തീക്കോയി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തീക്കോയി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°42′10″N 76°50′43″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾമംഗളഗിരി, തീക്കോയി എസ്റ്റേറ്റ്, അറുകോൺമല, തീക്കോയി ടൌൺ, വെള്ളികുളം, മലമേൽ, ഒറ്റയീട്ടി, കാരികാട്, ചേരിമല, പഞ്ചായത്ത് ജംഗ്ഷൻ, വേലത്തുശ്ശേരി, വാഗമറ്റം, ആനിയിളപ്പ്
വിസ്തീർണ്ണം33.48 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ10,272 (2001) Edit this on Wikidata
• പുരുഷന്മാർ • 5,127 (2001) Edit this on Wikidata
• സ്ത്രീകൾ • 5,145 (2001) Edit this on Wikidata
സാക്ഷരത നിരക്ക്95 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
LSG കോഡ്G050607

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട ബ്ളോക്കിൽ തീക്കോയി, പൂഞ്ഞാർ വടക്കേക്കര വില്ലേജിന്റെ ഒരു ഭാഗം, പൂഞ്ഞാർ നടുഭാഗം വില്ലേജിന്റെ ഒരു ഭാഗം എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 27.19 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തീക്കോയി ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ പഞ്ചായത്തുകൾ
  • വടക്ക് -തലനാട് പഞ്ചായത്ത്
  • കിഴക്ക് - ഇടുക്കി ജില്ലയിൽപ്പെട്ട ഏലപ്പാറ പഞ്ചായത്ത്
  • പടിഞ്ഞാറ് - ഈരാറ്റുപേട്ട, തലപ്പലം, മൂന്നിലവ് പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

തീക്കോയി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]

  • അറുകോൺമല
  • തീക്കോയി ടൌൺ
  • മംഗളഗിരി
  • തീക്കോയി എസ്റ്റേറ്റ്
  • ഒറ്റയീട്ടി
  • കാരികാട്
  • വെള്ളികുളം
  • മലമേൽ
  • വേലത്തുശ്ശേരി
  • വാഗമറ്റം
  • ചേരിമല
  • പഞ്ചായത്ത് ജംഗ്ഷൻ
  • ആനിയിളപ്പ്

ചരിത്രം[തിരുത്തുക]

മുമ്പ് പൂഞ്ഞാർ രാജകുടുംബത്തിന്റെ കീഴിൽ, കീഴ്ക്കോയിക്കൽ എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് പില്ക്കാലത്ത് തീക്കോയി ആയി മാറിയതെന്നാണ് വിശ്വാസം. വെള്ളക്കാരാണ് ഈ പ്രദേശത്തിന് തീക്കോയി എന്ന പേരു നല്കിയത് എന്ന പ്രബലമായ മറ്റൊരു വാദവും നിലവിലുണ്ട്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്ന ഗോക്കല്ല് എന്ന പേരിൽ അറിയപ്പെടുന്ന 7 അടി നീളവും 5 അടി വീതിയുമുള്ള ശിലാപാളികൾ കൊണ്ടു നിർമിച്ച ശവക്കല്ലറകൾ ശിലായുഗം മുതൽ ഈ പ്രദേശം മനുഷ്യവാസ കേന്ദ്രമായിരുന്നെന്ന് സമർഥിക്കുന്നു.

1908-ൽ ഇംഗ്ലണ്ടിലെ സാറാസ്മെയിൻ കമ്പനി തീക്കോയിയിൽ റബ്ബർ തോട്ടം ആരംഭിക്കുകയും 1939-ൽ കമ്പനി ഈരാറ്റുപേട്ടയിൽ നിന്ന് തീക്കോയിയിലേക്ക് ഒരു റോഡു നിർമ്മിക്കുകയും ചെയ്തു. കാളവണ്ടികളും പോത്തുവണ്ടികളുമായിരുന്നു അക്കാലത്തെ പ്രധാന വാഹനങ്ങൾ. 1940-ൽ തീക്കോയിയിൽ ആദ്യമായി കമ്പനി മാനേജരുടെ വക മോട്ടോർകാർ എത്തി. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ഏക തേയില ഫാക്റ്ററി തീക്കോയിയിലാണ് (1966). വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രത്യേകിച്ചും സ്കൂളുകൾ, സർവീസ് സഹകരണ ബാങ്ക്, കോ-ഓപ്പറേറ്റീവ് ടീ ഫാക്റ്ററി, ക്ഷീരോത്പാദക സഹകരണ സംഘം, പോസ്റ്റ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് തുടങ്ങിയവ തീക്കോയിയിലെ പ്രധാന സർക്കാർ സ്ഥാപനങ്ങളാണ്. വിവിധ ദേവാലയങ്ങൾ ഉള്ള ഇവിടത്തെ പൂരമഹോത്സവവും അമ്മൻ കൊടയും ശ്രദ്ധേയമാണ്.

