Jump to content

തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം

Coordinates: 11°44′44.2″N 75°30′12.35″E / 11.745611°N 75.5034306°E / 11.745611; 75.5034306
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുവങ്ങാട് ക്ഷേത്രം, തലശ്ശേരി, മുൻവശത്തുനിന്നുള്ള ദൃശ്യം

11°44′44.2″N 75°30′12.35″E / 11.745611°N 75.5034306°E / 11.745611; 75.5034306ഉത്തരകേരളത്തിൽ കണ്ണൂർ ജില്ലയിൽ തലശ്ശേരി പട്ടണത്തിന്റെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന പുരാതനമായ ഒരു ക്ഷേത്രമാണ് തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ചതുർബാഹുവായ മഹാവിഷ്ണുവാണെങ്കിലും ഭഗവാന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമസ്വാമിയായാണ് ആരാധിച്ചുവരുന്നത്. ഖരൻ, ദൂഷണൻ, ത്രിശ്ശിരസ്സ് എന്നീ രാക്ഷസസഹോദരന്മാരെയും അവരുടെ പതിനായിരം വരുന്ന പടയെയും മൂന്നേമുക്കാൽ നാഴിക കൊണ്ട് നിഗ്രഹിച്ചശേഷം രൗദ്രഭാവമടങ്ങാത്ത ശ്രീരാമനായാണ് പ്രതിഷ്ഠാസങ്കല്പം. ചക്രവർത്തിസ്വരൂപമാർന്ന ഇവിടത്തെ ശ്രീരാമസ്വാമിയെ ഭക്തർ തിരുവങ്ങാട്ട് പെരുമാൾ എന്നു വിളിച്ചുവരുന്നു. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ഹനുമാൻ, ദക്ഷിണാമൂർത്തി (ശിവൻ), മഹാവിഷ്ണു (ശ്രീകൃഷ്ണസങ്കല്പം), ധർമ്മശാസ്താവ്, സുബ്രഹ്മണ്യൻ, ഭദ്രകാളി (പോർക്കലീദേവി), നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. കൂടാതെ രണ്ട് ശിവക്ഷേത്രങ്ങളും ക്ഷേത്രപരിസരത്തുണ്ട്. പിച്ചള താഴികക്കുടങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് പിച്ചള അമ്പലം(Brass Pagoda [1]) എന്നും ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നു. തൃപ്രയാർ, തിരുവില്വാമല, കടവല്ലൂർ എന്നിവയ്ക്കൊപ്പം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീരാമക്ഷേത്രങ്ങളിലൊന്നാണിത്. മേടമാസത്തിൽ വിഷുവിന് കൊടികയറി എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ഈ ക്ഷേത്രത്തിലേത്. കൂടാതെ രാമായണമാസാചരണം, ശ്രീരാമനവമി എന്നിവയും വിശേഷമാണ്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യം

[തിരുത്തുക]

ക്ഷേത്രസ്ഥാപനം

[തിരുത്തുക]

അഗസ്ത്യമഹർഷി ശിഷ്യഗണങ്ങളോടുകൂടി കാവേരി സ്നാനത്തിനുപോകുന്ന അവസരത്തിൽ ശ്വേതൻ, നീലൻ എന്നീ രണ്ടു രാക്ഷസന്മാർ അദ്ദേഹത്തെ അപമാനിയ്ക്കുകയും കോപാകുലനായ മുനി അവരെ "അധഃപതിയ്ക്കട്ടെ "എന്ന് ശപിക്കുകയും ചെയ്തു. രാക്ഷസന്മാർ ശാപമോചനത്തിന് അപേക്ഷിച്ചപ്പോൾ മുനി, നീലനെ, ഇന്ന് നീലേശ്വരം എന്നറിയപ്പെടുന്ന സ്ഥലത്തുള്ള തളിയിൽ ക്ഷേത്രത്തിലും ശ്വേതനെ തിരുവങ്ങാടുള്ള ശിവക്ഷേത്രത്തിലും ചെന്നു ഭജിക്കുവാൻ ഉപദേശിയ്ക്കുകയും ഇങ്ങനെ തുടർച്ചയായി മൂന്നു കൊല്ലം ഭജിച്ചാൽ ശാപമോക്ഷം കിട്ടുമെന്ന് അരുളിച്ചെയ്യുകയും ചെയ്തു. അതനുസരിച്ച് ശ്വേതൻ തിരുവങ്ങാടുള്ള, ഇപ്പോൾ വടക്കേടം എന്നറിയപ്പെടുന്ന ക്ഷേത്രത്തിലും നീലൻ നീലേശ്വരത്തെ തളി ക്ഷേത്രത്തിലും ഭജനം നടത്തി.

ശ്വേതൻ ഭജിച്ചിരുന്ന കാലത്ത് ഇന്നത്തെ തിരുവങ്ങാട് ദേശം വൻ കാടായിരുന്നുവെന്നും, തന്മൂലം തിരുവൻകാട് എന്ന് പറഞ്ഞുപോരുകയും പിന്നീട് അത് ലോപിച്ച് തിരുവങ്ങാടാകുകയും ചെയ്തു എന്നാണ് സ്ഥലനാമത്തിനുപിന്നിലുള്ള ഒരു കഥ. ശ്വേതൻ ഭജിച്ചിരുന്നതിനാൽ ഈ സ്ഥലം "ശ്വേതാരണ്യപുരം " എന്നും അറിയപ്പെടുന്നു. 'ശ്വേതം' എന്ന വാക്കിന് വെളുപ്പ് എന്ന അർത്ഥവുമുണ്ട്. അതിനാൽ 'തിരുവെൺകാട്' എന്ന പേര് സ്ഥലത്തിനുവരികയും പിന്നീട് അത് ലോപിച്ചാണ് തിരുവങ്ങാടായതാണെന്ന് മറ്റൊരു കഥയുമുണ്ട്. ശ്വേതന്റെ തപസ്സിൽ സംപ്രീതനായ പരമശിവൻ, അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷപ്പെടുകയും അതിവിശിഷ്ടമായ ഒരു വിഷ്ണുവിഗ്രഹം നൽകി അദ്ദേഹത്തെ അനുഗ്രഹിയ്ക്കുകയും ചെയ്തു. ഈ വിഗ്രഹം പിന്നീട് ശിവക്ഷേത്രത്തിന്റെ തെക്കുവശത്ത് പ്രത്യേകം ക്ഷേത്രം പണിത് അവിടെ പ്രതിഷ്ഠിച്ചു. ശ്വേതൻ തികഞ്ഞ രാമഭക്തനായിരുന്നതിനാൽ രാമസങ്കല്പത്തിലാണ് പ്രതിഷ്ഠിച്ചത്. മകരമാസത്തിൽ തിരുവോണം നക്ഷത്രവും അമാവാസിയും കൂടിയ ദിവസമായിരുന്നു പ്രതിഷ്ഠ. ശാപമോക്ഷം കിട്ടിയ ശ്വേതൻ, അഗസ്ത്യമഹർഷിയുടെ ശിഷ്യനാകുകയും തുടർന്ന് മഹാമുനിയായി അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു.

