Jump to content

നെടുംകുന്നം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നെടുംകുന്നം
അപരനാമം: നെടുങ്ങോം
Skyline of , India
Skyline of , India

നെടുംകുന്നം
9°30′N 76°40′E / 9.5°N 76.66°E / 9.5; 76.66
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോട്ടയം
ഭരണസ്ഥാപനം(ങ്ങൾ) പഞ്ചായത്ത്‍
പ്രസിഡൻറ് ശശികല നായർ
'
'
വിസ്തീർണ്ണം 24.24ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,505
ജനസാന്ദ്രത {{{ജനസാന്ദ്രത}}}/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
686542
+91481
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ചാത്തൻപാറ
നെടുംകുന്നം കാവുന്നട കവല

കേരളത്തിൽ കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ്‌ നെടുംകുന്നം. ചങ്ങനാശ്ശേരിയിൽ നിന്നും പതിനാറു കിലേമീറ്റർ കിഴക്ക്‌ കറുകച്ചാൽ - മണിമല റോഡിൻ്റെ ഇരുവശങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന ഈ ഗ്രാമത്തിലെ ജനങ്ങളുടെ മുഖ്യ ഉപജീവന മാർഗ്ഗം കൃഷിയാണ്‌. പാമ്പാടി - മാന്തുരുത്തി - നെടുംകുന്നം റോഡ് കോട്ടയം ഭാഗത്തു നിന്ന് എരുമേലിക്കും, നിർദിഷ്ട 'ശബരി' വിമാനത്താവളത്തിലേയ്ക്കുമുള്ള ദൈർഘ്യം കുറഞ്ഞ പാതയാണ്.

പേരിനു പിന്നിൽ

[തിരുത്തുക]

ഭൂമിശാസ്ത്രപരമായ സവിശേഷത തന്നെയാണ്‌ നെടുംകുന്നം എന്ന പേരിനു നിദാനം. നെടും കുന്നുകളുടെ നാട് ആണ് നെടുംകുന്നം. പറയൻകുന്ന്‌, ഊട്ടുപാറക്കുന്ന്, മനക്കരക്കുന്ന്‌, കൊല്ലവരക്കുന്ന്‌ തുടങ്ങി ഒട്ടേറെ കുന്നുകൾ ഇവിടെയുണ്ട്. ഉയരംകൊണ്ട്‌ മുന്നിട്ടു നിൽക്കുന്നത്‌ വീരൻമലയും മുളമല അഥവാ ഇല്ലിമലയുമാണ്‌.

ചരിത്രം

[തിരുത്തുക]

നെടുങ്കുന്നത്തിന്റെ ചരിത്രം ക്രി.മു. മൂന്നാം ശതകത്തിൽ തുടങ്ങുന്നു. പ്രസിദ്ധ സംഘകൃതിയായ മണിമേഖലയിൽ ചങ്ങനാശ്ശേരിയിലെ നെടുങ്കുന്നത്ത് ഒരു ബൌദ്ധവിഹാരമുള്ളതായി പരാമർശമുണ്ട്. പാറകളിൽ കാൽപാദം കൊത്തി വക്കുന്നത് ആദ്യ കാല ബുദ്ധക്ഷേത്രങ്ങളുടെ പ്രത്യേകതയായിരുന്നു. ഇത്തരം ബുദ്ധവിഹാരങ്ങളുടെ അവശിഷ്ടങ്ങൾ ഇവിടെ കാണാം.

തെക്കുംകൂർ രാജവംശവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സ്ഥാനികളായ ചാത്തനാട്ടു(പണിക്കർ)കുടുംബക്കാരും,ചേംപ്ലാനി(നായർ)കുടുംമ്പക്കാരും മറ്റു ചില നായർ പ്രഭുക്കൻമാരും നമ്പൂതിരിമാരും കഴകക്കാരും അവർക്ക്‌ ദാസ്യവൃത്തി അനുഷ്ഠിച്ചിരുന്നവരുമായി നിരവധി ആളുകൾ ആദ്യകാലത്ത്‌ ഇവിടെ താമസമാക്കിയിരുന്നു.തെക്കുംകൂറിന്റെ രാജകീയ ബാദ്ധ്യതയോടുകൂടി ഇവിടേക്കുവന്ന ചേംപ്ലാനി കുടുംബക്കാർ രാജസേവകരായും,സേനാനായകരായും ആധികാരികതയും സ്ഥാനഗുണങ്ങളും സിദ്ധിച്ചവരായിരുന്നു.വടക്കുപടിഞ്ഞാറ് കടൂർകാവ് മുതൽ തെക്കോട്ട് പൊരുമത്തറ,പേക്കാവ്‌,കുമ്പിക്കാപ്പുഴ ചുറ്റി വീരന്മലയുടെ അടിവാരം വരെ എത്തിനിൽകുന്നതായിരുന്നു ചേംപ്ലാനി കുടുംബത്തിന്റെ പൂര്വിക ഭൂമി.പതിനെട്ടാം നൂറ്റാണ്ടിൻ്റെ പൂർവ്വാർധത്തിലാണ്‌ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നും നാനാ ജാതി മതസ്ഥരായ ആളുകൾ നെടുംകുന്നത്ത്‌ കുടിയേറി പാർത്തതെന്ന്‌ വിശ്വസിക്കപ്പെടുന്നു.

കൊടുംകാടായിരുന്ന ഈ പ്രദേശത്തെ വളരെ കുറച്ച്‌ ഭൂമി മാത്രമേ അക്കാലത്ത്‌ കൃഷിക്കായി ഉപയോഗിച്ചിരുന്നുള്ളൂ. അതുകൊണ്ടുതന്നെ വന്യമൃഗങ്ങളുടെ ഭീഷണി വ്യാപകമായിരുന്നു. കുടിയേറ്റക്കാരായ കർഷകർക്ക്‌ കാടു വെട്ടിത്തെളിച്ച്‌ കൃഷിചെയ്യുവാൻ സഹായത്തിന്‌ പണിയാളുകൾ ഏറെയുണ്ടായിരുന്നു. മലഞ്ചെരുവുകളിൽ വൻതോതിൽ നെൽകൃഷി നടത്തിയിരുന്നു. മറ്റിടങ്ങളിൽ വാഴ, ചേന, ചേമ്പ്‌, കാച്ചിൽ തുടങ്ങിയ ഭക്ഷ്യവിളകളും. അക്കാലത്ത്‌ കാടു വെട്ടിത്തെളിച്ച്‌ കൃഷിയിറക്കുന്നിടത്ത്‌ അടുത്ത ഒന്നു രണ്ടുവർഷക്കാലം ഭക്ഷ്യവിളകൾ കൃഷി ചെയ്തിരുന്നില്ല. പകരം അവിടെ കുരുമുളക്‌, തെങ്ങ്‌, കമുക്‌ തുടങ്ങിവ നട്ടുപിടിപ്പിക്കും. പുതിയ ഇടങ്ങൾ തെളിച്ച്‌ കൃഷി തുടരുകയും ചെയ്യും.

