Jump to content

വില്യം ലോഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്യം ലോഗൻ

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ മലബാർ ജില്ലയിൽ ഭരണപരിഷ്ക്കാരവും കാർഷികനിയമസംവിധാനവും സമുദായമൈത്രിയും കൈവരുന്നതിനനായി അത്യദ്ധ്വാനം ചെയ്ത പ്രഗൽഭനായ ഭരണാധികാരിയും ന്യായാധിപനുമായിരുന്നു വില്ല്യം ലോഗൻ അഥവാ ലോഗൻ സായിപ്പ്. മലബാറിന്റെ കളക്ടറായിരുന്നുകൊണ്ട്‌ തദ്ദേശവാസികളുടെ പ്രശ്നങ്ങൾ പഠിക്കാനും അവയ്ക്ക്‌ പരിഹാരം കാട്ടാനും വില്യം ലോഗൻ പ്രകടമാക്കിയ താൽപര്യം മലബാർ മാനുവൽ എന്ന ഗ്രന്ഥത്തിന്റെ രൂപത്തിൽ കേരളചരിത്രത്തിൽ ആ ബ്രിട്ടീഷുകാരനു സവിശേഷമായൊരു സ്ഥാനം നേടികൊടുത്തു.

ജീവചരിത്രം

[തിരുത്തുക]
ലോഗൻ കുടുംബത്തിന്റെ മുദ്ര

സ്കോട്ട്‌ലണ്ടിലെ വെർവിക്ഷയറിലെ(ബര്‌വിക്ഷയർ)ഫെർനികാസിൽ ഒരു കർഷകകുടുംബത്തിൽ 1841 മേയ് 17-നാണ്‌ അദ്ദേഹം‍ ജനിച്ചത്. പിതാവ് ഡേവിഡ് ലോഗൻ, മാതാവ് എലിസബത്ത് ഹേസ്റ്റി. എഡിൻബർഗിനു സമീപത്തുള്ള മുസൽബർഗ് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. പഠനത്തിൽ വളരെ മിടുക്കനായിരുന്ന വില്യം ഏറ്റവും ബുദ്ധിശാലിയായ വിദ്യാർത്ഥിക്കുള്ള ഡ്യൂക്‌സ് മെഡൽ കരസ്ഥമാക്കിയിരുന്നു. പിന്നീട് എഡിൻബർഗ് സർ‌വകലാശാലയിൽ ചേർന്നതിനോടൊപ്പം മദ്രാസ് സിവിൽ സർവീസ് പരീക്ഷയിലും അദ്ദേഹം പങ്കെടുത്തു.[1] സിവിൽ സർ‌വീസിൽ അന്നുവരെ സമ്പന്നർക്കും ആഭിജാത കുടുംബങ്ങൾക്കുമുണ്ടായിരുന്ന കുത്തക തകർത്ത് കർഷക കുടുംബത്തിൽ പെട്ട അദ്ദേഹവും സ്ഥാനം നേടി.

ഇന്ത്യയിൽ

[തിരുത്തുക]

