള്ളിക്കുന്ന നാലു ദിവസത്തെ ഗംഭീരമായ താലപ്പൊലിയുത്സവത്തിന് കേരളത്തിൽ പ്രശസ്തരായ കലാകാരന്മാർ പങ്കെടുക്കുന്ന മേളം, പഞ്ചവാദ്യം, കരിമരുന്നു പ്രയോഗം എന്നിവയുണ്ടാകും. രാത്രി താലപ്പൊലിയായിരുന്നു പണ്ട്. 85 വർഷമായിട്ട് അത് പകലത്തേയും പ്രധാന കാഴ്ചയാണ്. അതുപോലെ മുൻ കാലങ്ങളിൽ 7 ദിവസത്തെ താലപ്പൊലി ഉണ്ടായിരുന്നുവത്രെ. [10]
ബുദ്ധമതക്കാരുടെ കതിനാ എന്ന ചടങ്ങുമായി ഇതിന് സാമ്യമുണ്ട്.[അവലംബം ആവശ്യമാണ്] ക്ഷേത്ര നടത്തിപ്പിനാവശ്യമായ വിഭവസമാഹരണമാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. മകര സംക്രമദിവസത്തിൽ ആയിരത്തൊന്നു കതിനാവെടികൾ മുഴങ്ങുന്നതോടെയാണ് താലപ്പൊലിയുടെ തുടക്കം. വ്രതശുദ്ധകളായ കന്യകമാർ മംഗളവസ്തുക്കളും കാഴ്ചദ്രവ്യങ്ങളും നിറച്ച താലം ദേവിക്ക് വാദ്യഘോഷങ്ങളോടെ സമർപ്പിക്കുന്നു. അതാണ് താലപ്പൊലി. താലപ്പൊലി ആരംഭത്തോടെ സംഘക്കളി ആരംഭിക്കും. ശാസ്താക്കളി, പാനയംകളി, യാത്രാക്കളി എന്നൊക്കെ ഈ അനുഷ്ഠാനത്തിനു പേരുണ്ട്. നൂറ്റൊന്നു ദിവസത്തെ 'കുളി'യും 51 ദിവസത്തെ വ്രതവും നോറ്റ് ചുവന്ന വസ്ത്രങ്ങൾ ധരിച്ച മലയരയന്മാർ ഇരുമുടിക്കെട്ടുകളുമായി വന്നെത്തുന്നു. താലപ്പൊലിക്ക് രണ്ട് ദിവസം മുൻപേ ചൊവ്വര ദേശത്തെ നമ്പൂതിരിമാർ വന്ന് സംഘക്കളി നടത്തുന്നു. കുടുംബികൾ ചെമ്മരിയാടുകളെ ഭഗവതിക്ക് നടയ്ക്ക് വെക്കുന്നു. ഈ പ്രാരംഭച്ചടങ്ങുകൾക്ക് ശേഷം നാലുദിവസത്തെ താലപ്പൊലിയുത്സവം നടക്കുന്നു. [13]
ഒന്നാം താലപ്പൊലിയുടെ പൂർണചുമതല ഒന്നു കുറെ ആയിരം യോഗത്തിനാണ്. യോഗക്കാരുടെ കൂട്ടമിരുത്തലും തമ്പുരാൻറെ സാന്നിദ്ധ്യവും പഴയ ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. മറ്റ് മൂന്ന് ദിവസത്തെ താലപ്പൊലി നടത്തുന്നത് കൊച്ചിൻ ദേവസ്വം ബോർഡാണ്. എന്നാൽ പണ്ട് രണ്ടാം ഉത്സവം അയിരൂർ അയ്യായിരം നായർ കരയോഗവും, മൂന്നാം ദിവസത്തെ കൊച്ചികോവിലകവും നാലാം ദിവസത്തെ കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരും നടത്തിവന്നിരുന്നു. രണ്ടാം താലപ്പൊലി നടത്തിയിരുന്ന അയ്യൂരായിരം എന്ന യോഗക്കാർ കൊല്ലവർഷം 1075 നോടടുപ്പിച്ച് നാമാവശേഷമായിത്തീർന്നു. അതിനുശേഷം ദേവസ്വമാണ് നേരിട്ട് നടത്തുന്നത്. അഞ്ച് മുതൽ എട്ട് വരെയും പണ്ട് താലപ്പൊലി ഉണ്ടായിരുന്നു. അഞ്ചാം താലപ്പൊലി ചോവന്മാരും ആറാം താലപ്പൊലി അരയന്മാരും ഏഴ് കണകന്മാരും എട്ടാമത്തേത് ചെറുമരുമാണ് നടത്തിയിരുന്നത്. പിൽക്കാലത്ത് അത് നാല് ദിവസമായി ചുരുങ്ങി. [10]
ചാന്താട്ടം
[തിരുത്തുക]മേടമാസത്തിലെ കാർത്തിക നാളിലെ ചാന്താട്ടം പ്രധാനമാണ്. തേക്കിൻകറ, ഗോരോചനം, കസ്തൂരി എന്നിവ കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന ചാന്ത് ഉപയോഗിച്ചാണ് തടിയിൽ നിർമ്മിച്ചിട്ടുള്ള ദേവി വിഗ്രഹത്തിന് ചാന്താട്ടം നടത്തുന്നത്. ആടിയ ചാന്ത് തൊടുന്നത് സ്ത്രീകൾക്ക് നെടുമംഗല്യത്തിൻ ഉത്തമമാണെന്ന് കരുതുന്നു.