പോർക്കലീദേവിയുടെ പ്രതിഷ്ഠ

[തിരുത്തുക]

ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ആകർഷണമാണ് ശ്രീകോവിലിന് മുന്നിലുള്ള നമസ്കാരമണ്ഡപത്തിൽ പ്രത്യേകം തീർത്ത കൂട്ടിലുള്ള പോർക്കലീദേവിയുടെ പ്രതിഷ്ഠ. കണ്ണൂർ ജില്ലയുടെ കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ, കോട്ടയം രാജവംശത്തിന്റെ കുലദേവത എന്നീ നിലകളിൽ ശ്രദ്ധേയയാണ് ഈ ദേവി. മഹാവിദ്വാനായിരുന്ന കോട്ടയത്തു തമ്പുരാൻ രചിച്ച മാതംഗാനനമബ്‌ജവാസരമണീം എന്നുതുടങ്ങുന്ന വന്ദനശ്ലോകം ഈ ദേവിയെ സ്തുതിയ്ക്കുന്നതാണ്. കോട്ടയം രാജവംശത്തിലെ ഭരണാധികാരികൾ യുദ്ധത്തിന് പോകും മുമ്പ് ഇവിടെ വന്ന് ഗുരുതിപൂജ നടത്തിയേ പോകുമായിരുന്നുള്ളൂ. തിരുവങ്ങാട്ട് ക്ഷേത്രത്തിൽ ഈ ദേവിയ്ക്ക് സ്ഥാനമുറച്ചതിനുപിന്നിൽ ഒരു കഥയുണ്ട്. അതിങ്ങനെ:

പണ്ടുകാലത്ത് തിരുവങ്ങാട്ട് ക്ഷേത്രം മൂന്ന് രാജവംശങ്ങളുടെ സംഗമസ്ഥാനമായിരുന്നു. കോട്ടയം, കടത്തനാട്, ചിറക്കൽ എന്നിവയായിരുന്നു അവ. അതിനാൽത്തന്നെ പല തരത്തിലുള്ള കിടമത്സരങ്ങൾക്കും ഈ ക്ഷേത്രം വേദിയായിട്ടുണ്ട്. ക്ഷേത്രപ്രവൃത്തികൾ ചെയ്യുന്നതിന് ഈ മൂന്ന് രാജ്യങ്ങളിൽ നിന്നും ആളുകൾ വരുമായിരുന്നു. അവരിൽ, ക്ഷേത്രത്തിൽ കൊട്ടാൻ അവകാശമുണ്ടായിരുന്ന മാരാർ കോട്ടയം രാജവംശത്തിന്റെ പരിധിയിൽ നിന്നുള്ള ആളായിരുന്നു. ശ്രീപോർക്കലിയുടെ തികഞ്ഞ ഭക്തനായിരുന്ന ഈ മാരാർ ഒരുദിവസം ക്ഷേത്രത്തിൽ വന്നപ്പോൾ അന്നത്തെ മേൽശാന്തി എന്തിനാണ് ഒറ്റയ്ക്ക് വന്നതെന്നും ഭഗവതിയെ കൊണ്ടുവരാമായിരുന്നില്ലേ അന്നും അദ്ദേഹത്തോട് ചോദിച്ചു. അപ്പോൾ താൻ വിചാരിച്ചാൽ വരുമെന്നും എന്നാൽ അവിടെ സ്ഥിരം സ്ഥാനം കൊടുക്കണമെന്നും മാരാർ മറുപടി പറഞ്ഞു. തുടർന്ന് മാരാർ, തന്റെ തിമില കൊണ്ട് പാണികൊട്ടാൻ തുടങ്ങുകയും ഉടനെ ദേവി അവിടെ പ്രത്യക്ഷപ്പെടുകയും ചെയ്തു. നിവേദ്യമെല്ലാം കഴിഞ്ഞതിനാൽ ആ സമയം കയ്യിലുണ്ടായിരുന്ന കുറച്ച് അരി കുതിർത്ത് മേൽശാന്തി ദേവിയ്ക്ക് നേദിച്ചു. അങ്ങനെയാണ് ഇവിടെ ദേവീപ്രതിഷ്ഠയുണ്ടായത്. ഇന്നും ഇവിടെ നനച്ച അരി തന്നെയാണ് പ്രധാന നിവേദ്യം. ഇത് അരിത്ലാവൽ എന്നറിയപ്പെടുന്നു.

