Jump to content

വേലുത്തമ്പി ദളവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വേലുത്തമ്പി ദളവായുടെ പ്രതിമ - മണ്ണടി, അടൂർ
കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
കേരളചരിത്രം
ചരിത്രാതീത കാലം
ചരിത്രാതീത കാലത്തെ കേരളം
 · ഇടക്കൽ ഗുഹകൾ · മറയൂർ
സംഘകാലം
സംഘസാഹിത്യം
മുസിരിസ് · തിണ്ടിസ് 
സമ്പദ് വ്യവസ്ഥ · ഭൂപ്രദേശം · സംഗീതം
ചേരസാമ്രാജ്യം
മുൻകാല പാണ്ട്യൻമാർ
ഏഴിമല രാജ്യം
ആയ് രാജവംശം
മദ്ധ്യ കാലം
കളഭ്രർ
മാപ്പിള
കുലശേഖര സാമ്രാജ്യം
കുലശേഖര ആഴ്‌വാർ
ശങ്കരാചാര്യർ
മദ്ധ്യകാല ചോളസാമ്രാജ്യം
സാമൂതിരി
വേണാട്
കോലത്തുനാട്
തിരുവിതാംകൂർ
പെരുമ്പടപ്പു സ്വരൂപം
കേരളീയഗണിതം
വിജയനഗര സാമ്രാജ്യം
ആധുനിക കാലം
വാസ്കോ ഡ ഗാമ
കുഞ്ഞാലി മരക്കാർ
ആരോമൽ ചേകവർ
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
തിരുവിതാംകൂർ-‍ഡച്ച് യുദ്ധം
കുളച്ചൽ യുദ്ധം
കുറിച്യകലാപം
പഴശ്ശി സമരങ്ങൾ
മൈസൂർ-ഏറാടി യുദ്ധം
പഴശ്ശിരാജ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
മദ്രാസ് പ്രസിഡൻസി
മൂന്നാമത് ആംഗ്ലോ-മൈസൂർ യുദ്ധം
വേലുത്തമ്പി ദളവ
മലബാർ കലാപം
പുന്നപ്ര-വയലാർ സമരം
ചട്ടമ്പിസ്വാമികൾ
ശ്രീനാരായണഗുരു
മന്നത്ത് പത്മനാഭൻ
അയ്യൻകാളി
തിരു-കൊച്ചി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
മദ്രാസ് സംസ്ഥാനം
കേരളം
തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിനു മുന്നിലെ വേലുത്തമ്പി ദളവയുടെ പൂർണ്ണകായ പ്രതിമ

1802 മുതൽ 1809 വരെ തിരുവിതാംകൂർ രാജ്യത്തെ ദളവ അഥവാ പ്രധാനമന്ത്രി ആയിരുന്നു വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി (1765 മേയ് 6 -1809 മാർച്ച് 29). തിരുവിതാംകൂറിന്റെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥപദവിയായ ദളവാ സ്ഥാനത്തേക്ക് അതിശയിപ്പിക്കുന്ന വേഗതയിൽ എത്തിച്ചേരുകയും (1802-1809) അതേ വേഗതയിൽ അത് നിരാകരിച്ച് ജനങ്ങൾക്ക് വേണ്ടി[അവലംബം ആവശ്യമാണ്] ബ്രിട്ടിഷുകാർക്കെതിരെ സമരം നയിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ത്യാഗമായി വിവരിക്കപ്പെടുന്നത്. കേരളത്തിൽ അദ്ദേഹത്തെ ഒരു ഇതിഹാസ പുരുഷനായി ചിത്രീകരിച്ചു വരുന്നുണ്ട്[ആര്?]. അന്ന് രാജ്യം ഭരിച്ചിരുന്ന അവിട്ടം തിരുനാൾ ബാലരാമവർമ്മ രാജാവിനെ ഭീഷണിപ്പെടുത്തി ദളവയായ വേലുത്തമ്പിയെ രാജ്യദ്രോഹിയായും വഞ്ചകനായും വിമർശിക്കുന്നവരും ഉണ്ട്[1]

ജീവിതരേഖ

[തിരുത്തുക]
  • 1765 ജനനം
  • 1784 കൽക്കുളം മണ്ടപത്തും വാതുക്കൽ കാര്യക്കാരായി
  • 1799 മേയ് 3 - ഇരണിയലിൽ, വേലുത്തമ്പിയുടെ നേതൃത്വത്തിൽ നാട്ടുകൂട്ടം; ജൂൺ 12 - നാട്ടുകൂട്ടം രാജസന്നിധിയിൽ; ഓഗസ്റ്റ് 15 - വേലുത്തമ്പി മുളകു മടിശ്ശീല സർവാധികാര്യക്കാർ (വാണിജ്യ വ്യവസായ മന്ത്രി)
  • 1802 ദളവയായി
  • 1804 ദളവയ്ക്കെതിരെ കലാപം
  • 1805 ഇംഗ്ലീഷുകാരുമായി ഉടമ്പടി നവീകരിച്ചു
  • 1808 റസിഡന്റ് മെക്കാളയ്ക്കെതിരെ ആക്രമണം
  • 1809 ജനുവരി 11 - കുണ്ടറ വിളംബരം; മാർച്ച് 18 - ദളവാ പദവിയിൽ നിന്ന് പുറത്തായി. ഏപ്രിൽ 8-ന് ആത്മഹത്യ[2]

1765 മേയ് 6 ൽ അന്നത്തെ തിരുവിതാംകൂർ സംസ്ഥാനത്തിന്റെ ഭാഗമായ (ഇന്നത്തെ തമിഴ്നാടിന്റെ കന്യാകുമാരി ജില്ലയിൽ തലക്കുളം എന്ന ഗ്രാമത്തിലെ വലിയവീട്ടിൽ വേലുത്തമ്പി ജനിച്ചത്. വേലായുധൻ ചെമ്പകരാമൻ തമ്പി എന്നാണ് മുഴുവൻ പേർ. അച്ഛൻ മണക്കര കുഞ്ഞു മയാറ്റി പിള്ളയും അമ്മ തലക്കുളം വലിയ വീട്ടിൽ വള്ളിയമ്മ പിള്ള തങ്കച്ചിയും ആയിരുന്നു, അദ്ദേഹത്തിന്റെ മുത്തച്ഛൻ പർപ്പനാട് സ്വരൂപത്തിൽ പെട്ട തട്ടാരി കോവിലകത്തു ഉള്ള ഇത്തമർ വർമ്മ ആണ് . മഹാരാജാവിൽ നിന്ന് ചെമ്പകരാമൻ എന്ന പട്ടം പരമ്പരാഗതമായി ലഭിച്ചിരുന്നവരായിരുന്നു അദ്ദേഹത്തിന്റെ കുടുംബക്കാർ. വേലുത്തമ്പി എന്നാണ് ചെറുപ്പം മുതൽക്കേ അദ്ദേഹം അറിയപ്പെട്ടിരുന്നത്. കൊല്ലവർഷം 959മാണ്ടിൽ കാർത്തികതിരുനാൾ മഹാരാജാവിന്റെ യാത്രാ മദ്ധ്യേ മറവന്മാർ അദ്ദേഹത്തിന്റെ സാധനങ്ങൾ കൊള്ളയടിക്കുകയുണ്ടായി. മോഷ്ടാക്കളെ കണ്ടുപിടിക്കാനുള്ള ശ്രമം വിഫലമായതിനെ തുടർന്ന് കാർത്തികതിരുനാൾ മഹാരാജാവ് വേലുത്തമ്പിയുടെ കുടുംബത്തിന്റെ സഹായം അഭ്യർത്ഥിക്കുകയും വേലുത്തമ്പിയുടെ സഹായത്താൽ കവർച്ചക്കാരെ പിടികൂടുകയും മോഷ്ടിക്കപ്പെട്ട സാധനങ്ങൾ കണ്ടെടുക്കയും ചെയ്തു. അങ്ങനെ കാർത്തികതിരുനാൾ മഹാരാജാവിനാൽ അനുഗൃഹീതനായ വേലുത്തമ്പിക്ക് കൊട്ടാരത്തിൽ കാര്യക്കാരനായി ജോലി ലഭിച്ചു. അന്ന് അദ്ദേഹത്തിന് 20 വയസ്സായിരുന്നു. രാജാ കേശവദാസായിരുന്നു അന്നത്തെ ദളവ.

