Jump to content

സെന്റ് മേരീസ് ഫൊറോന പള്ളി, കൊരട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൊരട്ടിമുത്തി ദേവാലയം (കൊരട്ടി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊരട്ടി മുത്തി
പൂവൻ കുല മാതാവ്

കൊരട്ടിപ്പള്ളി

സ്ഥാനംകൊരട്ടി, തൃശ്ശൂർ, കേരളം
രാജ്യംഇന്ത്യ
ക്രിസ്തുമത വിഭാഗംകത്തോലിക്ക
ചരിത്രം
സ്ഥാപിതംഒക്ടോബർ 1,  1381 (1381-10-01) - but see note below
ഭരണസമിതി
ഇടവകസെന്റ്. മേരീസ് ഫൊറോന പള്ളി, കൊരട്ടി.
അതിരൂപതഎറണാകുളം- അങ്കമാലി
രൂപതഎറണാകുളം- അങ്കമാലി
സിനഡ്സീറോ മലബാർ
ജില്ലതൃശ്ശൂർ
മതാചാര്യന്മാർ
മെത്രാപ്പോലീത്തമാർ ജോർജ്ജ് ആലഞ്ചേരി
മെത്രാൻമാർ ആൻഡ്രൂസ് താഴത്ത്

ചാലക്കുടി പട്ടണത്തിൽ നിന്ന് ആറുകിലോമീറ്റർ അകലെ കൊരട്ടിയിലാണ് അഭിനവ ലൂർദ് എന്നറിയപ്പെടുന്ന പ്രസിദ്ധമായ കൊരട്ടി മുത്തിയുടെ പള്ളി സ്ഥിതി ചെയ്യുന്നത്.[1] കൊരട്ടിപ്പള്ളി എന്ന പേരിൽ പള്ളിയും കൊരട്ടിമുത്തി എന്ന പേരിൽ ഇവിടുത്തെ മാതാവും അറിയപ്പെടുന്നു.[2][3][4][5][6] കൊരട്ടി, മുത്തി എന്നീ പേരുകൾ പള്ളിക്ക് പുരാതനകാലത്തെ ബുദ്ധമതവും ദ്രാവിഡസംസ്കാരവുമായുള്ള അഭേദ്യമായ ബന്ധം വിളിച്ചറിയിക്കുന്നു. സിറോ മലബാർ സമൂഹത്തിന്റെ ഈ പള്ളി 1381 ലാണ് സ്ഥാപിച്ചത് എന്ന് കരുതപ്പെടുന്നു എങ്കിലും അറിയപ്പെടുന്ന രേഖകൾ ശക്തൻ തമ്പുരാന്റെ കാലഘട്ടത്തിലേതു മാത്രമാണ്.[7] പൂവൻകുല നേർച്ച[8], മുട്ടിലിഴയൽ നേർച്ച എന്നിവ ഇവിടുത്തെ പ്രധാന നേർച്ചകളാണ്.[9] ഒക്ടോബർ മാസം അവസാനം വരെ നീണ്ടു നിൽക്കുന്ന ഇവിടുത്തെ തിരുനാൾ ആഘോഷങ്ങൾ ഒക്ടോബർ മാസം രണ്ടാംവാരം മുതലാണ് ആരംഭിക്കുന്നത്. പൂവൻ കുല മാതാവ് എന്നും കൊരട്ടിമുത്തി അറിയപ്പെടുന്നു [10].

വേളാങ്കണ്ണിക്കു ശേഷം പരിശുദ്ധ മാതാവിന്റെ പേരിൽ ഉള്ള മരിയൻ തീർഥാടന കേന്ദ്രങ്ങളിൽ രണ്ടാം സ്ഥാനമാണ് കൊരട്ടിപ്പള്ളിക്കുള്ളത്.[11] കേരളത്തിലെ ഏറ്റവും വലിയ മരിയൻ തീർത്ഥാടന കേന്ദ്രവും ഇതു തന്നെ. എല്ലാവർഷവും ദശലക്ഷക്കണക്കിന് ഭക്തർ ഇവിടം സന്ദർശിക്കാനെത്തുന്നു[12]. എല്ലാ ദിവസവും പ്രധാനം ആണെങ്കിലും കൊരട്ടിമുത്തിയോടുള്ള നൊവേന ഉള്ള ശനിയാഴ്ച കൂടുതൽ തീർത്ഥാടകർ എത്താറുണ്ട് . പള്ളിയുടെ നൂറ്റാണ്ടുകൾ പഴക്കം ഉള്ള മുൻഭാഗത്ത് ഉള്ള അത്ഭുത കൽ കുരിശ്ശ് ഒട്ടേറെ അത്ഭുത സിദ്ധി ഉള്ളതായി കണക്കാക്കി വരുന്നു.