നവരാത്രി
[തിരുത്തുക]ക്ഷേത്രത്തിൽ ആഘോഷിക്കുന്ന മറ്റൊരു ഉത്സവമാണ് നവരാത്രി ഉത്സവം. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി ഇത് നടക്കുന്നു. ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന പ്രസിദ്ധമായ ഉത്സവം ആണിത്. ഭഗവതിയെ ഒൻപത് ഭാവങ്ങളിൽ ഈ ദിവസങ്ങളിൽ ആരാധിക്കുന്നു. ഇതിന്റെ അവസാനത്തെ 3 ദിവസങ്ങൾ ഏറെ പ്രധാനമാണ്. പത്താം ദിവസമായ വിജയദശമി നാളിൽ രാവിലെ വിദ്യാരംഭം നടക്കുന്നു. കലാസാംസ്കാരിക പരിപാടികളും ഈ ദിവസങ്ങളിൽ നടക്കുന്നു.
പ്രത്യേക ആചാരങ്ങൾ
[തിരുത്തുക]
മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടത്തെ ചില ആചാരങ്ങളും ചടങ്ങുകളും നടത്തുന്നത് ദ്രാവിഡ ഗോത്രത്തിൽ പെട്ടവരാണ്.
- ക്ഷേത്രപാലന്റെ നടയ്ക്കൽ ഉടയ്ക്കുന്ന നാളികേരത്തിന്റെ അവകാശം എടമുക്കിലുള്ള കുഡുംബി സമുദായക്കാർക്കാണ്. അതിന് അവർ കൊല്ലം തോറും കർക്കടമാസം സംക്രാന്തിക്ക് ക്ഷേത്രപരിസരം മുഴുവനും ചെത്തി വൃത്തിയാക്കണം. [13]
- വസൂരിമാലക്ക് മഞ്ഞപ്പൊടി ആടിക്കുവാനുള്ള അവകാശം പ്ലാപ്പിള്ളി, തേറോടം എന്നീ രണ്ടു വീടുകളിലെ സ്ത്രീകൾക്കാണുള്ളത്. എല്ലാ നടക്കലുമുള്ള ദീപസ്തംഭങ്ങൾ തെളിയിക്കലും പ്രസാദങ്ങൾ കൊടുക്കലും വടക്കേ നടയിലുള്ള ആൽത്തറകളിൽ പൂരുരുട്ടാതി മുതൽ ഇരുന്നു കന്നിവെളിച്ചപ്പാടന്മാരെ വെട്ടിത്തെളിയിച്ചു വാളും ചിലമ്പും കൊടുക്കാനുള്ള അധികാര അവകാശങ്ങളും മേൽ പറഞ്ഞ രണ്ടു വീടുകളിലേയും ആണുങ്ങൾക്കുള്ളതാണ്.
