Jump to content

തുളസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുളസി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ തുളസി (വിവക്ഷകൾ) എന്ന താൾ കാണുക. തുളസി (വിവക്ഷകൾ)

തുളസി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
O. tenuiflorum
Binomial name
Ocimum tenuiflorum
Synonyms

Ocimum sanctum L.

ലാമിയേസി (Lamiaceae) സസ്യകുടുംബത്തിൽപ്പെടുന്ന ഔഷധസസ്യം. ആധുനിക ശാസ്ത്രീയ നാമം ഒസിമം സാങ്റ്റം (Ocimum sanctum) എന്നാണ്. സംസ്കൃതത്തിൽ മാൻജരി, കൃഷ്ണതുളസി, സുരസാ, ഗ്രാമ്യാ, സുരഭി, ബഹുമഞ്ജരി, ഭൂതഘ്നി എന്നീ പേരുകളിൽ അറിയപ്പെടുന്നു. മലയാളത്തിൽ ഇതിനു നീറ്റുപച്ച എന്നും പേരുണ്ട്. ഇംഗ്ലീഷിൽ ഇതിനെ രാജകീയം എന്ന അർത്ഥത്തിൽ ബേസിൽ എന്നു വിളിക്കുന്നു.[1] ഇന്ത്യയിൽ എല്ലായിടങ്ങളിലും കണ്ടുവരുന്ന തുളസി ഔഷധസസ്യമായും പുണ്യസസ്യമായും വീട്ടുമുറ്റത്തും ക്ഷേത്രപരിസരത്തും നട്ടുവളർത്താറുണ്ട്. പരക്കെ അറിയപ്പെടുന്ന വാസനയുള്ള സസ്യമാണ് തുളസി. തെക്കേ ഏഷ്യയിൽ ഇതൊരു ഔഷധ സസ്യമായി അറിയപ്പെടുന്നു. ചരകസംഹിതയിൽ പരാമർശമുള്ള തുളസി, പിരിമുറുക്കം കുറയ്ക്കാനുള്ള കഴിവുള്ള ഔഷധമാണ്‌[2]. കറുത്ത തുളസിക്കും വെളുത്ത തുളസിക്കും യഥാക്രമം കൃഷ്ണതുളസിയെന്നും, രാമതുളസിയെന്നും പറയുന്നു. ഇതിൽ കൃഷ്ണതുളസിക്കാണ് ഔഷധഗുണം കൂടുതലുള്ളത്.[3] ഒരു ആയുർവേദ ഔഷധം കൂടിയാണിത്.

ഭാരതത്തിലെ പല ആചാരങ്ങളിലും തുളസി ഉപയോഗിച്ചുവരുന്നു. പൂജകൾക്കും മാല കോർക്കാനും ഉപയോഗിക്കുന്ന ഇവ കേരളത്തിലെ മിക്ക ഹൈന്ദവ ഗൃഹങ്ങളിലും മുറ്റത്ത്‌ പ്രത്യേകമായി കെട്ടുന്ന തുളസിത്തറയിൽ നടാറുണ്ട്.

പേരിനു പിന്നിൽ

[തിരുത്തുക]

തുളസി മുതൽ ദ്രാവിഡ വാക്കായ *tuḷacV[4] നിന്ന് ഉള്ളതാണ് . മലയാളത്തിൽ ഇതിനെ തുഴായ് എന്നും വിളിച്ചിരുന്നു

പ്രത്യേകതകൾ

[തിരുത്തുക]

അര മീറ്റർ മുതൽ ഒരു മീറ്റർ വരെ ഉയരത്തിൽ തുളസി വളരും. സസ്യത്തിന്റെ തണ്ടുകൾക്ക് ഇരുണ്ട നീലയോ ഇളം പച്ചയോ നിറമാണ്. ധാരാളം ശാഖോപശാഖകളായി വളരുന്ന തുളസിയുടെ ഇലകൾ സമ്മുഖമായാണ് വിന്യസിച്ചിരിക്കുന്നത്. ഇലകൾക്ക് അഞ്ച് സെ.മീറ്ററോളം നീളം വരും; അരികുകൾ ദന്തുരമാണ്; ഇരുവശവും ലോമിലവും ഗ്രന്ഥികളോടു കൂടിയതുമാണ്. പുഷ്പമഞ്ജരിക്ക് ഒരു പ്രധാന തണ്ടും അതിൽ പർവങ്ങളും പർവസന്ധികളുമുണ്ടായിരിക്കും. പർവസന്ധികളിൽ സമ്മുഖവിന്യാസത്തിൽ ഓരോ ജോഡി സഹപത്രങ്ങൾ കാണപ്പെടുന്നു. സഹപത്രങ്ങളുടെ കക്ഷ്യത്തിൽ നിന്ന് മൂന്ന് പുഷ്പങ്ങൾ വീതം ഉണ്ടാകുന്നു. പുഷ്പങ്ങൾക്ക് ഇരുണ്ട നീലയോ പച്ചയോ നിറമായിരിക്കും. ദളങ്ങളും ബാഹ്യദളപുടങ്ങളും ദ്വിലേബിയമായി ക്രമീകരിച്ചിരിക്കുന്നു. നാല് കേസരങ്ങളുണ്ട്. വർത്തികാഗ്രം ദ്വിശാഖിതമാണ്. കായ് വളരെ ചെറുതാണ്. മഞ്ഞയോ ചുവപ്പോ ആണ് വിത്തുകളുടെ നിറം. സസ്യത്തിൽ പ്രത്യേക സുഗന്ധമുള്ള ധാരാളം എണ്ണ ഗ്രന്ഥികളുമുണ്ട്.

