Jump to content

കണ്ടിയൂർ മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണ്ടിയൂർ മഹാദേവക്ഷേത്രം
കണ്ടിയൂർ മഹാദേവക്ഷേത്രം
കണ്ടിയൂർ മഹാദേവക്ഷേത്രം
കണ്ടിയൂർ മഹാദേവക്ഷേത്രം is located in Kerala
കണ്ടിയൂർ മഹാദേവക്ഷേത്രം
കണ്ടിയൂർ മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°15′11″N 76°31′46″E / 9.25306°N 76.52944°E / 9.25306; 76.52944
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:ആലപ്പുഴ
പ്രദേശം:മാവേലിക്കര
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പരമശിവൻ
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം (ധനു തിരുവാതിര), ശിവരാത്രി
ചരിത്രം
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്

ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്ത് അച്ചൻകോവിലാറിന്റെ തെക്കേതീരത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ തന്നെ ഏറ്റവും പുരാതന ശിവക്ഷേത്രമാണ് കണ്ടിയൂർ മഹാദേവക്ഷേത്രം. പുളിമൂട്ടിൽ പാലത്തിന്റേ വടക്കായി മിച്ചൽ ജങ്ഷനും തട്ടാരമ്പലത്തിനും ഇടക്കായി സ്ഥിതി ചെയ്യുന്നു. ദക്ഷിണ കാശി എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ, കിരാതമൂർത്തി സങ്കല്പത്തിലുള്ള പരമശിവനാണ്. മാർക്കണ്ഡേയ മഹർഷിയുടെ അച്ഛനായ മൃഗണ്ഡുമുനിയാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നൊരു ഐതിഹ്യമുണ്ട്. ഓടനാട് രാജാവിന്റെ അധീനത്തിലിരുന്ന ക്ഷേത്രം ആ രാജാകന്മാരുടെ സഹായത്താൽ പ്രശസ്തി പ്രാപിച്ചു. [1]ഓടനാട് രാജാവിന്റെ തലസ്ഥാനം കണ്ടിയൂരായിരുന്നു.[2]. കണ്ടിയൂർ ആസ്ഥാനമാക്കി ഭരിച്ചിരുന്ന കേരളവർമ്മയുടെ സദസ്യനായിരുന്ന ദാമോദരചാക്യാർ എഴുതിയ ശിവവിലാസത്തിൽ അപ്രകാരം പറയുന്നു. ഓടനാട്ട് രാജാവിനും മാടത്തുംകൂറ് രാജാവിനും ക്ഷേത്രത്തിൽ തുല്യ അധികാരസ്ഥാനമുണ്ടായിരുന്നത്രേ. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രാധാന്യമേറിയ [3] ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ കണ്ടിയൂരപ്പൻ എന്നപേരിൽ അറിയപ്പെടുന്നു. ഒരു കാലത്ത് ദേവദാസികൾക്കായിരുന്നു ക്ഷേത്രഭരണാധികാരം. അതിനു മുൻപ് ഇത് ഒരു ബുദ്ധക്ഷേത്രമായിരുന്നു. ബുദ്ധക്ഷേത്രം മാവേലിക്കര അടക്കിവാണ മാവേലിയുടെ നേത്രത്വത്തിൽ അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടേയും ആരാധനയ്ക്കായാാണ് പണി കഴിപ്പിച്ചിട്ടുണ്ടായിരുന്നത്. എന്നാൽ ഇത് പിന്നീട് ശിവക്ഷേത്രമായി പരിണമിച്ചു.  രാജാവ് ബുദ്ധസന്യാസിയായതിനും 100 വർഷങ്ങൾക്ക് ശേഷം 5-ആം നൂറ്റാണ്ടിലാണിത് എന്ന് സംഘകാല കൃതികളിൽ നിന്നും മണിപ്രവാള കൃതികളിലുടെയും അനുമാനിക്കാം. കേരളത്തിൽ ഏറ്റവും കൂടുതൽ ഉപദേവതാപ്രതിഷ്ഠകളുള്ള രണ്ടാമത്തെ ക്ഷേത്രമാണിത്. തിരുവഞ്ചിക്കുളം ശിവക്ഷേത്രമാണ് ഒന്നാം സ്ഥാനത്ത്. ആകെ 12 ഉപദേവതകളാണ് ക്ഷേത്രത്തിലുള്ളത്. ഇവരിൽ അഞ്ചെണ്ണം ശിവന്റെ തന്നെ അഞ്ച് വകഭേദങ്ങളാണ്. അവരെ മറ്റുള്ള ശിവക്ഷേത്രങ്ങളിൽ നിന്ന് കൊണ്ടുവന്ന് പ്രതിഷ്ഠിച്ചതാണ്. കൂടാതെ ഗണപതി (രണ്ട് പ്രതിഷ്ഠകൾ), സുബ്രഹ്മണ്യൻ, ധർമ്മശാസ്താവ്, മഹാവിഷ്ണു, ശ്രീകൃഷ്ണൻ, അന്നപൂർണ്ണേശ്വരി (പാർവ്വതി), നാഗദൈവങ്ങൾ എന്നിവർക്കും ഇവിടെ പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിലെ തിരുവാതിര നാളിൽ ആറാട്ടായി പത്തുദിവസത്തെ കൊടിയേറ്റുത്സവവും കുംഭമാസത്തിലെ കറുത്ത ചതുർദ്ദശിദിവസം നടത്തുന്ന ശിവരാത്രിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ എല്ലാ മാസവും വരുന്ന മുപ്പെട്ട് തിങ്കളാഴ്ച, പ്രദോഷവ്രതം, തിരുവാതിര നക്ഷത്രം തുടങ്ങിയവയും വിശേഷമാണ്. [തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യം