- മേല്പ്പറഞ്ഞ രണ്ടുവീട്ടിലേയും സ്ത്രീകളും പുരുഷന്മാരുമാണ് ദേവിയുടെ ക്ഷേത്രത്തിലെ അടിച്ചുതളി, പാത്രം തേപ്പ്, പൂവുകൊടുക്കൽ, മലരുവറക്കൽ, അരിയടിക്കൽ, മഞ്ഞൾ പൊടിക്കൽ എന്നീ ചുമതലകൾ ചെയ്തു പോരുന്നത്. വർഷങ്ങളായി ഇതിനു വീഴ്ചയൊന്നും വരുത്തിയിട്ടില്ല.
- കേരളത്തിലെ പഴയ ആചാരങ്ങളിൽ ഒന്നായ “കൂട്ടമിരിപ്പ്” (തറക്കൂട്ടം) ഇപ്പോൾ കേരളത്തിൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ മാത്രമേയുള്ളു. മലയാള മാസം ഒന്നാം തിയതിയാണ് കിഴക്കെനടയിൽ കൂട്ടമിരിപ്പ്. ഇത് പഴയ കാലത്തെ സഭയാണെന്ന് വിശ്വാസം. സങ്കടക്കാരാരുമില്ലെങ്കിലേ കൂട്ടം പിരിയാവൂ എന്നും ക്രമമുണ്ടായിരുന്നത്രെ.
ഭരണിപ്പാട്ട്
ഭരണിപ്പാട്ട് രണ്ടു തരമുണ്ട്. ദേവിയെ ഭക്തിയോടെ സ്തുതിക്കുന്നവയും തെറിപ്പാട്ടുകളും. ധാരളം കഥ അഖ്യാനങ്ങളുള്ള പാട്ടുകളുണ്ട് എങ്കിലും ഭരണിപ്പാട്ട് പൊതുവെ അറിയപ്പെടുന്നത് തെറിപ്പാട്ടുകൾ എന്നാണ്. കോഴിക്കല്ലു മൂടൽ ചടങ്ങു കഴിഞ്ഞാൽ ഉടനെ തന്നെ വടക്കേ ഗോപുരത്തിൽ ഭരണിപ്പാട്ട് തുടങ്ങുന്നു. തൃശൂരിലെ വല്ലച്ചിറയിൽ നിന്ന് വരുന്ന സംഘമാണ് ആദ്യമായി പാടി ത്തുടങ്ങുന്നത്. ഇവർക്ക് കോമരങ്ങൾ ഇല്ല. ഇവരിലെ കാരണവർ ദേവിയെ സ്തുതിച്ച് പാടൂമ്പോൾ മറ്റുള്ളവർ തന്നാരം പാടുന്നു. ഊരകത്തമ്മയും കൊടുങ്ങല്ലുരമ്മയും തമ്മിലുള്ള സംവാദം ഇവരുടെ പാട്ടിലുണ്ട്. [15]
അശ്വതിനാൾ മുതൽ എഴുനാൾ നട അടച്ചിടുന്നത് ദേവി തീണ്ടാരിയായതിനാൽ ആണെന്ന് ഒരു സങ്കല്പമുണ്ട്. ഈ സമയത്ത് ദേവിയെ സംതൃപ്തിപ്പെടുത്താനാണ് തെറിപ്പാട്ടുകൾ പാടുന്നത് എന്നാണ് വിശ്വാസം. തെറിപ്പാട്ടുകളെ വീണ്ടും മൂന്നായി തിരിക്കാവുന്നതാണ്. ഒന്ന് വളരെ നാടൻ എന്നു തോന്നിക്കുന്ന പാട്ടുകൾ ആണ്. അതിൽ ആലങ്കാരികമായി ലൈംഗികാവയവങ്ങളേ കുറിച്ചും ലൈംഗികക്രിയകളെക്കുറിച്ചും പ്രകൃതിയിലെ മറ്റു പലതിനോടുപമിച്ചും പാടുന്നു. രണ്ടാമത്തേത് പ്രശസ്തമയ പുരാണകഥകളെ ആസ്പദമാക്കി ഉള്ളവയാണ്. ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാണ് മൂന്നാമത്തെ തരം. ഇതിൽ ആദ്യം പാടുന്ന ഈരടിയും പിന്നീട് പാടുന്ന തന്നാരവുമായി യാതൊരു ബന്ധവും കാണണമെന്നില്ല. ഇവ നിരന്തരം പുതുക്കി ക്കൊണ്ടിരിക്കുന്നവയും സമകാലീന സംഭവങ്ങൾ വരെ ഉൾപ്പെടുന്നവയായിരിക്കും എന്നാണിതിൻ്റെ പ്രത്യേകത. കൊടുങ്ങല്ലൂർ ഭഗവതി പ്രത്യക്ഷത്തിൽ വരുന്നത് ഈ പാട്ടുകളിലാണ്. പുരാണകഥാപാത്രങ്ങളെ പോലെ തന്നെ കേരളത്തിലെ മറ്റു ദൈവങ്ങളും ഇതിൽ പ്രത്യക്ഷപ്പെടാറുണ്ട്. കാവിൻ്റെ ചെമ്പു മേഞ്ഞ മേൽകൂര, ടാറിട്ട റോഡ്, പോലീസ്, കമ്പിത്തപാൽ, ചെങ്കൽച്ചൂള, ക്രിസ്മസ്കേക്ക് തുടങ്ങിയ പലതും, ആധുനിക കാലത്തെ രാഷ്ട്രീയക്കാർ വരെ ഇതിൽ വിഷയങ്ങളായി ഭവിക്കുന്നു.
