വൈക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈക്കം
Map of India showing location of Kerala
Location of വൈക്കം
വൈക്കം
Location of വൈക്കം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോട്ടയം
ജനസംഖ്യ 22 (2001)
സമയമേഖല IST (UTC+5:30)

Coordinates: 9°44′58″N 76°23′32″E / 9.74944°N 76.39222°E / 9.74944; 76.39222കോട്ടയം ജില്ലയിലെ ഒരു പട്ടണമാണ് വൈക്കം. വൈക്കം പ്രസിദ്ധമായിരിക്കുന്നത്‌ ഇവിടത്തെ പ്രധാന തീർത്ഥാടന കേന്ദ്രമായ 'ദക്ഷിണ കാശി' എന്നറിയപ്പെടുന്ന വൈക്കം മഹാദേവക്ഷേത്രത്തിന്റെ പേരിലാണ്‌. 1924-ൽ ഇവിടെ നടന്ന വൈക്കം സത്യാഗ്രഹവും ഏറെ പ്രസിദ്ധമാണ്.

സ്ഥലപുരാണം[തിരുത്തുക]

പണ്ട്‌ ഈ പ്രദേശം നിബിഢവനമായിരുന്നു എന്ന് പറയപ്പെടുന്നു. കടുവ, കരടി, പുലി മുതലായ വന്യജീവികൾ സ്വൈരവിഹാരം ചെയ്‌തിരുന്ന കാനനപ്രദേശം ആയതിനാൽ ആകാം വൈയ്യാഘ്രപുരം എന്ന്‌ അറിയാൻ ഇടയായത്‌. അതുപോലെ വൈക്കത്തപ്പന്റെ ഭക്താഗ്രേസരനായ വ്യാഘ്രപാദമഹർഷിയുടെ സ്‌മരണ എന്ന നിലയ്‌ക്കും ആകാം ഈ നാമകരണത്തിന്റെ പ്രസക്തി. വ്യാഘ്രശബ്ദത്തിന്‌ ശ്രേഷ്‌ഠമായത്‌ എന്നൊരു അർത്ഥം കൂടിയുണ്ട്‌.

വൈക്കം മഹാദേവക്ഷേത്രം

ഏതാണ്ട് എട്ട് ഏക്കറോളം വരുന്ന സ്ഥലത്ത് പൂർവ്വാദിമുഖമായാണ് വൈക്കം മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചുറ്റുവശവും വലിയ മതിൽക്കെട്ട് ഉണ്ട്. തിരുമുറ്റത്ത് കിഴക്കേ ആനപ്പന്തലിന്റെ അടുത്തായി പ്രത്യേകം തറകെട്ടിയ ഒരു ആൽത്തറയുണ്ട്. ശിവഭക്തനായ വ്യാഘ്രപാദമഹർഷിക്ക് മഹാദേവദർശനം ലഭിച്ച സ്ഥാനമാണിത് എന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി രണ്ടുനിലയുള്ള വലിയ ഊട്ടുപുര സ്ഥിതിചെയ്യുന്നു. ഊട്ടുപുരയുടെ പടിഞ്ഞാറുഭാഗത്തായി തിരുവാഭരണപ്പുര സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന് തെക്കുവശത്തായി പനച്ചിക്കൽ ഭഗവതിയും നാഗദൈവങ്ങളും സ്ഥിതിചെയ്യുന്നു.