[തിരുത്തുക]

നിരവധി ഐതിഹ്യങ്ങളുടെ പിൻബലമുള്ള മഹാക്ഷേത്രമാണ് മാവേലിക്കര കണ്ടിയൂർ മഹാദേവക്ഷേത്രം. അതിൽ ഒന്ന് മൃഗണ്ഡു മുനിയെ ബന്ധപ്പെടുത്തിയുള്ളതാണ്. മാർക്കണ്ഡേയ മഹർഷിയുടെ പിതാവായ മൃഗണ്ഡു മുനിയ്ക്ക് കിരാതമൂർത്തിയുടെ ഒരു തേവാര ബിംബം ഒരിക്കൽ കിട്ടുകയുണ്ടായി. അദ്ദേഹം അത് ഭൂമിയിലെ ഉത്തമ സ്ഥലത്തുവെച്ച് നിത്യ പൂജനടത്താൻ ആഗ്രഹിക്കുകയും, ഒടുവിൽ അച്ചൻകോവിലാറിന്റെ തീരത്തെ സുന്ദരദേശം കണ്ട് അദ്ദേഹം ശിവലിംഗം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം. അദ്ദേഹം കണ്ടതിൽ-നല്ല-ഊർ ആയതിനാൽ സ്ഥലനാമം ലോപിച്ച് കണ്ടിയൂർ ആയി എന്നു വിശ്വസിക്കുന്നു.[4]

രണ്ടാമത്തെ ഐതിഹ്യം ബ്രഹ്മദേവനെ സംബന്ധിച്ചുള്ളതാണ്. കള്ളം പറഞ്ഞ് മഹാവിഷ്ണുവിനോട് മത്സരത്തിൽ ജയിക്കാൻ ശ്രമിച്ച ബ്രഹ്മദേവന്റെ ഒരു തല ശിവപെരുമാൾ തന്റെ ചെറുവിരലിനാൽ മുറിച്ച് ശ്രീകണ്ഠനായി. ഇതു നടന്നത് ഇവിടെ അച്ചൻകോവിലാറിന്റെ തീരത്ത് വെച്ചാണത്രേ. അങ്ങനെ ശ്രീകണ്ഠനെ ബന്ധപ്പെടുത്തി സ്ഥലനാമം ശ്രീകണ്ഠിയൂരും പിന്നീട് കണ്ടിയൂർ എന്നും രൂപാന്തരപ്പെട്ടുവെന്ന് മറ്റൊരു ഐതിഹ്യം.[5] പിന്നീട് അവിടെ വിഷ്ണുവിന്റെ ആറാം അവതാരമായ പരശുരാമനാണ് ഇവിടെ ലിംഗ പ്രതിഷ്ഠ നടത്തിയെന്നാണ് ഐതിഹ്യം.[6].