അന്നത്തെ രാഷ്ടീയ ചരിത്രം

[തിരുത്തുക]

തിരുവനന്തപുരം തലസ്ഥാനമായിട്ടുള്ള ഒരു നാട്ടുരാജ്യമായിരുന്നു തിരുവിതാംകൂർ അഥവാ തിരുവിതാങ്കോട്. തെക്കൻ കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഇപ്പോൾ തമിഴ്നാട്ടിലുള്ള കന്യാകുമാരി ജില്ലയും ചേർന്നതായിരുന്നു പുതിയ തിരുവിതാംകൂറിന്റെ വിസ്തൃതി.

1798 ഫെബ്രുവരി 17 നു കാർത്തിക തിരുനാൾ രാമവർമ്മ രാജാവ് നാടുനീങ്ങിയപ്പോൾ 16 വയസ്സുണ്ടായിരുന്ന അവിട്ടം തിരുനാൾ രാമവർമ്മ രാജാവ് സ്ഥാനാരോഹണം ചെയ്തു. തിരുവിതാംകൂർ രാജാക്കന്മാരുടെ വംശപരമ്പരയിൽ ഏറ്റവും ദുർബലനും ഭരണകാര്യങ്ങളിൽ അറിവും വിവേകവും കുറഞ്ഞവനുമായാണ് അവിട്ടം തിരുനാൾ മഹാരാജാവിനെ കാണുന്നത്. അദ്ദേഹം ഏതാനും കൊട്ടാര സേവകന്മാരുടെ വശംവദനായാണ് ഭരണം നിർവ്വഹിച്ചിരുന്നത്[1]. അദ്ദേഹം സ്ഥാനമേറ്റ ആദ്യകാലത്താണ് വേലുത്തമ്പി കൊട്ടാരത്തിലെ കാര്യക്കാരനായി നിയമിതനാകുന്നത്. പ്രായം കുറഞ്ഞവനും ദുർബലനുമായിരുന്നു രാജാവെങ്കിലും ശക്തനായ രാജാ കേശവദാസ് ദിവാനായി ഉണ്ടായിരുന്നു.

ജയന്തൻ നമ്പൂതിരിയുടെ നിയമനം

[തിരുത്തുക]
പ്രധാന ലേഖനം: ജയന്തൻ നമ്പൂതിരി

അവിട്ടം തിരുനാൾ മഹാരാജാവായതിനു ശേഷം അധികം താമസിയാതെ രാജകേശവദാസ് അന്തരിച്ചു 1799.[൨]. തുടർന്ന് ജയന്തൻ നമ്പൂതിരിയെ സർവ്വാധികാര്യക്കാരനായി നിയമിച്ചു. ദിവാനെ തിരഞ്ഞെടുക്കുന്നതിനായി ഇംഗ്ലീഷുകാരുടെ സഹായം തേടണമെന്ന വെല്ലസ്ലി പ്രഭുവിന്റെ നിർദ്ദേശം ഉണ്ടായിരുന്നതിനാൽ ദിവാൻ സ്ഥാനത്തേക്ക് ജയന്തനെ നിയമിച്ചില്ല. എങ്കിലും ദളവയുടെ സകല അധികാരങ്ങളും അദ്ദേഹത്തിനു നൽകി. ഇക്കൂട്ടത്തിൽ തലക്കുളത്തു ശങ്കരനാരായണൻ ചെട്ടിയെ വലിയ മേലെഴുത്തായും തച്ചിൽ മാത്തൂത്തരകനെ മുഖ്യ ഉപദേഷ്ടാവായും നിയമിച്ചിരുന്നു. എന്നാൽ ഇതെല്ലാം അന്നത്തെ റസിഡന്റിനോട് കൂടിയാലോചിച്ച് എടുത്ത നിയമനമല്ലാത്തതിനാൽ ഇംഗ്ലീഷുകാർക്ക് പൊരുത്തപ്പെടാനായില്ല.

ജയന്തൻ നമ്പൂതിരിയുടെ ഭരണത്തെപ്പറ്റി എല്ലാ തിരുവിതാംകൂർ ചരിത്രകാരന്മാരും മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത്. മൂവരുടെ കീഴിലുള്ള ദുർഭരണം നിമിത്തം ജനങ്ങൾ പൊറുതിമുട്ടിയത്രെ. തരകൻ സാധനങ്ങളുടെ വില വർദ്ധിപ്പിക്കുകയും ശങ്കരനാരായണൻ നിലങ്ങൾ പലതും സ്വന്തം പേരിലാക്കുകയും ചെയ്തു. ഉപ്പിന്റെ വില വരെ വർദ്ധിപ്പിക്കുകയുണ്ടായി.[3] എന്നാൽ ഇത് വെറും 25 ദിവസത്തെ മാത്രം ഭരണമായിരുന്നു[2]. ഇതിനെതിരെ വേലുത്തമ്പി ജനങ്ങളെ ലഹളക്ക് പ്രേരിപ്പിച്ചു എന്നാണ് പറയുന്നത്. ആരോപണവിധേയരായ മന്ത്രിമാരെ പിരിച്ചുവിട്ടു. അക്കാലത്ത് തലക്കുളം കാര്യക്കാരെന്ന താണപദവിയാണ് വേലുത്തമ്പി ദളവുക്കുണ്ടായിരുന്നത്. രാജാവ് വേലുത്തമ്പി ദളവയെ വാണിജ്യവകുപ്പു മന്ത്രിയാക്കി, 1801ൽ തിരുവിതാംകൂർ ദളവ (മുഖ്യമന്ത്രി)യായും അവരോധിച്ചു.[4]