ചരിത്രം

[തിരുത്തുക]

18-ആം നൂറ്റാണ്ടിൽ ടിപ്പുസുൽത്താൻ കേരളം ആക്രമിച്ച് ക്ഷേത്രങ്ങൾ നശിപ്പിച്ചപ്പോൾ ഈ ക്ഷേത്രത്തിനും നാശം സംഭവിച്ചിരുന്നു. എങ്കിലും ക്ഷേത്രം പൂർണ്ണമായി നശിച്ചുപോകാതെ രക്ഷപെട്ടു. ഈ ക്ഷേത്ര വളപ്പിൽ വെച്ചാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥരും തദ്ദേശീയരായ പ്രമാണിമാരും തമ്മിൽ പല കൂടിക്കാഴ്ചകളും നടന്നതും പല ഉടമ്പടികളും ഒപ്പുവെച്ചതും. [2] ടിപ്പുവിന്റെ സൈന്യങ്ങൾ പീരങ്കി വേദികൾ പൊട്ടിച്ച് ഗോപുരവും ക്ഷേത്രമതിലും തകർത്തു ഉള്ളോട്ട്‌ നീങ്ങിയപ്പോൾ ക്ഷേത്രത്തിലും ക്ഷേത്ര പറമ്പിലും അഭയം തേടിയിരുന്നവർ ഭയപ്പെട്ട് തിരുവങ്ങാട് പെരുമാളെ ശരണം വിളി തുടങ്ങി തത്സമയം ഒരാൾ കുതിരപ്പുറത്തു കയറി കിഴക്കോട്ട് പോകുകയും ക്ഷേത്രത്തെ ഉന്നം വെച്ച് വരുന്ന ടിപ്പുവിന്റെ സേന കലഹിച്ചു ഭയങ്കരമായി അന്യോന്യം യുദ്ധം ചെയ്തു നശിക്കുകയും ചെയ്തു എന്നും പറയപ്പെടുന്നു. ഈ യുദ്ധ സ്ഥലത്തിനു പെരുമ്പോർക്കുളം എന്നത് ചുരുങ്ങി പെരുങ്കുളം എന്ന് പറയുന്നു. ഉത്സവകാലത്ത് പെരുമാളുടെ പള്ളിവേട്ട പെരുങ്കുളത്തുവച്ചാണ്.

ഈ ക്ഷേത്രത്തിൽ പല താളിയോല ഗ്രന്ഥങ്ങളും സൂക്ഷിച്ചിരിക്കുന്നു. പല മനോഹരമായ ശില്പങ്ങളും ഈ ക്ഷേത്രത്തിൽ ഉണ്ട്.

ക്ഷേത്ര പ്രവേശനവും ഗാന്ധിജിയും

[തിരുത്തുക]

ഗാന്ധിജിയുടെ തലശേരി സന്ദർശനകാലത്തുതന്നെ ദേശീയവാദികൾ തിരുവങ്ങാട് ക്ഷേത്രപ്രവേശന വിഷയം ശ്രദ്ധയിൽപെടുത്തിയിരുന്നു. ഹരിജനോദ്ധാരണത്തിന് ഫണ്ട് ശേഖരിക്കാൻ 1934 ജനുവരി 12ന് രാത്രിയാണ് ഗാന്ധിജി തലശ്ശേരിയിലെത്തിയത്. തിരുവങ്ങാട്ടെ ഇടവലത്ത്‌വീട്ടിൽ താമസിക്കുമ്പോൾ ദേവസ്വം ട്രസ്റ്റി കല്യാട്ട് ചാത്തുക്കുട്ടി നമ്പ്യാരുമായി ക്ഷേത്രപ്രവേശനകാര്യം ഗാന്ധിജി സംസാരിച്ചെങ്കിലും ഫലം കണ്ടില്ല.

സവർണ പൗരോഹിത്യത്തെ ചോദ്യംചെയ്‌ത് കമ്യൂണിസ്റ്റ് നേതാവ‌് സി.എച്ച്. കണാരൻ രംഗത്തെത്തി. തിരുവങ്ങാട് ക്ഷേത്രത്തിലേക്ക് അയിത്ത ജാതിക്കാരുമായി സി എച്ചിന്റെ നേതൃത്വത്തിൽ നടത്തിയ ജാഥ നടത്തി. ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളിച്ച് പിന്നോക്കജാതിക്കാർ തിരുവങ്ങാട് അമ്പലത്തിൽകയറി പ്രാർത്ഥിച്ചതോടെ നൂറ്റാണ്ടുകളായി നിലനിന്ന അനാചാരത്തിന് അന്ത്യംകുറിച്ചു. [3]

ക്ഷേത്ര രൂപകല്പന

[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും

[തിരുത്തുക]

ക്ഷേത്രപരിസരം

[തിരുത്തുക]

തിരുവങ്ങാട് ദേശത്തിന്റെ ഒത്തനടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ദർശനം. ക്ഷേത്രത്തിന്റെ മുന്നിലായി അതിവിശാലമായ കുളമുണ്ട്. 'തിരുവങ്ങാട് ചിറ' എന്നറിയപ്പെടുന്ന ഈ കുളം കേരളത്തിലെ ഏറ്റവും വലുതും മനോഹരവുമായ ക്ഷേത്രക്കുളങ്ങളിലൊന്നാണ്. ആറേക്കറോളം വിസ്തീർണ്ണം ഈ കുളത്തിനുണ്ട്. ക്ഷേത്രത്തിൽ വരുന്ന ഭക്തർ ഇവിടെ കുളിച്ചാണ് ക്ഷേത്രദർശനം നടത്തുന്നത്. ഉത്സവാവസാനം ഭഗവാന്റെ ആറാട്ട് നടക്കുന്നതും ഈ കുളത്തിലാണ്. പ്രദേശത്തുള്ളവർ നീന്തൽ പഠിയ്ക്കുന്നതിനായി ഈ കുളം ഉപയോഗിയ്ക്കാറുണ്ട്. കേരളത്തിൽ ഏറ്റവും നന്നായി പാലിച്ചുപോരുന്ന കുളങ്ങളിലൊന്നാണിത്. ഇവിടെ എണ്ണ, സോപ്പ് മുതലയാവ തേച്ചുകുളിയ്ക്കുന്നതും, ഉച്ചയ്ക്കും രാത്രിയും ഇറങ്ങുന്നതും നിരോധിച്ചിരിയ്ക്കുന്നു.

