ഏറ്റുമാനൂർ മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം
ഏറ്റുമാനൂർ പടിഞ്ഞാറെ ഗോപുരം
അടിസ്ഥാന വിവരങ്ങൾ
സ്ഥലംഏറ്റുമാനൂർ
മതവിഭാഗംഹിന്ദുയിസം
ജില്ലകോട്ടയം
സംസ്ഥാനംകേരളം
രാജ്യംഇന്ത്യ
Governing bodyതിരുവിതാംകൂർ ദേവസ്വം ബോർഡ്
വാസ്തുവിദ്യാ തരംകേരള-ദ്രാവിഡ ശൈലി

കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ നഗരഹൃദയത്തിൽ എം.സി. റോഡിന്റെ കിഴക്കുവശത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രസിദ്ധമായ ശിവക്ഷേത്രമാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. രൗദ്രഭാവത്തിലുള്ള പരമശിവനാണ് മുഖ്യ പ്രതിഷ്ഠ. രാവിലെ അഘോരമൂർത്തിയായും ഉച്ചയ്ക്ക് ശരഭമൂർത്തിയായും വൈകീട്ട് അർദ്ധനാരീശ്വരനായും സങ്കല്പിച്ചാണ് ആരാധന. സർവ്വ ദുരിതങ്ങൾക്കും ഇവിടുത്തെ ദർശനം ഫലപ്രദമെന്നാണ് വിശ്വാസം. ഈ ക്ഷേത്രത്തിന്റെ ഉത്പത്തിയെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളും, പ്രാദേശിക കഥകളും പുരാണ വസ്തുതകളുമുണ്ടെങ്കിലും വ്യക്തമായ ചരിത്രരേഖകളുടെ കുറവു കാണുന്നുണ്ട്. ഖരപ്രതിഷ്ഠയാണന്നു വിശ്വസിയ്ക്കുമ്പോഴും പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണന്നും കരുതിപോരുന്നു. നാലേക്കറിൽ കൂടുതൽ വരുന്ന സ്ഥലത്ത് പടിഞ്ഞാറോട്ട് ദർശനമായിട്ടാണ് ഏറ്റുമാനൂർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. [1] [2]. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ദക്ഷിണാമൂർത്തി, ശാസ്താവ്, ദുർഗ്ഗ, യക്ഷി, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. കൂടാതെ, ക്ഷേത്രത്തിനടുത്തായി അന്തിമഹാകാളൻ ക്ഷേത്രവും ശ്രീകൃഷ്ണ ക്ഷേത്രവുമുണ്ട്. കുംഭമാസത്തിൽ തിരുവാതിര ആറാട്ടായുള്ള പത്തുദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഇതിനിടയിൽ വരുന്ന എട്ടാം വിളക്കും അന്ന് നടക്കുന്ന ആസ്ഥാനമണ്ഡപദർശനവും ഏറ്റവും ഗംഭീരമാണ്. കൂടാതെ കുംഭമാസത്തിൽ തന്നെയുള്ള ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര എന്നിവയും വിശേഷദിവസങ്ങളാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യം[തിരുത്തുക]

ഖരൻ എന്ന അസുരൻ മുത്തച്ഛനായ മാല്യവാനിൽ നിന്ന് ശൈവവിദ്യ ഗ്രഹിച്ച് ചിദംബരത്തുപോയി ശിവനെ പ്രീതിപ്പെടുത്താനായി തപസ്സാരംഭിച്ചു. ഭക്തന്റെ തപസ്സിൽ സംപ്രീതനായ ഭഗവാൻ അവന് മൂന്ന് ജ്യോതിർലിംഗങ്ങൾ സമ്മാനിച്ചു. തുടർന്ന്, ആകാശമാർഗ്ഗേണ യാത്ര ആരംഭിച്ച ഖരൻ ശിവലിംഗങ്ങളുടെ ഭാരം കാരണം അല്പനേരം വിശ്രമിയ്ക്കാനായി വൈക്കത്തെത്തി. തുടർന്ന്, തന്റെ വലതുകയ്യിലെ ശിവലിംഗം അവിടെ ഇറക്കിവച്ച് ഖരൻ വിശ്രമം ആരംഭിച്ചു. ഉണർന്നെഴുന്നേറ്റ് ശിവലിംഗം എടുക്കാൻ നോക്കിയപ്പോൾ അത് എടുക്കാൻ സാധിയ്ക്കുന്നില്ല. താൻ താമസിയ്ക്കാൻ ഏറ്റവും ആഗ്രഹിയ്ക്കുന്ന സ്ഥലമാണതെന്ന് തത്സമയം ശിവഭഗവാന്റെ അശരീരിയും മുഴങ്ങി. തുടർന്ന്, ശിവലിംഗം അവിടെ തപസ്സിരുന്ന വ്യാഘ്രപാദൻ എന്ന മഹർഷിയെ ഏല്പിച്ച് ഖരൻ മുക്തിയടഞ്ഞു. തുടർന്ന് തന്റെ ഇടതുകയ്യിലെ ശിവലിംഗം ഖരൻ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലും വായ കൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം കടുത്തുരുത്തി തളി മഹാദേവക്ഷേത്രത്തിലും പ്രതിഷ്ഠിച്ചു. ഇന്നും മൂന്ന് ക്ഷേത്രങ്ങളിലും ഉച്ചപ്പൂജയ്ക്ക് മുമ്പ് ദർശനം നടത്തുന്നത് പുണ്യകരമായി വിശ്വസിച്ചുവരുന്നു.

ഏറ്റുമാനൂർ അലങ്കാരഗോപുരം

ചരിത്രം[തിരുത്തുക]

ഏറ്റുമാനൂർ ക്ഷേത്രത്തിന് ഏകദേശം ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നു. എന്നാൽ, അത് തെളിയിയ്ക്കുന്ന രേഖകളൊന്നും ക്ഷേത്രത്തിലില്ല. ക്ഷേത്രം ആദ്യം വടക്കുംകൂർ രാജ്യത്തായിരുന്നു. ക്ഷേത്രത്തിന്റെ ഊരായ്മക്കാർ എട്ട് മനക്കാരായിരുന്നു. ഇതുവഴി 'എട്ടുമനയൂർ' എന്ന പേര് സ്ഥലത്തിന് വന്നുവെന്നും അതാണ് ഏറ്റുമാനൂർ ആയതെന്നും പറയപ്പെടുന്നു. എട്ട് മനക്കാർക്കിടയിലെ ആഭ്യന്തരകലഹവും മറ്റുമായപ്പോൾ ക്ഷേത്രം തകർന്നുപോയി. പിന്നീട് കൊല്ലവർഷം 929-ൽ ക്ഷേത്രം തിരുവിതാംകൂർ ഏറ്റെടുത്തു. തിരുവിതാംകൂർ ദിവാനായിരുന്ന മൺറോ പ്രഭുവിന്റെ ആശയമായിരുന്നു ഇത്. ഇപ്പോൾ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്.

ക്ഷേത്രത്തിലെ അതിപ്രസിദ്ധമായ രണ്ട് പ്രത്യേകതകളാണ് ക്ഷേത്രത്തിലെ വലിയ വിളക്കും ഏഴരപ്പൊന്നാനയും. ഇവയുടെ വരവും വളരെ രസകരമായ സാഹചര്യങ്ങളിലാണ്. ക്ഷേത്രത്തിലെ ബലിക്കൽപ്പുരയിൽ സ്ഥാപിച്ചിട്ടുള്ള വലിയ വിളക്ക് അഞ്ചുതിരികളോടുകൂടിയ ഒരു കെടാവിളക്കാണ്. നാല് പ്രധാന ദിക്കുകളിലേയ്ക്കും (കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക്) വടക്കുകിഴക്കുഭാഗത്തേയ്ക്കുമാണ് അഞ്ചുതിരികളിട്ടിരിയ്ക്കുന്നത്. 1540-ലാണ് ഈ ദീപം സ്ഥാപിച്ചത്. പിന്നീട് ഇതുവരെ ഇത് കെട്ടിട്ടില്ല. സ്ഥലത്തെ ഒരു മൂശാരിയാണ് ഈ വിളക്ക് തീർത്തത്. തുടർന്ന് ക്ഷേത്രത്തിൽ സ്ഥാപിയ്ക്കാൻ ശ്രമിച്ചപ്പോൾ ക്ഷേത്ര അധികാരികൾ അദ്ദേഹത്തെ തടഞ്ഞു. ചിലർ മൂശാരിയോട് അത്രയും വലുപ്പമുള്ള വിളക്ക് തങ്ങൾ മുമ്പെവിടെയും കണ്ടിട്ടില്ലെന്ന് പറയുകയും അത് എവിടെ സ്ഥാപിയ്ക്കണമെന്ന് ചോദിയ്ക്കുകയും ചെയ്തെങ്കിലും മൂശാരിയ്ക്ക് ഉത്തരം കിട്ടിയില്ല. ആ സമയത്ത് പെട്ടെന്ന് ക്ഷേത്രത്തിനകത്തുനിന്നൊരാൾ തുള്ളിവന്ന് മൂശാരിയുടെ കയ്യിൽ നിന്ന് വിളക്ക് വാങ്ങി ദീപം ബലിക്കൽപ്പുരയിൽ കൊണ്ടുപോയി സ്ഥാപിച്ചു. ആ സമയത്ത് ഒരു വൻ ഇടിമിന്നലുണ്ടാകുകയും വിളക്ക് എണ്ണയില്ലാതെ കത്തുകയും ചെയ്തു. മൂശാരിയെയും വിഗ്രഹം തറച്ച വിദ്വാനെയും പിന്നീടാരും കണ്ടിട്ടില്ല. ആ വിദ്വാൻ സാക്ഷാൽ ഏറ്റുമാനൂരപ്പൻ തന്നെയാണെന്ന് വിശ്വസിച്ചുവരുന്നു. മൂശാരി അങ്ങനെ ഭഗവാനിൽ ലയിച്ചുചേർന്നുവത്രേ!

ക്ഷേത്രത്തിലെ മറ്റൊരു വലിയ ആകർഷണമാണ് ഏഴരപ്പൊന്നാന. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഏഴ് വലിയ ആനകളും ഒരു ചെറിയ ആനയും അടങ്ങുന്ന ഒരു ശില്പരൂപമാണിത്. തേക്കിൻതടിയിൽ തീർത്ത് സ്വർണ്ണം പൂശിയ വിഗ്രഹങ്ങളാണ് ഇവ. ആനകൾക്കൊപ്പം ഒരു സ്വർണ്ണ പഴക്കുലയും ഉണ്ടാക്കിയിരുന്നു. കുംഭമാസത്തിൽ ഉത്സവത്തിനിടയ്ക്ക് എട്ടാം നാളിൽ നടക്കുന്ന ആസ്ഥാനമണ്ഡപദർശനത്തിൽ ഭഗവാന്റെ തിടമ്പിനൊപ്പം ഏഴരപ്പൊന്നാനകളും പ്രദർശനത്തിനുവയ്ക്കും. ആറാട്ടുദിവസം തീവെട്ടികളുടെ വെളിച്ചത്തിൽ നാലുപേർ ചേർന്ന് ഇവയെ ശിരസ്സിലേറ്റുന്ന പതിവുമുണ്ട്. 1972-ലിറങ്ങിയ അക്കരപ്പച്ച എന്ന ചിത്രത്തിൽ ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ എന്ന പ്രശസ്തമായ ഒരു ശിവഭക്തിഗാനമുണ്ട്. വലിയ ആനകൾക്ക് രണ്ടടിയും ചെറിയ ആനയ്ക്ക് ഒരടിയുമാണ് ഉയരം. ഇത് തിരുവിതാംകൂറിന്റെ സ്ഥാപകനായിരുന്ന അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ്മ നേർന്ന വഴിപാടായിരുന്നു. എന്നാൽ, അത് നേരും മുമ്പ് അദ്ദേഹം നാടുനീങ്ങിപ്പോയതിനാൽ അദ്ദേഹത്തിന്റെ അനന്തരവനും പിൻഗാമിയുമായ കാർത്തിക തിരുനാൾ രാമവർമ്മയാണ് (ധർമ്മരാജ) ഇത് നടയ്ക്കുവച്ചത്. വാസ്തവത്തിൽ ഏഴരപ്പൊന്നാന വൈക്കത്ത് നേരാൻ വച്ചിരുന്ന വഴിപാടായിരുന്നുവത്രേ!തിരുവനന്തപുരത്തുനിന്ന് വൈക്കത്തേയ്ക്ക് കൊണ്ടുപോകുന്ന വഴിയിൽ ഏറ്റുമാനൂരെത്തിയപ്പോൾ അല്പനേരം വിശ്രമിയ്ക്കാനും മറ്റുമായി രാജാവും ഭടന്മാരും കൂടി ഏറ്റുമാനൂരമ്പലത്തിലെ പടിഞ്ഞാറേ ഗോപുരത്തിലെത്തി. ഏഴരപ്പൊന്നാനകളെ ഇറക്കിവച്ച് അവർ വിശ്രമിച്ചു. എന്നാൽ പോകാൻ നേരത്ത് ആനകളുടെ ദേഹത്തുനിന്ന് ഉഗ്രസർപ്പങ്ങൾ ഫണം വിടർത്തിനിൽക്കുന്നു! ഭയാക്രാന്തരായ രാജാവും ഭടന്മാരും അടുത്തുള്ള ഒരു ജ്യോത്സ്യരെക്കൊണ്ട് പ്രശ്നം വപ്പിച്ചുനോക്കി. അപ്പോൾ, അവ ഏറ്റുമാനൂരിൽ തന്നെ സമർപ്പിയ്ക്കണമെന്നാണ് ഭഗവാന്റെ ആഗ്രഹമെന്ന് തെളിഞ്ഞു. തുടർന്ന്, 1769 മെയ് മാസം 14-ആം തീയതി വെള്ളിയാഴ്ച ഒരു ശുഭമുഹൂർത്തത്തിൽ ഏഴരപ്പൊന്നാനകളെ ഭഗവാന് നടയ്ക്കുവച്ചു. പിന്നീട് മറ്റൊരു ഏഴരപ്പൊന്നാനയുണ്ടാക്കി അത് വൈക്കത്ത് സമർപ്പിയ്ക്കാമെന്ന് ധർമ്മരാജ വിചാരിച്ചു. പക്ഷേ, ഒരു ദിവസം അദ്ദേഹത്തിന് വൈക്കത്തപ്പന്റെ സ്വപ്നദർശനമുണ്ടായി. തനിയ്ക്ക് മറ്റൊരു ഏഴരപ്പൊന്നാന വേണ്ടെന്നും പകരം ആ കാശിന് സഹസ്രകലശം നടത്തിയാൽ മതിയെന്നുമായിരുന്നു വൈക്കത്തപ്പന്റെ അരുളപ്പാട്. പിറ്റേന്നുതന്നെ ധർമ്മരാജ വൈക്കത്തേയ്ക്ക് പുറപ്പെട്ടു. വൈക്കത്തെത്തിയ അദ്ദേഹം ഏഴരപ്പൊന്നാന നേരാൻ വച്ച തുക കൊണ്ട് വൈക്കത്തപ്പന് സഹസ്രകലശം നടത്തുകയും ക്ഷേത്രത്തിലെ പ്രസാദമായ പ്രാതലുണ്ട് ആനന്ദദർശനം നടത്തി നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു. എന്നാൽ, ഏഴരപ്പൊന്നാന കൊടുത്തതിൽ വൈക്കത്തപ്പന് ഏറ്റുമാനൂരപ്പനുമായി പിണക്കമാണെന്ന് അടുത്തകാലം വരെ ഭക്തർ വിശ്വസിച്ചുവന്നിരുന്നു. അതിന്റെ തെളിവായി ഏറ്റുമാനൂരുകാരാരും വൈക്കത്ത് അഷ്ടമിദർശനത്തിനോ വൈക്കത്തുകാർ തിരിച്ച് ഏറ്റുമാനൂരിൽ ആസ്ഥാനമണ്ഡപദർശനത്തിനോ പോയിരുന്നില്ല. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ ഈ കഥ വിശദമായി പരാമർശിച്ചിട്ടുണ്ട്. എന്നാൽ, ഇന്ന് സ്ഥിതിയിൽ മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്.

