ശിവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശിവലിംഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ശിവൻ
Statue of god siva ,murudeswaram.jpg
മുരുദേശ്വരത്തെ ശിവപ്രതിമ.
ദേവനാഗരിशिव
Sanskrit TransliterationŚiva
തമിഴ് ലിപിയിൽசிவன்
നിവാസംകൈലാസം
മന്ത്രംഓം നമ: ശിവായ
ഓം നമോ ഭഗവതേ രുദ്രായ
ആയുധംവിജയം[അവലംബം ആവശ്യമാണ്] (തൃശ്ശൂലം)& പിനാകം (വില്ല്)
ജീവിത പങ്കാളിപാർവ്വതി (സതി, ദുർഗ്ഗ, കാളി, പരാശക്തി, ത്രിപുര സുന്ദരി എന്നി രൂപങ്ങളിലും അറിയപ്പെടുന്നു)
മക്കൾസുബ്രഹ്മണ്യൻ
[അവലംബം ആവശ്യമാണ്]
ഗണപതി
ശാസ്താവ്, ഭദ്രകാളി, ഹനുമാൻ
Mountനന്ദികേശ്വരൻ (കാള)

ഹൈന്ദവവിശ്വാസം അനുസരിച്ച് പ്രാഥമിക ദൈവങ്ങളിൽ ഒരു ദൈവവും ത്രിമൂർത്തികളിലെ സംഹാര മൂർത്തിയുമാണ് ശിവൻ അഥവാ പരമേശ്വരൻ. (ദേവനാഗരി: शिव; IAST: Śiva). ആധുനിക ഹിന്ദുമതത്തിലെ ശൈവവിഭാഗം ശിവനെ പ്രധാനദേവനായി ആരാധിക്കുന്നു. [1][2]

ത്രിമൂർത്തികളിൽ സംഹാരത്തിന്റെ ദൈവമായാണ് ശിവനെ പരാമർശിക്കുന്നത്.[3][4] ശൈവസംബ്രദായത്തിലെ പാരമ്പര്യപ്രകാരം പ്രപഞ്ചം നിർമ്മിക്കുന്നതും പരിപാലിക്കുന്നതും പരിവർത്തനം ചെയ്യുന്നതും എല്ലാം ശിവനാണ്.[5][6][7] ശക്തിസംബ്രദായത്തിലെ വിശ്വാസപ്രകാരം ഊർജ്ജവും ക്രീയാത്മക ശക്തിയും ഒരു ദേവിയാണ്. ശിവന്റെ ഭാര്യയായ പാർവ്വതി (പരാശക്തി) യാണ് ഈ ഭഗവതി. പാർവ്വതി ശിവന്റെ തുല്യ പൂരക പങ്കാളിയാണ്.[8][9] സ്മാർത്ത പാരമ്പര്യത്തിലെ പഞ്ചതാനപൂജയിലുള്ള അഞ്ച് തുല്യ ദൈവങ്ങളിൽ ഒരാളാണ് ശിവൻ. [1]

ശൈവസംബ്രദായം അനുസരിച്ച് ദൈവത്തിന്റെ പരമോന്നതരൂപം രൂപമില്ലാത്തതും പരിധിയില്ലാത്തതും അതിരില്ലാത്തതും മാറ്റമില്ലാത്തതുമായ കേവല ബ്രഹ്മമാണ്. അതാണ് ശിവം[10] പ്രപഞ്ചത്തിന്റെ പ്രഥമമായ ആത്മൻ (ആത്മാവാണ്) ഇത്.[11][12][5] ഭയങ്കരമായതും ദയനിറഞ്ഞതുമായ അനേകം വിവരണങ്ങൾ ശിവനെപ്പറ്റി ഉണ്ട്. ദയാപരമായ വിവരണങ്ങളിൽ കൈലാസ പർവതത്തിൽ[3] സന്യാസ ജീവിതം നയിക്കുന്ന യോഗിയായും കൂടാതെ ഭാര്യ പാർവതിയും മക്കളായ ഗണേശനും കാർത്തികേയയും ഉള്ള ഒരു ഗൃഹസ്ഥാശ്രമി എന്ന നിലയിലും അദ്ദേഹത്തെ ചിത്രീകരിക്കുന്നു. എന്നാൽ ഭയാനകമായ ചിത്രീകരണങ്ങളിൽ, പലപ്പോഴും രൗദ്രരൂപം പൂണ്ട് ദുഷ്ടശക്തികളെ കൊല്ലുന്നതായി ചിത്രീകരിക്കുന്നു. യോഗ, ധ്യാനം, കല(നൃത്തം), ആയുസ് എന്നിവയുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന ശിവനെ ആദിയോഗി ശിവ എന്നും അറിയപ്പെടുന്നു.[13][14][15]

കഴുത്തിലെ സർപ്പം, അലങ്കരിച്ച ചന്ദ്രക്കല, മുടിയിൽ നിന്ന് ഒഴുകുന്ന ഗംഗാ നദി, നെറ്റിയിലെ മൂന്നാമത്തെ കണ്ണ്, ത്രിശൂൽ അല്ലെങ്കിൽ ത്രിശൂലം, ആയുധമായി, ഡമാരു ഡ്രം എന്നിവയാണ് ശിവന്റെ പ്രതിരൂപങ്ങൾ. സാധാരണയായി ജ്യോതിർലിംഗത്തിന്റെ രൂപത്തിലാണ് അദ്ദേഹത്തെ ആരാധിക്കുന്നത്.[16] ഇന്ത്യ , നേപ്പാൾ , ശ്രീലങ്ക എന്നിവിടങ്ങളിൽ ഹിന്ദുക്കൾ പരക്കെ ആരാധിക്കുന്ന ദൈവമാണ് ശിവൻ.[17][18]

