തുറവൂർ മഹാക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുറവൂർ മഹാക്ഷേത്രം
തുറവൂർ മഹാക്ഷേത്രം
തുറവൂർ മഹാക്ഷേത്രം
തുറവൂർ മഹാക്ഷേത്രം is located in Kerala
തുറവൂർ മഹാക്ഷേത്രം
തുറവൂർ മഹാക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°46′4″N 76°19′1″E / 9.76778°N 76.31694°E / 9.76778; 76.31694
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:ആലപ്പുഴ
പ്രദേശം:ചേർത്തല
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::നരസിംഹമൂർത്തി, സുദർശനമൂർത്തി
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം, ദീപാവലി, നരസിംഹ ജയന്തി
ക്ഷേത്രങ്ങൾ:2
ചരിത്രം
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തുറവൂർ ഗ്രാമത്തിൽ ദേശീയപാത 66-ന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തുറവൂർ മഹാക്ഷേത്രം. മഹാവിഷ്ണുവിന്റെ അവതാരങ്ങളായ നരസിംഹമൂർത്തിയും സുദർശനമൂർത്തിയുമാണ് ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠകൾ. ഇരുമൂർത്തികളും ഒരേ നാലമ്പലത്തിന്റെ രണ്ടുഭാഗങ്ങളിലായി തുല്യപ്രാധാന്യത്തോടെ വാഴുന്നു. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ദുർഗ്ഗാദേവി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നിവർക്കും ക്ഷേത്രത്തിൽ പ്രതിഷ്ഠകളുണ്ട്. ഇവർക്കൊപ്പം ശിവന്റെ സങ്കല്പാരാധനയുമുണ്ട്. രണ്ടു കൊടിമരങ്ങളും രണ്ടു മേൽശാന്തിമാരുമുള്ള ക്ഷേത്രം കൂടിയാണിത്. തുലാമാസത്തിൽ ദീപാവലി നാളിൽ ആറാട്ട് വരത്തക്ക വിധത്തിൽ ഒമ്പതുദിവസത്തെ കൊടിയേറ്റുത്സവം, വൈശാഖമാസത്തിൽ നരസിംഹ ജയന്തി, ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, മേടമാസത്തിൽ വിഷു, പത്താമുദയം, മകരസംക്രാന്തി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ എല്ലാ വ്യാഴാഴ്ച ദിവസങ്ങൾ, ഏകാദശി തുടങ്ങിയ ദിവസങ്ങളും വിശേഷമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യം[തിരുത്തുക]

വാരണാസിയിലെ നരസിംഹഘട്ടിൽ നിന്ന് പുഴവഴി നരസിംഹത്തെ ഇവിടെ കൊണ്ടുവന്ന് ഭൂതനിലത്ത് ഇറക്കിയെന്നും അവിടെനിന്ന് ഈ ക്ഷേത്രസ്ഥാനത്ത് വന്നെത്തിയ നരസിംഹമൂർത്തി ഇവിടെ ദുർഗയായി സങ്കല്പിക്കപ്പെട്ടിരുന്ന സ്ഥാനത്ത് കയറിയിരുന്നു എന്നും ഒരു പുരാവൃത്തം പറയുന്നു. മറ്റൊരു ഐതിഹ്യം അനുസരിച്ച് ചേരമാൻ പെരുമാൾ ക്ഷേത്രം നിർമിച്ച് പെരുമന ഇല്ലത്തിന് കൈമാറി. പിന്നീട് ഇത് കൈനിക്കര, നെടുമ്പുറം, തേവലപ്പൊഴി, പള്ളിക്കീഴിൽ, നാറാണത്ത് എന്നീ ഇല്ലക്കാരുടെ കൈവശമായി. പിന്നീട് കൊച്ചി, തിരുവിതാംകൂർ രാജ്യങ്ങളുടെയും കൈവശമായി. ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്.

ചരിത്രം[തിരുത്തുക]

ക്ഷേത്ര രൂപകല്പന[തിരുത്തുക]

എറണാകുളം - ആലപ്പുഴ റൂട്ടിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം റോഡിൽനിന്ന് നോക്കിയാൽത്തന്നെ കാണാം. ക്ഷേത്രമതിൽക്കകത്തുകടന്നാൽ കിഴക്കുഭാഗത്ത് വലിയ ആനക്കൊട്ടിൽ കാണാൻ കഴിയും. ആനക്കൊട്ടിലിന് പുറത്ത് ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേന്തുന്ന രണ്ട് സ്വർണ്ണക്കൊടിമരങ്ങൾ ഇതിന് തൊട്ടുപുറകിലുണ്ട്.