മറ്റൊരു അഭിപ്രായപ്രകാരം ജയന്തൻ നമ്പൂതിരി ഭരണമേറ്റകാലത്ത് രാജഭണ്ഡാരത്തിൽ പണമില്ലായിരുന്നു. അതിനാൽ ദൂർത്തടിക്കുന്നതിനെക്കുറിച്ചുള്ള ആരോപണം ശരിയല്ല. ടിപ്പുവിന്റെ പടയോട്ടത്തെ ചെറുക്കാനായി പണം സമ്പാദിച്ചത് തന്നെ മാത്തൂത്തരകൻ എന്ന വ്യാപാരിയിൽ നിന്ന് കടം വാങ്ങിയ 15 ലക്ഷം രൂപ മൂലമാണ് അതിനു പ്രത്യുപകാരമായാണ് രാജാവ് അദ്ദേഹത്തെ ഉപദേഷ്ടാവായി നിയമിച്ചതും. ഈ പണം തിരികെ കൊടുക്കേണ്ടതിനുവേണ്ടിയും രാജഭണ്ഡാരം ശക്തമാക്കുന്നതിനായും ജയന്തൻ ശങ്കരൻ നമ്പൂതിരി ജനങ്ങളിൽ നിന്ന് സംഭാവന പിരിക്കാൻ തീരുമാനിച്ചു. ഈ സംഭാവനയ്ക്കെതിരെ സവർണ്ണരായ വ്യാപാരികൾ പ്രതിഷേധിച്ചു. വേലുത്തമ്പിക്ക് സംഭാവനയായി അടക്കേണ്ടിയിരുന്ന തുക 20000 കൂലിപ്പണമാണ് (5000 രൂപ) ഇതടക്കാനായി അല്പം സാവകാശം അനുവദിച്ച് രേഖ എഴുതിവാങ്ങിച്ചു പിരിവുദ്യോഗസ്ഥന്മാർ അദ്ദേഹത്തെ വിട്ടയച്ചു എന്നുമാണ് കഥ. എന്നാൽ തമ്പി സംഭാവന അടക്കാൻ വഴി ആലോചിക്കുന്നതിനു പകരമായി നാട്ടിലെത്തി നമ്പൂതിരി ഭരണത്തിനെതിരെ ഗ്രാമത്തലവന്മാരോട് സംഘടിക്കുവാനഭ്യർത്ഥിച്ചു. നമ്പൂതിരി ഭരണത്തെ ഭയപ്പെട്ടിരുന്ന പണക്കാർ എല്ലാവരും അദ്ദേഹത്തിൻ സഹായം വാഗ്ദാനം ചെയ്തു.

വേലുത്തമ്പി സ്ഥാനഭ്രഷ്ടനാകുന്നു

[തിരുത്തുക]

മഹാരാജാവിനെതിരെ അഭ്യന്തര ലഹള സംഘടിപ്പിക്കുമ്പോൾ വേലുത്തമ്പി കാര്യക്കാരനായ ഉദ്യോഗസ്ഥനായിരുന്നോ എന്നതിനു തെളിവില്ല. കാര്യക്കാർ സ്ഥാനത്തെക്കുറിച്ച് രണ്ട് അഭിപ്രായമാണ് ചരിത്രകാരന്മാർക്കിടയിൽ നിലനിൽക്കുന്നത്. രാജാ കേശവദാസുമായി അഭിപ്രായവ്യത്യാസമുണ്ടായതായും, ടിപ്പു സുൽത്താനെതിരായി നടത്തിയ യുദ്ധത്തിനു ചെലവായ പണം പിരിക്കാൻ കാര്യക്കാരെ ചുമതലപ്പെടുത്തുകയും അത് പിരിക്കാതിരുന്നതിനോ പിരിച്ച പണം ഖജനാവിലടക്കാതെ സ്വന്തം കാര്യത്തിനായി ഉപയോഗിച്ചതിനാലോ ദിവാൻ തന്നെ അദ്ദേഹത്തെയും മറ്റു ചില കാര്യക്കാരേയും പിരിച്ചുവിട്ടതായി ചില ചരിത്രകാരന്മാർ സംശയിക്കുന്നു. [3]

നായന്മാരുടെ എതിർപ്പ്

[തിരുത്തുക]

മുന്നത്തെ നൂറ്റാണ്ടിൽ നിന്ന് വിരുദ്ധമായി നമ്പൂതിരിമാരിൽ നിന്ന് നായന്മാരിലേക്ക് അധികാരവും സമൂഹത്തിലെ മേധാവിത്വവും പകർന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ഒരു നമ്പൂതിരി നായന്മാർക്ക് മുകളിൽ വരുന്നത്. മാത്രവുമല്ല ജയന്തൻ നമ്പൂതിരി നിർബന്ധിത പണപ്പിരിവ് നടത്തിയിരുന്നത് സമൂഹത്തിലെ ഉന്നതരായ നായന്മാരിൽ നിന്നുമായിരുന്നു. അവർ നാട്ടിലെ പ്രമാണിമാരായിരുന്നു. പണം അടക്കാത്തവരെ പരസ്യമായി മുക്കാലിയിൽ ബന്ധിച്ച് അടിക്കുകയും മറ്റു ദണ്ഡനരീതികൾ അവലംബിക്കുകയുമായിരുന്നു നമ്പൂതിരിയുടെ ആളുകൾ ചെയ്തിരുന്നത്. ഒട്ടാകെ ഭയവും കയ്യൂക്കുള്ളവർക്കിടയിൽ പ്രതിഷേധവും വരുത്താനിടയാക്കി.

നായരായിരുന്ന കേശവദാസൻ അന്തരിച്ചുണ്ടായ ഒഴിവിലേക്ക് മറ്റൊരു നായരെ നിയമിക്കാഞ്ഞത് നായന്മാരിൽ പ്രതിഷേധ സ്വരം വളർത്തി. മാത്രവുമല്ല നമ്പൂതിരി അന്യദേശക്കാരനുമായിരുന്നു. മറ്റു രണ്ടു നിയമനങ്ങളും, അതായത് ശങ്കരനാരായണൻ ചെട്ടിയും മാത്തൂത്തരകനും അന്യജാതിക്കാരും അന്യദേശക്കാരുമായിരുന്നു എന്നതും നായന്മാരിലെ ദേഷ്യത്തെ ആളിക്കത്തിച്ചിരുന്നു. രാജാകേശവദാസനെ കൊന്നതിനു പിന്നിൽ നമ്പൂതിരിക്കും രാജാവിനും പങ്കുണ്ടെന്ന വാർത്ത വിശ്വസിപ്പിക്കാനും തമ്പി ശ്രമിച്ചിരുന്നു.

