തലയോലപ്പറമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അപ്പർ കുട്ടനാട് പാടശേഖരം തലയോലപ്പറമ്പിൻറെ കൂടിഭാഗമാണ്. ഇവിടെ നെൽകൃഷി പുരാതന കാലം മുതൽ നില നിന്നിരുന്നു. തെങ്ങ്. കൗവുങ്ങ്. കപ്പ തുടങ്ങി കാർഷിക വിളകൾ തലയോലപ്പറമ്പിൽ പരമ്പരകതാമായി ചെയ്തിരുന്നു. കുരുമുളക് കൊക്കോ ജാതിക്ക തുടങ്ങിയ നാണ്യവിളകൾ തലയോലപ്പറമ്പിൽ നിലനിന്നിരുന്നു. യാതൊരു ഉൽപ്പാദന ചെലവും ഇല്ലാതെ തഴച്ചുവളരുന്ന കുവ്വ ചെടിയിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന കുവ്വപ്പൊടി വൈക്കം താലൂക്കിൽ ധാരാളം നിലനിന്നിരുന്നു.. അതിൻറെ എൺപത് ശദമാനവും വന്നെത്തിയുരുന്നത്.. തലയോലപ്പറമ്പിൽ ആണ്... അതു ശേഖരിച്ച് സംസ്കരിച്ച്‌ രാജ്യത്തിന്റെ പലഭാഗത്തും വിപണനം ച്യ്തിരുന്നത് സാമൂഹിക പ്രവർത്തകനും വ്യാവസായിയും ആയിരുന്ന എം.ഏ.മുഹമ്മദ് ആണ്. പത്തോളം വരുന്ന സ്ത്രീ തൊഴിലാളികൾ മൂന്ന്‌ നാല് പുരുഷ തൊഴിലാളികൽ എം ഏ മുഹമ്മദ് ൻറെ സംസ്ക്കരണ യുണിറ്റിൽ ജോലി ചെയ്തിരുന്നു. എം ഏ മുഹമ്മദിന് അപ്പർകുട്ടനാട് കോലത്താർ ബ്ലോക്കിലെ മികച്ച കർഷക അവാർഡ് ലഭിച്ചുട്ടുണ്ട്... തലയോലപ്പറമ്പില് ചന്ത ദിവസമായ ശനി ചൊവ്വാ ദിവസം, എം ഏ യുടെ വീട്ടിൽ ഒരു സാമാന്തര ചന്ത തന്നെ രൂപപെടും... യാതൊരു വളമോ, ജലസേചനമോ, കൃഷി ഇറക്കാലോ ഇല്ലാതെ തഴച്ചുവളരുന്ന കുവ്വ വിളഞ്ഞാൽ അത് കുത്തി എടുത്ത് സംസ്കരിച്ചു കുവ്വ പൊടിയാക്കി വിപണനം ചെയ്തു സംമ്പാതിക്കുന്നത് വീട്ടമ്മമാർ ആയിരുന്നു.. ഇന്ന് തരിശുകിടക്കുന്ന ഭൂമിയുടെ കുറവ് കുവ്വക്ക് വംശനാശം സംഭവിക്കാൻ കാരണം ആയി.

തലയോലപ്പറമ്പ്
Kerala locator map.svg
Red pog.svg
തലയോലപ്പറമ്പ്
9°47′10″N 76°26′37″E / 9.786099°N 76.443644°E / 9.786099; 76.443644
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോട്ടയം
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
' 686 605
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
686 605
+04829
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ഡി ബീ കോളേജ്, ജന്റിൽമാൻ ചിറ്റിസ് ,

കോട്ടയം ജില്ലയിലെ വൈക്കം താലുക്കിൽ പെടുന്ന പഞ്ചായത്താണ് തലയോലപ്പറമ്പ്. എറണാകുളം - കോട്ടയം പാതയിലായി തലയോലപ്പറമ്പ് സ്ഥിതിചെയ്യുന്നു.

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ കടുത്തുരുത്തി ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്. 20.63 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ തെക്ക് തലയാഴം, കല്ലറ, കടുത്തുരുത്തി പഞ്ചായത്തുകൾ, വടക്ക് മുളക്കുളം, വെള്ളൂർ പഞ്ചായത്തുകൾ, കിഴക്ക് മുളക്കുളം, കടുത്തുരുത്തി പഞ്ചായത്തുകൾ, പടിഞ്ഞാറ് മറവൻതുരുത്ത്, വെള്ളൂർ, ഉദയനാപുരം പഞ്ചായത്തുകൾ എന്നിവയാണ് [1]. ഈ ഗ്രാമത്തിന്റെ സമൃദ്ധിക്ക് നിദാനം മൂവാറ്റുപുഴയാറാണ്. ഈ ഗ്രാമത്തിന്റെ ചരിത്രം സംഭവബഹുലമാണ്. തലയെടുപ്പുള്ള സാഹിത്യ സാംസ്കാരിക രാഷ്ട്രീയ നായകൻമാരുടെ ജന്മനാടെന്ന നിലയിലും തലയോലപ്പറമ്പ് ശ്രദ്ധ നേടി. പ്രസിദ്ധസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ, തിരുവിതാംകൂർ നിയമസഭാ സ്പീക്കർ, തിരു-കൊച്ചി മുഖ്യമന്ത്രി, മദ്രാസ് ഗവർണ്ണർ എന്നീ സ്ഥാനങ്ങൾ അലങ്കരിച്ച എ. ജെ. ജോൺ, ആനാപ്പറമ്പിൽ, നിയമസഭാ സാമാജികൻ, പഞ്ചായത്ത് പ്രസിഡന്റ്, സാമുദായിക നേതാവ് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കെ.ആർ. നാരായണൻ എന്നിവർ ഈ നാട്ടുകാരായിരുന്നു.

തലയോലപ്പറമ്പ് ചന്തയുടെ സ്ഥാപകൻ തിരുവിതാംകൂറിൽ ദളവയായിരുന്ന വേലുത്തമ്പി ദളവയാണ്. ആഴ്ചയിൽ രണ്ടു വട്ടം, ചൊവ്വ, ശനി ദിവസങ്ങളിലാണ് ചന്ത പ്രവർത്തിക്കുന്നത്.

//തലയോലപ്പറമ്പ് ചന്ത..!//

#തലയോലപ്പറമ്പ്_ചന്ത..!