കൃഷിയിടങ്ങളുടെ വിസ്തൃതിയും ഉൽപ്പാദനവും വർദ്ധിച്ചെങ്കിലും കച്ചവടത്തിനുള്ള അടിസ്ഥാനസൗകര്യങ്ങൾ വികസിക്കുന്നതിന് പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനം വരെ സമയമെടുത്തു. 1864- 1885 കാലയളവിലാണ് ചങ്ങനാശേരി - പീരുമേട്‌ റോഡും കറുകച്ചാൽ - മണിമല റോഡും പൂർണ്ണമായി സഞ്ചാരയോഗ്യമായത്‌. കാവുംന്നട ഒരു വ്യാപാരകേന്ദ്രമായിരുന്നെങ്കിലും ഉൽപന്നങ്ങൾ വൻതോതിൽ വിറ്റഴിക്കുന്നതിന്‌ ചങ്ങനാശേരിയിൽ പോകേണ്ടിയിരുന്നു. ദശാബ്ദങ്ങളായി പ്രവർത്തിച്ചുപോന്നിരുന്ന ചങ്ങനാശേരിച്ചന്തയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്‌ വേലുത്തമ്പി ദളവയുടെ കാലത്തായിരുന്നു (1885).

ആദ്യകാലത്ത്‌ കാർഷികോൽപന്നങ്ങൾ ചങ്ങനാശേരിയിൽ എത്തിക്കുന്നതിനുള്ള ഏക മാർഗ്ഗം ചുമട് തന്നെയായിരുന്നു. കാടിനിടയിൽ നടന്നു തെളിഞ്ഞ ഒറ്റയടിപ്പാതയിലൂടെയായിരുന്നു ചുമടും വഹിച്ചുകൊണ്ടുള്ള യാത്ര. നടന്നു തളരുന്ന യാത്രികന്‌ വഴിയരികിലെ ചുമടുതാങ്ങികളും ദാഹജലം നൽകിയിരുന്ന വഴിയമ്പലങ്ങളുമായിരുന്നു ആശ്വാസം. നെടുംകുന്നത്ത്‌ കോവേലിപ്പാലത്തിനു സമീപം ഏതാനും ദശാബ്ദം മുൻപുവരെ ഒരു വഴിയമ്പലമുണ്ടായിരുന്നു. അവിടെ കൽത്തോണിയിൽ സൂക്ഷിച്ചിരിക്കുന്ന മോരുംവെള്ളം സഞ്ചാരികൾക്ക്‌ ദാഹം ശമിക്കുന്നതുവരെ കുടിക്കാം.

കാവുന്നട, മാണികുളം പീടികപ്പറമ്പ്‌, കറുകച്ചാൽ കവല തുടങ്ങിയ സ്ഥലങ്ങളിൽ യാത്രികർക്ക്‌ ചുമട്‌ ഇറക്കിവച്ച്‌ വിശ്രമിക്കുന്നതിനുള്ള ചുമടുതാങ്ങികളും ഉണ്ടായിരുന്നു.

പതിനെട്ടാം നൂറ്റാണ്ടിൻ്റെ ആരംഭകാലത്തുതന്നെ കാളവണ്ടികളിൽ കിഴക്കൻ പ്രദേശങ്ങളിൽനിന്നും കാർഷികോൽപന്നങ്ങൾ ചങ്ങനാശേരിയിലെത്തിച്ചിരുന്നതായി പൂർവ്വികർ പറഞ്ഞിട്ടുണ്ട്. നെടുംകുന്നത്ത്‌ അക്കാലത്ത്‌ കാളവണ്ടികളുടെ എണ്ണം പരിമിതമായിരുന്നു. പക്ഷെ കറിക്കാട്ടൂർ, മണിമല, കടയിനിക്കാട്‌, കങ്ങഴ, നെടുമണ്ണി തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ളവ ഉൾപ്പെടെ അൻപതുമുതൽ അറുപതുവരെ കാളവണ്ടികൾ ഒന്നിച്ചാണ് ചങ്ങനാശേരിയിലേക്ക്‌ പോയിരുന്നത്.

ചങ്ങനാശേരി - മണിമല റോഡിലൂടെ ആദ്യമായി ഒരു ബസ്‌ ഓടിയത്‌ ഏതാണ്ട്‌ 67 വർഷങ്ങൾക്കുമുൻപാണ്‌. കൽക്കരി ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന ആദ്യ ബസിൻ്റെ പേര്‌ പ്ലാൻറേഷൻ എന്നായിരുന്നെന്ന്‌ പറയപ്പെടുന്നു. പെട്രോളും ഡീസലുമൊക്കെ ഉപയോഗിക്കുന്ന വണ്ടികൾ വളരെക്കാലം കഴിയുന്നതിനുമുൻപ്‌ പ്രചാരത്തിലായി.

വിശാഖം തിരുന്നാൾ മഹാരാജാവിൻറെ കാലത്ത്‌(1810 - 1815) കേരളത്തിലെത്തിയ മരച്ചീനി നെടുംകുന്നത്തെ കൃഷിയിടങ്ങളുടെ സിംഹഭാഗവും കയ്യടക്കാൻ അധികകാലം വേണ്ടിവന്നില്ല. നെല്ലുൽപാദനം വളരെ കുറവായതുകൊണ്ടും അരി വിലയ്ക്കുവാങ്ങി ഉപയോഗിക്കേണ്ട സാഹചര്യം നിലനിന്നിരുന്നതുകൊണ്ടുമാകാം ഇവിടെ പ്രധാന ഭക്ഷ്യവസ്തു മരച്ചീനിയായിരുന്നു. ഇറച്ചിക്കടകളും കോൾഡ്‌ സ്റ്റോറേജുമൊന്നുമില്ലാതിരുന്ന അക്കാലത്ത്‌ ആഴ്ച്ചയിലൊരിക്കൽ പ്രത്യേകിച്ച്‌ ഞായറാഴ്ച്ച ഏതാനും വീട്ടുകാർ സഹകരണാടിസ്ഥാനത്തിൽ ചേർന്ന്‌ വിലയ്ക്കുവാങ്ങുന്ന ഒരു ഉരുവിനെ അറുത്ത്‌ വീതംവച്ച്‌ ഉപയോഗിക്കുകയായിരുന്നു പതിവ്‌.

കപ്പകൃഷിയും വിളവെടുപ്പും കപ്പ വാട്ടി ഉണക്കുന്നതുമൊക്കെ ഭൂവുടമകൾക്കും പണിയാളുകൾക്കും ഉത്സവമായിരുന്നു. നോക്കെത്താ ദൂരത്തോളം വിശാലമായ കപ്പക്കാലാ(കപ്പ കൃഷിചെയ്യുന്ന സ്ഥലം) നെടുംകുന്നത്തുനിന്ന്‌ ഏറെക്കുറെ അപ്രത്യക്ഷമായിക്കഴിഞ്ഞു. മൂന്നു പതിറ്റാണ്ടുകൾക്കു മുമ്പ്‌ ഇവിടെ റബർ കൃഷി സാർവത്രികമായി.

