പി.ടി. ചാക്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.ടി. ചാക്കോ
P-t-chacko.gif
കേരളത്തിന്റെ ആഭ്യന്തരമന്ത്രി
ഓഫീസിൽ
ഫെബ്രുവരി 22 1960 – ഫെബ്രുവരി 20 1964
മുൻഗാമിഇ.എം.എസ്. നമ്പൂതിരിപ്പാട്
പിൻഗാമിഇ.എം.എസ്. നമ്പൂതിരിപ്പാട്
കേരളത്തിന്റെ പ്രതിപക്ഷനേതാവ്
ഓഫീസിൽ
ഏപ്രിൽ 5 1957 – ഓഗസ്റ്റ് 1 1959
പിൻഗാമിഇ.എം.എസ്. നമ്പൂതിരിപ്പാട്
ലോക്സഭാ അംഗം
ഓഫീസിൽ
ഏപ്രിൽ 17 1952 – 1953
പിൻഗാമിജോർജ് തോമസ് കൊത്തുകപള്ളി‌
മണ്ഡലംമീനച്ചിൽ
കേരള നിയമസഭ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – ജൂലൈ 31 1964
മുൻഗാമിപി.എം. ജോസഫ്
മണ്ഡലംമീനച്ചിൽ
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിവി.കെ. വേലപ്പൻ
മണ്ഡലംവാഴൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1915-04-09)ഏപ്രിൽ 9, 1915
ചിറക്കടവ്
മരണം31 ജൂലൈ 1964(1964-07-31) (പ്രായം 49)
തിരുവനന്തപുരം
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളി(കൾ)മറിയാമ്മ
കുട്ടികൾ6 (പി.സി. തോമസ് ഉൾപ്പടെ)
മാതാപിതാക്കൾ
  • തോമസ് (അച്ഛൻ)
  • അന്നമ്മ (അമ്മ)
വസതി(കൾ)വാഴൂർ
As of സെപ്റ്റംബർ 16, 2020
ഉറവിടം: സ്റ്റേറ്റ്ഓഫ്കേരള

കേരളത്തിലെ ഒരു കോൺഗ്രസ് നേതാവായിരുന്ന പി.ടി. ചാക്കോ (ആംഗലേയം : P.T. Chacko)[1]. വിമോചന സമരത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഇദ്ദേഹം. ഐക്യ കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ്, സംസ്ഥാന ആഭ്യന്തര മന്ത്രി, എ.ഐ.സി.സി അംഗം, ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയംഗം, ലോക്‌സഭാംഗം തുടങ്ങിയ പദവികൾ വഹിച്ച പി.ടി ചാക്കോ കാൽ നൂറ്റാണ്ടുകാലത്തോളം കേരള രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജീവിതരേഖ[തിരുത്തുക]

കോട്ടയം ജില്ലയിൽ നെടുംകുന്നം പുതിയാപറമ്പിൽ ചാക്കോ തോമസിന്റെയും വാഴൂർ കൂട്ടുങ്കൽ കുടുംബാംഗമായിരുന്ന അന്നമ്മയുടെയും മകനായി 1915 ഏപ്രിൽ 9-നായിരുന്നു ജനനം. പിൽക്കാലത്ത് ചാക്കോ തോമസും കുടുംബവും ചിറക്കടവ് പുള്ളോലിൽ പുരയിടത്തിലേക്ക് താമസം മാറ്റിയതിനെ തുടർന്ന് പുള്ളോലിൽ എന്ന വീട്ടുപേരിലും അറിയപ്പെട്ടു. ചങ്ങനാശ്ശേരി എസ്.ബി. കോളേജിലും തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളേജിലും പഠിച്ചു. 1938ൽ തിരുവനന്തപുരം ലോ കോളേജിൽനിന്ന് നിയമബിരുദം നേടി. നിയമവിദ്യാർഥിയായിരിക്കുമ്പോൾ യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. 1938ൽ 23ാം വയസ്സിൽ സ്റ്റേറ്റ് കോൺഗ്രസ്സിലൂടെയായിരുന്നു രാഷ്ട്രീയപ്രവേശം. തുടർന്ന് സ്വാതന്ത്ര്യസമരത്തിൽ സജീവമായി. 1939ൽ ൽ മീനച്ചിൽ താലൂക്ക് കോൺഗ്രസ് സെക്രട്ടറിയായിരുന്നു. 1945ൽ കോട്ടയം ഡി.സി.സി. പ്രസിഡന്റായിരുന്നു. മൂന്നുതവണ എ.ഐ.സി.സി. അംഗവുമായി.

തിരുവിതാംകൂർ, കൊച്ചി, തിരു-കൊച്ചി, കേരള നിയമസഭ, രാജ്യസഭ എന്നീ സഭകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഐക്യകേരളത്തിലേ ആദ്യത്തെ തിരഞ്ഞെടുപ്പിൽ വാഴൂർ നിയമസഭാമണ്ഡലത്തിൽ നിന്നും ജയിച്ച ഇദ്ദേഹം കേരളത്തിന്റെ ആദ്യത്തെ പ്രതിപക്ഷനേതാവും ആയിരുന്നു.

