ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |
---|---|
![]() | |
നേതാവ് | സോണിയ ഗാന്ധി |
ലോക്സഭാ പാർട്ടിനേതാവ് | അധിർ രഞ്ജൻ ചൗധരി |
രാജ്യസഭാ പാർട്ടിനേതാവ് | ഗുലാം നബി ആസാദ് |
രൂപീകരിക്കപ്പെട്ടത് | 28 ഡിസംബർ 1885 |
ആസ്ഥാനം | 24, അക്ബർ റോഡ്, ന്യൂ ഡെൽഹി 110001 |
പത്രം | കോൺഗ്രസ് സന്ദേശ് |
യുവജനവിഭാഗം | ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് |
വിദ്യാർത്ഥിവിഭാഗം | നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ |
വനിതാവിഭാഗം | ഓൾ ഇന്ത്യ മഹിളാ കോൺഗ്രസ്സ് |
തൊഴിൽ വിഭാഗം | ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് |
ആശയം | ജനാധിപത്യം ഡെമോക്രാറ്റിക് സോഷ്യലിസം സാമൂഹികക്ഷേമം ലിബറലിസം ഗാന്ധിയന് ചിന്തകൾ മതേതരത്വം ഇന്ത്യൻ ദേശീയത |
സഖ്യം | യു.പി.എ |
![]() |
This article is part of a series about Indian National Congress |
|
---|---|---|
ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐൻസി കോൺഗ്രസ്), ഇന്ത്യയിലെ രണ്ട് പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ ഒന്നാണ്. ലോകത്തിലെ ഏറ്റവും പഴയതും വലിയതുമായ ജനാധിപത്യ രാഷ്ട്രീയ പാർട്ടികളിൽ ഒന്നാണ് [1] [2].1885 ൽ ബ്രിട്ടീഷ് ഭരണകാലത്ത് അലൻ ഒക്ടാവില്ലൻ ഹ്യൂം , ദാദാഭായി നവറോജി, ഡിൻഷൗ എദുൽജി വച്ച എന്നിവർ ചേർന്നാണ് ഇത് രൂപീകരിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റ മധ്യത്തിലും ഇന്ത്യൻ സ്വാതന്ത്ര്യസമരം ത്തിലും കേന്ദ്ര ബിന്ദുവായിരുന്ന കോൺഗ്രസ് 1.5 കോടി സജീവ അംഗങ്ങളും 7 കോടി സമര സേനാനികളുമായി അന്നത്തെ ഇന്ത്യയിലെ ബ്രിട്ടീഷ് കോളനി ഭരണത്തിനെതിരെ സമരം നയിച്ചു.
1947ലെ സ്വതന്ത്ര്യാലബ്ദിക്കു ശേഷം കോൺഗ്രസ് ഇന്ത്യയിലെ അനിഷേധ്യ രാഷ്ട്രീയ ശക്തിയായി മാറി. സ്വാതന്ത്ര്യത്തിനു ശേഷം നടന്ന 15 ലോകസഭാ തിരഞ്ഞെടുപ്പിൽ ആറു തവണയും വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ കോൺഗ്രസ് നാലു തവണ മുന്നണി സംവിധാനത്തോടെയും ഭരണത്തിലെത്തിയിട്ടുണ്ട്. ജവഹർലാൽ നെഹ്രു മുതൽ മൻമോഹൻ സിംഗ് വരെ ഏഴു കോൺഗ്രസ് പ്രധാനമന്ത്രിമാർ രാജ്യം ഭരിച്ചിട്ടുണ്ട്.

ഉള്ളടക്കം
ചരിത്രം[തിരുത്തുക]
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചരിത്രം (INC) രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളായിട്ടുള്ളതാണ്:
- സ്വാതന്ത്ര്യത്തിന് മുൻപുള്ള കാലഘട്ടം, ഈ സമയത്ത് സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നൽകിയ സംഘടനയായിരുന്നു ഇത്.
- സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ, ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന് ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയായി മാറി.