തലയോലപ്പറമ്പുകാരുടെ സ്വകാര്യ അഭിമാനമാണ് തലയോലപ്പറമ്പിലുള്ള ചന്ത..,തിരുവിതാംകൂർ രാജ്യത്തിൻ്റെ ദിവാൻ ആയിരുന്ന വേലുത്തമ്പി ദളവ 1800 കളുടെ ആരംഭത്തിൽ സ്ഥാപിച്ച മൂന്ന് പ്രധാന ചന്തകളിൽ ഒന്നാണ് തലയോലപ്പറമ്പ് ചന്ത..,, ആലങ്ങാടും, ചങ്ങനാശ്ശേരിയുമാണ് മറ്റു രണ്ടെണ്ണം ..ഒരേ സമയം കരമാർഗ്ഗവും, ജലമാർഗ്ഗവും എത്തിച്ചേരാവുന്ന സ്ഥലം എന്ന നിലയിലും ഇടനാടും തീരപ്രദേശവും കൂടി ചേരുന്ന സ്ഥലം എന്ന നിലയ്ക്കും ഈ മൂന്ന് സ്ഥലങ്ങൾക്കും പ്രത്യേകതയും ഉണ്ടായിരുന്നു.കുട്ടനാടിന്റെ ഏറ്റവും വടക്കേ അതിർത്തി ആയ തലയോലപ്പറമ്പ് ആ നിലയ്ക്കും പ്രശസ്തമാണ്. തലയോലപറമ്പ് എന്നേ പേരുപോലും ഈ പ്രത്യേകതയിൽ നിന്നും ഉണ്ടായതായും പറയപ്പെടുന്നു.എന്തായാലും ചന്ത സ്ഥാപിച്ചതോടെ കച്ചവടക്കാരായി 15 കൃസ്തൻ കുടുംബങ്ങളെ ആലപ്പുഴ- കടുത്തുരുത്തി പ്രദേശങ്ങളിൽ നിന്നും ഇവിടെ കൊണ്ടുവന്നതായും അതിന് മുൻകൈ എടുത്തത് രാജാവ് തന്നെ ആയിരുന്നെന്നും പറയപ്പെടുന്നു. കച്ചവട താല്പര്യമുളള കുടുംബങ്ങളും ആർക്കാരും ആയിരുന്നതിനാൽ തലയോലപ്പറമ്പിലെ ചന്ത വളരെ പെട്ടെന്ന് തന്നെ പ്രശസ്തമായി. ആദ്യ കാലങ്ങളിൽ ചന്തയുടെ സ്ഥാനം ഇപ്പോൾ തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന പടിഞ്ഞാെറെ ജംഗ്ഷനായിരുന്നു. കുറുന്തുറപുഴ എന്ന മുവാറ്റപുഴയാറിന്റെ കൈവഴിയുടെ തീരത്തായിരുന്നു അന്നത്തെ ചന്ത. പിന്നീട് അപ്പർ കുട്ടനാടിന്റെ കൃഷി ആവശ്യങ്ങൾക്കായി മുവാറ്റുപുഴ ആറ്റിൽ നിന്ന് പാടശേഖരത്തിലേക്ക് കനാൽ വെട്ടിയതോടെ ചന്തയുടെ സ്ഥാനം കൂടുതൽ സൗകര്യപ്രദമായ കിഴക്കേ കവല മുതൽ ആയി. കനാലിലൂടെ സുഗമമായി വളളങ്ങൾ മുഖേന ചരക്കുകൾ കൊണ്ടുവരാമെന്നതും കിഴക്ക് പ്രദേശങ്ങളിൽ നിന്ന് വരുന്ന കാളവണ്ടികൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടതില്ല എന്നതിനാലും ചന്ത കിഴക്കേ ജംഗ്ഷനിലേക്ക് സ്വാഭാവികമായി നീണ്ടു.പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്നും വരുന്ന പ്രധാന ചരക്കുകളായ തഴപ്പായ, കയർ, മീൻ തുടങ്ങിയവയുടെ കച്ചവട ഭാഗങ്ങൾ പടിഞ്ഞാെറെ കവലയിലും കിഴക്കൻ ദിക്കുകളിൽ നിന്നുളള കിഴങ്ങ്, പച്ചക്കറി, കപ്പക്കോലു, വാഴക്കായ, ചക്കതുടങ്ങിയവയുടെയൊക്കെ കച്ചവട ഭാഗമായി കിഴക്കേ പ്രദേശവും വളർന്നുപള്ളിക്കവലയിൽ സെന്റ് ജോർജിന്റെ നാമധേയത്തിൽ സ്ഥാപിതമായ കുരിശു പളളിയും ക്രിസ്ത്യൻ പ്രദേശവും കിഴക്കേ കവല കേന്ദ്രീ കരിച്ചായിരുന്നു. ചന്തേൽപള്ളി എന്ന് അറിയെടുന്ന ഈ പള്ളിയുടെ മുൻവശത്തുണ്ടായിരുന്ന ആൽമരം മുതൽ പടിഞ്ഞാറേ കവലയിലെ പോലീസ് ഔട്ട് പോസ്റ്റു വരെയുള്ള ഒരു കിലോമീറ്ററിലധികം ദൂരത്തിൽ കാലക്രമേണ ചന്തയുടെ വിസ്തൃതി പരന്നു.ചൊവ്വാഴ്ചയും ശനിയാഴ്ചയും ആയിരുന്നു ഇവിടുത്തെ ചന്ത ദിവസങ്ങൾ...സാധാരണ ദിവസങ്ങളിലെ അന്തിച്ചന്തയും ഇവിടെ ഉണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ അപ്പർകുട്ടനാടിൻെറ ഭാഗമായ എഴുമാന്തുരുത്ത് ഭാഗത്തുനിന്ന് മനുഷ്യനിർമ്മിതമായ പുത്തൻതോട്ടിലൂടെ ചെറിയ വള്ളങ്ങളിൽ പഞ്ചായത്തു കടവിൽ എത്തിക്കുന്ന പുല്ലുകെട്ടും താമരപ്പൂവും മുതൽ പ്ലാവിലയും, കപ്പയും, തേങ്ങയും (വിൽപ്പനക്കായി തേങ്ങാ ഉടച്ച് ചിരട്ടയിൽ നിന്നും കൊത്തി വച്ചിരിക്കുന്ന തേങ്ങാപ്പൂൾ വരെയുണ്ടായിരുന്നു....!!), മുതൽ കടപ്പുറത്തു നിന്ന് ചന്തയിൽ (അക്കാലങ്ങളിൽ മിക്കവാറും കടപ്പുറത്തു നിന്ന് നേരിട്ടെത്തിക്കുന്ന തരത്തിലായിരുന്നു.) എത്തിക്കുന്ന മീൻ വരെ ആയിരുന്നു സാധാരണ ദിവസങ്ങളിലെ അന്തി ചന്തയിൽ എത്തുന്ന പ്രധാന വിഭവങ്ങൾ....കൂടാതെ സ്ഥിര സ്വഭാവത്തോടു കൂടിയ പലചരക്കുകടയും,, പച്ചക്കറികടയും, വിളക്കുകളും, കൊട്ടയും, മുറവുമെല്ലാം വിൽക്കുന്ന പാട്ടക്കടകളും എല്ലാം ചന്തയുടെ ഭാഗം തന്നെ ആയിരുന്നു....തലയോലപ്പറമ്പിലെ ആദ്യ ഷോപ്പിംഗ് കോംപ്ലക്സ് എന്നു പറയാവുന്ന കെട്ടിടം തലയോലപ്പറമ്പ് സെൻറ് ജോർജ് പളളിയുടെ വകയായുള്ള സെന്റ് ജോർജ് ഷോപ്പിംഗ് കോംപ്ലക്സാണ്. ഈ കെട്ടിടം പണിയുന്നതിനു മുന്നേ തന്നെ തോട്ടുപുറം കുര്യൻ ചേട്ടന്റെ പലചരക്കുകടയും ഭാസ്കരൻ ചേട്ടന്റെ ഫാൻസിസ്റ്റോർ തുണിക്കടയുമെല്ലാം പല നിലകളുള്ള കോൺക്രീറ്റ് കെട്ടിടത്തിൽ ആയിരുന്നു സ്ഥിതി ചെയ്തിരുന്നതെങ്കിലും അതെല്ലാം ഒരു കടക്ക് വേണ്ടി മാത്രമുള്ള കെട്ടിടങ്ങളായിരുന്നു...!സെന്റ് ജോർജ് ഷോപ്പിംഗ് സെന്റർ വന്നതോടെ ഭാസ്കരൻ ചേട്ടന്റെ പുകയില-മുട്ടക്കടയും, മാത്യു ചേട്ടന്റെ OK സ്റ്റോഴ്സും, അശോകൻ ചേട്ടന്റെ ബിജു ടെക്സ്റ്റയിൽസും, കുഞ്ഞേട്ടന്റെ ജിമ്മി ടെയ്ലറിംഗും, സാക്ഷാൽ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരൻ ഹനീഫിക്കയുടെ ഹനീഫാ ടെയ്ലറിംഗ് ഷോപ്പും, മിനർവ റൊട്ടിക്കടയുമെല്ലാം കൂടി ചേർന്നുള വലിയൊരു വ്യാപാര സമുച്ചയമായിരുന്നു അന്ന് ഈ ഷോപ്പിംഗ് കോംപ്ലക്സ്...ഈ കെട്ടിടമാണ്, തലയോലപ്പറമ്പിന്റെ ആധുനിക ഭാവത്തിന്റെ ആരംഭം എന്നു തന്നെ പറയാം..ഇനി ചന്ത ദിവസങ്ങളിലെ കഥയോ..?അന്നത്തെ കാലത്ത് ചന്തയിലേക്കു വിഭവങ്ങൾ കൂടുതലായും എത്തിയിരുന്നത് ജലമാർഗ്ഗമായിരുന്നു...!പുത്തൻതോട്ടിലെ കൽപ്പടവുകൾക്കരുകിൽ കെട്ടി നിർത്തിയിരുന്ന അരി കയറ്റിയ കൂറ്റൻ വള്ളങ്ങളും, വഴക്കുലയും, പച്ചക്കറികയും കയറ്റി വന്നിരുന്ന ഇടത്തരം വളളങ്ങളും ഇവിടുത്തെ സ്ഥിരം കാഴ്ച ആയിരുന്നു ..!!പിന്നെയുള്ളത് കാളവണ്ടികളാണ്.. പ്രദേശത്തിന്റെ കിഴക്കൻ ദിക്കുകളായ കീഴൂർ, പെരുവ, കടുത്തുരുത്തി, കാപ്പുംതല, ഞീഴൂർ ഭാഗങ്ങളിൽ നിന്നും പച്ചക്കറികളും, കിഴങ്ങുവർഗ്ഗങ്ങളും കൂടുതലായി കൊണ്ടുവന്നിരുന്നത് കാളക്കുട്ടൻമാർ വലിച്ചിരുന്ന വലിയ കാളവണ്ടികളിലായിരുന്നു. കട കട ശബ്ദം കേൾപ്പിച്ച് മണിയും കിലുക്കി അരിക്ക്ലാമ്പ് എന്നറിയപ്പെടുന്ന, മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്ന ചില്ല് വിളക്കുകളും തെളിയിച്ച് പോകുന്ന വഴികളിലെല്ലാം തന്റെ ഇരുമ്പ് ചക്രത്തിന്റെ സമാന്തരമായ നീളൻ വരകൾ ഉണ്ടാക്കിയായിരുന്നു കാളവണ്ടികളുടെ വരവും പോക്കും.....