തൃച്ചന്ദനച്ചാർത്ത്
മീനഭരണിയുടെ തലേന്ന് നടത്തപ്പെടുന്ന അശ്വതിപൂജ “തൃച്ചന്ദന ചാർത്ത്“ എന്ന് അറിയപ്പെടുന്ന രഹസ്യ പൂജയാണ്. ദാരികനുമായുള്ള യുദ്ധത്തിൽ ദേവിക്കുണ്ടായ മുറിവുകൾക്കുള്ള ചികിത്സയായിട്ടാണ് തൃച്ചന്ദന ചാർത്തൽ പൂജയെ സങ്കല്പിക്കുന്നത്.
ഉച്ചകഴിഞ്ഞ് ശ്രീകോവിൽ കഴുകി വൃത്തിയാക്കുന്നു. മറ്റു പൂജകൾക്കായി ഉപയോഗിക്കുന്ന വിളക്കുകളും പാത്രങ്ങളും ഈ പൂജയ്ക്ക് ഉപയോഗിക്കില്ല. എല്ലാം വേറേ വേണമെന്നാണ് ചട്ടം. ഇതിൻ്റേത് വേറെ ഒന്നിനും ഉപയോഗിക്കാറില്ല. താന്ത്രികമായ ആരാധനാ വിധികളാണ് ഇതിലെന്ന് പറയപ്പെടുന്നു. ഈ കർമ്മം ചെയ്യുന്നത് അടികൾമാരാണ്. മൂന്ന് പ്രധാന മഠങ്ങളായ കുന്നത്തുമഠം, മഠത്തിൽ മഠം, നിലത്തു മഠം എന്നീ മഠങ്ങളിലെ കാരണവന്മാരായ അടികൾമാരാണിവർ. തലേ ദിവസം ഇതിനു വേണ്ടി അവർ കഠിനവ്രതം നോൽക്കുന്നു. ദേവിക്ക് ചാർത്താനുള്ള തൃച്ചന്ദനം രഹസ്യവിധിയുള്ള കൂട്ടാണ്. പല മരുന്നുകളും മറ്റും ചേർന്നതാണിത് എന്നു കരുതുന്നു ഈ രഹസ്യക്കൂട്ട് ഈ മൂന്ന് പേർക്കു മാത്രമേ അറിയൂ. ഏഴരയാമം ( മൂന്നു മണിക്കൂർ) നീളുന്നതാണീ പൂജ. കാറ്റ് കടക്കാത്ത ശ്രീകോവിലിൽ അടച്ചിരുന്നാണ് പൂജകൾ ചെയ്യുന്നത്. പ്രധാന സാമഗ്രി മഞ്ഞൾപ്പൊടി തന്നെയാണ്. മഞ്ഞൾപ്പൊടി കരിക്കിൻ വെള്ളത്തിൽ കുഴച്ചാണ് തൃച്ചന്ദനം ഒരുക്കുക. ഇളനീർ മൂട് വെട്ടിയതും ത്രിമധുരവുമാണ് നിവേദ്യം. ഉച്ചക്ക് മൂന്ന് അടികൾമാരും വട്ടക്കുളത്തിൽ കുളിച്ച് വന്ന് ഒരു മണിയോടെ ശ്രീകോവിലിൽ കടന്ന് വാതിലടച്ച് പൂജയാരംഭിക്കുന്നു. ആ സമയത്ത് ചുറ്റമ്പലത്തിലുള്ള പ്രദക്ഷിണ വഴിയിൽ ആരും ഉണ്ടാകാൻ പാടില്ല. ഇതിൽ സവർണ്ണാവർണ്ണ ഭേദം ഒന്നും ഇല്ല. പൂജ തുടങ്ങുന്നതിനു മുന്ന് കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കാവിലെത്തണം എന്നുണ്ട്. തമ്പുരാൻ കാവിലെ ബലിക്കൽ പുരയിൽ ഇരിക്കുന്നു. പൂജ കഴിയുന്നതുവരെ അദ്ദേഹം അവിടെ നിന്നു മാറില്ല. പൂജ കഴിഞ്ഞ് തമ്പുരാൻ കിഴക്കേ നടയിൽ ഇരിക്കുകയും കാവു തീണ്ടലിന് അനുമതി കൊടുക്കുകയും ചെയ്യുന്നു. ഇതിനെ ‘നിലപാട്‘ എന്നാണ് പറയുക. നാലുമണി കഴിയുമ്പോൾ പൂജ അവസാനിക്കുന്നു. പൂജ കഴിഞ്ഞ് അടികൾമാർ പുറത്തു വന്ന് നടയടക്കും. തുടർന്ന് കാവ് തീണ്ടൽ (കാവ് പൂകൽ) നടക്കുന്നു. തൃച്ചന്ദനച്ചാർത്ത് പൂജ കഴിഞ്ഞ് അടക്കുന്ന ക്ഷേത്രനട ഏഴ് ദിവസം അടച്ചിട്ടു പ്രത്യേക പൂജകൾ നടത്തുന്നു. ഇതിന് ശേഷം പൂയം ദിവസം നട തുറപ്പ് നടത്തുന്നു.
ഒ.കെ.യോഗം
[തിരുത്തുക]കേരളത്തിൽ പ്രശസ്തവും വളരെ പഴക്കമുള്ളതുമായ ഒരു യോഗസഭയാണ് കൊടുങ്ങല്ലൂരിലെ ഒന്നുകുറെ ആയിരം യോഗം. ചേരമാൻ പെരുമാളിൻറെ നേതൃത്വത്തിൽ പെരുമാളും വിശ്വസ്തരായ നായർ സ്നേഹിതന്മാരുംകൂടി ആയിരം പേർ അടങ്ങിയ നായർ സൈന്യമായിരുന്നു ഇത്. പെരുമാളിൻറെ കാലശേഷം ഒഴിവിലേക്ക് മറ്റൊരാളെ നിയമിക്കാത്തതിനെ തുടർന്ന് 999 പേർ മാത്രമായതിനാലാണ് ഒന്നുകുറച്ച് ആയിരം യോഗം എന്ന പേർ ഉണ്ടായത്. കാലക്രമേണ ഇത് ലോപിച്ച് "ഒന്നുകുറെ ആയിരം യോഗം" എന്നും ഇന്ന് "ഒ.കെ.യോഗം" എന്നും അറിയപെടുന്നു.
പെരുമാൾ ഭരണത്തിനുശേഷം കൊടുങ്ങല്ലൂർ രാജകുടുംബം നിലവിൽ വന്നതോടെ ഒ.കെ.യോഗവും കൊടുങ്ങല്ലൂർ രാജാക്കന്മാരും ഒത്തുചേർന്ന് ക്ഷേത്രകാര്യങ്ങൾ ആലോചിച്ചിരുന്നു എന്നും അതിൻറെ തുടർച്ചയായി എല്ലാ മലയാളമാസം ഒന്നാം തിയതി രാവിലെ പന്തീരടിപൂജയ്ക്കു ശേഷം ക്ഷേത്രത്തിൻറെ കിഴക്കേനടയിൽ പ്രദക്ഷിണവഴിയിൽ "നിഴലിരിക്കൽ" എന്ന ചടങ്ങ് നടത്തിവരുന്നതായി പറയപ്പെടുന്നു. ക്ഷേത്രകാര്യങ്ങൾ ചർച്ച ചെയ്യുന്നതിനു വേണ്ടി കൂട്ടം ഇരിക്കുന്നതിനെയാണ് നിഴലിരിക്കൽ എന്നു പറഞ്ഞുവരുന്നത്. യോഗത്തിലെ കുറഞ്ഞപക്ഷം 32 ആളുകൾ ഈ ചർച്ചയിൽ പങ്കെടുക്കണമെന്ന് നിർബന്ധമുണ്ട്.