അഞ്ച് മുഖങ്ങൾ ഉള്ള ഭഗവാൻ ശിവൻ പഞ്ച കൃത്യ മൂർത്തിയാണെന്നു ശിവ പുരാണം, സ്കന്ദ പുരാണം  തുടങ്ങി ഒട്ടേറെ ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നു .സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നിവയാണ് പഞ്ചകൃത്യങ്ങൾ . അതിനാൽ തന്നെ ബ്രഹ്മാവ്, മഹാവിഷ്ണു, മഹാരുദ്രൻ, മഹേശ്വരൻ, സദാശിവൻ ഇവയൊക്കെ ശ്രീ പരമേശ്വരൻറെ അഞ്ചു മുഖങ്ങൾ തന്നെ ആണെന്ന് വിവിധ പുരാണ ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നു. അഞ്ചു കൃത്യവും ചെയ്യുന്ന പഞ്ചമുഖ മഹാദേവനെ പഞ്ച വക്ത്രൻ എന്ന് ശിവസഹസ്രനാമത്തിലും പുരാണങ്ങളിലും പറയുന്നു . മഹാശിവന്റെ അഞ്ചമുഖങ്ങൾ യഥാക്രമം ഈശാനം , തത്പുരുഷം, അഘോരം , വാമദേവം, സദ്യോജാതം എന്നീ പേരുകളിലും അറിയപ്പെടുന്നു . നിർഗുണ പരബ്രഹ്മമായ മഹാശിവനെ രൂപമുള്ളവനായും, അരൂപിയായും ആരാധിക്കുന്നു . ഓംകാരപ്പൊരുൾ അഥവാ ബ്രഹ്മം ശിവനാകുന്നു. ചരിത്ര പരമായും എല്ലാ മതങ്ങളിൽ വെച്ചും ഏറ്റവും ആദ്യം ആരാധിച്ചു തുടങ്ങിയ ദൈവ സങ്കല്പം മഹാശിവ സങ്കല്പമാണ്. പശുപതിനാഥൻ എന്നുള്ള ശിവനാമം വളരെ പ്രചാരമുള്ള ഒരു ശിവനാമമാണ്. 64 കലകളുടെയും ഈശ്വരനാണ് മഹാദേവൻ എന്ന് വിവിധ ഹൈന്ദവ ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട് .

ഒരിക്കൽ ബ്രഹ്മാവും , മഹാവിഷ്ണുവും  തമ്മിൽ തർക്കമായി തങ്ങളിൽ ആരാണ് ശ്രേഷ്ഠൻ എന്ന് അപ്പോൾ അവിടെ മഹാദേവൻ അഗ്നി രൂപത്തിൽ ഒരു മഹാശിവലിംഗരൂപമായി പ്രത്യക്ഷമായി ആ മഹാശിവലിംഗത്തിന്റെ അറ്റം ആര് ആദ്യം കണ്ടെത്തുന്നുവോ അവർ ശ്രേഷ്ഠൻ എന്ന് ശിവൻ അരുളി ചെയ്തു. ബ്രഹ്മാവ് മഹാശിവലിംഗത്തിന്റെ മുകളിലേക്കും മഹാവിഷ്‌ണു താഴേക്കും പുറപ്പെട്ടു എന്നാൽ രണ്ടു ദേവന്മാർക്കും ശിവലിംഗാഗ്രം കണ്ടെത്താനായില്ല . ഭഗവാൻ ശ്രീ മഹാവിഷ്ണു താൻ ശിവലിംഗാഗ്രം കണ്ടെത്തിയില്ല എന്നുള്ള സത്യം തുറന്നു പറഞ്ഞു . എന്നാൽ ബ്രഹ്മാവ് ശിവലിംഗാഗ്രം കണ്ടു എന്ന് കള്ളം പറഞ്ഞു. അതിൽ കുപിതനായ മഹാശിവൻ കാലഭൈരവന്റെ രൂപത്തിൽ അന്ന് വരെ അഞ്ച് തലകൾ ഉണ്ടായിരുന്ന ബ്രഹ്മാവിന്റെ കള്ളം പറഞ്ഞ അഞ്ചാമത്തെ തല പിഴുത് കളഞ്ഞു അന്ന് മുതൽ ബ്രഹ്മാവ് ചതുർമുഖൻ (നാന്മുഖൻ) ആയി . മഹാവിഷ്ണു ആകട്ടെ മഹാശിവനെ തപസ്സു ചെയ്തു സുദർശനചക്രം വരമായി നേടുകയും ചെയ്തു . 1008ശിവ നാമങ്ങൾ ഉരുവിട്ടാണ് മഹാവിഷ്ണു ശിവനെ തപസ്സു ചെയ്തത് എന്നാൽ ആയിരത്തെട്ടാമത്തെ പുഷ്പ്പം തികയാതെ വന്നപ്പോൾ തന്റെ നേത്രം സമർപ്പിച്ചു തപസ്സു തുടർന്നു അതിൽ സന്തുഷ്ടനായ മഹാദേവൻ മഹാവിഷ്ണുവിന് നേത്രങ്ങൾ പതിന്മടങ്ങു ഭംഗിയോടെ തിരികെ കൊടുത്തു അതിനു ശേഷമാണു മഹാവിഷ്ണുവിന് പങ്കജാക്ഷൻ എന്ന് പേര് ലഭിച്ചതെന്ന് ഐതിഹ്യങ്ങളിൽ പറയുന്നുണ്ട്.