ക്ഷേത്ര നിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

വൈക്കത്തേതുമായി നോക്കുമ്പോൾ താരതമ്യേന വളരെ ചെറിയ മതിൽക്കകമാണ് ഏറ്റുമാനൂരിലേത്. ഏകദേശം അഞ്ചേക്കർ വിസ്തീർണ്ണം വരും. എം.സി. റോഡിന്റെ കിഴക്കുഭാഗത്ത് നടരാജമൂർത്തിയുടെ രൂപം കൊത്തിവച്ച ക്ഷേത്രകവാടം കാണാം. ആ കവാടത്തിനകത്തുതന്നെയാണ് വാഹനപാർക്കിംഗ് സൗകര്യവും ഉള്ളത്. ഇതും കഴിഞ്ഞ് അല്പദൂരം നടന്നാൽ വലിയ അരയാൽമരം കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ അടിയിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും മുകളിൽ ശിവനും കുടികൊള്ളുന്നതായി വിശ്വസിക്കുന്നു. അതായത്, അരയാലിനെ ത്രിമൂർത്തീസ്വരൂപമായി കണ്ടുവരുന്നു. ക്ഷേത്രത്തിന് നാലുഭാഗത്തും ഗോപുരങ്ങളുണ്ടെങ്കിലും പടിഞ്ഞാറുഭാഗത്തുള്ളതാണ് ഏറ്റവും വലുതു്. ഇതിന്റെ വടക്കുപടിഞ്ഞാറുഭാഗത്ത് ശ്രീകൃഷ്ണക്ഷേത്രം സ്ഥിതിചെയ്യുന്നു. 'കീഴ്തൃക്കോവിൽ ക്ഷേത്രം' എന്നാണ് ഇതിന്റെ പേര്. ഉഗ്രമൂർത്തിയായ ശിവന്റെ കോപം കുറയ്ക്കാനാണ് ഇവിടെ ശ്രീകൃഷ്ണൻ കുടികൊള്ളുന്നതെന്ന് പറയപ്പെടുന്നു. ശ്രീകൃഷ്ണനെന്ന് പറയപ്പെടുന്നുവെങ്കിലും യഥാർത്ഥത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണ് പ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന മഹാവിഷ്ണുവിന് ഉപദേവതയായി ഗണപതിയും കുടികൊള്ളുന്നു.

പ്രധാനവഴിയിൽ നിന്ന് അല്പമിറങ്ങിയാണ് ഗോപുരത്തറ കാണപ്പെടുന്നത്. പടിഞ്ഞാറേ ഗോപുരം ഓടുമേഞ്ഞതാണ്. ഇതിനടുത്താണ് ദേവസ്വം ഓഫീസ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലെ പ്രധാന ദേവസ്വങ്ങളിലൊന്നാണ് ഏറ്റുമാനൂരിലുള്ളത്. പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം കാണുന്നത് വലിയ ആനക്കൊട്ടിലാണ്. ഏകദേശം മൂന്നാനകളെ നിർത്തി എഴുന്നള്ളിയ്ക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ആനക്കൊട്ടിലിന് തൊട്ടപ്പുറത്ത് സ്വർണ്ണക്കൊടിമരം നിലകൊള്ളുന്നു. മുമ്പുണ്ടായിരുന്ന കൊടിമരം കാലപ്പഴക്കം കാരണം ജീർണ്ണിച്ചതിനെത്തുടർന്ന് 2010-ലാണ് നിലവിലെ കൊടിമരം പ്രതിഷ്ഠിച്ചത്[അവലംബം ആവശ്യമാണ്]. കൊടിമരച്ചുവട്ടിൽ അഷ്ടദിക്പാലകരുടെ രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. കൊടിമരത്തിനപ്പുറത്ത് ബലിക്കൽപ്പുരയാണ്. ഇവിടെ ക്ഷേത്രത്തിലെ ബലിക്കല്ല് സ്ഥിതിചെയ്യുന്നു. പത്തടിയിലധികം ഉയരമുണ്ട് ഈ ബലിക്കല്ലിന്. ഏണിചാരിനിന്നാണ് ഇവിടെ ബലിതൂകുന്നത്. ബലിക്കല്ലിനുമുന്നിലാണ് ഇവിടത്തെ 'വലിയ വിളക്ക്'. ഈ വിളക്കിൽ തിരിയൊഴിയ്ക്കുന്നത് ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്.