സ്വാതന്ത്ര്യത്തിനു മുമ്പ്[തിരുത്തുക]
സ്ഥാപിതം[തിരുത്തുക]
വിരമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ അലൻ ഒക്ടേവിയൻ ഹ്യൂം മുൻകയ്യെടുത്താണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണതലത്തിൽ അഭ്യസ്തവിദ്യരായ ഇന്ത്യക്കാർക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1885-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപംകൊണ്ടത്. ബ്രിട്ടീഷ് ഭരണത്തോട് തുടക്കത്തിൽ ഈ പ്രസ്ഥാനം എതിർപ്പു പ്രകടിപ്പിച്ചിരുന്നില്ല. 1884ൽ രൂപവൽകരിക്കപ്പെട്ട ഇന്ത്യൻ നാഷണൽ യൂണിയൻ എന്ന സംഘടന പേരുമാറ്റിയാണു് 1885ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസായതു്. ഇന്ത്യയിലെ വൈസ്രോയ് ആയിരുന്ന ഡഫറിൻ പ്രഭുവിന്റെ അനുമതിയോടെയും പിന്തുണയോടെയും സ്കോട്ട്ലൻഡുകാരനായ ഏ.ഓ. ഹ്യൂം കോൺഗ്രസിന്റെ രൂപവത്കരണ സമ്മേളനം വിളിച്ചു ചേർത്തു.
ഡബ്ല്യു.സി. ബാനർജിയായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ അധ്യക്ഷൻ. ആദ്യ സമ്മേളനം പുണെയിൽ വിളിച്ചുചേർക്കാനായിരുന്നു തീരുമാനമെങ്കിലും പ്ലേഗുബാധ വ്യാപകമായതിനെത്തുടർന്ന് സമ്മേളനം ബോംബെയിലേക്ക് (മുംബൈ) മാറ്റുകയായിരുന്നു. 1885 ഡിസംബർ 28 മുതൽ 31 വരെയാണ് ആദ്യ സമ്മേളനം ചേർന്നത്[3]. ആദ്യ യോഗത്തിൽ 72 പ്രതിനിധികൾ പങ്കെടുത്തു[4]. ഇന്ത്യൻ ദേശീയ വാദത്തിന്റെ പിതാവായി അറിയപ്പെടുന്ന ദാദാഭായി നവറോജി ആദ്യകാലത്തെ പ്രധാനനേതാക്കളിലൊരാളായിരുന്നു. ഏ.ഓ. ഹ്യൂം കോൺഗ്രസിന്റെ ആദ്യ സെക്രട്ടറിയുടെ ചുമതല വഹിച്ചു.
1897ൽ അമരാവതിയിൽ വെച്ച് നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ അദ്ധ്യക്ഷസ്ഥാനം വഹിച്ച ശ്രീമാൻ ചേറ്റൂർ ശങ്കരൻ നായർ[1] ആ പദവിയിലെത്തുന്ന ആദ്യ മലയാളി എന്ന വിശേഷണത്തിന് അർഹനായി
1907 മുതൽ 1916 വരെ കോൺഗ്രസ് രണ്ടു വിഭാഗങ്ങളായി ഭിന്നിച്ചു് നിന്നു. ബാല ഗംഗാധര തിലകന്റെ നേതൃത്വത്തിൽ തീവ്രവാദികളും ഗോപാലകൃഷ്ണ ഗോഖലെയുടെ നേതൃത്വത്തിൽ മിതവാദികളുമായി മത്സരിച്ചു. ഇക്കാലത്തു് സംഘടനയുടെ നിയന്ത്രണം മിതവാദികൾക്കായിരുന്നു. [5]. ബാല ഗംഗാധര തിലകൻ, ബിപിൻ ചന്ദ്ര പാൽ, ലാലാ ലജ്പത് റായ് തുടങ്ങിയവരായിരുന്നു തീവ്രവാദി വിഭാഗത്തെ നയിച്ചതു്.
ആദ്യകാലങ്ങൾ[തിരുത്തുക]
ജനകീയ മുന്നേറ്റമായ കോൺഗ്രസ്[തിരുത്തുക]
മഹാത്മാ ഗാന്ധി[തിരുത്തുക]
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം കോൺഗ്രസ്, മഹാത്മാ ഗാന്ധി നേതൃത്വം നൽകിയ പൊതു നിസ്സഹകരണം, അഹിംസാ മാർഗ്ഗത്തിലുള്ള സമരം, തുടങ്ങിയ ആശയങ്ങളെ സ്വീകരിച്ചു. പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് പലനേതാക്കളും വന്നുവെങ്കിലും ഇന്ത്യ സ്വതന്ത്രമാകുന്നതുവരെ ഗാന്ധിയായിരുന്നു കോൺഗ്രസിന്റെ അനിഷേധ്യ നേതാവ്. സോഷ്യലിസ്റ്റുകളെയും പാരമ്പര്യവാദികളെയും ഹിന്ദു-മുസ്ലീം യാഥാസ്ഥിതികരെയുമൊക്കെ ഉൾക്കൊള്ളുന്ന ബഹുജന പ്രസ്ഥാനമായിരുന്നു ഇക്കാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. മഹാത്മാ ഗാന്ധിക്കു മുൻപ് ബിപിൻ ചന്ദ്ര പാൽ, ലാലാ ലജ്പത് റായ്, മുഹമ്മദ് അലി ജിന്ന എന്നിവരും കോൺഗ്രസിന്റെ നേതൃനിരയിലുണ്ടായിരുന്നു.