ഭൂമിശാസ്ത്രം

[തിരുത്തുക]

അതിരുകൾ

[തിരുത്തുക]

ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുകൾ: ചങ്ങനാശ്ശേരി, കോട്ടയം.

ഏറ്റവും അടുത്ത വിമാനത്താവളം: കൊച്ചി രാജ്യാന്തര വിമാനത്താവളം, നെടുമ്പാശേരി.

ആരാധനാലയങ്ങൾ

[തിരുത്തുക]

നെടുംകുന്നത്ത്‌ വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുണ്ട്‌. കാവുന്നടയിലെ ഒരു കാവും തിരുനടയുമായിരുന്നു ഇവിടുത്തെ ആദ്യത്തെ ആരാധനാ സങ്കേതമെന്ന്‌ പഴമക്കാർ പറയുന്നു. ഈ ആരാധനാ സങ്കേതമാണ്‌ കാവുംന്നട എന്ന സ്ഥലനാമത്തിന്‌ ഹേതുവായത്‌.

നെടുംകുന്നം ദേവീക്ഷേത്രം

ദേവീക്ഷേത്രം

[തിരുത്തുക]

കേരളത്തിലെ ഏറെ പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ്‌ ആറു ശതാബ്ദത്തിന്റെ ചരിത്രമുള്ള നെടുംകുന്നം ദേവീക്ഷേത്രം[അവലംബം ആവശ്യമാണ്]. ഈ ക്ഷേത്രത്തിന്‌ നെടുംകുന്നത്തിൻ്റെ ചരിത്രത്തിൽ നിർണായകമായ സ്ഥാനമാണുള്ളത്‌. ഇവിടുത്തെ ഉത്സവങ്ങളായ മീനപ്പൂരവും മേടപ്പൂരവും പ്രസിദ്ധമാണ്‌. നെടുംകുന്നത്തെ മറ്റൊരു പൊതു ക്ഷേത്രമാണ്‌ ശ്രീധർമ ശാസ്താ ക്ഷേത്രം. ശാസ്താവിൻ്റെ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തിൽ ശബരിമല മണ്ഡലകാലം ഭക്തിപൂർവം ആചരിക്കുന്നു. ഇതിനു പുറമെ ശ്രീവല്ലഭ ക്ഷേത്രം തുടങ്ങി ഏതാനും കുടുംബ ക്ഷേത്രങ്ങളും സർപ്പക്കാവുകളുമുണ്ട്‌. സുപ്രസിദ്ധ ശിവപാർവ്വതിക്ഷേത്രം 'ആനിക്കാട്ടിലമ്മക്ഷേത്രം'[1] ഇവിടെ നിന്നും 4കി.മി.കിഴക്ക് മാറി സ്ഥിതി ചെയ്യൂന്നു.

നെടുംകുന്നം സെൻറ് ജോൺ ബാപ്റ്റിസ്റ്റ് ഫോറോനാപ്പള്ളി. 2 പാർശ്വദൃശ്യം

നെടുംകുന്നം പള്ളി (സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ്‌ ഫൊറോനാപ്പള്ളി)

[തിരുത്തുക]
പ്രധാന ലേഖനം: നെടുംകുന്നം പള്ളി

മധ്യതിരുവിതാംകൂറിലെ വിഖ്യാതമായ കത്തോലിക്കാ ദേവാലങ്ങളിലൊന്നാണ്‌ നെടുംകുന്നം പള്ളി. ക്രിസ്തുവിന്റെ മുന്നോടിയെന്നു വിശേഷിപ്പിക്കപ്പെടുന്ന സ്നാപകയോഹന്നാൻ്റെ നാമധേയത്തിലുള്ള ഈ ദേവാലയത്തിന്‌ രണ്ടു നൂറ്റാണ്ടേലേറെ പഴക്കുമുണ്ട്‌. ആദ്യകാലത്ത്‌ വരാപ്പുഴ രൂപതയുടെ കീഴിലുള്ള ചങ്ങനാശേരി ഇടവകയിൽപെട്ടവരായിരുന്നു ഇവിടുത്തെ കത്തോലിക്കർ. നെടുംകുന്നത്തെ ഏഴാമത്തെ ദേവാലയമാണ് ഇപ്പോഴത്തെ വലിയ പള്ളി. എല്ലാ വർഷവും വൃശ്ചികം 13ന് ആചരിക്കുന്ന നെടുംകുന്നം പള്ളി തിരുന്നാളും പുഴുക്കുനേർച്ചയും സുപ്രസിദ്ധമാണ്.


      ചേലക്കൊമ്പ് പള്ളി

സെന്റ് ആൻ‌ഡ്രൂസ് സി‌.എം‌.എസ് ആംഗ്ലിക്കൻ ചർച്ച്  കോട്ടയം ജില്ലയിലെ നെടുംകുന്നം പഞ്ചായത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. 1857 ൽ ചർച്ച് മിഷൻ സൊസൈറ്റിയുടെ മിഷനറിമാർ ( സി.എം.എസ്) സ്ഥാപിച്ച പ്രൊട്ടസ്റ്റന്റ് പള്ളിയാണിത്.  നവംബർ 30 സെന്റ് ആൻഡ്രൂ ദിനത്തിൽ.  (ഇപ്പോൾ സെന്റ് ആൻഡ്രൂസ് ദിനം ഡിസംബർ 2 ലേക്ക് മാറ്റി.)

സി‌.എം‌.എസിന്റെ മിഷനറിമാർ ആദ്യം കൊൽക്കത്തയിലെത്തി അവിടെ സുവിശേഷ പ്രവർത്തനങ്ങൾ ആരംഭിച്ചു. അവരുടെ പ്രവർത്തനത്തിന്റെ ഫലമായി ഒരു ഡയോസിസ് സ്ഥാപിക്കപ്പെട്ടു. തുടർന്ന് അവരുടെ പ്രവർത്തനങ്ങൾ മദ്രാസിലേക്ക് വ്യാപിക്കുകയും അവിടെ ഒരു ഡയോസിസ് സ്ഥാപിക്കുകയും ചെയ്തു. 1879 ജൂലൈയിൽ തിരു കൊച്ചി മഹായിടവക നിലവിൽ വന്നു.  സെന്റ് ആൻഡ്രൂസ് സി‌എം‌എസ് ആംഗ്ലിക്കൻ ചർച്ച് തിരു കൊച്ചി മഹായിടവകയുടെ കീഴിലെ പള്ളികളിലൊന്നായി മാറി.