ഇതര ഭാഷകളിൽ

[തിരുത്തുക]
തുളസിപ്പൂവ്‌
തുളസിക്കതിർ

സംസ്കൃതത്തിൽ മാൻ ജരി, കൃഷ്ണതുളസി, സുരസാ, ദേവദുന്ദുഭി എന്നു പലപേരുകളിൽ അറിയപ്പെടുന്നു. ഹിന്ദിയിലും തമിഴിലും തുളസി എന്നു തന്നെയാണ് പറയുന്നത്.

വിതരണം

[തിരുത്തുക]

ഇന്ത്യയിലുടേനീളം തുളസി കണ്ടുവരുന്നു. പ്രത്യേകിച്ച് ഹൈന്ദവ ഗൃഹങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും നട്ടു വളർത്തുന്നു.

രസാദി ഗുണങ്ങൾ

[തിരുത്തുക]

രസം :കഷായം, കടു, തിക്തം

ഗുണം :ലഘു, രൂക്ഷം

വീര്യം :ഉഷ്ണം

വിപാകം :കടു [5]

ഔഷധയോഗ്യമായ ഭാഗം

[തിരുത്തുക]

ഇല, പൂവ്, സമൂലം.[5]

ഔഷധഫലം

[തിരുത്തുക]

ചുമ, തൊണ്ടവേദന, ഉദരരോഗങ്ങൾ എന്നിവയെ ശമിപ്പിക്കുന്നു. കൃമിഹരമാണ്. ഇല ഇടിച്ചുപിഴിഞ്ഞ നീർ ചെവി വേദനയെ കുറയ്‌ക്കുന്നു ത്വക്‌രോഗങ്ങളെ ശമിപ്പിക്കുന്നു ജ്വരം ശമിപ്പിക്കുന്നു രുചി വർദ്ധിപ്പിക്കുന്നു തുളസിയില തണലത്തിട്ടുണക്കി പൊടിച്ച് നാസികാചൂർണമായി ഉപയോഗിച്ചാൽ ജലദോഷം, മൂക്കടപ്പ് എന്നിവയ്ക്ക് ശമനമുണ്ടാകും. തുളസിയില നീര് 10.മി.ലി. അത്രയും തേനും ചേർത്ത് ദിവസവും മൂന്ന് നേരം കുടിച്ചാൽ വസൂരിക്ക് ശമനമുണ്ടാകും. ഇലയും പൂവും ഔഷധയോഗ്യഭാഗങ്ങളാണ്. തുളസിയുടെ ഇല ,പൂവ്, മഞ്ഞൾ, തഴുതാമ എന്നിവ സമമെടുത്ത് അരച്ച് വിഷബാധയേറ്റ ഭാഗത്ത് പുരട്ടുകയും അതോടൊപ്പം 6 ഗ്രാംവീതം ദിവസം മൂന്ന് നേരം എന്നകണക്കിൽ 7 ദിവസം വരെ കഴിക്കുകയും ചെയ്താൽ വിഷം പൂർണമായും നശിക്കും. തുളസിയില കഷായം വെച്ച് പല തവണയായി കവിൾ കൊണ്ടാൽ വയ്നാറ്റം മാറും. തുളസിയില ഇടിച്ചു പിഴിഞ്ഞ് നീരിൽ കുരുമുളക് പൊടി ചേർത്ത് കഴിച്ചാൽ ജ്വരം ശമിക്കും. തുളസിയില തിരുമ്മി മണക്കുന്നതും തുളസിയിലയിട്ട് പുകയേല്ക്കുന്നതും പനി മറ്റുള്ളവരിലേക്ക് വരുന്നത് തടയാൻ സഹായിക്കും. തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും. തുളസിയിലയും പാടക്കിഴങ്ങും ചേർത്തരച്ച് പുരട്ടിയാൽ മുഖക്കുരു മാറും. ചിലന്തിവിഷത്തിന് ഒരു സ്പൂൺ തുളസിനീരും ഒരു കഷ്ണം പച്ചമഞ്ഞളും കൂടി അരച്ചു പുരട്ടിയാൽ മതി. ചുമശമന ഔഷധങ്ങൾ‍, സോപ്പ്, ഷാംപൂ, സുഗന്ധദ്രവ്യങ്ങൾ എന്നിവയിൽ‍ തുളസി ഒരു ചേരുവയായും ഉപയോഗിക്കുന്നു[6].