ഈ ക്ഷേത്രത്തിന്റെ പ്രത്യേകത എന്തെന്നുവച്ചാൽ ഒരേ നാലമ്പലത്തിനകത്ത് തുല്യപ്രാധാന്യത്തോടെ രണ്ട് പ്രതിഷ്ഠകൾ കുടികൊള്ളുന്നു എന്നതാണ്. ഇവിടെ നാലമ്പലം രണ്ടായി ഭാഗിച്ചിരിയ്ക്കുന്നു. അതിൽ തെക്കുവശത്ത് സുദർശനമൂർത്തിയുടെയും വടക്കുവശത്ത് നരസിംഹമൂർത്തിയുടെയും ശ്രീകോവിലുകളാണ്. സുദർശനമൂർത്തിയുടെ പ്രതിഷ്ഠയ്ക്കാണ് പഴക്കം കൂടുതൽ. തെക്കുഭാഗത്തുള്ള രണ്ടുനില വട്ടശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠ. ഇവിടെ ശ്രീകോവിലിനകത്തെ മൂന്നാമത്തെ മുറിയാണ് വിഗ്രഹം പ്രതിഷ്ഠിച്ചിരിയ്ക്കുന്ന ഗർഭഗൃഹം. ആറടി ഉയരം വരുന്ന കൃഷ്ണശിലാനിർമ്മിതമായ ചതുർബാഹു വിഷ്ണുവിഗ്രഹത്തിലാണ് സുദർശനമൂർത്തിയുടെ ചൈതന്യം ആവാഹിച്ചിരിയ്ക്കുന്നത്. കേരളത്തിൽ ഇവിടെക്കൂടാതെ തിരുവല്ല ക്ഷേത്രത്തിൽ മാത്രമാണ് സുദർശനമൂർത്തി പ്രധാനപ്രതിഷ്ഠയായ ഒരു ക്ഷേത്രമുള്ളത്. ശ്രീകോവിലിനുമുന്നിൽ വലിയൊരു നമസ്കാരമണ്ഡപമുണ്ട്. ഒറ്റക്കല്ലിൽ തീർത്ത പതിനാറുകാലുകളാണ് ഈ മണ്ഡപത്തിന്. പതിനാറുകൈകളുള്ള രൂപമായാണ് സുദർശനമൂർത്തിയെ സാധാരണ ചിത്രീകരിയ്ക്കാറുള്ളത് (ഇവിടെ നാലുകൈകളേയുള്ളൂ). ആ പതിനാറുകൈകളെ പ്രതിനിധികരിയ്ക്കുന്നതാണ് മണ്ഡപത്തിന്റെ പതിനാറുകാലുകൾ.

നരസിംഹമൂർത്തിയുടെ പ്രതിഷ്ഠ ഏകദേശം ഏഴാം നൂറ്റാണ്ടിലുണ്ടായതാണ്. വടക്കുഭാഗത്തുള്ള രണ്ടുനില ചതുരശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠ. ഇവിടെ ശ്രീകോവിലിനകത്തെ രണ്ടാമത്തെ മുറിയാണ് വിഗ്രഹം പ്രതിഷ്ഠിച്ചിരിയ്ക്കുന്ന ഗർഭഗൃഹം. ആറടി ഉയരം വരുന്ന അഞ്ജനശിലാനിർമ്മിതമായ ചതുർബാഹു വിഷ്ണുവിഗ്രഹത്തിലാണ് നരസിംഹമൂർത്തിയുടെ ചൈതന്യം ആവാഹിച്ചിരിയ്ക്കുന്നത്. ശങ്കരാചാര്യരുടെ ശിഷ്യനായിരുന്ന പദ്മപാദർ കാശിയിൽ പൂജിച്ചിരുന്ന വിഗ്രഹമാണത്രേ ഇത്. പിന്നീട് ശങ്കരാചാര്യരുടെ ഒരു പിന്മുറക്കാരൻ കേരളത്തിലെത്തിച്ച് ഇന്നത്തെ സ്ഥാനത്ത് പ്രതിഷ്ഠിയ്ക്കുകയായിരുന്നു. ഈ ശ്രീകോവിലിനുമുമ്പിലും വലിയൊരു നമസ്കാരമണ്ഡപമുണ്ട്. എന്നാൽ ഇതിന് എട്ടുകാലുകളേയൂള്ളൂ.

