സി. കണ്ണൻ
സി.കണ്ണൻ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 3 1967 – ജൂൺ 26 1970 | |
പിൻഗാമി | എൻ. രാമകൃഷ്ണൻ |
മണ്ഡലം | എടക്കാട് |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | ആർ. ശങ്കർ |
മണ്ഡലം | കണ്ണൂർ -1 |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കണ്ണൂക്കര | ഒക്ടോബർ , 1910
മരണം | 15 ഏപ്രിൽ 2006 കണ്ണൂർ | (പ്രായം 95)
Cause of death | വാർദ്ധക്യസഹജ രോഗങ്ങൾ |
അന്ത്യവിശ്രമം | പയ്യാമ്പലം കടപ്പുറം |
രാഷ്ട്രീയ കക്ഷി | സി.പി.ഐ.എം. |
മാതാപിതാക്കൾ |
|
As of സെപ്റ്റംബർ 16, 2020 ഉറവിടം: നിയമസഭ |
കണ്ണൂരിലെ ഒരു തൊഴിലാളി സംഘടനാപ്രവർത്തകനായിരുന്നു സി. കണ്ണൻ. സി എന്ന ചുരുക്കപ്പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
കണ്ണൂർ നഗരത്തിനടുത്ത് കണ്ണൂക്കരയിലെ ദരിദ്രതൊഴിലാളി കുടുംബത്തിലാണ് 1910 ഒക്ടോബർ മാസത്തിൽ സി ജനിച്ചത്. വീട്ടിലെ കഷ്ടപ്പാടുകൾ കാരണം പഠനം തുടരാനാവാതെ പതിനൊന്നാം വയസ്സിൽ തന്നെ ബീഡിത്തൊഴിലാളിയായി ജോലി നോക്കേണ്ടി വന്നു. 2006 ഏപ്രിൽ 15ന് 96-ാം വയസ്സിൽ അന്തരിച്ചു
സ്വാതന്ത്ര്യ സമരകാലത്തെ പൊതുജീവിതം
[തിരുത്തുക]1928 മുതൽ ഖദർ ധരിച്ചുതുടങ്ങിയ സി, ആ വർഷം പയ്യന്നൂരിൽ നടന്ന നാലാം കോൺഗ്രസ് സമ്മേളനം കാലത്ത് ഗാന്ധിജിയുടെ വചനങ്ങളും കോൺഗ്രസ് മുന്നേറ്റങ്ങളും ഉപ്പുസത്യാഗ്രഹമടക്കമുള്ള സമരപരിപാടികളും ആഴത്തിൽ സ്വാധീനിച്ചു. 1930 മാർച്ച് 23ന് ഭഗത്സിങ്ങിനെയും മറ്റും തൂക്കിലേറ്റിയ സംഭവം അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി. കോൺഗ്രസ് സംഘടിപ്പിച്ച കള്ളുഷാപ്പ് പിക്കറ്റിങ്ങുകളിലും മറ്റ് സമരപരിപാടികളിലും പങ്കെടുത്തു തുടങ്ങി. പോത്തേരി മാധവൻ വക്കീൽ, എ കെ ജി., കെ.പി. ഗോപാലൻ എന്നിവരൊക്കെയായിരുന്നു അദ്ദേഹത്തിന്റെ സമരസഖാക്കൾ. സർദാർ ചന്ദ്രോത്തിന്റെ നേതൃത്വത്തിൽ നടത്തിയ വളണ്ടിയർ പരിശീലനത്തിലും സി സജീവമായി പങ്കെടുത്തു. 1933ൽ ഗാന്ധിജിയുടെ സന്ദർശനത്തോട൹ബന്ധിച്ച് രൂപീകരിച്ച വളണ്ടിയർ സേനയിൽ അംഗമായിരുന്നു. 1932 മുതൽ പൊതുജനസേവാസംഘം, വായനശാലാ പ്രസ്ഥാനം എന്നിവയുടെയും സജീവപ്രവർത്തകനായി സി മാറി.