തിരു കൊച്ചി മഹായിടവക രൂപീകരണത്തിന് മുമ്പ് സെന്റ് ആൻഡ്രൂസ് സിഎംഎസ് ആംഗ്ലിക്കൻ ചർച്ച് നിലവിലുണ്ടായിരുന്നു.  1816-ൽ തോമസ് നോർട്ടൺ എന്ന മിഷനറി ആലപ്പുഴയിൽ എത്തി.  മല്ലപ്പള്ളി പൂർണ്ണമായും സി.എം.എസ് മിഷനറിമാരുടെ പള്ളിയായി മാറി, തുടർന്ന് മിഷനറിമാർ അവരുടെ സുവിശേഷ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ഈ പള്ളിയെ അവരുടെ കേന്ദ്രസ്ഥാനമോ ആസ്ഥാനമോ ആക്കുകയും ചെയ്തു.  അധഃസ്ഥിത വർഗ്ഗങ്ങൾ ക്രിസ്തുമതം സ്വീകരിച്ചപ്പോൾ കിട്ടിയ സ്വാതന്ത്ര്യം ആസ്വദിച്ചു.  മതം മാറിയ ക്രിസ്ത്യാനികൾ അനുഭവിച്ച സ്വാതന്ത്ര്യം കണ്ട്, ചേലക്കൊമ്പിലെ താഴ്ന്ന വിഭാഗങ്ങളിലെ മിക്കവാറും എല്ലാ അംഗങ്ങളും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു.   മതം മാറിയ ക്രിസ്ത്യാനികളെ പഠിപ്പിക്കുന്നതിനായി ഈ പള്ളിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ഒരു സ്കൂളും സ്ഥാപിച്ചു.  ഈ വിദ്യാലയം ആണ് "CMS U.p School Chelakompu" ഇതിന്  ദൈവത്തോട് നന്ദി പ്രകടിപ്പിക്കുന്നതിനായി, എല്ലാ വർഷവും (വൃശ്ചികം 8,9 തീയതികളിൽ)ആദ്യഫല പെരുന്നാളിനോടനുബന്ധിച്ച്  റാസാ  ഈ യുപി സ്കൂൾ ജംഗ്ഷനിൽ നിന്ന്(ഇപ്പോൾ ചേലക്കാമ്പ് പള്ളി കുരിശടി)  പള്ളിയിലേക്ക്.  നൂറുകണക്കിന് വിശ്വാസികൾ ഈ ചരിത്ര പ്രസിദ്ധമായ റാസയിൽ  പങ്കെടുക്കുന്നു.  

സി‌.എം‌.എസ് മിഷനറിമാർ പഠിപ്പിച്ച വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഈ സഭയിലെ വിശ്വാസികൾ ഇന്നും പിൻതുടരുന്നു....

മറ്റ്‌ ക്രൈസ്തവ ദേവാലയങ്ങൾ

[തിരുത്തുക]

‍നെടുമണ്ണി ഫാത്തിമാ മാതാ ദേവാലയം, പുന്നവേലി ലിറ്റിൽ ഫ്ളവർ ദേവാലയം എന്നീ രണ്ട്‌ കത്തോലിക്ക ദേവാലയങ്ങൾകൂടി ഇവിടെയുണ്ട്‌. ഒന്നര ശതാബ്ദത്തോളം മുകളിൽ പഴക്കമുള്ള ചേലക്കൊമ്പ്‌ സെൻറ് ആൻഡ്രൂസ്‌ സി.എം.എസ് ദേവാലയത്തിനു പുറമെ കുന്നിക്കാട്‌, നിലംപൊടിഞ്ഞ, കല്ലമാവ്‌, പുതുപ്പള്ളിപ്പടവ്‌, പാറക്കൽ, തെങ്ങുംപള്ളി, നെടുംകുഴി, വെളിയംകുന്ന്‌ എന്നീ സ്ഥലങ്ങളിൽ വിവിധ ക്രൈസ്തവ സഭകളുടെ ദേവാലയങ്ങൾ സ്ഥിതിചെയ്യുന്നു.

ജുമാ മസ്ജിദ്‌

[തിരുത്തുക]

കാവുംന്നടക്ക്‌ കിഴക്ക്‌ കോവേലിക്കു സമീപമാണ്‌ ജുമാ മസ്ജിദ്‌ സ്ഥിതിചെയ്യുന്നത്‌.

മറ്റ്‌ ആരാധനാലയങ്ങൾ

[തിരുത്തുക]

നെടുംകുന്നത്തെ 57-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖാ മന്ദിരവും ഗുരുദേവ പ്രതിഷ്ഠയും വളരെ പ്രസിദ്ധമാണ്‌. ശ്രീനാരായണ ഗുരുവിന്റെ കാലത്ത്‌ എസ്‌.എൻ.ഡി.പി ശാഖാ മന്ദിരത്തിനുള്ള സ്ഥലം അദ്ദേഹത്തിൻ്റെ കൈപ്പടയിലാണ്‌ പനക്കപ്പതാലിൽ നാരായണൻ്റെ പേരിൽ ആധാരം എഴുതി വാങ്ങിയത്‌. നെടുംകുന്നം - മയിലാടി റോഡിൽ കലവറപ്പടിയിൽ ഒരു ശുഭാനന്താശ്രമം ഉണ്ട്‌. അഖില കേരളാ വർണവ സൊസൈറ്റിയുടെ ശാഖാ മന്ദിരം അരണപ്പാറയിലും, പി.ആർ.ഡി.എസ്‌. മന്ദിരം മുണ്ടുമലയിലും പ്രവർത്തിക്കുന്നു.

കാവുംന്നടക്ക്‌ വടക്ക്‌ വള്ളിമലയിൽ പുലയരുടെ വകയായി അതിപ്രാചീനമായ ഒരു ആരാധനാസ്ഥലമുണ്ട്‌. ഒരു പ്ളാവിൻ ചുവട്ടിൽ ഐക്കുളത്ത്‌ അഞ്ചുമൂർത്തികൾ, കരിങ്കുറ്റിയാൻ, നമ്പുരക്കൽ ഭദ്രകാളി എന്നിവയാണ്‌ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്‌. ഗ്രാമപഞ്ചായത്തിൻ്റെ രണ്ടാം വാർഡിൽ ഒരു വിശ്വകർമ്മ ക്ഷേത്രവും കൊച്ചുകുളത്ത്‌ സാംബവ മഹാസഭയുടെ ആരാധനാലയവുമുണ്ട്‌.

ഇവ കൂടാതെ ചരിത്ര പ്രസിദ്ധമായ ചേലക്കൊമ്പ് പളളി (സി.എം.എസ്) ,നിലംപൊടിഞ്ഞ,വീരൻമലന്മല, പാറയ്ക്കൽ, നെടുമണ്ണി, വെള്ളാപ്പള്ളി, ഇങ്ങനെ നിരവധി സ്ഥലങ്ങളിൽ സി എസ് ഐ, സി എം എസ്, പെന്തെകോസ്ത് സഭകളും ഉണ്ട്.