സർവ്വചരാചരവും വിഷ്ണു , ലക്ഷ്മി , സരസ്വതി, ബ്രഹ്മാവ് , ഗംഗ തുടങ്ങി സകല ദേവിദേവന്മാരെയും സൃഷ്ടിച്ചത് ശിവശക്തികൾ (അർദ്ധനാരീശ്വരൻ ) ആണ് എന്ന് ഇതര ശൈവ ശാക്തേയ പുരാണങ്ങളിലും ,  ഹൈന്ദവ ഗ്രന്ഥങ്ങളിലും വിവരിക്കുന്നുണ്ട്. എല്ലാ ദേവതമാരും ശിവപാർവ്വതി (ലളിത പരമേശ്വരൻ ) മാരുടെ പ്രതീകമാണെന്നും സങ്കല്പിച്ചിരിക്കുന്നു . സർവ്വതിലും മംഗള മൂർത്തിയായ ശിവപാർവ്വതിമാർ (ആദിശിവനും , ആദിശക്തിയും) കുടികൊള്ളുന്നു. സത്യമായ ശിവാനല്ലാതെ വേറൊന്നുമില്ല എന്ന് ശിവപുരാണം, ലിംഗ പുരാണം എന്നീ ഗ്രന്ഥങ്ങളിൽ പറയുന്നു . ശിവൻ എന്നാൽ മംഗളകരമായത് , സത്യമായത്, സുന്ദരമായത് എന്നിങ്ങനെ വിശിഷ്ടമായ അർത്ഥങ്ങൾ ഉണ്ട് . ഈശ്വരൻ, പരമേശ്വരൻ , സർവ്വേശ്വരൻ , വിശ്വേശ്വരൻ , സോമേശ്വരൻ , അനാദിയായത് , നിരാകരമായത്, ആദിദേവൻ , ആദിശിവൻ , ദേവാദിദേവൻ ,ആദിയോഗി എന്നീ അനേകായിരം അർത്ഥങ്ങളുമുണ്ട്. ശിവൻ പരമാത്മാവും , നിർഗുണ പരബ്രഹ്മവും , ഓംകാരവും ആവുന്നു . ലളിത സഹസ്രനാമത്തിൽ ശിവനെ ശ്രീ ശിവകാമേശ്വരനായും , പാർവ്വതിയെ ശ്രീമഹാ ലളിതാത്രിപുരസുന്ദരിയായും വർണ്ണിക്കുന്നു. കാളികാ പുരാണത്തിൽ ശിവശക്തികൾ മഹാകാലേശ്വരനും മഹാകാളിയുമാണ്. ദേവീഭാഗവതത്തിൽ ശിവൻ പരബ്രഹ്മമൂർത്തിയായ മഹേശ്വരൻ അഥവാ ഭുവനേശ്വരനാകുന്നു ഭവാനിയാകട്ടെ ആദിപരാശക്തിയും ബ്രഹ്മവിദ്യയുമായ ഭുവനേശ്വരി ആകുന്നു . ശൈവ പുരാണങ്ങളിൽ ശിവനും ഉമയും ശ്രീ പരമേശ്വരി പരമേശ്വരൻമാരായി (മഹാപുരുഷനും , മൂലപ്രകൃതിയും) വർണ്ണിക്കുന്നു . ദുർഗ, ത്രിപുരാന്തകൻ , മഹാവിദ്യകൾ , അഷ്ടമൂർത്തി , ഏകപാദമൂർത്തി , നവദുർഗ്ഗ, മംഗളചണ്ഡിക ദ്വാദശ ജ്യോതിർലിംഗമൂർത്തി , ഗൗരി, അപർണ്ണ , നീലകണ്ഠൻ ,  പിനാകി , ശതാക്ഷി , ശാകംഭരി, കാമാഖ്യ ,അന്നപൂർണ്ണേശ്വരി , മൃത്യുഞ്‌ജയമൂർത്തി , വൈദ്യനാഥമൂർത്തി , കിരാതമൂർത്തി , മഹാഗായത്രി , പഞ്ചലിംഗേശ്വരൻ ,രാമനാഥർ, ഉമാ ആനന്ദൻ തുടങ്ങി അനേക നാമങ്ങളിൽ ശിവശക്തികൾ അറിയപ്പെടുന്നു. മരണത്തെ ജയിച്ചവനും അല്ലെങ്കിൽ കാലനും അന്തകനായ ശിവനെ മൃത്യുഞ്ജയൻ എന്നറിയപ്പെടുന്നു. ഭക്തനായ മാർക്കണ്ഡേയനെ ശിവൻ മരണത്തിൽ നിന്നും രക്ഷിച്ചു ദീർഘായുസും ഐശ്വര്യവും നൽകി എന്നാണ് ശൈവ പുരാണം പറയുന്നത്. ഭക്തരെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുന്നവനും ദീർഘായുസ് നൽകുന്നവനും ശിവനാണെന്ന് ഹൈന്ദവർ വിശ്വസിക്കുന്നു. രോഗനാശകനായ ശിവൻ വൈദ്യനാഥൻ എന്ന പേരിൽ അറിയപ്പെടുന്നു. ദ്വാദശ ജ്യോതിർലിംഗങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്ന ശിവക്ഷേത്രങ്ങളാണ്.