വേലുത്തമ്പിക്ക് നൽകപ്പെട്ട 3 ദിവസം കഴിഞ്ഞു. എന്നാൽ വേലുത്തമ്പിയാകട്ടേ പെരുമ്പറയടിച്ച് ആലപ്പുഴവരെയുള്ള ജനങ്ങളെ വിളിച്ചുകൂട്ടി ലഹളക്ക് പ്രേരിപ്പിക്കുന്ന തിരക്കിലുമായിരുന്നു. പണക്കാരും സവർണ്ണരുമായ ജനങ്ങൾ വേലുത്തമ്പിയുടെ അഭിപ്രായത്തോടെ യോജിച്ചു[4]. എന്നാൽ അവധി കൊടുത്ത് ദിനങ്ങൾ കഴിഞ്ഞതോടെ വേലുത്തമ്പിയിൽ നിന്ന് തുക വസൂലാക്കാനായി ഉദ്യോഗസ്ഥർ എത്തുകയും ചെയ്തു. എന്നാൽ വേലുത്തമ്പി അപ്പോൾ ലഭ്യമായ ആളുകളേയും കൂട്ടി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു എന്നുമാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്. (ഇന്നത്തെപ്പോലത്തെ വാഹനസൗകര്യമൊന്നുമില്ലാതിരുന്ന അക്കാലത്ത് ആലപ്പുഴയിൽ നിന്ന് പട്ടാളക്കാരെക്കൂട്ടി തിരുവനന്തപുരത്തേക്ക് എത്തണമെങ്കിൽ 30 ദിവസമെങ്കിലും വേണ്ടിവരുമെന്ന് എതിരഭിപ്രായക്കാർ പറയുന്നു)

വേലുത്തമ്പിയുടെ നേതൃത്വത്തിൽ ജനങ്ങൾ ലഹളക്ക് തയ്യാറായി വന്നതോടെ രാജാവിനു ഗത്യന്തരമില്ലാതായി. സഹായമഭ്യർത്ഥിക്കാൻ ആരുമില്ലാതായ അവസ്ഥ. ഇംഗ്ലീഷുകാരോട് ഇടഞ്ഞാണ് സർവ്വാധികാര്യക്കാരനെ നിയമിച്ചത് എന്നതിനാൽ അവരോടും സഹായം അഭ്യർത്ഥിക്കാൻ അദ്ദേഹത്തിനായില്ല. പാളയത്തിൽ തന്നെ പടവരുമെന്ന വിവരം അദ്ദേഹത്തിന്റെ ചാരന്മാർ അറിഞ്ഞതുമില്ല. തന്മൂലം കീഴടങ്ങാൻ രാജാവ് തീരുമാനിച്ചു. എന്നാൽ ഒരു കുപ്പിണി ഇംഗ്ലീഷ് പട്ടാളം രാജാവിന്റെ അഭ്യമഭ്യർത്ഥന മാനിച്ച് പാളയംകോട്ട് നിന്നു വന്നതായും സംഭവങ്ങൾ വീക്ഷിച്ച ശേഷം നമ്പൂതിരിയെ നാടുകടത്താൻ നിർദ്ദേശിച്ചതല്ലാതെ സഹായം ചെയ്തില്ല എന്നും ഭാഷ്യമുണ്ട്.

വേലുത്തമ്പിയുടെ നേതൃത്വത്തിലുള്ള ലഹളക്കാർ നാലു വ്യവസ്ഥകൾ വച്ചു

  1. വലിയ സർവകാര്യക്കാരായ ജയന്തൻ ശങ്കരൻ നമ്പൂതിരിയെ ഉടൻ പിരിച്ചു വിടുകയും നാടുകടത്തുകയും ചെയ്യുക.
  2. അദ്ദേഹത്തെ യാതൊരു കാരണവശാലും രാജാവ് തിരിച്ച് വിളിപ്പിക്കില്ല എന്ന് വിളംബരം പുറപ്പെടുവിക്കുക.
  3. ശങ്കരനാരായണന് ചെട്ടിയേയും മാത്തൂത്തരകനേയും പൊതുനിരത്തിൽ വച്ച് ശിക്ഷിക്കുകയും അവരുടെ ചെവി അറത്തു കളയുകയും ചെയ്യുക.
  4. ഉപ്പു നികുതി തുടങ്ങിയ ദ്രോഹ നികുതികൾ നിർത്തലാക്കുക.

രാജാവ് ഇതെല്ലാം അംഗീകരിക്കുകയും ഉപ്പിന്റേയും നാളികേരത്തിന്റെയും പരുത്തിയുടേയും നിലക്കടലയുടേയും തീരുവ പകുതിയായി കുറക്കുകയും ചെയ്തു. ലഹളക്കാരിൽ പ്രധാനികളുടെ ആവശ്യപ്രകാരം ചിറയിൻകീഴ് അയ്യപ്പൻ ചെമ്പകരാമൻ പിള്ളയെ വലിയ സർവകാര്യക്കാരനായും (നമ്പൂതിരിക്ക് പകരം) മുളക് മടിശ്ശീല സർവകാര്യക്കാരായി (ധനകാര്യമന്ത്രി) വേലുത്തമ്പിയെ നിയമിക്കുകയും ചെയ്തു.

ദളവാ പദവിയിലേക്ക്

[തിരുത്തുക]
വേലുത്തമ്പിയുടെ ഒരു രേഖാചിത്രം

മുളകുമടിശ്ശീല കാര്യക്കാരിൽ നിന്നും സർവാധികാര്യക്കാരിലേക്കുള്ള ദൂരം തമ്പിക്ക് വളരെ കുറവായിരുന്നു. അയ്യപ്പൻ ചെമ്പകരാമൻ മറ്റു ദളവാമാരെപ്പോലെ കാര്യാപ്രാപ്തിയുള്ളവനായിരുന്നു എങ്കിലും അദ്ദേഹത്തിനു 14 മാസത്തിലേറെ ആ സ്ഥാനത്തിരിക്കാൻ സാധിച്ചില്ല. 1800ൽ അദ്ദേഹം മരിച്ചു എന്നാണ് ശങ്കുണ്ണിമേനോൻ പറയുന്നത്. എന്നാൽ ഡോ. ശോഭനന്റെ അഭിപ്രായത്തിൽ ചെമ്പകരാമനെ ദളവാ സ്ഥാനത്തുനിന്നും പിരിച്ചയക്കുകയായിരുന്നു. ആദ്യം ആലപ്പുഴയിലും പിന്നീട് പറവൂരിലും അദ്ദേഹത്തെ തടവിലാക്കി. രാജ്യത്തിന്റെ കടം വീട്ടാൻ കരം പിരിക്കാൻ അദ്ദേഹത്തിനായില്ലെന്നതാണ് അതിനുകാരണം. ആറുലക്ഷം രൂപയേ അദ്ദേഹത്തിനു സ്വരൂപിക്കാനായുളളൂ; അതുതന്നെ മറ്റുകടങ്ങൾ വീട്ടാനും ഇംഗ്ലീഷുകാർക്കുള്ള കപ്പം കൊടുക്കാനും മാത്രമേ തികഞ്ഞുള്ളൂ. അതിൽ തന്നെ മൂന്നു ലക്ഷം രൂപ നൽകിയത് മാത്തൂത്തരകനാണ്.[5] ദളവയുടെ കഴിവുകേടായാണ് രാജാവ് അത് വ്യാഖ്യാനിച്ചത്. ഇംഗ്ലീഷുകാരുടെ ശുപാർശയോടെ നിയമിച്ചതിനാലും രാജാവ് അയ്യപ്പൻ ചെമ്പകരാമനെ തിരസ്കരിച്ചു.