കൊഴുങ്ങാലൂർ ചിറ

[തിരുത്തുക]

ചാത്തനാട്ടു കുടുംബക്കാർ നൂറ്റാണ്ടുകൾക്കു മുമ്പ്‌ നിർമ്മിച്ച കൊഴുങ്ങാലൂർ ചിറ ദേവീ ക്ഷേത്രത്തിലെ മീനപ്പൂരത്തിന്‌ ആറാട്ട്‌ ആഘോഷങ്ങൾക്ക്‌ ഉപയോഗിക്കുന്നു. ഇതിന്‌ ആറാട്ടുചിറ എന്നും പേരുണ്ട്‌.

വിദ്യാഭ്യാസം

[തിരുത്തുക]

ആംഗ്ളിക്കൻ ക്രിസ്ത്യൻ സഭയുടെ ആഭിമുഖ്യത്തിൽ ചേലക്കൊമ്പിൽ 1858 ൽ തുടങ്ങിയ സി.എം. എസ്‌. മലയാളം പ്രൈമറി സ്കൂളായിരുന്നു നെടുംകുന്നത്തെ ആദ്യ വിദ്യാലയം. അരനൂറ്റാണ്ടു കഴിഞ്ഞാണ്‌ രണ്ടാമത്തെ സ്കൂൾ പ്രവർത്തനമാരംഭിച്ചത്‌. ഇപ്പോൾ നെടുംകുന്നം പള്ളി സ്ഥിതി ചെയ്യുന്നതിന്‌ വടക്കുഭാഗത്ത്‌ ആരംഭിച്ച രണ്ടാമത്തെ മലയാളം പ്രൈമറി സ്കൂൾ പ്രാരംഭ ദശയിൽ നിലത്തെഴുത്തു പഠിപ്പിക്കുന്ന കളരിയായിരുന്നു. (കാവുംന്നടയ്ക്കു പടിഞ്ഞാറ്‌) ചാത്തനാട്ട്പറമ്പിലേക്ക്‌ സ്കൂൾ മാറ്റിയത്‌ 1919 ലാണെന്ന്‌ പറയപ്പെടുന്നു.

ജാതിമതഭേദമെന്യേ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടിയാണ്‌ നെടുംകുന്നം കർമ്മലീത്താ മഠത്തിൻ്റെ ആഭിമുഖ്യത്തിൽ 1920ൽ ഒരു മലയാളം പ്രൈമറി സ്കൂളിന്‌ തുടക്കം കുറിച്ചത്‌. കറുകച്ചാലിൽ എൻ.എസ്‌. എസിൻ്റെ ആഭിമുഖ്യത്തിൽ 1914 ഒക്ടോബർ 31 ന്‌ ഒരു ഇംഗ്ളീഷ്‌ സ്കൂൾ ആരംഭിച്ചു. നെടുംകുന്നത്തും കറുകച്ചാലിലും കങ്ങഴയിലും ഹൈസ്കൂളുകൾ ഇല്ലാതിരുന്ന കാലത്ത്‌ ഇന്നാട്ടുകാരായ കുട്ടികൾക്ക്‌ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന്‌ ചങ്ങാശേരി സെൻ്റ് ബർക്കുമാൻസ്‌ സ്കൂൾ മാത്രമായിരുന്നു ആശ്രയം. ചങ്ങനാശേരി - മണിമല റൂട്ടിൽ ബസുകൾ ഓടിത്തുടങ്ങുന്നതിനുമുമ്പ്‌ സ്കൂളിലെത്താൻ ഏക മാർഗ്ഗം കാൽനടയാത്രയായിരുന്നു.

നെടുംകുന്നം സെൻറ് ജോൺ ബാപ്റ്റിസ്റ്റ്സ് സ്കൂൾ. 2 ഹയർ സെക്കൻഡറി വിഭാഗവും ഓഡിറ്റോറിയവും ബാസ്ക്കറ്റ്ബോൾ കോർട്ടും

ചാത്തനാട്ടെ ഗവൺമെൻ്റ് പ്രൈമറി സ്കൂൾ പിന്നീട്‌ മലയാളം മിഡിൽ സ്കൂളായും ഇംഗ്ളീഷ്‌ സ്കൂളായും ഏറ്റവുമൊടുവിൽ ഇപ്പോൾ ഹയർ സെക്കൻഡറി സ്കൂളായും വളർന്നിരിക്കുന്നു. 1949ൽ ഹൈസ്കൂളായ സെൻ്റ് ജോൺ ബാപ്റ്റിസ്റ്റ്‌ സ്കൂളും ഹയർ സെക്കൻഡറി തലത്തിലേക്ക്‌ ഉയർന്നു. സെൻ്റ് തെരേസാസ്‌ ഗേൾസ്‌ ഹൈസ്കൂൾ, നെടുംകുന്നം ഇടവകയുടെതന്നെ ഒരു സി.ബി.എസ്‌.ഇ. സ്കൂൾ, ചങ്ങനാശേരി അതിരൂപതയുടെ ബി.എഡ്‌. കോളേജ്‌, ടി.ടി.സി, വിൻസെൻഷ്യൻ സഭയ്ക്കു കീഴിലുള്ള ഐ.ടി.സി തുടങ്ങി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിച്ചുവരുന്നു.

സാംസ്കാരിക മേഖല

[തിരുത്തുക]

നെടുംകുന്നത്തെ സാംസ്കാരിക രംഗത്ത്‌ 1940കൾ മുതൽ‍ പ്രകടമായ നവോത്ഥാനമുണ്ടായി. ബാലമണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ 1947 ഏപ്രിൽ 15-ന്‌ പ്രവർത്തനമാരംഭിച്ച ഗാന്ധി സ്മാര പബ്ളിക്‌ ലൈബ്രറി നാടിന്റെ സാംസ്കാരിക വളർച്ചയിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥശാലകളിലൊന്നായി ഇത്‌ വളർന്നിരിക്കുന്നു. ഇപ്പോൾ മാന്തുരുത്തിയിലും പന്ത്രണ്ടാം മൈലിലും ഗ്രന്ഥശാലകളുണ്ട്‌.

നെടുംകുന്നത്തെ ആദ്യത്തെ സിനിമാ തിയേറ്റർ സ്ഥാപിച്ചത്‌ വാഴുവേലിൽ ശ്രീധരൻപിള്ളയാണ്‌. ദേവി ടാക്കീസ് എന്നായിരുന്നു തീയറ്ററിൻ്റെ പേര്‌. ആദ്യം പ്രദർശിപ്പിച്ച ചിത്രം -രാമരാജ ബഹദൂർ. ഇന്ന്‌ നെടുംകുന്നത്ത്‌ ഒരു തീയറ്ററും സമീപ പ്രദേശമായ കറുകച്ചാലിൽ രണ്ടു തീയറ്ററുകളുമുണ്ട്‌.