പരബ്രഹ്മം, ഓംകാരം, ലോകനാഥൻ, മംഗളകാരി എന്നിവ ശ്രീപരമേശ്വരൻ തന്നെയാണന്നും; എല്ലാ ചരാചരങ്ങളും പരമാത്മാവായ ശിവനെ പ്രാപിച്ചാണ് മോക്ഷപ്രാപ്തി നേടുന്നതെന്നും ശിവപുരാണം പറയുന്നു. മഹേശ്വരന്റെ ലോകസംബന്ധിയായ അനുഗ്രഹങ്ങൾ സൃഷ്‌ടി, സ്‌ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നിവയാണ്‌. ഈ ലോകത്തു രചിക്കപ്പെടുന്ന സർഗ്ഗാത്മകമായ എല്ലാം തന്നെയാണ്‌ സൃഷ്‌ടി. സൃഷ്‌ടിക്കപ്പെട്ടവയുടെ ക്രമവും സുസ്‌ഥിരവുമായ പാലനമാണ്‌ സ്‌ഥിതി. പാലിക്കപ്പെടുന്നവയുടെയെല്ലാം വിനാശമാണ്‌ സംഹാരം. പ്രാണങ്ങളുടെ ഉൽക്രമണമാണ്‌ തിരോഭാവം. ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമായി ഭഗവാനിലേക്ക്‌ ലയിക്കുന്നതാണ്‌ അനുഗ്രഹം. മോക്ഷകാരകമായ ഈ അനുഗ്രഹമാണ്‌ ഭഗവാന്റെ സ്‌ഥായീഭാവം. ഈശന്റെ പഞ്ചമുഖങ്ങൾ, കർമ്മങ്ങൾ, ഭൂതങ്ങൾ, ഗുണങ്ങൾ എന്നിവ. സൃഷ്‌ടി, സ്‌ഥിതി, സംഹാരം, തിരോഭാവം, അനുഗ്രഹം എന്നീ അഞ്ചുകർമ്മങ്ങൾ അഞ്ചു ഭൂതങ്ങളിലുമായി സമന്വയിക്കപ്പെട്ടിരിക്കുന്നു. ഭൂമിയിൽ ജീവജാലങ്ങൾ സൃഷ്‌ടിക്കപ്പെടുന്നു. ജലംകൊണ്ട്‌ ഈ ജീവജാലങ്ങൾക്ക്‌ വളർച്ചയും രക്ഷയും ഉണ്ടാകുന്നു. അഗ്നി എല്ലാറ്റിനേയും ദഹിപ്പിക്കുന്നു.വായു എല്ലാറ്റിനേയും ഒരു ദിക്കിൽനിന്നും മറ്റൊരു ദിക്കിലേക്ക്‌ കൊണ്ടുപോകുന്നു. ആകാശം സകലതിനേയും അനുഗ്രഹിക്കുന്നു. പഞ്ചമുഖങ്ങളിലൂടെ ഈ അഞ്ചു കൃത്യങ്ങളും നിർവ്വഹിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. നാലു മുഖങ്ങൾ നാലു ദിക്കുകൾക്കഭിമുഖമായും അഞ്ചാമത്തെ മുഖം നടുവിലും സ്‌ഥിതി ചെയ്യുന്നു. ഇതിൽ വടക്കേ ദിക്കിലുള്ള മുഖത്തുനിന്നും 'അ'കാരം പുറപ്പെടുന്നു. പടിഞ്ഞാറെ മുഖത്തുനിന്നും 'ഉ'കാരവും തെക്കേ മുഖത്തുനിന്നും 'മ'കാരവും ഉണ്ടാവുന്നു. കിഴക്കേ മുഖത്തുനിന്നും ബിന്ദുവും നടുവിലത്തെ മുഖത്തുനിന്നും നാദവും കൂടി ഉത്ഭവിച്ചു. ഈ അഞ്ചു മുഖങ്ങളിൽ നിന്നും ഒന്നുചേർന്നുണ്ടായ ആദ്യനാദമായ പ്രണവം അഥവാ ഓംകാരം നാദരൂപാത്മകമായ ഈ ലോകത്തിന്റെ മുഴുവനും ഉത്ഭവത്തിനു കാരണമാണ്‌. ശിവശക്‌തി സംയോഗമാണ്‌ ഓംകാരം. ഓംകാരം ഉച്ചരിക്കുന്നതിലൂടെ ഭഗവന്നാമം തന്നെയാണ്‌ സ്‌മരിക്കപ്പെടുന്നത്‌. ഓംകാരം ഭഗവാന്റെ നിഷ്‌കള സ്വരൂപമാണ്‌. ഇതിൽനിന്നുണ്ടായ പഞ്ചാക്ഷരി ഭഗവാന്റെ സകള രൂപത്തെ പ്രതിനിധാനം ചെയ്യുന്നു. പഞ്ചാക്ഷരിയിൽനിന്നുമാണ്‌മൂലഭൂതസ്വരങ്ങൾ- അ, ഇ, ഉ, ഋ, നു- എന്നിവ ഉണ്ടായത്‌.

മംഗളസ്വരൂപമാണ്‌ പ്രണവം. ഇതിന്‌ സൂക്ഷ്‌മമെന്നും സ്‌ഥൂലമെന്നും രണ്ടു ഭേദങ്ങൾ പറയപ്പെടുന്നു. പ്രകൃതിയിൽനിന്നും ഉത്ഭവിച്ച സംസാരരൂപിയായ മഹാസമുദ്ര (പ്ര)ത്തിൽനിന്നും കരകയറുന്നതിനുള്ള നാവം ആണ്‌ 'പ്രണവം'. ഈ നിലയിൽ പ്രണവത്തിന്റെ സൂക്ഷ്‌മരൂപമാണ്‌ ഓംകാരം. സൂക്ഷ്‌മ പ്രണവത്തിന്‌ ഹ്രസ്വമെന്നും ദീർഘമെന്നും രണ്ടു രൂപങ്ങളുണ്ട്‌. അകാരം, ഉകാരം, മകാരം, ബിന്ദു, നാദം ഇവയെല്ലാം ഉൾപ്പെട്ടത്‌ ദീർഘപ്രണവം. ഇത്‌ യോഗികൾക്ക്‌ മാത്രം പ്രാപ്‌തമാണ്‌.അകാരം, ഉകാരം, മകാരം- അ, ഉ, മ്‌- എന്നീ മൂന്നു തത്വങ്ങൾ മാത്രം ചേർന്നതാണ്‌ ഹ്രസ്വപ്രണവം, അഥവാ അക്ഷര രൂപത്തിലുള്ള 'ഓം' കാരം. അകാരം ശിവനും ഉകാരം ശക്‌തിയും മകാരം ശിവശക്‌തി സംയോഗവുമാണ്‌. ത്രിതത്വ സ്വരൂപമായ ഈ ഓംകാരം സകല പാപഹരവുമാണ്‌. ഓംകാരം ജപിക്കുന്ന സാധകർ മനസ്സിലാക്കേണ്ടത്‌ പ്രപഞ്ചം (പ്ര) നിങ്ങൾക്ക്‌ (വ) ഇല്ല (ന) എന്ന ജ്‌ഞാനമാണ്‌.