ബലിക്കൽപ്പുരയിൽ നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിരുവശവും മൂന്ന് ചുവർച്ചിത്രങ്ങളുണ്ട്. വടക്കുവശത്ത് അനന്തശയനഭാവത്തിലുള്ള മഹാവിഷ്ണുവും തെക്കുഭാഗത്ത് അഘോരമൂർത്തിയും നടരാജമൂർത്തിയുമാണ് ചുവർച്ചിത്രങ്ങളായി പ്രത്യക്ഷപ്പെടുന്നത്. എട്ടുകൈകളിൽ ത്രിശൂലം, മഴു, വാൾ, അമ്പ്, ഉടുക്ക്, കപാലം, പരിച, വില്ല് എന്നിവ ധരിച്ച് മൂന്നാം തൃക്കണ്ണിൽ നിന്ന് അഗ്നിജ്വാലകൾ വർഷിച്ചുനിൽക്കുന്ന ഭാവമാണ് അഘോരമൂർത്തിയുടെ ചിത്രത്തിന്. ഇത്തരത്തിലൊരു ചിത്രം ലോകത്ത് മറ്റൊരിടത്തുമില്ല. നടരാജമൂർത്തിയുടെ ചിത്രത്തിന് തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ നടരാജചിത്രവുമായി രൂപത്തിൽ നല്ല സാദൃശ്യമുണ്ട്. ഇരുപതുകൈകളോടുകൂടിയ ഭഗവാൻ അവയിൽ പതിനെട്ടിലും ആയുധങ്ങളേന്തി തന്റെ മറ്റ് രണ്ടുകൈകൾ നൃത്തമുദ്രയിൽ പിടിച്ചിരിയ്ക്കുന്നു. നടരാജനൃത്തം കാണാൻ ഇന്ദ്രാദിദേവകൾ കൈലാസത്തിലെത്തിയതും ചിത്രത്തിൽ തെളിഞ്ഞുകാണാം.

ക്ഷേത്രമതിലകത്ത് വടക്കുപടിഞ്ഞാറുമാറിയാണ് 'ആസ്ഥാനമണ്ഡപം'. കുംഭമാസത്തിലെ എട്ടാം ഉത്സവദിവസം ഭഗവാനെ ഇവിടെ എഴുന്നള്ളിച്ചുകൊണ്ടുവന്ന് ഇരുത്തുന്ന ചടങ്ങുണ്ട്. ഏഴരപ്പൊന്നാനകൾകക്കൊപ്പമുള്ള ആ ദർശനം അതിവിശേഷമായി പറയപ്പെടുന്നത്. ഉത്സവത്തിൽ ക്ഷേത്രമതിലകത്തിന് തൊട്ടുവടക്കുഭാഗത്ത് വില്ലിന്റെ ആകൃതിയിലുള്ള ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. 'വില്ലുകുളം' എന്ന് ഇത് അറിയപ്പെടുന്നു. വില്ലുകുളത്തിൽ കുളിച്ചാണ് ശാന്തിക്കാരും ഭക്തരും ക്ഷേത്രദർശനത്തിനെത്തുന്നത്[അവലംബം ആവശ്യമാണ്]. വടക്കുകിഴക്കുഭാഗത്ത് നാഗദൈവങ്ങൾ കുടികൊള്ളുന്നു. നാഗരാജാവായി വാസുകിയും നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയും ചിത്രകൂടവുമാണ് നാഗത്തറയിലെ പ്രതിഷ്ഠകൾ. നാഗരാജക്ഷേത്രത്തിനടുത്തുതന്നെയാണ് ഈ ക്ഷേത്രത്തിലെ അന്നദാനമണ്ഡപവും. ദാനങ്ങളിൽ മഹാദാനമായ അന്നദാനം ഇവിടെ നിത്യേന രാവിലെ പതിനൊന്നരയ്ക്ക് നടത്തിവരുന്നുണ്ട്. ഇവിടെ നിന്ന് അല്പം മാറി കിഴക്കേ ഗോപുരത്തിനടുത്ത് ഒരു സനാതനധർമ്മ പാഠശാലയുണ്ട്. ഹിന്ദുധർമ്മത്തിലേയ്ക്ക് യുവതലമുറയെ ആകർഷിയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടി തുടങ്ങിയ ഈ പാഠശാല ധാരാളം ഭക്തരെ ആകർഷിയ്ക്കുന്നുണ്ട്. തെക്കുപടിഞ്ഞാറുഭാഗത്താണ് ക്ഷേത്രം വക ഓഡിറ്റോറിയവും സ്റ്റേജുമുള്ളത്. വിശേഷദിവസങ്ങളിൽ ഇവിടെ പരിപാടികൾ നടത്തിവരുന്നു.

ശ്രീകോവിൽ[തിരുത്തുക]

കേരളത്തിലെ മിക്ക മഹാക്ഷേത്രങ്ങളിലേതും പോലെ ഭീമാകാരമായ വട്ടശ്രീകോവിലാണ് ഇവിടെയുള്ളത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിലിന് ഒറ്റനിലയേയുള്ളൂ[അവലംബം ആവശ്യമാണ്]. അത് ചെമ്പുമേഞ്ഞിരിയ്ക്കുന്നു. ശ്രീകോവിലിന് മുകളിൽ സ്വർണ്ണത്താഴികക്കുടം ഉണ്ട്. ശ്രീകോവിലിനകത്ത് മൂന്ന് മുറികളുണ്ട്. അവയിൽ കിഴക്കേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. മൂന്നരയടിയോളം ഉയരം വരുന്ന ശിവലിംഗം രണ്ടരയടി ഉയരം വരുന്ന പീഠത്തിൽ പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. അലങ്കാരസമയത്ത് ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല എന്നിവകൊണ്ട് ശിവലിംഗത്തിന്റെ മുക്കാൽ ഭാഗവും മറഞ്ഞിരിയ്ക്കും. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ഏറ്റുമാനൂരപ്പൻ, ശിവലിംഗമായി ശ്രീലകത്ത് വാഴുന്നു.

ശ്രീകോവിലിനുചുറ്റും മനോഹരമായ ചുവർച്ചിത്രങ്ങളും ദാരുശില്പങ്ങളുമുണ്ട്. വാമനമൂർത്തി, അഷ്ടാവക്രമഹർഷി, ലക്ഷ്മിഭൂമിസമേതനായ മഹാവിഷ്ണു, പത്നീസമേതനായ ഗണപതി, ശ്രീരാമപട്ടാഭിഷേകം, ശ്രീകൃഷ്ണന്റെ രാസലീല, സൂര്യഭഗവാൻ തുടങ്ങിയ ഇവയിൽ കാണാം. ശ്രീകോവിലിന്റെ തെക്കേ നടയിൽ ദക്ഷിണാമൂർത്തിയും ഗണപതിയും കുടികൊള്ളുന്നു. ഗണപതിയുടെ വിഗ്രഹം കാണണമെങ്കിൽ അല്പം ചരിച്ചുനോക്കേണ്ടതുണ്ട്. കിഴക്കേ നടയിൽ ഒരു അടഞ്ഞ വാതിൽ കാണാം. അവിടെ പാർവ്വതീസാന്നിദ്ധ്യമുള്ളതായി വിശ്വസിച്ചുവരുന്നു. ആ നട തുറക്കാറില്ല. പകരം വിളക്കുവയ്പ് മാത്രമേയുള്ളൂ. ശ്രീകോവിലിന്റെ വടക്കുഭാഗത്ത് ഓവ് കാണപ്പെടുന്നു. അഭിഷേകജലം ഇതിലൂടെ ഒഴുകിപ്പോകുന്നു. ശിവക്ഷേത്രമായതിനാൽ ഇവിടെ പൂർണ്ണപ്രദക്ഷിണം പാടില്ല.

വട്ടശ്രീകോവിലുള്ള മിക്ക ക്ഷേത്രങ്ങളിലേതും പോലെ ഏറ്റുമാനൂരിലും പ്രതിഷ്ഠ തറനിരപ്പിൽ നിന്ന് വളരെ പൊങ്ങിയാണ് കാണപ്പെടുന്നത്. അതിനാൽ, പ്രതിഷ്ഠ കാണണമെങ്കിൽ ശ്രീകോവിലിന് നേരെമുന്നിൽ തന്നെ നിൽക്കണം.