തിരികെ പൊകുമ്പോൾ പലചരക്കു ചാക്കുകളും ഉപ്പു ചാക്കുകളും കയററി അതാതു പ്രദേശത്തെക്കുള്ള ട്രാൻസ്പോർട്ടിംഗ് ഏജൻസി വാഹനമായും പ്രവർത്തിച്ചിരുന്ന ദ്വിമുഖ പ്രതിഭ ആയിരുന്നു ഈ കാളവണ്ടികൾ.. പിന്നെയുള്ള വാഹനങ്ങൾ ഡ്രൈവറും കിളിയും (സാധനങ്ങൾ കയറ്റി ജീപ്പിന്റെ പുറകിൽ പിടിച്ചു നിൽക്കുന്ന കിളിയെന്ന് പരക്കെ അറിയപ്പെട്ടിരുന്ന ഇവർക്കുള്ള ഗമയൊന്നും ഇന്നത്തെ ഒരു വണ്ടിയിൽ യാത്ര ചെയ്താലും ആർക്കും കിട്ടില്ല...!!) ഉള്ള മഹീന്ദ്രയുടെ കൂപ്പർ ജീപ്പും, സ്റ്റാൻറേർഡ് കമ്പനിയുടെ ടെമ്പോകളും, കൈവണ്ടി എന്നറിയപ്പെടുന്ന ഉന്തുവണ്ടികളും ആയിരുന്നു.ചന്ത ദിവസങ്ങളായ ചൊവ്വയും ശനിയും കാളവണ്ടികൾ നിർത്തിയിട്ടിരുന്ന സ്ഥലം പള്ളിയുടെ മുൻവശത്തെ വെളിം പ്രദേശമായിരുന്നു. ഈ ഭാഗം കഴിഞ്ഞാൽ ചേന, ചേമ്പ്, കാച്ചിൽ, കിഴങ്ങ് തുടങ്ങിയവ കർഷകർ കൊണ്ടുവന്ന് വിൽപ്പന നടത്തുന്ന സ്ഥലമാണ്... റോഡിനിരുവശത്തും ഇതിന്റെ കൂടെ ചിലർ തങ്ങളുടെ കൃഷിയിടത്തിലെ പാവക്കായും, അച്ചിങ്ങയും, തടപ്പയറും, വെള്ളരിക്ക, തടിയൻ കുമ്പളങ്ങ തുടങ്ങിയവയും വിൽപ്പനക്ക് വച്ചിരുന്നു.നമുക്ക് ഇപ്പോൾ ചിരി വരാവുന്ന വിധത്തിൽ പച്ച കപ്പളങ്ങയും, ചെറിയ ചേമ്പിന്റെ വിത്തും, കറിവേപ്പിലയും ഉൾപ്പടെ പല നാട്ടിൻപുറ വിളകളും ഈ ഭാഗത്ത് വിൽപ്പനക്കെത്തിച്ചിരുന്നു. കൂടാതെ സിലോൺ, പത്തിനെട്ട് തുടങ്ങി പല ഇനത്തിലുള്ള കപ്പക്കമ്പുകൾ കെട്ടുകണക്കിന് വിൽക്കുവാൻ വച്ചിരുന്നിടം ആയിരുന്നു ഇവിടെ., വള്ളം ഊന്നുവാനുള്ള നീളൻ മുളകളുടേയും, ഉപ്പ്, ഇറച്ചി, മീൻ മുതലായവ പൊതിയുവാൻ ഉപയോഗിച്ചിരുന്ന തേക്കിലയുടെയും കച്ചവടം ഇവിടെയുള്ള പാലത്തിന്റെ ഓരം ചേർന്നായിരുന്നു. കൂടാതെ കീറി ഉണക്കിയ കെട്ടുകണക്കിന് വാഴവള്ളിയുടെ കച്ചവടവും ഇവിടുത്തെ പ്രത്യേകതയായിരുന്നു.ഇതു കഴിഞ്ഞാൽ പിന്നെ വാഴക്കുല വിൽക്കുന്ന സ്ഥലമായി. നാടൻ ഇനങ്ങളായ പാളയൻകുടനും, ചാരം കെട്ടിയും, ഞാലിപ്പൂവനും, പച്ചപ്പടച്ചിയും, ഏത്തനും, പൂവനും തുടങ്ങി പലിവിധത്തിലുള്ളതായ കായകൾ വിൽപ്പനക്കായി നിറഞ്ഞ പ്രദേശം... എന്തുകൊണ്ടൊ റോബസ്റ്റകൾ ആ കാലങ്ങളിൽ അത്ര സാധാരണവും അല്ലായിരുന്നു.വാഴക്കുല വിൽക്കുന്ന സ്ഥലം കഴിഞ്ഞാൽ പിന്നെ പച്ചക്കറി വിൽക്കുന്നതിനായി ചന്ത ദിവസങ്ങളിൽ മാത്രമുള്ള താല്ക്കാലിക കടകളായി. നീളമുള്ള മുളകളുടെ ഒരു വശം ചേർത്ത് കെട്ടി അവ അകത്തി വച്ച് മുക്കാലികളാക്കി അതിൽ ത്രാസും തൂക്കി പച്ചക്കറികൾ നിലത്ത് കൂന കൂട്ടി വച്ച് വിറ്റിരുന്നവർ.. മാങ്ങാ വിൽക്കുന്നവർ, കന്നാര ചക്കയും, കടച്ചക്കയും വിൽക്കുന്നവർ.. എല്ലാം ഇവിടത്തെ കച്ചവടക്കാരാണ്... കപ്പ മന്ന് എന്നറിയപ്പെട്ടിരുന്ന അളവ് കണക്കിന് വിറ്റിരുന്ന സ്ഥലവും ഇതു തന്നെ ആയിരുന്നു. ഇവിടുത്തെ ഭാഗത്താണ് ചുമട്ടുകാർ കൂടുതലായി 'ഓഹോയ്.. ഓഹോയ്" എന്നും, "ഹോയ്.. വണ്ടി, ഉന്തുവണ്ടി " എന്നുമൊക്കെ പറഞ്ഞ് വല്ലക്കുട്ടയിലും, ഉന്തുവണ്ടികളിലും നിറയെ സാധനങ്ങളുമായി പോയിരുന്നത്.ഈ പ്രദേശത്തെക്കുറിച്ച് പറയുമ്പോൾ ചന്തയുടെ ഭാഗമായി ഇവിടെ നിന്നിരുന്ന രണ്ട് വലിയ പൂവരശുകളുടെ ഓർമ്മ പറയാതിരിക്കുവാനാകില്ല. ഒന്ന് പഴയ വില്ലേജോഫീസിന്റെ ഭാഗത്തും മറ്റാെന്ന് പാലത്തിന് പടിഞ്ഞാറു ഭാഗത്തുമായി, ഏതു സമയത്തും നിറയെ മഞ്ഞയും ചുവപ്പും നിറമുള്ള പൂക്കളുമായി നിർക്കുന്ന കൂറ്റൻ രണ്ടെണ്ണം .. ..പിന്നീട് ചന്തയുടെ ഭാഗമായി വരുന്ന സ്ഥലം ചന്ത കപ്പേളയോട് ചേർന്ന ഭാഗമാണ്...അവിടെയുള്ള കടകൾ പപ്പട നിർമ്മാണത്തിനു പ്രശസ്തമായിരുന്നു. ഗീത പപ്പടം വർക്സും മറ്റുമായിരുന്നു പപ്പടക്കടകളിൽ പ്രശസ്തമായവ..ഇതിന്റെ മുൻഭാഗത്തെ വഴിയുടെ ഇരുവശങ്ങളിലും ആയിരുന്നു ചന്ത ദിവസങ്ങളിൽ കോഴി, താറാവ്, ആട് തുടങ്ങിയവയുടെ കച്ചവട സ്ഥലം.. അവിടെ വിൽപ്പനക്ക് പക്ഷിമൃഗാദികളെ കൊണ്ടുവന്നിരുന്നവരിൽ നിന്ന് വാങ്ങുന്നവർ മിക്കവാറും സ്ഥിരം കച്ചവടക്കാർ ആയിരുന്നു. അതിനാൽ തന്നെ ഇവിടെയുള്ള കച്ചവട സ്ഥിതി സാധാരണ കച്ചവടത്തിന്റെ നേരെ എതിർ രീതിയിലായിരുന്നു. ഇവിടെ സാധനങ്ങൾ വിൽക്കുവാൻ കൊണ്ടുവരുന്നവരെ ഒരുതരത്തിൽ വരിഞ്ഞു മുറുക്കിയുള്ള കച്ചവടത്തിനു വേണ്ടി കച്ചവടക്കാർ ഉപയോഗിച്ചിരുന്ന തന്ത്രം, അവർ തമ്മിൽ പരസ്പ്പരമുള്ള ധാരണയും പ്രത്യേക കോഡുഭാഷയും ആയിരുന്നു. അതിനാൽ തന്നെ സാധാരണക്കാരായവർ ഇവിടെ വിൽക്കുവാൻ കൊണ്ടുവരുന്ന ഒരു കോഴിക്കോ താറാവിനോ കച്ചവടക്കാർ ആദ്യം പറയുന്ന വിലയിലും താഴ്ത്തി മാത്രമേ വിൽപ്പന പിന്നീട് നടക്കുകയുള്ളു..ചെറിയ രീതിയിലുള്ള മലഞ്ചരക്ക് ബിസിനസുകളും ഇവിടെ ആയിരുന്നു ..ഈ സ്ഥലത്തിന്റെ അവസാന ഭാഗമായ കപ്പേളയുടെ മുൻ ഭാഗം ചെറുനാരങ്ങായും, വൃക്ഷ തൈകളും മറ്റും വിൽക്കുന്ന സ്ഥലമാണ്. പൊങ്ങല്യം എന്ന പെരുമരവും, തേക്ക്, തെങ്ങ് തുടങ്ങി പലവിധ മരങ്ങളുടെ തൈകൾ വിൽപ്പനക്ക് വച്ചിരുന്ന സ്ഥലം.തുടർന്ന് തെറുപ്പു ബീഡി, വെറ്റില, അടയ്ക്കാ, ചുണ്ണാമ്പ് വിൽക്കുന്നവരുടെ സ്ഥലമായി... പിന്നീട് തേങ്ങയും, നിലത്തിട്ട് വിൽക്കുന്ന തുണിത്തരങ്ങളുമായി കുറച്ചു പേർ...തോർത്ത്, ലുങ്കി, അണ്ടർ വയറുകൾ, ചട്ടപോലെ ആണുങ്ങൾ ഉപയോഗിച്ചിരുന്ന ഉടുപ്പ് തുടങ്ങിയവ ആയിരുന്നു ഇവടെയുള്ള വസ്ത്രവ്യാപാരികളുടെ Special സാധനങ്ങൾ ..അടുത്തത് പനം ചക്കരയും, നാടൻ കോഴിമുട്ടയും താറാവിൻ മുട്ടയും വിൽക്കുന്നവർ ധാരാളമുള്ള സ്ഥലമായിരുന്നു. (ഇവിടെയുള്ള കച്ചവടക്കാരനായിരുന്ന തയ്യിൽ അവതച്ചൻ ചേട്ടനെയെല്ലാം ഓർക്കുന്നു.)ഇവർക്കിടയിൽ ചെറിയ സ്റ്റീൽ, അലുമിനീയം, മൺപാത്രങ്ങൾ വിൽക്കുന്നവരും, കത്തി, ചിരവ, ചിരട്ടത്തവി, തവി തൂക്കി എന്നറിയപ്പെട്ടിരുന്ന പലക, കൂവ ഉരക്കുന്ന ഉരകോൽ, കടകോൽ തുടങ്ങിയവ വിൽക്കുന്നവരും ഉണ്ടായിരുന്നു.പിന്നീട് മീൻ ചന്തയുടെ ജംഗ്ഷന് പടിഞ്ഞാറേക്ക് പോലീസ് ഔട്ട് പോസ്റ്റു വരെ പല വണ്ണത്തിലും തരത്തിലുമുള്ള ചകിരിക്കയറുകൾ, തഴപ്പായ, നെല്ല് ഉണക്കാനുള്ള ചിക്കു പായ, പനമ്പ്, മുറം, കുട്ട, വല്ലം തുടങ്ങിയവ വിൽപ്പന നടത്തുന്നവരായി .. !!ഇതിനിടയ്ക്ക് വലതു ഭാഗത്ത് പാലാംകടവ് കടത്തിലേക്കുള്ള റോഡിൽ ആയിരുന്നു, മീൻ മാർക്കറ്റും, ഉണക്കമീൻ കടകളും, പച്ചക്കറിക്കടകളും, ഇറച്ചിക്കടയുമെല്ലാം...ചന്തയിൽ അന്നുണ്ടായിരുന്ന മറ്റൊരു ബിസിനസ് മറന്നു ... അവിടടവിടെ ഉണ്ടായിരുന്ന മുക്കാലി ത്രാസ്സുകളും പെട്ടി ത്രാസ്സുകളുമാണത്. അക്കാലങ്ങളിൽ ചന്തയിൽ വിൽക്കുവാനായി സാധനങ്ങൾ കൊണ്ടുവരുന്നവരുടെ കച്ചവട ചരക്കുകൾ തൂക്കി അതിന്റെ അളവ് തിട്ടപ്പെടുത്തിയിരുന്നത് ഇത്തരം ത്രാസ്സുകളിലായിരുന്നു. അതിനു വേണ്ടി മാത്രം അനവധി ത്രാസ്സുകളായിരുന്നു ചന്തയിൽ അവിടവിടെ ഉണ്ടായിരുന്നത്.