1934ൽ ലക്ഷ്മി ബീഡിക്കമ്പനിയിൽ പണിയെടുത്തു് തുടങ്ങിയ കാലത്താണ് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ സജീവമാകുന്നത്. അവിടെ കൂലിക്കൂടുതൽ ആവശ്യപ്പെട്ടു നടന്ന പണിമുടക്കു് നേതൃത്വം നൽകിയ സി തുടർന്ന് ജോലിയുപേക്ഷിച്ച് മുഴുവൻ സമയ തൊഴിലാളി സംഘടനാ പ്രവർത്തകനായി. അതേവർഷം പോത്തേരി മാധവൻ പ്രസിഡന്റും കോട്ടായി കൃഷ്ണൻ സെക്രട്ടറിയുമായി കണ്ണൂരിൽ ആദ്യമായി രൂപീകരിച്ച ബീഡിത്തൊഴിലാളി യൂണിയന്റെ ജോയിന്റ് സെക്രട്ടറിയായി. ചൊവ്വ, ചിറക്കൽ, അഴീക്കോട്, കക്കാട്, അലവിൽ, പള്ളിക്കുന്ന് എന്നിവിടങ്ങളിൽ നെയ്ത്തുതൊഴിലാളികൾ പ്രാദേശികമായി സംഘടിപ്പിക്കപ്പെട്ടപ്പോൾ സി നെയ്ത്തുതൊഴിലാളികളുടെ പ്രധാന സംഘാടകനായി.
1934ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി തൊഴിലാളി സംഘടനാരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. 1937 ആഗസ്ത് 22ന് നടന്ന ബീഡി തൊഴിലാളി യൂണിയൻ മൂന്നാംവാർഷിക സമ്മേളനത്തോടെ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ. മലബാറിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലായിമാറിയ 1937 ഡിസംബാർ ആറുമുതൽ കൂലിക്കൂടുതൽ ആവശ്യപ്പെട്ട് ബീഡിത്തൊഴിലാളികൾ നടത്തിയ പണിമുടക്കിന് സി നേതൃത്വം നൽകി. ഇതോടെ ഹോസിയറി, കാർപ്പന്ററി, ബാർബർ, തുകൽപ്പണി തുടങ്ങിയ രംഗങ്ങളിലേക്കും തൊഴിലാളി സംഘടനാ പ്രവർത്തനം വ്യാപിപ്പിക്കാനായി.
പൊന്നാനി ബീഡിത്തൊഴിലാളി പണിമുടക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മുഴുകിയതിനാൽ, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവർത്തനത്തിന് തുടക്കമിട്ട 1939ലെ ഐതിഹാസികമായ പിണറായി-പാറപ്രം സമ്മേളനത്തിൽ സി-ക്ക് പങ്കെടുക്കാനായില്ല. കെ. ദാമോദരന്റെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം പൊന്നാനിയിലെത്തിയത്. അദ്ദേഹത്തിന്റെ ആദ്യ അറസ്റ്റിലേക്കും ജയിൽവാസത്തിലേക്കുമാണ് ഈ സമരംനയിച്ചത്. 1939 ഡിസംബാർ 3ന് സിയും കെ. ദാമോദരനുമുൾപ്പെടെ 14 പേർ അറസ്റ്റുചെയ്യപ്പെട്ടു. കോയമ്പത്തൂർ ജയിലിലും രാജമുണ്ഡ്രി ജയിലിലുമായി ആദ്യം രണ്ടുമാസം റിമാൻഡിന് ശേഷം 14 മാസത്തെ തടവുശിക്ഷ. മാറ്റി. 1941 ജ൹വരിയിൽ ജയിൽമോചിതനായി.
രണ്ടാംലോക മഹായുദ്ധസമയത്ത് 1941 ജൂൺ 22ന് ഹിറ്റ്ലർ റഷ്യയെ ആക്രമിച്ചതിനെ തുടർന്നു് കമ്മ്യൂണിസ്റ്റ് പാർട്ടി ജനകീയയുദ്ധനയം പ്രഖ്യാപിച്ചു. 23ന് തന്നെ പ്രധാന നേതാക്കളോടൊപ്പം സിയും വെല്ലൂർ സെൻട്രൽ ജയിലിൽ തടവിലായി. ഇവിടെ വെച്ച് 1941 സപ്തംബാർ 26ന് എ കെ ജിയോടൊപ്പമുള്ള ചരിത്രപ്രസിദ്ധമായ ജയിൽചാട്ടം നടത്തി. ജയിൽചാടിയ കുറ്റത്തിന്, 1942 ആഗസ്ത് 14ന് വീണ്ടും അറസ്റ്റുചെയ്യപ്പെട്ടു. ആദ്യം ബെല്ലാരിയിലെ ആലിപ്പൂർ ജയിലിൽ. തുടർന്ന് വെല്ലൂർ, തഞ്ചാവൂർ, രാജമുണ്ഡ്രി ജയിലുകളിലായി ആറുമാസം ശിക്ഷിക്കപ്പെട്ടു.
1944ൽ ജയിൽമോചിതനായശേഷം, വീണ്ടും ഒളിവിൽ കഴിഞ്ഞ് മുഴുവൻസമയ കമ്മ്യൂണിസ്റ്റു പാർട്ടി - തൊഴിലാളി സംഘടനാ പ്രവർത്തനം നടത്തി. പി കൃഷ്ണപിള്ളയുടെ നിർദ്ദേശപ്രകാരം പാപ്പിനിശ്ശേരിയിലെ ആറോൺ മിൽ തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ച് അവരെ സംഘടിപ്പിച്ചു. 1944ൽ പി കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസികമായ ആറോൺ മിൽ സമരത്തിൽ തൊഴിലാളി സംഘടനാപ്രസിഡന്റെന്ന നിലയിൽ സിയും മുഖ്യ പങ്കുവഹിച്ചു. 1946ൽ പ്രകാശം സർക്കാർ കമ്മ്യൂണിസ്റ്റുകാരെ മുഴുവൻ വേട്ടയാടി ജയിലിലടച്ചപ്പോൾ സി, എൻ സി ശേഖറോടൊപ്പം മംഗലാപുരത്ത് ഒളിവിൽ കഴിഞ്ഞ് പ്രവർത്തിച്ചു. സ്വാതന്ത്ര്യം നേടുന്നതിന്റെ മുന്നോടിയായി 1947 ആഗസ്ത് 12ന് രാഷ്ട്രീയ തടവുകാർക്കെതിരെയുള്ള വാറണ്ടുകൾ പിൻവലിക്കാൻ തീരുമാനമുണ്ടായപ്പോഴാണ് പരസ്യപ്രവർത്തനം വീണ്ടും നടത്തിതുടങ്ങിയത്.
സ്വാതന്ത്ര്യാനന്തരകാലത്തെ പൊതുജീവിതം
[തിരുത്തുക]1948ൽ രാഷ്ട്രീയ എതിരാളികൾ അഴിച്ചുവിട്ട അക്രമങ്ങൾക്കിടെ മാർച്ച് 17ന് ഡി ഐ ആർ പ്രകാരം സി യെ അഴീക്കോടൻ രാഘവന്റെ തെക്കിബസാറിലെ വീട്ടിൽ വെച്ച് വീണ്ടും അറസ്റ്റുചെയ്തു. കണ്ണൂരിലും സേലത്തും തടവിലിട്ടശേഷം ഒക്ടോബറിൽ വിട്ടയച്ചു. പുറത്തിറങ്ങിയ ഉടൻ വീണ്ടും ഒളിവിൽ പോയി. ബാംഗ്ലൂരിലും മുംബൈയിലും മറ്റും ഒളിവിൽ കഴിഞ്ഞശേഷം മൈസൂരിലെത്തി. 1949 ഏപ്രിൽ മാസാവസാനം മൈസൂരിൽ മെയ്ദിനാചരണത്തിനുള്ള ഒരുക്കം നടത്തുന്നതിനിടെ മറ്റു ഒമ്പതു സഖാക്കളോടൊപ്പം അറസ്റ്റുചെയ്യപ്പെട്ടുകയും ആറുമാസം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. മേൽ കോടതിയിൽ അപ്പീൽ നൽകിയെങ്കിലും വിധി വരുന്നതിന് മുമ്പുതന്നെ സിയടക്കം അഞ്ചുപേരെ നാടുകടത്തി.
നേതൃസ്ഥാനങ്ങൾ
[തിരുത്തുക]സി ഐ ടി യുവിന്റെ രൂപീകരണം മുതൽ കേരളാ സംസ്ഥാന പ്രസിഡന്റായിരുന്ന സി ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ആ സ്ഥാനത്തുനിന്നൊഴിഞ്ഞത്. അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ബീഡി ആന്റ് സിഗാർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്, ടുബേക്കോ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ബീഡി ആന്റ് സിഗാർ വർക്കേഴ്സ് ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്സ്, പവർലൂം, മുനിസിപ്പൽ വർക്കേഴ്സ്, ടെക്‌സ്റ്റയിൽ മിൽ വർക്കേഴ്സ് ഫെഡറേഷൻ തുടങ്ങി വേറേയും ധാരാളം സംഘടനകളുടേയും ഭാരവാഹിയായും ദീർഘകാലം പ്രവർത്തിച്ചു. ഒന്നും മൂന്നും കേരള നിയമസഭകളിലും ഇദ്ദേഹം അംഗമായിരുന്നു[1].