1929ൽ ജവഹർലാൽ നെഹ്രു പ്രസിഡന്റായിരിക്കെ ലാഹോറിൽ ചേർന്ന സമ്മേളനം കോൺഗ്രസിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. “പൂർണ്ണ സ്വരാജ്” (സമ്പൂർണ്ണ സ്വാതന്ത്ര്യം) ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചത് ഈ സമ്മേളനത്തിലാണ്. 1930 ജനുവരി 26 പൂർണ്ണ സ്വരാജ് ദിവസമായും ആചരിച്ചു. സത്യാഗ്രഹ സമരമുറയോടെ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ജനകീയമായി. നെഹ്രുവിനെക്കൂടാതെ സർദാർ വല്ലഭായി പട്ടേൽ, ഡോ.രാജേന്ദ്ര പ്രസാദ്, ഖാൻ അബ്ദുൽ ഗാഫർ ഖാൻ, സി. രാജഗോപാലാചാരി, ആചാര്യ നരേന്ദ്രദേവെ, ആചാര്യ കൃപലാനി, മൗലാനാ അബ്ദുൽ കലാം ആസാദ്, ജയപ്രകാശ് നാരായൺ എന്നീ നേതാക്കന്മാരും ഗാന്ധിയോടൊപ്പമുണ്ടായിരുന്നു. ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളിലും വേരോട്ടമുള്ള ഏക പ്രസ്ഥാനമായി കോൺഗ്രസ് വളർന്നു. ജാതിവ്യത്യാസങ്ങളും, തൊട്ടുകൂടായ്മ തുടങ്ങിയ ദുരാചാരങ്ങളും, ദാരിദ്ര്യവും, മത-വംശ വിദ്വേഷങ്ങളും വെടിഞ്ഞ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുവാനുള്ള ഗാന്ധിജിയുടെ ആഹ്വാനവും അതിനായി ഇന്ത്യയൊട്ടാകെ അദ്ദേഹം നടത്തിയ യാത്രകളുമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയാക്കിയത്.
ക്വിറ്റ് ഇന്ത്യാ സമരം[തിരുത്തുക]
ക്വിറ്റ് ഇന്ത്യാ സമരമായിരുന്നു അന്തിമസമരം. ഇന്ത്യക്കാരെ രണ്ടാം ലോക മഹായുദ്ധത്തിനു അയച്ചതിനു എതിരായും ഗാന്ധിയുടെ ഇന്ത്യയ്ക്കു ഉടനടി സ്വാതന്ത്ര്യം നൽകൂ എന്നാവശ്യപ്പെട്ടു് 1942 ആഗസ്റ്റിൽ ആരംഭിച്ച പ്രസ്ഥാനമായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം (ഭാരത് ച്ഛോടോ ആന്തോളൻ) അഥവാ ഓഗസ്റ്റ് പ്രസ്ഥാനം 1942 ഓഗസ്റ്റ് 8-നു അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ (എ.ഐ.സി.സി) ബോംബെ സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കി. ബ്രിട്ടീഷുകാർ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വമ്പിച്ച നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കും എന്ന് ഈ പ്രമേയം പ്രസ്താവിച്ചു. ബോംബെയിലെ ഗവാലിയ റ്റാങ്കിൽ ഗാന്ധി ഇന്ത്യക്കാരോട് അക്രമരഹിത നിസ്സഹകരണം പിന്തുടരാൻ ആഹ്വാനം ചെയ്തു. ഒരു സ്വതന്ത്ര രാഷ്ട്രമായി പെരുമാറാനും ബ്രിട്ടീഷുകാരുടെ ആജ്ഞകൾ അനുസരിക്കാതിരിക്കാനും ഗാന്ധി ജനങ്ങളോട് ആവശ്യപ്പെട്ടു.