സന്ധ്യയായാൽ മിക്ക കടകളിലും നിരത്തി തൂക്കുന്ന പെട്രോമാക്സുകളും അവയുടെ ഇരമ്പലും അതിൻ്റെ മഞ്ഞ നിറമുള്ള വെളിച്ചവും, കത്തുമ്പോൾ വരുന്ന പുകയുടെ ഒരു പ്രത്യേക ഗന്ധവും... അതൊന്നും ഇന്നത്തെ എത്ര വലിയ വെളിച്ചവിതാനങ്ങൾക്കും തരാനാകാത്ത ഒരു ഐശ്വര്യം തരുന്നുണ്ടായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല...അന്നൊക്കെ വൈദ്യുതി കണക്ഷനുള്ള കടകൾ പോലും വിരളമായിരുന്നു.

ചന്തക്കുള്ളിൽ തന്നെ സ്ഥിതി ചെയ്യുന്ന പഞ്ചായത്തോഫീസിനോടനുബന്ധിച്ചുള്ള സൈറണുകൾ കൃത്യ സമയത്തു തന്നെ കൂവിക്കൊണ്ടിരിക്കുമ്പോൾ വാച്ചുകളും ക്ലോക്കുകളും അത്ര സർവ്വസാധാരണമല്ലാതിരുന്ന അക്കാലത്ത് ഇതൊരു അത്ഭുത പ്രതിഭാസമായിട്ടായിരുന്നു ഞങ്ങളുടെ ബാല്യങ്ങൾ കണ്ടിരുന്നത് ...!