അദ്ദേഹത്തിനു പകരമായി സർവകാര്യക്കാരായി നിയമിച്ചത് സമ്പ്രതി കുഞ്ചുനീലൻപിള്ളയെയായിരുന്നു. അദ്ദേഹം കൊട്ടാരത്തിലെ ഇംഗ്ലീഷ് വിരുദ്ധചേരിയിലായിരുന്നു. ഇംഗ്ലീഷുകാർക്ക് തൃപ്തികരമായ നിയമനമായിരുന്നില്ല അത്. റസിഡൻ്റ് മെക്കാളെയുടെ തീരുമാനപ്രകാരം പിന്നീട് അദ്ദേഹത്തെ മാറ്റി രാജാകേശവദാസന്റെ സഹോദരീഭർത്താവായ പാറശ്ശാല പത്മനാഭൻ ചെമ്പകരാമൻപിള്ള നിയമിതനായി. ഇത് വേലുത്തമ്പിക്ക് ഇഷ്ടമായിരുന്നില്ല. എങ്കിലും അദ്ദേഹം ദളവാ പദവിയിലേക്കുള്ള പാത വെട്ടിക്കണ്ടിരിക്കുകയായിരുന്നു. കൊട്ടാരത്തിലുള്ള ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരേയും അദ്ദേഹം പാട്ടിലാക്കി. എന്നാൽ കേശവദാസന്റെ ബന്ധുക്കളായ രണ്ടുപേരെ അദ്ദേഹം പ്രതിയോഗികളായാണ് കണ്ടത്. രാജാകേശവദാസന്റെ അനന്തരവനായ ഇരയിമ്മൻ തമ്പിയും സഹോദരനായ ചെമ്പകരാമൻ കുമാരനുമായിരുന്നു അവർ. അടുത്ത പ്രധാനമന്ത്രിസ്ഥാനത്തേക്ക് അവർ പരിഗണിക്കാതിരിക്കാൻ തമ്പി ഗൂഢതന്ത്രങ്ങൾ മെനഞ്ഞു[6]. സഹായത്തിനു കുഞ്ചുനീലൻ പിള്ളയുമുണ്ടായിരുന്നു. അദ്ദേഹം നാടുനീങ്ങിയ കേശവദാസൻ ദളവാ രാജാവിന്റെ പണം ദുർവിനിയോഗം നടത്തി എന്ന കണക്കുണ്ടാക്കുകയും അത് അദ്ദേഹത്തിന്റെ ബന്ധുക്കളായ മേൽ പരാമർശിച്ചവരിൽ നിന്നും വസൂലാക്കണമെന്നു നിർദ്ദേശിക്കുകയും അത് രാജാവ് സ്വീകരിക്കുകയും എന്നാൽ അവർ അത് നിഷേധിക്കുകയും ചെയ്തു. തുടർന്ന് തമ്പിയും കൂട്ടരും ചേർന്ന് നടത്തിയ നാടകം കളിക്കൊടുവിൽ രണ്ടുപേരും വധിക്കപ്പെടുകയും തമ്പി സർവകാര്യക്കാരനായി നിയമിതനാകുകയും ചെയ്തു. വധശിക്ഷക്കു പിന്നിൽ താനല്ല എന്നു വരുത്തിത്തീർക്കാനും അതിന്റെ ഉത്തരവാദിത്തം കുഞ്ചുനീലപിള്ളക്കമ്മേൽ വരുത്തിത്തീർക്കാനും തമ്പി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

തമ്പിക്കെതിരായ ഗൂഢാലോചന

[തിരുത്തുക]

തമ്പി ദളവയായതിനുശേഷം മനസ്സമാധാനത്തോടെ ഭർണകാര്യങ്ങൾ നിർവഹിക്കൻ അദ്ദേഹത്തിനായിട്ടില്ല. ഒരു വർഷത്തിനുള്ളിൽ അദ്ദേഹത്തിനെതിരായി ഗൂഢാലോചന നടത്തപ്പെട്ടു. അദ്ദേഹത്തെ വിപ്ലവത്തിനു സഹയിച്ച സമ്പ്രതി കുഞ്ചുനീലൻ പിള്ള, മുത്തുപ്പിള്ള, സുബ്ബയ്യൻ എന്നിവർ തന്നെയാണ്‌ അതിനു മുൻ‌കൈ എടുത്തത്. ദളവയായതിനുശേഷം തമ്പി മെക്കാളയുടെ വിശ്വസ്ത അനുയായിയുടേതുപോലെയാണ്‌ പെരുമാറി വന്നത്.റസിഡന്റ് ഈ അവസരം പരമാവധി മുതലാക്കുകയും തിരുവിതാംകൂർ സൈന്യത്തിന്റെ എല്ലാ കുപ്പിണിയിലും ബ്രിട്ടിഷ് ഓഫീസർക്ക് ആസ്ഥാനം തുടങ്ങണമെന്ന് ആവശ്യപ്പെടുന്നതിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അതിരു കവിഞ്ഞ ബ്രിട്ടിഷ് സ്നേഹം രാജാവിനും മറ്റുദ്യോഗസ്ഥർക്കും ഉള്ളിൽ എതിർപ്പ് ക്ഷണിച്ചു വരുത്തുകയുണ്ടായി. തങ്ങൾ ഉദ്ദേശിച്ചതുപോലെ രാജാവിന്റെ അഭ്യുദയകാംക്ഷി അല്ല വേലുത്തമ്പി എന്ന് മനസ്സിലാക്കിയ സമ്പ്രതി കുഞ്ചുനീലൻ പിള്ളയും കൂട്ടരും തമ്പിയെ ദളവാ സ്ഥാനത്തു നിന്നും നീക്കം ചെയ്യാനും വധിക്കാനുമുള്ള ഒരു കല്പനക്ക് ഗുഢപദ്ധതിയൊരുക്കാനും തീരുമാനിച്ചു. മഹാരാജാവിനെക്കൊണ്ട് ഇതിലേക്കായി ഒരു കല്പന പുറപ്പെടുവിക്കാനും അവർക്കായി.

തമ്പിക്കെതിരായ കലാപം

[തിരുത്തുക]