രണ്ട് ശ്രീകോവിലുകളും ചുവർച്ചിത്രങ്ങളാലും ദാരുശില്പങ്ങളാലും അലംകൃതമാണ്. സുദർശനമൂർത്തിയുടെ ശ്രീകോവിലിനുചുറ്റുമുള്ള ദാരുശില്പങ്ങളിൽ ഗണപതിയെ പാലൂട്ടുന്ന പാർവ്വതി, നന്ദിയുടെ പുറത്തുള്ള ശിവൻ തുടങ്ങിയ അപൂർവ്വരൂപങ്ങൾ ഉൾപ്പെടുന്നു. കൂടാതെ ദേവതകളുടെ ചെറുരൂപങ്ങളെ കാണിയ്ക്കുന്ന ചുവർച്ചിത്രങ്ങളുമുണ്ട്. നരസിംഹമൂർത്തിയുടെ ശ്രീകോവിലിനുചുറ്റും കൃത്യമായ ദൂരം പാലിച്ച് ഒരുപാട് ആനകളുടെ രൂപങ്ങൾ കൊത്തിവച്ചിരിയ്ക്കുന്നു. ഇവയിൽ രണ്ടെണ്ണമൊഴികെ ബാക്കിയെല്ലാം തുമ്പിക്കൈ ഉയർത്തിപ്പിടിച്ചിരിയ്ക്കുന്നു. കൂടാതെ അനന്തശായിയായ മഹാവിഷ്ണു, നടരാജമൂർത്തി, ഉഗ്രനരസിംഹമൂർത്തി, ശ്രീകൃഷ്ണൻ തുടങ്ങിയവരുടെ ചുവർച്ചിത്രങ്ങളുമുണ്ട്. രണ്ട് ശ്രീകോവിലുകളിലും നിവേദ്യത്തിന് ഒരേ തിടപ്പള്ളിയാണ്. അത് സുദർശനമൂർത്തിയുടെ ശ്രീകോവിലിന് തെക്കുകിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. കൂടാതെ അഭിഷേകത്തിനും നിവേദ്യത്തിനുമുപയോഗിയ്ക്കുന്ന കിണറും ഒന്നുതന്നെ. അത് സുദർശനമൂർത്തിയുടെ ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു

കിഴക്കുഭാഗത്ത് ക്ഷേത്രത്തിനും റോഡിനും ഇടയ്ക്ക് ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. നരസിംഹമൂർത്തിയുടെയും സുദർശനമൂർത്തിയുടെയും രൗദ്രഭാവം കുറയ്ക്കുന്നതിനാണത്രേ നടയ്ക്കുമുന്നിൽ കുളം. ശാന്തിക്കാരും ഭക്തരും ക്ഷേത്രദർശനത്തിനുമുമ്പ് കുളിയ്ക്കുന്നതും ഉത്സവത്തിന്റെ അവസാനം ആറാട്ട് നടത്തുന്നതും ഈ കുളത്തിലാണ്. കൂടാതെ ഈ കുളത്തിലെ ജലവും അഭിഷേകത്തിനെടുക്കാറുണ്ട്. നിർഭാഗ്യവശാൽ കുറച്ചുകാലം മുമ്പ് ഈ കുളം പായൽ നിറഞ്ഞ് വൃത്തികേടായ നിലയിൽ കണ്ടിരുന്നു. പിന്നീട് നാട്ടുകാരുടെ സഹായസഹകരണങ്ങളോടെ കുളം വൃത്തിയാക്കി, ഭക്തജനങ്ങൾക്ക് തുറന്നുകൊടുത്തു.

ക്ഷേത്രത്തിൽ ഉപദേവതകളായി നാലമ്പലത്തിനകത്ത് കന്നിമൂലയിൽ ഗണപതിയും പുറത്ത് അയ്യപ്പനും നാഗദൈവങ്ങളും ദുർഗ്ഗയും ബ്രഹ്മരക്ഷസ്സും യക്ഷിയും കുടിയിരുത്തപ്പെട്ടിരിയ്ക്കുന്നു. ഇവരെല്ലാം കിഴക്കോട്ട് ദർശനമായാണ് കുടിയിരുത്തപ്പെട്ടിരിയ്ക്കുന്നത്. പ്രത്യേകം ഒരു രൂപവും കൊത്തിയിട്ടില്ലാത്ത് ഒരു ശിലാഘണ്ഡമാണ് ദുർഗ്ഗാപ്രതിഷ്ഠ.