മൂന്ന് ഭാവങ്ങൾ

വൈക്കത്തപ്പൻ പ്രഭാതത്തിലും, മദ്ധ്യാഹ്നത്തിലും സായംകാലത്തും മൂന്നുഭാവങ്ങൾ സ്വീകരിച്ച് ഭക്തർക്ക് അനുഗ്രഹം നൽകുന്നു എന്നാണ് വിശ്വാസം. പ്രഭാതത്തിൽ ജ്ഞാനപ്രദനായ ദക്ഷിണാമൂർത്തിയായും, മദ്ധ്യാഹ്നത്തിൽ അർജ്ജുനന്റെ അഹന്തമദാദികൾ തച്ചുടച്ച് പാശുപതാസ്ത്രം നൽകി അനുഗ്രഹിച്ച കിരാതമൂർത്തിയായും, വൈകുന്നേരം പാർവ്വതീസമേതനായി പുത്രന്മാരായ ഗണപതിയേയും സുബ്രഹ്മണ്യനേയും മടിയിലിരുത്തി സകല ദേവതാദികളാലും മുനിജനങ്ങളാലും സംപൂജ്യനായി വിരാജിക്കുന്ന മംഗളരൂപനായും ആണ് ഈ മൂന്നു ഭാവങ്ങൾ.

തന്ത്രിമാർ

വളരെ പണ്ട് ഇവിടുത്തെ തന്ത്രം മോനാട്ട് ഇല്ലത്തേക്കായിരുന്നു. ചില പ്രത്യേക സാഹചര്യത്തിൽ ആ ഇല്ലക്കാർ തന്ത്രം വച്ചൊഴിയുകയും - അതിനുശേഷം തന്ത്രം മേക്കാട്ടില്ലത്തേക്ക് ആയി - പിൽക്കാലത്ത് മേക്കാട്ടില്ലക്കാർ തന്ത്രം മറ്റപ്പിള്ളി (ഭദ്രകാളി മറ്റപ്പിള്ളി) ഇല്ലക്കാരുമായി പങ്കിട്ടു. അങ്ങനെ ഇപ്പോൾ വൈക്കം ക്ഷേത്രത്തിൽ രണ്ട് തന്ത്രിമാരുണ്ട്.

പൂജകൾ

കാലത്ത് ഉഷപൂജ, പിന്നെ എതൃത്തപൂജ, പന്തീരടിപൂജ, ഉച്ചപൂജ എന്നിവയും വൈകുന്നേരം അത്താഴപ്പൂജയും എന്നിങ്ങനെയാണ് സാധാരണ ദിവസങ്ങളിലെ പൂജകൾ. കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽപ്പെട്ട പതിനൊന്ന് ഇല്ലക്കാർക്കാണ് ഇവിടുത്തെ ശാന്തി കാരായ്മ. ഇത് അവകാശം ആണ്. അതിൽ തരണി ഇല്ലക്കാർക്കാണ് മേൽശാന്തി സ്ഥാനം. ബാക്കിയുള്ള പത്ത് ഇല്ലക്കാർ കീഴ്ശാന്തി ജോലിയും നോക്കിവരുന്നു. തൃക്കോവിൽ പ്രവർത്തികൾ നടത്തുന്നതിന്റെ ചുമതല കിഴക്കേടത്ത് മൂസ്സതന്മാരെന്നും പടിഞ്ഞാറേടത്ത് മൂസ്സത്ന്മാരെന്നും അറിയപ്പെടുന്ന കാരാണ്മാവകാശമുള്ള രണ്ടു കുടുംബക്കാർക്കാണ്. കൊടിയേറ്റ് അറിയിപ്പ്, എതിരേല്പ് മുതലായ ചടങ്ങുകൾ നടത്തുന്ന അവകാശം മൂസ്സത്ന്മാർക്കാണ്. പ്രസിദ്ധനായ വൈക്കത്ത് പാച്ചുമൂത്തത് പടിഞ്ഞാറേടത്ത് ഇല്ലത്തേതുമാണ്.

