മാടപ്പള്ളി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പളളി ബ്ളോക്കിലാണ് 24.02 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മാടപ്പളളി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് വാകത്താനം, കറുകച്ചാൽ പഞ്ചായത്തുകളും കിഴക്കുഭാഗത്ത് കറുകച്ചാൽ, കുന്നന്താനം (പത്തനംതിട്ട ജില്ല) പഞ്ചായത്തുകളും, തെക്കുഭാഗത്ത് കുന്നന്താനം (പത്തനംതിട്ട ജില്ല), തൃക്കൊടിത്താനം പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് തൃക്കൊടിത്താനം, വാകത്താനം പഞ്ചായത്തുകളുമാണ്.

ചരിത്രം[തിരുത്തുക]

പണ്ട് രാജഭരണകാലത്ത് തെക്കുംകൂർ രാജാവ് ഇടപ്പളളി സ്വരൂപത്തിന് ദേശവഴിയായി ദാനം ചെയ്ത ഗ്രാമമാണ് മാടപ്പളളി. “മാട്” എന്നാൽ ചെറിയകുന്ന് എന്നാണർത്ഥം. “പളളി” എന്നതിന് ഗ്രാമം എന്നും, ക്ഷേത്രമെന്നും അർത്ഥമുണ്ട്. മാടുകളുടെ (കുന്നുകളുടെ) ഗ്രാമം മാടപ്പളളിയായി തീർന്നു. ഹിന്ദുക്കളും ക്രിസ്ത്യൻ വിഭാഗങ്ങളുമാണ് പഞ്ചായത്തിലെ ജനസംഖ്യയിൽ ഏറെയും. നാനാജാതിമതസ്ഥരുടെ നിരവധി ആരാധനാലയങ്ങളും പഞ്ചായത്തിലുണ്ട്. 1951-ലാണ് മാടപ്പളളി ഗ്രാമപഞ്ചായത്ത് നിലവിൽ വന്നത്. 1951 സെപ്റ്റംബർ 23-ന് തൃക്കൊടിത്താനം മാടപ്പളളി വില്ലേജുകൾ ചേർന്ന് മാടപ്പളളി വില്ലേജ് യൂണിയനാണ് ഭരണകാര്യങ്ങൾ നിർവഹിച്ചിരുന്നത്. നിലവിലുണ്ടായിരുന്ന വില്ലേജ് യൂണിയൻ പഞ്ചായത്താക്കി മാറ്റുകയും എം.റ്റി.തോമസ് പ്രഥമ പ്രസിഡന്റാവുകയും ചെയ്തു.

ഭൂപ്രകൃതി[തിരുത്തുക]

ഇടനാട് ഭൂപ്രകൃതി മേഖലയിൽ വരുന്ന മാടപ്പള്ളി പഞ്ചായത്തിൽ നെല്ലാണ് പ്രധാന കൃഷി. കുന്നുകളും, ചെരിവുകളും, ചെറുതും വലുതുമായ സമതലങ്ങളും, വയലേലകളും നിറഞ്ഞ ഭൂപ്രകൃതിയാണ് മാടപ്പള്ളി പഞ്ചായത്തിന്റേത്. പുന്നകുന്ന്, ചന്തരകുന്ന്, കുന്നംപുറം, മാന്നലകുന്ന്, മൂക്കാട്ടുകുന്ന് എന്നിവയാണ് പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങൾ. ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ താഴ്വര, സമതലം, മിതമായ ചെരിവ്, കുത്തനെയുളള ചെരിവ്, ഉയർന്ന പ്രദേശം, തോട് എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ചെളിമണ്ണ്, മണൽ കലർന്ന മണ്ണ് തുടങ്ങിയ മണ്ണിനങ്ങൾ ഇവിടെ കാണപ്പെടുന്നു.

പ്രധാന കൃഷികൾ[തിരുത്തുക]