ജാതിമത ചിന്തകൾക്ക്‌ അതീതമായ ഐക്യബോധവും കൂട്ടായ്മയുമാണ്‌ നെടുംകുന്നത്തിൻ്റെ സാംസ്കാരിക വളർച്ചക്ക്‌ മുതൽകൂട്ടായത്‌. പള്ളിത്തിരുന്നാളുകളോടും ക്ഷേത്രോത്സവങ്ങളോടുമനുബന്ധിച്ചും മറ്റ്‌ വിശേഷ അവസരങ്ങളിലും വിവിധ കലാപരിപാടികൾ അരങ്ങേറിയുന്നു. പഴയ കാലത്ത്‌ നെടുംകുന്നത്തെ പ്രമുഖ നാടക സംഘാടകനായിരുന്ന പി.ടി. ദേവസ്യ പുതിയാ പറമ്പിൽ അഭിനേതാവെന്ന നിലയിലും ശ്രദ്ധേയനായിരുന്നു. നെടുംകുന്നം ജോസഫ്‌(കണ്ടങ്കേരിൽ) നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചിരുന്നു. ജോയ്‌ നെടുംകുന്നമാണ്‌ നാടക വേദികളിൽ ശ്രദ്ധേയനായ മറ്റൊരു വ്യക്തി.

വിഖ്യാത സിനിമാ സംവിധായകനായ ജോൺ ഏബ്രഹാമിന്‌ ഏതാനും വർഷങ്ങൾ ആതിഥ്യമരുളാനും ഈ ഗ്രാമത്തിന്‌ ഭാഗ്യം ലഭിച്ചു. സാഹിത്യം, പത്രപ്രവർത്തനം തുടങ്ങിയ മേഖലകളിലും മുൻ തലമുറയിലും ഇപ്പോഴത്തെ തലമുറയിലും നെടുംകുന്നത്തിന്‌ പ്രാതിനിധ്യമുണ്ട്‌. സ്വാതന്ത്ര്യ സമര സേനാനി, പത്രപ്രവർത്തകൻ, സാഹിത്യകാരൻ തുടങ്ങി വിവിധ നിലകളിൽ നിറഞ്ഞു നിന്ന എം.ഒ. ജോസഫ് നെടുംകുന്നമാണ് ഇതിൽ ഏറെ ശ്രദ്ധേയൻ. ഗ്രന്ഥകാരനും സഭാചരിത്ര ഗവേഷകനുമായിരുന്ന പ്രൊഫ. കെ.ഇ. ജോബ്‌ കാട്ടൂർ ചങ്ങനാശേരിയിൽ തുടക്കം കുറിച്ച അസീസി പ്രിൻ്റിംഗ് ആൻ്റ് പബ്ളിഷിംഗ്‌ ഹൗസ്‌ ഇന്നും വിദ്യാഭ്യാസ പ്രസിദ്ധീകരണ മേഖലയിലെ മുൻനിര സ്ഥാപനമാണ്‌.

കോൺഗ്രസിൻ്റെ (നിജലിംഗപ്പ) ജില്ലാ പ്രസിഡന്റായിരുന്ന അഡ്വ. ജോസഫ് കുഞ്ഞ് പുതിയാപറമ്പിൽ കോട്ടയത്തുനിന്ന് വർഷങ്ങളോളം ഒരു സായാഹ്ന പത്രം പ്രസിദ്ധീകരിച്ചിരുന്നു. കേരള കൗമുദിയിൽ പത്രപ്രവർത്തകനായിരുന്ന നെടുംകുന്നം ഗോപാലകൃഷ്ണൻ സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സർവവിജ്ഞാനകോശം പത്രാധിപ സമിതിയിലെ മുതിർന്ന അംഗമാണ്. ദേശീയ മാധ്യമ ഫെലോഷിപ്പ് ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ജസ്റ്റിൻ പതാലിൽ ഇപ്പോൾ ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റൻ്റ് എഡിറ്ററാണ്. നാടക രചയിതാവും സംവിധായകനുമായ ജോസ് ചിരട്ടവേലിക്കുഴിയിൽ, കഥാകൃത്ത് തോമസ് കണ്ടങ്കേരിൽ തുടങ്ങിയവർ അതത് മേഖലകളിൽ ശ്രദ്ധേയരാണ്.

ആരോഗ്യം

[തിരുത്തുക]

ആയുർവ്വേദ ചികിത്സാകേന്ദ്രമെന്ന നിലയിൽ നെടുംകുന്നം പണ്ടേ വിഖ്യാതമായിരുന്നു. ചെറുകരമുട്ടത്ത്‌ കോര വൈദ്യൻ, അദ്ദേഹത്തിൻ്റെ ശിഷ്യനായിരുന്ന ഐക്കരത്തുണ്ടിയിൽ നാരായണൻ വൈദ്യൻ, പുത്തൻപുരയ്ക്കൽ കൃഷ്ണൻനായർ വൈദ്യൻ, ബാലരോഗചികിത്സകനായിരുന്ന കാട്ടൂർ ചാക്കോ സാർ തുടങ്ങിയവർ ഇവിടുത്തെ വിഖ്യാതരായ ചികിത്സകരായിരുന്നു.


കോരവൈദ്യൻ്റെ സഹോദരപുത്രൻ യശശ്ശരീരനായ ടി.ജെ ചെറിയാനും അരനൂറ്റാണ്ടുകാലത്തോളം ഈ രംഗത്ത്‌ പ്രവർത്തിച്ചു. പതിറ്റാണ്ടുകളായി നെടുംകുന്നം പള്ളിപ്പടിയിൽ ഹോമിയോ ചികിത്സാ കേന്ദ്രം നടത്തിവരുന്ന ഡോ. സി.ഡി തോമസാണ്‌ ശ്രദ്ധേയനായ മറ്റൊരു ചികിത്സകൻ. ഇന്ന്‌ സമീപ പ്രദേശമായ കങ്ങഴയിൽ സ്ഥിതി ചെയ്യുന്ന എം.ജി.ഡി.എം. ആശുപത്രി ഉൾപ്പെടെ വിവിധ ചികിത്സാ കേന്ദ്രങ്ങൾ ഇവിടെയുണ്ട്‌.

നെടുംകുന്നം ചന്ത

[തിരുത്തുക]

ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ വർഷങ്ങളിലാണ്‌ നെടുംകുന്നം ചന്ത പ്രവർത്തനമാരംഭിച്ചത്‌. വാഴുവേലിൽ വി.കെ ഗോപാലപിള്ളയാണ്‌ സ്ഥാപകൻ. അന്ന്‌ കാർഷിക വിളകൾ വിറ്റഴിക്കാൻ ബുദ്ധിമുട്ടിരുന്ന കർഷകർക്ക്‌ ചന്ത ആശ്വാസമായി. ചങ്ങനാശേരി ചന്തയുടെ തലേന്ന്‌ ചന്ത പ്രവർത്തിച്ചിരുന്നതുകൊണ്ട്‌ അവശേഷിക്കുന്ന ഉൽപ്പന്നങ്ങൾ ചങ്ങനാശേരിയിൽ വിറ്റഴിക്കാൻ സൗകര്യമൊരുങ്ങി. വർഷങ്ങൾ പിന്നിട്ടപ്പോൾ ചന്തയിലെ വ്യാപാര തിരക്ക്‌ കുറഞ്ഞു. സമീപത്ത്‌ ഒട്ടേറെ പുതിയ വ്യാപാര സ്ഥാപനങ്ങൾ തുറന്നു. ഇപ്പോൾ ചൊവ്വ, വെള്ളി ദിനങ്ങളിലാണ്‌ ചന്ത പ്രവർത്തിക്കുന്നത്‌.

