തൃക്കാർത്തിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഹിന്ദുക്കൾ ആഘോഷിയ്ക്കുന്ന ഒരു വിശേഷദിവസമാണ് തൃക്കാർത്തിക. വൃശ്ചികമാസത്തിലെ കാർത്തിക നാളും പൗർണമിയും ചേർന്നു വരുന്ന ദിവസമാണ് ഈ ആഘോഷം നടത്തപ്പെടുന്നത്. ദീപാവലിക്ക് സമാനമായ ആഘോഷമാണിത്. പ്രകാശത്തിന്റെ ഉത്സവം. ഇത് ദേവി ആദിപരാശക്തിയുടെയും ഭഗവാൻ മുരുകന്റെയും വിശേഷ ദിവസമായി കണക്കാക്കപ്പെടുന്നു.

തൃക്കാർത്തിക ദിവസം വീടും പറമ്പും വൃത്തിയാക്കി ദീപങ്ങൾ തെളിയിക്കുന്ന ചടങ്ങ് പൊതുവേ കാണപ്പെടുന്നു. സന്ധ്യക്ക്‌ കാർത്തികദീപം കത്തിച്ച്, ഭഗവതിയെ പ്രാർഥിച്ചു, മഹാലക്ഷ്മിയെ വീടുകളിലേക്ക് ക്ഷണിച്ചു കൊണ്ടു നാടെങ്ങും തൃക്കാർത്തികയാഘോഷിക്കുന്നു. മനസ്സിലേയും വീട്ടിലേയും സകല ദുരിതങ്ങളും തിന്മകളും ഇത്തരത്തിൽ വിളക്കുകൾ കത്തിച്ചാൽ ഭഗവതി ഇല്ലാതാക്കും എന്നാണ് വിശ്വാസം.

വിശ്വാസപ്രകാരം തൃക്കാർത്തിക ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും ശുഭത്വത്തിന്റെയും പ്രതീകം കൂടിയാണ്. കേരളത്തിൽ തൃക്കാർത്തിക ആഘോഷം വളരെ വിപുലമാണ്.

ക്ഷേത്രങ്ങളിൽ[തിരുത്തുക]

ദേവിക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും അന്ന് വിശേഷാൽ ചടങ്ങുകൾ നടക്കുന്നു. അന്നേ ദിവസം ക്ഷേത്ര ദർശനം പുണ്യകരമാണ് എന്നാണ് വിശ്വാസം. കോട്ടയം കുമാരനെല്ലൂർ ഭഗവതിയുടെ തിരുനാൾ കൂടിയാണ് തൃക്കാർത്തിക. കുമാരനെല്ലൂർ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിൽ പങ്കെടുക്കുന്നത് ഐശ്വര്യകരവും ദുരിതനാശകരവുമാണ് എന്നാണ് വിശ്വാസം. തൃശൂർ വടക്കുംനാഥൻ കുമാരനെല്ലൂർ ആദിപരാശക്തിയുടെ തൃക്കാർത്തിക ഉത്സവം വീക്ഷിക്കുന്നു എന്നാണ് ഐതീഹ്യം. തൃക്കാർത്തിക ദിനത്തിലാണ് ആലപ്പുഴ ജില്ലയിലെ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം നടന്നു വരുന്നത്. മലബാറിൽ മലപ്പുറം ജില്ലയിലെ പ്രസിദ്ധമായ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഭഗവതിയുടെ തിരുനാൾ കൂടിയാണ് തൃക്കാർത്തിക. കാടാമ്പുഴ ക്ഷേത്രത്തിലെ ഏക ആഘോഷവും ഇത് തന്നെയാണ്. കേരളത്തിൽ ആറ്റുകാൽ, ചോറ്റാനിക്കര, കൊടുങ്ങല്ലൂർ, പാലക്കാട്‌ ഹേമാംബിക, കോഴിക്കോട് വട്ടിപ്പന ശ്രീ വനദുർഗ്ഗാദേവീ ക്ഷേത്രം, കണ്ണൂർ മൃദംഗശൈലേശ്വരി, കൊരട്ടി മുളവള്ളിക്കാവ് തുടങ്ങിയ ചെറുതും വലുതുമായ ധാരാളം ഭഗവതി ക്ഷേത്രങ്ങളിൽ അന്ന് വിശേഷാൽ ചടങ്ങുകളും പൂജകളും നടന്നു കാണാറുണ്ട്.

ഐതീഹ്യം, പുരാണം[തിരുത്തുക]

വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദുർഗ്ഗാ ഭഗവതിയുടെ ജന്മദിനമായതിനാലാണ് അന്നേ ദിവസം തൃക്കാർത്തിക മഹോത്സവമായി ആചരിക്കുന്നത്. മഹാലക്ഷ്മി ഐശ്വര്യം ചൊരിയുന്ന ദിവസം കൂടിയാണ് തൃക്കാർത്തിക എന്നും വിശ്വാസമുണ്ട്.

ഇതിനു പുറമേ, മഹാലക്ഷ്മിയുടെ അംശമായ തുളസീ ദേവിയുടെ ജനനം തൃക്കാർത്തിക ദിവസം ആയിരുന്നു എന്നും, സുബ്രഹ്മണ്യനെ കൃത്തികാ ദേവിമാർ എടുത്തു വളർത്തിയത് തൃക്കാർത്തിക ദിവസമായിരുന്നു എന്നും, ഗോലോകത്തിൽ ശ്രീകൃഷ്ണൻ രാധാറാണിയെ പൂജിച്ച ദിവസമാണെന്നും വിശ്വാസമുണ്ട്.

"https://ml.wikipedia.org/w/index.php?title=തൃക്കാർത്തിക&oldid=3993389" എന്ന താളിൽനിന്ന് ശേഖരിച്ചത്