ബാലരാമവർമ്മ മഹാരാജാവ് ഭരണം ഏറ്റെടുക്കുമ്പോൾ രണ്ടു ലക്ഷത്തിഅൻപത്തിനായിരം രൂപ തിരുവിതാംകൂറിനു കടമുണ്ടായിരുന്നു. മറ്റൊരു നാലു ലക്ഷം രൂപ കമ്പനിക്ക് കപ്പം കൊടുക്കാനുമുണ്ടയിരുന്നു. വരവു വർദ്ധിപ്പിക്കാൻ വഴി കാണാഞ്ഞ് വേലുത്തമ്പി ചെലവ് കുറക്കാൻ തീരുമാനിച്ചു. ഇതിനായി നായർ സൈന്യത്തിന് അന്ന് നൽകിയിരുന്ന യുദ്ധകാല ക്ഷാമബത്ത നിർത്തലാക്കാൻ തീരുമാനിച്ചു. അന്ന് രാജ്യത്ത് ഇരുപതിനായിരത്തോളം പട്ടാളക്കാർ ഉണ്ടായിരുന്നു. യുദ്ധകാലത്ത് മാത്രം നൽകയിരുന്ന ക്ഷാമബത്ത യുദ്ധമില്ലാതായി വളരെ നാൾ കഴിഞ്ഞും നൽകി പോന്നത് നിർത്തലാക്കാൻ തീരുമാനിച്ചത് തമ്പിയുടെ ധീരമായ തീരുമാനമായിരുന്നു. പക്ഷെ നായർ പടയാളികൾക്കിടയിൽ അമർഷമുണ്ടാക്കുന്ന പ്രകോപനപരമായ തീരുമാനമായിത്തീരുന്നു അത്. അവർ പാളയങ്ങൾ ഉപേക്ഷിച്ച് ആയുധങ്ങൾ എടുത്ത് ലഹളക്കായി പുറപ്പെട്ടു. ജയിലുകൾ തകർത്ത് തടവുകാരെ മോചിപ്പിച്ചു. പതിനായിരത്തോളം പട്ടാളക്കാർ തിരുവനന്തപുരത്തേക്ക് ജാഥ നടത്തി, രാജധാനി വളഞ്ഞു. ദളവയെ പിരിച്ചു വിടണമെന്നും പട്ടാളത്തിൽ നിന്ന് ഒരാളെ ദളവയായി നിയമിക്കണമെന്നും അവർ ആവശ്യപ്പെട്ടു [5] ഒരിക്കൽ തമ്പി സ്വീകരിച്ച മാർഗ്ഗം തന്നെ തമ്പിക്കെതിരായി അവർ സ്വീകരിച്ചു. എന്നാൽ ദളവ അവരുമായി സംസാരിക്കാൻ പോലും മെനക്കടാതെ സുഹൃത്തായ മെക്കാളെയുടെ സഹായം തേടി. ലഹള തുടങ്ങിയ സമയം തമ്പി ആലപ്പുഴയിലായിരുന്നു. ആലപ്പുഴയിലെ പട്ടാളക്കാരും ലഹള സന്നാഹങ്ങൾ തുടങ്ങുന്നന്നറിഞ്ഞ് അദ്ദേഹം കൊച്ചിയിലെത്തുകയും മെക്കാളെയെ കാണുകയുമായിരുന്നു. തിരുവിതാംകൂറിന്റെ അഭ്യന്തരകാര്യങ്ങളിൽ ഇടപെടാനും അതുവഴി കടിഞ്ഞാൺ കൈക്കലാക്കാനും തക്കം പാർത്തിരുന്ന മെക്കാളെക്ക് ഇത് സുവർണ്ണാവസരമായി തോന്നിയിരിക്കണം. മെക്കാളെ തിരുനെൽവേലിയിൽ നിന്ന് കമ്പനിപ്പട്ടാളത്തെ (70% നാട്ടുകാർ തന്നെ) തിരുവനന്തപുരത്തേക്കയച്ചു. തമ്പി കർണ്ണാടകപ്പട്ടാളത്തേയും സംഘടിപ്പിച്ചു ആലപ്പുഴ എത്തി. ഇംഗ്ലീഷ് പട്ടാളം തിരുവനന്തപുരത്തെത്തി ലഹളക്കാരെ അമർച്ച ചെയ്തു. ആലപ്പുഴയിൽ തമ്പിയും .

1805-ലെ ഉടമ്പടി

[തിരുത്തുക]

വേലുത്തമ്പിയുടെ ഭരണം

[തിരുത്തുക]
വേലുത്തമ്പി ദളവ മ്യൂസിയം, മണ്ണടി

1802 ഏപ്രിൽ 15നാണ് വേലുത്തമ്പി ദളവയാകുന്നത്. 7 വർഷത്തോളം അദ്ദേഹം ഭരണം നിർവഹിച്ചു. (ആറുവർഷം 354 ദിവസവും). വേലുത്തമ്പിയുടെ ഭരണത്തെപ്പറ്റി വളരെ വ്യത്യസ്തമായ ചിത്രങ്ങളാണ്‌ ചരിത്രകാരന്മാർ നൽകുന്നത്. 7 വർഷത്തിന്റെ മുക്കാൽ പകുതിയും രാജ്യം ഏറ്റുവാങ്ങിയ കടം വീട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായും മെക്കാളെക്കെതിരെ പട ശേഖരിക്കുന്നതിന്റെ ഭാഗമായും നീങ്ങിയതിനാൽ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാനുള്ള സമയം പോലുമില്ലായിരുന്നു എന്നതാണ്‌ വസ്തുത. എങ്കിലും അദ്ദേഹത്തിന്റെ ഭരണകാലത്ത് നിരവധി ചന്തകളും താവളങ്ങളും ക്ഷേത്രങ്ങളും പണിയുകയുണ്ടായി. സാമ്പത്തിക രംഗം മെച്ചപ്പെടുത്താനും അതുവഴി ഖജനാവിലേക്കുള്ള വരവ് വർദ്ധിപ്പിക്കാനും അദ്ദേഹം ശ്രമിച്ചുകൊണ്ടേയിരുന്നു എങ്കിലും പ്രതീക്ഷക്കൊത്ത് കടം വീട്ടുവാനോ ബ്രിട്ടീഷുകാർക്ക് കൊടുക്കേണ്ടതായ കപ്പം കൊടുക്കുവാനോ കഴിഞ്ഞില്ല.

സാമ്പത്തികരംഗം

[തിരുത്തുക]

ദളവയെ പ്രധാനമായി അലട്ടിക്കൊണ്ടിരുന്ന പ്രധാന പ്രശ്നം ഖജനാവിൽ പണമില്ലാഞ്ഞതാണ്‌. ഭരണമേറ്റപ്പോൾ 25 ലക്ഷം രൂപം തിരുവിതാംകൂറിനു കടമുണ്ടായിരുന്നു[6]. സംഭാവനം പിരിക്കാൻ നിർ‌വാഹമില്ലാത്തതിനാൽ അതിനായി അദ്ദേഹം കണ്ട വഴി നായർ പട്ടാളത്തിന് നൽകിയിരുന്ന യുദ്ധകാല അലവൻസ് നിർത്തലാക്കുകയാണ്‌. വളരെക്കാലമായി യുദ്ധമില്ലായിരുന്നെങ്കിലും യുദ്ധകാല ബത്ത നൽകി വന്നിരുന്നു. ഇത് ഖജനാവിൽ നിന്ന് കാര്യമായ പണനഷ്ടം ഉണ്ടാക്കിയരുന്നു. എന്നാൽ ബത്ത നിർത്തലാക്കിയത് നായർ പട്ടാളത്തെ ചൊടിപ്പിച്ചു. അവർ നായർ സേനാനായകനായിരുന്ന കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ലഹള നടത്തി. എന്നാൽ തമ്പി മെക്കാളേയുടെ സഹായത്താൽ കലാപം അടിച്ചമർത്തി പട്ടാളക്കാരെ നിർദ്ദയം വധിച്ചു.