ഐതിഹ്യം

[തിരുത്തുക]
പള്ളിയുടെ പിൻഭാഗം

മേലൂരിലെ ഒരു കർഷകൻ പണ്ടൊരിക്കൽ മുത്തിക്ക് നേർച്ചയായി നൽകാൻ കൊണ്ടുവന്ന കായക്കുല ജന്മി തട്ടിയെടുത്തുവെന്നും പിന്നീട് ജന്മിക്കുണ്ടായ അസുഖം മാറാൻ മുത്തിക്ക് നേർച്ച നൽകിയെന്നുമാണ് നേർച്ചയുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യം[13].

ഐതീഹ്യം ഇങ്ങനെ : കൊരട്ടിക്കടുത്ത മേലൂരിൽ നിന്നുള്ള ഒരു തീർഥാടകൻ കൊരട്ടി മുത്തിക്ക് വഴിപാടായി പൂവൻ വാഴപ്പഴം എന്ന പ്രത്യേക ഇനം വാഴപ്പഴത്തിന്റെ കുല ചുമന്നുകൊണ്ടുപോകുന്നതായിരുന്നു. അയാൾക്ക് വഴിയിൽ വിശന്നുവലഞ്ഞ ഒരാൾ ഇരിക്കുന്ന നെൽവയലിലൂടെ കടന്നുപോകേണ്ടി വന്നു. അവിടെ ഇരുന്നിരുന്ന ആൾ ആ സ്ഥലത്തെ പ്രമാണി ആയിരുന്നു. വാഴക്കുല കണ്ടപ്പോൾ തീർത്ഥാടകനോട് രണ്ട് വാഴപ്പഴം നൽകാൻ ആവശ്യപ്പെട്ടു. കൊരട്ടിമുത്തിക്ക് സമർപ്പിക്കാൻ ഉള്ള വഴിപാടാണെന്ന് വിശദീകരിച്ച് തീർഥാടകൻ വിസമ്മതിച്ചു. എന്നാൽ അയാൾ ബലമായി കുട്ടയിൽ നിന്ന് രണ്ട് വാഴപ്പഴം പുറത്തെടുത്ത് തിന്നു. വാഴപ്പഴം കഴിച്ചയുടനെ ആ മനുഷ്യൻ വയറുവേദനയോടെ പുളയാൻ തുടങ്ങി. മരുന്നുകൾക്ക് വേദന സുഖപ്പെടുത്താൻ കഴിഞ്ഞില്ല, അത് ദൈവികമായ ഇടപെടലാണെന്ന് ആ പ്രമാണി മനസ്സിലാക്കി; അദ്ദേഹം ഉടൻ തന്നെ കൊരട്ടി മുത്തിക്ക് വഴിപാടായി സ്വർണ്ണത്തിൽ തീർത്ത ഒരു പൂവൻകുല നിർമ്മിച്ച് നൽകി . ഇത് ചെയ്ത നിമിഷം ആ നാട്ടു പ്രമാണിയുടെ വേദന കുറഞ്ഞു. ആ നാട്ടു പ്രമാണി അദ്ദേഹത്തിന്റെ കുറെ സ്ഥലങ്ങൾ കൊരട്ടി മുത്തിയുടെ ദേവാലയത്തിനു ദാനം നൽകി അന്നുമുതൽ കൊരട്ടി മുത്തിക്ക് പൂവൻകുലയുമായി തീർഥാടകർ കേരളത്തിന്റെ നാനാഭാഗത്തുനിന്നും എത്തുന്നു. അതിനാൽ കൊരട്ടിമുത്തി പൂവൻകുല മാതാവ് എന്ന് കൂടി അറിയപ്പെട്ടു.

