Jump to content

വൈക്കത്തു പാച്ചുമൂത്തത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീലകണ്ഠൻ പരമേശ്വരൻ മൂത്തത്
വൈക്കത്തു പാച്ചുമൂത്തത്
ജനനം
പരമേശ്വരൻ

(1814-06-05)ജൂൺ 5, 1814 [1]
മരണം20 ഓഗസ്റ്റ് 1882(1882-08-20) (പ്രായം 68)[1]
ദേശീയതതിരുവിതാംകൂർ
മറ്റ് പേരുകൾപാച്ചു മൂത്തത്
തൊഴിൽസാഹിത്യകാരൻ, സാമ്പത്തിക വിദഗ്ദ്ധൻ,
തിരുവിതാംകൂറിലെ കൊട്ടാരം വൈദ്യൻ
അറിയപ്പെടുന്നത്മലയാളത്തിലെ ആദ്യത്തെ ബാലസാഹിത്യകാരനും ആത്മകഥാകാരനും,
തിരുവിതാംകൂറിലെ ആദ്യത്തെ ഭാഗ്യക്കുറി നടത്തിപ്പുകാരൻ

വൈദ്യൻ, സാഹിത്യകാരൻ, സാമ്പത്തിക വിദഗ്ദ്ധൻ തുടങ്ങി വിവിധമേഖലകളിൽ കഴിവു തെളിയിച്ച ബഹുമുഖപ്രതിഭയായിരുന്നു വൈക്കത്തു പാച്ചുമൂത്തതു്. വ്യാകരണം, ചരിത്രം, പാഠകം, വേദാന്തം, ജ്യോതിഷം തുടങ്ങിയ വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിന് അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു. ഉത്രംതിരുനാൾ മഹാരാജാവിന്റെ ഭരണകാലത്തു് തിരുവിതാംകൂറിലെ കൊട്ടാരം വൈദ്യനായിരുന്ന വൈക്കത്തു പാച്ചുമൂത്തതാണു് കേരളത്തിൽ ഇന്നത്തെ രീതിയിലുള്ള ആയുർവേദപഠനത്തിനു് തുടക്കം കുറിച്ചതു്.[2] വൈദ്യം പഠിപ്പിക്കാനായി മൂത്തത് തുടങ്ങിയ പാഠശാലയാണ് പിൽക്കാലത്ത് തിരുവനന്തപുരം ആയുർവേദ കോളേജായത്.[3] കൊല്ലവർഷം 1050 ചിങ്ങം 13ന് അദ്ദേഹമാണു് തിരുവിതാംകൂറിൽ ആദ്യമായി ഭാഗ്യക്കുറിക്കു തുടക്കമിട്ടതു്. ഒരു പക്ഷേ സ്വന്തം രൂപം സ്വയം ചിത്രീകരണം (സെൽഫ് പോർട്രെയ്റ്റ്) നടത്തിയ കേരളത്തിലെ ആദ്യത്തെ കലാകാരനായിരുന്നിരിക്കണം പാച്ചു മൂത്തത്. കണ്ണാടിയിൽ നോക്കി സ്വന്തം രൂപം വരച്ചാണ് അദ്ദേഹം ഇതു നിർവഹിച്ചത്.[1]

മലയാളത്തിലെ പ്രഥമ ബാലസാഹിത്യഗ്രന്ഥമായ 'ബാലഭൂഷണം'(1868)[4], ഭാഷാശാസ്ത്ര ഗ്രന്ഥമായ 'കേരള ഭാഷാവ്യാകരണം' എന്നിവയടക്കം മലയാളത്തിലും സംസ്കൃതത്തിലുമായി പതിമൂന്നു് പുസ്തകങ്ങൾ പാച്ചമൂത്തതു് രചിച്ചു.[2] മലയാളത്തിലെ പ്രഥമ ആത്മകഥയും വൈക്കത്തു പാച്ചുമൂത്തതിന്റേതാണു്. [5]

ആദ്യകാല ജീവിതം

[തിരുത്തുക]