ചരിത്രം

[തിരുത്തുക]
മുൻ ദൃശ്യം

ക്ഷേത്രം നിർമ്മിക്കപ്പെട്ടത് ചേര രാജാക്കന്മാരാലാണെന്ന് അനുമാനിക്കാൻ ചരിത്രതാളുകൾ വഴികാട്ടുന്നുണ്ട്. [7]. മുൻപ് ബുദ്ധമത ആരാധനാകേന്ദ്രമായിരുന്നു കണ്ടിയൂർ ക്ഷേത്രം. ഈ ബുദ്ധക്ഷേത്രം മാവേലിയുടെ നേത്രത്വത്തിൽ അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടേയും ആരാധനക്കായാാണ് പണി കഴിപ്പിച്ചിട്ടുൺടായിരുന്നത്. എന്നാൽ ഇത് പിന്നീട് ശിവക്ഷേത്രമായൊ പരിണമിച്ചു.  രാജാവ് ബുദ്ധ സന്യാസിയായതിനും 100 വർഷങ്ങൾക്ക് ശേഷം 15 നൂറ്റാണ്ടിലാണിത് എന്ന് സംഘകാല കൃതികളിൽ നിന്നും മണിപ്രവാള കൃതികളിലുടെയും അനുമാനിക്കാം ക്രി,.വ. 823 ൽ സ്ഥാപിതമായതാണ് ക്ഷേത്രം എന്ന് ശിലസാസനങ്ങളിൽ നിന്ന് അനുമാനിക്കാം . ഇതോടൊപ്പം അക്കാലത്ത് സമയം അളക്കുന്നതിനായി കണ്ടിയൂരബ്ദം എന്ന പേരിൽ പുതിയ ഗണനാക്രമവും നിലവിൽ വന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. 14 നുറ്റാണ്ടിൽ രചിക്കപ്പെട്ട ശിവവിലാസം എന്ന സംസ്കൃതകൃതി രചിച്ച ദാമോദക ചാക്യാർ ക്ഷേത്രം ദേവദാസികളുടെ കൈവശത്തിലായിരുന്നു എന്നു സൂചിപ്പിക്കുന്നു. ക്ഷേത്രത്തിലെ ദേവദാസിയായ ചെറുകര കുട്ടത്തിയെ അന്നത്തെ കണ്ടിയൂർ മറ്റം രാജാവ് വിവാഹം കഴിച്ചതായും ചെറുകര ഉണ്ണീയാടി, മുത്തൂറ്റ് ഇളയച്ചി, ഉണ്ണിച്ചക്കി, കരുങ്ങാട്ടെ ഉണ്ണൂലികൾ എന്നിവരായിരുന്നു ക്ഷേത്ര അവകാശികൾ എന്നും കൂട്ടിച്ചേറ്ക്കുന്നു. മാവേലിക്കരയിൽ ദേവദാസികളുടെ സ്വാധിനം വെളിപ്പെടുത്തുന്നതാണീ രേഖ.