കൊരട്ടി റെയിൽവേ സ്റ്റേഷൻ ഉണ്ടായതിനെ പറ്റിയും ഒരു ഐതിഹ്യമുണ്ട് . കൊരട്ടി മുത്തിയുടെ വാർഷിക പെരുന്നാളിനും ഉത്സവത്തിനും ഇടയിൽ കൊരട്ടിയിൽ സ്റ്റോപ്പില്ലാത്ത ഒരു തീവണ്ടി കൊരട്ടിയിൽ എത്തിയപ്പോൾ നിഗൂഢമായി നിന്നു. ഇത് മെക്കാനിക്കൽ തകരാറല്ലെന്ന് അവർ കണ്ടെത്തി, അവർക്ക് ട്രെയിൻ വീണ്ടും സ്റ്റാർട്ട് ചെയ്യാൻ കഴിഞ്ഞില്ല. തുടർന്ന് യാത്രക്കാർ എല്ലാവരും ചേർന്ന് കൊരട്ടിമുത്തിയുടെ തിരുനാളിൽ സംബന്ധിക്കുകയും നേർച്ച കാഴ്ചകളും വഴിപാടുകളും സമർപ്പിക്കുകയും ചെയ്തു. പിന്നീട് ഇവർ തിരിച്ചെത്തിയപ്പോൾ യാതൊന്നും ചെയ്യാതെ തന്നെ അത്ഭുതകരമായി യന്ത്രത്തകരാർ മാറി ട്രെയിൻ മുന്നോട്ടുപോകാൻ സാധിച്ചു. ദൈവിക ഇടപെടൽ മനസ്സിലാക്കിയ അധികാരികൾ ഉടൻ തന്നെ കൊരട്ടിയിൽ റെയിൽവേ സ്റ്റേഷന് ക്രമീകരണങ്ങൾ ചെയ്തു; അങ്ങനെയാണ് ഇന്നത്തെ കൊരട്ടി അങ്ങാടി റെയിൽവേ സ്റ്റേഷൻ ഉണ്ടായത്.

കൊരട്ടിയിൽ നേരത്തെ പ്രവർത്തിക്കുകയും ആയിരക്കണക്കിന് പേർക്ക് ജോലി നൽകുകയും ചെയ്തിരുന്ന മധുര കോട്ട്സ് ഫാക്ടറിക്ക് സമാനമായ ഒരു വിസ്മയകരമായ കഥയുണ്ട്. നിലവിൽ ഫാക്ടറി സ്ഥിതി ചെയ്യുന്ന പ്രദേശം വിമാനത്താവളമാക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. വിമാനത്താവളത്തിനായുള്ള ജോലികൾ ദ്രുതഗതിയിൽ നടന്നിരുന്നുവെങ്കിലും കൈയിൽ ഒരു കുട്ടിയുമായി ഒരു നിഗൂഢ സ്ത്രീ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നിർമാണത്തെ തടസ്സപ്പെടുത്തി തടസ്സപ്പെടുത്തി. അധീകൃതർ പിന്നീട് വിമാനത്താവളം എന്ന പദ്ധതി ഉപേക്ഷിക്കുകയും പകരം മധുര കോട്ട്സ് ഫാക്ടറി നിർമ്മിക്കുകയും രണ്ടായിരത്തിൽ ഏറെ പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും ചെയ്യുന്ന തരത്തിൽ തൊഴിൽ നൽകുന്ന രീതിയിലേക്ക് വളരുകയും ചെയ്തു. മധുര കോട്ട്സ് ഫാക്ടറി ഇപ്പോൾ പ്രവർത്തിക്കുന്നില്ലെങ്കിലും ഇപ്പോൾ അവിടെ തൃശൂർ ഇൻഫോപാർക്ക് ,  കൊച്ചി ഇൻഫോപാർക്ക് നു കീഴിൽ പ്രവർത്തിച്ചു വരുന്നു. അൻപതോളം ചെറുതും വലുതുമായ സോഫ്റ്റ്വെയർ കമ്പനികൾ ഇപ്പോൾ ഇവിടെ പ്രവർത്തിച്ചു ഒട്ടേറെ പേർക്ക് തൊഴിൽ നൽകുകയും കൊരട്ടിയുടെ വികസനത്തിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുകയും ചെയ്യുന്നു.

