Jump to content

കെ.എ. ദാമോദര മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.എ. ദാമോദര മേനോൻ
കേരളത്തിന്റെ വ്യവസായ വകുപ്പ് മന്ത്രി
ഓഫീസിൽ
ഫെബ്രുവരി 22 1960 – സെപ്റ്റംബർ 10 1964
മുൻഗാമികെ.പി. ഗോപാലൻ
പിൻഗാമിടി.വി. തോമസ്
കേരളത്തിന്റെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
ഓഫീസിൽ
സെപ്റ്റംബർ 26 1962 – സെപ്റ്റംബർ 10 1964
പിൻഗാമിഎം.പി.എം. അഹമ്മദ് കുരിക്കൾ
ലോക്സഭാ അംഗം
ഓഫീസിൽ
ഏപ്രിൽ 17 1952 – ഏപ്രിൽ 4 1957
പിൻഗാമികെ.പി. കുട്ടിക്കൃഷ്ണൻ നായർ
മണ്ഡലംകോഴിക്കോട്
കേരള നിയമസഭ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമിഎൻ. ശിവൻ പിള്ള
പിൻഗാമികെ.ടി. ജോർജ്ജ്
മണ്ഡലംപറവൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1906-06-10)ജൂൺ 10, 1906[1]
മരണംനവംബർ 1, 1980(1980-11-01) (പ്രായം 74)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളിലീലാ ദാമോദര മേനോൻ
മാതാപിതാക്കൾ
  • അച്യുതൻ പിള്ള (അച്ഛൻ)
  • നങ്ങു അമ്മ (അമ്മ)
As of ഫെബ്രുവരി 23, 2022
ഉറവിടം: ലോക്സഭ

കേരളത്തിലെ രാഷ്ട്രീയ പ്രാർത്തകനും, മന്ത്രിയും, പത്രപ്രവർത്തകനും, സാഹിത്യകാരനും, ഐക്യകേരള പ്രസ്ഥാനശില്പികളിൽ പ്രമുഖനുമായിരുന്നു കെ.എ. ദാമോദര മേനോൻ (1906-1980)[1]. മാതൃഭൂമി പത്രാധിപർ, ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് വിദേശത്തെ ഉദ്യോഗം അവസാനിപ്പിച്ച് ഇന്ത്യയിലെത്തിയ സ്വാതന്ത്ര്യസേനാനി, കെ.പി.സി.സി. പ്രസിഡന്റ്, സംസ്ഥാന വ്യവസായ മന്ത്രി എന്നിങ്ങനേയും പ്രശസ്തനായിരുന്നു[1].

ആദ്യകാലം

[തിരുത്തുക]

പറവൂർ ആണ് ജന്മദേശം. കരുമാലൂർ താഴത്തുവീട്ടിൽ അച്യുതൻ പിള്ളയുടെയും കളപ്പുരയ്ക്കൽ നങ്ങു അമ്മയുടെയും മകനായി 1906 ജൂൺ 10-ന് ജനിച്ചു[1][2]. പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം പറവൂർ ഹൈസ്കൂളിൽ ചേർന്നു. ദാമോദരൻ സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ പിതാവ് മരണമടഞ്ഞു. അക്കാലത്ത് തിരുവനന്തപുരത്ത് ഗവണ്മെന്റ് ജോലി ലഭിച്ച ജ്യേഷ്ഠൻ പരമേശ്വരനോടൊപ്പം ദാമോദരൻ തിരുവനന്തപുരത്തെത്തി; എസ്.എം.വി. സ്കൂളിൽ പഠനം തുടർന്നു[1]. ഇക്കാലത്ത് ദേശീയ പ്രസ്ഥാനത്തിലും മഹാത്മാഗാന്ധിയുടെ ആദർശപരിപാടികളിലും ആകൃഷ്ടനായി. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന രാഘവയ്യ, സ്കൂൾ ഫീസ് വർധിപ്പിക്കുവാൻ തീരുമാനമെടുത്തതോടെ അതിൽ പ്രതിഷേധിച്ചുണ്ടായ വിദ്യാർഥിസമരത്തിൽ ദാമോദര മേനോനും പങ്കെടുത്തു. 1922-ൽ മെട്രിക്കുലേഷൻ പരീക്ഷ ജയിച്ച ഇദ്ദേഹം തിരുവനന്തപുരത്തുതന്നെ കോളജുവിദ്യാഭ്യാസവും പൂർത്തിയാക്കി. 1926-ൽ ബി.എ. ബിരുദം നേടി[1].