1862-ൽ മദ്രാസ്‌ സിവിൽ സർവീസിൽ സേവനത്തിനായി അദ്ദേഹം ഇന്ത്യയിൽ എത്തി. തമിഴ്, തെലുങ്ക്, മലയാളം എന്നീ പ്രാദേശികഭാഷാ പരീക്ഷകൾ പാസ്സായ ശേഷം ആദ്യം ആർക്കാട്‌ ജില്ലയിൽ അസിസ്റ്റന്റ്‌ കളക്ടറായും ജോയിൻറ് മജിസ്ട്രേറ്റായും പിന്നീട്‌ വടക്കേ മലബാറിൽ സബ് കളക്ടറായും (1867) ജോയിന്റ് മജിസ്ട്രേറ്റായും നിയമിതനായി. 1872 ൽ അദ്ദേഹം നാട്ടിലേക്ക് മടങ്ങിപ്പോവുകയും ഒരു വർഷത്തിനുശേഷം മടങ്ങിയെത്തുകയും ചെയ്തു. ഇപ്രാവശ്യം തലശ്ശേരിയിൽ വടക്കേ മലബാറിൻറെ ആക്റ്റിംഗ് ജില്ലാ സെഷന്സ് ജഡ്ജിയായും മലബാറിൻറെ കളക്ടറായി നിയമിതനായി. അടുത്ത വർഷം തെക്കേ മലബാറിൻറെ ആക്റ്റിംഗ് ജില്ലാ സെഷൻസ് ജഡ്ജിയായും നിയമിതനായി. തെക്കേ മലബാറിൻറെ ജില്ലാ നീതിപതിയായി സ്ഥാനമെടുത്തതോടെയാണ് അദ്ദേഹം മാപ്പിളത്താലൂക്കുകളിലെ കാർഷികപ്രശ്നങ്ങളെക്കുറിച്ചും കൊളോണിയൽ ഭരണം ഉണ്ടാക്കിയ കുടിയായ്മ പ്രശ്നത്തെക്കുറിച്ചും സമഗ്രമായി പഠിച്ചത്. 1875ൽ അദ്ദേഹം മലബാർ കളക്റ്ററായി. അതേ സമയം തന്നെ അദ്ദേഹം ജില്ലാ മജിസ്റ്റ്രേറ്റായും പ്രവർത്തിച്ചു. ഇക്കാലത്താണ്‌ അദ്ദേഹം ആ ഭൂപ്രദേശത്തിൻറെ ജനകീയ പ്രശ്നങ്ങളിൽ പ്രത്യേക താൽപര്യമെടുത്തു തുടങ്ങിയത്‌.

മലബാറിലെ മാപ്പിളത്താലൂക്കിൽ നിലവിലുള്ള കാണ-ജന്മ മര്യാദയെപ്പറ്റി, വിശദമായി പഠിച്ച്‌ സുദീർഘമായൊരു റിപ്പോർട്ട്‌ തയ്യാറാക്കി. (1882) ഇത് മലബാർ ടെനൻസി റിപ്പോർട്ട് എന്ന പേരിൽ അറിയപ്പെടുന്നു. ഇതേ വർഷം അദ്ദേഹം മദ്രാസ് സർ‌വകലാശാലയുടെ ഫെല്ലോ ആയി നിയമിക്കപ്പെട്ടു. തുടർന്ന് അദ്ദേഹത്തിന്‌ മദ്രാസ് റവന്യൂ ബോർഡിൻറെ മൂന്നാം ആക്റ്റിങ്ങ് മെംബറായി ഉദ്യോഗക്കയറ്റവും ലഭിച്ചു. അടുത്തവർഷം തിരുവിതാം‌കൂർ-കൊച്ചിയുടെ ആക്റ്റിംഗ് റസിഡൻറായി.(1883 മേയ് -1884 ഫെബ്രുവരി)ഇതിനിടക്ക് മലബാർ കുടിയായ്മ നിയമം സംബന്ധിച്ച റിപ്പോർട്ടുണ്ടാക്കുന്ന പ്രത്യേക ജോലിയിൽ അദ്ദേഹം പ്രവേശിച്ചു. 1884 ജൂലൈയിൽ അട്ടപ്പാടി വാലി സംബന്ധിച്ച കേസ് നടത്തുവാനുള്ള ഊഴമായിരുന്നു. സൈലൻറ് വാലി ഉൽപ്പെടെയുള്ള അട്ടപ്പാടി വനപ്രദേശം കൈവശപ്പെടുത്താൻ ചിലർ നടത്തിയ ഗൂഢാലോചന തകർത്തതും ലോഗൻ തന്നെ. ലിബറൽ ആയ ഉദ്യോഗസ്ഥനും ചരിത്രകാരനുമായാണ് വില്യം ലോഗൻ വിശേഷിപ്പിക്കപ്പെടുന്നത്. ആദ്യകാലത്ത് മറ്റ് ബ്രിട്ടീഷ് അധികാരികളെ പോലെ ഏകപക്ഷീയമായ നിപാടുകൾ ഇദ്ദേഹം വെച്ചു പുലർത്തിയിരുന്നുവെങ്കിലും പിന്നീട് ആ സമീപനത്തിൽ മാറ്റം വന്നു. മാപ്പിള ലഹളകൾ സൃഷ്ടിക്കുന്നതിൽ മാപ്പിള കുടിയാന്മാരെ പോലെ തന്നെ ജന്മികളും ബ്രിട്ടീഷ് സർക്കാരും തുല്യ ഉത്തരവാദികളാണെന്ന വില്യം ലോഗൻറെ വിലയിരുത്തൽ ബ്രിട്ടീഷ് അധികാര കേന്ദ്രങ്ങളെ പിടിച്ചുലച്ചിരുന്നു.[2]


മലബാർ മാനുവൽ

[തിരുത്തുക]
മലബാർ മാന്വൽ ആദ്യമായി അച്ചടിച്ച് വിതരണം ചെയ്തപ്പോൾ

മലബാർ മാനുവ‍ലിൻറെ രചനയാണ് വില്ല്യം ലോഗനെ അനശ്വരനാക്കിയത്‌ എന്ന് പറയാം. താൻ സ്നേഹിച്ചു പരിചരിച്ച ജില്ലയുടെ ചരിത്രവും ഭൂമിശാസ്ത്രവും പ്രശ്നങ്ങളും വികസന സാധ്യതയും എല്ലാം പഠിച്ചു വിശദമായി വിശകലനം ചെയ്യുന്ന ഈടുറ്റ ചരിത്രരേഖയാണത്‌. ഇന്ത്യാ സർക്കാർ ഇന്ത്യാ ഗസറ്റിയറും അതതു ജില്ലകളുടെ ചരിത്രത്തേക്കുറിച്ചും മറ്റും പ്രതിപാദിക്കുന്ന ജില്ലാ മാനുവലും തയ്യാറാക്കുന്ന സമഗ്രമായ പദ്ധതിയുടെ നടപ്പാക്കി. മലബാർ ജില്ലയുടെ ചുമതല അദ്ദേഹത്തെയാണ്‌ ഏല്പിച്ചത്. മാന്വലിൻറെ ഒന്നാമത്തെ വാല്യം 1887-ൽ അദ്ദേഹം പ്രസിദ്ധീകരിച്ചു. 1884-ൽ ഉണ്ടായ മാപ്പിള ലഹളയെക്കുറിച്ച് അദ്ദേഹം മാനുവലിൽ പ്രതിപാദിച്ചിരുന്നു. ഇത് മദ്രാസ് സർക്കാർ പിൻ‌വലിക്കാനാവശ്യപ്പെട്ടെങ്കിലും അദ്ദേഹം മാപ്പിളലഹളയുടെ കാർഷിക പശ്ചാത്തലം എടുത്തുകാട്ടി. ഇതിൽ എതിർപ്പ് ഉള്ളതുകൊണ്ടായിരിക്കണം അദ്ദേഹത്തെ കടപ്പ ജില്ലയുടെ ഡിസ്ട്രിക്റ്റ്-സെഷൻസ് ജഡ്ജിയായി സ്ഥലം മാറ്റിയത്. (1888 സപ്തംബർ). എന്നാൽ രണ്ടുമാസത്തിനുശേഷം ഈ പദവി രാജിവെച്ചുകൊണ്ട് അദ്ദേഹം ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മാപ്പിളലഹളകളുടെ കാരണമായി മലബാറിലെ കുടിയായ്മ പ്രശ്നം അവതരിപ്പിച്ചതിൻറെ ശിക്ഷയായിട്ടായിരിക്കണം ജുഡീഷ്യറിയിലേക്കുള്ള അദ്ദേഹത്തിൻറെ സ്ഥാനമാറ്റം എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു.

ഭരണാധികാരി

[തിരുത്തുക]

മലബാറിന്റെ സാമ്പത്തികമായ പുരോഗതിയിൽ അത്യന്തം ശ്രദ്ധാലുവായിരുന്നു ലോഗൻ. തോട്ട വ്യവസായങ്ങളുടെ സവിശേഷതകൾ അദ്ദേഹം മനസ്സിലാക്കി. ലൈബീരിയൻ കാപ്പി, വാനില, കൊക്കോ, റബ്ബർ തുടങ്ങിയ വിളകൾ വ്യാപിപ്പിക്കേണ്ടതാണെന്ന് അദ്ദേഹം ശുപാർശ ചെയ്തു. കോഴിക്കൊട് തുറമുഖം വികസിപ്പിക്കാൻ പദ്ധതികൾ തയ്യാറാക്കി. തിരുവിതാംകൂറിൽ ആക്റ്റിങ്ങ് റസിഡന്റ് ആയിരിക്കുമ്പോൾ തിരുവനന്തപുരത്തെ മധുരയുമായി ബന്ധിപ്പിക്കാനുള്ള ഒരു റെയില്‌വേ അദ്ദേഹം ശുപാർശ ചെയ്തു. അട്ടപ്പാടിയിലെ സൈലന്റ് വാലി കയ്യടക്കാനുള്ള സ്വകാര്യ വ്യക്തികളുടെ ശ്രമങ്ങളെ കോടതിയിൽ ച്ദ്യം ചെയ്യാൻ വ്യക്തമായ തെളിവുകൾ ഹാജരാക്കി അത് പരാജയപ്പെടുത്തി. അട്ടപ്പാടി ഒരു സർക്കാർ വനമായി പ്രഖ്യാപിക്കുന്നതിൽ അദ്ദേഹം പങ്കു വഹിച്ചു. മലബാർ ജില്ല രൂപീകൃതമായപ്പോൾ തെക്കേ മലബാറിൽ മാപ്പിള സ്കൂളുകൾക്കായി അദ്ദേഹം പ്രയത്നിച്ചു. കുടിയാനു മണ്ണിൽ സ്ഥിരാവകാശം നൽകുന്ന നിയമനിർമ്മാണം അദ്ദേഹം ശുപാർശ ചെയ്തു. നൂറ്റാണ്ടുകളായി നില നിന്നിരുന്ന മരുമക്കത്തായം അവസാനിച്ചാൽ മാത്രമേ മലയാളികൾക്ക് മോചനം ലഭിക്കൂ എന്നദ്ദേഹം നിരീക്ഷിച്ചു.

കുടുംബം

[തിരുത്തുക]

1872 ഡിസംബറിൽ ആനി സെൽബി ബുറൽ എന്ന യുവതിയെ അദ്ദേഹം വിവാഹം ചെയ്തു. അവർക്ക് 1873-ൽ ആദ്യസന്താനം പിറന്നു. മേരി ഓർഡ് എന്ന പുത്രി തലശ്ശേരിയിൽ വച്ചാണ്‌ പിറന്നത്. പിന്നീട് വില്യം മൽകോൻ എന്ന പുത്രനും കോഴിക്കോട് വച്ച് അവർക്കുണ്ടായി. പിന്നീട് സ്കോട്ട്ലലണ്ടിൽ വച്ച് 1877-ൽ എലിസബത്ത് ഹെലനും 1880-ൽ ഇളയമകളും ജനിച്ചു. [3]

അവസാനകാലം

[തിരുത്തുക]

1887-ൽ ഇന്ത്യ വിട്ടു. വീണ്ടും കുറേനാളുകൾ കൂടി ഇന്ത്യയിൽ സേവനമനുഷ്ഠിച്ചശേഷം ഉദ്യോഗത്തിൽ നിന്നു വിരമിച്ച്‌ ഇംഗ്ലണ്ടിലേക്ക്‌ മടങ്ങിയ വില്ല്യം ലോഗൻ, നായാട്ട്, വെടിവെയ്പ്, ഗോൾഫ് കളി എന്നിവ ആസ്വദിച്ച് ജീവിതസായാഹ്നം തള്ളി നീക്കി. അദ്ദേഹത്തിന്‌ സ്വന്തം നാട്ടിൽ നാല്‌‍ വീടുകൾ ഉണ്ടായിരുന്നു. എഡിൻബറിലെ കോളിങ്ങടിണിലെ സ്വവസതിയിൽ വച്ച് 1914- ഏപ്രിൽ 3-ന്‌ അദ്ദേഹം അന്തരിച്ചു.

വില്യം ലോഗന്റെ സംഭാവനകൾ

[തിരുത്തുക]

ഭരണാധികാരിയെന്ന നിലയിൽ

[തിരുത്തുക]

മലബാറിൻറെ സാമ്പത്തിക പുരോഗതിയിൽ അദ്ദേഹം വളരെയധികം ശ്രദ്ധിച്ചിരുന്നു. തോട്ടവ്യവസയായ മേഖലയുടെ പ്രാധാന്യം മനസ്സിലാക്കിയ അദ്ദേഹം ലൈബീരിയൻ കാപ്പി, വാനില, കൊക്കോ, റബ്ബർ, തുടങ്ങിയ വിളകൾ വ്യാപിപ്പിക്കേണ്ടതിനായി ശുപാർശ നടത്തി. ശാസ്ത്രീയമായി കൃഷി നടത്താൻ പരീക്ഷണത്തോട്ടവും അവ പഠിപ്പിക്കുന്നതിനു ഗാർഡൻ സ്കൂളും അദ്ദേഹം ശുപാർശ ചെയ്തു. കോഴിക്കോട് തുറമുഖം വികസിപ്പിക്കാനായി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി. തിരുവിതാംകൂറിൽ റസിഡൻറ് ജോലി നോക്കുന്ന സമയത്ത് തിരുവനന്തപുരത്തേയും മധുര, കന്യാകുമാരിയേയും ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതിക്ക് അദ്ദേഹം ശുപാർശ ചെയ്തിരുന്നു. അട്ടപ്പാടിയിലെ സൈലൻറ് വാലി കയ്യടക്കാനുള്ള സ്വകാര്യ വ്യക്തികളുടെ പരിശ്രമത്തെ പരാജയപ്പെടുത്തിയത് അദ്ദേഹമാണ്‌. മാപ്പിള സ്കൂളുകൾ തുടങ്ങുവാൻ നേതൃത്വം കൊടുത്തു.

മലബാറിലെ കുടിയായ്മ നിയമങ്ങളുടേയും സാമൂഹ്യപരിഷ്കാരങ്ങളുടേയും പിതാവാണ്‌ വില്യം ലോഗൻ. കുടിയാനു മണ്ണിൽ സ്ഥിരാവകാശം നൽകുന്ന നിയമനിർ‌മാണം അദ്ദേഹത്തിൻറെ സംഭാവനയായിരുന്നു. മലബാറിലെ മരുമക്കത്തായം നിർത്തലാക്കാനും അദ്ദേഹം പരിശ്രമിച്ചു. എന്നാലേ സാമൂഹ്യപുരോഗതി കൈവരിക്കാനാവൂ എന്നദ്ദേഹം ശുപാർശ ചെയ്തു.

കൃതികൾ

[തിരുത്തുക]
  • മലബാർ മാനുവൽ [4]
  • എ കലക്ഷൻ ഓഫ് ട്രീറ്റീസ്, എൻ‌ഗേജ്മെന്റ്സ് ആൻഡ് അദർ പേപ്പർസ് ഓഫ് ഇം‌പോർട്ടന്റ്സ് റിലേറ്റിങ്ങ് ടു ബ്രിട്ടീഷ് അഫയേർസ് ഇൻ മലബാർ (1879)-എഡിറ്റർ
  • മിസ്റ്റർ ഗ്രെയിംസ് ഗ്ലോസ്സറി ഓഫ് മലയാളം വേർഡ്സ് ആന്‌ഡ് ഫ്രേയ്സസ്. (1882)-(എഡിറ്റർ)

അവലംബം

[തിരുത്തുക]
  1. വില്യം, ലോഗൻ. ടി.വി. കൃഷ്ണൻ (ed.). മലബാർ മാനുവൽ (6-‍ാം ed.). കോഴിക്കോട്: മാതൃഭൂമി. p. 440. ISBN 81-8264-0446-6. {{cite book}}: Check |isbn= value: length (help); Cite has empty unknown parameters: |origdate=, |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, and |coauthors= (help); Text "others" ignored (help)
  2. ഡോ. കെ.കെ. എൻ. കുറുപ്പ്, വില്യം ലോഗൻ: എ സ്റ്റഡി ഇൻ ദ അഗ്രേറിയൻ റിലേഷൻസ് ഓഫ് മലബാർ, 1982
  3. "William Logan (1841-1914)". Retrieved 2021-08-18.
  4. http://books.google.com/books?hl=en&id=WjiFvC3h8UUC&dq=Malabar+Manual&printsec=frontcover&source=web&ots=bS835NmksY&sig=vinplBWWuFuFm4ZUMfFcSAvXLTk&sa=X&oi=book_result&resnum=5&ct=result ഗൂഗിൾ ബുക്ക് സെർച്ച്


കേരള ചരിത്രം രേഖപ്പെടുത്തിയ വിദേശ സഞ്ചാരികൾ
മെഗസ്തനീസ് | പെരിപ്ലസുകാരൻ | പ്ലീനി |ടോളമി |ഫാഹിയാൻ | കാസ്മോസ് | ഇ-റ്റ്സിങ് | സുലൈമാൻ | ഇബ്നു ഖുർദാദ്ബെ | അബു സെയ്ദ് | അൽ മസ്‌ഊദി | അൽബറൂണി |അൽ ഇദ്‌രീസി | റബ്ബി ബെഞ്ചമിൻ | ചൗ കൂ ക്വാ | കോർ‌വിനോ | മാർക്കോ പോളോ | ‍അബുൽഫിദ | ഒഡോറിക് | ജോർഡാനുസ് | ഇബ്ൻ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂൻ | മാഹ്വാൻ | ഫെയ്സീൻ | പെറോ ഡ കോവിള‎ | വാസ്കോ ഡ ഗാമ | കബ്രാൾ | ബാർബോസ | വർത്തേമ | നികിതിൻ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീൻ | സീസർ ഫെഡറിക് | ഫെറിയ | റാൽഫ് ഫിച്ച് | ലിൻ ഷോട്ടൻ | പിട്രോ ഡെല്ല വെല്ലി | ലാവൽ | ഡി പൈവ | ജോൺ ഫ്രയർ | ന്യൂഹോഫ് | ടവണിയർ | ബർത്തലോമ്യോ | വിഷർ പാതിരി | ഹാമിൽട്ടൺ | ഫോർബാസ് | ഫ്രാൻസിസ് ബുക്കാനൻ | ക്ലോഡിയസ് ബുക്കാനൻ | ജോർജ്ജ് വുഡ്കോക്ക് | വില്യം ലോഗൻ
"https://ml.wikipedia.org/w/index.php?title=വില്യം_ലോഗൻ&oldid=3765430" എന്ന താളിൽനിന്ന് ശേഖരിച്ചത്