ഈ ക്ഷേത്രാങ്കണത്തിൽ പ്രദക്ഷിണ വഴിയിൽ സ്ഥാപിച്ചിരുന്ന ഒരു ശിലാശാസനം പിന്നീട് അക്ഷരങ്ങൾ കൂടുതൽ മാഞ്ഞുപോകാതിരിക്കുവാനായി ക്ഷേത്ര ചുമരിൽ ഉറപ്പിച്ചിരിക്കുന്നത് നമുക്ക് കാണാം. [8] രണ്ടാം ചേരസാമ്രാജ്യത്തിലെ ചക്രവർത്തിയായിരുന്ന രാജശേഖര വർമ്മൻ ഇവിടെ ക്ഷേത്രം പുനരുദ്ധീകരിച്ചുവെന്നാണ് ചരിത്രം. [9]1218ലെ കണ്ടിയൂർ ശാസനത്തിൽ രവികേരളവർമ്മയേയും (1215-1240)അദ്ദേഹത്തിന്റെ ഭാര്യ ഉണ്ണിയച്ചിയേയും പറ്റിപറയുന്നതല്ലാതെ ഓടനാട്ടുരാജാവായ കോതവർമ്മ വേണാട്ടുരാജാവിന്റെ നിർദ്ദേശപ്രകാരം കണ്ടിയൂർ ക്ഷേത്രം പുതുക്കിപ്പണിയുന്നതായും പറയുന്നു. [10])

അന്ന് അവിടെയുണ്ടായിരുന്ന ബുദ്ധപ്രതിഷ്ഠയാണ് മാവേലിക്കര നഗരത്തിൽ ബുദ്ധജംഗ്ഷനിൽ ഇന്നു കാണുന്ന ബുദ്ധപ്രതിമ. കേരള ചരിത്രത്തിനു മുതൽക്കൂട്ടായ പല ശിലാശാസനങ്ങളും രേഖകളും ലഭിച്ച മഹാക്ഷേത്രം കൂടിയാണിത്. [11])

ഓടനാട് കായംകുളത്തോട് ചേരുന്നതിനും മുൻപ് വേറെ നാട്ടുരാജ്യമായി പരിലസിക്കുകയായിരുന്നു[അവലംബം ആവശ്യമാണ്]. പിന്നീട് വീര ഉദയവർമ്മൻ കായംകുളത്തോടും അതിനുശേഷം അനിഴം തിരുനാൾ തിരുവിതാംകൂറിനോടും യോജിപ്പിച്ചു. അന്ന് കായംകുളം രാജാവ് തന്റെ ഉടവാൾ കണ്ടിയൂർ ക്ഷേത്രത്തിൽ ദേവന്റെ നടയിൽ സമർപ്പിച്ച് പടിഞ്ഞാറേ നടവഴി പുറത്തേക്ക് ഓടി. അതിനുശേഷം പിന്നീട് ഇന്നുവരെ ക്ഷേത്രത്തിലെ പടിഞ്ഞാറേ നാലമ്പല നട തുറന്നിട്ടില്ല.

കണ്ടിയൂർ ശാസനങ്ങൾ

[തിരുത്തുക]

നിരവധി ശാസനങ്ങൾ ക്ഷേത്രപരിസരത്തു സ്ഥാപിച്ചിരിക്കുന്നു.

ഇരവിവർമ്മന്റെ ശാസനം

[തിരുത്തുക]

കൊല്ലവർഷം 393 ലേതാണ് ഈ ശിലാശാസനം. വട്ടെഴുത്തിൽ തമിഴ് ലിപിയിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ടി.എ. ഗോപിനാഥ റാവു ആണ് ഇത് വായിച്ചെടുത്തത്. ഇത് കണ്ടിയൂരബദം 123 എന്ന കാലഗണന പ്രകാരമാണ്. അതായത് ക്ഷേത്ര നിർമ്മിതി കഴിഞ്ഞ് 123 വർഷം ആയി ഈ ശാസനം രേഖപ്പെടുത്തുമ്പോൾ എന്നർത്ഥം. ദേവദാസിയായ ഉണ്ണുനീലി രാജാവായ ഉണ്ണി കേരളവർമ്മയോടഭ്യർത്ഥിച്ച പ്രകാരം ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി സംഭാവന നൽകിയവരുടെ പേരു വിവരങ്ങളും മറ്റുമാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രേഖപ്പെടുത്തിയതു പ്രകാരം, നിർമ്മാണ പ്രവർത്തനങ്ങൾ കൊല്ലവർഷം 392 ലെ തുലാം 17 നു ആരംഭിക്കുകയും 393 ലെ മേടം 8 നു തീരുകയും ചെയ്തു. [12]