കുളത്തിൽ നിന്ന് ഏകദേശം മുപ്പത് കൽപ്പടികൾ കയറിയാൽ കിഴക്കേ ഗോപുരത്തിലെത്താം. ടിപ്പുവിന്റെ പടയോട്ടത്തിൽ ഭാഗികമായി തകർന്നുപോയ ഗോപുരമാണിത്. എങ്കിലും, ഇതുവരെ ഇത് പുതുക്കിപ്പണിതിട്ടില്ല. ഗോപുരത്തിന്റെ തെക്കുഭാഗത്ത് ചെറിയൊരു ഗണപതിക്ഷേത്രമുണ്ട്. ഇവിടെ സാധാരണ രൂപത്തിലുള്ള ഗണപതിയാണുള്ളത്. സർവ്വവിഘ്നവിനാശകനായ ഗണപതിഭഗവാനെ തൊഴുതശേഷമാണ് ഭക്തർ ശ്രീരാമനെ തൊഴാൻ പോകുന്നത്. ഓടുമേഞ്ഞ ചെറിയ ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗണപതിഭഗവാൻ കുടികൊള്ളുന്നു. അടുത്തായി വേറെയും ചില പടികൾ കാണാം. ഇത് തെക്കുഭാഗത്തുനിന്ന് വരുന്നവർക്കാണ്. ക്ഷേത്രം ദേവസ്വം ഓഫീസും ഈ ഭാഗത്തുതന്നെയാണ്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ഒരു 'എ' ഗ്രേഡ് ദേവസ്വമാണ് തിരുവങ്ങാട് ദേവസ്വം. ക്ഷേത്രത്തിന് ഇരുവശവുമായി നിരവധി മരങ്ങളും ചെടികളും നിൽക്കുന്നത് കാണാം. ഇവ നന്നായി നോക്കിപ്പോരുന്നുണ്ട്.

മതിലകം

[തിരുത്തുക]

കിഴക്കേ ഗോപുരം കടന്നാൽ ആദ്യമെത്തുന്നത് വലിയ ആനക്കൊട്ടിലിലാണ്. സാമാന്യത്തിലധികം വലിപ്പമുള്ള ഈ ആനക്കൊട്ടിൽ, വടക്കൻ കേരളത്തിലെ ഏറ്റവും വലിയ ആനക്കൊട്ടിലുകളിലൊന്നാണ്. ഏകദേശം ആറ് ആനകളെ ഒന്നിച്ച് എഴുന്നള്ളിയ്ക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ആനക്കൊട്ടിലിനപ്പുറം ദീപസ്തംഭം. അതിനുമപ്പുറം മറ്റൊരു പ്രവേശനകവാടം കാണാം. സാധാരണയായി കേരളീയക്ഷേത്രങ്ങളിലൊന്നും ഇങ്ങനെയുണ്ടാകാറില്ല. ഇരട്ടമതിലകമുള്ള ഏക ക്ഷേത്രമാണ് തിരുവങ്ങാട്. രണ്ടാം മതിലകത്തേയ്ക്കുള്ള പ്രവേശനകവാടത്തിന് മുകളിലായി ശ്രീരാമപട്ടാഭിഷേകത്തിന്റെ രൂപം ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഏകദേശം പത്തേക്കർ വിസ്തീർണ്ണം വരുന്ന അതിവിശാലമായ മതിലകമാണ് തിരുവങ്ങാട് ക്ഷേത്രത്തിന്. ഈ മതിലകത്ത് നിരവധി മരങ്ങൾ തഴച്ചുവളരുന്നുണ്ട്. മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഇരട്ട മതിലകമാണുള്ളത്. അതായത് പുറത്തുകൂടി വിശാലമായ ഒരു പ്രദക്ഷിണവഴിയും അകത്ത് മറ്റൊരു വഴിയും കാണാം. അകത്തെ വഴിയിൽ ഷർട്ട്, ബനിയൻ, ലുങ്കി മുതലായവ ധരിച്ചുകൊണ്ട് പ്രവേശിയ്ക്കുന്നത് നിരോധിച്ചിരിയ്ക്കുന്നു. അകത്തെ പ്രദക്ഷിണവഴിയിലേയ്ക്ക് കടന്നാൽ ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ഉത്തുംഗമായ ചെമ്പുകൊടിമരമാണ് ശ്രദ്ധയിൽ പെടുന്നത്. ഏറെ കാലപ്പഴക്കമുള്ള ഈ കൊടിമരം, ഇന്ന് തിളക്കം നഷ്ടപ്പെട്ട നിലയിലാണ് കാണപ്പെടുന്നത്. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുര. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. ശീവേലിയ്ക്ക് അവസാനം ഇവിടെയാണ് ബലിതൂകുന്നത്. ബലിക്കല്ലിന് നല്ല വലുപ്പമുള്ളതിനാൽ പുറത്തുനിന്നുനോക്കിയാൽ വിഗ്രഹം കാണാൻ സാധിയ്ക്കില്ല. തെക്കുകിഴക്കുഭാഗത്താണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായി അനന്തൻ വാഴുന്ന ഈ സന്നിധിയിൽ കൂടെ നാഗയക്ഷിയും ചിത്രകൂടവുമുണ്ട്. പടിഞ്ഞാറോട്ട് ദർശനം നൽകിയാണ് ഇവരുടെ പ്രതിഷ്ഠ. ക്ഷേത്രത്തിന്റെ തെക്കേ നടയിൽ എടുത്തുപറയത്തക്ക കാഴ്ചകളൊന്നുമില്ല. വടക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം ശ്രീകോവിലിൽ മഹാവിഷ്ണുവിന്റെ പ്രതിഷ്ഠ കാണാം. ചതുർബാഹുവായ മഹാവിഷ്ണു തന്നെയാണ് ഇവിടെയും പ്രതിഷ്ഠയെങ്കിലും ശ്രീകൃഷ്ണനായാണ് ഈ പ്രതിഷ്ഠയെ കണ്ടുവരുന്നത്. കിഴക്കോട്ടാണ് ദർശനം. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹത്തിന്റെ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖും മുന്നിലെ ഇടതുകയ്യിൽ കൗമോദകി എന്ന ഗദയും മുന്നിലെ വലതുകയ്യിൽ കാണാം. പാൽപ്പായസം, വെണ്ണ, ചന്ദനം ചാർത്തൽ, തുളസിമാല തുടങ്ങിയവയാണ് ഇവിടെ പ്രധാന വഴിപാടുകൾ. അഷ്ടമിരോഹിണിയും വിഷുവുമാണ് പ്രധാന ആണ്ടുവിശേഷങ്ങൾ.