വൈക്കം പടിഞ്ഞാറേടത്തു് ഇല്ലത്തു്, ശുചീന്ദ്രപുരത്ത് വട്ടപ്പിള്ളി സ്ഥാനീകനായിരുന്ന നീലകണ്ഠൻ മൂത്തത്തിന്റെ മകനായി കൊല്ലവർഷം 989 ഇടവമാസത്തിൽ (ക്രിസ്തുവർഷം 1814, ജൂൺ 5[1])ൽ ജനിച്ചു. പരമേശ്വരൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. സാധാരണ എഴുത്താശ്ശാന്മാരിൽ നിന്നായിരുന്നു ബാല്യകാലവിദ്യാഭ്യാസം. പ്രായപൂർത്തിയായ കാലത്തു് (കൊല്ലം 1008-1012) വൈക്കത്തെ ശാന്തിയായിരുന്ന നല്ലൂർ നമ്പൂതിരിയിൽനിന്നും ചിത്രമെഴുത്തും വെച്ചൂർ മൂത്തതിന്റെ അടുക്കൽനിന്നും പാഠകകഥനവും തുടർന്നു് (കൊല്ലം 1014-1017)വ്യാകരണം, ജ്യോതിഷം, കവിത തുടങ്ങിയ രംഗങ്ങളിൽ നിപുണനും ചിത്രകല, വീണ എന്നിവയിൽ പരിചിതനുമായ കൊടുങ്ങല്ലൂർ ഇളയതമ്പുരാനിൽനിന്നു് വ്യാകരണവും വീണാവാദനവും അഭ്യസിച്ചു.[6]

വിദ്യാഭ്യാസവഴി

[തിരുത്തുക]
  • 1008 - 1012 ചിത്രരചന (ഗുരു വൈക്കം ശാന്തി നല്ലൂർ നമ്പൂതിരി), പാഠകം പറച്ചിൽ (ഗുരു വെച്ചൂർ മൂത്തതു്)
  • 1014 - 1017 വ്യാകരണം, വീണാവാദനം (ഗുരു കൊടുങ്ങല്ലൂർ ഇളയ തമ്പുരാൻ)
  • 1017- വൈക്കം പാണ്ഡുരംഗശാസ്ത്രികളിൽനിന്നും വ്യാകരണകൗസ്തുഭം, കാവ്യം, നാടകം, അലങ്കാരം.
  • 1018 - അഷ്ടാംഗഹൃദയം (വൈദ്യൻ തിരുനക്കരെ ചൊഴിയത്തു നമ്പൂതിരി). വ്യാകരണം പഠിച്ചുകൊണ്ടിരിക്കേ പാച്ചു മൂത്തതിനു് ദേഹമെമ്പാടും എന്തോ രോഗമുണ്ടായി. രോഗകാരണവും നിവൃത്തിയും സ്വയം അറിയാൻ വേണ്ടിയാണത്രേ ഇടക്കുവെച്ച് വ്യാകരണപഠനം നിർത്തിവെച്ച് വൈദ്യം പഠിക്കാൻ പോയതു്. എന്നാൽ ചികിത്സകൊണ്ടും രോഗം മാറാതെ വൈക്കത്തു് 1020 വരെ ഭജനം ചെയ്തു. 1020-ൽ അദ്ദേഹത്തിനു വസൂരി ബാധിക്കുകയും എന്നാൽ അതിൽനിന്നു സുഖം പ്രാപിക്കുകയും ചെയ്തു.അതോടൊപ്പം മുമ്പുണ്ടായിരുന്ന രോഗവും നിശ്ശേഷം മാറി.
  • 1021 ജ്യോതിഷം (ഗുരു കുമരനല്ലൂർ മൂത്തതു്)[6]

ഔദ്യോഗിക ജീവിതം

[തിരുത്തുക]

ഇക്കാലത്തുതന്നെ അദ്ദേഹം വൈദ്യനായി കൊച്ചിയിലും എറണാകുളത്തും സ്വന്തം തൊഴിലായി ആളുകളെ ചികിത്സിച്ചുപോന്നു. 1028-മാൺറ്റിൽ കൊച്ചി രാജാവിനൊപ്പം കാശി സന്ദർശിച്ച് ഗംഗാസ്നാനം നടത്തുവാൻ അവസരം ലഭിച്ചു. അതോടെ ഒരു വൈദ്യൻ എന്ന നിലയിൽ പരക്കെ അംഗീകരിക്കപ്പെട്ടു. അടുത്ത ഒന്നുരണ്ടുവർഷങ്ങളിൽ അദ്ദേഹം തിരുവിതാംകൂർ രാജാക്കന്മാർക്കും പ്രധാന ഉദ്യോഗസ്ഥന്മാർക്കും ചികിത്സ നടത്തുവാനായി ക്ഷണിക്കപ്പെട്ടു. തുടർന്നു് 1031 മുതൽ തിരുവിതാംകൂറിലെ കൊട്ടാരം വൈദ്യനായി നിയമിതനായി. 1045 ഇടവത്തിൽ ശുചീന്ദ്രം വട്ടപ്പള്ളി സ്ഥാനീകനായി അവരോധിക്കപ്പെട്ടു.