തുളസിച്ചെടിയിൽ കർപ്പൂര സദൃശമായ ഒരിനം തൈലം അടങ്ങിയിരിക്കുന്നു. ഇത് 'ബാസിൽ കാംഫർ' എന്നറിയപ്പെടുന്നു. തുളസിച്ചെടി വളരെ ഔഷധഗുണമുള്ള സസ്യമാണ്. ഇത് ജ്വരത്തെ ശമിപ്പിക്കുകയും ഉദരകൃമികളെ നശിപ്പിക്കുകയും ചെയ്യുന്നു. തേൾവിഷം, ചിലന്തിവിഷം, പാമ്പുവിഷം തുടങ്ങിയവയ്ക്കെതിരെയുള്ള പ്രതിവിഷമായും ഇത് ഉപയോഗിക്കാറുണ്ട്. കഫത്തെ ഇളക്കുന്നതിനും മൂത്രം വർദ്ധിപ്പിക്കുന്നതിനും തുളസി ഉത്തമമാണ്. ത്വക്രോഗങ്ങൾക്ക് നല്ലൊരു ഔഷധമായും ഉപയോഗിക്കുന്നു. തുളസിയിലയിട്ട വെള്ളം തിളപ്പിച്ച് പതിവായി കുടിച്ചാൽ രക്തശുദ്ധി കൈവരികയും അലർജി പോലുള്ള രോഗങ്ങൾക്ക് ശമനമാവുകയും ചെയ്യും.

തുളസി സമൂലമായോ ഇലയും പുഷ്പവും പ്രത്യേകമായോ ഔഷധമായുപയോഗിക്കുന്നു. തുളസിയില തണലത്തിട്ട് ഉണക്കിപ്പൊടിച്ച് നാസികാചൂർണമായി ഉപയോഗിക്കാം. ഇത് മൂക്കടപ്പും പീനസവും ശമിപ്പിക്കും. തുളസിനീരിൽ മഞ്ഞൾ അരച്ചു ചേർത്ത് കഴിക്കുകയും പുരട്ടുകയും ചെയ്താൽ ചിലന്തി വിഷബാധയ്ക്ക് ശമനമുണ്ടാകും.

മഞ്ഞപ്പിത്തം, മലേറിയ, വയറുകടി എന്നീ രോഗങ്ങളുടെ ശമനത്തിന് തുളസിയിലച്ചാറ് രാവിലെയും വൈകിട്ടും ഒരു സ്പൂൺ വീതം പതിവായി സേവിക്കുന്നത് ഗുണം ചെയ്യും. തുളസിയിലച്ചാറും അഞ്ച് മി.ലി. തേനും ചേർത്ത് പതിവായി മൂന്നു നേരം കഴിച്ചാൽ ജീർണകാസവും ജ്വരവും സുഖപ്പെടും. വസൂരി-ലഘുവസൂരിരോഗങ്ങൾക്കും ഇതു ഫലപ്രദമാണ്.

തുളസിപൂജ

[തിരുത്തുക]
തുളസിത്തറ
തുളസിത്തറ

കേരളത്തിൽ ഒഴികെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആചരിച്ചുവരുന്ന ആഘോഷമാണ് തുളസിപൂജ.

വിശ്വാസങ്ങൾ

[തിരുത്തുക]

ഹിന്ദുമത വിശ്വാസികൾ തുളസിയെ പാവനസസ്യമായി കരുതി ആദരിക്കുന്നു. മഹാവിഷ്ണുവിന്റെ പത്നിയായ ലക്ഷ്മീ ദേവിയാണ് ഭൂമിയിൽ തുളസിച്ചെടിയായി അവതരിച്ചിരിക്കുന്നതെന്നാണ് ഹൈന്ദവ വിശ്വാസം. സൂര്യോദയത്തിനു മുമ്പും സൂര്യാസ്തമനത്തിനു ശേഷവും തുളസിയില പറിക്കാൻ പാടില്ലെന്നു വിശ്വാസമുണ്ട്.