നമസ്കാര മണ്ഡപം[തിരുത്തുക]

ശ്രീകോവിലിനുമുന്നിൽ ചതുരാകൃതിയിൽ നമസ്കാരമണ്ഡപം പണിതിരിയ്ക്കുന്നു. 16 കാലുകളാണ് ഈ മണ്ഡപത്തിന്. ചെമ്പുമേഞ്ഞ നമസ്കാരമണ്ഡപത്തിന് മുകളിൽ സ്വർണ്ണത്താഴികക്കുടമുണ്ട്. രാമായണം, ഭാഗവതം തുടങ്ങിയ കഥകളിൽ നിന്നുള്ള പല കഥകളും ഇവിടെ ശില്പങ്ങളായി ആവിഷ്കരിയ്ക്കപ്പെട്ടിട്ടുണ്ട്. മണ്ഡപത്തിന്റെ വടക്കുപടിഞ്ഞാറും വടക്കുകിഴക്കും മൂലകളിലെ തൂണുകളിൽ യഥാക്രമം ദുർഗ്ഗാദേവിയും യക്ഷിയമ്മയും കുടികൊള്ളുന്നു. മണ്ഡപത്തിന്റെ കിഴക്കേ അറ്റത്ത് രണ്ട് നന്ദിവിഗ്രഹങ്ങളുണ്ട്. ഒന്ന് ഓടുകൊണ്ടും മറ്റേത് ശിലകൊണ്ടും നിർമ്മിച്ചതാണ്. ഇവയിൽ ഓടുകൊണ്ടുള്ള വിഗ്രഹം ഒരു ചെമ്പകശ്ശേരി രാജാവ് തന്റെ വയറുവേദന സുഖപ്പെട്ടതിനെത്തുടർന്ന് നടയ്ക്കുവച്ചതാണ്. ഉത്സവക്കാലത്തും മറ്റും വേദലക്ഷാർച്ചനയും കലശപൂജയും നടക്കുന്നതും ഈ മണ്ഡപത്തിലാണ്.

നാലമ്പലവും, വിളക്കുമാടവും[തിരുത്തുക]

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. ചെമ്പുമേഞ്ഞാണ് നാലമ്പലവും നിലകൊള്ളുന്നത്. നാലമ്പലത്തിനകത്ത് ശ്രീകോവിലിന് ചുറ്റുമായി അകത്തെ ബലിവട്ടം പണിതിട്ടുണ്ട്. അഷ്ടദിക്പാലകർ (പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ, കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി), സപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ബ്രഹ്മാവ്, അനന്തൻ, ദുർഗ്ഗാദേവി, നിർമ്മാല്യധാരി (ഇവിടെ ചണ്ഡികേശ്വരൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവയിൽ ബലി തൂകുന്നു. ശ്രീകോവിലിന്റെ വടക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായി ശാസ്താവിന്റെ ശ്രീകോവിൽ കാണാം. ശബരിമലയ്ക്ക് പോകുന്നവർ ഇതിന്റെ മുന്നിൽ വന്നാണ് മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതും. ശാസ്താക്ഷേത്രത്തിന് തൊട്ടപ്പുറത്ത് ക്ഷേത്രക്കിണർ പണിതിരിയ്ക്കുന്നു. തെക്കുകിഴക്കുഭാഗത്ത് പതിവുപോലെ തിടപ്പള്ളിയാണ്.

ശ്രീകോവിലിന്റെ പുറംചുവരുകൾ വിളക്കുമാടം കൊണ്ട് അലംകൃതമായിരിയ്ക്കുന്നു. ദിവസവും സന്ധ്യയ്ക്ക് ദീപാരാധനാസമയത്ത് ഇവിടം ദീപങ്ങൾകൊണ്ട് നിറഞ്ഞുനിൽക്കും[അവലംബം ആവശ്യമാണ്]. വിളക്കുമാടം പിച്ചള പൊതിഞ്ഞ് സ്വർണ്ണം പൂശി മനോഹരമാക്കിയിട്ടുണ്ട്. ആയിരത്തിലധികം വിളക്കുകൾ ഇവിടെയുണ്ട്.

പ്രധാന പ്രതിഷ്ഠ[തിരുത്തുക]

തിരുവേറ്റുമാനൂരപ്പൻ (ശിവൻ)[തിരുത്തുക]

ഏറ്റുമാനൂർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. അഘോരമൂർത്തി സങ്കല്പത്തിലാണ് ഇവിടെ പ്രതിഷ്ഠ. 'അഘോരൻ' എന്ന വാക്കിന് ഒട്ടും ഘോരനല്ലാത്തവനെന്നും ഏറ്റവും ഘോരനായവനെന്നും അർത്ഥം പറഞ്ഞുവരുന്നു. ദുഷ്ടർക്ക് ഏറ്റവും ഘോരനായും, ശിഷ്ടർക്ക് ഏറ്റവും സൗമ്യനുമായി കാണപ്പെടുന്നു എന്നാണ് വിശ്വാസം. എന്നാലും, പൊതുവേ ഉഗ്രമൂർത്തീസങ്കല്പമാണ് ഈ പ്രതിഷ്ഠയ്ക്ക്. മൂന്നരയടിയോളം ഉയരമുള്ള ശിവലിംഗത്തിൽ പടിഞ്ഞാറോട്ട് ദർശനമായാണ് ഏറ്റുമാനൂരപ്പൻ കുടികൊള്ളുന്നത്. ഭഗവാൻ ഇവിടെ ദിവസവും മൂന്നുഭാവങ്ങളിൽ ദർശനം നൽകുന്നതായാണ് വിശ്വാസം. രാവിലെ ശിവശക്തി ഐക്യരൂപമായ അർദ്ധനാരീശ്വരനായും, ഉച്ചയ്ക്ക് അർജ്ജുനനെ പരീക്ഷിച്ച് അദ്ദേഹത്തിന് പാശുപതാസ്ത്രം നൽകിയ കിരാതമൂർത്തിയായും, വൈകീട്ട് പ്രപഞ്ചത്തെ മുച്ചൂടും ഇല്ലാതാക്കുന്ന സംഹാരരുദ്രനായും. രാവിലെ, അപസ്മാരയക്ഷനെ ചവുട്ടിമെതിയ്ക്കുന്ന നടരാജനും, ഉച്ചയ്ക്ക് നരസിംഹമൂർത്തിയുടെ കോപമടക്കിയ ശരഭനും, വൈകീട്ട് അർദ്ധനാരീശ്വരനുമാണെന്നൊരു പാഠഭേദം കൂടിയുണ്ട്. വലിയ വിളക്കിൽ എണ്ണയൊഴിയ്ക്കുന്നതാണ് ഏറ്റുമാനൂരപ്പന്റെ പ്രധാന വഴിപാട്. ധാര, ശംഖാഭിഷേകം, പിൻവിളക്ക്, കൂവളമാല എന്നിവയും പ്രധാനമാണ്.