ചരിത്രം

[തിരുത്തുക]

പുരാതനകാലത്തെ ബുദ്ധവിഹാരമായിരുന്നു എന്ന് കരുതാൻ മുത്തി എന്ന സൂചകം ഉപയോഗിക്കുന്നുണ്ട്. ഈ പള്ളി 1381 ലാണ് സ്ഥാപിച്ചത് എന്നു കരുതുന്നുണ്ട് എങ്കിലും അറിയപ്പെടുന്ന രേഖകൾ ശക്തൻ തമ്പുരാന്റെ കാലഘട്ടത്തിലേതു മാത്രമാണ് [14]

പെരുന്നാൾ

[തിരുത്തുക]

എല്ലാ വർഷവും ഒക്ടോബർ മാസത്തിൽ 10 നു ശേഷം വരുന്ന ഞായറാഴ്ചയാണ് തിരുനാൾ. മാസാവസാനം വരെ നീണ്ടു നിൽകുന്ന പെരുന്നാൾ ആഘോഷം പ്രൗഢിയോടും ആചാരാനുഷ്ഠാനങ്ങളോടും കൂടി നടത്തുന്നു. നാനാജാതി മതസ്ഥർ തിരുനാളിൽ പങ്കെടുക്കുന്നു. എട്ടാമിടവും പതിനഞ്ചാമിടവും ആഘോഷിക്കാറുണ്ട്. തീർത്ഥാടക ബാഹുല്യം നിമിത്തം  ഒക്ടോബർ ഒന്ന് മുതൽ മുപ്പത്തി ഒന്ന് വരെ ഇപ്പോൾ തിരുനാൾ ദിനങ്ങൾ ആയി തന്നെയാണ് കൊണ്ടാടുന്നത്. ദീപാലങ്കാരങ്ങൾ , വെടിക്കെട്ട് എന്നിവ തിരുനാളിനു മാറ്റ് കൂട്ടുന്നു. വളരെയധികം വാണിജ്യ വ്യവസായ , കരകൗശല  പ്രദർശനവും വിൽപ്പനയും , മറ്റു വിനോദ പരിപാടികളും ഇതോടൊപ്പം ഉണ്ടാകാറുണ്ട്.

കൊരട്ടി മുത്തിയുടെ അത്ഭുത രൂപം എഴുന്നള്ളിപ്പ്

[തിരുത്തുക]

എല്ലാ വർഷവും പ്രധാന തിരുനാൾ ദിവസം ഞായറാഴ്ചയാണ് കൊരട്ടിമുത്തിയുടെ അത്ഭുത രൂപം പുറത്തെടുത്ത് പൊതു വണക്കത്തിനായി വെക്കുന്നത്. അതിരാവിലെ അഞ്ചു മണിക്ക് ആണ് സാധാരണയായി ഈ ചടങ്ങ് നടക്കുന്നത്. ഒട്ടേറെ അനുഗ്രഹങ്ങൾ ചൊരിയുന്ന നിമിഷങ്ങൾ ആയി വിശ്വസിക്കപ്പെടുന്നതിനാൽ ആയിരങ്ങൾ ആണ് ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ദൂരദിക്കുകളിൽ നിന്നും തലേദിവസം തന്നെ പള്ളിക്കകത്ത് സ്ഥാനം പിടിക്കുന്നത്. അൾത്താരയിൽ സ്ഥാപിച്ചിട്ടുള്ള കൊരട്ടിമുത്തിയുടെ തിരുസ്വരൂപം വൈദികർ പുറത്ത് എടുത്ത് എഴുന്നള്ളിച്ചു കൊണ്ട് വന്ന് പള്ളിയുടെ മുൻഭാഗത്ത് ഉള്ള തിരുസന്നിധിയിൽ പ്രതീഷ്‌ഠിക്കുന്നു. ഭക്തർ നേർച്ച കാഴ്ചകൾ അർപ്പിക്കാൻ ഉള്ള സൗകര്യം തിരുസന്നിധിയിൽ ആണ് സജ്ജമാക്കാറുള്ളത്. അന്ന് വൈകീട്ട് തിരുസന്നിധിയിൽ നിന്നും എടുത്തു തിരിച്ചു അൾത്താരയിൽ തന്നെ യഥാസ്ഥാനത്ത് വെക്കുന്നു. മറ്റ് തിരുനാൾ ദിവസങ്ങളിൽ കൊരട്ടി മുത്തിയുടെ മറ്റു രൂപങ്ങൾ ആണ് തിരുസന്നിധിയിൽ വെക്കാറുള്ളത്.