ഗാന്ധിയുടെ ആഹ്വാനത്തിനു മറുപടിയായി അടുത്ത ദിവസം തന്നെ ബ്രിട്ടീഷുകാർ ഗാന്ധിയെ പൂനെയിലെ ആഗാ ഖാൻ കൊട്ടാരത്തിൽ തടവിലടച്ചു. കോൺഗ്രസിന്റെ ദേശീയ നേതൃത്വമായ കോൺഗ്രസ് പാർട്ടി പ്രവർത്തക സമിതിയെ മുഴുവൻ അഹ്മദ്നഗർ കോട്ടയിൽ തടവിലടച്ചു. കോൺഗ്രസ് പാർട്ടിയെ നിരോധിച്ചു. രാജ്യമൊട്ടാകെ വലിയ തോതിൽ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടന്നു. തൊഴിലാളികൾ തൊഴിൽസ്ഥലങ്ങളിൽ നിന്നും കൂട്ടത്തോടെ ഒഴിഞ്ഞുനിന്നു. രാജ്യത്തെമ്പാടും സമരാഹ്വാനങ്ങൾ ഉണ്ടായി. രാജ്യമൊട്ടാകെ വ്യാപകമായ നശീകരണ പ്രവർത്തനങ്ങളും നടന്നു. സർക്കാർ കെട്ടിടങ്ങൾ അഗ്നിക്കിരയാക്കി, വൈദ്യുതബന്ധം വിച്ഛേദിച്ചു, ഗതാഗത, വാർത്താവിനിമയ സംവിധാനങ്ങൾ തകർത്തു. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആത്മവിശ്വാസത്തെയും മന:ശക്തിയെയും തകർത്തതും ബ്രിട്ടീഷ് ഇന്ത്യൻ സൈനികരിൽ ഉണ്ടായ വിപ്ലവത്തിനും അസംതൃപ്തിയ്ക്കും ഇടയാക്കിയതും ബ്രിട്ടീഷ് ഭരണത്തെ ദുർബലമാക്കി. ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ ആശയവ്യത്യാസങ്ങൾ മറന്ന് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഈ പ്രസ്ഥാനത്തിനു പിന്നിൽ അണിനിരന്നു് സ്വാതന്ത്ര്യ സമരത്തെ വിജയത്തിലെത്തിച്ചു.
സ്വാതന്ത്ര്യത്തിനു ശേഷം[തിരുത്തുക]
നെഹ്റു / ശാസ്ത്രി കാലഘട്ടം (1947-66)[തിരുത്തുക]
മഹാത്മാ ഗാന്ധി രക്തസാക്ഷിയായി മൂന്നാഴ്ചകഴിഞ്ഞു് 1948 ഫെബ്രുവരി 21,22തീയതികളിൽ നവദില്ലിയിൽ ചേർന്ന എ ഐ സി സി സമ്മേളനത്തോടെ കോൺഗ്രസ്സ് ഭരണഘടനയിൽ ഭേദഗതിവരുത്തി കോൺഗ്രസ്സിനുള്ളിലെ മറ്റു് കക്ഷികളെ പുറന്തള്ളുകയും കോൺഗ്രസ്സ് സാധാരണ രാഷ്ട്രീയ കക്ഷിയായി മാറുകയും ചെയ്തു. അതേത്തുടർന്നു് കക്ഷിരാഷ്ട്രീയ താൽപര്യമില്ലാത്ത ഗാന്ധിയൻമാർ സർവ സേവാ സംഘം രൂപവൽക്കരിച്ചും കാങ്ഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിക്കാർ സോഷ്യലിസ്റ്റ് പാർട്ടി രൂപവൽക്കരിച്ചും കോൺഗ്രസ്സിനു് പുറത്തായി.
1948 ഡിസംബർ വരെ ആചാര്യ ജെ.ബി. കൃപലാനിയായിരുന്നു കോൺഗ്രസ്സ് പ്രസിഡന്റ്. തുടർന്നു് പട്ടാഭി സീതാരാമയ്യ പ്രസിഡന്റായി. കോൺഗ്രസ്സിൽ മഹാത്മാഗാന്ധിയുടെ ആദർശങ്ങൾ പിന്തള്ളപ്പെടുകയാണെന്നു് പ്രസ്താവിച്ചുകൊണ്ടു് 1949ൽ ആചാര്യ ജെ ബി കൃപലാനിയുടെ നേതൃത്വത്തിൽ ഒരുവിഭാഗം കോൺഗ്രസ്സ് വിട്ടു് കിസാൻ മസ്ദൂർ പ്രജാ പാർട്ടിക്കു് രൂപം നല്കി.