വൈക്കം മഹാദേവക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ

ക്ഷേത്രത്തിലെ മുഖ്യവഴിപാട് അന്നദാനമാണ്. ഇപ്പോൾ അത് പ്രാതലായും അന്നദാന ട്രസ്റ്റ് നടത്തുന്ന അന്നദാനം ആയും നടന്നുവരുന്നു. പണ്ട് പ്രാതൽ, നാലമ്പലത്തിനകത്തെ ബ്രാഹ്മണസദ്യ കഴിഞ്ഞാല മേൽശാന്തി ശ്രീലകം തുറന്ന്, ഒരു തളികയിൽ പൊടി ഭസ്മം എടുത്ത് പ്രാതലുണ്ടവർക്ക് നൽകുന്ന ഒരു ഏർപ്പാടുണ്ടായിരുന്നു. ഈ പ്രസാദത്തിന് ആനന്ദപ്രസാദം എന്നാണ് പറഞ്ഞിരുന്നത്. നാലമ്പലത്തിനകത്തെ സദ്യമാറ്റം വന്നപ്പോൾ ഈ ചടങ്ങും നിലച്ചു. സഹസ്രകലശം, ദ്രവ്യകലശം, ആയിരംകലശം, ആയിരംകുടം, ക്ഷീരധാര, ആലുവിളക്ക് എന്നിവയൊക്കെ മറ്റു വഴിപാടുകളാണ്. വൈക്കം ക്ഷേത്രത്തിലെ പ്രസാദം വലിയ അടുക്കളയിലെ ചാരം (ഭസ്മം) ആണ്.