വിദേശം

[തിരുത്തുക]

വിദ്യാഭ്യാസാനന്തരം ദേവസ്വം കമ്മിഷണറുടെ ഓഫീസിൽ ഉദ്യോഗത്തിൽ പ്രവേശിച്ച ദാമോദര മേനോൻ മെച്ചപ്പെട്ട ജോലി ലക്ഷ്യമിട്ട് ബർമ(മ്യാൻമർ)യിലേക്കു പോയി[1]. ബർമയിൽ അക്കൌണ്ടന്റ് ജനറൽ ഓഫീസിൽ ക്ളാർക്ക് ആയി ജോലി ലഭിച്ചു. പിന്നീട് ഇദ്ദേഹം മാണ്ഡലേയിലെ കെല്ലി ഹൈസ്കൂളിൽ അധ്യാപകനായി. ഒരു വർഷത്തിനുശേഷം റംഗൂൺ സർവകലാശാലയിൽ അധ്യാപക പരിശീലന കോഴ്സിനു ചേർന്നു. ഡി.ടി. (ഡിപ്ളോമ ഇൻ ടീച്ചിങ്) ബിരുദം നേടിക്കഴിഞ്ഞ് തെക്കേ ബർമയിലെ പ്യാപ്പോൺ നഗരത്തിലുള്ള സർക്കാർ സ്കൂളിൽ അധ്യാപകനായി ഒരു വർഷം ജോലിനോക്കി. കേരളത്തിലെ സ്വാതന്ത്ര്യസമരപ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള ആവേശംമൂലം ജോലി മതിയാക്കി ഇദ്ദേഹം നാട്ടിലേക്കു മടങ്ങി. മടക്കയാത്രയിൽ ഇന്ത്യയിലെ മറ്റു പ്രധാന കേന്ദ്രങ്ങളിലെ സ്വാതന്ത്ര്യസമരപ്രവർത്തനങ്ങൾ നേരിട്ടുകണ്ട് മനസ്സിലാക്കുകയും ചെയ്തു. കൊൽക്കത്ത, ബിഹാർ, സൂറത്ത്, മുംബൈ എന്നിവിടങ്ങളിലെ സ്വാതന്ത്ര്യസമരപ്രവർത്തനങ്ങൾ ഇദ്ദേഹം നിരീക്ഷിച്ചിരുന്നു.

സ്വാതന്ത്ര്യസമരം, ജയിൽവാസം

[തിരുത്തുക]

1930-ൽ പാലക്കാട് എത്തിയ ദിവസംതന്നെ കോൺഗ്രസ് സമ്മേളന സ്ഥലത്തുവച്ച് ദാമോദര മേനോനെ അറസ്റ്റ് ചെയ്ത് പാലക്കാട് സബ് ജയിലിൽ പാർപ്പിച്ചു. രണ്ടാഴ്ചയ്ക്കുശേഷം ഒൻപതുമാസത്തെ തടവിനു ശിക്ഷിച്ച് കോയമ്പത്തൂരിലെ സെൻട്രൽ ജയിലിലേക്കും അവിടെനിന്ന് ബെല്ലാരി ക്യാമ്പ് ജയിലിലേക്കും മാറ്റി. ജയിൽമോചിതനായശേഷം ഇദ്ദേഹം മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങി. ഇക്കാലത്ത് ദാമോദരൻ കേരളത്തിലെ കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു[1]. ഗവണ്മെന്റിന്റെ നിരോധനാജ്ഞ നിലനില്ക്കേ അതു ലംഘിച്ച് കോഴിക്കോട് കടപ്പുറത്ത് പൊതുയോഗത്തിൽ പ്രസംഗിച്ച കുറ്റത്തിന് ഇദ്ദേഹത്തെ അറസ്റ്റ്ചെയ്ത് ആറുമാസത്തെ തടവുശിക്ഷയ്ക്കു വിധിച്ചു. കോഴിക്കോട്ടും കണ്ണൂരുമായിരുന്നു ജയിൽവാസം. ജയിലിലായിരുന്ന വേളയിൽ രാഷ്ട്രവിജ്ഞാനം എന്ന ഗ്രന്ഥം രചിച്ചു[1]. ശിക്ഷയിൽനിന്നു മോചിതനായശേഷം സംഘടനാകാര്യങ്ങളുമായി ബന്ധപ്പെട്ട് കൊൽക്കത്തയിൽ എത്തിയ ദാമോദര മേനോനെയും കൂട്ടരെയും പൊലീസ് അറസ്റ്റ് ചെയ്ത് അലിപ്പൂർ ജയിലിൽ പാർപ്പിച്ചു.