ക്ഷേത്രത്തിലെ പ്രധാന ദിവസങ്ങളിലെ ചടങ്ങുകൾ ഒ.കെ.യോഗം നേരിട്ടാണ് നടത്തിവരുന്നത്. താലപ്പൊലി മഹോത്സവത്തിൻറെ തുടക്കം കുറിച്ചുകൊണ്ടുള്ള 1001 കതിനാവെടിയും ഒന്നാം ദിവസത്തെ താലപ്പൊലി മഹോത്സവവും ഇന്നും മുടക്കം വരാതെ ഒ.കെ.യോഗമാണ് നടത്തിവരുന്നത്. വിവിധ സേവനപ്രവർത്തനങ്ങൾക്കുവേണ്ടിയും മറ്റും സഹായധനമായിട്ടും വർഷംതോറും നല്ലൊരു സംഖ്യ യോഗം ചെലവാക്കിവരുന്നുണ്ട്.
എത്തിച്ചേരുവാനുള്ള വഴി
[തിരുത്തുക]- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - ഇരിങ്ങാലക്കുട. ഏകദേശം 17 കിലോമീറ്റർ അകലെ. ധാരാളം എക്സ്പ്രസ്സ് ട്രെയിനുകൾ ഇവിടെ നിർത്താറുണ്ട്.
- ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ - തൃശ്ശൂർ - 35 കിലോമീറ്റർ അകലെ, മറ്റൊന്ന് ആലുവ.
- ഏറ്റവും അടുത്തുള്ള പട്ടണം - കൊടുങ്ങല്ലൂർ
- ഏറ്റവും അടുത്തുള്ള വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം - 30 കിലോമീറ്റർ അകലെ.
- കൊല്ലം-കൊടുങ്ങല്ലൂർ ജലപാതക്കരികിലാണ് ഈ ക്ഷേത്രം.
ചിത്രശാല
[തിരുത്തുക]- ക്ഷേത്രത്തോടനുബന്ധിച്ച ചിത്രങ്ങൾ
- കിഴക്കെ നട
- വടക്കെ നട പന്തൽ
അവലംബം
[തിരുത്തുക]- ↑ ഇളയത്, കുഞ്ഞിക്കുട്ടൻ (2002). കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ. Thrissur: H & C Publishing House.
{{cite book}}: Cite has empty unknown parameter:|coauthors=(help) - ↑ കൃഷ്ണപിള്ള, നാലാങ്കൽ (1982). മഹാക്ഷേത്രങ്ങളുടെ മുന്നിൽ. Kottayam: Sahitya Pravarthaka Co-operative Society Ltd.
{{cite book}}: Cite has empty unknown parameter:|coauthors=(help) - 1 2 3 രാജേന്ദ്രൻ, പി.ജി. (2000). ക്ഷേത്ര വിജ്ഞാനകോശം. Kottayam: D.C.Books. ISBN 81-2640-254-7.