നിത്യ അന്നദാനം[തിരുത്തുക]

ഈ ക്ഷേത്രത്തിൽ എത്തിച്ചേരുന്ന മുഴുവൻ ഭക്തജനങ്ങൾക്കും 2010 നവംബർ 17 മുതൽ അന്നദാനം പ്രസാദമായി നൽകുന്നു. തുറവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഴുവൻ രോഗികൾക്കും നിത്യ അന്നദാനം നൽകിയതിനു ശേഷമാണ് പ്രസാദമൂട്ട് നടത്തുന്നത്. വ്യാഴം, ഞായർ ദിവസങ്ങളിൽ 1000 പേർക്കും അല്ലാത്ത ദിവസങ്ങളിൽ ഏകദേശം 500 പേർക്കും അന്നദാനം നടക്കുന്നു. ആണ്ടുപിറപ്പായ ചിങ്ങമാസം ഒന്നാം തീയതി രാവിലെ മുതൽ മലർ, കദളിപ്പഴം പ്രസാദവും പന്തീരടി പൂജക്ക് ശേഷം പാല്പായസവും ഊട്ടിനുമുന്നോടിയായി നൽകുന്നു.

ഭക്തജനസമിതി[തിരുത്തുക]

തുറവൂർ മഹാക്ഷേത്ര ഭക്തജനസമിതി എന്ന ഭക്തജനങ്ങളുടെ സമിതിയാണ് നിത്യ അന്നദാനത്തിനെ ചുമതല വഹിക്കുന്നത്. കേരള ഹൈക്കോടതിയുടെ വിധി ഉത്തരവ് പ്രകാരം ക്ഷേത്രത്തിൽ പ്രവർത്തിച്ചിരുന്ന "തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയെ " ക്ഷേത്രത്തിലെ പ്രവർത്തനങ്ങളിൽ നിന്നും നീക്കം ചെയ്യുകയും, ക്ഷേത്ര കാര്യങ്ങളിൽ ദേവസ്വം ബോർഡിനെ സഹായിക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമാവലി പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട ഭക്തജനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പെട്ട പുതിയ "ക്ഷേത്ര ഉപദേശക സമിതി" 2018 ഒക്ടോബർ മാസം 7 ന് രൂപീകരിക്കപ്പെടുകയും ചെയ്തു.

ക്ഷേത്രത്തിലെ നിത്യ അന്നദാനമുൾപ്പടെയുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്നതും,ക്ഷേത്രത്തിലെ തിരുവുത്സവവും,മറ്റ് വിശേഷ ചടങ്ങുകളിലും ബോർഡിനെ സഹായിക്കുന്നതും പുതുതായി രൂപീകരിച്ച ക്ഷേത്ര ഉപദേശക സമിതിയാണ്.

പൂജാവിധികളും, വിശേഷങ്ങളും[തിരുത്തുക]

പുറപ്പെടാ ശാന്തി[തിരുത്തുക]

ക്ഷേത്രം - വിശാല വീക്ഷണം

പുറപ്പെടാശാന്തി സമ്പ്രദായം നിലവിലുള്ള ക്ഷേത്രങ്ങളിലൊന്നാണ് തുറവൂർ മഹാക്ഷേത്രം. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ആചാരങ്ങളാണ് ഇവിടുള്ളത്. ഒരുവർഷം കഠിനവ്രതത്തോടെ നരസിംഹമൂർത്തിയെയും മഹാസുദർശന മൂർത്തിയെയും പൂജിച്ചാരാധിക്കുന്ന മുഖ്യപുരോഹിതനായ മേൽശാന്തി ഇക്കാലയളവിൽ തീവ്രനൈഷ്ഠിക ബ്രഹ്മചര്യത്തോടെ പുറപ്പെടാശാന്തിയനുഷ്ഠിക്കുന്ന സമ്പ്രദായമാണ് ഇവിടെ നിലവിലുള്ളത്. ഒരു മേടവിഷു മുതൽ അടുത്ത മേടവിഷു വരെയാണ് കാലാവധി. തരണനല്ലൂർ ആയിരുന്നു ഇവിടുത്തെ തന്ത്രി എന്നും ക്ഷേത്രപ്രവേശനവിളംബരത്തെ തുടർന്ന് അവർ ഒഴിഞ്ഞപ്പോൾ പുതുമന ദാമോദരൻ നമ്പൂതിരി തന്ത്രം ഏറ്റെടുത്തു എന്നും കാണുന്നു. ദാമോദരൻ നമ്പൂതിരിയുടെ മരണശേഷം അദ്ദേഹത്തിന്റെ പിന്മുറക്കാർ താന്ത്രികവൃത്തി ഏറ്റെടുത്തിരിയ്ക്കുന്നു.

