എൻ.ഇ. ബാലറാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൻ.ഇ. ബാലറാം
എൻ.ഇ. ബാലറാം

എൻ.ഇ. ബാലറാം


നാലാം നിയമസഭയിലെ വ്യവസായവകുപ്പ് മന്ത്രി
ഔദ്യോഗിക കാലം
ഒക്ടോബർ 4, 1970 - സെപ്റ്റംബർ 24, 1971
മുൻ‌ഗാമി പി. രവീന്ദ്രൻ
പിൻ‌ഗാമി ടി.വി. തോമസ്

ജനനം 1919 നവംബർ 20(1919-11-20)
കേരളം
മരണം 1994 ജൂലൈ 16(1994-07-16) (പ്രായം 74)
കേരളം
പൗരത്വം ഇന്ത്യൻ
രാഷ്ട്രീയ പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
ജീവിത പങ്കാളി പങ്കജാക്ഷി

കേരളത്തിലെ മുൻ വ്യവസായവകുപ്പ് മന്ത്രിയായിരുന്നു എൻ.ഇ. ബാലറാം (20 നവംബർ 1919 - 16 ജൂലൈ 1994). രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നതിനു മുൻപേ ബാലാറാം പേരാവൂർ യു.പി. സ്കൂളിലെ അധ്യാപകനായിരുന്നു.[1] 1934-ൽ കോൺഗ്രസിൽ ചേർന്നു, പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും ചേർന്ന ബാലറാം 1939ലാണ് സി.പി.ഐ.യിൽ ചേർന്നത്. കർഷകതൊഴിലാളി പ്രസ്ഥാനങ്ങളുടെ സമരത്തിൽ പങ്കെടുക്കുക വഴി നിരവധി തവണ ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്.

ഒന്നും രണ്ടും നിയമസഭകളിൽ മട്ടന്നൂർ നിയോജകമണ്ഡലത്തിൽ നിന്നാണ് ബാലറാം നിയമസഭയിലെത്തിയത്, നാലാം നിയമസഭയിൽ ബാലറാം തലശ്ശേരി മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു. 1985-94 വരെ രാജ്യസഭാംഗമായിരുന്ന ബാലാറാം രാജ്യസഭാംഗമായിരിക്കെയാണ് അന്തരിച്ചത്.[2] സി.പി.ഐ.യുടെ സംസ്ഥാന കൗൺസിൽ സെക്രട്ടറി, സി.പി.ഐ. ദേശീയ കൗൺസിലംഗം, എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ ബാലറാം പ്രവർത്തിച്ചിരുന്നു. പങ്കജാക്ഷിയാണ് ഭാര്യ രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമുണ്ട്.

ആദ്യകാല ജീവിതം[തിരുത്തുക]

1919 നവംബർ 20 ന് കണ്ണൂർ ജില്ലയിലെ പിണറായിയിൽ ആണ് ബാലറാം ജനിച്ചത്. പിതാവ് ഞാലിൽ ഇട്ടവലത്ത് നാരായണമാരാർ, മാതാവ് ലക്ഷ്മി. ഇവരുടെ മൂത്ത മകനായിരുന്നു ബാലറാം. രണ്ട് ആൺകുട്ടികളും, രണ്ടു പെൺകുട്ടികളും ബാലറാമിനെക്കൂടാതെ ഈ ദമ്പതികൾക്കുണ്ട്. നന്നേ ചെറുപ്പത്തിൽ തന്നെ സംസ്കൃതവും വേദാന്തവും സ്വായത്തമാക്കി. വാഗ്ഭടാനന്ദന്റെ ശിഷ്യ ആയിരുന്ന മുത്തശ്ശി ശ്രീദേവി ആയിരുന്നു ഗുരു. സംസ്കൃതം കൂടുതൽ പഠിക്കാനായി കൽക്കട്ടയിലെ ശ്രീകൃഷ്ണാശ്രമത്തിൽ ചേർന്നു. പിന്നീട് നാട്ടിൽ വന്ന് അധ്യാപകനായി ജോലിക്കു ചേർന്നു.[3]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

അധ്യാപകജോലിയിലിരിക്കെ തന്നെ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനായി കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്നു. നിയമലംഘന പ്രസ്ഥാനം നിർത്തിവെച്ച കാലഘട്ടമായിരുന്നു അത്. സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരേ പ്രവർത്തിക്കാനായി അദ്ദേഹം എസ്.എൻ.ഡി.പി എന്ന സംഘടനയിൽ ചേർന്നു. ശ്രീനാരായണഗുരു ബീഡിതൊഴിലാളി യൂണിയൻ സംഘടിപ്പിച്ചു, അസംഘടിതരായ ബീഡിതൊഴിലാളികളെ ഈ സംഘടനയിൽ ചേർക്കാൻ കഠിനപ്രയത്നം നടത്തി. സി.എച്ച്.കണാരൻ ഈ യൂണിയന്റെ പ്രസിഡന്റായിരുന്നു, വാഗ്ഭടാനന്ദഗുരു യൂണിയന്റെ കമ്മറ്റിയിലെ ഒരംഗം ആയിരുന്നു.[4] കോൺഗ്രസ്സിലെ ഇടതുപക്ഷ ചിന്താഗതിക്കാർ ചേർന്ന് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ ബാലറാം അതിൽ അംഗമായി ചേർന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക്[തിരുത്തുക]

കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിക്കാർ ഒന്നടങ്കം കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കു മാറിയ പാറപ്പുറം സമ്മേളനത്തിൽ ബാലറാമും പങ്കെടുത്തിരുന്നു. ബാലറാം കമ്മ്യൂണിസ്റ്റ് അംഗമായി മാറി. പാറപ്പുറം സമ്മേളനത്തിനുശേഷം നടന്ന പ്രതിഷേധ ദിനം സംഘടിപ്പിച്ചവരിൽ ഒരാൾ ബാലറാം ആയിരുന്നു. ആ പ്രതിഷേധദിനത്തിൽ നടന്ന വെടിവെപ്പിൽ അബു, ചാത്തുക്കുട്ടി എന്ന രണ്ട് കമ്മ്യൂണിസ്റ്റുകാർ മരണമടഞ്ഞു. 1939 ൽ രണ്ടാംലോകമഹായുദ്ധം ആരംഭിച്ചപ്പോൾ യുദ്ധത്തിനെതിരേ എടുത്ത നിലപാടുകൾകൊണ്ട് കമ്മ്യൂണിസ്റ്റുകാരെ ഒന്നാകെ അറസ്റ്റുചെയ്യാൻ സർക്കാർ ഉത്തരവിട്ടു. ബാലറാം മറ്റു പ്രവർത്തകരൊപ്പം ഒളിവിൽപോയി. 1941 ൽ ഒളിവിലിരിക്കെ അറസ്റ്റിലായി.[5] 1942 ൽ ജയിൽ മോചിതനായെങ്കിലും, രണ്ടാം പാർട്ടി കോൺഗ്രസ്സിനെതുടർന്ന് വീണ്ടും ജയിലിലായി. 1951 വരെ ഒളിവിൽ കഴിഞ്ഞു.

1957 ലെ പൊതു തിരഞ്ഞെടുപ്പിൽ മട്ടന്നൂർ നിയോജകമണ്ഡലത്തിൽ നിന്നും ജയിച്ച് ഒന്നാം കേരള നിയമസഭയിലെത്തി. 1960 ലും അതേ മണ്ഡലത്തിൽ നിന്നും ജയിച്ചു. 1970 ൽ തലശ്ശേരി മണ്ഡലത്തിൽ നിന്നും ജയിച്ചാണ് നിയമസഭയിൽ എത്തിയത്. അച്യുതമേനോൻ മന്ത്രിസഭയിൽ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തു. രണ്ട് തവണ രാജ്യസഭാംഗമായിരുന്നു. 1964 ൽ പാർട്ടി രണ്ടായപ്പോൾ സി.പി.ഐ യിൽ ഉറച്ചു നിന്നു. 1972 മുതൽ 1984 വരെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു.[6]

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

 • ഇന്ത്യയുടെ പിറവി
 • ധനശാസ്ത്ര ശില്പികൾ
 • മൂന്ന് ഇന്റർ നാഷണലുകളുടെ ചരിത്രം
 • ഇടതുപക്ഷ കമ്മ്യൂണിസം
 • ആധുനിക മുതലാളിത്തം
 • ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം

അവലംബം[തിരുത്തുക]

 1. "എൻ.ഇ.ബാലറാം". കേരള സർക്കാർ. ശേഖരിച്ചത് 06-സെപ്തംബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 2. "എൻ.ഇ.ബാലറാം". കേരള നിയമസഭ. ശേഖരിച്ചത് 06-സെപ്തംബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 3. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 420. ഐ.എസ്.ബി.എൻ. 81-262-0482-6. "എൻ.ഇ.ബാലറാം - ആദ്യകാലജീവിതം" 
 4. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 421. ഐ.എസ്.ബി.എൻ. 81-262-0482-6. "എൻ.ഇ.ബാലറാം - പൊതുപ്രവർത്തനം" 
 5. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 422. ഐ.എസ്.ബി.എൻ. 81-262-0482-6. "എൻ.ഇ.ബാലറാം - കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ" 
 6. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 423. ഐ.എസ്.ബി.എൻ. 81-262-0482-6. "എൻ.ഇ.ബാലറാം - സി.പി.ഐ നേതൃത്വം" 
"https://ml.wikipedia.org/w/index.php?title=എൻ.ഇ._ബാലറാം&oldid=1830561" എന്ന താളിൽനിന്നു ശേഖരിച്ചത്