പുരാണത്തിൽ

[തിരുത്തുക]

സരസ്വതീശാപം നിമിത്തം ലക്ഷ്മീദേവി ധർമധ്വജനെന്ന രാജാവിന്റെ പുത്രിയായ തുളസിയായി ജനിക്കുകയും ബ്രഹ്മാവിന്റെ അനുഗ്രഹത്താൽ വിഷ്ണുവിന്റെ അംശമായ ശംഖചൂഢൻ എന്ന അസുരനെ വിവാഹം കഴിക്കുകയും ചെയ്തു. പത്നിയുടെ പാതിവ്രത്യം നശിച്ചാൽ മാത്രമേ മരണമുണ്ടാവുകയുള്ളൂ എന്ന വരം ശംഖചൂഢന് ലഭിച്ചിരുന്നതിനാൽ ദേവന്മാർ ശംഖചൂഢനെ വകവരുത്തുന്നതിനായി മഹാവിഷ്ണുവിന്റെ സഹായം അഭ്യർഥിച്ചു. ശംഖചൂഢന്റെ രൂപം സ്വീകരിച്ച മഹാവിഷ്ണു തുളസീദേവിയെ കബളിപ്പിച്ചു. കബളിപ്പിക്കപ്പെട്ടു എന്നു മനസ്സിലാക്കിയ ദേവി കൃത്രിമ ശംഖചൂഢനെ ശപിക്കാൻ മുതിർന്നെങ്കിലും മഹാവിഷ്ണു സ്വരൂപം കൈക്കൊള്ളുകയും ദേവിയെ സമാശ്വസിപ്പിക്കുകയും ചെയ്തു. തുളസീദേവി ശരീരമുപേക്ഷിച്ച് വൈകുണ്ഠത്തിലേക്കു പോയപ്പോൾ ദേവിയുടെ ശരീരം ഗണ്ഡകി എന്ന പുണ്യനദിയായി തീർന്നുവെന്നും, തലമുടിയിഴകൾ തുളസിച്ചെടിയായി രൂപാന്തരപ്പെട്ടുവെന്നുമാണ് ഐതിഹ്യം. തുളസിയുടെ ഇല, പൂവ്, കായ്, വേര്, ചില്ല, തൊലി, തടി, മണ്ണ് എന്നിവയെല്ലാം തന്നെ പാവനമായി കണക്കാക്കപ്പെടുന്നു. തുളസിയുടെ വിറകുകൊണ്ട് ദഹിപ്പിക്കുന്നവരുടെ ആത്മാവിന് പാപവിമുക്തിയുണ്ടായി വിഷ്ണുലോകത്തിൽ സ്ഥാനം ലഭിക്കുമെന്നാണ് വിശ്വാസം. തുളസിത്തീ കൊണ്ട് വിഷ്ണുവിന് ഒരു വിളക്ക് വച്ചാൽ അനേകലക്ഷം വിളക്കിന്റെ പുണ്യഫലം നേടുമെന്നും തുളസി അരച്ച് ദേഹത്ത് പൂശി വിഷ്ണുവിനെ പൂജിച്ചാൽ ഒരു ദിവസംകൊണ്ടുതന്നെ നൂറു പൂജയുടേയും നൂറു ഗോദാനത്തിന്റേയും ഫലം ലഭിക്കുമെന്നും പദ്മപുരാണം 24 മത്തെ അധ്യായത്തിൽ പ്രസ്താവിക്കുന്നു.

ചിത്രശാല

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

തുളസിയുടെ ഗുണങ്ങൾ

[തിരുത്തുക]

വളർത്തൽ, പരിപാലനം

[തിരുത്തുക]

തുളസി ദേവിയെ കുറിച്ച്

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Michael T. Murray; Joseph Pizzorno (11 May 2010). The Encyclopedia of Healing Foods. Simon and Schuster. pp. 468–. ISBN 978-1-4391-0344-9.
  2. "Botanical Pathways article with clinical trials details" (PDF). Archived from the original (PDF) on 2010-03-31. Retrieved 2007-12-25.
  3. ഡോ.നേശമണിയുടെ “ഔഷധ സസ്യങ്ങൾ“
  4. "Reconstruction:Proto-Dravidian/tuḷacV", Wiktionary, the free dictionary (in ഇംഗ്ലീഷ്), 2024-02-10, retrieved 2024-06-25
  5. 5.0 5.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2008-12-25.
"https://ml.wikipedia.org/w/index.php?title=തുളസി&oldid=4141372" എന്ന താളിൽനിന്ന് ശേഖരിച്ചത്