ലോട്ടറിച്ചിട്ടി

[തിരുത്തുക]

ശുചീന്ദ്രം ക്ഷേത്രത്തിന്റെ ഗോപുരത്തിന്റെ അറ്റകുറ്റപ്പണികൾക്ക് പണം കണ്ടെത്താനായിരുന്നു തിരുവിതാംകൂറിലെ ആദ്യത്തെ ലോട്ടറി മൂത്തത് നടത്തിയത്. കൊ.വ. 1050 ചിങ്ങം 13-ന് (CE. 1874) ആയിരുന്നു കേരളത്തിലെ ആദ്യത്തെ ലോട്ടറിക്കുള്ള ഉത്തരവിറങ്ങിയത്. ആക്കാലഘട്ടത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിൻ കീഴിലായിരുന്ന കൽക്കട്ട പോലുള്ള നഗരങ്ങളിൽ ലോട്ടറി ഉണ്ടായിരുന്നു. അറ്റകുറ്റപ്പണികൾക്ക് വേണ്ട നാല്പതിനായിരം രൂപ രാജഭണ്ഡാരത്തിൽ നിന്നും കൊടുക്കാൻ ഇല്ലാതിരുന്നതിനാലാണ് ആ സമയത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ ലോട്ടറി നടത്താനുള്ള അനുമതി മൂത്തതിനു നൽകിയത്. മൂത്തതിന്റെ അഭ്യർത്ഥന പ്രകാരം രൂപ ഒന്നു വീതം വിലയുള്ള ലോട്ടറി അൻപതിനായിരം രൂപാ വിലയിൽ പുറത്തിറക്കുകയായിരുന്നു. [2]

സാഹിത്യപ്രവർത്തനം

[തിരുത്തുക]

കേരളത്തിലെ സംസ്കൃതപണ്ഡിതരായ ആളുകൾ പൊതുവേ അവരുടെ രചനകളും സാഹിത്യവ്യാപാരങ്ങളും സംസ്കൃതത്തിൽ തന്നെ ഒതുക്കിനിർത്തുകയും ജനസാമാന്യത്തിന്റെ ഭാഷയായ മലയാളത്തിനെ പ്രായേണ ഒഴിവാക്കുകയും ചെയ്തിരുന്ന കാലത്തു് വൈക്കം പാച്ചു മൂത്തതു് വ്യത്യസ്തമായ ഒരു പാത വെട്ടിത്തുറന്നു. യൂറോപ്യൻ പാതിരിമാർ മലയാളഭാഷയിൽ വ്യാകരണങ്ങളും നിഘണ്ടുക്കളും പാഠപുസ്തകങ്ങളും പുതുതായി തയ്യാറാക്കിക്കൊണ്ടിരുന്ന കാലഘട്ടമായിരുന്നു അതു്. തുടക്കത്തിൽ സംസ്കൃതഭാഷയിൽ എഴുതിത്തുടങ്ങിയ പാച്ചു മൂത്തതു് ക്രമേണ മലയാളഭാഷയിലേക്കു് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നക്ഷത്രമാലാ, കാശിയാത്രാപ്രബന്ധം, രാമവർമ്മാചരിത്രം, രാജസൂയപ്രബന്ധത്തിന്റെ വ്യാഖ്യാനം, ഹൃദയപ്രിയം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സംസ്കൃതകൃതികൾ.[6]

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ബാലഭൂഷണം എന്ന താളിലുണ്ട്.