പത്രപ്രവർത്തനം

[തിരുത്തുക]

നിയമലംഘനം നിറുത്തിവച്ച് നിയമസഭാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ 1933-ഓടെ കോൺഗ്രസ് തീരുമാനമെടുത്തു. ഇക്കാലത്ത് ദാമോദര മേനോൻ പൊതുപ്രവർത്തനം താത്കാലികമായി നിറുത്തിവച്ച് തിരുവനന്തപുരം ലോ കോളജിൽ നിയമപഠനത്തിനു ചേർന്നു. പത്രപ്രവർത്തകനായ കേസരി ബാലകൃഷ്ണപിള്ളയുമായി ബന്ധം സ്ഥാപിക്കുവാൻ ഇദ്ദേഹത്തിനു സാധിച്ചു. പത്രപ്രവർത്തനത്തിൽ പരിശീലനം നേടുവാൻ ഈ ബന്ധം സഹായകമായി. നിയമബിരുദമെടുത്തശേഷം ദാമോദര മേനോൻ തിരുവനന്തപുരത്ത് അഭിഭാഷകവൃത്തി സ്വീകരിച്ചു. ഇക്കാലത്ത് സമദർശി എന്ന വാരികയുടെ പത്രാധിപത്യം ഏറ്റെടുക്കുകയും കേസരിയിൽ എഴുതുകയും ചെയ്തിരുന്നു. 1937-ൽ ദാമോദര മേനോൻ മാതൃഭൂമിയുടെ പത്രാധിപരായി.

മൊറാഴ സംഭവം

[തിരുത്തുക]

കേരളത്തിലെ കോൺഗ്രസ് സംഘടനയിൽ അക്കാലത്ത് ഗാന്ധിയൻ വിഭാഗം എന്നും സോഷ്യലിസ്റ്റ് വിഭാഗം എന്നുമുള്ള വേർതിരിവ് രൂപപ്പെട്ടിരുന്നു. ഇതിൽ ഗാന്ധിസംഘത്തിന്റെ നേതാവാകാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. തൊഴിലാളിപ്രസ്ഥാനവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിലും ദാമോദര മേനോൻ വ്യാപൃതനായിരുന്നു. 1941 ജൂണിൽ ഇദ്ദേഹം വിവാഹിതനായി. പില്ക്കാലത്ത് രാഷ്ട്രീയരംഗത്തു പ്രശസ്തയായ ലീലാ ദാമോദര മേനോൻ ആയിരുന്നു ഭാര്യ. മാതൃഭൂമി പത്രാധിപരായിരിക്കുമ്പോഴാണ് 1940കളിൽ മലബാറിനെ പിടിച്ചുകുലുക്കിയ മൊറാഴ സംഭവമുണ്ടായത്. കർഷകസംഘം സമ്മേളനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിൽ ഒരു പോലീസ് ഇൻസ്പെക്ടർ വധിക്കപ്പെട്ടു. ഈ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട കമ്യൂണിസ്റ്റ് നേതാവ് കെ.പി.ആർ. ഗോപാലന്റെ ജീവിതം രക്ഷിക്കണമെന്നാവശ്യപ്പെട്ട് 1942 ഫെബ്രുവരി 27-ന് മാതൃഭൂമി മുഖപ്രസംഗം എഴുതി[1]. മാർച്ച് 5-ന് കേരളം ഉടനീളം കെ.പി.ആർ. ദിനം ആചരിച്ചു. നെഹ്രുവും ഗാന്ധിയും ഇടപെട്ടതിനെ തുടർന്ന് വധശിക്ഷ ജീവപര്യന്തം നാടുകടത്തലായി ഇളവുചെയ്തു. ഇതേതുടർന്ന് മാതൃഭൂമി നിരോധിക്കപ്പെട്ടു.