വില്ലേജോഫീസിന്റെ സമീപം നേരത്തെ പറഞ്ഞ പൂവരശിനു കീഴിൽ പാർക്കു ചെയ്തിരുന്ന പുന്നൂസ് ഡോക്ടറുടെ KL0 - 1188-ാം നമ്പർ കാറും അതുപോലൊരു അത്ഭുതമായിരുന്നു.....അക്കാലത്ത് നിങ്ങൾക്ക് ഇവിടെ ഒരു സാധനം വിൽക്കണമെന്നുണ്ടെങ്കിൽ പഞ്ചായത്തിലേക്ക് കരം ഒടുക്കണമായിരുന്നു .. (എന്റെ ഓർമ്മയിൽ കുഞ്ഞേട്ടനായിരുന്നു കരം പിരിവിനുള്ള ലൈസൻസ് ഉണ്ടായിരുന്നത്..) ചന്തക്കുള്ളിൽ കോഴിയെ വിൽക്കണമെങ്കിലും, വാഴക്കുല വിൽക്കണമെങ്കിലും നിശ്ചിത തുക പഞ്ചായത്തിൽ കരമായി നൽകിയാൽ മാത്രമേ വിൽപ്പനക്ക് അനുവാദമുണ്ടായിരുന്നുള്ളു...!!

രാഷ്ട്രീയ രംഗത്തെ പ്രാദേശിക നേതാവായിരുന്ന കൊച്ചു ജോസഫ്കണ്ടത്തിൽ, മാർക്കറ്റ് റോഡിലുണ്ടായിരുന്ന കാർലീൻ സ്റ്റുഡിയോ, ബാബു സ്റ്റുഡിയോ, കച്ചവട രംഗത്തെ പ്രശസ്തരായ ഞാറവേലിൽ, ഇരട്ട പുര, പനക്കൽ, ആനാപ്പറമ്പിൽ കുടുംബങ്ങൾ, പട്ടശ്ശേരിൽ ഹാർഡ്വെയേഴ്സ്, പടശ്ശേരിൽ ടെക്സ്റ്റൈൽസ്, KR സ്ട്രീറ്റിലുണ്ടായിരുന്ന മനോഹരൻ ചേട്ടന്റെ ചായക്കട, തങ്കപ്പൻചേട്ടന്റെ സ്റ്റാർ കഫേ, ശങ്കേഴ്സ് ടെയ്ലറിംഗ് ഷോപ്പ്, ഗോപാലൻ ചേട്ടന്റെ പച്ചമരുന്നുകട, കൂരാപ്പളളിൽ മെഡിക്കൽ സ്റ്റോഴ്സ്, ചെളളാശ്ശേരിൽ മെഡിക്കൽസ്, എംസീസ് സിനിമാകൊട്ടക, തുടങ്ങിയ പല കച്ചവട സ്ഥാപനങ്ങളെയും വ്യക്തികളെയും, കുടുംബങ്ങളെയും ഓർക്കാതിരിക്കുവാൻ സാധിക്കില്ല.പേരറിയാത്തവരായ സ്ഥിരമായി ഇവിടെ വന്നു പോയിരുന്ന ധാരാളം മറുനാടൻ കച്ചവടക്കാരും ഇവിടെ ഉണ്ടായിരുന്നു.. അതിൽ ഏറ്റവും ഓർത്തിരിക്കുന്നത് ശരീര ഘടനയിൽ നല്ല വണ്ണവും, ആറരയടിയിലേറെ പൊക്കവും ഉണ്ടായിരുന്ന കിഴക്ക് വെളളത്തൂവൽ ഭാഗത്തുനിന്ന് ചന്ത ദിവസങ്ങളിൽ സ്ഥിരമായി എത്തിയിരുന്ന ചേടത്തിയെ ആണ് ..! വാഴക്കൊലകളുടെ കച്ചവടമായിരുന്നു അവർക്ക് ... !

അതേപോലെ തന്നെ പ്രധാനപ്പെട്ടതാണ് ചന്തയിൽ സ്ഥിരമായി ആളുകൾ എത്തിയിരുന്ന തലയോലപ്പറമ്പ്-എറണാകുളം റൂട്ടിൽ ഓടിയിരുന്ന ലക്ഷ്മി, അച്ചുതൻ തുടങ്ങിയ ബസ്സുകളും മൂവാറ്റുപുഴ-വൈക്കം റൂട്ടിലുണ്ടായിരുന്ന ശ്രീദേവി, തലയോലപ്പറമ്പ് ചന്തയിൽ ഇറച്ചി വ്യാപാരം നടത്തിയിരുന്ന അപ്പാണ്ണനെന്നു വിളിച്ചിരുന്ന ഇക്കായുടെ ഷബാബ് ബസ്സ് , Tv പുരം - തട്ടാവേലി റൂട്ടിലെ സെന്റ് മേരീസ്, മേവെള്ളൂർ- TVപുരം റൂട്ടിലെ പ്രവ്‌ദ, വൈപ്പൻ ബസ്സുകളും, അതിരാവിലെ വൈക്കത്തുനിന്ന് പാലാക്ക് പോയിരുന്ന വാഹിനി ബസ്സും ...