വൈക്കത്തഷ്ടമി മഹോത്സവം

വ്യാഘ്രപാദ മഹർഷിക്ക് വൈക്കത്തപ്പൻ ദർശനം നൽകിയ ദിനമാണ് വൃശ്ചികമാസത്തിലെ കൃഷ്ണാഷ്ടമി. പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് വൈക്കത്തഷ്ടമി. ശുഭമുഹൂർത്തം കുറിച്ച് രാവിലെയാണ് അഷ്ടമി മഹോത്സവത്തിന് കൊടിയേറുന്നത്. ഉത്സവത്തിന്റെ പ്രാരംഭമായി കൊടിയേറ്റ് അറിയിപ്പ് എന്ന ചടങ്ങ് ഉണ്ട്. ഉത്സവവിവരം ഔദ്യോഗികമായി ഊരാണ്മക്കാരെ അറിയിക്കുന്ന ചടങ്ങാണിത്. ആനപ്പുറത്തേറി മൂസ്സത് ആണ് ഈ ചടങ്ങ് നിർവ്വഹിക്കുന്നത്. വൈക്കത്തെ കൊടിയേറ്റ് ഉദയനാപുരത്തും, ഉദയനാപുരത്തേത് വൈക്കത്തും അറിയിക്കുന്ന ചടങ്ങും ഇതിൽപ്പെടുന്നു. ഉന്റാശ്ശേരി എന്ന ഒരു ധീവര കുടുംബത്തിനാണ് കൊടിക്കയർ സമർപ്പിക്കുന്നതിനുള്ള അവകാശം. ഉത്സവത്തിന് മുന്നോടിയായി സന്ധ്യവേല എന്ന ഒരു ചടങ്ങുണ്ട്. മുഖസന്ധ്യവേല, സമൂഹസന്ധ്യവേല എന്നിവയാണ് പ്രധാന സന്ധ്യവേലകൾ. അഷ്ടമി ഉത്സവത്തിന്റെ ഒന്നും രണ്ടും മൂന്നും ദിവസങ്ങൾ കരക്കാരുടെ വക ആഘോഷമായാണ് കൊണ്ടാടുന്നത്. ഈ ആഘോഷത്തിന് അഹസ്സ് എന്ന് പറയപ്പെടുന്നു. അഷ്ടമിദിവസം സൂര്യോദയത്തിന് മുൻപ് വൈക്കത്തപ്പനെ ദർശിക്കുന്നതാണ് ഉത്തമം എന്ന് കരുതപ്പെടുന്നു. കൂടാതെ അന്നേദിവസം ഉച്ചയ്ക്ക് 108 പറയോ അതിലധികമോ അരിയുടെ സദ്യ ഊട്ടുപുരയിൽ നടക്കും. അഷ്ടമിദിനം രാത്രിയിലാണ് അഷ്ടമിവിളക്ക്. കൂട്ടുമ്മേൽ ഭഗവതിയുടെയും, ദേശദേവതയാണ് മൂത്തേടത്തുകാവിൽ ഭഗവതിയുടെയും താരകാസുര നിഗ്രഹം കഴിഞ്ഞ് വിജയശ്രീലാളിതനായി മാതാപിതാക്കളായ ശ്രീ പാർവ്വതീ-പരമേശ്വരന്മാരെ കണ്ടുവന്ദിക്കാൻ എത്തുന്ന ഉദയനാപുരത്തപ്പന്റേയും എഴുന്നള്ളത്തുകൾ വൈക്കത്തപ്പെനെ എഴുന്നള്ളിച്ചു നിർത്തിയിരിക്കുന്ന കിഴ്േക ആനപ്പന്തലിൽ എത്തിയശേഷം മക്കളായ അവരുടെ എഴുന്നള്ളത്തുകൾ ഒത്തൊരുമിച്ച് ആർഭാടപൂർവ്വം നടത്തുന്നതാണ് അഷ്ടമി ചടങ്ങ്. അന്നേദിവസം രാത്രിയിലെ മറ്റൊരു സുപ്രധാന ചടങ്ങാണ് വലിയ കാണിക്ക. ആദ്യ കാണിക്കയർപ്പിക്കാനുള്ള അവകാശം കറുകയിൽ കൈമൾ എന്ന മാടമ്പി കുടുംബത്തിലെ കാരണവർക്കാണ്. പല്ലക്കിലേറി വന്നാണ് അദ്ദേഹം കാണിക്കയർപ്പിക്കുന്നത്. ഇതിനുശേഷം ഭക്തർക്ക് കാണിക്കയർപ്പിക്കാവുന്നതാണ്. അഷ്ടമിവിളക്കിനുശേഷമുള്ള ചടങ്ങാണ് മക്കളോട് യാത്രപറയൽ. ദേവീദേവന്മാരെ എഴുന്നള്ളിച്ച ഗജവീരന്മാർ മുഖത്തോടുമുഖം തിരിഞ്ഞുനിന്ന് തുമ്പിക്കൈ പൊക്കി അഭിവാദ്യം ചെയ്യുകയും, ശംഖൊലിക്കൊപ്പം ശബ്ദം പുറപ്പെടുവിച്ച് യാത്ര പറയുന്നതും എല്ലാവരും പിരിഞ്ഞുപോയിക്കഴിഞ്ഞാൽ നാഗസ്വരത്തിന്റെ ശോകാലാപനത്തിന്റെ അകമ്പടിയോടെ വൈക്കത്തപ്പൻ തിരികെ യാത്രയാവുന്നതാണ് പ്രസ്തുത ചടങ്ങ്. അഷ്ടമിയുടെ പിറ്റേദിവസം രാത്രിയിലാണ് ആറാട്ട്. ഉദയനാപുരം ക്ഷേത്രത്തിന് ഏതാണ്ട് ഒരു നാഴിക കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ആറാട്ടുകുളത്തിലാണ് ആറാട്ട് നടക്കുന്നത്. ആറാട്ടിനുശേഷം ഉദയനാപുരം ക്ഷേത്രത്തിൽവച്ച് കൂടിപ്പൂജ എന്ന ചടങ്ങും, കൂടിപ്പൂജ വിളക്കും നടത്തുന്നു.