വടക്കേ നടയിൽ ക്ഷേത്രമതിലത്തുതന്നെയായി പരസ്പരാഭിമുഖമായി രണ്ട് ശിവക്ഷേത്രങ്ങൾ കാണാം. ഒന്ന് വടക്കേടം എന്നും മറ്റേത് കിഴക്കേടം എന്നും അറിയപ്പെടുന്നു. വൈഷ്ണവമൂർത്തിയായ തിരുവങ്ങാട്ട് പെരുമാളുടെ ക്ഷേത്രത്തിനടുത്തുള്ള ഈ രണ്ട് ശിവസന്നിധികൾ ശൈവ-വൈഷ്ണവ ഐക്യത്തിന്റെ പ്രതീകമായി നിലനിൽക്കുന്നു. ഐതിഹ്യമനുസരിച്ച് ആദ്യത്തെ ശിവക്ഷേത്രത്തിന് തിരുവങ്ങാട് ക്ഷേത്രത്തെക്കാൾ പഴക്കമുണ്ട്. അഗസ്ത്യമഹർഷിയുടെ ശിഷ്യനായ ശ്വേതമഹർഷിയാണ് ഇവിടെ പ്രതിഷ്ഠ നടത്തിയതെന്ന് വിശ്വാസമുണ്ട്. കിഴക്കോട്ട് ദർശനം നൽകുന്ന ഇവിടെയുള്ള ശിവന്റെ രൗദ്രഭാവം മൂലം കിഴക്കുള്ള കോടിയേരി പോലുള്ള സ്ഥലങ്ങളിൽ തുടർച്ചയായി അഗ്നിബാധയുണ്ടായെന്നും അത് തടുക്കാനാണ് മറ്റൊരു ശിവക്ഷേത്രം പണിത് അവിടെ പ്രതിഷ്ഠ നടത്തിയതെന്നും ഐതിഹ്യങ്ങളുണ്ട്. സംഗതി എന്തായാലും ഇരു ശിവക്ഷേത്രങ്ങളിലും ദർശനം നടത്തിയാലേ തിരുവങ്ങാട്ട് ദർശനം പൂർത്തിയാകൂ. ശിവരാത്രിയാണ് ഇരുക്ഷേത്രങ്ങളിലും പ്രധാന ആണ്ടുവിശേഷം.

ശ്രീകോവിൽ

[തിരുത്തുക]

ദീർഘചതുരാകൃതിയിൽ തീർത്ത ഇരുനില ശ്രീകോവിലാണ് ഈ ക്ഷേത്രത്തിലുള്ളത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിലിന്റെ ഇരുനിലകളും ചെമ്പുമേഞ്ഞിട്ടുണ്ട്. ഇതിന് മുകളിൽ സ്വർണ്ണത്താഴികക്കുടങ്ങൾ ശോഭിച്ചുനിൽക്കുന്നു. ലോഗന്റെ കാലത്ത് അത് പിച്ചളയിലാകണം നിർമ്മിച്ചിട്ടുണ്ടാകുക. അതാകണം അദ്ദേഹം 'പിച്ചള പഗോഡ' എന്ന പേര് ക്ഷേത്രത്തിന് നൽകാനും കാരണം. ശ്രീകോവിലിനകത്തേയ്ക്ക് കടക്കാൻ ഇവിടെ നാല് സോപാനപ്പടികളുണ്ട്. ഇവ നിലവിൽ പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശിവച്ചിരിയ്ക്കുന്നു. ഇതിന്റെ വാതിലുകളും പൂർണ്ണമായും സ്വർണ്ണം പൂശിവച്ചിരിയ്ക്കുന്നു. അകത്ത് മൂന്നുമുറികളാണ് ഇവിടെയുള്ളത്. ഇവയിൽ ആദ്യത്തെ മുറി, ശ്രീകോവിലിൽ പ്രവേശനാർഹതയുള്ള മൂത്തത് അടക്കമുള്ള പരിചാരകർക്കാണ്. രണ്ടാമത്തെ മുറി, ഒരു ഇടനാഴിയാണ്. മൂന്നാമത്തെ മുറിയാണ്, വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഏകദേശം ആറടി ഉയരം വരുന്ന ചതുർബാഹുവായ മഹാവിഷ്ണുവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായി ശ്രീരാമസ്വാമി വാഴുന്നു. രാക്ഷസസഹോദരന്മാരായ ഖര-ദൂഷണ-ത്രിശ്ശിരസ്സുക്കളെയും അവരുടെ മൂവായിരത്തിലധികം വരുന്ന പടയെയും വധിച്ചശേഷം അത്യുഗ്രഭാവത്തിൽ നിൽക്കുന്ന ശ്രീരാമനായാണ് സങ്കല്പം. ചതുർബാഹുവായ ഭഗവാന്റെ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖും മുന്നിലെ ഇടതുകയ്യിൽ കൗമോദകി എന്ന ഗദയും ധരിച്ചിട്ടുണ്ട്. മുന്നിലെ വലതുകൈ ഉപയോഗിച്ച് ഭഗവാൻ, ഭക്തരെ അനുഗ്രഹിയ്ക്കുന്നു. തിരുവങ്ങാട്ട് പെരുമാൾ എന്നാണ് ചക്രവർത്തിസ്വരൂപനായ ഇവിടത്തെ ശ്രീരാമസ്വാമി അറിയപ്പെടുന്നത്. ഐമ്പെരുമാൾമാർ എന്നറിയപ്പെടുന്ന കണ്ണൂർ ഭാഗത്തെ അഞ്ച് പെരുമാക്കന്മാരിൽ ഒരാളാണ് തിരുവങ്ങാട്ട് പെരുമാൾ. കൊട്ടിയൂർ, തളിപ്പറമ്പ്, തൃച്ചംബരം, പയ്യന്നൂർ എന്നീ സ്ഥലങ്ങളിലാണ് മറ്റുള്ള നാല് പെരുമാക്കന്മാർ കുടികൊള്ളുന്നത്. ഇവർ ഭരിയ്ക്കുന്ന ഭാഗങ്ങളെല്ലാം കൂടി ഐമ്പെരുമാളിടം എന്നറിയപ്പെടുന്നു. ക്ഷേത്രങ്ങൾ നാടുഭരിച്ചിരുന്ന ഒരു കാലത്ത് കോലത്തുനാടിന്റെയും കോട്ടയം രാജവംശത്തിന്റെയും നാല് അതിർത്തികൾ കാത്തിരുന്ന പെരുമാക്കന്മാരായിരുന്നു ഇവർ എന്നും പറയപ്പെടുന്നു. അലങ്കാരസമയത്ത് ചെത്തി, മന്ദാരം, തുളസി, താമര തുടങ്ങിയ പൂക്കൾ കൊണ്ടുള്ള വലിയ മാലകളും സ്വർണ്ണ-രത്നാഭരണങ്ങളും ചാർത്തിനിൽക്കുന്ന വിഗ്രഹത്തിന്റെ ഭംഗി അവർണ്ണനീയമാണ്. അങ്ങനെ, വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് തിരുവങ്ങാട്ട് പെരുമാൾ ശ്രീലകത്ത് വാഴുന്നു.