പിന്നീട് ഒരു ഘട്ടത്തിൽ ബ്രിട്ടിഷ് കമ്പനിക്ക് നൽകേണ്ടിയിരുന്ന കപ്പം നൽകാൻ പണം തികയാതെയും വന്നപ്പോൾ കൊട്ടാരം വക സ്വർണ്ണം പണയം വെച്ച് കടം വീട്ടാൻ ശ്രമിച്ചെങ്കിലും തീരാതെ വന്നപ്പോൾ മെക്കാളെയുമായി അഭിപ്രായവ്യത്യാസം ഉടലെടുക്കാൻ കാരണമായി. മാത്തൂത്തരകനെ തടവിലാക്കുകയും സ്വത്തു കണ്ടുകെട്ടുകയും ചെയ്തിട്ടും കാര്യമായ വരവൊന്നും ഖജനാവിലേക്കുണ്ടായില്ല.

ചില ചരിത്രകാരന്മാർ 7 വർഷത്തെ അദ്ദേഹത്തിന്റെ ഭരണകാലം തിരുവിതാംകൂർ ചരിത്രത്തിലെ ഏറ്റവും സുവർണ്ണകാലഘട്ടമായി ചിത്രീകരിക്കുന്നുണ്ട്. തമ്പി രാജ്യത്തോട്ടാകെ കണ്ടെഴുത്ത് നടത്തിയതും തലയോലപ്പറമ്പിലും ചങ്ങനാശ്ശേരിയിലും ചന്തകൾ സ്ഥാപിച്ചതും കൊല്ലം ആലപ്പുഴ എന്നിവടങ്ങളിൽ പട്ടണം വികസിപ്പിച്ചതുമാണ്‌ പ്രധാനമായും അതിനായി ചൂണ്ടിക്കാണിക്കുന്നത്.

സാംസ്കാരികരംഗം

[തിരുത്തുക]

സാമ്പത്തികരംഗം ശോചനീയമാണെങ്കിലും ക്ഷേത്രങ്ങൾ പുനരുദ്ധരിക്കുന്നതിനും പുതിയവ നിർമ്മിക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ക്ഷേത്രസം‌രക്ഷണവും ബ്രാഹ്മണഭോജനവും അക്കാലത്ത് രാജാക്കന്മാരുടെ പ്രധാന ചുമതലായി കണക്കാക്കിയിരുന്നതിനാലാവണം ഇത്. അതനുസരിച്ച് തമ്പി നിരവധി ക്ഷേത്രങ്ങൾ പുതുതായി പണിതു. പഴയതും നാശോന്മുഖവുമായ പല ക്ഷേത്രങ്ങളും ജീർണോദ്ധാരണം നടത്തുകയും അതിൽ പല പുതിയ പതിവുകൾ ഏർപ്പെടുത്തുകയും ചെയ്തു. ശുചീന്ദ്രത്തെ കൈലാസ പർ‌വതവാഹനം, കുമാരകോവിലെ വെള്ളിക്കുതിര എന്നിവ അദ്ദേഹം ഉണ്ടാക്കിച്ചവയാണ്‌. ശുചീന്ദ്രം ക്ഷേത്രം പുനരുദ്ധരിച്ചത് ദളവയാണ്‌. അതിനോടനുബന്ധിച്ച് വേദാധ്യായനത്തിനുള്ള സം‌വിധാനവും അദ്ദേഹം ഏർപ്പെടുത്തി.

കുണ്ടറ വിളംബരം

[തിരുത്തുക]

ബ്രിട്ടീഷ് സേനയുമായി ഏറ്റുമുട്ടിയ വേലുത്തമ്പിക്ക് ഒരു വിജയം കരസ്ഥമാക്കാനായില്ല. തീരെ നിവൃത്തിയില്ലാതെ കുണ്ടറയിലേക്ക് പോകാനും അവിടെ ചെന്ന് സൈന്യത്തെ പുനസംഘടിപ്പിക്കാനും തമ്പി തീരുമാനിച്ചു. കുണ്ടറയിലെത്തിയ തമ്പി, 1809 ജനുവരി 11 പുറപ്പെടുവിച്ച ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാർക്കെതിരായ സമരത്തിൽ പങ്കുചേരാൻ നാട്ടുകാരായ പടയാളികളോട് ആവശ്യപ്പെട്ടു. ഭാഷയുടെ ശക്തികൊണ്ടും, വികാരവൈശിഷ്ട്യത്താലും കുണ്ടറവിളംബരത്തോട് സമാനമായ ചരിത്ര രേഖകൾ ചരിത്രത്തിൽ അധികമില്ലെന്നും തമ്പിയുടെ ദേശസ്നേഹത്തിന്റേയും, നേതൃഗുണത്തിന്റേയും ഉത്തമ ഉദാഹരണമാണ് കുണ്ടറ വിളംബരമെന്നും ചരിത്രകാരനായ ശ്രീധരമേനോൻ അഭിപ്രായപ്പെടുന്നു.[7] അതേ സമയം ക്രിസ്തുമതം പ്രചാരം നേടുന്നതിൽ വേലുത്തമ്പിയ്ക്കുണ്ടായിരുന്ന എതിർപ്പും കന്യാകുമാരിയിലെ മയിലാടിയിൽ ക്രൈസ്തവർക്ക് പള്ളി പണിയാനുള്ള അനുമതി നൽകാൻ വേലുത്തമ്പി വിസമ്മതിച്ചതിനെ തുടർന്ന് കേണൽ മെക്കാളെയും തമ്പിയും തമ്മിൽ ഉണ്ടായ അഭിപ്രായവ്യത്യാസം മൂർദ്ധന്യത്തിലെത്തിയതായിരുന്നു കുണ്ടറ വിളംബരത്തിൽ കലാശിച്ചതെന്നും ഒരഭിപ്രായമുണ്ട്.[8]

വിമർശനങ്ങൾ

[തിരുത്തുക]

വേലുത്തമ്പി ദളവയെ ചരിത്രത്തിലെ ദേശാഭിമാനോജ്ജ്വലമായ അദ്ധ്യയം രചിച്ച വീരപുരുഷനായാണ് പലരും കാണുന്നതെങ്കിലും നിരവധി ചരിത്രകാരന്മാർ എതിരഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്.

  • 1969-ല് പുറത്തുവന്ന ജോസഫ് ചാഴിക്കാടന്റെ ‘വേലുത്തമ്പിദളവ‘; 1978 പുറത്തുവന്ന ഡോ. ബി. ശോഭനന്റെ “ Dewan Veloothampi Dalava and the British" തുടങ്ങിയ ഗ്രന്ഥങ്ങൾ വിമർശനാത്മകമായ രീതിയിലാണ് വിഷയം കൈകാര്യം ചെയ്തിരിക്കുന്നത്.
  • 1957 ൽ 'തച്ചിൽ മാത്തൂത്തരകൻ‘ എഴുതിയ എം.ഒ. ജോസഫ് നെടുങ്കുന്നം,
  • ശക്തൻ തമ്പുരാന്റെ ജീവചരിത്രം എഴുതിയ പുത്തേഴത്ത് രാമൻ മേനോൻ എന്നിവരുടെ പരാമർശങ്ങളും അക്കൂട്ടത്തിൽ എടുത്തു പറയത്തക്കതാണ്.
  • "മലബാറിൽ നിന്നു വന്ന നമ്പൂതിരിക്കും, ക്രിസ്ത്യാനിയായ മാത്തൂത്തരകനും ശങ്കരനാരയണൻ ചെട്ടിക്കും മറ്റും ഉദ്യോഗം ലഭിക്കുകയും നാഞ്ചിനാട്ടിലെ നായന്മാർക്ക് ലഭിക്കാതിരുന്നതിന്റേയും അതൃപ്തി അക്കാലത്ത് നായന്മാർക്കിടയിൽ പടർന്നിരുന്നു. ചെമ്പകരാമൻ പദവി പരമ്പരയാ കയ്യാളിയിരുന്ന വേലുത്തമ്പിക്കും മോഹഭൃംശമുണ്ടായി. ഇതാണ്‌ ലഹളയുടെ കാരണം". - ദളിത് ബന്ധു