വടക്കുപുറത്തുപാട്ട് [1]

പന്ത്രണ്ടുവർഷത്തിലൊരിക്കൽ കൊടുങ്ങല്ലൂർ ശ്രീ കരുംബക്കാവ് ക്ഷേത്രത്തിലെ ഭഗവതിയുടെ പ്രീതിയ്ക്കായി വൈക്കത്തമ്പലത്തിലെ വടക്കെ തിരുമുറ്റത്ത് നെടുമ്പുര കെട്ടി നടത്തിവരുന്ന മഹോത്സവമാണിത്. നെടുംപുരയിൽ ഭദ്രകാളിയുടെ കളം എഴുതി - പന്ത്രണ്ടുദിവസം പാട്ടും, പാട്ടുകാലംകൂടുന്ന ദിവസം ഗുരുതിയും നടത്തുന്ന ചടങ്ങാണ് വടക്കുപുറത്തുപാട്ട്. വടക്കുപുറത്തുപാട്ട് തുടങ്ങുന്നതിന് 41 ദിവസം മുൻപ് കാൽനാട്ടുകർമ്മം എന്ന ഒരു ചടങ്ങുണ്ട്. അതുപോലെ ദേശതാലപ്പൊലിയും വടക്കുപുറത്തുപാട്ടുമായി അഭേദ്യം കുറിക്കുന്ന മറ്റൊരു ചടങ്ങാണ്. കളം എഴുത്തും പാട്ടും നടത്തുന്നത് പരമ്പരാഗതമായി പുതുശ്ശേരി കുറുപ്പന്മാരാണ്. കളം ഭദ്രകാളി രൂപമാണ്. ക്ഷേത്രത്തിന്റെ വടക്കുപുറത്ത് പ്രത്യേകം തയ്യാറാക്കിയ തറയിൽ പലേവർണ്ണപ്പൊടികൾകൊണ്ടാണ് ഭദ്രകാളിയുടെ രൂപം ആലേഖനം ചെയ്യുന്നത്. ആദ്യദിവസം എട്ടു കൈകളോടുകൂടിയ ഭഗവതിയെയാണ് കളത്തിൽ വരയ്ക്കുക. പിന്നീടുള്ള ഓരോദിവസവും കൈകളുടെ എണ്ണം കൂട്ടിവരയ്ക്കും. 12-ാം ദിവസമാകുമ്പോൾ 64 കൈകളിലും ആയുധങ്ങളുമായി വേതാളത്തിന്റെ പുറത്തേറി വരുന്ന ഭഗവതിയുടെ കളമാണ് വരയ്ക്കുന്നത്. പാട്ടിന്റെ അവസാനദിവസം കളത്തിന് പുറത്തുനടത്തുന്ന വലിയഗുരുതിയോടെ പാട്ട് അവസാനിക്കുന്നു. വടക്കുപുറത്തുപാട്ട് കഴിഞ്ഞ് ഏതാണ്ട് ഒരു കൊല്ലം കഴിയുമ്പോൾ മൂത്തേടത്തുകാവിൽ ഗുരുതികൾ നടത്തുക പതിവുണ്ട്. ഇത് വടക്കുപുറത്തുപാട്ടിന്റെ ഒരു അനുബന്ധചടങ്ങാണെന്നും പറയപ്പെടുന്നു.

