ആർ. ശങ്കരനാരായണൻ തമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർ. ശങ്കരനാരായണൻ തമ്പി
കേരളനിയമസഭയുടെ സ്പീക്കർ
ഓഫീസിൽ
ഏപ്രിൽ 27 1957 – ജൂലൈ 31 1959
പിൻഗാമികെ.എം. സീതി സാഹിബ്
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമികെ.ആർ. സരസ്വതിയമ്മ
മണ്ഡലംചെങ്ങന്നൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1911-09-30)സെപ്റ്റംബർ 30, 1911
പല്ലന
മരണംനവംബർ 2, 1989(1989-11-02) (പ്രായം 78)
തിരുവനന്തപുരം
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളിപി.എൽ. തങ്കമ്മ
കുട്ടികൾമൂന്ന് മകൻ, രണ്ട് മകൾ
As of ഡിസംബർ 20, 2011
ഉറവിടം: നിയമസഭ

കേരള നിയമസഭയിലെ ആദ്യ സ്പീക്കറും[1] സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു ആർ. ശങ്കരനാരായണൻ തമ്പി (30 സെപ്റ്റംബർ 1911 - 2 നവംബർ 1989). ഒന്നാം കേരളനിയമസഭയിൽ സി.പി.ഐ.യുടെ പ്രതിനിധിയായി ചെങ്ങന്നൂർ നിയോജകമണ്ഡലത്തിൽ[2] നിന്നാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. രാമ രാജ വർമ്മ (മാവേലിക്കര) - തങ്കമ്മ കെട്ടിലമ്മ (പാണ്ടവത്ത്) ദമ്പതികളുടെ മകനായി 1911 സെപ്റ്റംബർ 30ന് ആലപ്പുഴയിലെ പല്ലനയിൽ ശങ്കരനാരായണൻ തമ്പി ജനിച്ചു. പി.എൽ. തങ്കമ്മയാണ് ഭാര്യ മൂന്ന് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ഇദ്ദേഹത്തിനുണ്ട്. 1944 മുതൽ 1947 വരെ ശ്രീമൂലം അസംബ്ലിയിലും 1954-ൽ തിരുക്കൊച്ചി നിയമസഭയിലേക്കും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ യുവജന സംഘടനയായ ഓൾ ട്രാവൻകൂർ യൂത്ത് ലീഗിലൂടെ 1938ലാണ് ഇദ്ദേഹം രാഷ്ട്രീയത്തിലേക്ക് വരുന്നത്, നിരവധി തവണ ജയിൽ വാസമനുഷ്ഠിച്ച ഇദ്ദേഹം 1947-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1972-ൽ കേരള സംസ്ഥാന സർവീസ് റൂൾസ് റിവിഷൻ കമ്മറ്റിയുടെ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ജീവിത രേഖ[തിരുത്തുക]

 • 1911 ജനനം
 • 1931 യൂത്ത് ലീഗിൽ
 • 1935 കോൺഗ്രസ്സിൽ
 • 1936-38 നിയമ പഠനം
 • 1938 അറസ്റ്റ്, ജയിൽവാസം
 • 1938 ജയിൽ വിമുക്തനായി
 • 1939 കമ്യൂണിസ്റ്റ് പാർട്ടിയിൽ
 • 1943 വിവാഹം
 • 1944-47 ശ്രീമൂലം നിയമസഭാംഗം
 • 1946 ജയിലിൽ
 • 1947 ജയിൽ മോചനം
 • 1948 എണ്ണയ്ക്കാട്ട് സമരം
 • 1949 ശൂരനാട് സംഭവം
 • 1954-56 തിരു-കൊച്ചി നിയമസഭാംഗം
 • 1956-59 കേരള നിയമസഭാംഗം, സ്പീക്കർ
 • 1989 മരണം

കുടുംബം[തിരുത്തുക]

രാമ രാജ വർമ്മ (മാവേലിക്കര) - തങ്കമ്മ കെട്ടിലമ്മ (പാണ്ടവത്ത്) ദമ്പതികളുടെ മകനായി 1911 സെപ്റ്റംബർ 30ന് ആലപ്പുഴയിലെ പല്ലനയിലാണ് ശങ്കരനാരായണൻ തമ്പി ജനിച്ചത്. പി.എൽ. തങ്കമ്മ എന്നായിരുന്നു ഭാര്യയുടെ പേര്. ഇവർക്ക് മൂന്ന് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമുണ്ടായിരുന്നു.

വിദ്യാഭ്യാസവും ആദ്യകാല പൊതുപ്രവർത്തനവും[തിരുത്തുക]

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദം നേടിയ ശേഷം, നിയമത്തിൽ തിരുവനന്തപുരം ലോ കോളേജിൽ നിന്നും ബിരുദം നേടി.അതിനു ശേഷം മാവേലിക്കരയിലാണ് ശങ്കരനാരായണൻ തമ്പി അഭിഭാഷകവൃത്തി നോക്കിയത്. ഇതേസമയം തന്നെ ഹരിജനങ്ങളെ മുൻ നിരയിൽ കൊണ്ടുവരാനുള്ള പ്രസ്ഥാനങ്ങളിൽ സജീവമായി പങ്കാളിയാവുകയും ചെയ്തു. 1938-ൽ ഓൾ ട്രാവ‌കൂർ യൂത്ത് ലീഗിലെ അംഗമാവുകയും വർക്കിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതേവർഷം തന്നെ സ്റ്റേറ്റ് കോൺഗ്രസിൽ ചേരുകയും തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിലെ അംഗമാവുകയും ചെയ്തു.

സ്വാതന്ത്ര്യ സമരത്തിൽ[തിരുത്തുക]

യൂത്ത് ലീഗിന്റെ സമര പരിപാടികളിൽ പങ്കെടുക്കുക വഴി 1938-ൽ ആറു മാസത്തെ തടവ് ശിക്ഷയ്ക്ക് ഇദ്ദേഹം വിധിക്കപ്പെട്ടു, എന്നാൽ പൊതുമാപ്പ് ലഭിച്ചതിനേത്തുടർന്ന് മൂന്നു മാസങ്ങൾക്കു ശേഷം ജയിൽ മോചിതനായി. മലബാർ സോഷ്യലിസ്റ്റ് പാർട്ടിയുമായി ചേർന്ന് യുദ്ധവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്. ഇത് ട്രേഡ് യൂണിയൻ പ്രവർത്തങ്ങളിലേക്ക് എത്തിപ്പെടാൻ അദ്ദേഹത്തെ സഹായിച്ചു. വളരെ താമസിയാതെ തന്നെ ശങ്കരനാരായണൻ തമ്പി തിരുവിതാംകൂറിലെ കയർ തൊഴിലാളി യൂണിയന്റെ വൈസ് പ്രസിഡന്റാവുകയും ചെയ്തു. 1946-ൽ പുന്നപ്രയിൽ വച്ച് നടത്തിയ പ്രസംഗത്തേതുടർന്ന് രണ്ട് വർഷത്തെ തടവിനും 1000 രൂപ പിഴ ശിശയ്ക്കും വിധിക്കപ്പെട്ടു. 1947-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലംഗമാവുകയും പാർട്ടിയുടെ സംസ്ഥാന സമിതിയിലും എക്സീക്യൂട്ടീവ് കൗൺസിലിലും അംഗമായി.കായംകുളത്ത് ജില്ലാക്കമ്മറ്റി സെക്രട്ടറിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആർ._ശങ്കരനാരായണൻ_തമ്പി&oldid=3809851" എന്ന താളിൽനിന്ന് ശേഖരിച്ചത്