കേരളത്തിലെ മിക്ക ഗ്രാമങ്ങളിലേയും പോലെ മാടപ്പള്ളി പഞ്ചായത്തിലും നെല്ല് പ്രധാന കൃഷി ആയിരുന്നു. തെങ്ങ്, വാഴ, ജാതി, ഗ്രാമ്പു, ഇഞ്ചി, മഞ്ഞൾ പച്ചകറികൾ, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയും പഞ്ചായത്തിൽ ധാരാളമായി കൃഷി ചെയ്തിരുന്നു. വെളിയം, നാലുനാക്കൽ, പാലമറ്റം, മാമ്മൂട് മുതലായ വലിയ തോടുകളായിരുന്നു മാടപ്പള്ളി പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൾ. പടിഞ്ഞാറൻ മേഖലകളിലെ വയലുകൾ നികത്തുന്നതിനു വലിയതോതിൽ ഈ പഞ്ചായത്തിലെ മണ്ണ് എടുത്തുകൊണ്ടുപോവുകയും ഇവിടെത്തന്നെ യുള്ള വയലുകളും നീർത്തടങ്ങളും നികത്തുകയും ചെയ്തതോടെ റബ്ബർ ഒഴികെയുള്ള വിളകളുടെ കാര്യം കഷ്ടത്തിലായി. നെൽകൃഷി തീർത്തും നിലച്ചു.

അതിരുകൾ[തിരുത്തുക]

 • തെക്ക്‌ - കുന്നന്താനം(പത്തനംതിട്ട ജില്ല), തൃക്കൊടിത്താനം പഞ്ചായത്തുകൾ
 • വടക്ക് -വാകത്താനം, കറുകച്ചാൽ പഞ്ചായത്തുകൾ
 • കിഴക്ക് -കറുകച്ചാൽ, കുന്നന്താനം(പത്തനംതിട്ട ജില്ല) പഞ്ചായത്തുകൾ
 • പടിഞ്ഞാറ് - തൃക്കൊടിത്താനം, വാകത്താനം പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

മാടപ്പളളി ഗ്രാമപഞ്ചായത്തിലെ വാർഡുകളൾ ഇവയാണ്. [1]

 • പുന്നാംചിറ
 • കുറുമ്പനാടം
 • പാലമറ്റം
 • വിത്തരിക്കുന്ന്
 • ചൂരനോലി
 • കണിച്ചുകുളം
 • നടയ്ക്കപ്പാടം
 • ഇല്ലിമൂട്
 • മാമ്മൂട്
 • ഇയ്യാലി
 • ഇടപ്പള്ളി
 • വെങ്കോട്ട
 • പങ്കിപ്പുറം
 • മാടപ്പള്ളി
 • പൻപുഴ
 • കല്ലുവെട്ടം
 • ചിറക്കുഴി
 • തലക്കുളം
 • തെങ്ങണ
 • ചെത്തിപ്പുഴ

പഞ്ചായത്ത് പ്രസിഡന്റുമാർ[തിരുത്തുക]

 • 1 അഡ്വ. എം. റ്റി. തോമസ് മുക്കാട്ടുകുന്നൽ (1951- )
 • 2 അഡ്വ. കെ. കെ. കൃഷ്ണപിള്ള (1964-1979)
 • 3 ശ്രീ.കെ. ജോർജ് (1979-1984)
 • 4 പ്രൊഫ. ടി. കെ. രാജപ്പണിക്കർ
 • 5 ശ്രീ.കെ. സി. ഫിലിപ്പ് (1988-1995)
 • 6 ശ്രീ.കെ. സുരേന്ദ്രനാഥ പണിക്കർ
 • 7 ശ്രീമതി. അന്നമ്മ മാത്യു
 • 8 ശ്രീ. ടി. എം. ജോർജ്
 • 9 ശ്രീമതി. മണിയമ്മ രാജപ്പൻ
 • 10 ശ്രീ. ഷിബു ചെത്തിപുഴ
 • 11 ശ്രീ. പി. എം. മോഹനൻ പിള്ള
 • 12 ശ്രീമതി ബിന്ദു.ജോസഫ്‌.

പ്രധാന വിദ്യാഭ്യാസ സ്ഥപനങ്ങൾ[തിരുത്തുക]

പഞ്ചായത്തിലെ പ്രഥമ വിദ്യാലയം പെരുമ്പനച്ചിയിൽ സ്ഥിതിചെയ്യുന്ന ഗവ.പ്രൈമറി സ്ക്കൂളാണ്. ഗവ.എൽ.പി.സ്കൂൾ മാടപ്പള്ളി, ഗവ.എൽ.പി.സ്കൂൾ കുറുമ്പനാടം എന്നിവയാണ് പഞ്ചായത്തിലെ പ്രധാന സർക്കാർവിദ്യാലയങ്ങൾ. 1952 ൽ ആരംഭിച്ച മാടപ്പള്ളി സി. എസ്. യൂ പി സ്കൂൾ സംസ്ഥാനത്തു തന്നെ സഹകരണ മേഖലയിലുള്ള രണ്ടോ മൂന്നോ സ്കൂളുകളിൽ ഒന്നാണ്. സ്വകാര്യമേഖലയിൽ സെന്റ് പീറ്റേഴ്സ് എച്ച്.എസ്.എസ് കുതറമ്പനാടം, സെന്റ് ഷാന്താൾസ് സ്കൂൾ മാമ്മൂട്, സെന്റ് സെബാസ്റ്റ്യൻ യു.പി.എസ് മാമ്മൂട് തുടങ്ങി 8 വിദ്യാലയങ്ങൾ പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ 4 എൽ.പി.സ്കൂളുകളും, 2 യു.പി.സ്കൂളുകളും ഉൾപ്പെടുന്നു.