രാഷ്ട്രീയം

[തിരുത്തുക]

നെടുംകുന്നംകാരായ നിരവധി പേർ സ്റ്റേറ്റ്‌ കോൺഗ്രസിൻ്റെയും നാഷണൽ കോൺഗ്രസിൻ്റെയും കിഴിൽ സ്വാതന്ത്യസമരത്തിൽ പങ്കാളികളായി. പി.ടി. ദേവസ്യ പുതിയാപറമ്പിൽ, വി.കെ. ശ്രീധരൻപിള്ള വാഴുവേലിൽ, രവീന്ദ്രനാഥൻപിള്ള നിലക്കത്താനത്ത്‌, പി.ജെ. ജോസഫ്‌ പൊന്നോലിക്കൽ, വി.ജി. ഭാസ്കരൻനായർ വലിയവീട്ടിൽ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. എ.ഐ.സി.സി. അംഗവും ആഭ്യന്തര മന്ത്രിയും എം.പിയുമൊക്കെയായിരുന്ന പി.ടി. ചാക്കോയാണ്‌ രാഷ്ട്രീയ കേരളത്തിന്‌ നെടുംകുന്നത്തിൻ്റെ ഏറ്റവും വലിയ സംഭാവന.

മുതിർന്ന നേതാവായ വി.ആർ. ഭാസ്കരൻ, കെ.ജി. കൃഷ്ണൻ നായർ കാഞ്ഞിരക്കാട്ട്‌, വി.ജി. രാഘവൻനായർ വലിയവീട്ടിൽ, പി.എസ്‌.എൻ കുറുപ്പ്‌ പനക്കവയലിൽ, പുതുവേലിൽ ഉണ്ണികൃഷ്ണൻനായർ തുടങ്ങിയവർ നെടുംകുന്നത്ത്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിൻ്റെ വളർച്ചയിൽ നിർണായക പങ്ക്‌ വഹിച്ചു.

സമര പശ്ചാത്തലം

[തിരുത്തുക]

സർ സി.പി. രാമസ്വാമി അയ്യരുടെ കാലത്ത്‌ അറസ്റ്റ്‌ വരിക്കുകയും ജയിൽ ശിക്ഷ അനുഭവിക്കുകയുംചെയ്ത ദേശാഭിമാനികളുടെ കൂട്ടായ്മകൾക്കും നെടുംകുന്നം വേദിയായിട്ടുണ്ട്‌. സി. കേശവൻ, ടി.എം. വർഗീസ്‌ തുടങ്ങിയ നേതാക്കൾ പങ്കെടുത്ത ഒരു വൻ സമ്മേളനം 1945-ൽ മാണികുളത്ത്‌ നടന്നിരുന്നു. അതേ വർഷം വട്ടശേരിയിൽ ജോർജുകുട്ടിയുടെ നേതൃത്വത്തിൽ ചാത്തൻപാറയുടെ മുകളിൽ നടന്ന സ്വാതന്ത്ര്യസമരാഹ്വാന സമ്മേളനം ലാത്തിച്ചാർജിൽ കലാശിച്ചു. ക്രിസ്തുമതം സ്വീകരിക്കുന്ന ഹരിജനങ്ങൾക്ക്‌ വിദ്യാഭ്യാസ അനുകൂല്യങ്ങൾ നിഷേധിച്ചുകൊണ്ട്‌ കൊച്ചി ഗവൺമെൻറ് പുറപ്പെടുവിച്ച നിരോധനത്തിനെതിരെ ബഹുജനപ്രക്ഷോഭത്തിന്‌ മുൻകൈ എടുത്തതിന്റെ പേരിൽ മലബാർ മെയിലിൻ്റെ എഡിറ്ററായിരുന്ന എം.ഒ. ജോസഫ്‌ നെടുംകുന്നത്തെ കൊച്ചി രാജാവ്‌ തിരുവിതാംകൂറിലേക്ക്‌ നാടുകടത്തുകയും തിരുവിതാംകൂർ ഗവൺമെൻ്റെ് ഒൻപതു മാസം വീട്ടുതടങ്കലിലാക്കുകയും ചെയ്തു.

കായിക രംഗം

[തിരുത്തുക]

ഗ്രാമത്തിൻ്റെ കായിക വിനോദമായി അറിയപ്പെടുന്നത്‌ ബാസ്കറ്റ്ബോളാണ്‌. കത്തോലിക്കാ യുവജന പ്രസ്ഥാനമായ സി.വൈ.എം.എയിലൂടെയാണ്‌ ബാസ്ക്കറ്റ്ബോൾ ഇവിടെ ജനപ്രിയ കായിക ഇനമായി വളർന്നത്‌. സി.വൈ.എം.എയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തുന്ന അഖില കേരളാ ബാസ്ക്കറ്റ്ബോൾ ടൂർണമെൻറ് നെടുംകുന്നത്തിൻ്റെ കായികോത്സവമായാണ്‌ പരിഗണിക്കപ്പെടുന്നത്‌. [അവലംബം ആവശ്യമാണ്]


ഇന്ന്‌ സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ്‌ ഹയർ സെക്കൻഡറി സ്കൂളിന്‌ ദേശീയ നിലവാരത്തിലുള്ള ഒരു ബാസ്ക്കറ്റ്ബോൾ കളിക്കളം സ്വന്തമായുണ്ട്‌.


ബാസ്ക്കറ്റ്ബോളിനു പുറമെ മറ്റു പല കായിക മേഖലകളിലും നെടുംകുന്നത്തുനിന്നുള്ള താരങ്ങൾ സാന്നിധ്യമറിയിച്ചു. ദേശീയ, രാജ്യാന്തര തലങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയ ട്രിപ്പിൾ ജംപ് താരം റോബിൻ എം. വർഗീസ്‌ ആണ് നെടുംകുന്നത്തെ ഏറ്റവും വിഖ്യാതനായ കായികതാരം

നെടുംകുന്നത്തെ പ്രഗല്ഭ വ്യക്തികൾ

[തിരുത്തുക]
  • പി.ടി ചാക്കോ - മുൻ സംസ്ഥാന ആഭ്യന്തര മന്ത്രി. വിമോചന സമരത്തിൽ നിർണായക പങ്കു വഹിച്ചു.