ശ്രീകോവിൽ, അതിമനോഹരമായ നിരവധി ചുവർച്ചിത്രങ്ങളും ദാരുശില്പങ്ങളും കൊണ്ട് അലംകൃതമാക്കിയിട്ടുണ്ട്. രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങളിൽ നിന്നുള്ള നിരവധി രംഗങ്ങൾ ഇവിടെ ചിത്ര-ശില്പരൂപങ്ങളിൽ പുനർജനിച്ചിട്ടുണ്ട്. കൂടാതെ, വിവിധ കാലത്തെ മനുഷ്യരുടെ ജീവിതരീതികളും, ഭൂതമാല, പക്ഷിമാല, മൃഗമാല തുടങ്ങിയ രൂപങ്ങളും ഇവിടെ കാണാവുന്നതാണ്. ശ്രീകോവിലിന്റെ മേൽക്കൂരയിൽ കിഴക്കുഭാഗത്ത് ബ്രഹ്മാവിന്റെയും തെക്കുഭാഗത്ത് ദക്ഷിണാമൂർത്തിയുടെയും പടിഞ്ഞാറുഭാഗത്ത് നരസിംഹമൂർത്തിയുടെയും വടക്കുഭാഗത്ത് ഇന്ദ്രന്റെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ഇവ അതാത് ദിക്കുകളെ പ്രതിനിധീകരിയ്ക്കുന്നു. ഇതേ ശ്രീകോവിലിൽ, തെക്കുഭാഗത്തെ ഇടനാഴിയിലാണ് ശിവസ്വരൂപമായ ദക്ഷിണാമൂർത്തിയുടെയും ഗണപതിയുടെയും പ്രതിഷ്ഠകളുള്ളത്. സാധാരണയായി ശിവക്ഷേത്രങ്ങളിൽ വരാറുള്ള ദക്ഷിണാമൂർത്തിപ്രതിഷ്ഠ, ഒരു വൈഷ്ണവദേവാലയത്തിൽ വരുന്നത് അത്യപൂർവ്വമാണ്. ഏകദേശം മൂന്നടി ഉയരം വരുന്ന ഒരു ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠ. ഗണപതിവിഗ്രഹത്തിനും ഏകദേശം ഇതേ ഉയരമാണ്. ചതുർബാഹുവായ ഭഗവാന്റെ പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയറും മുന്നിലെ ഇടതുകയ്യിൽ മോദകവും കാണാം. മുന്നിലെ വലതുകൈ അഭയമുദ്രാങ്കിതമാണ്. ക്ഷേത്രത്തിൽ ഗണപതിപ്രീതിയ്ക്കായി നിത്യേന ഗണപതിഹോമം നടത്താറുണ്ട്.

നാലമ്പലം

[തിരുത്തുക]

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അതിവിശാലമായ നാലമ്പലമാണ് ഇവിടെയുള്ളത്. കരിങ്കല്ലിൽ തീർത്ത നാലമ്പലത്തിന്റെ മേൽക്കൂര പൂർണ്ണമായും ഓടുമേഞ്ഞിരിയ്ക്കുന്നു. ഇതിന് പ്രത്യേകമായി ഒരു തറ കൂടി പണിതിട്ടുണ്ടെന്നത് ശ്രദ്ധേയമായ കാഴ്ചയാണ്. കിഴക്കുനിന്ന് നാലമ്പലത്തിനകത്തേയ്ക്കുള്ള പ്രവേശനകവാടത്തിന് ഇരുവശവുമായി വിളക്കുമാടങ്ങൾ പണിതിട്ടുണ്ട്. ഇവയിൽ തെക്കുഭാഗത്തെ വാതിൽമാടത്തിൽ വച്ചാണ് നിത്യേനയുള്ള ഗണപതിഹോമം അടക്കമുള്ള ഹോമങ്ങൾ നടക്കുന്നത്. വടക്കേ വാതിൽമാടത്തിൽ നാമജപവും വാദ്യമേളങ്ങളും നടക്കുന്നു. നാലമ്പലം പോലെ അതിവിശാലമാണ് ഇവിടെയുള്ള രണ്ട് വാതിൽമാടങ്ങളും. ഇതിൽ വടക്കേ വാതിൽമാടത്തിൽ ഒരുഭാഗത്ത് നിരവധി ദേവതകളുടെ ചിത്രങ്ങൾ കാണാവുന്നതാണ്. ഇതിന് മുന്നിലാണ് നാമജപവും നവരാത്രിക്കാലത്ത് വിദ്യാരംഭവും കർക്കടകത്തിൽ രാമായണപാരായണവും നടക്കുന്നത്. മറുഭാഗത്ത് പൂജാസമയമൊഴികെയുള്ളപ്പോൾ ചെണ്ട, മദ്ദളം, തിമില, ഇടയ്ക്ക, ചേങ്ങില, ഇലത്താളം തുടങ്ങിയ വാദ്യങ്ങൾ തൂക്കിയിട്ടിരിയ്ക്കുന്നത് കാണാം.