പൊതുരംഗത്ത്[തിരുത്തുക]

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി മഹാത്മഗാന്ധിയുടെ നേതൃത്വത്തിലുള്ള നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളും വിദ്യാഭ്യാസ ബഹിഷ്കരണവുമൊക്കെ കണ്ടുവളർന്ന ചാക്കോ വിദ്യാഭ്യാസകാലത്തുതന്നെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. 23-ആം വയസിൽ നിയമബിരുദം നേടി പൊതുരംഗത്ത് സജീവമായി. 1938-ൽ ആരംഭിച്ച സ്റ്റേറ്റ് കോൺഗ്രസായിരുന്നു ചാക്കോയുടെ ആദ്യ തട്ടകം. വൈകാതെ മുഴുവൻ സമയ രാഷ്ട്രീയക്കാരനായി മാറിയ അദ്ദേഹം സംഘടനാതലത്തിൽ പടിപടിയായി വളർന്ന് ഐ.ഐ.സി.സി അംഗംവരെയായി. ഗാംഭീര്യം തുടിക്കുന്ന മുഖഭാവവും അനർഗളമായ വാഗ്ദോരണിയും അതുല്യമായ ആജ്ഞാശക്തിയും അകമഴിഞ്ഞ സൗഹൃദ സമീപനവും ചാക്കോയുടെ വളർച്ചക്ക് വേഗം പകർന്നു.

ജനപ്രതിനിധി[തിരുത്തുക]

1948ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിലേക്ക് അകലുകുന്നം മണ്ഡലത്തിൽനിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പട്ടം താണുപിള്ളയുടെയും തുടർന്ന് ടി.കെ നാരായണപിള്ളയുടെയും ഭരണകാലത്ത് നിയമസഭയിൽ കോൺഗ്രസിന്റെ ചീഫ് വിപ്പായിരുന്നു ചാക്കോ. നിയമത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അവഗാഹത്തിനുള്ള അംഗീകാരമെന്നോണം 1949 ൽ ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ന്യൂനപക്ഷാവകാശങ്ങൾക്കുവേണ്ടി നിരന്തരം പോരാടിയ ചാക്കോ പലവട്ടം ജയിൽവാസം അനുഷ്ടിച്ചു. ദിവാൻ സർ സി.പി രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ ദേശസാൽക്കരണത്തിനെതിരെ ജനരോഷം ആളിക്കത്തിച്ച തുറന്ന കത്തും അദ്ദേഹത്തെ ജയിലിലേക്ക് നയിച്ചു. പ്രഥമ പാർലമെൻറ് തെരഞ്ഞെടുപ്പിൽ മീനച്ചിൽ മണ്ഡലത്തിൽനിന്ന് ചാക്കോ തെരഞ്ഞെടുക്കപ്പെട്ടു.വൈകാതെ പാർലമെൻറ് അംഗത്വം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി. 41 ദിവസം നീണ്ട പദയായാത്രയിലൂടെ അദ്ദേഹം ജനസമ്പർക്ക പരിപാടിക്ക് പുതിയ മാനം നൽകി.

ഐക്യ കേരളത്തിലെ ആദ്യ പൊതു തെരഞ്ഞെടുപ്പിൽ വാഴൂർ നിയോജകമണ്ഡലത്തിൽനിന്നും വിജയിച്ച ചാക്കോ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത്(1957-ൽ) പ്രതിപക്ഷ നേതാവായി. കേരള രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായ വിമോചന സമരത്തിൽ മന്നത്ത് പത്മനാഭൻ-പി.ടി ചാക്കോ-ആർ. ശങ്കർ കൂട്ടുകെട്ട് നിർണായക പങ്കുവഹിച്ചു. 1960-ലെ പട്ടം താണുപിള്ള മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായ ചാക്കോ പിന്നീടു വന്ന ആർ. ശങ്കർ മന്ത്രിസഭയിൽ റവന്യൂ വകുപ്പിന്റെകൂടി ചുമതല വഹിച്ചു. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതിനെത്തുടർന്നുണ്ടായ വിവാദങ്ങൾ അക്കാലത്ത് വലിയ രാഷ്ട്രീയകോളിളക്കമുണ്ടാക്കി. വിവാദങ്ങളെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ച അദ്ദേഹം അഭിഭാഷകവൃത്തിക്കൊപ്പം രാഷ്ട്രീയ പ്രവർത്തനവും തുടർന്നു. 1964 ജൂൺ മാസത്തിൽ കെ.പി.സി.സി. പ്രസിഡന്റ്സ്ഥാനത്തേക്ക് ചാക്കോ മത്സരിച്ചെങ്കിലും കെ.സി.എബ്രഹാമിനോട് തോറ്റു.[2] 1964 ഓഗസ്റ്റ് ഒന്നിന് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ വച്ച് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.[3] ഒരു കേസിന്റെ ഭാഗമായി കുറ്റ്യാടിയിലെത്തിയതായിരുന്നു അദ്ദേഹം. ചാക്കോയുടെ മരണം കോൺഗ്രസ്സിൽ വലിയ പൊട്ടിത്തെറിയുണ്ടാക്കുകയും തുടർന്ന് ശങ്കർ മന്ത്രിസഭയുടെ വീഴ്ചയിലും കേരള കോൺഗ്രസ് എന്ന പുതിയ പാർട്ടിയുടെ പിറവിയിലും ചെന്നെത്തുകയും ചെയ്തു.

കുടുംബം

ഭാര്യ മറിയാമ്മ. കേരള കോൺഗ്രസ് നേതാവായ പി.സി. തോമസ് അടക്കം ആറ് മക്കളുണ്ട്.

അവലംബം[തിരുത്തുക]

  1. http://www.keralalawyer.com/contents/p_t_chacko.php
  2. "പി.ടി. ചാക്കോ: കേരളരാഷ്ട്രീയത്തിലെ കരുത്തനായ പോരാളി". www.mathrubhumi.com. ശേഖരിച്ചത് 12 ഓഗസ്റ്റ് 2014. {{cite web}}: |first= missing |last= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-11-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-03-10.
"https://ml.wikipedia.org/w/index.php?title=പി.ടി._ചാക്കോ&oldid=3839663" എന്ന താളിൽനിന്ന് ശേഖരിച്ചത്