1950 സർദാർ പട്ടേലിന്റെ മരണവും സംഭവിച്ചതിനുശേഷം കോൺഗ്രസിലെ അനിഷേധ്യ നേതാവ് നെഹ്രു മാത്രമായി. 1952ലെ പൊതു തിരഞ്ഞെടുപ്പിൽ നെഹ്രു കോൺഗ്രസിനെ വൻഭൂരിപക്ഷത്തിലേക്കു് നയിച്ചു. വിഭജനത്തിന്റെയും അതിനോടനുബന്ധിച്ച ഇതര പ്രതിസന്ധികളുടെയും നാളുകളിൽ സ്വാതന്ത്ര്യ സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്ന ഒരു പ്രസ്ഥാനം എന്ന ഖ്യാതി കോൺഗ്രസിനുണ്ടായിരുന്നത് ഒരുതരത്തിൽ ഗുണകരമായി.
1953-54-ൽ കിസാൻ മസ്ദൂർ പ്രജാപാർട്ടിയും സോഷ്യലിസ്റ്റ് പാർട്ടിയും ലയിച്ചു് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയായത് കോൺഗ്രസ്സിനു് വെല്ലുവിളിയുയർത്തി. അതിനെ കോൺഗ്രസ്സ് നേരിട്ടതു് 1955-ലെ ആവടിസമ്മേളനത്തിലൂടെയായിരുന്നു. സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹമാണു് കോൺഗ്രസ്സിന്റെ ലക്ഷ്യമെന്നു് 1955-ലെ ആവടിസമ്മേളനം പ്രഖ്യാപിച്ചു. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽ ഭിന്നിപ്പുണ്ടാക്കാനും അതിന്റെ പ്രധാനനേതാക്കളിലൊരാളായ അശോക മേത്തയെ കോൺഗ്രസ്സിലേയ്ക്കു് കൊണ്ടുവരാനും നെഹ്രുവിനു് കഴിഞ്ഞു.
ഇതിനിടെ 1957-ലെ പൊതു തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയ കോൺഗ്രസിനു് 1959-ൽ സി രാജഗോപാലാചാരിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം കോൺഗ്രസ്സ് വിട്ടു് സ്വതന്ത്ര പാർട്ടിയുണ്ടാക്കിയതു് അടുത്ത വെല്ലുവിളിയായി. പക്ഷേ, 1962-ലെ പൊതു തിരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കാൻ കോൺഗ്രസിനു് കഴിഞ്ഞു.
1964-ൽ നെഹ്രു അന്തരിച്ചു. പലപേരുകളും പരിഗണിക്കപ്പെട്ടെങ്കിലും ഒത്തുതീർപ്പു സ്ഥാനാർത്ഥി എന്ന നിലയിൽ ലാൽ ബഹാദൂർ ശാസ്ത്രി പാർലമെന്ററി പാർട്ടി അദ്ധ്യക്ഷസ്ഥാനത്തേക്കു് തിരഞ്ഞെടുക്കപ്പെട്ടു് പ്രധാനമന്ത്രിയായി ചുമതലയേറ്റു . എന്നാൽ പെട്ടെന്നുതന്നെ 1966-ൽ ശാസ്ത്രി മരണമടഞ്ഞതു് അനിശ്ചിതത്വമുണ്ടാക്കി.
ഇന്ദിര കാലഘട്ടം (1966-84)[തിരുത്തുക]
രാജീവ് ഗാന്ധി, നരസിംഹ റാവു കാലഘട്ടം (1985-98)[തിരുത്തുക]
ഇന്ദിരാ ഗാന്ധിയുടെ മരണശേഷം മകൻ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായും ഇന്ദിരാ കോൺഗ്രസ് പാർട്ടി പ്രസിഡന്റുമായി. ഇന്ദിരാ വധം ഉയർത്തിയ സഹതാപതരംഗത്തിന്റെ പിൻബലത്തിൽ 1984-ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി. രാജീവിന്റെ ഭരണം ആദ്യ നാളുകളിൽ സുഗമമായിരുന്നു. രാജീവ് സർക്കാരിന്റെ അവസാന നാളുകളിൽ കോൺഗ്രസ്- ഐവൻ പ്രതിസന്ധിയിലായി. ബോഫോഴ്സ് പീരങ്കി അഴിമതി ആരോപണം പാർട്ടിയെ ഉലച്ചു. ഉന്നതരുടെ സ്വിസ് ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഫെയർ ഫാക്സ് സ്ഥാപനത്തെ നിയമിച്ചതിന്റെപേരിൽ പ്രധാനമന്ത്രിയ്ക്കു് അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന വാർത്തകളുയർന്ന പശ്ചാത്തലത്തിൽ രാജീവ് ഗാന്ധി ധനകാര്യ മന്ത്രിയായിരുന്ന വി.പി. സിംഹിനെ പ്രതിരോധ മന്ത്രിസ്ഥാനത്തേയ്കു്കു് മാറ്റി. ജർമൻ മുങ്ങിക്കപ്പൽ ഇടപാടിൽ 8 ശതമാനം കമ്മീഷൻ ആർക്കോ പോകന്നുണ്ടെന്ന വിവരം അറിഞ്ഞപ്പോൾ ഡിപ്പാര്ട്ടുമെന്റൽ അന്വേഷണത്തിനു് ഉത്തരവുനല്കിയ ശേഷം പ്രതിരോധ മന്ത്രിസ്ഥാനം വി.പി. സിംഹ് രാജിവയ്ക്കുകയും ചെയ്തു. പ്രധാനമന്ത്രിയും ഇന്ദിരാ കോൺഗ്രസ് പ്രസിഡന്റുമായ രാജീവ് ഗാന്ധിയുമായുള്ള അഭിപ്രായവ്യത്യാസം മൂലം വി.പി. സിംഹിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി വിട്ടു് ജനമോർച്ച രൂപവൽകരിച്ചു. ജനമോർച്ചയും ജനതാ പാർട്ടിയും ലോക് ദളും ചേർന്നുണ്ടായ ജനതാദളം രാഷ്ട്രീയശക്തിയായിമാറി.