"പ്രകർഷണേന നയേത്‌ യുഷ്‌മാൻ മോക്ഷം

ഇതി വാ പ്രണവഃ"

ജപിക്കുന്ന ഉപാസകരെ മോക്ഷത്തിലേക്ക്‌ നയിക്കുവാൻ പ്രാപ്‌തമാണ്‌ പ്രണവം എന്നർത്ഥം. സ്‌ഥൂലരൂപത്തിലുള്ള പ്രണവമാണ്‌ നമഃ ശിവായ എന്ന പഞ്ചാക്ഷരി മന്ത്രം. ശിവപഞ്ചാക്ഷരി എപ്പോഴും ഓംകാരം ചേർത്തുതന്നെ ജപിക്കേണ്ടതാണ്‌.

പഞ്ചേന്ദ്രിയാത്മകമായ ശബ്‌ദം, സ്‌പർശം, രൂപം, രസം, ഗന്ധം എന്നീ ഗുണങ്ങൾ പഞ്ചഭൂതങ്ങളിലധിഷ്‌ഠിതമാണ്‌. ഈ പഞ്ച തത്വങ്ങളും നാദാത്മകമാണ്‌. ഏറ്റവും സൂക്ഷ്‌മമായ തത്വമാണ്‌ ആകാശം. ആകാശ തത്വത്തിലെ നാദമാത്ര ഗുണത്തിൽനിന്നും ഓരോ തത്വത്തിലും ഓരോ ഗുണം കൂടി ചേർന്ന്‌ പരിണമിച്ച്‌ ഭൂതത്വത്തിലെത്തുമ്പോൾ നാദബ്രഹ്‌മം പൂർണമാകുന്നു.

പ്രതീകാത്മകതയിൽ[തിരുത്തുക]

Gods AS.jpg
മീശയുള്ള ശിവന്റെ രൂപം. ഗോവ ആർക്കിയോളജിക്കൽ മ്യൂസിയത്തിൽനിന്ന്.

ഗുണങ്ങൾ[തിരുത്തുക]

 • ശിവരൂപം: മറ്റുദേവന്മാരിൽനിന്നും വ്യത്യസ്തമായി ജടാധാരിയും ശ്മശാനവാസിയുമാണ് ശിവൻ. ശിവന്റെകയ്യിലെപ്പോഴും തൃശ്ശൂലം കാണപ്പെടുന്നു. കൂടാതെ ജടയിൽ ചന്ദ്രക്കല വിരാജിക്കുന്നു. ശരീരത്തിൽ രുദ്രാക്ഷമാലയും നാഗങ്ങളും അണിഞ്ഞ നിലയിലാണ് ശിവന്റെ രൂപം.
 • തൃക്കണ്ണ് : ശിവന്റെ മറ്റൊരു പ്രത്യേകതയാണ് നെറ്റിയിലുള്ള മൂന്നാമത്തെ നേത്രം. തൃക്കണ്ണിൽ നിന്നുള്ള അഗ്നികൊണ്ടാണ് ശിവൻ കാമദേവനെ ഭസ്മീകരിച്ചത്[19]. മൂന്നുകണ്ണുകളുള്ളതിനാൽ ശിവൻ ത്രിലോചനൻ(ത്രി= മൂന്ന്; ലോചനം= കണ്ണ്), എന്ന നാമത്തിലും  അറിയപ്പെടുന്നു.
 • ചന്ദ്രകല : ശിവന്റെ ജടാമൗലിയിൽ എപ്പോഴും ചന്ദ്രദേവൻ വിരാജിക്കുന്നു എന്നാണ് വിശ്വാസം[20]. അതിനാൽതന്നെ ചന്ദ്രശേഖരൻ[21][22][23] , ചന്ദ്രമൗലി, കലാധരൻ തുടങ്ങിയനാമങ്ങൾ ശിവന്റെ പര്യായങ്ങളാണ്.
 • ഭസ്മം :ശിവന്റെ ശരീരത്തിൽ ശവഭസ്മം ലേപനം ചെയ്തിരിക്കുന്നു. മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും, എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ഭസ്മധാരിയും ശ്മശാനവാസിയുമായ ശിവന്റെ ഒരു രൂപമാണ് ഭൈരവൻ.
 • ജട : ശിവന്റെ കേശം ജടപിടിച്ചതും കെട്ടിവെച്ചിരിക്കുന്നതുമാണ്. ജടാധാരി, വ്യോമകേശൻ എന്നീ നാമങ്ങളും ശിവന്റെ പര്യായങ്ങളാണ്.
 • നീലകണ്ഠം : പാലാഴി മഥനത്തിന്റെ ഫലമായി കാളകൂടം എന്ന മാരകവിഷം പുറത്തേക്കു വന്നു. മൂന്നുലോകത്തേയും സംഹരിക്കാൻ ശക്തിയുള്ള വിഷമായിരുന്നു കാളകൂടം. കാളകൂടത്തെ ഉൾക്കൊള്ളാൻ മൃത്യുഞ്ജയനായ ശിവനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഹാലാഹലം അഥവാ കാളകൂടവിഷം പാനം ചെയ്ത ഭഗവാന്റെ കഴുത്ത് നീലനിറമായി മാറി.[24][25] അന്നുമുതൽ ശിവൻ നീലകണ്ഠൻ(സംസ്കൃതം नीलकण्ठഃ) എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി. [26][27]
 • ഗംഗാനദി : സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് രാജർഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു. ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനുള്ള ഏക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്ഥയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം.[28][29] ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.
 • നാഗങ്ങൾ : നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്ന ദേവനായാണ് ശിവനെ വർണ്ണിക്കുന്നത്[30]. വാസുകി എന്ന നാഗത്തെ ശിവൻ എപ്പോഴും കഴുത്തിലണിയുന്നു.
 • മാൻ : കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും ശിവനെ വർണ്ണിക്കാറുണ്ട്. ചിത്തചഞ്ചലതയിൽ നിന്നും ശിവൻ മോചിതനാണ് എന്നാണ് ഇത് പ്രതീകവൽക്കരിക്കുന്നത്. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. എന്നാൽ ശിവൻ സർവ്വജ്ഞനും നിർവികാരനും നിർവികല്പനുമാണ്.
 • തൃശൂലം : ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്റെ വലതുകയ്യിലേന്തിയ സത്ത്വഗുണം, തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീകവൽക്കരിക്കുന്നത്. പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു.
 • ഢമരു : ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷ ഉദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു. നൃത്തം ചെയ്യുന്ന ശിവന്റെ രൂപം നടരാജൻ എന്നറിയപ്പെടുന്നു.
 • നന്ദികേശ്വരൻ : ശിവന്റെ വാഹനമായ വൃഷഭമാണ് നന്ദി. പശുപതി എന്നൊരു നാമവും ശിവനുണ്ട്. പശു എന്ന വാക്കിന് മൃഗം എന്നാണ് അർഥം. മൃഗങ്ങളുടെയെല്ലാം പാലകൻ എന്നാണ് പശുപതി എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്. മനുഷ്യരൂപത്തിലും നന്ദിയെ ചിലപ്പോൾ ചിത്രീകരിക്കാറുണ്ട്.