ആശുപത്രികൾ[തിരുത്തുക]

ആതുര ശുശ്രൂഷാ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന നിരവധി ആരോഗ്യചികിത്സാകേന്ദ്രങ്ങൾ പഞ്ചായത്തിനകത്തുണ്ട്. മാടപ്പള്ളിയിലാണ് സർക്കാർ പ്രാഥമികാരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്. കണ്ണോട്ടയിൽ ഒരു ആയൂർവേദ ആശുപത്രി പ്രവർത്തിക്കുന്നു. സർക്കാർ ഹോമിയോ ആശുപത്രി ഉൾപ്പെടെ രണ്ട് ഹോമിയോ ആശുപത്രികളും മാടപ്പള്ളിയിലുണ്ട്. മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, മെഴ്സി ഹോസ്പിറ്റൽ എന്നിവ സ്വകാര്യ മേഖലയിലുള്ള ആതുരാലയങ്ങളാണ്.

വ്യവസായ സ്ഥാപനങ്ങൾ[തിരുത്തുക]

മാടപ്പള്ളി പഞ്ചായത്തിൽ ചെറുകിട വ്യവസായങ്ങൾ ഏറെയുണ്ട്. ചെറുകിട വ്യവസായ രംഗത്ത് റബ്ബറധിഷ്ഠിത വ്യവസായങ്ങളാണ് കൂടുതലും. 23 ഓളം വ്യവസായ യൂണിറ്റുകൾ ഈ രംഗത്തുണ്ട്. ധാന്യസംസ്കരണമാണ് മറ്റൊരു പ്രധാന വ്യവസായം. 13 ധാന്യസംസ്കരണ യൂണിറ്റുകൾ പഞ്ചായത്തിലുണ്ട്. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമ്മാണം, തടിവ്യവസായം, സോഡനിർമ്മാണം തുടങ്ങി മറ്റ് എട്ടോളം ചെറുകിട വ്യവസായ യൂണിറ്റുകളുമുണ്ട്. തെങ്ങണയാണ് പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രം.

പ്രധാന ആരാധനാകേന്ദ്രങ്ങൾ[തിരുത്തുക]

നാനാജാതിമതസ്ഥരുടെ നിരവധി ആരാധനാലയങ്ങളും പഞ്ചായത്തിലുണ്ട്.

 • തെങ്ങണാൽ മഹാദേവക്ഷേത്രം
 • പാലമറ്റം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
 • മാടപ്പള്ളി ഭഗവതിക്ഷേത്രം
 • ചെറുപുഷ്പ ദേവാലയം
 • സെന്റ് തോമസ് പള്ളി
 • സെന്റ് മേരീസ് പള്ളി
 • സെന്റ് ആന്റണീസ് പള്ളി
 • മാമ്മൂട് സി.എസ്.ഐ പള്ളി
 • വെങ്കോട്ട സി.എസ്.ഐ പള്ളി
 • തെങ്ങണാൽ ജുമാമസ്ജിദ്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് മാടപ്പള്ളി
വിസ്തീര്ണ്ണം 24.02 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 30,182
പുരുഷന്മാർ 14,845
സ്ത്രീകൾ 15,337
ജനസാന്ദ്രത 1257
സ്ത്രീ : പുരുഷ അനുപാതം 1033
സാക്ഷരത 96%

പ്രധാന ആഘോഷങ്ങൾ[തിരുത്തുക]

തെങ്ങണാൽ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉൽസവം, മാടപ്പള്ളി ഭഗവതി ക്ഷേത്രതിലെ വിഷു ഉത്സവം, സെന്റ് ആന്റണീസ് പള്ളി പെരുന്നാൾ, മറ്റു പള്ളികളിലെ പെരുനാളുകൾ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ആഘോഷങ്ങൾ.

അവലംബം[തിരുത്തുക]

 1. "മാടപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]