ക്വിറ്റിന്ത്യാ സമരം, ജയിൽവാസം

[തിരുത്തുക]

തിരുവിതാംകൂറിൽ ഉത്തരവാദഭരണം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള സമരങ്ങളെ സഹായിക്കുവാൻ കോഴിക്കോട് കേന്ദ്രീകരിച്ച് രൂപവത്കരിക്കപ്പെട്ട തിരുവിതാംകൂർ സമരസഹായ കമ്മിറ്റിയുടെ സെക്രട്ടറിയായി ദാമോദര മേനോൻ സേവനമനുഷ്ഠിച്ചു. ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് 1942-ൽ അറസ്റ്റിലായ ഇദ്ദേഹത്തെ വെല്ലൂരിലെയും അമരാവതിയിലെയും ജയിലുകളിൽ പാർപ്പിച്ചു. 1945 ജൂൺ വരെ തടവിൽ കഴിഞ്ഞു[1]. മോചിതനായതോടെ മാതൃഭൂമിയിൽ പ്രവർത്തനം തുടർന്നു. അതോടൊപ്പം സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തു. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെ.പി.സി.സി.) ട്രഷറർ, അഖിലേന്ത്യാ കിസാൻ മസ്ദൂർ സംഘത്തിലേക്ക് കേരളത്തിൽ നിന്നുള്ള പ്രതിനിധി, തൃശൂരിൽ നടന്ന (1947) ഐക്യകേരള സമ്മേളനത്തിന്റെ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. 1948-ൽ ഇദ്ദേഹം മാതൃഭൂമിയുടെ പത്രാധിപത്യം ഒഴിഞ്ഞു.

ഐക്യകേരളം

[തിരുത്തുക]

1948-ൽ ആലുവയിൽ നടന്ന ഐക്യകേരള കൺവെൻഷനിൽ ഐക്യകേരള സമിതിയുടെ പ്രസിഡന്റായി കെ. കേളപ്പനേയും സെക്രട്ടറിയായി ദാമോദര മേനോനേയും തിരഞ്ഞെടുത്തു. 1949-ൽ ദാമോദര മേനോൻ ഇന്ത്യയുടെ ഇടക്കാല പാർലമെന്റിൽ അംഗമായി. കോൺഗ്രസ്സിൽ അക്കാലത്ത് ഡെമോക്രാറ്റിക് ഫ്രന്റ് എന്നൊരു വിഭാഗം ഉരുത്തിരിഞ്ഞു. ആചാര്യ കൃപലാനി ആയിരുന്നു ഈ വിഭാഗത്തിന്റെ നേതാവ്. ദാമോദര മേനോൻ ഇവരോടൊപ്പമായിരുന്നു. ഈ വിഭാഗം പിന്നീട് കിസാൻ മസ്ദൂർ പ്രജാ പാർട്ടി എന്ന പുതിയൊരു രാഷ്ട്രീയ കക്ഷിയായിത്തീർന്നു. പാർട്ടിയുടെ പാർലമെന്ററി സെക്രട്ടറിയായി ദാമോദര മേനോൻ തെരഞ്ഞെടുക്കപ്പെട്ടു. 1952-ൽ കോഴിക്കോട്ടുനിന്ന് പാർലമെന്റംഗമാകുവാൻ ദാമോദര മേനോനു കഴിഞ്ഞു. കിസാൻ മസ്ദൂർ പ്രജാ പാർട്ടിയിൽനിന്നു പിൻവാങ്ങിയശേഷം 1955-ൽ ഇദ്ദേഹം കോൺഗ്രസ്സിൽ തിരിച്ചെത്തി, കെ.പി.സി.സി. സെക്രട്ടറിയായി. കേരളത്തിലെ ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ നിന്നു മത്സരിച്ച ദാമോദരമേനോൻ പരാജയപ്പെട്ടു[1]. കുന്ദമംഗലത്തുനിന്നും അദ്ദേഹത്തിന്റെ ഭാര്യ ലീല ദാമോദര മേനോൻ ജയിക്കുകയും ചെയ്തു.