{{cite book}}: Cite has empty unknown parameter:|coauthors=(help) </ref ഇവിടത്തെ <nowiki>ഭരണി</nowiki> ഉത്സവത്തിനോടനുബന്ധിച്ചു നടക്കുന്ന കോഴിക്കല്ലു മൂടൽ, [[കാവുതീണ്ടൽ]], [[ഭരണിപ്പാട്ട്]] എന്നിവ പ്രസിദ്ധമാണ്. == ചരിത്രം == <!-- [[ചിത്രം:കൊടുങ്ങല്ലൂർ-കുരുംബഭഗവതിക്ഷേത്രം.jpg|thumb|വടക്കേ നട ]] --> ഈ [[ക്ഷേത്രം]] ആദ്യകാലത്ത് കേരളതീരത്തെ, അമ്മദൈവങ്ങളെ ആരാധിച്ചുപോന്ന പ്രാചീനജനവിഭാഗങ്ങളുടേതായിരുന്നു. പതിവ്രത [[ദൈവം]] എന്ന പത്തിനിക്കടവുൾ ആയിരുന്നു പ്രതിഷ്ഠ. [[സംഘകാലം|സംഘകാലത്ത്]] സ്ഥാപിക്കപ്പെട്ട ഈ ക്ഷേത്രത്തിന്റെ (ഇന്നു കാണുന്ന ക്ഷേത്രമല്ല) സ്ഥാപകൻ [[ചേരൻ ചെങ്കുട്ടുവൻ|ചേരൻ ചെങ്കുട്ടുവനാണ്]]. <ref>എ. ശ്രീധരമേനോൻ, കേരളശില്പികൾ. ഏടുകൾ 18-19, നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988 - ↑ S. N., Sadasivan. "A Social History of India".
- ↑ സംഘകാലകൃതികളായ അകനാനൂറ്, പുറനാനൂറ്, മണിമേഖല തുടങ്ങിയവയിൽ ചേരരാജാക്കന്മാർ ബുദ്ധരായിരുന്നു എന്നും ആതൻ എന്ന അവരുടെ സ്ഥാനപ്പേരു അർഹതൻ എന്ന ബുദ്ധ സംജ്ഞയുടെ പ്രദേശികനാമമാണെന്നും പറയുന്നുണ്ട്.
- 1 2 ഗോപാലകൃഷ്ണൻ, പി.കെ (1974). കേരളത്തിൻറെ സാംസ്കാരികചരിത്രം. തിരുവനന്തപുരം: കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്.
{{cite book}}: Cite has empty unknown parameter:|coauthors=(help) - ↑ വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9.
{{cite book}}: Cite has empty unknown parameter:|coauthors=(help) - ↑ കിളിമാനൂർ, വിശ്വംഭരൻ (1990.). കേരള സംസ്കാര ദർശനം. കേരള: കാഞ്ചനഗിരി ബുക്സ് കിളിമാനൂർ.
{{cite book}}: Check date values in:|year=(help); Cite has empty unknown parameters:|origmonth=,|chapterurl=,|origdate=, and|coauthors=(help); Unknown parameter|month=ignored (help)CS1 maint: year (link) - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "r1" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - 1 2 3 നാരായണൻ, എം.പി. (2008). ക്ഷേത്രദർശനം. തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ്.
{{cite book}}: Cite has empty unknown parameter:|coauthors=(help) - 1 2 3 നന്ദകുമാർ, എസ്.എസ്. (1994). കൊടുങ്ങല്ലൂർ കാവിലമ്മ.
{{cite book}}: Cite has empty unknown parameter:|coauthors=(help) - ↑ വേലായുധൻ, പണിക്കശ്ശേരി. സഞ്ചാരികൾ കണ്ട കേരളം (2001 ed.). കോട്ടയം: കറൻറ് ബുക്സ്. p. 434. ISBN 81-2401-053-6.
{{cite book}}: Cite has empty unknown parameters:|month=,|chapterurl=,|origdate=, and|coauthors=(help) - 1 2 3 4 5 6 7 8 9 പി.സി, കർത്താ (2003) [1998]. ആചാരാനുഷ്ഠാനകോശം (ദ്വിതീയ പതിപ്പ് ed.). കേരളം: ഡി.സി. ബുക്സ്. ISBN 81-7130-860-0.
{{cite book}}:|access-date=requires|url=(help); Check date values in:|accessdate=(help); Cite has empty unknown parameters:|month=,|chapterurl=,|origdate=, and|coauthors=(help) - ↑ വില്യം, ലോഗൻ. ടി.വി. കൃഷ്ണൻ (ed.). മലബാർ മാനുവൽ (6-ാം ed.). കോഴിക്കോട്: മാതൃഭൂമി. p. 440. ISBN 81-8264-046-6.
{{cite book}}: Cite has empty unknown parameters:|month=,|chapterurl=,|origdate=, and|coauthors=(help) - ↑ http://shodhganga.inflibnet.ac.in:8080/jspui/bitstream/10603/17501/7/07_chapter%202.pdf