ഗണം[തിരുത്തുക]

കൈലാസം[തിരുത്തുക]

പ്രധാന ലേഖനം: കൈലാസം

ഹിന്ദുമത വിശ്വാസപ്രകാരം കൈലാസപർവ്വതം പരമശിവന്റെ വാസസ്ഥലമായി കരുതുന്നു.അദ്ദേഹം തന്റെ പത്നിയായ ശ്രീപാർവ്വതി ദേവിയുമൊത്ത് ധ്യാനത്തിൽ ഇരിക്കുന്ന സ്ഥലമാണ് കൈലാസപർവ്വതം എന്ന് വിശ്വസിക്കുന്നു. വിഷ്ണുപുരാണത്തിൽ കൈലാസപർവ്വതത്തെ കുറിച്ച് പരാമർശമുണ്ട്. പർവ്വതത്തിന്റെ നാലു മുഖങ്ങളിൽ ഓരോന്നും സ്ഫടികം, രത്നം, സ്വർണം, വൈഢൂര്യം എന്നിവകൊണ്ട് നിർമിച്ചതാണെന്ന് പറയുന്നു. കൈലാസപർവതത്തെ വിശ്വത്തിന്റെ തൂണായും പുകഴ്ത്തുന്നു.[31]

ചൈനയിലെ ടിബറ്റിൽ നീണ്ടുകിടക്കുന്ന ഹിമാലയപർവ്വതത്തിന്റെ ഭാഗമാണ് കൈലാസപർവ്വതം (സംസ്കൃതം :कैलास पर्वतः). എഷ്യയിലെ നീളം കൂടിയ നദികളായ സത്‌ലജ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയ നദികളുടെ ഉത്ഭവ സ്ഥാനത്തിനടുത്താണ് കൈലാസപർവ്വതം സ്ഥിതി ചെയ്യുന്നത്. കൈലാസപർവ്വതത്തിനടുതായി മാനസസരോവരവും രക്ഷാസ്ഥൽ തടാകവും സ്ഥിതിചെയ്യുന്നു. ദൽഹിയിൽ നിന്നും 865 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 6690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്.

കാശി[തിരുത്തുക]

പ്രധാന ലേഖനം: വാരാണസി

കാശിയെ ശിവന്റെ നഗരം എന്നാണ്‌ അറിയപ്പെടുന്നത്. ശിവക്ഷേത്രമായ കാശി വിശ്വനാഥക്ഷേത്രമാണ്‌ ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രവും തീർത്ഥാടനകേന്ദ്രവും. ഇവിടെ ഗംഗയുടെ കരയിൽ കൽപ്പടികൾ കെട്ടിയിട്ടുണ്ട്. ഇവയെ ഘാട്ട് എന്നാണ് വിളിക്കുന്നത്. ക്ഷേത്രദർശനത്തിനു മുൻപ് ആളുകൾ ഈ പടികളിൽ നിന്ന് കുളിക്കുന്നു. മരണമടഞ്ഞ ഹിന്ദുക്കളുടെ മൃതദേഹം ദഹിപ്പിക്കുന്നതും ഇത്തരം പടികളിലാണ്. തുടർന്ന് ചിതാഭസ്മം ഗംഗയിൽ ഒഴുക്കുന്നു. ചില ഘാട്ടുകൾക്ക് പ്രത്യേകതകളുമുണ്ട്. ഇവയിൽ ഒന്നിൽ ബ്രഹ്മാവ് പത്തു കുതിരകളെ ബലികൊടുത്തു എന്നും മറ്റൊന്നിൽ പാർവതിയുടെ കമ്മൽ കളഞ്ഞു പോയതെന്നും വിശ്വാസങ്ങളുണ്ട്. ക്ഷേത്രത്തിനു സമീപമുള്ള ജ്ഞാനക്കിണറിലാണ്‌ (ജ്ഞാനവാപി) ഇവിടത്തെ യഥാർത്ഥ ശിവലിംഗം എന്നും വിശ്വാസമുണ്ട്.