ഉപദേവതകൾ[തിരുത്തുക]

ഗണപതി[തിരുത്തുക]

ഏറ്റുമാനൂർ ക്ഷേത്രത്തിൽ പ്രധാന ശ്രീകോവിലിന്റെ തെക്കേ നടയിലെ ത്വരത്തിൽ തെക്കോട്ട് ദർശനമായാണ് ഗണപതി പ്രതിഷ്ഠയുള്ളത്. മൂന്നടിയോളം ഉയരം വരുന്ന ചതുർബാഹു വിഗ്രഹം മഹാഗണപതിയുടെ രൂപത്തിലാണ്. വിഘ്നേശ്വര പ്രീതിയ്ക്കായി ക്ഷേത്രത്തിൽ നിത്യവും ഗണപതിഹോമം നടന്നുവരുന്നുണ്ട്. ഒറ്റയപ്പം, മോദകം, കറുകമാല, നാളികേരമുടയ്ക്കൽ തുടങ്ങിയവയാണ് ഗണപതിയ്ക്ക് പ്രധാന വഴിപാടുകൾ.

ദക്ഷിണാമൂർത്തി[തിരുത്തുക]

ഹൈന്ദവവിശ്വാസപ്രകാരം പ്രപഞ്ചത്തിന്റെ ആദിഗുരുവായി പറയപ്പെടുന്ന ദക്ഷിണാമൂർത്തി ശിവന്റെ ഒരു വകഭേദമാണ്. വിദ്യാഭ്യാസ പുരോഗതിയ്ക്ക് സരസ്വതിയ്ക്കും ഗണപതിയ്ക്കുമൊപ്പം ദക്ഷിണാമൂർത്തിയെയും പൂജിയ്ക്കാറുണ്ട്. ഏറ്റുമാനൂരിലെ ശ്രീകോവിലിന്റെ തെക്കേ നടയിലെ ത്വരത്തിൽ തെക്കോട്ട് ദർശനമായി ഗണപതിയ്ക്കൊപ്പമാണ് ദക്ഷിണാമൂർത്തിയ്ക്കും പ്രതിഷ്ഠ. മഹാഭാരതം വിവർത്തനം എഴുതുന്ന സമയത്ത് മഹാകവി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഇവിടെ വന്ന് ദർശനം നടത്തിയിരുന്നതായി പറയപ്പെടുന്നു. ശിവസാന്നിദ്ധ്യമായതുകൊണ്ട് ശിവപ്രീതികരമായ എല്ലാ വഴിപാടുകളും ദക്ഷിണാമൂർത്തിയ്ക്കും നടത്താറുണ്ട്.

ധർമ്മ ശാസ്താവ്[തിരുത്തുക]

നാലമ്പലത്തിനകത്ത് വടക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായാണ് ശാസ്താവിന്റെ പ്രതിഷ്ഠ. രണ്ടടിയോളം ഉയരം വരുന്ന വിഗ്രഹം നിൽക്കുന്ന രൂപത്തിലാണ്. ഒരു കയ്യിൽ അമ്പും മറുകയ്യിൽ അമ്പും ധരിച്ച കിരാത ശാസ്താവാണ് ഇവിടെയുള്ളത്. ശാസ്താവിന് നീരാജനം കത്തിയ്ക്കുന്നതാണ് പ്രധാന വഴിപാട്. അപ്പം, അട, പായസം, നെയ്യഭിഷേകം തുടങ്ങിയവയും പ്രധാന വഴിപാടുകളാണ്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതും ഈ ശാസ്താവിന്റെ നടയിലാണ്. ശനിയാഴ്ച പ്രധാന ദിവസം.

ദുർഗ്ഗ[തിരുത്തുക]

നമസ്കാര മണ്ഡപത്തിന്റെ വടക്കുപടിഞ്ഞാറേത്തൂണിലാണ് ദുർഗ്ഗാ ഭഗവതിയുടെ പ്രതിഷ്ഠ. അഷ്ടബാഹുക്കളോടുകൂടിയ ഉഗ്രരൂപിണിയാണ് ഭഗവതി. ഐശ്വര്യദായിനി. മഹിഷാസുരനെ വധിച്ച ശേഷമുള്ള ഭാവമാണ് ഇതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. മഞ്ഞൾ-കുങ്കുമാർച്ചന, നെയ്പായസം തുടങ്ങിയവയാണ് ഭഗവതിയ്ക്ക് പ്രധാന വഴിപാടുകൾ. ചൊവ്വ, വെള്ളി, പൗർണമി തുടങ്ങിയവ പ്രധാനം.

യക്ഷിയമ്മ[തിരുത്തുക]

ക്ഷേത്രനമസ്കാരമണ്ഡപത്തിന്റെ വടക്കുകിഴക്കേത്തൂണിലാണ് യക്ഷിയമ്മയുടെ പ്രതിഷ്ഠ. വാൽക്കണ്ണാടി നോക്കുന്ന ഒരു സ്ത്രീയുടെ രൂപമാണ് യക്ഷിയമ്മയ്ക്ക്. ദിവസവും വിളക്കുവയ്പും ഇളനീരും വറപൊടിയുമല്ലാതെ മറ്റ് വഴിപാടുകളൊന്നുമില്ല.

നാഗദൈവങ്ങൾ[തിരുത്തുക]

നാലമ്പലത്തിന് പുറത്ത് വടക്കുകിഴക്കേമൂലയിൽ പടിഞ്ഞാറോട്ട് ദർശനമായാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായി വാസുകിയും നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയും ചിത്രകൂടവും മറ്റ് സർപ്പങ്ങളുമടങ്ങിയതാണ് ഈ തറ. നൂറും പാലും, പുറ്റും മുട്ടയും, മഞ്ഞൾപ്പൊടി അഭിഷേകം തുടങ്ങിയവയാണ് നാഗദൈവങ്ങൾക്ക് പ്രധാന വഴിപാടുകൾ.

നിത്യപൂജകൾ[തിരുത്തുക]

ക്ഷേത്ര മതിലകം

നിത്യേന അഞ്ചുപൂജകളും മൂന്നു ശീവേലികളുമുള്ള ഒരു മഹാക്ഷേത്രമാണ് ഏറ്റുമാനൂർ ക്ഷേത്രം. പുലർച്ചെ മൂന്നുമണിയ്ക്ക് നിയമവെടിയോടെയും ശംഖനാദത്തോടെയും പള്ളിയുണർത്തൽ. തുടർന്ന് നാലുമണിയ്ക്ക് നടതുറക്കും. തുടർന്ന് അരമണിക്കൂർ നിർമ്മാല്യദർശനം. പിന്നീട് ശിവലിംഗത്തിൽ അഭിഷേകം നടത്തുന്നു. അഭിഷേകം കഴിഞ്ഞാൽ നിവേദ്യം, പിന്നീട് ഉഷഃപൂജ. ഉഷഃപൂജയ്ക്ക് 'മാധവിപ്പള്ളിപ്പൂജ' എന്നു പേരുണ്ട്{. ഇതിനുപിന്നിലുള്ള ഒരു ഐതിഹ്യം ഇതാണ്: കോഴിക്കോട് സാമൂതിരിയ്ക്ക് മാധവി എന്നുപേരുള്ള ഒരു സഹോദരി ഉണ്ടായിരുന്നു. യൗവനാരംഭത്തിൽ അവൾക്ക് ഒരു ഗന്ധർവന്റെ ആവേശമുണ്ടായി. അതിനെത്തുടർന്ന് വിദഗ്ദ്ധചികിത്സകൾ നടത്തിയിട്ടും കാര്യമുണ്ടായില്ല. തുടർന്ന് ഏറ്റുമാനൂരിൽ ഭജനമിരുത്തുകയും രോഗം മാറുകയും ചെയ്തു. പിന്നീട് സാമൂതിരി ഉഷഃപൂജയ്ക്ക് സഹോദരിയുടെ പേരുനൽകി, അത് തന്റെ വകയാക്കി മാറ്റി.