വടക്കുപുറത്തുപാട്ടിന്റെ ഐതിഹ്യം

പണ്ട് വൈക്കം ദേശത്ത് വസൂരിരോഗം പടർന്നുപിടിച്ച് ജനങ്ങൾ ആകെ വലഞ്ഞു. തുടർന്ന് ഊരാണ്മക്കാരും നാട്ടുകാരും ചേർന്ന് ദൈവജ്ഞനെ വരുത്തി പ്രശ്‌നം വച്ചതിന്റെ പരിഹാരാർത്ഥം 41 ദിവസത്തെ ഭജനത്തിനായി ഏതാനുംപേർ കൊടുങ്ങല്ലൂർക്ക് പോകുകയും ശ്രീകുരുംബക്കാവിൽ ഭജനം ഇരിക്കുകയും ചെയ്തു. ഭജനകാലം കൂടുന്നതിന്റെ തലേന്ന് നാട്ടുകാരിൽ പ്രധാനിക്ക് ദേവിയുടെ സ്വപ്‌നദർശനം ഉണ്ടാകുകയും 'തന്നെ ഉദ്ദേശ്ശിച്ച് വൈക്കത്ത് മതിൽക്കകത്ത് 12 ദിവസം കളം എഴുത്തും പാട്ടും നടത്തണം എന്നും താൻ അത്യന്തം സംപ്രീതയായിരിക്കുന്നു എന്നും ഈ പാട്ടുനടത്തുന്ന കാലഘട്ടത്തിൽ തന്റെ പൂർണ്ണ സാന്നിദ്ധ്യം അവിടെ ഉണ്ടാകുമെന്നും സർവ്വമംഗളങ്ങളും ഭവിക്കുമെന്നും അരുളി ചെയ്തു' പിറ്റേന്ന് ഭജനം കാലം കൂടുന്ന ദിവസം ക്ഷേത്രത്തിലെ കോമരം ഉറഞ്ഞുതുള്ളി സ്വപ്‌നദർശനത്തിൽ കണ്ടതൊക്കെ ശരിയാണെന്നും അത് അനുസരിച്ച് പ്രവർത്തിച്ചാൽ ശുഭം കൈവരുമെന്നും പറഞ്ഞു. നാട്ടാർ വൈക്കത്തിനു മടങ്ങി ഗംഭീരമായി വടക്കുപുറത്തുപാട്ട് നടത്തുകയും അതോടെ സർവ്വദുരിതങ്ങളും ഒഴിഞ്ഞ് മാറുകയും ചെയ്തു എന്നാണ് ഐതിഹ്യം.

[2]

ചരിത്രം[തിരുത്തുക]

  • വൈക്കം എന്ന പേർ ഇങ്ങനെ വന്നത്

കൊല്ലവർഷം 537-ൽ ഉണ്ടായ ഉണ്ണുനീലിസന്ദേശത്തിന്റെ കർത്താവ് മേദിനിയിലെ സ്വർഗ്ഗഖണ്ഡം എന്നുവാഴ്ത്തിപ്പറഞ്ഞിട്ടുള്ളതും വെമ്പല നാട്ടുരാജാക്കന്മാർ ഭരിച്ചിരുന്നതുമായ സിന്ധു ദ്വീപ് (ഇന്നത്തെ കടുത്തുരുത്തി) ഉൾപ്പെടെയുള്ള പ്രദേശം വരെ ഒരു കാലത്ത് കടൽ ആയിരുന്നു. പിന്നീട് കടൽ വച്ചു പിന്മാറിയുണ്ടായതു കൊണ്ടാണ് ഈ പട്ടണത്തിന് വൈക്കം എന്ന പേർ ഉണ്ടായത് എന്ന് പറയപ്പെടുന്നു.

വൈക്കം അമ്പലത്തിന്റെ വിശാല കാഴ്ച'

പ്രധാനപ്പെട്ട സ്ഥലങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://vadakkupurathupattu.com/notice.php
  2. 2001ലെ കോടിയർച്ചന വടക്കുപുറത്തുപാട്ടുകമ്മിറ്റി പുറത്തിറക്കിയ ലേഖനം. പ്രസ്തുത ലേഖനം, 'വൈക്കം മഹാദേവക്ഷേത്രം, ശ്രീ ഭാർഗ്ഗവപുരാണം, അഷ്ടമിപ്പാന, ശ്രീ വൈക്കം പെരുംതൃക്കോവിൽ പ്രസാദം - 1989ലെ കോടിഅർച്ചന വടക്കുപുറത്തുപാട്ട് കമ്മിറ്റി പ്രസിദ്ധീകരണം, ക്ഷേത്രചൈതന്യരഹസ്യം' എന്നീ ഗ്രന്ഥങ്ങളിൽനിന്നുമുള്ള വിവരങ്ങൾ


"https://ml.wikipedia.org/w/index.php?title=വൈക്കം&oldid=2342479" എന്ന താളിൽനിന്നു ശേഖരിച്ചത്