കുറിപ്പുകൾ

[തിരുത്തുക]
  • ^ *^ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മലബാറിൽ നിന്നും പലായനം ചെയ്ത് തിരുവനന്തപുരത്ത് വന്ന് താമസിച്ചിരുന്ന ഉതിയേരി ജയന്തൻ ശങ്കരൻ നമ്പൂതിരിയും, ജയന്തൻ ജയന്തൻ നമ്പൂതിരിയും ജയന്തൻ സുബ്രമണ്യൻ നമ്പൂതിരിയുമാണ്‌ രാജാവിന്റെ ഉപജാപകവൃന്ദത്തിൽ സ്ഥാനികളായത്. അതീൽ മൂത്ത സഹോദരനായ ജയന്തൻ ശങ്കരൻ നമ്പൂതിരിയെപ്പറ്റിയാണ്‌ പ്രസ്താവം.
  • ^ 1799 ഏപ്രിൽ 26 നാണ്‌ ജയന്തൻ ശങ്കരൻ നമ്പൂതിരിയെ സര്വ്വാധികാര്യക്കാരിയാക്കിയത്. വേലുത്തമ്പി വിപ്ലവം മൂലം അദ്ദേഹത്തെ പുറന്തള്ളിയത് ജൂൺ 21നും. 55 ദിവസത്തെ ഭരണത്തെപ്പറ്റി ചരിത്രകാരന്മാർ വലിയ വിമർശനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജാ കേശവദാസ് മരണമടഞ്ഞതിനുശേഷം (ഏപ്രിൽ 15) 26നാണ്‌ നമ്പൂതിരി നിയമിതനാകുന്ന നീട്ട് രാജാവ് തുല്യം ചാർത്തുന്നത്. 27നു ഭരണം തുടങ്ങി എന്നു തന്നെ വച്ചാലു മേയ് 31 നു ജനങ്ങൾ പ്രതിഷേഷിച്ചു എന്ന് പറയുന്നതുമൂലം 30 ദിവസത്തെ ഭരണം കൊണ്ട് ജനങ്ങൾ അസംതൃപ്തരായി എന്നാണ്‌. ഇത് വസ്തുതകൾക്ക് നിരക്കുന്നില്ല.
  • ^ തരകന് അന്നത്തെ മുളകുമടിശ്ശില് കാര്യക്കാരനായിരുന്നു (ധനകാര്യം) അദ്ദേഹം ആദായത്തെ അടിസ്ഥാനമാക്കി കരം പിരിവ് ആവിഷ്കരിച്ചു. ഇത് വ്യാപാരികളും തോട്ടമുടമകളുമായിരുന്ന നായന്മാര്ക്ക് തീരെ ഇഷ്ടമുള്ള കാര്യമായിരുന്നില്ല.. ജയന്തന് നമ്പൂതിരി പല നികുതികള്ക്കൊപ്പം തെങ്ങുകൃഷി ഏര്പ്പെടുത്തിയിരുന്നു. ഇത് കാര്യമായും ബാധിച്ചത് തെങ്ങുകൃഷിക്കാരായിരുന്ന ഈഴവരെയായിരുന്നു. എന്നാല് ഈഴവരൊന്നും മഹാരാജാവിനെതിരായി പ്രതിഷേധിച്ചില്ല. ആ അര്ത്ഥത്തില് വേലുത്തമ്പിയുടെ ലഹള പൂര്ണ്ണമായും നായന്മാരുടെ ലഹളയായിരുന്നു.
  • ^ In the course of their exaction they summoned Veloo thampi, the ex-thahasildar of thalakkulam and demanded 20000 panams -Dr. Shobanan, in പി. ശങ്കുണ്ണിമേനോന് തിരുവിതാംക്കുറിന്റെ ചരിത്രം.
  • ^ തരകന്റെ ഒരു ചെവിയെങ്കിലും ഛേദിക്കാതിരിക്കാൻ കൈക്കൂലിയായാണ്‌ അദ്ദേഹം അത് നൽകിയത്.
  • ^ Veloo thampi and his accomplice formed a conspiracy to get ri of these two men -Nagam ayya V. Travancore State manual
  • ^ ഭരണത്തിലെ തകർച്ച കണ്ട് ആത്മഹത്യ ചെയ്തതാണെന്നും അതല്ല മഹാരാജാവിന്റെ ഉപജാപകവൃന്ദത്തിലെ പ്രധാനിയായിരുന്ന ജയന്തൻ നമ്പൂതിരിയുടെ [7] ആളുകൾ വിഷം കൊടുത്തു കൊന്നതാണെന്നും വാദങ്ങൾ ഉണ്ട്.

അവലംബം

[തിരുത്തുക]
  1. Dr. Rajayyan, K. (1971). South Indian Rebellion, the First War of Independence 1800-1801. Mysore: Rao and Srinivasan. p. 181. as a traitor to the national cause, he belonged to the order of Emen Nair and Raghunatha Tondaiman. True that he revolted in 1809 but it was because he allowed his personal prejudices, not any enlighted interest to dictate his official attitude towards the Company. His Kundara Proclamation itself bears testimony to it. {{cite book}}: Check |authorlink= value (help); External link in |authorlink= (help)
  2. മഹച്ചരിതമാല - വേലുത്തമ്പി ദളവ, പേജ് - 524, ISBN 81-264-1066-3
  3. വി.ആർ. പരമേശ്വരൻ പിള്ള
  4. പ്രൊഫസർ.എ, ശ്രീധരമേനോൻ. കേരളവും സ്വാതന്ത്ര്യസമരവും. ഡി.സി.ബുക്സ്. p. 34. ISBN 81-7130-751-5.
  5. വേലുത്തമ്പി ദളവ- ജോസഫ് ചാഴിക്കാടൻ
  6. വി.ആർ.പരമേശ്വരൻ പിള്ള -വേലുത്തമ്പിദളവ പേജ് 77
  7. പ്രൊഫസർ.എ, ശ്രീധരമേനോൻ. കേരളവും സ്വാതന്ത്ര്യസമരവും. ഡി.സി.ബുക്സ്. pp. 34–36. ISBN 81-7130-751-5. കുണ്ടറ വിളംബരം
  8. Jesudas, R. N. (July, 1973). "Travancore Rebellion of 1809 its anti-Christian origin". Journal of Kerala Studies, Vol. I. p. 103. {{cite book}}: Check date values in: |date= (help)



"https://ml.wikipedia.org/w/index.php?title=വേലുത്തമ്പി_ദളവ&oldid=4119124" എന്ന താളിൽനിന്ന് ശേഖരിച്ചത്