രാമൻ കോതവർമ്മന്റെ ശാസനം

[തിരുത്തുക]

കൊല്ലവർഷം 296 ലേതാണ് ഇത്. ശ്രീകോവിലിനു മുന്നിലായി സ്ഥാപിച്ചിരിക്കുന്നു. അന്നത്തെ ഓടനാട് രാജാവായിരുന്ന കോതവർമ്മനെക്കുറിച്ചാണ് പരാമർശങ്ങൾ. രാമന്റെ മകനായ കോതവർമ്മൻ ശ്രീകണ്ഠൻ എന്ന പ്രതിഷ്ഠയിൽ കലിദിനം 15-11-564 ൽ അഭിഷേകം അർപ്പിച്ചുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് സംസ്കൃതഭാഷയിൽ ഗ്രന്താക്ഷലിപിയിലാണ്.

ക്ഷേത്ര നിർമ്മിതി

[തിരുത്തുക]
കണ്ടിയൂർ മഹാദേവക്ഷേത്രം - ക്ഷേത്ര മതിലകം

ക്ഷേത്ര മതിലകത്തിന്റേയും, ക്ഷേത്ര സമുച്ചയത്തിന്റേയും വലിപ്പത്തിൽ കേരളത്തിലെ പുകൾപെറ്റ ക്ഷേത്രങ്ങളുടെ പട്ടികയിൽ പെടുന്നതാണീക്ഷേത്രം. മാവേലിക്കര നഗരത്തിൽ ഹരിപ്പാട് റോഡിലായി ഏഴര ഏക്കർ വിസ്താരമേറിയ മതിൽക്കകത്തായി ഈ മഹാക്ഷേത്രം സ്ഥിതിചെയ്യുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ഉപദേവതാ പ്രതിഷ്ഠാദേവാലങ്ങൾ ഉള്ള മഹാക്ഷേത്രങ്ങളിൽ ഒന്നാണിത്. [13] ക്ഷേത്രപ്പുരമതിൽ വളരെ ഉയരത്തിലുള്ളതാണ്. നാലു മതിലുകൾക്കും നാല് ഗോപുരങ്ങൾ ഉണ്ട്; കിഴക്കേ ഗോപുരവാതിലിൽ ഗജേന്ദ്ര മോക്ഷം, കൃഷ്ണാവതാരം തുടങ്ങിയ ദാരുശില്പങ്ങൽ ഭംഗിയായി കൊത്തിവച്ചിരിക്കുന്നു.


ശ്രീകോവിൽ

[തിരുത്തുക]
ശ്രീകോവിൽ

ഇരുനിലയിൽ തീർത്ത മഹാസൗധമാണ് ഇവിടുത്തെ ശ്രീകോവിൽ. രണ്ടു നിലയിൽ പണിതീർത്തിരിക്കുന്ന ശ്രീകോവിലിന്റെ താഴത്തെ നില വർത്തുളാകൃതിയിലും, മുകളിലത്തേത് ചതുരാകൃതിയിലും നിർമ്മിച്ചിരിക്കുന്നു. കിഴക്കോട്ട് ദർശനം നൽകി കിരാതമൂർത്തിയായി ശ്രീപരമേശ്വരൻ ഇവിടെ മഹാശിവലിംഗ രൂപത്തിൽ ദർശനം നൽകുന്നു. ഇവിടുത്തെ ശ്രീകോവിലിന്റെ പഴക്കം തിട്ടപ്പെടുത്തിയിട്ടില്ല. ശ്രീകോവിലിന്റെ ഭിത്തികൾ കരിങ്കല്ലും മണ്ണും ചേർത്ത് നിർമ്മിച്ചിരിക്കുന്നു. ക്ഷേത്രത്തിൽ പലയിടങ്ങളിലും ശ്രീകോവിലിന്റെ കരിങ്കൽ അടിത്തറയിലും വട്ടെഴുത്തിൽ ധാരാളം ശാസനങ്ങൾ കാണാൻ കഴിയും.