1989-ലെ പൊതുതിരഞ്ഞെടുപ്പിൽ ഇന്ദിരാ കോൺഗ്രസ് അധികാരത്തിൽ നിന്നും പുറത്തായി. വി.പി. സിംഹിന്റെ നേതൃത്വത്തിലുള്ള ജനതാദൾ സർക്കാർ അധികാരത്തിലെത്തി.
ഭാരതീയ ജനതാ പാർട്ടി (ഭാജപ) പിന്തുണ പിൻവലിച്ചതോടെ ഭൂരിപക്ഷം നഷ്ടമായ വി.പി. സിംഹ് നേതൃസ്ഥാനമൊഴിയണമെന്നു് പ്രധാനനേതാക്കൾ ആവശ്യപ്പെട്ടതോടെ ജനതാദളം പിളർന്നു. വി.പി. സിംഹിന്റെ പ്രധാനമന്ത്രിസ്ഥാനം തെറിച്ചു. ജനതാദൾ (സമാജവാദി) നേതാവു് ചന്ദ്രശേഖറിന് സർക്കാർ രൂപവത്കരിക്കാൻ ഇന്ദിരാ കോൺഗ്രസ് പുറത്തു് നിന്നു പിന്തുണ നൽകി. പെട്ടെന്ന് മറ്റൊരു തിരഞ്ഞെടുപ്പിനെ നേരിടാനുള്ള പാർട്ടിയുടെ ആത്മവിശ്വാസക്കുറവായിരുന്നു ഈ നടപടിക്കു പിന്നിൽ. ഏതായാലും ഏഴുമാസക്കാലമേ ഈ ഭരണം നീണ്ടു നിന്നുള്ളൂ. രാജീവ് ഗാന്ധിയെ നിരീക്ഷിക്കാൻ ചാരന്മാരെ നിയോഗിച്ചു എന്നാരോപിച്ച് കോൺഗ്രസ് ചന്ദ്രശേഖർ സർക്കാരിനുള്ള പിന്തുണ നാലുമാസം കഴിഞ്ഞപ്പോൾ പിൻവലിച്ചു.
1991-ലെ പൊതുതിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മെയ്മാസത്തിൽ രാജീവ് ഗാന്ധിയെ തമിഴ് പുലികൾ വധിച്ചു. പി.വി. നരസിംഹ റാവു ഇന്ദിരാ കോൺഗ്രസ് പ്രസിഡന്റായി. രാജീവിന്റെ മരണം ഇന്ദിരാ കോൺഗ്രസിൽ നേതൃപ്രതിസന്ധി സൃഷ്ടിച്ചെങ്കിലും തിരഞ്ഞെടുപ്പിൽ സഹതാപതരംഗമുണർത്തി വിജയിക്കുന്നതിന് ഇത് സഹായകമായെന്നു പറയാം. (രാജീവ് മരിക്കുമ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞിരുന്നു).
ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം കിട്ടാതിരുന്ന പശ്ചാത്തലത്തിൽ ന്യൂനപക്ഷ സർക്കാരുണ്ടാക്കാൻ ഇന്ദിരാ കോൺഗ്രസിനു് കഴിഞ്ഞു. ആന്ധ്രാ പ്രദേശത്തു് നിന്നുള്ള പി.വി. നരസിംഹ റാവുവായിരുന്നു പ്രധാനമന്ത്രി സ്ഥാനത്തെത്തി. ഭാരതീയ ജനതാ പാർട്ടി (ഭാജപ) ഇതര കക്ഷികൾ പാർലമെന്റിൽ നിന്നു് പ്രതിഷേധിച്ചു് ഇറങ്ങിപ്പോയി സഹകരിച്ചതുകൊണ്ടാണു് സർക്കാരിനു് പാർലമെന്റിൽ വിശ്വാസം തെളിയിയ്ക്കാൻകഴിഞ്ഞതു്. രാഷ്ട്രീയ കൌശലങ്ങളുടെ ബലത്തിൽ റാവു സർക്കാർ അഞ്ചു വർഷം തികച്ചു. ഈ കാലയളവിലാണ് ഇന്ത്യയിൽ ആഗോളവല്ക്കരണം തുടങ്ങിയത്. അദ്വാനി നടത്തിയ രഥയാത്രയുടെ അവസാനം കർസേവകർ ബാബറി മസ്ജിദ് പൊളിച്ചതും അക്കാലത്താണു്.
ആധുനിക കാലഘട്ടം[തിരുത്തുക]
1996-ലെ തിരഞ്ഞെടുപ്പിലും ആർക്കും ഭൂരിപക്ഷമില്ലാത്ത ജനവിധിയായിരുന്നു. ഇന്ദിരാ കോൺഗ്രസ് പരാജയപ്പെട്ടു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ നേതാവെന്ന നിലയിൽ എ.ബി. വാജ്പേയി പ്രധാനമന്ത്രി സ്ഥാനത്തെത്തിയെങ്കിലും പതിനൊന്നു ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തികയ്ക്കാനാവാതെ പുറത്തായി.
ബി.ജെ.പിയെ അധികാരത്തിൽ നിന്നും ഒഴിവാക്കാനായി കോൺഗ്രസ് മൂന്നാം മുന്നണിക്ക് പുറത്തു നിന്നു പിന്തുണ നൽകി. സീതാറാം കേസരിയായിരുന്നു ഇക്കാലയളവിൽ കോൺഗ്രസിന്റെ അധ്യക്ഷൻ. ആദ്യം എച്ച്.ഡി. ദേവഗൌഡയെയും പിന്നീട് ഐ.കെ. ഗുജ്റാളിനെയും പിന്തുണച്ച കോൺഗ്രസ്-ഐ 1997 നവംബർ 23-നു പിന്തുണ പിൻവലിച്ചു.
1998-ൽ നടന്ന തിരഞ്ഞെടുപ്പിലും ആർക്കും ഭൂരിപക്ഷമില്ലാത്ത ജനവിധിയായിരുന്നുവെങ്കിലും കോൺഗ്രസ്-ഐ അതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിട്ടു. വാജ്പേയിയുടെ നേതൃത്വത്തിൽ ബി.ജെ.പി. വീണ്ടും അധികാരത്തിലെത്തി. സീതാറാം കേസരി മാറി രാജീവ് ഗാന്ധിയുടെ വിധവ സോണിയാ ഗാന്ധി 1998-ൽ ഇന്ദിരാ കോൺഗ്രസിന്റെ നേതൃസ്ഥാനം സ്വീകരിച്ചു. ഒരു വർഷത്തിനകം വാജ്പേയി സർക്കാർ പുറത്തായെങ്കിലും 1999-ലെ ഇടക്കാല തിരഞ്ഞെടുപ്പും ഇന്ദിരാ കോൺഗ്രസിന്റെ തിരിച്ചുവരവിനു കളമൊരുക്കിയില്ല. വിദേശത്തു ജനിച്ച സോണിയാ കോൺഗ്രസിന്റെ പ്രധാനമന്ത്രിസ്ഥാനാർത്ഥിയാകുന്നതിൽ പ്രതിഷേധിച്ച് ശരദ് പവാറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി വിട്ട് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി രൂപവത്കരിക്കുകയും ചെയ്തിരുന്നു. 1999 മുതൽ 2004 വരെ കാലാവധി തികച്ചു് ബി.ജെ.പി. ഭരിച്ചു.