പകൽ സമയങ്ങളിൽ ചന്തയിൽ മേഞ്ഞു നടന്നിരുന്ന പശുക്കളുടെ കൂട്ടവും, ആടുകളുടെ കൂട്ടവും നിറമുള്ള ഓർമ്മയാണ്..ഞങ്ങളുടെ നാടിൻ്റെ സന്താനമായ സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ കഥയിൽ പറയുന്ന അട്ടിൻ കൂട്ടങ്ങൾ, യഥാർത്ഥത്തിൽ തലയോലപ്പറമ്പ് ചന്തയുടെ ഒരു കാലത്തെ ഐശ്വര്യം തന്നെയായിരുന്നു ...ഇവയിൽ പശുക്കൾ കൂടുതലും പള്ളിക്കവലയിലെ വീടുകളിൽ നിന്നുള്ളവയും ആടുകൾ മീൻ ചന്ത ഭാഗത്തെ വീടുകളിലേയും ആയിരുന്നു..പിന്നെയുള്ളത് ചന്തക്ക് സ്വന്തമായി ഉള്ള ആയിരക്കണക്കിന് അങ്ങാടിക്കുരുവികളുടെ കലപിലയായിരുന്നു.അതെ, ആയിരക്കണക്കിന് അങ്ങാടി കുരുവികൾ പറന്നു നടന്നിരുന്ന ചന്തയും, അവക്ക് പാർക്കുവാനായി ഓരോ കടയിലും സ്ഥാപിച്ചിരുന്ന ചെറിയ മൺകുടങ്ങളും നീറുന്ന ഓർമ്മയായി മനസ്സിൽ വിങ്ങുന്നു.ചന്തയിലിപ്പോൾ കണി കാണുന്നതിനായി പോലും ഒരു അങ്ങാടി കുരുവി ഇല്ല എന്നത് വളരെ ദു:ഖകരം തന്നെ...😥

ഇതിൽ എഴുതാത്ത, ഇതിൽ പ്രതിപാദിച്ചിട്ടില്ലാത്ത എത്രയോ അധികം ജനങ്ങളുടെ എത്രയോ കഥകൾ പറയാനുണ്ടാകും തലയോലപ്പറമ്പ് ചന്തയുടെ ചരിത്രത്തിന്.ഞാനെഴുതിയല്ല തലയോലപ്പറമ്പ് ചന്തയുടെ യഥാർത്ഥ ചരിത്രം എന്നറിയാം. പക്ഷെ ഓർമ്മകൾ ജനിക്കുന്ന എൻ്റെ ബാല്യത്തിലെ ചന്തയും ചന്തയുടെ അവസ്ഥയും ഏറെക്കുറെ ഇങ്ങനെ തന്നെ ആയിരുന്നു എന്നതിൽ തർക്കമില്ല.. ! ഇതു തന്നെയായിരിക്കും പഴയ തലയോലപ്പറമ്പ് ചന്തയെക്കുറിച്ചുള്ള എന്റെയും എൻ്റെ സമപ്രായക്കാരുടെയും ബാല്യകാല സ്മരണകൾ എന്നതിലും എതിരഭിപ്രായം ഉണ്ടാകില്ല...ഉറപ്പ്.........!

(എഴുത്ത്‌ : Jaimon P. Devasia 9446019231)

വൈക്കം, കടുത്തുരുത്തി, കീഴൂര്‍, തുടങ്ങിയ സമീപ പ്രദേശങ്ങളിലെ ഉല്പാദകരും, ഉപഭോക്താക്കളും, ചെറുകിട കച്ചവടക്കാരും, വൻകിട വ്യാപാരികളും തങ്ങളുടെ ക്രയവിക്രയങ്ങൾക്ക് ഈ ചന്തയെ കാര്യമായി ആശ്രയിക്കുന്നു പഴയകാലത്ത്, കോട്ടയം ഡിവിഷനിൽപ്പെട്ട ഹൈറേഞ്ച് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഉൽപ്പന്നങ്ങൾ തലയോലപ്പറമ്പ് മാർക്കറ്റ് വഴിയാണ് ആലപ്പുഴയിലേയും കൊച്ചിയിലേയും വാണിജ്യ കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നത്. ഇവിടെയുള്ള പുണ്ഡരീകപുരംക്ഷേത്രം അജന്താ ചുവർചിത്രങ്ങളിൽ തുടരുന്ന ചിത്രകലാ പാരമ്പര്യത്തിന്റെ ഭാഗമാണ്. പച്ചിലച്ചാറുകൊണ്ട് രചിച്ചിട്ടുള്ള ഈ ചിത്രങ്ങൾ വിദേശികളായ സന്ദർശകരെപ്പോലും ആകർഷിക്കുന്നു. ഈ പഞ്ചായത്തിൽ പത്ത് ഹൈന്ദവ ക്ഷേത്രങ്ങളും, മൂന്ന് ക്രൈസ്തവ ഇടവകദേവാലയങ്ങളും, രണ്ട് മുസ്ളീം പള്ളികളുമുണ്ട്. പുരാതനവും ആധുനികവുമായ ശില്പകലാ മാതൃകകൾ ഇവിടെ ദർശിക്കാനാവും. ഏറെ സവിശേഷതകളുള്ള ഒരു ജലോത്സവവും ഇവിടെ നടക്കുന്നു. വടയാർ ഇളംകാവ് ക്ഷേത്രത്തിൽ വർഷം തോറും മീനമാസത്തിലെ അശ്വതിനാളിൽ നടത്തുന്ന ആറ്റു വേലയാണിത്.മൂവാറ്റുപുഴയാറിൽ വലിയ വഞ്ചികളിൽ മൂന്ന് നിലകളിലായി ആറ്റുവേല നിർമ്മിക്കുന്നു. ആറ്റുവേലക്ക് അകമ്പടി സേവിച്ച് തട്ടിലൊരുക്കിയ ഗരുഡൻ തൂക്കങ്ങളും, വഞ്ചികളിലൊരുക്കിയ വൈദ്യുത ദീപാലങ്കാരങ്ങളും ഉണ്ടാകും. വിദേശികളായ സന്ദർശകരും ആറ്റുവേല ദർശിക്കാനെത്താറുണ്ട്. കേരളത്തിലെ തന്നെ പ്രമുഖ ചിട്ടി സ്ഥാപനമായ ജന്റിൽമാൻ ചിറ്റിസ് 1998 ൽ ഇവിടെയാണ് ആരംഭിച്ചത് കെ ആർ നാരയണൻ,എംഏ.മുഹമ്മദു്‌, ഏകെ സോമൻ, മാത്യു പുഞ്ചകോടൻ, തുടങ്ങി നിരവതിപേർ രാഷ്ടീയ സാമൂഹൃരംഗത്ത് നിറഞനിറഞ്ഞ്നിന്നിരുന്നു.

ചരിത്രം[തിരുത്തുക]

ഉൽപ്പത്തി

കേരളത്തിലെ പൌരാണിക ക്ഷേത്രങ്ങളിലൊന്നായ തലയോലപ്പറമ്പ് കാർത്ത്യായനി ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു തലയോലപ്പറമ്പിന്റെ ഐതിഹ്യം. ഏകദേശം 5 പതിറ്റാണ്ടുകൾക്കുമുമ്പുവരെ കാർത്യയാനിക്ഷേത്രത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളിൽ താളിയോലകൾ പേറുന്ന പനകൾ ധാരാളമായി ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് ആ ഭൂവിഭാഗത്തെ താളിയോലപ്പറമ്പ് എന്ന് വിളിച്ചിരുന്നുവെന്നും പിന്നീട് അത് ലോപിച്ച് തലയോലപ്പറമ്പ് ആയി മാറിയെന്നുമാണ് വിശ്വാസം. ആദ്യകാലത്ത് ക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂവിഭാഗങ്ങൾക്കുമാത്രമാണ് തലയോലപ്പറമ്പ് എന്ന് വിളിച്ചിരുന്നത.് വേണാടിന്റെ ചരിത്രവുമായും ബന്ധപ്പെട്ടു കിടക്കുന്ന തലയോലപ്പറമ്പ് എന്ന നാമം. വടക്കൻകൂർ രാജാവിനെ വധിച്ച ചാഴിയില്ലത്തെ മന്ത്രിക്ക് പ്രതിഫലമായി വേണാട്ടരചൻ കരം ഒഴിവായി സ്ഥലങ്ങൾ വിട്ടുകൊടുത്തു. ആദ്യത്തെ ഓലയിൽ (തലയോലയിൽ) എഴുതിക്കൊടുത്ത സ്ഥലങ്ങൾക്ക് തലയോലപ്പറമ്പ് എന്ന പേര് വന്നു എന്നും അതല്ല പരശുരാമൻ ആദ്യത്തെ ഓലയിൽ (തലയോലയിൽ) എഴുതി ദാനം ചെയ്ത സ്ഥലമായതുകൊണ്ടാണ് തലയോലപ്പറമ്പ് ആയതെന്നും മറ്റൊരു വിശ്വാസമുണ്ട്. കുട്ടനാടിന്റെ വടക്കേ തലഭാഗത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഈ പ്രദേശത്തിന്് തലപ്പറമ്പ് എന്നു പേരുണ്ടായി എന്നും അത് പിന്നീട് തലയോലപ്പറമ്പായി മാറിയെന്നും മറ്റു ചിലർ വിശ്വസിക്കുന്നു.