ശിവലിംഗം[തിരുത്തുക]

ശ്രീരംഗത്തെ ജംബുകേശ്വര ക്ഷേത്രത്തിലെ ശിവലിംഗം

ശിവന്റെ പ്രതിരൂപം ആണ് ശിവലിംഗം. ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നു. ലിംഗം "എന്ന വാക്കിന്റെ സംസ്കൃത അർഥം അടയാളം (ചിഹ്നം ) എന്നാണ്. ആദ്യം ഉണ്ടായ മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക[അവലംബം ആവശ്യമാണ്]. കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗപ്രതിഷ്ഠയുള്ള ക്ഷേത്രം വൈക്കം മഹാദേവക്ഷേത്രം ആണ്.[അവലംബം ആവശ്യമാണ്]

ശിവന്റെ സ്വയംഭൂലിംഗം ആരാധിക്കുന്ന ക്ഷേത്രമാണ് കൊട്ടിയൂർ മഹാദേവക്ഷേത്രം.[അവലംബം ആവശ്യമാണ്] തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെ ശിവലിംഗം നിത്യേന നടന്നുവരുന്ന നെയ്യഭിഷേകം മൂലം മനുഷ്യദൃഷ്ടിയ്ക്ക് അദൃശ്യമാണ്. പകരം ഒരു നെയ്മലയും അതിൽ ചാർത്തിയിരിയ്ക്കുന്ന ചന്ദ്രക്കലകളുമാണ് ഭക്തർ ദർശിയ്ക്കുന്നത്.

ശൈവസമ്പ്രദായങ്ങൾ[തിരുത്തുക]

ഹിന്ദുമതത്തിലെ നാല് പ്രധാന വിഭാഗങ്ങളിൽ ഏറ്റവും പഴക്കമേറിയതാണ് ശൈവസമ്പ്രദായം(സംസ്കൃതം: शैव पंथ). വൈഷ്ണവം, ശാക്തേയം, സ്മാർഥം എന്നിവയാണ് മറ്റ് മൂന്ന് വിഭാഗങ്ങൾ. ശൈവസമ്പ്രദായം അനുവർത്തിച്ചുപോരുന്നവരെ ശൈവർ എന്നും വിളിക്കുന്നു. ശൈവവിശ്വാസപ്രകാരം സംപൂർണ്ണ പ്രപഞ്ചത്തിലെ സർവ്വവും ശിവമയമാണ്.

ഇന്ത്യയിൽ കാശ്മീർ ശൈവിസം, തമിഴ്നാട്നായനാർമാർ, ലിംഗായതം എന്നു മൂന്നാൺ പ്രധാന ശൈവമാർഗ്ഗങ്ങൾ [അവലംബം ആവശ്യമാണ്].

ശിവനെ സംബന്ധിച്ചുള്ള ഒരു ഹൈന്ദവപുരാണമാണ് ശിവപുരാണം.

ജ്യോതിർലിംഗങ്ങൾ[തിരുത്തുക]

പ്രധാന ലേഖനം: ജ്യോതിർലിംഗങ്ങൾ

ശിവനെ ജ്യോതിർലിംഗ ഭാവത്തിൽ ആരാധിക്കുന്ന 12 ശിവക്ഷേത്രങ്ങളാണിവ

ജ്യോതിർലിംഗങ്ങൾ സ്ഥാനം
സോമനാഥ് Somanatha view-II.JPG സൗരാഷ്ട്ര, ഗുജറാത്ത്
മല്ലികാർജ്ജുനം Srisailam-temple-entrance.jpg ശ്രീശൈലം, ആന്ധ്രാ പ്രദേശ്
മഹാകാലേശ്വരം Mahakal Temple Ujjain.JPG ഉജ്ജയിനി, മദ്ധ്യ പ്രദേശ്
ഓംകാരേശ്വരം Omkareshwar.JPG ഇൻഡോർ, മദ്ധ്യ പ്രദേശ്
കേദാർനാഥം Kedarnath Temple.jpg കേദാർനാഥ്, ഉത്തരാഖണ്ഡ്
ഭീമാശങ്കരം Bhimashankar.jpg പൂന, മഹാരാഷ്ട്ര
വിശ്വനാഥം Benares A Brahmin placing a garland on the holiest spot in the sacred city by James Prinsep 1832.jpg ബനാറസ്, ഉത്തർപ്രദേശ്
ത്രയംബകേശ്വരം Trimbakeshwar Shiva Temple, Trimbak, Nashik district.jpg നാസിക്ക്, മഹാരാഷ്ട്ര
രാമേശ്വരം രാമേശ്വരം ക്ഷേത്രകവാടം.jpg രാമേശ്വരം, തമിഴ്‌നാട്
ഘൃഷ്ണേശ്വരം Grishneshwar Temple.jpg എല്ലോറ, മഹാരാഷ്ട്ര
വൈദ്യനാഥം Baba dham.jpg ദേവ്ഘർ, ഝാർഖണ്ഡ്‌
നാഗേശ്വരം Jageshwar main.JPG ദ്വാരക, ഗുജറാത്ത്

പഞ്ചഭൂത ക്ഷേത്രങ്ങൾ[തിരുത്തുക]

തെക്കൻ ഭാരതത്തിലെ അഞ്ചു ക്ഷേത്രങ്ങളിൾ ശിവനെ പഞ്ചഭൂതത്തിലധിഷ്ടിതമായ രൂപത്തിലാണ് ആരാധിക്കുന്നത്.