1957-ൽ കെ.പി.സി.സി. പ്രസിഡന്റായി. എ.ഐ.സി.സി. മെമ്പറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1960-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂരിൽനിന്നു മത്സരിച്ചു ജയിച്ച ഇദ്ദേഹം തുടർന്നുണ്ടായ കൂട്ടുകക്ഷി മന്ത്രിസഭയിൽ വ്യവസായ വകുപ്പു മന്ത്രിയായി. 1964 വരെ മന്ത്രിസ്ഥാനത്ത് തുടർന്നു. വീണ്ടും മാതൃഭൂമിയിൽ സേവനമനുഷ്ഠിച്ചു. 1978 ജൂണിൽ മാതൃഭൂമിയിൽനിന്നു വിരമിച്ചു. അലസവേളകൾ, രാഷ്ട്രവിജ്ഞാനം, തോപ്പിലെ നിധി, ഭാവനാസൂനം, ബാലാരാമം, തിരിഞ്ഞുനോക്കുമ്പോൾ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. ഐക്യകേരളത്തിനുവേണ്ടി ശബ്ദിച്ച ദാമോദരമേനോൻ കേരളപ്പിറവിയുടെ 24-ആം വാർഷികദിനമായിരുന്ന 1980 നവംബർ 1-ന് 74-ആം വയസ്സിൽ അന്തരിച്ചു[1][2].

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1957 പെരുമ്പാവൂർ നിയമസഭാമണ്ഡലം പി. ഗോവിന്ദപിള്ള സി.പി.ഐ. കെ.എ. ദാമോദര മേനോൻ ഐ.എൻ.സി.

ജീവിത രേഖ

[തിരുത്തുക]
  • 1906 ജനനം
  • 1926 ബി.എ. ബിരുദം നേടി
  • 1927-30 മ്യാൻമറിൽ അധ്യാപകൻ
  • 1930 സ്വാതന്ത്ര്യസമരത്തിൽ; ജയിലിലായി
  • 1932 വീണ്ടും ജയിലിൽ
  • 1935 നിയമബിരുദം നേടി
  • 1936 'സമദർശി' പത്രാധിപർ
  • 1937-48 'മാതൃഭൂമി' പത്രാധിപർ
  • 1941 ലീലയുമായി വിവാഹം
  • 1942-45 ജയിലിൽ
  • 1948 ഐക്യകേരള സമിതി സെക്രട്ടറി
  • 1952 പാർലമെന്റംഗം (കോഴിക്കോട്)
  • 1955 വീണ്ടും കോൺഗ്രസ്സിൽ
  • 1957 കെ.പി.സി.സി പ്രസിഡന്റ്
  • 1960-64 വ്യവസായ മന്ത്രി
  • 1979 പ്രസ് അക്കാദമി ചെയർമാൻ
  • 1980 മരണം

കൃതികൾ

[തിരുത്തുക]
  • തോപ്പിലെ നിധി
  • അലസ വേളകൾ
  • രാഷ്ട്രവിജ്ഞാനം
  • ഭാവനാസൂനം
  • നർമകഥകൾ (രണ്ടുഭാഗം)
  • തിരിഞ്ഞുനോക്കുമ്പോൾ (ആത്മകഥ)

പുറം കണ്ണികൾ

[തിരുത്തുക]
  1. http://www.pressacademy.org/content/damodara-menon-ka-1906-1980
  2. http://www.stateofkerala.in/niyamasabha/k%20a%20damodharamenon.php Archived 2011-11-21 at the Wayback Machine.
  3. The Hindu - This Day That Age - dated June 1, 1954: Aikya Kerala demand Archived 2006-06-27 at the Wayback Machine.

അവലംബം

[തിരുത്തുക]
  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 മഹച്ചരിതമാല -കെ.എ. ദാമോദര മേനോൻ, പേജ് - 246, ISBN 81-264-1066-3
  2. 2.0 2.1 ദാമോദര മേനോൻ - സൗമ്യവും പ്രസന്നവുമായ നേതൃത്വം
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-03.
  4. http://www.keralaassembly.org
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ കെ.എ. ദാമോദര മേനോൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.


     ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ          
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...
"https://ml.wikipedia.org/w/index.php?title=കെ.എ._ദാമോദര_മേനോൻ&oldid=4072140" എന്ന താളിൽനിന്ന് ശേഖരിച്ചത്