പ്രധാന തിരുനാൾ , എട്ടാമിടം, പതിനഞ്ചാമിടം എന്നീ ദിവസങ്ങളിലെ ശനി , ഞായർ ദിവസങ്ങളിൽ പള്ളി ചുറ്റി പ്രദക്ഷിണം ഉണ്ടാകാറുണ്ട്. പ്രധാന തിരുനാൾ ഞായറാഴ്ച നാലങ്ങാടി ചുറ്റി പ്രദക്ഷിണവും ഉണ്ട്.

തിരുനാൾ ദിനങ്ങളിൽ എട്ടാമിടത്തിന്റെ മുൻപത്തെ വെള്ളിയാഴ്ച , കൊരട്ടിമുത്തിയുടെ അനുഗ്രഹത്താൽ ലഭിച്ച പൈതങ്ങളെ കൊരട്ടിമുത്തിക്കു സമർപ്പിക്കുന്ന ചടങ്ങ് ഉണ്ടാകാറുണ്ട്.

പ്രധാന തിരുനാൾ ദിവസം ഞായറാഴ്ച ഹിന്ദു സമുദായത്തിൽ പെട്ട പാക്കനാർ സംഘം അവതരിപ്പിക്കുന്ന പാക്കനാർ പാട്ടു നടത്താറുണ്ട്. തിരുനാളിന്റെ വരവറിയിച്ച് നാടുചുറ്റുന്ന സംഘം തിരുനാൾദിനത്തിൽ ഉച്ചയോടെ കിഴക്കേ നടയിലെത്തുന്നതോടെയാണ് പരമ്പരാഗത ചടങ്ങുകൾ ആരംഭിക്കുന്നത്. മുത്തിയുടെ ചിത്രത്തിന്‌ മുന്നിൽ വിളക്ക് തെളിച്ചതിന് ശേഷമാണ് പാട്ടും നൃത്തവും മുടിയാട്ടവും ആരംഭിക്കാറ്. തിരുനാൾദിനത്തിൽ രാവിലെ ആറ്റപ്പാടം വെളുത്തുപറമ്പിൽ ക്ഷേത്രത്തിൽ ഒന്നിച്ചുകൂടിയാണ് സംഘം പള്ളിയിലേക്ക് പുറപ്പെടുന്നത്.

നേർച്ച വഴിപാടുകൾ

[തിരുത്തുക]

തുലാഭാരം

[തിരുത്തുക]

ഹിന്ദു ക്ഷേത്രങ്ങളിൽ കാണപ്പെടുന്ന ഒരു ആചാരമായ തുലാഭാരം ഇവിടെ ഉണ്ട്. ഒരുവന്റെ ശരീരഭാരത്തിനു തത്തുല്യമായ ഭാരം അനുസരിച്ചുള്ള വസ്തുക്കൾ പള്ളിക്ക് നൽകുന്നു. ഇവിടെ ഇവിടുത്തെ പ്രധാന നേർച്ച ആയ പൂവൻ വാഴപ്പഴം കൊണ്ടുള്ള തുലാഭാരം നേർച്ച ആണ് സാധാരണയായി ഉള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ തന്നെ പൂവൻപഴം തുലാഭാരം നേർച്ച കഴിക്കാറുണ്ട്.

നിരാഹാരമിരുന്ന് പള്ളിയിൽ ഭജന പാടാനിരിക്കുന്നത് തെറ്റു കുറ്റങ്ങൾക്കുള്ള മാപ്പപേക്ഷയായും കൊരട്ടിമുത്തിയുടെ അനുഗ്രഹ പ്രാപ്തത്തിനായും ചെയ്തുവരുന്നു

നീണ്ടൽ നേർച്ച

[തിരുത്തുക]

പാപ പരിഹാരത്തിനായി മുട്ടിലിഴയൽ പ്രദക്ഷിണമാണിത്. പള്ളിയുടെ പ്രധാന കവാടം മുതൽ കൊരട്ടിമുത്തിയുടെ തിരുസ്വരൂപം വരെയാണ് മുട്ടിലിഴയൽ പ്രദക്ഷിണം ചെയ്യുന്നത് [15] . ചിലർ പള്ളിയുടെ മുൻഭാഗത്ത് ഉള്ള അത്ഭുത കൽ കുരിശു മുതൽ മുട്ടിന്മേൽ നേർച്ച കഴിക്കാറുണ്ട്

പൂവൻകുല

[തിരുത്തുക]

കൊരട്ടിമുത്തിയുടെ വളരെ പ്രധാനപ്പെട്ട നേർച്ചയാണിത്. ഭക്തന്മാർ അവർക്ക് കിട്ടാവുന്നതിൽ വച്ചേറ്റവും വലിയ പൂവൻകുലപ്പഴം സമർപ്പിക്കുന്നു. ജീവിതാഭിവൃദ്ധിക്കായാണ് ഇത് ചെയ്യുന്നത്.

കൊരട്ടി മുത്തിയോടുള്ള പ്രാർത്ഥന

[തിരുത്തുക]

നന്മ നിറഞ്ഞ കന്യകേ, ദയവുള്ള മാതാവേ, കൊരട്ടി മുത്തി, ഞാൻ എൻറെ ശരീരവും, ആത്മാവും, ചിന്തകളും, പ്രവർത്തികളും, ജീവിതവും, മരണവും നിന്നിൽ ഭരമേല്പ്പിക്കുന്നു. ഓ അമ്മെ, കൊരട്ടിമുത്തി, അങ്ങ് കൈകളിലേന്തിയ ഞങ്ങളുടെ കർത്താവായ ഉണ്ണി യേശുവിൻറെ അനുഗ്രഹത്തിൽ എല്ലാ പ്രലോഭനങ്ങളിൽ നിന്നും എന്നെ മോചിപ്പിക്കണമേ. അങ്ങയുടെ പുത്രനും എൻറെ ദൈവവുമായ യേശുവിൻറെ കൃപയും അനുഗ്രഹവും എനിക്ക് ലഭ്യമാക്കണമേ.ഓ മറിയമേ കൊരട്ടിമുത്തി, ഏതിനെക്കാളും ഉപരിയായി പൂർണ ഹൃദയത്തോടെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു.

ഓ എൻറെ കൊരട്ടിമുത്തി ദൈവമാതാവേ, എനിക്ക് എല്ലാ അനുഗ്രഹങ്ങളും പ്രദാനം ചെയ്യണമേ.എൻറെ എല്ലാ അപേക്ഷകളും, വിശിഷ്യ ( ആവശ്യം പറയുക ..................) അങ്ങയുടെ പുത്രനായ യേശുവിൻറെ അനുഗ്രഹത്താൽ സാധിച്ചുതരുവാനും സഹായിക്കണമേ. അമ്മേൻ.

പരിശുദ്ധ അമ്മെ കൊരട്ടിമുത്തി, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. ( 10 പ്രാവശ്യം ചൊല്ലുക ഒരു ശനിയാഴ്ച മുതൽ ഒൻപതാമത്തെ ശനിയാഴ്ച വരെ എല്ലാ ദിവസവും (64 ദിവസം) ചൊല്ലുന്നത് നന്നായിരിക്കും)

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://malayalam.webdunia.com/spiritual/religion/placespilgrimage/1110/25/1111025017_1.htm
  2. "Tourist Link KorattyMuthy". Tourist Link. Archived from the original on 2019-12-20. Retrieved 2017-02-28.
  3. "Korattymuthy shrine". Pinterest.
  4. "Koratty Muth's Feast Festival". Proud 2b Indian. Archived from the original on 2013-12-24. Retrieved 2017-02-28.
  5. "Religious Destination Kerala Koratty". Just Kerala.
  6. "Korattymuthy's Feat - Festivals of Kerala". Just Kerala.
  7. "Koratty St. Mary's Forane Church website". Archived from the original on 2017-03-01. Retrieved 2017-02-28.
  8. കൊരട്ടിമുത്തിയുടെ അനുഗ്രഹം തേടി ആയിരങ്ങൾ [പ്രവർത്തിക്കാത്ത കണ്ണി]
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-04-07. Retrieved 2012-10-14.
  10. http://lsgkerala.in/korattypanchayat/history/[പ്രവർത്തിക്കാത്ത കണ്ണി]
  11. "Koratty Muthy Marian Pilgrim centre and Pigriamage Travel".
  12. "World Marian Pilgrim centre".
  13. കൊരട്ടി മുത്തിയുടെ തിരുനാൾ: പൂവൻകായക്കുലകളെത്തി [പ്രവർത്തിക്കാത്ത കണ്ണി]
  14. "Koratty St. Mary's Forane Church website". Archived from the original on 2017-03-01. Retrieved 2017-02-28.
  15. "Koratty Muthy's Feast". Retrieved 2017. {{cite web}}: Check date values in: |access-date= (help)