  • ഫാ. ജോസഫ് പുതിയാപറമ്പിൽ ബി.എ - പരാതികൾ ഇല്ലാത്ത ജീവിതം എന്ന തന്റെ ഗ്രന്ഥത്തിൽ നെടുംകുന്നത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ വസ്തുതകൾ ചൂണ്ടിക്കാട്ടുന്നു. നെടുംകുന്നം പള്ളിയിലെ വിഖ്യാതമായ കുരിശിന്റെവഴി ശിൽപ്പ സമുച്ചയം ഇദ്ദേഹത്തിന്റെ സംഭാവനയാണ്.
  • നെടുംകുന്നം ഗോപാലകൃഷ്ണൻ - പത്രപ്രവർത്തകൻ, സംസ്ഥാന സർവവിജ്ഞാന കോശത്തിന്റെ പത്രാധിപസമിതിയംഗം.

പ്പ്

  • ഏം.ഈ ദെവസ്യ മണമ്മേൽ - അദ്ധ്യാപകൻ , മികച്ച അദ്ധ്യാപകനു പ്രെസിഡെൻഡിന്റെ അവാർഡ് [അവലംബം ആവശ്യമാണ്]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]
  • സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ്‌ കോളേജ്‌ ഓഫ്‌ എജ്യുക്കേഷൻ
  • സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ്സ്‌ കോളേജ്‌ ഓഫ്‌ സ്പെഷ്യൽ എജ്യുക്കേഷൻ
  • ഗവമെൻറ് ഹയർ സെക്കൻഡറി സ്കൂൾ൪.
  • സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ്സ്‌ ഹയർ സെക്കൻഡറി സ്കൂൾ
  • സെൻറ് തെരേസാസ്‌ ഗേൾസ്‌ ഹൈസ്കൂൾ
  • സി.എം.എസ്‌ എൽ. പി സ്കൂൾ, ചേലക്കൊമ്പ്‌
  • സെൻറ് ജോൺ ഐ.ടി. സി, മൈലാടി
സി.എം.എസ്‌ എൽ. പി സ്കൂൾ, നിലംപൊടിഞ്ഞ

ആശുപത്രികൾ

[തിരുത്തുക]
  • എം.ജി.ഡി. എം ആശുപത്രി കങ്ങഴ
  • ശാന്തി നഴ്സിംഗ്‌ ഹോം
  • കോസി നഴ്സിംഗ്‌ ഹോം
  • ആയൂർവേദ ആശുപത്രി

സാമൂഹ്യ സേവന കേന്ദ്രങ്ങൾ

[തിരുത്തുക]
  • സഞ്ജീവിനി പുനരധിവാസ കേന്ദ്രം(ബുദ്ധിമാന്ദ്യമുള്ളവർക്ക്‌)
  • മദർ തെരേസാ ഹോം(അനാഥ കുട്ടികൾക്ക്)
  • സഞ്ജീവിനി സ്നേഹ സദനം
  • സഞ്ജീവിനി ക്ളനിക്ക്‌

ബാങ്കുകൾ

[തിരുത്തുക]
  • സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവൻകൂർ
  • ഫെഡറൽ ബാങ്ക്‌
  • നെടുംകുന്നം സർവീസ്‌ കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌

മുളമലയുടെ സമീപത്ത്‌, നെടുംകുന്നം - കാവനാൽകടവ്‌ റോഡിന്റെ പടിഞ്ഞാറു വശത്തായി സ്ഥിതിചെയ്യുന്ന ചാത്തൻപാറ എന്നറിയപ്പെടുന്ന ഭീമൻ പാറക്കെട്ടും ഇവിടെ എത്തുന്നവരുടെ ശ്രദ്ധയാകർഷിക്കുന്നു. സഹസ്രാബ്ദങ്ങൾക്കുമുൻപ്‌ ഭൗമപ്രക്രിയയിൽ രൂപംകൊണ്ടതെന്നു വിശ്വസിക്കപ്പെടുന്ന ചാത്തൻപാറയുടെ ഉയരവും മുകൾപരപ്പിന്റെ വിശാലതയും എടുത്തു പറയേണ്ടതുതന്നെ. ചാത്തന്റെ കാൽപാദം പതിഞ്ഞതുകൊണ്ടാണ്‌ പ്രസ്തുത പാറയ്ക്ക്‌ ഈ പേര്‌ ലഭിച്ചതെന്ന്‌ ഒരു ഐതിഹ്യമുണ്ട്‌. (ഭീമൻ കാൽപ്പാദം പോലെയുള്ള ഒരു അടയാളം പാറയിൽ കാണാം.) ഇടക്കാലത്ത് ചാത്തൻപാറ പൊട്ടിച്ചു നീക്കാൻ ശ്രമം നടന്നുവെങ്കിലും നാട്ടുകാരുടെ എതിർപ്പുമൂലം ഉപേക്ഷിക്കേണ്ടി വന്നു.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
  1. സെൻറ് ജോൺ ബാപ്റ്റിസ്റ്റ്‌ ഹയർ സെക്കൻഡറി സ്കൂൾ Archived 2007-06-14 at the Wayback Machine.
  2. സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ്സ്‌ കോളേജ്‌ ഓഫ്‌ എജ്യുക്കേഷൻ
  3. ദേവീക്ഷേത്രം[പ്രവർത്തിക്കാത്ത കണ്ണി]

http://ml.wikipedia.org/wiki/നിലംപൊടിഞ്ഞ

ആധാരങ്ങൾ

[തിരുത്തുക]
  1. നെടുംകുന്നം ഗ്രാമപഞ്ചായത്ത്‌ വികസന രേഖ 1996.
  2. പാലാക്കുന്നേൽ വല്യച്ചന്റെ നാളാഗമം1831-19000(1971) -പി.ജെ സെബാസ്റ്റ്യൻ.
  3. പാലാക്കുന്നേൽ കുടുംബവും കേരള ക്രൈസ്തവരും(1983) -എൻ. എക്സ്‌ ജോൺ.
  4. പരാതികളില്ലാത്ത ജീവിതം(1978) - ഫാ. ജോസഫ്‌ പുതിയാപറമ്പിൽ.
  5. പകലോമറ്റം പതാലിൽ കുടുംബ ചരിത്രം-ജോസഫ്‌ പതാലിൽ(2005).
  6. എനിക്കുമുണ്ട് ‌ ഒരു കഥപറയാൻ(2000)- ഫാ. ജേക്കബ്‌ കാട്ടൂർ.
  7. നെടുംകുന്നം പാരിഷ്‌ ബുള്ളറ്റിൻ(1973) - എം. ഒ ജോസഫ്‌.
  8. സെൻറ് ജോൺ ബാപ്റ്റിസ്റ്റ്‌ ചർച്ച്‌ നെടുംകുന്നം രാണ്ടാം ശതാബ്ദി സ്മരണിക (1993).
"https://ml.wikipedia.org/w/index.php?title=നെടുംകുന്നം&oldid=4091500" എന്ന താളിൽനിന്ന് ശേഖരിച്ചത്