    തീക്കോയിയുടെ ചരിത്രത്തിൽ ശ്രദ്ധേയമായ പങ്കു വഹിച്ച ഒന്നാണ് എവറസ്റ്റ് ഹോട്ടൽ. തീക്കോയിൽ നിന്നും വാഗമണ്ണിലേയ്ക്ക് ആളുകൾ കാൽനടയായി യാത്ര ചെയ്തിരുന്ന കാലത്ത് boarding&lodging സൗകര്യത്തോടെ പ്രവർത്തിച്ചിരുന്ന ഹോട്ടൽ ആണിത്. എവറസ്റ്റ് ചാക്കോച്ചൻ എന്ന് അറിയപ്പെട്ടിരുന്ന ജേക്കബ് ഡി മണ്ണൂർ ആയിരുന്നു ഈ ഹോട്ടലിന്റെ ഉടമസ്ഥൻ. ഒരു കാലത്ത് വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ഇവിടുത്തെ സന്ദർശകർ ആയിരുന്നു. ഹോട്ടൽ ഉടമസ്ഥൻ ആയിരുന്ന എവറസ്റ്റ് ചാക്കോച്ചന്റെ തറവാട് സ്ഥിതി ചെയ്തിരുന്ന സ്ഥലം ഇന്നും എവറസ്റ്റ്‌ വളവ് എന്നാണ് അറിയപ്പെടുന്നത്. ഈരാറ്റുപേട്ട വാഗമൺ റോഡിൽ തീക്കോയിൽ നിന്നും മൂന്ന് കിലോമീറ്റർ മാറിയാണ് എവറസ്റ്റ് വളവ്.

ഭൂപ്രകൃതി[തിരുത്തുക]

പൂർണമായും മലനാട് മേഖലയിൽ ഉൾപ്പെടുന്ന കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശത്ത്, ഇടുക്കി ജില്ലയോട് ചേർന്നു കിടക്കുന്ന തീക്കോയിയുടെ ഭൂരിഭാഗത്തിനും മലകളും മലഞ്ചരിവുകളും നിറഞ്ഞ ഭൂപ്രകൃതിയാണ്. ഇടുക്കി ജില്ലയോടു ചേർന്ന ഭാഗങ്ങളിൽ പുല്ലു മാത്രം വളരുന്ന പാറക്കെട്ടുകളും കിഴക്കൻ മേഖലയിൽ ഗ്രാനൈറ്റ് ശിലാസമൂഹവും കാണാം. പൊതുവേ ലാറ്ററൈറ്റ് ഇനത്തിൽപ്പെട്ട മണ്ണ് കാണപ്പെടുന്ന ഈ പഞ്ചായത്തിന്റെ ചിലയിടങ്ങളിൽ കറുത്ത മണ്ണും കല്ലു കലർന്ന ചെമ്മണ്ണുമാണുള്ളത്. എല്ലായിനം വിളകൾക്കും അനുയോജ്യമാണെങ്കിലും റബ്ബർ, തെങ്ങ്, കുരുമുളക്, ജാതി, ഗ്രാമ്പു, കാപ്പി, ഇഞ്ചി, മഞ്ഞൾ, മരച്ചീനി, പച്ചക്കറികൾ എന്നിവയാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. വനങ്ങളിൽ മാത്രം കാണപ്പെടുന്ന വീട്ടി, തേക്ക്, ഇരുൾ, വേങ്ങ, പാല, മരുത്, കരിമരുത്, കടമ്പ്, മുള്ളുവേങ്ങ തുടങ്ങിയ വൃക്ഷങ്ങളും നിരവധി ഔഷധ സസ്യങ്ങളും ഈ പ്രദേശത്ത് വളരുന്നുണ്ട്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വെരുക്, തേവാങ്ക് എന്നീ മൃഗങ്ങളേയും നിരവധി അപൂർവയിനം പക്ഷികളേയും ഈ പ്രദേശത്ത് കാണാം.

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് ഈരാറ്റുപേട്ട
വിസ്തീര്ണ്ണം 27.19 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 10,272
പുരുഷന്മാർ 5127
സ്ത്രീകൾ 5145
ജനസാന്ദ്രത 378
സ്ത്രീ : പുരുഷ അനുപാതം 1004
സാക്ഷരത 95%

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തീക്കോയി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. "തീക്കോയി ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]