ചുറ്റമ്പമ്പലം

[തിരുത്തുക]

നാലമ്പലത്തീനു ചുറ്റുമായി 11 ഉപദേവതാ പ്രതിഷ്ഠകൾ കാണാം. ഇത് വിവിധകാലങ്ങളിലായി പണികഴിപ്പിച്ചവയാണ്. അഞ്ചെണ്ണം മറ്റു ശിവക്ഷേത്രങ്ങളിൽ നിന്നുള്ള കുടിയിരിപ്പ് പ്രതിഷ്ഠകളാണ്. ശങ്കരൻ, ശ്രീകണ്ഠൻ, മൃത്യുഞ്ജയൻ, പാർവ്വതീശൻ, വടക്കുന്നാഥൻ എന്നിവയാണവ. ഇവയ്ക്കുപുറമേ വിഷ്ണു, നാഗദൈവങ്ങൾ, ഗോശാലകൃഷ്ണൻ, ശാസ്താവ്, അന്നപൂർണേശ്വരി (പാർവ്വതി), സുബ്രഹ്മണ്യൻ, ഗണപതി, ബ്രഹ്മരക്ഷസ്സ് തുടങ്ങിയ ചെറിയ ഉപപ്രതിഷ്ഠകളും ഉൺറ്റ്.

കൊടിമരം

[തിരുത്തുക]

മലയാളവർഷം 1103 മകരം 15 നു ഇന്നു കാണുന്ന തരത്തിലുള്ള സ്വർണ്ണം പൂശിയ കൊടിമരം സ്ഥാപിക്കപ്പെട്ടു.

പ്രതിഷ്ഠകൾ

[തിരുത്തുക]

പ്രധാന പ്രതിഷ്ഠയായ കണ്ടിയൂരപ്പൻ ഇവിടെ കിരാതമൂർത്തിയായി കുടികൊള്ളുന്നു എന്നാണ് വിശ്വാസം. മൂന്നു സന്ധ്യക്കും മൂന്നുഭാവങ്ങളോടെ ശിവപെരുമാൾ ഇവിടെ ഭക്തർക്ക് ദർശനം നൽകുന്നത്. രാവിലെ ദക്ഷിണാമൂർത്തിയായി വിദ്യാപ്രദായകനായും, ഉച്ചയ്ക്ക് ഉമാമഹേശ്വരനായി ദാമ്പത്യസുഖപ്രദായകനായും വൈകുന്നേരം കിരാതമൂർത്തിയായി സർവ്വ സംഹാരമൂർത്തിയായും ഇവിടെ ദർശനം നൽകിയമരുന്നു. കേരളത്തിലെ ആദ്യ തന്ത്രികുടുംബമായ നെടുമ്പിള്ളി തരണനല്ലൂർ (ഇരിങ്ങാലക്കുട ഗ്രാമം) കുടുംബമാണ് ഇവിടെ തന്ത്രം നിർവഹിക്കുന്നത്. ധനുമാസത്തിലെ തിരുവാതിര ആറാട്ടായി ഉത്സവം നടക്കുന്നു. പത്തുദിവസമാണ് ഉത്സവം

ഉപദേവപ്രതിഷ്ഠകൾ

[തിരുത്തുക]

ഇത്രയധികം ഉപദേവാലയങ്ങൾ ഉള്ള ക്ഷേത്രങ്ങൾ കേരളത്തിൽ വിരളമാണ്. പന്ത്രണ്ട് ഉപദേവാല ക്ഷേത്രങ്ങൾ കണ്ടിയൂർ മതിലകത്തുണ്ട്. ഇവയിൽ അഞ്ചെണ്ണം ശിവന്റെതന്നെ അഞ്ച് വകഭേദങ്ങളാണ്.

