മണവാളൻ ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മണവാളൻ ജോസഫ്
Manavalan Joseph.jpg
ജനനം(1927-10-13)13 ഒക്ടോബർ 1927
മരണം23 ജനുവരി 1986(1986-01-23) (പ്രായം 58)
തൊഴിൽചലച്ചിത്രനടൻ, നാടകനടൻ
ജീവിതപങ്കാളി(കൾ)ത്രേസ്യാ ജോസഫ്
കുട്ടികൾമൂന്ന് ആൺമക്കളും മൂന്ന് പെൺമക്കളും

ഒരു മലയാള നാടക-ചലച്ചിത്രനടനായിരുന്നു മണവാളൻ ജോസഫ്. മണവാളൻ എന്ന നാടകത്തിലെ ഇദ്ദേഹത്തിന്റെ ഹാസ്യനായകവേഷം പ്രേക്ഷകപ്രീതി നേടുകയും തുടർന്ന് പേരിനൊപ്പം ഈ നാടകത്തിന്റെ പേര് കൂടി ചേർത്ത് അറിയപ്പെട്ടു തുടങ്ങുകയുമായിരുന്നു. നീലക്കുയിൽ എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്തെത്തിയ ജോസഫ് മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.[1] -

ജീവിതരേഖ[തിരുത്തുക]

ഫോർട്ട് കൊച്ചിയിലെ പട്ടാനത്തു ജനനം. ഏറെ ചെറുപ്പത്തിൽ തന്നെ കലാജീവിതം ആരംഭിച്ചതിനാൽ കാര്യമായ ഔപചാരിക വിദ്യാഭ്യാസം നേടുവാൻ അവസരമുണ്ടായില്ല. ഏങ്കിലും സ്വപ്രയത്നത്താൽ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള സാമാന്യജ്ഞാനം നേടുവാൻ ജോസഫിനായി. കലാനിലയത്തിന്റെ ഇളയിടത്തു റാണി ആയിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ പ്രൊഫഷണൽ നാടകം. പിന്നീട് കെ.പി.എ.സി., കോട്ടയം നാഷണൽ തീയറ്റേഴ്സ്, കാളിദാസകലാകേന്ദ്രം എന്നീ നാടകസമിതികളുമായി ബന്ധപ്പെട്ട് പതിനഞ്ച് വർഷക്കാലം പ്രവർത്തിച്ചു.

ദേശീയശ്രദ്ധ ആകർഷിച്ച നീലക്കുയിലിൽ ചായക്കടക്കാരൻ നാണുനായരുടെ വേഷത്തിലൂടെ സിനിമയിലെത്തിയ ഇദ്ദേഹം പിന്നീട് രാരിച്ചൻ എന്ന പൗരൻ, മിന്നാം മിനുങ്ങ്, കായംകുളം കൊച്ചുണ്ണി, ശബരിമല അയ്യപ്പൻ, ഉണ്ണിയാർച്ച, പുന്നപ്ര വയലാർ, പാലാട്ടു കോമൻ, മുക്കുവനെ സ്നേഹിച്ച ഭൂതം, മദ്രാസിലെ മോൻ തുടങ്ങി മുന്നൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ടു. ഹാസ്യവേഷങ്ങൾക്ക് പുറമേ സ്വഭാവനടനായും സഹനടനായും ജോസഫ് വേഷമിട്ടിട്ടുണ്ട്. പ്രകൃതം കൊണ്ട് ക്രിസ്ത്യൻ വേഷങ്ങളായിരുന്നു ജോസഫിനെത്തേടി കൂടുതലുമെത്തിയത്. വടക്കൻ പാട്ടുകൾ പ്രമേയമായ ചിത്രങ്ങളിലെ നാടുവാഴി വേഷങ്ങളും ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ പലതും ഐ.വി. ശശിയുടെ ചിത്രങ്ങളിലേതായിരുന്നു. ഈനാട്, ഉണരൂ, ഇവർ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം പ്രേക്ഷകശ്രദ്ധ ആകർഷിച്ചവയാണ്.[2]

വാർത്ത എന്ന ചിത്രത്തിന്റെ ഡബ്ബിംഗിനു വേണ്ടി ചെന്നൈയിലെ നുങ്കംപാക്കത്തുള്ള രാജ് ഹോട്ടലിൽ താമസിക്കുമ്പോൾ ഹൃദയസ്തംഭനംമൂലം 1986 ജനുവരി 23-ന് മണവാളൻ ജോസഫ് അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. "മണവാളൻ ജോസഫ്". മലയാള മനോരമ. ശേഖരിച്ചത് 2012-08-07.
  2. "മലയാളത്തിന്റെ മണവാളൻ". വെബ്‌ദുനിയ മലയാളം. ശേഖരിച്ചത് 2012-08-07.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മണവാളൻ_ജോസഫ്&oldid=3007407" എന്ന താളിൽനിന്ന് ശേഖരിച്ചത്