കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ വൈക്കം ബ്ളോക്കിൽ വടക്കേമുറി, നടുവില വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 20.15 വിസ്തീർണ്ണമുള്ള ഉദയനാപുരം ഗ്രാമപഞ്ചായത്ത്. പട്ടികജാതിയിൽപ്പെട്ട വനിതകൾക്കായി പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്യപ്പെട്ടിട്ടുള്ള അപൂർവ്വം പഞ്ചായത്തുകളിൽ ഉദയനാപുരവും പെടുന്നു. വടക്കേമുറി, നടുവിലെ എന്നീ വില്ലേജുകളിൽ കയറിയിറങ്ങിക്കിടക്കുന്ന ഈ പഞ്ചായത്ത് ആദ്യമായി രൂപം കൊണ്ടത് 1953 ആഗസ്റ്റ് 15-നാണ്. അന്ന് എട്ടു വാർഡുകളും 9 സീറ്റുമുള്ള പഞ്ചായത്ത് പ്രവർത്തനമാരംഭിച്ചത് പിതൃകുന്നം ക്ഷേത്രത്തിന് തെക്ക് വശമുള്ള വിദ്വാൻ എ.കെ പത്മനാഭപിള്ളയുടെ വാടകച്ചാവടിയിലാണ്. പിന്നീടാണ് ഇത്തിപ്പുഴയിലുള്ള എസ്.എൻ.ഡി.പി യോഗം വക കെട്ടിടത്തിലേക്ക് ഓഫീസിന്റെ പ്രവർത്തനം മാറ്റിയത്. ഉള്ളാടപ്പള്ളീൽ എം.പവിത്രനായിരുന്നു ആദ്യത്തെ പ്രസിഡന്റ്. ചരിത്ര പ്രധാനമായ വൈക്കം പട്ടണത്തിന്റെ വടക്കും കിഴക്കുമായി കിടക്കുന്ന ഒരു ഗ്രാമപ്രദേശമാണ് ഉദയനാപുരം.ഇപ്പോൾ വല്ലകത്താണ് പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നത്. വടക്ക് ഇത്തിപ്പുഴയാറും പടിഞ്ഞാറ് വേമ്പനാട് കായലും തെക്ക് വൈക്കം നഗരസഭയും കിഴക്ക് തലയോലപ്പറമ്പ് പഞ്ചായത്തും ആണ് അതിരുകൾ