നമസ്കാരമണ്ഡപം

[തിരുത്തുക]

ശ്രീകോവിലിന് നേരെമുന്നിൽ അതിവിശാലമായ നമസ്കാരമണ്ഡപവും കാണാം. ദീർഘചതുരാകൃതിയിൽ നിർമ്മിച്ച ഇവിടെയുള്ള നമസ്കാരമണ്ഡപം, അതിമനോഹരമായ ദാരുശില്പങ്ങൾ കൊണ്ട് അലംകൃതമാണ്. രാമായണം, മഹാഭാരതം, ശ്രീമദ്ഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങളിൽ നിന്നുള്ള നിരവധി കഥകൾ ഇവിടെ ശില്പങ്ങളായി പുനർജനിച്ചിട്ടുണ്ട്. ഈ മണ്ഡപത്തിന്റെ വടക്കുകിഴക്കേ മൂലയിൽ മരം കൊണ്ടുതീർത്ത ഒരു കൂട്ടിലാണ് ശ്രീപോർക്കലീദേവിയെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. കണ്ണൂർ ജില്ലയുടെ കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന, അടുത്തകാലത്ത് ലോകപ്രസിദ്ധി നേടിയമുഴക്കുന്ന് മൃദംഗശൈലേശ്വരീക്ഷേത്രത്തിലെ പ്രതിഷ്ഠയാണിത്. ഒരു വാൽക്കണ്ണാടിയുടെ രൂപത്തിലാണ് ദേവിയെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. ദേവിയ്ക്ക് നനച്ച അരി നേദിയ്ക്കുന്നതാണ് പ്രധാന വഴിപാട്. ഇത് അരിത്ലാവൽ എന്ന പേരിൽ അറിയപ്പെടുന്നു. ഇതുകൂടാതെ തെക്കുകിഴക്കേമൂലയിൽ അതേപോലെയുള്ള കൂട്ടത്തിൽ ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠയും കാണാം. ഭക്തഹനുമാന്റെ രൂപത്തിലുള്ള വളരെ ചെറിയൊരു വിഗ്രഹമാണിവിടെ. അരയടിയേ ഉയരം വരൂ. ഇരുകൈകളും കൂപ്പിനിൽക്കുന്ന ഹനുമാൻ, കൂപ്പുകൈകൾക്കിടയിലൂടെ ഗദ പിടിച്ചിരിയ്ക്കുന്നു. വടമാല, വെറ്റിലമാല, അവിൽ നിവേദ്യം തുടങ്ങിയവയാണ് ഹനുമാന്റെ പ്രധാന വഴിപാടുകൾ.

തിടപ്പള്ളിയും തേവാരപ്പുരയും

[തിരുത്തുക]

തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്. നിത്യപൂജകൾക്കുള്ള നിവേദ്യം ഇവിടെയുണ്ടാക്കുന്നു. ഇതിന് സമീപം പ്രത്യേകം തീർത്ത ശ്രീകോവിലിൽ പടിഞ്ഞാറോട്ട് ദർശനമായി സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹം, ബാലസുബ്രഹ്മണ്യരൂപത്തിലാണ്. വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന ഭഗവാൻ, ഇടതുകൈ അരയിൽ കുത്തിനിൽക്കുന്നു. വലത്തെ ചുമലിലാണ് ആയുധമായ വേൽ കാണുന്നത്. പാലഭിഷേകം, പഞ്ചാമൃതം, നാരങ്ങാമാല തുടങ്ങിയവയാണ് സുബ്രഹ്മണ്യന്നുള്ള പ്രധാന വഴിപാടുകൾ. എല്ലാ മാസവും വെളുത്തപക്ഷത്തിലെ ഷഷ്ഠി ഇവിടെ അതിവിശേഷമാണ്. തെക്കുപടിഞ്ഞാറുഭാഗത്ത് മേൽക്കൂരയില്ലാത്ത ഒരു ശ്രീകോവിലിൽ ധർമ്മശാസ്താവിന്റെ പ്രതിഷ്ഠയും കാണാം. പൂർണ്ണ, പുഷ്കല എന്നീ പത്നിമാർക്കൊപ്പമുള്ള ഗൃഹസ്ഥനായ ശാസ്താവിനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. ശിവലിംഗതുല്യമായ മൂന്ന് രൂപങ്ങളാണ് മൂവരെയും പ്രതിനിധീകരിയ്ക്കുന്നത്. ഏകദേശം രണ്ടടി ഉയരം കാണും. മേൽക്കൂരയില്ലാത്ത ശ്രീകോവിലായതിനാൽ ഭഗവാനെ വനശാസ്താവായും സങ്കല്പിയ്ക്കുന്നു. ഇവിടെ വച്ചാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം.

വടക്കുഭാഗത്ത് നെടുനീളത്തിൽ ഒരു ഭജനപ്പുര കാണാം. നാലമ്പലത്തിനകത്ത് ഇത്തരത്തിൽ ഒരു ഭാഗം അത്യപൂർവ്വമാണ്. ഇതിന്റെ ഒരു ഭാഗത്ത് രാമായണകഥകൾ ചുവർചിത്രരൂപത്തിൽ വരച്ചുചേർത്തിട്ടുണ്ട്. അതിമനോഹരമായ ചിത്രങ്ങളാണ് ഇവിടെയുള്ളത്. രാവണൻ അടക്കമുള്ള രാക്ഷസന്മാരുടെ ഉപദ്രവവിവരങ്ങൾ ദേവന്മാർ മഹാവിഷ്ണുവിനെ അറിയിയ്ക്കുന്നതുമുതൽ ശ്രീരാമന്റെ വൈകുണ്ഠാരോഹണം വരെ ഇവിടെ കാണാവുന്നതാണ്. ഈ ഭജനപ്പുരയുടെ പടിഞ്ഞാറേ അറ്റത്ത് നിരവധി തേവാരമൂർത്തികളുടെ പ്രതിഷ്ഠകൾ കാണാം. മുമ്പ് ഇവിടെയുണ്ടായിരുന്ന ഭജനമഠത്തിൽ സൂക്ഷിച്ചിരുന്ന ഈ മൂർത്തികളെ പിന്നീട് ഇങ്ങോട്ട് മാറ്റിയതാണെന്നാണ് കഥ. ഇവർക്ക് നിത്യേന വിശേഷാൽ പൂജകൾ നടത്തിപ്പോരുന്നുണ്ട്. വടക്കുകിഴക്കേമൂലയിൽ ക്ഷേത്രക്കിണർ പണിതിട്ടുണ്ട്. അഭിഷേകത്തിനുള്ള ജലം ഇവിടെ നിന്നാണ് എടുക്കുന്നത്.