ഉഷഃപൂജ കഴിഞ്ഞ ഉടനെ എതിരേറ്റുപൂജ അഥവാ എതൃത്തപൂജ തുടങ്ങും. സൂര്യോദയസമയത്താണ് ഈ പൂജ നടക്കുന്നത്. പിന്നീട് തന്റെ ഭൂതഗണങ്ങൾക്ക് ഭക്ഷണം നൽകുന്നതിനായി ഭഗവാൻ ഇറങ്ങുന്നു. ഇതാണ് കാലത്തെ ശീവേലി. മേൽശാന്തി ശ്രീകോവിലിൽനിന്നിറങ്ങി ബലിക്കല്ലുകളിൽ ബലി തൂകുന്നു. തുടർന്ന് തിടമ്പ് കയ്യിലെടുത്ത് കീഴ്ശാന്തി ആനപ്പുറത്ത് കയറുന്നു. ശീവേലിയ്ക്ക് എല്ലാ ക്ഷേത്രവാദ്യങ്ങളും അകമ്പടി സേവിയ്ക്കുന്നു. ശീവേലിയ്ക്ക് ഭഗവാന്റെ പിന്നാലെ ഭക്തരും പ്രദക്ഷിണം വയ്ക്കുന്നു. അവസാനപ്രദക്ഷിണം ഓട്ടപ്രദക്ഷിണമായിരിയ്ക്കും.

നിഴലിന് പന്ത്രണ്ടടി നീളം വരുന്ന സമയത്ത്, അതായത് രാവിലെ എട്ടുമണിയ്ക്ക്, പന്തീരടിപൂജ തുടങ്ങും. പന്തീരടിപൂജ കഴിഞ്ഞ ഉടനെ ധാര തുടങ്ങും. പിന്നീട് നവകാഭിഷേകം. ഉച്ചപ്പൂജയും ശീവേലിയും കഴിഞ്ഞ് ഉച്ചയ്ക്ക് 12 മണിയോടെ നടയടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയസമയത്ത് ദീപാരാധന നടക്കുന്നു. പിന്നീട് അത്താഴപ്പൂജയും ശീവേലിയും. അവകഴിഞ്ഞാൽ തൃപ്പുക തുടങ്ങുന്നു. പേരു സൂചിപ്പിയ്ക്കുന്നതുപോലെ ശ്രീകോവിലിൽ അഷ്ടഗന്ധം പുകയ്ക്കുന്ന ചടങ്ങാണിത്. തൃപ്പുക കഴിഞ്ഞ് രാത്രി എട്ടുമണിയോടെ വീണ്ടും നടയടയ്ക്കുന്നു.

ശബരിമലയിൽ തന്ത്രാവകാശമുള്ള ചെങ്ങന്നൂർ താഴമൺ മഠത്തിനാണ് ഇവിടെയും തന്ത്രാവകാശം കിട്ടിയിരിയ്ക്കുന്നത്. പത്തിലത്തിൽ പോറ്റിമാരാണ് മേൽശാന്തിമാരാകുക[അവലംബം ആവശ്യമാണ്].

ആട്ടവിശേഷങ്ങൾ[തിരുത്തുക]

തിരുവുത്സവം[തിരുത്തുക]

കുംഭമാസത്തിൽ തിരുവാതിര ആറാട്ടായി പത്തുദിവസമാണ് ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നത്. ആറാട്ടിന് പത്തുദിവസം മുമ്പ് (സാധാരണയായി ചതയം നാളിൽ) ക്ഷേത്രത്തിൽ കൊടിയേറ്റം നടക്കുന്നു. ഉത്സവത്തോടനുബന്ധിച്ച് വിശേഷാൽ ശീവേലിയും രണ്ടാം ദിവസം മുതൽ ഉത്സവബലിയും നടന്നുവരുന്നു. ക്ഷേത്രത്തിലെ സ്റ്റേജിൽ ദിവസവും ചില കലാപരിപാടികളുണ്ടാകും. കഥകളി, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, ശാസ്ത്രീയ സംഗീതം, നാടകം, കഥാപ്രസംഗം തുടങ്ങിയവയാണ് അവയിൽ പ്രധാനം[അവലംബം ആവശ്യമാണ്]. കൊടിയേറ്റദിവസമൊഴികെയുള്ള ഒമ്പത് ദിവസം വേലകളിയും ഇതിനോടനുബന്ധിച്ചുണ്ടാകും.

എട്ടാം ദിവസമാണ് ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ ആസ്ഥാനമണ്ഡപദർശനം. അന്ന് അർദ്ധരാത്രി ഭഗവാന്റെ തിടമ്പ് ക്ഷേത്രത്തിലെ ആസ്ഥാനമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ എഴുന്നള്ളിച്ചുകൊണ്ടുവന്നിരുത്തും. തുടർന്ന് ഇതിന് നേരെ മുന്നിൽ ഒരു വലിയ പാത്രം കൊണ്ടുവന്നുവയ്ക്കും. ആസ്ഥാനമണ്ഡപത്തിൽ ദർശനത്തിനുവരുന്ന ഭക്തർ അപ്പോൾ തങ്ങളെക്കൊണ്ടാകുന്ന ഒരു അളവ് പണം ഏറ്റുമാനൂരപ്പന് കാണിയ്ക്കയായിടും. ഇതിന് 'വലിയ കാണിയ്ക്ക' എന്നാണ് പേര്[അവലംബം ആവശ്യമാണ്]. ആദ്യം ചെങ്ങന്നൂർ പൊന്നുരൂട്ട് മഠത്തിലെ പണ്ടാരപ്രതിനിധിയാണ് കാണിയ്ക്കയിടുക. തുടർന്ന് ദേവസ്വം, ഉപദേശകസമിതി അംഗങ്ങളും ഭക്തരും കാണിയ്ക്കയിടും. ഇതേ സമയത്ത്, നാലുപേർ ചേർന്ന് ഏഴരപ്പൊന്നാനകളെയും തോളിലേറ്റിക്കൊണ്ടുവന്ന് മണ്ഡപത്തിൽ വയ്ക്കും.