  • മഹാവിഷ്ണു
  • പാർവ്വതീശൻ (ശിവന്റെ വകഭേദം)
  • നാഗരാജാവ്, നാഗയക്ഷി
  • ശാസ്താവ്
  • ഗോശാലകൃഷ്ണൻ
  • ശങ്കരൻ (ശിവന്റെ വകഭേദം)
  • ശ്രീകണ്ഠൻ (ശിവന്റെ വകഭേദം)
  • വടക്കുംനാഥൻ (ശിവന്റെ വകഭേദം)
  • ഗണപതി
  • മൃത്യുഞ്ജയൻ (ശിവന്റെ വകഭേദം)
  • സുബ്രഹ്മണ്യൻ
  • മൂലഗണപതി
  • അന്നപൂർണ്ണേശ്വരി (പാർവ്വതി)

വിശേഷങ്ങൾ

[തിരുത്തുക]

ധനുമാസത്തിൽ തിരുവാതിര ആറാട്ടായി പത്തുദിവസമാണ് ക്ഷേത്രത്തിലെ ഉത്സവം. കൂടാതെ ശിവരാത്രിയും വിശേഷമാണ്.

ക്ഷേത്രത്തിലെത്തി ചേരാൻ

[തിരുത്തുക]

മാവേലിക്കരയിൽനിന്നും ഹരിപ്പാട് പോകുന്ന വഴിയിൽ 2 കിലോമിറ്റർ ദൂരെ ആണ് കണ്ടിയൂർ.

കണ്ടിയൂർ ശ്രീകണ്ഠ്നായിരുന്നു ആദ്യം ഇവിടുത്തെ ആന. അത് പാമ്പുകടിയേറ്റ് ചരിഞ്ഞശേഷം പ്രേം ശങ്കർ എന്ന ആന ആണ് നിലവിൽ ഇപ്പോൾ ഉള്ളത്. [അവലംബം ആവശ്യമാണ്]

അവലംബം

[തിരുത്തുക]
  1. Kandiyoor . G.Krishna Pillai, Kandiyoor Siva Mahima,Siva publications,2009 ,p.26
  2. കേരളചരിത്രം, ഏ ശ്രീധരമേനോൻ.പേജ് 21.പ്രിന്റേഴ്സ്സ് &പബ്ലിഷെഴ്സ് പ്രൈ ലി. 2006
  3. കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ“
  4. കണ്ടിയൂർ മഹാക്ഷേത്ര വെബ് സൈറ്റ്
  5. കണ്ടിയൂർ മഹാക്ഷേത്ര വെബ് സൈറ്റ്
  6. നൂറ്റെട്ട് ശിവാലയങ്ങൾ - കുഞ്ഞിക്കുട്ടൻ ഇളയത്
  7. കേരള ചരിത്രം - എ. ശ്രീധരമേനോൻ, ഡി.സി. ബുക്സ്
  8. ഡോ. കെ.കെ. പിള്ള: കേരള ചരിത്രം, കേരള ഹിസ്റ്ററി അസോസിയേഷൻ
  9. ചില കേരള ചരിത്ര പ്രശ്നങ്ങൾ - ഇളംങ്ങുളം കുഞ്ഞൻപിള്ള
  10. കേരളചരിത്രം, ഏ ശ്രീധരമേനോൻ.പേജ് 55.പ്രിന്റേഴ്സ്സ് &പബ്ലിഷെഴ്സ് പ്രൈ ലി. 2006
  11. കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ - പുതുശ്ശേരി രാമചന്ദ്രൻ; കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട് : തിരുവനന്തപുരം
  12. ഗോപിനാഥ റാവു, ടി.എ. (1908). Travancore archeological series, Volume I. തിരിവനന്തപുരം: കേരള സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  13. ക്ഷേത്ര വെബ് സൈറ്റ്