അകത്തെ ബലിവട്ടം

[തിരുത്തുക]
പ്രധാന ലേഖനം: ബലിക്കല്ല്

ശ്രീകോവിലിന് ചുറ്റുമായി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിരൃതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ & ചന്ദ്രൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ - കിഴക്കുനിന്ന് ബ്രാഹ്മി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്ന ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം - കിഴക്കുഭാഗത്ത്), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം - പടിഞ്ഞാറുഭാഗത്ത്), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), സുബ്രഹ്മണ്യൻ (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), ദുർഗ്ഗ (വടക്കുപടിഞ്ഞാറിനും വടക്കിനുമിടയിൽ), നിർമ്മാല്യധാരി (വടക്കിനും വടക്കുകിഴക്കിനുമിടയിൽ ശിവലിംഗരൂപത്തിൽ - ഇവിടെ വിഷ്വക്സേനൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. വൈഷ്ണവദേവാലയമായതിനാൽ ഇവരെക്കൂടാതെ ഉത്തരമാതൃക്കൾ എന്നൊരു സങ്കല്പവും ഇവിടെയുണ്ട്. ഭാഗീശ്വരി, ക്രിയ, കീർത്തി, ലക്ഷ്മി, സൃഷ്ടി, വിദ്യ, ശാന്തി എന്നിവരാണ് ഉത്തരമാതൃക്കൾ. സപ്തമാതൃക്കൾ നിൽക്കുന്ന ദിക്കിന്റെ എതിർവശത്ത്, അതായത് വടക്കുവശത്ത് സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ഇവരെ ഉത്തരമാതൃക്കൾ എന്ന് വിളിയ്ക്കുന്നത്. സപ്തമാതൃക്കൾക്കൊപ്പം അംഗരക്ഷകരായി വീരഭദ്രനും ഗണപതിയുമുള്ളപോലെ ഇവർക്കൊപ്പം ശ്രീധരൻ, അശ്വമുഖൻ എന്നീ ദേവന്മാരുണ്ട്. ഇവരെ സാധാരണയായി ബലിക്കല്ലുകളുടെ രൂപത്തിൽ പ്രതിനിധീകരിയ്ക്കാറില്ല. എങ്കിലും ശീവേലിസമയത്ത് ഇവർക്കും ബലിതൂകും. ബലിക്കല്ലുകൾ ദേവന്റെ/ദേവിയുടെ വികാരഭേദങ്ങളാണെന്നാണ് വിശ്വാസം. തന്മൂലം അവയിൽ ചവിട്ടുന്നതും തൊട്ട് തലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു.

നിത്യപൂജകൾ

[തിരുത്തുക]

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്കുള്ള നിയമവെടിയോടെയും പിന്നീട് ഏഴുതവണയുള്ള ശംഖുവിളിയോടെയും തവിൽ, നാദസ്വരം, ഇടുതുടി, കുഴിത്താളം തുടങ്ങിയ വാദ്യങ്ങളുടെയും ഭഗവാനെ പള്ളിയുണർത്തിയശേഷം അഞ്ചുമണിയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. തലേന്ന് ചാർത്തിയ അലങ്കാരങ്ങളോടുകൂടി നിൽക്കുന്ന വിഗ്രഹം കണ്ട് ഭക്തർ നിർവൃതിയടയുന്നു. പിന്നീട് അഭിഷേകച്ചടങ്ങുകൾ തുടങ്ങുകയായി. ആദ്യം എള്ളെണ്ണ കൊണ്ടും, പിന്നീട് ശംഖിലെ തീർത്ഥം കൊണ്ടും, അതിനുശേഷം ഇഞ്ച കൊണ്ടും, അവസാനം സ്വർണ്ണക്കലശത്തിലെ ജലം കൊണ്ടും നടക്കുന്ന അഭിഷേകങ്ങൾക്കുശേഷം ആദ്യനിവേദ്യങ്ങളായി മലർ, ശർക്കര, കദളിപ്പഴം എന്നിവ നേദിയ്ക്കുന്നു. അതിനുശേഷമാണ് പുതിയ ആടയാഭരണങ്ങൾ കൊണ്ടും ചന്ദനം, കളഭം തുടങ്ങിയ ദ്രവ്യങ്ങൾ കൊണ്ടും പുഷ്പമാലകൾ കൊണ്ടും വിഗ്രഹം അലങ്കരിയ്ക്കുന്നത്. അപ്പോഴേയ്ക്കും സമയം ഏതാണ്ട് ആറുമണിയായിട്ടുണ്ടാകും. ഈ സമയത്ത് നടയടച്ച് ഉഷഃപൂജ നടത്തുന്നു.

ചിത്രങ്ങൾ

[തിരുത്തുക]

പുറത്തുനിന്നുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. വില്ല്യം ലോഗൻ, മലബാർ മാനുവൽ വോള്യം 1 പേജ് 39
  2. "കണ്ണൂർ എൻ.ഐ.സി. വെബ് വിലാസം". Archived from the original on 2007-02-26. Retrieved 2006-12-05.
  3. http://www.deshabhimani.com/sabarimala/news/view/50

കുറിപ്പുകൾ

[തിരുത്തുക]