2004-ലെ തിരഞ്ഞെടുപ്പിലും ആർക്കും ഭൂരിപക്ഷമില്ലാത്ത ജനവിധിയായിരുന്നുവെങ്കിലും കോൺഗ്രസ്-ഐ അപ്രതീക്ഷിത തിരിച്ചുവരവു നടത്തി. ഇടതുകക്ഷികളുടെ പിന്തുണയോടെ കോൺഗ്രസ് സർക്കാർ രൂപവത്കരിക്കാനുള്ള ചർച്ചകൾ നടക്കുന്നതിനിടയിൽ സോണിയാ ഗാന്ധി പ്രധാനമന്ത്രി സ്ഥാനം നിരസിച്ചു. സാമ്പത്തിക ശാസ്ത്രജ്ഞനായ മൻമോഹൻ സിങ്ങിനെ അവർ പ്രധാനമന്ത്രി സ്ഥാനത്തേക്കു നിർദ്ദേശിച്ചു. സോണിയയുടെ ഈ നടപടി ഒരുതരത്തിൽ കോൺഗ്രസിന്റെ രാഷ്ട്രീയ പ്രതിച്ഛായ വർദ്ധിപ്പിച്ചു. വിദേശപൌരത്വമുള്ള നേതാവ് എന്ന ആരോപണത്തിൽനിന്നും കോൺഗ്രസ് മെല്ലെ മുക്തിനേടി. ഐക്യ പുരോഗമന സഖ്യം രൂപവൽകരിച്ചു് ഇടതുകക്ഷികളുടെ പിന്തുണയോടെമൻമോഹൻ സിംഹ് പ്രധാനമന്ത്രിയായി കോൺഗ്രസ്-ഐ നേതൃത്വത്തിലുള്ള സർക്കാരുണ്ടാക്കി.
2009-ലെ തിരഞ്ഞെടുപ്പിലും ആർക്കും ഭൂരിപക്ഷമില്ലാത്ത ജനവിധിയായിരുന്നുവെങ്കിലും ഐക്യ പുരോഗമന സഖ്യത്തിനു് സർക്കാർ രൂപവൽക്കരിക്കാൻകഴിഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അഖിലേന്ത്യാ പ്രസിഡന്റും ഐക്യ പുരോഗമന സഖ്യത്തിന്റെ (യു. പി. എ.)
പ്രസിഡന്റുമായി സോണിയാ ഗാന്ധി തുടരുന്നു. പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഹാണു് പാർലമെന്ററി പാർട്ടി നേതാവും.
തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ[തിരുത്തുക]
പൊതു തെരഞ്ഞെടുപ്പിൽ[തിരുത്തുക]
നിലവിലുള്ള സംഘടന സംവിധാനം[തിരുത്തുക]
സംസ്ഥാന, കേന്ദ്രഭരണപ്രാദേശ ഘടകങ്ങൾ[തിരുത്തുക]
ആശയങ്ങളും നയങ്ങളും[തിരുത്തുക]
സാമ്പത്തിക നയം[തിരുത്തുക]
ആരോഗ്യവും വിദ്യാഭ്യാസവും[തിരുത്തുക]
സുരക്ഷയും ആഭ്യന്തര കാര്യങ്ങളും[തിരുത്തുക]
വിദേശ നയം[തിരുത്തുക]
വിവിധ സംസ്ഥാനങ്ങളിലെ സാന്നിദ്ധ്യം[തിരുത്തുക]
ഇപ്പോഴത്തെ കോൺഗ്രസ്സ് യുപിഎ സർക്കാരുകളുടെ പട്ടിക[തിരുത്തുക]
1. (പഞ്ചാബ്) 2. (മധ്യപ്രദേശ്) 3. (രാജസ്ഥാൻ) 4. (ചത്തീസ്ഗഡ്) 5. (പുതുച്ചേരി) 6. (മഹാരാഷ്ട്ര )
പ്രധാനമന്ത്രിമാരുടെ പട്ടിക[തിരുത്തുക]
പ്രധാനമന്തികളുടെ പട്ടിക (മുൻ കോൺഗ്രസ് അംഗങ്ങൾ)[തിരുത്തുക]
ഇതു കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ http://www.open.ac.uk/researchprojects/makingbritain/content/indian-national-congress
- ↑ http://www.britannica.com/topic/Indian-National-Congress
- ↑ ഇന്ത്യൻ സ്വാതന്ത്ര്യ സമരം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ; പി.എ വാരിയർ, ഡോ.കെ വേലായുധൻ നായർ; ഡി സി ബുക്സ്, കോട്ടയം; 2009; പുറം:10,11
- ↑ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം; ബിപൻചന്ദ്ര ; ഡി സി ബുക്സ്, കോട്ടയം; 2007; പുറം:64
- ↑ ഇന്ത്യൻ സ്വാതന്ത്ര്യ സമരം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ; പി.എ വാരിയർ, ഡോ.കെ വേലായുധൻ നായർ; ഡി സി ബുക്സ്, കോട്ടയം; 2009; പുറം:28
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ് (വർഗ്ഗം) |