മൂർത്തി പ്രകടഭാവം ക്ഷേത്രം സ്ഥാനം സംസ്ഥാനം
ജംബുകേശ്വർ ജലം ജംബുകേശ്വര ക്ഷേത്രം തിരുവാനായ്കാവൽ തമിഴ്നാട്
അരുണാചലേശ്വർ അഗ്നി അണ്ണാമലയാർ ക്ഷേത്രം തിരുവണ്ണാമല തമിഴ്‌നാട്
കാളഹസ്തേശ്വരൻ വായു കാളഹസ്തി ക്ഷേത്രം ശ്രീകാളഹസ്തി ആന്ധ്രാ പ്രദേശ്
ഏകാംബരേശ്വർ ഭൂമി ഏകാംബരേശ്വര ക്ഷേത്രം കാഞ്ചീപുരം തമിഴ്നാട്
നടരാജൻ ആകാശം ചിദംബരം ക്ഷേത്രം ചിദംബരം തമിഴ്‌നാട്

നൂറ്റെട്ട് ശിവാലയങ്ങൾ[തിരുത്തുക]

സമുദ്രത്തിൽ നിന്ന് കേരളഭൂമി വീണ്ടെടുത്ത പരശുരാമൻ കേരളത്തിന്റെ രക്ഷയ്ക്കും അഭിവൃദ്ധിക്കുമായി നൂറ്റെട്ട് ശിവാലയങ്ങൾ സ്ഥാപിച്ചതായാണ് ഐതിഹ്യം.[അവലംബം ആവശ്യമാണ്] തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ തുടങ്ങി ചിറയ്ക്കൽ മഹാദേവക്ഷേത്രത്തിൽ അവസാനിയ്ക്കുന്ന നൂറ്റെട്ട് ക്ഷേത്രങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിൽ ഒരു സ്തോത്രവുമുണ്ട്. കൊടുങ്ങല്ലൂർ, ചെങ്ങന്നൂർ, തിരുവൈരാണിക്കുളം തുടങ്ങിയ പരാശക്തിക്ക് പ്രാധാന്യം ഉള്ള ഭഗവതിക്ഷേത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ ചെങ്ങന്നൂർ, കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം, എറണാകുളം ജില്ലയിലെ തിരുവൈരാണിക്കുളം എന്നിവ ഉത്തമദാമ്പത്യവും, ദീർഘമാംഗല്യവും സിദ്ധിക്കാൻ ധാരാളം ഭക്തർ ദർശനം നടത്തുന്ന ഇടങ്ങളാണ്. കോട്ടയം ജില്ലയിലെ വൈക്കം, കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം എന്നിവ പ്രധാനമാണ്.

പ്രാർത്ഥനാ ശ്ലോകങ്ങൾ[തിരുത്തുക]

ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം[32]

അവലംബം[തിരുത്തുക]

 1. 1.0 1.1 Flood 1996, പുറങ്ങൾ. 17, 153
 2. K. Sivaraman (1973). Śaivism in Philosophical Perspective: A Study of the Formative Concepts, Problems, and Methods of Śaiva Siddhānta. Motilal Banarsidass. p. 131. ISBN 978-81-208-1771-5.
 3. 3.0 3.1 Zimmer (1972) pp. 124-126
 4. Jan Gonda (1969), The Hindu Trinity, Anthropos, Bd 63/64, H 1/2, pages 212–226
 5. 5.0 5.1 Arvind Sharma 2000, പുറം. 65.
 6. Issitt & Main 2014, പുറങ്ങൾ. 147, 168.
 7. Flood 1996, പുറം. 151.
 8. David Kinsley 1988, പുറം. 50, 103–104.
 9. Tracy Pintchman 2015, പുറങ്ങൾ. 113, 119, 144, 171.
 10. Kramrisch 1981, പുറങ്ങൾ. 184–188
 11. Davis, pp. 113–114.
 12. William K. Mahony 1998, പുറം. 14.
 13. Shiva Samhita, e.g. translation by Mallinson.
 14. Varenne, p. 82.
 15. Marchand for Jnana Yoga.
 16. Fuller, p. 58.
 17. Flood 1996, പുറം. 17.
 18. Keay, p.xxvii.
 19. For Shiva as depicted with a third eye, and mention of the story of the destruction of Kama with it, see: Flood (1996), p. 151.
 20. For the moon on the forehead see: Chakravarti, p. 109.
 21. For śekhara as crest or crown, see: Apte, p. 926.
 22. For Candraśekhara as an iconographic form, see: Sivaramamurti (1976), p. 56.
 23. For translation "Having the moon as his crest" see: Kramrisch, p. 472.
 24. For Shiva drinking the poison churned from the world ocean see: Flood (1996), p. 78.
 25. Kramrisch, p. 473.
 26. Sharma 1996, പുറം. 290
 27. See: name #93 in Chidbhavananda, p. 31.
 28. For alternate stories about this feature, and use of the name Gaṅgādhara see: Chakravarti, pp. 59 and 109.
 29. For description of the Gaṅgādhara form, see: Sivaramamurti (1976), p. 8.
 30. Flood (1996), p. 151
 31. Allen, Charles. (1982). A Mountain in Tibet, pp. 21-22. André Deutsch. Reprint: 1991. Futura Publications, London. ISBN 0-7088-2411-0.
 32. 'ക്ഷേത്രാചാരങ്ങൾ', കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്, പഞ്ചാംഗം പുസ്തകശാല, കുന്നംകുളം

ഇതും കാണുക[തിരുത്തുക]
ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്

"https://ml.wikipedia.org/w/index.php?title=ശിവൻ&oldid=3392225#ശിവലിംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്