പത്താമുദയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളവർഷത്തിലെ മേടം പത്തിനാണു പത്താമുദയം. അന്നേദിവസം സൂര്യൻ അത്യുച്ചരാശിയിൽ വരുന്നു. സൂര്യൻ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണത്രേ. കർഷകർക്കു വളരെ പ്രധാനപ്പെട്ടതാണ് ഈ ദിവസം. പണ്ടൊക്കെ വിഷുദിവസം പാടത്ത് കൃഷിപ്പണി തുടങ്ങും. കൃഷിപ്പണികളുടെ തുടക്കമായി പാടത്തു ചാലു കീറലാണു വിഷുദിവസം ചെയ്യുക. എന്നാൽ ഏതു വിളവിനാണെങ്കിലും വിത്തു വിതയ്ക്കാനും തൈ നടാനുമൊക്കെ തിരഞ്ഞെടുക്കുന്നത് പത്താമുദയ ദിവസമാണ്. പത്താമുദയത്തിനു വിതയ്ക്കാനും തൈ നടാനും നല്ല ദിവസം നോക്കേണ്ടതില്ല എന്നാണു പഴമക്കാരുടെ വിശ്വാസം. കൂടാതെ ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമ ദിനമാണിത്. ഈ ദിവസങ്ങളിൽ സൂര്യോദയത്തിനു മുമ്പേ ദീപം കാണുകയും കന്നുകാലികൾക്കു ദീപം കാണിച്ചു ഭക്ഷണം കൊടുക്കുകയും ചെയ്യുന്നു. നിത്യപൂജയില്ലാത്ത കാവുകളിലും മറ്റും ഈ സമയത്തു പൂജകൾ നടക്കുന്നു. വീടു പാലുകാച്ചിനു ഈ ദിനം ഉത്തമമായി കരുതുന്നു. പത്താമുദയനാളിൽ വെള്ളിമുറം കാണിക്കൽ എന്നൊരു ചടങ്ങ് പണ്ടു ചിലയിടങ്ങളിൽ ഉണ്ടായിരുന്നു. ഉണക്കലരി പൊടിച്ച് മുറത്തിലാക്കി മേടം പത്തിലെ സൂര്യനെ ഉദയസമത്തു കാണിക്കുന്ന ചടങ്ങാണിത്. ഉദയത്തിനു ശേഷം ഈ അരിപ്പൊടി കൊണ്ടു പലഹാരമുണ്ടാക്കി പ്രസാദമായി കഴിക്കുകയും ചെയ്യും.

"https://ml.wikipedia.org/w/index.php?title=പത്താമുദയം&oldid=3993496" എന്ന താളിൽനിന്ന് ശേഖരിച്ചത്