ചരിത്രത്തിന്റെ ഏടുകൾ മറിക്കുമ്പോൾ കേരളത്തിന്റെ ഭരണം നിയന്ത്രിച്ച പെരുമാക്കൻമാരിൽ ഒടുവിലത്തെ പെരുമാൾ, കേരളം അദ്ദേഹത്തിന്റെ ആശ്രിതന്മാർക്ക് വീതിച്ചുകൊടുത്തതിൽ ഒന്നാണ് വൈക്കം താലൂക്കിൽപ്പെടുന്ന വടക്കുംകൂർ രാജ്യം. മറ്റു രാജവംശങ്ങളിൽ കാണാത്ത ഒരു പ്രത്യേകത ഈ രാജവംശത്തിനുണ്ടായിരുന്നു. ഒരു രാജാവ് തീപ്പെട്ടാൽ അടുത്ത സ്ഥാനമേൽക്കുന്ന രാജാവ് രാജ്യത്തിന്റെ തലസ്ഥാനം മറ്റൊരു ഗ്രാമത്തിലേക്ക് മാറ്റുന്ന ഒരു രീതി നിലനിന്നിരുന്നു. വടക്കുംകൂർ രാജ്യത്തിന്റെ തലസ്ഥാനം ഓരോ രാജാവിന്റെ ഭരണകാലത്തും ഓരോ ഗ്രാമങ്ങളായിരുന്നു. ഇതുകൊണ്ടാവാം ഇവിടുത്തെ ഗ്രാമങ്ങളിൽ കൊട്ടാരങ്ങളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണപ്പെടുന്നത്. ഇത്രയധികം ഐതിഹ്യങ്ങൾ സ്വന്തം സാംസ്കാരിക സ്മൃതിയിൽ സൂക്ഷിക്കുന്ന ഒരു നാട് കേരളത്തിൽ അപൂർവ്വമാണ്. ഇവയിൽ ഏറ്റവും പ്രധാനം ഇളംകാവ് ക്ഷേത്രത്തിലെ അതിമനോഹരമായ ആറ്റുവേല എന്ന ജലോത്സവുമായി ബന്ധപ്പെട്ടുകിടക്കുന്നു. കൊടുങ്ങല്ലൂർ ഭക്തനായ ഒരു വടക്കുംകൂർ രാജാവ് കൊടുങ്ങല്ലൂരമ്മയെ പ്രസാദിപ്പിക്കാൻ വഴിപാടായി ഒരു തേര് (ആറ്റുവേല) തയ്യാറാക്കി വേമ്പനാട്ട് കായലിൽ കൂടി കൊടുങ്ങല്ലൂർക്കയച്ചു. രാജാവും സമൂഹവും കൊടുങ്ങല്ലൂരെത്തിയിട്ടും ആറ്റുവേലയെത്തിയില്ല. കൊച്ചി കായലിൽ പാറാവ് നടത്തിയിരുന്ന പറങ്കികളുടെ കപ്പലുകൾ ആറ്റുവേലയെ യുദ്ധക്കപ്പലായി തെറ്റിദ്ധരിച്ച് തട്ടിക്കൊണ്ടുപോയി. രാജാവിന്റെ ദുഃഖം തീർക്കാൻ ചെമ്മനത്തുകരയിലുള്ള മഹാമാന്ത്രികനായ പറേക്കാട്ട് പണിക്കർ തന്റെ മാന്ത്രിക വിദ്യ കൊണ്ട് അവരെ പരാജയപ്പെടുത്തി. ആറ്റുവേലയെ കൊടുങ്ങല്ലൂരെത്തിച്ചു. ദേവിയുടെ വരവിനെ സൂചിപ്പിക്കുന്ന ആഘോഷമായി മാറി പിന്നീട് ആറ്റുവേല എന്ന ജലോത്സവം. പ്രാദേശികങ്ങളായ സ്ഥലനാമങ്ങൾക്കുമുണ്ട് മറ്റനേകം രസകരങ്ങളായ നാടോടി പുരാവൃത്തങ്ങൾ. വടക്കുള്ള ആറ് വടയാർ ആയതും ചുമ്മാകുന്ന് ഉമ്മാകുന്ന് ആയതും പൊട്ടുന്ന ചിറയുള്ള സ്ഥലം പൊട്ടൻചിറയായതും കരിസായിപ്പിന്റെ കാലത്തുണ്ടായ നിലം കരിനിലമായതും പാണ്ഡവന്മാരുടെ വനവാസകാലത്ത് അവർ തങ്ങളുടെ പൊന്നു സൂക്ഷിച്ചിരിക്കുന്ന സ്ഥലം പൊന്നിരിക്കുംപാറയായതും മണൽകൂനയായിരിക്കുന്ന സ്ഥലം മണൽകുന്നാ’യതും കാർത്ത്യായനി ദേവിയാൽ എറിയപ്പെട്ട് കുന്നിൽ വന്നപ്പോൾ വിടാ ഈ കുന്ന് എന്ന് പറഞ്ഞ ശാസ്താവിന്റെ സ്ഥലം മിടായിക്കുന്നുമായതും തലപ്പത്തുള്ളപ്പാറ തലപ്പാറയായതും വഴിപോക്കർ പൊതിച്ചോറുണ്ടിരുന്ന സ്ഥലം പൊതിയാ എന്നും വിശ്വസിക്കപ്പെടുന്നു. പ്രശസ്തമായ തലയോലപ്പറമ്പ് ചന്ത 1807-ൽ വേലുത്തമ്പിദളവയാൽ സ്ഥാപിക്കപ്പെട്ടതാണ്. തലയോലപ്പറമ്പിനെ പിളർന്ന് അതിന്റെ വിരിമാറിലൂടെ ഒഴുകുന്ന പുഴയാണ് കുറുന്തറപ്പുഴ. തലയോലപ്പറമ്പു ചന്തയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ പുഴയിൽ കൂടി നാനാതരത്തിലുള്ള വള്ളങ്ങൾ പോകുകുയും വരികയും ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നത്തെ ഔട്ട്പോസ്റ്റിനു തെക്കുവശത്തുളള കടവിൽ നിന്നു ചന്തസാമാനങ്ങൾ കയറ്റി ആലപ്പുഴ, കൊച്ചി പ്രദേശത്തേക്കു പോകുന്ന വള്ളങ്ങൾ പതിവു കാഴ്ചയായിരുന്നു. ചന്തയുടെ ജീവനായി നിലനിൽക്കുന്ന കിഴക്ക് കാണുന്ന തോട് പട്ടം താണുപിള്ളയുടെ മന്ത്രിസഭാംഗമായ കെ.ആർ.ഇലങ്കത്തിന്റെ കാലത്ത് വെട്ടിയതാണ്. തലയോലപ്പറമ്പിൽ കഴിഞ്ഞ നൂറ്റാണ്ടിൽ വടയാറിൽ ഒരടിമചന്ത നിലനിന്നിരുന്നു. അടിമകളായി ജീവിച്ചിരുന്ന അധഃകൃതരുടെ അനന്തരഗാമികൾ ഇപ്പോഴും തലയോലപ്പറമ്പിലുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വസ്തുവകകളും കൈമാറ്റം ചെയ്യുന്ന കൂട്ടത്തിൽ അടിമകളായി മനുഷ്യരെയും വാണിജ്യ ഉൽപ്പന്നങ്ങളാക്കിയിരുന്നുവെന്നതിന് ചരിത്രം സാക്ഷിയാണ്. വർഷങ്ങൾക്കുശേഷം സേതുപാർവ്വതിഭായി തമ്പുരാട്ടി അടിമക്കച്ചവടം നിർത്താലാക്കുന്നതുവരെ അതിവിടെ തുടർന്നിരുന്നു എന്നതിനും രേഖകളുണ്ട്. സാധനങ്ങൾ കൊടുത്ത് സാധനങ്ങൾ വാങ്ങുന്ന സമ്പ്രദായം ഇവിടെ നിലനിന്നിരുന്നു. ഇപ്പോഴും വടയാർ ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് എല്ലാ കർക്കിടക ഒന്നാം തീയതിയും (സംക്രാന്തി ദിവസം) ഈ രീതിയിൽ കച്ചവടം നടന്നുവരുന്നു. വടക്കൂംകൂർ തിരുവിതാംകൂറിന്റെ ഭാഗമായതിനുശേഷം ഇളംകാവ് ക്ഷേത്രം, തിരുപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, മാത്താനം ക്ഷേത്രം, ഭൂതൻകേരി ധർമ്മശാസ്തക്ഷേത്രം, അയ്യപ്പൻ കോവിൽ ക്ഷേത്രം, പുണ്ഡരീകപുരം ക്ഷേത്രം മുതലായവ നിരവധി ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. വിശാലമായ മൈതാനത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് മാത്താനം (മൈതാനം) ക്ഷേത്രമെന്നും പ്രതിഷ്ഠ ബ്രഹ്മസങ്കല്പമായതിനാൽ മാത്താനം ബ്രഹ്മപുരം ക്ഷേത്രമെന്നും നാമകരണം ചെയ്തു. മിഠായികുന്നത്ത് സ്ഥിതി ചെയ്യുന്ന പുണ്ഡരീകപുരം ക്ഷേത്രഭിത്തിയിൽ വരച്ചിരിക്കുന്ന ചുവർചിത്രങ്ങൾ 16-ാം നൂറ്റാണ്ടിലും വാസ്തുശില്പങ്ങൾ 14-ാം നൂറ്റാണ്ടിലും ചിത്രീകരിച്ചതാണെന്ന് വിദഗ്ദ്ധർ പറയുന്നു. വടയാർ ഇളങ്കാവ് ക്ഷേത്രത്തിനു സമീപം മൂവാറ്റുപുഴയാറ്റിൽ വർഷംതോറും മീനമാസത്തിലെ അശ്വതിനാളിൽ നടക്കുന്ന ആറ്റുവേല ആയിരക്കണക്കിനാളുകളെ ആകർഷിക്കുന്നു. മുസ്ളീം ജനങ്ങളുടെ ആത്മീയകേന്ദ്രമായ തലയോലപ്പറമ്പ് മുഹയുദ്ദീൻ പള്ളിക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. കേരളീയ വാസ്തുശില്പകലയുടെ മഹനീയത വിളിച്ചറിയിക്കുന്ന ചിത്രതൂണുകളും ചിത്രപ്പണികളാൽ ആലങ്കാരികമായ മേൽത്തട്ടുമുള്ള അകത്തെ പള്ളി അതിമനോഹരമാണ്. കേരളത്തിലെ പഴയ നാലുകെട്ടിന്റെ മാതൃക തോന്നിക്കുന്ന പുറത്തെ പള്ളിയോടു ചേർന്ന അംഗശുദ്ധി വരുത്തുന്നതിനായി വെള്ളം ശേഖരിക്കുന്നതിനുള്ള കുളം (ഹൌള്) സന്ദർശകരിൽ അതീവ കൌതുകമുണർത്തുന്നു. മുസ്ളീങ്ങൾ തിങ്ങിപ്പാർക്കുന്ന മിഠായിക്കുന്നത്തും ഒരു മുസ്ളീം പള്ളി സ്ഥാപിതമായിട്ടുണ്ട്. മുസ്ളിങ്ങൾക്ക് മതവിദ്യാഭ്യാസത്തിനായിട്ടുള്ള മദ്രസ്സകൾ തലയോലപ്പറമ്പിലും പാലാംകടവിലും വെട്ടിക്കാട്ട്മുക്കിലും പ്രവർത്തിക്കുന്നു. പാലാംകടവിൽ വർഷങ്ങൾക്കുമുമ്പ് സ്ഥാപിക്കപ്പെട്ട ഓത്തുപള്ളിയിലാണ് വിശ്വസാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീർ തന്റെ മതവിദ്യാഭ്യാസം നടത്തിയിട്ടുള്ളത്. വേലുത്തമ്പിദളവയുടെ നിർദ്ദേശത്താൽ സ്ഥാപിതമായ ചന്തയുടെ സമീപത്തായി മുപ്പതിൽപ്പരം കത്തോലിക്കാ കുടുംബാംഗങ്ങൾ താമസിച്ചിരുന്നു. എല്ലാദിവസവും കത്തോലിക്കർ സന്ധ്യാപ്രാർത്ഥന നടത്തുന്നതിന് സ്ഥാപിച്ച കുരിശടി, കുരിശുപള്ളിയായും പിന്നീട് 1895-ൽ അത് ഇടവക പള്ളിയുമായി മാറി. ചന്തയുടെ സമീപത്തുള്ള പള്ളിയായതുകൊണ്ട് ഇതിന് ചന്തേപ്പള്ളിയെന്നും വിളിക്കുന്നുണ്ട്. ചന്തയുടെ നടുവിലായി അമലോത്ഭവ മാതാവിന്റെ കപ്പേള സ്ഥിതി ചെയ്യുന്നു. പൌരസ്ത്യ പാശ്ചാത്യ ശില്പകലകളെ ആശ്രയിച്ച് പണിത തലയോലപ്പറമ്പ് പള്ളി, പല ദേശത്തു നിന്നുമുള്ള തീർത്ഥാടകരെ ആകർഷിക്കുന്നു.