ഒമ്പതാം ദിവസമാണ് പള്ളിവേട്ട. രാത്രി വിളക്കെഴുന്നള്ളിപ്പിനിടയിൽ മൂന്നാനകളുടെ അകമ്പടിയോടെ ഭഗവാൻ പടിഞ്ഞാറേ നടയിലൂടെ പുറത്തുകടന്ന് അടുത്തുള്ള കാട്ടിലേയ്ക്ക് പോകുന്നു. അവിടെ ഒരു മരത്തിൽ പ്രത്യേകം തീർത്ത സ്ഥലത്ത് ഭഗവദ്പ്രതിനിധിയായ കുറുപ്പ് അമ്പെയ്യുന്നു. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തി പ്രദക്ഷിണം വയ്ക്കുന്നു. പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിതനായ ഭഗവാൻ പിറ്റേന്ന് രാവിലെ വളരെ വൈകി ഉണരുന്നു. അന്ന് രാത്രിയാണ് ആറാട്ട് നടക്കുന്നത്. ഏറ്റുമാനൂരിൽ നിന്ന് രണ്ട് കിലോമീറ്റർ തെക്കുമാറി സ്ഥിതിചെയ്യുന്ന മീനച്ചിലാറ്റിലെ പേരൂർ പൂവത്തുംകടവിലാണ് ആറാട്ട്. ഇതിന് തൊട്ടടുത്ത് 'പേരൂർക്കാവ്' എന്നൊരു ഭഗവതിക്ഷേത്രമുണ്ട്. ഭദ്രകാളിയാണ് ഇവിടെ പ്രതിഷ്ഠ. പേരൂർക്കാവിലമ്മ ഏറ്റുമാനൂരപ്പന്റെ മകളാണെന്നാണ് വിശ്വാസം. വാദ്യമേളങ്ങളോടെയും ആറാനകളുടെ അകമ്പടിയോടെയുമുള്ള ആറാട്ടെഴുന്നള്ളിപ്പ് പേരൂർക്കാവിലെത്തുമ്പോൾ ഭഗവതി അച്ഛനെ വരവേൽക്കാൻ നിറപറയും നിലവിളക്കുമായി നിൽക്കുന്നു. തുടർന്ന്, അടുത്ത തവണ കൊണ്ടുവരാമെന്ന് വാക്കുകൊടുത്ത് ഏറ്റുമാനൂരപ്പൻ ആറാട്ടിന് പോകുന്നു. ഒടുവിൽ, ആറാട്ട് കഴിഞ്ഞ് തിരിച്ച് വാദ്യമേളങ്ങളില്ലാതെ തിരിച്ചുപോകുന്നു. ഇതേ സമയത്ത്, അക്കരെ തിരുവഞ്ചൂരിൽ പാറാമ്പുഴ പെരിങ്ങള്ളൂർ മഹാദേവക്ഷേത്രത്തിലും ആറാട്ടുണ്ടാകും. രണ്ടും ഒരേ സമയം നടക്കുന്നത് ഒരു പ്രത്യേകതയാണ്.

ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളുമ്പോൾ പേരൂർ ചാലയ്ക്കൽ ശ്രീകൃഷ്ണക്ഷേത്രത്തിൽ ഇറക്കിപ്പൂജയുമുണ്ട്. ഈ സമയത്ത് ഭഗവാൻ ശൈവ-വൈഷ്ണവചൈതന്യങ്ങൾ നിറഞ്ഞ ശങ്കരനാരായണനായി സങ്കല്പിയ്ക്കപ്പെടുന്നു. പൂജ കഴിഞ്ഞാൽ ഭക്തർക്ക് വിഭവസമൃദ്ധമായ ആറാട്ടുസദ്യയുമുണ്ട്. ചാലയ്ക്കൽ ക്ഷേത്രത്തിൽ ഏറ്റുമാനൂരപ്പന് കാണിയ്ക്കയിടുന്നതും പതിവാണ്. ആറാട്ടെഴുന്നള്ളിപ്പുസമയത്തും നാലുപേർ ഏഴരപ്പൊന്നാനകളെയും ചുമന്നുകൊണ്ടുപോകുന്നത് കാണാം. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തുമ്പോൾ ഭക്തർ നിറപറയും നിലവിളക്കും നൽകി ഭഗവാനെ സ്വീകരിയ്ക്കുന്നു. തുടർന്ന്, ക്ഷേത്രത്തിനുചുറ്റും ഏഴുതവണ പ്രദക്ഷിണം വയ്ക്കുന്നു. പ്രദക്ഷിണത്തിനുശേഷം കൊടിയിറങ്ങുന്നതോടെ പത്തുദിവസത്തെ ഉത്സവം സമാപിയ്ക്കുന്നു.

മഹാശിവരാത്രി[തിരുത്തുക]

പ്രധാന ലേഖനം: ശിവരാത്രി

കുംഭമാസത്തിൽ കറുത്ത ചതുർദ്ദശിദിവസമാണ് ശിവരാത്രിയായി ആചരിച്ചുവരുന്നത്. കാളകൂടം കുടിച്ച് അപകടാവസ്ഥയിലായ ശിവനുവേണ്ടി ദേവകൾ ഉണർന്നിരുന്ന ദിവസമായും 'ആരാടാ വലിയവൻ?' എന്നുചോദിച്ച് വഴക്കിടുന്ന ബ്രഹ്മാവിനും വിഷ്ണുവിനും മുമ്പിൽ ശിവൻ ലിംഗരൂപത്തിൽ പ്രത്യക്ഷപ്പെട്ട ദിവസമായും ഇത് കണക്കാക്കപ്പെടുന്നു[അവലംബം ആവശ്യമാണ്]. ശിവരാത്രി ദിവസം ഏറ്റുമാനൂർ ക്ഷേത്രനട ഒരുമണിക്കൂർ നേരത്തെ തുറന്ന് നിർമ്മാല്യം നടത്തും. അന്ന് ക്ഷേത്രത്തിൽ മുടങ്ങാതെ അഭിഷേകം നടത്തും. ശിവരാത്രിയോടനുബന്ധിച്ച് ത്രിവേദ ലക്ഷാർച്ചനയും വിശേഷാൽ കലാ പരിപാടുകളും വെടിക്കെട്ടുമുണ്ടാകാറുണ്ട്. എന്നാൽ, ഈ ദിവസത്തെ പ്രധാന ചടങ്ങ് സന്ധ്യയ്ക്കുള്ള ശയനപ്രദക്ഷിണമാണ്. നിരവധി ഭക്തർ ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറനോടെ കൊടിമരത്തിന് മുന്നിലെത്തി നിലത്തുകിടന്ന് ഉരുളാൻ തുടങ്ങുന്നു. ശിവരാത്രിനാളിൽ പതിനെട്ട് പൂജകളുണ്ട്. അന്ന് രാത്രി ക്ഷേത്രനടയടയ്ക്കില്ല. പകരം, രാത്രിയിലെ ഓരോ യാമത്തിലും യാമപൂജയും അതോടനുബന്ധിച്ച് കലശാഭിഷേകവുമുണ്ടാകാറുണ്ട്. ഇതുതൊഴാൻ രാത്രിയിൽ ഭക്തർ ഉറക്കമൊഴിച്ച് ക്ഷേത്രത്തിൽ താമസിയ്ക്കാറുമുണ്ട്.

മറ്റുള്ള വിശേഷദിവസങ്ങൾ[തിരുത്തുക]

എല്ലാ മാസത്തിൽ വരുന്ന പ്രദോഷവ്രതം ഏറ്റുമാനൂരിൽ അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ഐതിഹ്യമാല -- പുരുഹരിണപുരേശ മാഹാത്മ്യം -- കൊട്ടാരത്തിൽ ശങ്കുണ്ണി
  2. കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ“