തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം
തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 12°2′54″N 75°21′20″E / 12.04833°N 75.35556°E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | കണ്ണൂർ |
പ്രദേശം: | തളിപ്പറമ്പ് |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | രാജരാജേശ്വരൻ |
പ്രധാന ഉത്സവങ്ങൾ: | തിരുവുത്സവം |
കേരളത്തിലെ കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിൽ സ്ഥിതിചെയ്യുന്ന മഹാശിവക്ഷേത്രമാണ് രാജരാജേശ്വര ക്ഷേത്രം. പരബ്രഹ്മസ്വരൂപിയായ പരമശിവന്റെ പല പേരുകളിൽ ഒന്നായ "രാജരാജേശ്വരന്റെ" പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. "ശിവനാണ് " പ്രധാന പ്രതിഷ്ഠ. കൂവളത്തില പതിവില്ലാത്ത ശൈവ സങ്കൽപ്പമാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ദേവൻ. തുളസിയാണ് പ്രിയം, ചിലർ ശങ്കര നാരായണ സങ്കൽപ്പമാണെന്ന് പറയുന്നുണ്ടെങ്കിലും അതല്ലത്രെ. ശിവ ക്ഷേത്രങ്ങളിലേത് പോലെ കൂവളമാലയും ധാരയും രാജരാജേശ്വരന് പതിവില്ല. എല്ലാ ഈശ്വര സങ്കൽപ്പങ്ങൾക്കും ഉപരിയായുള്ള രാജരാജേശ്വര സങ്കൽപ്പമാണ്. രാജാവല്ല രാജാവിനും ദേവന്മാർക്കും ഉപരിയായ രാജരാജേശ്വര സങ്കൽപ്പമാണ് ഈ ക്ഷേത്രത്തിൽ.സൃഷ്ടിസ്ഥിത്യന്തകാരകനാണ് രാജരാജേശ്വരൻ. തുളസി മാത്രമാണ് പൂജയ്ക്ക് ഉപയോഗിയ്ക്കുക, കതിരും കുലയോട് കൂടിയ തുളസിയാണ് പൂജയ്ക്ക് ഉപയോഗിയ്ക്കുക.പഴയകാലത്ത് പാഴൂർ പടിപ്പുര പോലുള്ള സ്ഥലങ്ങളിൽ ജ്യോതിഷ പ്രശ്ന ചിന്ത വെച്ചപ്പോൾ പ്രശ്നത്തിൽ തെളിഞ്ഞത് ഇപ്രകാരമായിരുന്നുവത്രെ , "ത്രിമൂർത്ത്യതീതം ശിവരൂപി " .
കേരളത്തിലെ പുരാതനമായ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായി ഈ ക്ഷേത്രം കരുതപ്പെടുന്നു.[1] ദക്ഷിണ ഭാരതത്തിലെ ശിവക്ഷേത്രങ്ങളിൽ ഈ ക്ഷേത്രത്തിന് പ്രധാന സ്ഥാനമുണ്ട്. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളിൽ ഉണ്ടാവുന്ന ദേവപ്രശ്ന പരിഹാരങ്ങൾക്കായി ഇവിടെ വന്ന് ദേവദർശനം നടത്തുകയും കാണിക്ക അർപ്പിച്ച് "ദേവപ്രശ്നം" വയ്ക്കുന്നതും ക്ഷേത്രാചാരമായി കരുതുന്നു. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന്റെ മതിൽക്കെട്ടിനു പുറത്തുള്ള ഉയർന്ന പീഠത്തിലാണ് ഇങ്ങനെ ദേവപ്രശ്നം വയ്ക്കുക പതിവ്.
ഐതിഹ്യം
[തിരുത്തുക]ശക്തിപീഠം: ഏറ്റവും പുരാതനമായ ശക്തിപീഠങ്ങളിലൊന്നായി തളിപ്പറമ്പ് കരുതപ്പെടുന്നു. സതിയുടെ സ്വയം ദഹനത്തിനും ശിവന്റെ താണ്ഡവ നൃത്തത്തിനും ശേഷം സതിയുടെ തല വീണത് ഇവിടെയാണ് എന്നു കരുതപ്പെടുന്നു. [2] ഈ ക്ഷേത്രത്തിലെ ശിവലിംഗത്തിന് ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുണ്ട്.
മാന്ധാതാവ്: ഋഷിമാർ ആദിത്യനെ കടഞ്ഞെടുത്തപ്പോൾ കിട്ടിയ ചൂർണം കൂട്ടിക്കുഴച്ചു നിർമിച്ച മൂന്ന് ശിവലിംഗങ്ങൾ ബ്രഹ്മാവ് കൈവശപ്പെടുത്തിയെന്നും, പാർവതിദേവി ഭഗവാൻ ശിവന്റെ സഹായത്താൽ ആ വിഗ്രഹങ്ങൾ വാങ്ങി പൂജിച്ചു വന്നിരുന്നു. ഒരിക്കൽ മാന്ധതമഹർഷി ശ്രീ പരമശിവനെ പൂജകൾ കൊണ്ട് സംപ്രീതനാക്കി. പൂജയിൽ പ്രസാദവാനായ ഭഗവാൻ ശിവൻ, ശ്മശാനങ്ങളില്ലാത്ത സ്ഥലത്തുമാത്രമേ പ്രതിഷ്ഠിക്കാവൂ എന്ന് ഉപദേശിച്ച് അതിൽ ഒരു ശിവലിംഗം മാന്ധതമഹർഷിക്ക് സമ്മാനിച്ചു. ശിവലിംഗവുമായി എല്ലാ സ്ഥലങ്ങളിലും അന്വേഷിച്ചുനടന്ന മഹർഷി, ഇവിടെ തളിപ്പറമ്പിൽ വരികയും, ഇത് ഏറ്റവും പരിശുദ്ധമായ സ്ഥലമാണന്നു മനസ്സിലാക്കി ആ ശിവലിംഗം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. അനേകം വർഷങ്ങൾ ശിവപൂജ നടത്തി, ശിവപ്രീതി നേടി മഹർഷി സായൂജ്യ മടയകയും പിന്നീട് ആ ശിവലിംഗം ഭൂമിക്കടിയിലേക്ക് താണു അപ്രത്യക്ഷമാവുകയും ചെയ്തു.
മുചുകുന്ദൻ: മാന്ധാതാവിന്റെ മകനായ മുചുകുന്ദൻ പിന്നീട് ശ്രീ പരമശിവനെ പ്രാർത്ഥിച്ച് ശിവനിൽ നിന്ന് രണ്ടാമത്തെ ശിവലിംഗം നേടി. അദ്ദേഹവും ഇവിടെ തളിപ്പറമ്പിൽ ശിവലിംഗ പ്രതിഷ്ഠനടത്തി ശിവപൂജചെയ്തു പോന്നു. അദ്ദേഹത്തിനു ശേഷം ഈ ശിവലിംഗവും കാലക്രമത്തിൽ ഭൂമിക്ക് അടിയിലേക്ക് താണുപോയി.[3]
ശതസോമൻ: പിന്നീട് ഈ പ്രദേശം ഭരിച്ചിരുന്ന മൂഷക രാജവംശത്തിലെ (കോലത്തുനാട്) രാജാവായിരുന്ന ശിവഭക്തനായ ശതസോമനാണ് മൂന്നാമത്തെ ശിവലിംഗം ലഭിച്ചത്. അഗസ്ത്യമുനിയുടെ ഉപദേശ പ്രകാരം ശിവപൂജകൾ നടത്തിയാണ് അദ്ദേഹത്തിന് ഈ ശിവലിംഗം ലഭിച്ചത് എന്നു വിശ്വസിക്കുന്നു. രാജാവ് ഇന്ന് ക്ഷേത്രം നിൽക്കുന്ന സ്ഥലത്ത് ഈ ശിവലിംഗം പ്രതിഷ്ഠിച്ചു, ക്ഷേത്രം പണിതു പൂജ നടത്തിപോന്നുവത്രെ.[4]
ശതസേനൻ: ശതസേനൻ കാമധേനുവിനെ കറന്നെടുത്ത പാലുകൊണ്ട് കഴുകി ശുദ്ധീകരിച്ച് പ്രതിഷ്ഠിച്ച ശിവലിംഗമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്ന് ക്ഷേത്രഐതിഹ്യം പറയുന്നു. തളിപ്പറമ്പ് ക്ഷേത്ര-തൃക്കോവിൽ നിർമിച്ചത് രാമഘടകമൂഷികന്റെ വംശത്തിലെ ചന്ദ്രകേതനരാജാവിന്റെ പുത്രനായ സുതസേനനാണ് എന്ന് മൂഷികവംശത്തിലും പറഞ്ഞിരിക്കുന്നു. പഴയ പെരിഞ്ചെല്ലൂർ ഗ്രാമത്തിലെ തളിക്ഷേത്രം തന്നെയാണ് രാജരാജേശ്വര ക്ഷേത്രമെന്നു കരുതപ്പെടുന്നതിനാൽ, ഒരുപക്ഷേ ആ പഴയ ക്ഷേത്രം ശതസേനൻ പുതുക്കിപ്പണിതതായിരിക്കാം.
ശ്രീരാമൻ: ലങ്കയിൽ നിന്ന് രാവണ നിഗ്രഹത്തിനുശേഷം സീതാദേവിയുമായി വിജയശ്രീലാളിതനായി തിരിച്ചുവരുന്ന വഴി ശ്രീരാമൻ ഇവിടെ വന്ന് രാജരാജേശ്വരനു പൂജകൾ അർപ്പിച്ചു എന്നാണ് മറ്റൊരു വിശ്വാസം. അതുകൊണ്ടാവാം ശ്രീരാമന്റെ ബഹുമാനാർത്ഥം ഇന്നും ഭക്തജനങ്ങൾക്ക് നമസ്കാര മണ്ഡപത്തിൽ പ്രവേശനമില്ല.
ചരിത്രം
[തിരുത്തുക]പെരുംചെല്ലൂർ, പെരുംതൃക്കോവിൽ, തളിപ്പറമ്പ്ക്ഷേത്രം, എന്നീ പേരുകളിൽ ചരിത്രത്താളുകളിൽ ഇടം നേടിയിട്ടുള്ള മഹാക്ഷേത്രമാണ് രാജരാജേശ്വരക്ഷേത്രം. കേരള മാഹാത്മ്യം, കേരളക്ഷേത്ര മാഹാത്മ്യം, മൂഷികവംശകാവ്യം തൂടങ്ങിയ സംസ്കൃത കൃതികളിലും ചെല്ലുരീശ വിലാസം, ലക്ഷമീ പുരേശസ്തോത്രം,ചെല്ലൂര് പിരാൻസ്തുതി മുതലായ കൃതികളിലും ചെല്ലൂർ നവോദയം ചമ്പുവിലും, തളിപ്പറമ്പ് ഗ്രാമത്തേയും പെരുംതൃക്കോവിലപ്പനേയും പരാമർശമുണ്ട്.
നിരവധി ചരിത്രകഥകളാലും ശാസനങ്ങളാലും പ്രസിദ്ധിയാർജ്ജിച്ച മഹാക്ഷേത്രമാണ് രാജരാജേശ്വരക്ഷേത്രം. പൌരാണികകാലം മുതൽ പ്രസിദ്ധിയാർജ്ജിച്ചിരുന്ന തളിപ്പറമ്പ്, ഏഴിമല ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മൂഷകരാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ ക്ഷേത്രവും ഗ്രാമവും. [5] പ്രാചീനകേരളത്തിലെ ബ്രാഹ്മണ കുടിയേറ്റത്തെ തുടർന്ന് നിലവിൽവന്ന അറുപത്തിനാല് ഗ്രാമങ്ങളിലെ 32 ഗ്രാമങ്ങളിൽ പ്രശസ്തിയുടെ ഉന്നതി കൈവരിക്കാൻ കഴിഞ്ഞ ഗ്രാമമായിരുന്നു പെരിഞ്ചെല്ലൂർ എന്ന് അറിയപ്പെട്ടിരുന്ന തളിപ്പറമ്പ്. ഇവിടുത്തെ ക്ഷേത്രേശന്റെ നാമമായിരുന്നു ഗ്രാമത്തിനും. 32 ഗ്രാമങ്ങളിൽ വടക്കേയറ്റത്തെ ഗ്രാമമായിരുന്ന പെരിഞ്ചല്ലൂർ എന്ന തളിപ്പറമ്പ് എന്ന് ചരിത്രകാരന്മാർ സ്ഥാപിച്ചിട്ടുണ്ട്. ഒരുകാലത്ത് വടക്കൻ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായിരുന്നുവത്രേ ഈ ഗ്രാമം [6] [7]
തന്റെ ജനവിരുദ്ധമായ നയങ്ങൾ അംഗീകരിയ്ക്കാൻ കൂട്ടാക്കാത്ത ജനങ്ങളിൽ അവ വാൾമുനകൊണ്ടു നടപ്പാക്കാൻ ടിപ്പു തന്നെ 1789 ആദ്യം താമരശ്ശേരി ചുരം വഴി മലബാറിൽ കടന്നു വെന്നു കേരള ചരിത്രത്താളുകളിൽ കാണുന്നു. [8] 1788 ജനുവരിയിൽ താമരശേരി ചുരം വഴി ടിപ്പു വലിയൊരു സൈന്യവുമായി മലബാറിൽ കടക്കുകയും [9]. മലബാറിലെ നിരവധി ക്ഷേത്രങ്ങൾ ടിപ്പുവിന്റെ പടയോട്ടത്തിൽ നശിപ്പിക്കുകയുണ്ടായതായി ചരിത്ര കാരന്മാർ സാക്ഷ്യം വഹിക്കുന്നു. അതിൽ ഏറെ നാശം സംഭവിച്ച രണ്ടുക്ഷേത്രങ്ങളിൽ ഒന്നാണിത്. രണ്ടാമത്തെ ക്ഷേത്രം പെരുവനം ക്ഷേത്രം ആയിരുന്നു. ഇവിടെ പണ്ട് ഏഴുനിലകളോടുകൂടിയ രാജഗോപുരമുണ്ടായിരുന്നുവത്രേ. ഇത് ടിപ്പുവിന്റെ ആക്രമണത്തിലാണ് അതു തകർന്നതെന്ന് ചരിത്രം പറയുന്നു. [10] ഇന്നും അതിന്റെ പൌരാണിക ശേഷിപ്പുകൾ നമ്മുക്ക് കാണാനാവും. അന്ന് ടിപ്പുവിന്റെ ആക്രമണം നടന്ന് ക്ഷേത്രത്തിനു തീയിട്ടപ്പോൾ ആദ്യം ഓടിയെത്തി തീ അണക്കാൻ ശ്രമിച്ചത് മുസ്ലിം സമുദായക്കാരായിരുന്നുവത്രേ. ടിപ്പുവിനെ പേടിച്ച് മറ്റു സമുദായക്കാർ എത്തിയില്ല പോലും. അതിനുശേഷം ഇവിടെ ക്ഷേത്രത്തിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ (കൂട്ടമണി അടിക്കുമ്പോൾ) സഹായിക്കാനായി മുസ്ലിം സമുദായക്കാർക്കും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാമെന്ന് വ്യവസ്ഥയുണ്ടാക്കി.
കൊട്ടുമ്പുറം
[തിരുത്തുക]കേരളത്തിലെ കലകൾക്ക് മുഴുവനും അംഗീകാരം കൊടുത്തിട്ടുള്ള ക്ഷേത്രമാണ് രാജരാജേശ്വരക്ഷേത്രം. ജ്യോതിഷം, വൈദ്യം, തർക്കം, വ്യാകരണം, കല മുതലായവയിൽ പ്രഗല്ഭരായിട്ടുള്ളവരെ സ്ഥാനമാനങ്ങളും, പാരിതോഷികങ്ങളും നല്കി ബഹുമാനിക്കുന്ന പതിവുണ്ടായിരുന്നു. വീരശൃംഖല, കങ്കണം, യോഗ്യത സൂചകങ്ങളായ ബഹുമാന പേരുകൾ എന്നിവയാണ് നല്കിയിരുന്നത്. പണ്ഡിതരേയും, കലാകാരന്മാരേയും ആദരിക്കാറുണ്ടായുന്നത് ക്ഷേത്രസമുച്ചയത്തിനോട് ചേർന്നുള്ള കൊട്ടുമ്പുറം എന്ന മണിഗോപുരത്തിൽ വെച്ചായിരുന്നു. ഇവിടെ രാജരാജേശ്വരക്ഷേത്രത്തിൽ വെച്ച് നൽകപ്പെടുന്ന ഈ സ്ഥാനമാനങ്ങൾ ഏറ്റവും ഉൽകൃഷ്ടമായി കണക്കാക്കിയിരുന്നു.
മാണി മാധവ ചാക്യാർ, ഉദ്ദണ്ഡശാസ്ത്രികൾ തുടങ്ങിയ കലാകാരന്മാരേയും, പണ്ഡിതരേയും ആദരിച്ചിരുന്നതായി തെളിവുകൾ സാക്ഷ്യം പറയുന്നു. 1923-ൽ മാണിമാധവചാക്രാർക്ക് പ്രശസ്തമായ വീരശൃംഖല സമ്മാനിച്ചു. ഈ അമൂല്യമായ ഉപഹാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. പണ്ഡിതശ്രേഷ്ഠൻമാരുടെ ഒരു കൂട്ടായ്മയുടെ ഏകമായ അഭിപ്രായ പ്രകാരമാണ് രാജരാജേശ്വര സന്നിധിയിൽ വെച്ച് പണ്ഡിത സദസ്സിനെ സാക്ഷിയാക്കി വീരശൃംഖല സമ്മാനിക്കുന്നത്. കൂടാതെ1954-ൽ അദ്ദേഹത്തിന് വിദൂഷകരത്നം പട്ടം കൊടുക്കുകയുണ്ടായി. കൂടിയാട്ടത്തിലെ വിദൂഷകന്റെ ഭാഗം അവതരിപ്പിക്കുന്നതിലെ പൂർണ്ണതയ്ക്ക് ആയിരുന്നു ഈ ബഹുമതി. ക്ഷേത്രത്തിലെ കൊട്ടുമ്പുറത്തുവെച്ചായിരുന്നു ഈ ചടങ്ങുകൾ നടത്തിയത്.
ക്ഷേത്ര രൂപകല്പന
[തിരുത്തുക]കേരളത്തിലെ പുകൾപെറ്റ മഹാക്ഷേത്രങ്ങളുടെ പട്ടികയിൽ പ്രഥമസ്ഥാനത്തിനു ഉതകുംവണ്ണമാണിവിടുത്തെ ക്ഷേത്രനിർമ്മിതി. ക്ഷേത്ര മതിലകത്തിന്റേയും, ദീർഘചതുരാകൃതിയിലുള്ള ഇവിടുത്തെ ശ്രീകോവിലിലിന്റെയും നിർമ്മാണചാരുത വളരെ പ്രത്യേകതയേറിയതാണ്. രണ്ട് തട്ടുകളായി നിർമ്മിച്ചിരിക്കുന്ന ശ്രീകോവിലും, അതിനുമുൻപിലുള്ള വളരെ വലിപ്പമേറിയ നമസ്കാര മണ്ഡപവും മനോഹരമാണ്. രാമായണം, മഹാഭാരതം തുടങ്ങിയ കൃതികളിൽ നിന്നുള്ള മനോഹരമായ കൊത്തുപണികൾ ഈ മണ്ഡപത്തിലുണ്ട് അലങ്കരിയ്ക്കുന്നു. അസാമാന്യ വലിപ്പമുള്ള ശിവലിംഗമാണ് ഈ ക്ഷേത്രത്തിലുള്ളത്. ഏകദേശം വൈക്കത്തെ ശിവലിംഗത്തിനടുത്ത് വലിപ്പം ഇതിനുണ്ട്. കിഴക്കോട്ടാണ് ദർശനം. രാജരാജേശ്വരസങ്കല്പമായതിനാൽ പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നിവരും ശിവനോടൊപ്പം കുടികൊള്ളുന്നതായി പറയപ്പെടുന്നു. ഇവർക്കെല്ലാം ശ്രീലകത്ത് സങ്കല്പപൂജകളുണ്ട്.
ആചാരങ്ങളും അനുഷ്ഠാനങ്ങളും
[തിരുത്തുക]കൂടിയാട്ടം, ചാക്യാർ കൂത്ത് എന്നിവ അവതരിപ്പിക്കുന്നതിന് ഏറ്റവും പരിപാവനമായ സ്ഥലമായി ഈ ക്ഷേത്രം കരുതപ്പെടുന്നു. എല്ലാ പുതിയ കൂടിയാട്ടങ്ങളും രൂപകല്പനയ്ക്കു ശേഷം ആദ്യം അവതരിപ്പിക്കുന്നത് ഇവിടെയാണ്. ചാക്യാർ സമുദായത്തിലെ "മാണി" കുടുംബത്തിനു മാത്രമേ ഇവിടെ കൂടിയാട്ടം നടത്തുവാൻ അവകാശമുള്ളൂ. പ്രശസ്ത കൂത്ത് കൂടിയാട്ടം കലാകാരനായിരുന്ന നാട്യാചാര്യ വിദൂഷകരത്നം പത്മശ്രീ മാണി മാധവ ചാക്യാർ ഇവിടെ ദശാബ്ദങ്ങളായി കൂടിയാട്ടം അവതരിപ്പിച്ചിരുന്നു. അദ്ദേഹത്തിന് "വിദൂഷകരത്നം" പട്ടം സമ്മാനിച്ചത് ഈ ക്ഷേത്രത്തിൽ വെച്ചാണ്.
ഒരു കലാകാരനു ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നിന്നുള്ള "വീരശൃംഖല". ഈ ക്ഷേത്രത്തിലെ പണ്ഡിത സദസ്സിന്റെ ഐക്യകണ്ഠമായ അഭിപ്രായത്തോടെ മാത്രമേ വീരശൃംഖല നൽകപ്പെടുന്നുള്ളൂ. ഗുരു മാണി മാധവ ചാക്യാർക്കായിരുന്നു അവസാനമായി ഇവിടെ നിന്നും വീരശൃംഖല സമ്മാനിച്ചത്. വീരശൃംഖല ലഭിക്കുമ്പോൾ ഈ ബഹുമതി ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും അദ്ദേഹമായിരുന്നു. അതുപോലെതന്നെ ഈ ക്ഷേത്രത്തിലെ 'കൊട്ടുംപുറം' പ്രസിദ്ധമായിരുന്നു. ക്ഷേത്രത്തിലെ അത്താഴപൂജ കഴിഞ്ഞ് മേൽശാന്തി ചാക്യാന്മാരുടേയും പാഠകക്കാരുടേയും ശിരസ്സിൽ ശിരോലങ്കാരം അണിയിക്കുന്ന ഒരു ആചാരമുണ്ട്. പുതുതായി നാടകം ചിട്ടപ്പെടുത്തി തയ്യാറാക്കുന്ന കൂടിയാട്ടം ആദ്യം ഇവിടെ അവതരിപ്പിക്കണം എന്നു വ്യവസ്ഥയുണ്ടായിരുന്നു.
പുരുഷന്മാർക്ക് ക്ഷേത്രത്തിനുള്ളിൽ എപ്പോഴും പ്രവേശനമുണ്ടെങ്കിലും സ്ത്രീകൾക്ക് എല്ലാസമയങ്ങളിലും ക്ഷേത്രത്തിനുള്ളിൽ പ്രവേശനമില്ല. ബ്രാഹ്മണസ്ത്രീകൾക്ക് ക്ഷേത്രത്തിനകത്തു പ്രവേശനമില്ല. മറ്റു സ്ത്രീകൾ തിരുവത്താഴ പൂജയ്ക്കുശേഷം അകത്തു കയറി തൊഴുന്നു. ചുറ്റമ്പലത്തിനകത്ത് നെയ്യ് വിളക്ക് മാത്രമേ കത്തിക്കാറുള്ളൂ. അതുപോലെതന്നെ തദ്ദേശീയരായ സ്ത്രീകൾ ഗർഭവതികളായിരിക്കുമ്പോൾ മൂന്നു ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ഒരു പതിവുണ്ടായിരുന്നു. രാജരാജേശ്വര ക്ഷേത്രവും, തൃച്ചംബരത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രവും, തളിപ്പറമ്പിൽ നിന്ന് 6 കിലോമീറ്റർ അകലെയുള്ള കാഞ്ഞിരങ്ങാട്ടെ വൈദ്യനാഥ ക്ഷേത്രവുമാണ് ഈ മൂന്നു ക്ഷേത്രങ്ങൾ. ശിവൻ കുഞ്ഞിന് പ്രതാപവും, തൃച്ചമ്പ്രത്തെ ശ്രീകൃഷ്ണൻ കുഞ്ഞിന് നല്ല സ്വഭാവവും, കാഞ്ഞിരങ്ങാട്ടെ വൈദ്യനാഥൻ ദീർഘായുസ്സും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം.
കേരളത്തിലെ മിക നമ്പൂതിരി ഗൃഹങ്ങളിലും പെരുംതൃക്കോവിലപ്പനും ( രാജ രാജേശ്വരന് ) അന്നപൂർണ്ണേശ്വരിയ്ക്കും നിവേദിയ്ക്കുന്ന ചടങ്ങുണ്ട്. അടുക്കള തേവരുകളുടെ കൂട്ടത്തിൽ പെരുംതൃക്കോവിലപ്പൻറെ ലോഹ നിർമ്മിതമായ ശിവലിംഗവും അന്നപൂർണ്ണേശ്വരിയുടേയും വിഗ്രഹവും ഉണ്ടാകാറുണ്ട്. പെരുംതൃക്കോവിലപ്പനും അന്നപൂർണ്ണേശ്വരിയ്ക്കും തൃച്ചംബരം കൃഷ്ണനും ബ്രാഹ്മണ ( നമ്പൂതിരി ) സ്ത്രീകൾ വടക്കോട്ട് തിരിഞ്ഞിരുന്ന് നിവേദിയ്ക്കുക പതിവുണ്ട്. വന്നേരി നാട്ടിലെ ( ഇന്നത്തെ തൃശ്ശൂർ ജില്ലയിലെ വടക്കേക്കാട് ) ഇല്ലങ്ങളിൽ ഒന്നും ശുകപുരം ഗ്രാമക്കാരും ഋഗ് വേദികളുമായ കൊളത്താപ്പള്ളിയിൽ വർഷത്തിലൊരിയ്ക്കൽ രാജ രാജേശ്വരനും ( പെരും തൃക്കോവിലപ്പൻ ) അന്നപൂർണ്ണേശ്വരിയ്ക്കും പത്മമിട്ട് മണി കൊട്ടി പൂജ പതിവുണ്ട്. 6 നാഴി നിവേദ്യവും, പാൽപായസവും പതിവുണ്ട്, തുളസിയാണ് പ്രധാനമായി പൂജയ്ക്ക് ഉപയോഗിയ്ക്കാറുള്ളത്.രാജ രാജേശ്വരന് തുളസിയാണ് പ്രധാനമായി പൂജയ്ക്ക് ഉപയോഗിയ്ക്കാറുള്ളത്, കൂവളത്തില പതിവില്ല, അന്നപൂർണ്ണേശ്വരിയ്ക്ക് തെച്ചി പൂവുമാണ് ഉപയോഗിയ്ക്കാറുള്ളത്.
പൂക്കോത്ത് കൊട്ടാരത്തിലെ പേരിടീച്ചിൽ
ചിരപുരാതനവും പൗരാണികവുമായ ക്ഷേത്രമാണ് പൂക്കോത്ത് കൊട്ടാരം ക്ഷേത്രം. സാക്ഷാൽ പെരുംതൃക്കോവിലപ്പനായ ശ്രീ രാജരാജേശ്വര പെരുമാളുടെ സാന്നിധ്യം എപ്പോഴും ഇവിടെ ഉള്ളതിനാലാണ് കൊട്ടാരം എന്ന നാമകരണം ഉണ്ടായതെന്നു പറയപ്പെടുന്നു. രാജരാജേശ്വര ക്ഷേത്രത്തിൽ ആനയെ നടയ്ക്കിരുത്തിയാൽ നാമകരണം ചെയ്ത് പേര് ഉറപ്പിക്കുന്നത് പൂക്കോത്ത് കൊട്ടാരത്തിൽ വച്ചാണ്.
പൂജകൾ
[തിരുത്തുക]ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ രാജരാജേശ്വരന് നേദിക്കുവാനായി ചെറിയ മൺപാത്രങ്ങളിൽ നെയ്യ് ക്ഷേത്രത്തിലെ സോപാനനടയിൽ വയ്ക്കുന്നത് ഇവിടുത്തെ പ്രധാന വഴിപാടാണ്. ഇതിനെ നെയ്യമൃത് എന്നുപറയുന്നു. ഇങ്ങനെ കിട്ടുന്ന നെയ്യ് അഭിഷേകത്തിനും വിളക്കിനും ഉപയോഗിച്ചുവരുന്നു.
പ്രതിഷ്ഠാ സങ്കല്പം
[തിരുത്തുക]ഇവിടത്തെ പ്രധാന പ്രതിഷ്ഠ രാജരാജേശ്വര സങ്കല്പത്തിൽ പരമശിവനാണ്. എങ്കിലും ശൈവവൈഷ്ണവസങ്കല്പങ്ങൾ കൂടിച്ചേർന്ന ആരാധനാമൂർത്തിയാണ് എന്ന് മറ്റൊരു അഭിപ്രായമുണ്ട്. തൃച്ചംബരം ക്ഷേത്രത്തിൽ നിന്ന് ശ്രീകൃഷ്ണന്റെ എഴുന്നള്ളത്ത് രാജരാജേശ്വരക്ഷേത്രത്തിൽ വരുന്ന അവസരത്തിൽ ഇവിടെത്തെ മൂർത്തിയെ ശങ്കരനാരായണനായി സങ്കല്പിച്ച് ആരാധിച്ചുവരുന്നു. അതുപോലെതന്നെ ശിവനെന്ന സങ്കല്പം മുഖ്യമാണെങ്കിലും കൂവളപ്പൂവ് ഈ ക്ഷേത്രത്തിൽ പൂജയ്ക്ക് എടുക്കുന്നതിനു വിലക്കുണ്ട്. തുളസിയാണ് ഇവിടെ പ്രധാന പൂജാപുഷ്പം. സാധാരണ ശിവക്ഷേത്രങ്ങളിൽ വിശേഷമായ തിങ്കളാഴ്ചയ്ക്കുപകരം ബുധനാഴ്ചയാണ് ഇവിടെ പ്രധാനദിവസം. മാത്രവുമല്ല, പ്രദോഷവ്രതം ഇവിടെ ആചരിയ്ക്കപ്പെടുന്നില്ല. അതുപോലെതന്നെ ശിവരാത്രിദിവസവും ധാര പതിവില്ല.
പ്രധാന മൂർത്തിക്കു പുറമേ ഉപദേവതകളായി പാർവതി, ഗണപതി, സുബ്രഹ്മണ്യൻ, മഹാകാളൻ, ചിറവക്കിൽ ശ്രീകൃഷ്ണൻ, നന്ദികേശൻ, യക്ഷി, വൃഷഭൻ, പുറത്ത് ഭൂതനാഥൻ എന്നീ പ്രതിഷ്ഠകളും ഇവിടെയുണ്ട്.
ആട്ട വിശേഷങ്ങൾ
[തിരുത്തുക]കൊടിമരം ഇല്ലാത്തതിനാൽ കൊടിയേറ്റ് ഉത്സവങ്ങളോ, ആറാട്ട് എഴുന്നള്ളത്തുകളോ പതിവില്ല. ഭഗവാൻ രാജരാജേശ്വരന്റെ ശൈവസാന്നിധ്യത്തിനു ബലമേവാൻ ശിവരാത്രിയും, ശങ്കരനാരായണ സങ്കല്പമാണന്നു കരുതാനായി വിഷുവും ഇവിടെ വിശേഷദിവസങ്ങളായി ആഘോഷിക്കുന്നു.
ശിവരാത്രി
[തിരുത്തുക]ശിവരാത്രിക്ക് മാത്രമാണ് സ്ത്രീകൾക്ക് ചുറ്റമ്പലത്തിനുള്ളിൽ പ്രവേശിച്ച് രാജരാജേശ്വരനെ തൊഴുന്നതിനുള്ള അനുവാദം മുഴുവൻ സമയവുമുള്ളൂ. അല്ലാത്ത ദിവസങ്ങളിൽ രാത്രി അത്താഴപൂജയ്ക്കുശേഷം ഏഴ് മണിക്ക് ശേഷമേ പാടുള്ളൂ.
പുത്തരി ഉത്സവം
[തിരുത്തുക]പുത്തരിനാളിൽ ദേശവാസികൾക്കെല്ലാം ക്ഷേത്ര സങ്കേതത്തിൽ വിഭവസമൃദ്ധമായ സദ്യയുണ്ട്. അന്നേ ദിവസം ക്ഷേത്രത്തിന് കുറച്ചകലെയുള്ള കതിർവെക്കും തറയിൽ കതിർകുലകൾ കൊണ്ടുവെക്കാനുള്ള അവകാശം നൽകിയിരിക്കുനത് ഹരിജനങ്ങൾക്കാണ്.
ക്ഷേത്ര ഊരാണ്മ
[തിരുത്തുക]ക്ഷേത്ര ഊരാളന്മാർ 64 ഇല്ലങ്ങളിൽപ്പെട്ടവരായിരുന്നു. ഇവരിൽ നാല് ഇല്ലക്കാർ മതംമാറിയെന്നും പറയപ്പെടുന്നു. ക്ഷേത്രത്തിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ കൂട്ടമണി അടിക്കുമ്പോൾ സഹായിക്കാനായി മുസ്ളിങ്ങൾക്ക് പ്രവേശിക്കാമെന്ന് വ്യവസ്ഥയുണ്ട്. പത്തില്ലക്കാരായ പട്ടേരിമാരായിരുന്നു ക്ഷേത്രഭരണം നടത്തിയിരുന്നത്. ഭരണത്തിന് നായരെ ബ്രാഹ്മണരാക്കി അവരോധിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ അവരോധിക്കപ്പെടുന്നയാൾ ഊരരശു കൈമൾ എന്നാണ് അറിയപ്പെട്ടിരുന്നത്.
ഇതും കാണുക
[തിരുത്തുക]- തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം
- ബൃഹദീശ്വരം രാജരാജേശ്വരക്ഷേത്രം -- തഞ്ചാവൂർ
- തളിപ്പറമ്പ്
- പറശ്ശിനിക്കടവ്
- പറശ്ശിനിക്കടവ് ക്ഷേത്രം
- മുത്തപ്പൻ ക്ഷേത്രം
- കുന്നത്തൂർ പടി
- മാണി മാധവ ചാക്യാർ
പുറത്തുനിന്നുള്ള കണ്ണികൾ
[തിരുത്തുക]- രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപഗ്രഹ ചിത്രം.
- Scholars രാജരാജേശ്വര ക്ഷേത്രത്തിൽ ആദരിക്കപ്പെട്ട കലാകാരന്മാർ*
അവലംബം
[തിരുത്തുക]- ↑ നൂറ്റെട്ട് ശിവാലയങ്ങൾ -- ഇളംകുളം കുഞ്ഞൻപിള്ള
- ↑ തളിപ്പറമ്പ് -- വൈഖരി
- ↑ "മുചുകുന്ദൻ - ശൈവം". Archived from the original on 2011-05-30. Retrieved 2011-07-25.
- ↑ "ശതസോമൻ - ശൈവം". Archived from the original on 2011-05-30. Retrieved 2011-07-25.
- ↑ കേരളോല്പത്തി -- Keralolpatti; The Origin of Malabar -- Stolz Reuther, Basel Mission Press, Mangalore
- ↑ കേരളോല്പത്തി -- Keralolpatti; The Origin of Malabar -- Stolz Reuther, Basel Mission Press, Mangalore
- ↑ തളിപ്പറമ്പ് ഗ്രാമം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ കേരളചരിത്രം -- മൈസൂർ ആക്രമണം -- പ്രൊഫ: എ.ശ്രീധരമേനോൻ
- ↑ കേരളചരിത്രം -- മൈസൂർ ആക്രമണം -- പ്രൊഫ: എ.ശ്രീധരമേനോൻ
- ↑ കേരളചരിത്രം -- മൈസൂർ ആക്രമണം -- പ്രൊഫ: എ.ശ്രീധരമേനോൻ