ഡി.ബി. കോളജ്[തിരുത്തുക]

തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജ്, തലയോലപ്പറമ്പിൽ നിന്ന് മൂന്നു കിലോമീറ്ററോളം അകലെയുള്ള വെട്ടിക്കാട്ടുമുക്ക് എന്ന ഗ്രാമത്തിലെ ഒരു കുന്നിൻ മുകളിലാണ്.

പ്രമുഖർ[തിരുത്തുക]

പ്രമുഖ മലയാള സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദേശമാണ് തലയോലപ്പറമ്പ്. ബഷീറിന്റെ പ്രസിദ്ധ നോവൽ, പാത്തുമ്മയുടെ ആടിന്റെ പശ്ചാത്തലം തലയോലപ്പറമ്പാണ്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്തും കേരളസംസ്ഥാന രൂപവത്കരണത്തോടടുത്തും കേരളരാഷ്ട്രീയത്തിൽ കാര്യമായ പങ്കുവഹിച്ച് ഒടുവിൽ തമിഴ്‌നാട് സംസ്ഥാനത്തെ ഗവർണ്ണറായിരിക്കെ അന്തരിച്ച ഇൻഡ്യൻ നാഷനൽ കോൺഗ്രസ് നേതാവ്, ഏ.ജെ. ജോണും തലയോലപ്പറമ്പുകാരനായിരുന്നു. ഇൻഡ്യയുടെ ഇപ്പോഴത്തെ മുഖ്യന്യായാധിപൻ, കെ.ജി. ബാലകൃഷ്ണന്റെ ജന്മദേശവും തലയോലപ്പറമ്പാണ്.

പുറത്തേക്കുള്ള കണ്ണികള്[തിരുത്തുക]അവലംബംhttps://malayalam.pratilipi.com/story/%E0%B4%9E%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A4-iqwg8ppvu7gv?utm_source=android&utm_campaign=content_share[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തലയോലപ്പറമ്പ്&oldid=3512981" എന്ന താളിൽനിന്ന് ശേഖരിച്ചത്