Jump to content

താലപ്പൊലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താലപ്പൊലി
താലം ഒരുക്കിവെച്ചിരിക്കുന്നു

കേരളത്തിലെ ഹൈന്ദവക്ഷേത്രങ്ങളിൽ നേർച്ചയായി നടത്തിപ്പോരുന്ന ഒരു ചടങ്ങ് ആണ് താലപ്പൊലി . കുളിച്ച് ശുഭ്രവസ്ത്രങ്ങളും കേരളീയമായ അലങ്കാരവസ്തുക്കളും അണിഞ്ഞ സ്ത്രീകൾ, മുഖ്യമായും ബാലികമാർ, ഓരോ താലത്തിൽ പൂവ്, പൂക്കുല, അരി എന്നിവയോടൊപ്പം ഓരോ ചെറിയ വിളക്കു കത്തിച്ചു കയ്യിലേന്തിക്കൊണ്ട് അണിനിരന്ന് കുരവ, ആർപ്പുവിളി, വാദ്യഘോഷം എന്നിവയോടുകൂടി ക്ഷേത്രത്തെ ചുറ്റിവരുന്ന സമ്പ്രദായം. ഭദ്രകാളി ക്ഷേത്രങ്ങളിൽ കുറെക്കാലം മുമ്പുവരെ ഇതു പതിവായി നടത്തിവന്നിരുന്നു; ഇപ്പോഴും ഈ പതിവ് നിലവിലുണ്ട്. മംഗളകരമായ ദാമ്പത്യത്തിനുവേണ്ടിയുള്ള നേർച്ചയാണിത്. താലംകൊണ്ട് പൊലിക്കുക അഥവാ ഐശ്വര്യം വരുത്തുക എന്നതാണ് ഇതിന്റെ പിന്നിലെ സങ്കല്പം. ഇപ്പോൾ വിവാഹപ്പന്തലിലേക്ക് വധൂവരന്മാരെയും പൊതുവേദികളിലേക്ക് വിശിഷ്ടാതിഥികളെയും ആനയിക്കാൻ താലപ്പൊലി നടത്താറുണ്ട്‌.

ഉദ്ഭവം

[തിരുത്തുക]

ഹൈന്ദവ വിശ്വാസ പ്രകാരം, അഷ്ട മംഗല്യങ്ങൾ അതായത് ഒരു കണ്ണാടി, ഒരു വിളക്ക്, വെള്ളം നിറച്ച പാത്രം, ഒരു പുതിയ വസ്ത്രം, അക്ഷതം (അരിയുടെയും നെല്ലിന്റെയും സംയോജനം), സ്വർണ്ണം, ഒരു മംഗല്യവതിയായ സ്ത്രീ, കുരവ (സന്തോഷത്തെ സൂചിപ്പിക്കുന്ന ശബ്ദം) എന്നിവ ഒരുമിച്ച് കാണുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.[1] അതിന്റെ ലളിതമായ രൂപം താലപ്പൊലിയായി രൂപാന്തരപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു.[1]

'താലപ്പൊലി' കേരളത്തിൽ നിലനിന്നിരുന്ന ബുദ്ധ-ജൈന മതങ്ങളുമായി ബന്ധപ്പെട്ടതാണെന്ന മറ്റൊരു വാദമുണ്ട്. ബ്രാഹ്മണപണ്ഡിതന്മാരുമായുള്ള വാഗ്വാദത്തിന് ശേഷം പരാജയപ്പെട്ട ബുദ്ധ ജൈന സന്യാസിമാരുടെ തലകൾ വെട്ടിമാറ്റപ്പെട്ടതായി പറയപ്പെടുന്നു.[2] ഇങ്ങനെ വെട്ടിമാറ്റിയ തലയുമായി നഗരപ്രദക്ഷിണം വെയ്ക്കുന്ന 'തലപ്പൊലി' ആഘോഷം പിന്നീട് 'താലപ്പൊലി' ആയി പരിണമിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു.[2]

അനുഷ്ഠാനേതരം

[തിരുത്തുക]

ഇപ്പോൾ വധൂവരന്മാരെ കല്യാണമണ്ഡപത്തിലേക്കും വിശിഷ്ടാതിഥികളെ പൊതുപരിപാടികളിലേക്കും ആനയിക്കുന്നതിനും താലപ്പൊലി നടത്തി വരുന്നുണ്ട്.[1]

വിമർശനങ്ങൾ

[തിരുത്തുക]

സ്ത്രീകൾ മണിക്കൂറുകളോളം വെയിലത്തും രാത്രിയിൽ പോലും മന്ത്രിമാരെയും സർക്കാർ അതിഥികളെയും കാത്ത് നിൽക്കുന്നത് പലതരത്തിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. അതിനെ തുടർന്ന് 2016 മേയിൽ ചേർന്ന മന്ത്രിസഭാ യോഗം കേരളത്തിൽ മന്ത്രിമാരെ സ്വീകരിക്കാനായി സ്ത്രീകളുടെ താലപ്പൊലി ന്നത്തുന്നത് നിരോധിക്കാൻ തീരുമാനിച്ചു.[3] അതുപോലെ, 2022-ൽ കേരള വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സ്കൂളുകളിലെ വിവിധ പരിപാടികളിൽ അതിഥികളെ സ്വാഗതം ചെയ്യുന്നതിനായി വിദ്യാർത്ഥികളെ താലപ്പൊലിയായി അണിനിരത്തുന്ന രീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.[4]

താലപ്പൊലിയിലെ സ്ത്രീവിരുദ്ധതയും വിമർശനത്തിന് ഇരയായി തീർന്നിട്ടുണ്ട്. തിരുവങ്ങോട് സി.കൃഷ്ണക്കുറുപ്പ് തന്റെ കേരള ചരിത്രം പരശുരാമനിലൂടെ എന്ന പുസ്തകത്തിൽ എഴുതുന്നത് 'മുൻകാലങ്ങളിൽ സ്‌ത്രീകളെ മാറു മറയ്‌ക്കാതെ പ്രദർശനവസ്തുവായി അണിനിരത്തിയിരുന്നു എന്നും, ഈ സമ്പ്രദായം പുരോഹിതർഗ്ഗം അവർക്ക് അത് കാണാനും ആസ്വദിക്കാനും വേണ്ടിയാണ് രൂപീകരിച്ച്‌ നടപ്പാക്കിയത്‌' എന്നുമാണ്.[5]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Haridas, Harikrishnan (26 September 2019). "താലപ്പൊലിയെടുക്കൽ". Kesari Weekly. Kesari (magazine).
  2. 2.0 2.1 Reporter, Staff (2017-05-28). "'Amana' records Kerala's violent past". The Hindu (in ഇംഗ്ലീഷ്). ISSN 0971-751X. Retrieved 2023-02-24.
  3. "മന്ത്രിമാരെ സ്വീകരിക്കാൻ താലപ്പൊലി നിരോധിച്ചു- മന്ത്രിസഭാ തീരുമാനം, താലപ്പൊലി പീഢനത്തിൽ നിന്നും സ്ത്രീകൾക്ക് മോചനം". Pravasishabdam. 26 May 2016. Archived from the original on 2023-02-24. Retrieved 2023-03-14.
  4. "Don't use students for 'thalappoli' reception: Minister". The Times of India. 2022-01-09. ISSN 0971-8257. Retrieved 2023-02-24.
  5. "Prabodhanam Weekly". www.prabodhanam.net. Archived from the original on 2023-02-24. Retrieved 2023-03-14.
"https://ml.wikipedia.org/w/index.php?title=താലപ്പൊലി&oldid=4073847" എന്ന താളിൽനിന്ന് ശേഖരിച്ചത്