നിത്യപൂജകൾ[തിരുത്തുക]

നിത്യേന അഞ്ചു പൂജകൾ. കൂടാതെ മൂന്ന് ശീവേലികളും. പുലർച്ചെ മൂന്നുമണിയ്ക്ക് നിയമവെടിയോടുകൂടി പള്ളിയുണർത്തൽ. പിന്നീട് നാലുമണിയ്ക്ക് നട തുറക്കുന്നു. നിർമ്മാല്യ ദർശനവും അഭിഷേകവും കഴിഞ്ഞാൽ ഉഷഃപൂജ തുടങ്ങും. പിന്നീട് എതിരേറ്റുപൂജയും ശീവേലിയും. ഇവിടെ രണ്ടുസമയത്താണ് പന്തീരടിപൂജ. ആദ്യം തെക്കേടത്താണ് (സുദർശനമൂർത്തിയുടെ നട) നടത്തുക. പിന്നീട് വടക്കേടത്തും (നരസിംഹമൂർത്തിയുടെ നട) നടത്തും. 11 മണിയോടെ ഉച്ചപ്പൂജ തുടങ്ങും. അതുകഴിഞ്ഞാൽ ഉച്ചശീവലി. 12 മണിയ്ക്ക് നടയടയ്ക്കും.

വൈകീട്ട് അഞ്ചുമണിയ്ക്ക് നട വീണ്ടും തുഠക്കുന്നു. സൂര്യാസ്തമയസമയത്ത് ദീപാരാധന നടത്തുന്നു. പിന്നീട് അത്താഴപ്പൂജയും ശീവേലിയും കഴിഞ്ഞ് രാത്രി 8 മണിയോടെ നടയടയ്ക്കുന്നു.

ഉത്സവങ്ങൾ[തിരുത്തുക]

തുലാമാസത്തിൽ മകയിരം കൊടികയറി ചിത്തിര ആറാട്ടായി 9 ദിവസമാണ് ഇവിടത്തെ ഉത്സവം. ദീപാവലി ദിവസം ഇതിനിടയിൽ വരുന്നു. അന്നാണ് വലിയവിളക്ക്. ഉത്സവത്തിന്റെ ഭാഗമായി നരസിംഹവിഗ്രഹം കണ്ടെത്തിയ സ്ഥലം വരെ എഴുന്നള്ളിപ്പുണ്ട്. കലാപരിപാടികളും ചെണ്ടമേളവും തായമ്പകയും പഞ്ചവാദ്യവും വെടിക്കെട്ടുമെല്ലാം ഉത്സവത്തിന് മാറ്റുകൂട്ടുന്നു. കൂടാതെ വിഷു, തിരുവോണം, ഏകാദശി, ദ്വാദശി, മണ്ഡലകാലം, വ്യാഴാഴ്ചകൾ, അഷ്ടമിരോഹിണി, മകരവിളക്ക് തുടങ്ങിയവയും ക്ഷേത്രത്തിൽ ആചരിച്ചുവരുന്നു.

ക്ഷേത്രത്തിൽ എത്തിച്ചേരാൻ[തിരുത്തുക]

ദേശീയപാത എറണാകുളം–ആലപ്പുഴ റൂട്ടിൽ തുറവൂർ ജംൿഷനിൽത്തന്നെയാണ് ക്ഷേത്രം. റോഡിൽനിന്നു നോക്കിയാൽ ക്ഷേത്രം മുഴുവൻ കാണാൻ കഴിയും.

==വഴിപാടുകൾ== സാധാരണ ശിവക്ഷേത്രങ്ങളിലും ഭദ്രകാളി ക്ഷേത്രങ്ങളിലും കണ്ടുവരുന്ന വെടി വഴിപാടാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ഇവിടെയും തൃപ്രയാറുമാണ് വെടി വഴിപാട് പ്രധാനമായ കേരളത്തിലെ വൈഷ്ണവക്ഷേത്രങ്ങൾ. കോൺവെടി, ചുറ്റുവെടി എന്നിവയും ഇവിടുത്തെ സവിശേഷതയാണ്. കൂടാതെ പാനകം, പാൽപായസം, ഇടിച്ചുപിഴിഞ്ഞു പായസം,ചതുശ്ശതം,സുദർശനഹോമം തുടങ്ങിയ വഴിപാടുകളുമുണ്ട്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=തുറവൂർ_മഹാക്ഷേത്രം&oldid=3717395" എന്ന താളിൽനിന്ന് ശേഖരിച്ചത്