മുചുകുന്ദമോക്ഷം ആട്ടക്കഥ (1015), കാശിയാത്രാവർണ്ണനം ഓട്ടൻ‌തുള്ളൽ(1028), ബാലഭൂഷണം(1042), തിരുവിതാംകൂർ ചരിത്രം (1043), കേരളഭാഷാവ്യാകരണം (1051), സുഖസാധകം, സുഖബോധകം, കേരളവിശേഷമാഹാത്മ്യം( 1053)എന്നിവയാണു് പാച്ചു മൂത്തതിന്റെ പ്രധാന മലയാളകൃതികൾ. സംസ്കൃതപദങ്ങളുടെ അതിപ്രസരമില്ലാതെ, സാധാരണക്കാർക്കു മനസ്സിലാക്കാവുന്ന തരത്തിൽ തദ്ദേശീയർ എഴുതി മലയാളത്തിൽ ലഭ്യമായ ആദ്യത്തെ ആധികാരികകൃതികളായിരുന്നു ഇവ എന്നു പറയാം. ആധുനികമലയാളത്തിലെ ആദ്യത്തെ ചരിത്രരചനാശ്രമമായിരുന്നു തിരുവിതാംകൂർ ചരിത്രം. വേണ്ടത്ര സംസ്കൃതവ്യുൽപ്പത്തിയുള്ള ഒരാൾ എഴുതുന്ന ആദ്യത്തെ മലയാളവ്യാകരണഗ്രന്ഥവും പാച്ചു മൂത്തതിന്റേതായിരുന്നു. വിദ്യാഭ്യാസം സാമാന്യജനങ്ങളിലേക്കു് വ്യാപകമായി ഇറങ്ങിച്ചെല്ലണമെന്ന ശക്തമായ ഉൾക്കാഴ്ച്ച അദ്ദേഹത്തിന്റെ പാഠപുസ്തകങ്ങളിൽ കാണാം.[6]

സ്വന്തം മരണത്തെ മുൻ‌കൂട്ടി പ്രതീക്ഷിച്ചിരുന്ന അദ്ദേഹം അവസാന കാലത്ത് തിരിവിതാംകൂർ രാജാവിന് ഇങ്ങനെ ഒരു കത്തെഴുതിയിരുന്നു. "നാലഞ്ചുദിവസങ്ങൾകൂടി അവിടുത്തെ ആശ്രിതത്വത്തിലിരുന്ന് ഈ ലോകസുഖം ത്യജിക്കണമെന്ന് വിചാരിക്കുന്നു. പരമേശ്വരനെ തൃപ്പാദങ്ങളിൽ സമർപ്പിച്ചിരിക്കുന്നു." എന്നാൽ രാജാവിനു കത്തു കിട്ടുന്നതിനു മുൻപു തന്നെ അദ്ദേഹം മരിച്ചു പോയി. കൊ.വ. 1058 ചിങ്ങം 4നു(1882 ഓഗസ്റ്റ് 20) ആണ് അദ്ദേഹം അന്തരിച്ചത്. [2][1]

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 സുബ്രഹ്മണ്യൻ അമ്പാടി (24 ആഗസ്റ്റ്, 2014). "മൂത്തത് അഥവാ ഒന്നാമൻ" (പത്രലേഖനം). മാതൃഭൂമി. Archived from the original on 2014-08-25. Retrieved ആഗസ്റ്റ് 25, 2014. {{cite news}}: Check date values in: |accessdate= and |date= (help); Cite has empty unknown parameter: |10= (help)
  2. 2.0 2.1 2.2 2.3 "കേരളത്തിൽ ആദ്യമായി 'ലോട്ടറി' നടത്തിയ വൈക്കത്ത് പാച്ചുമൂത്തത്". മാതൃഭൂമി ദിനപത്രം. 2013 മേയ് 13. Archived from the original on 2014-08-25. Retrieved 2013-11-02. {{cite news}}: Check date values in: |date= (help)
  3. "ആദ്യത്തെ ഭാഗ്യക്കുറി ക്ഷേത്രഗോപുര നിർമ്മാണത്തിന്". മാതൃഭൂമി ദിനപത്രം. 25 ജൂൺ 2012. Archived from the original on 2014-08-25. Retrieved ആഗസ്റ്റ് 25, 2014. {{cite news}}: Check date values in: |accessdate= (help)
  4. ബി.സി. ഖാദർ. "കുട്ടികൾക്കുവേണ്ടി എഴുതുമ്പോൾ". ദേശാഭിമാനി വാരിക. Archived from the original on 2013-11-04. Retrieved 2013-11-02.
  5. "MGU വാർത്ത". Archived from the original on 2014-08-25. Retrieved 2013-11-02.
  6. 6.0 6.1 6.2 6.3 മലയാളഭാഷാചരിത്രം (1881) - പി. ഗോവിന്ദപ്പിള്ള

പുറം കണ്ണികൾ

[തിരുത്തുക]