സരസ്വതി
| സരസ്വതി ദേവി | |
|---|---|
| വിദ്യാഭ്യാസം, കല, അറിവ്, വാക്ക്, നദികൾ | |
സരസ്വതി ദേവി, മഹാസരസ്വതി, വിദ്യ ഭഗവതി | |
| ദേവനാഗരി | सरस्वती |
| Sanskrit Transliteration | Sarasvatī |
| Affiliation | ആദിപരാശക്തി, ഭുവനേശ്വരി, ഭഗവതി |
| ഗ്രഹം | ബുധൻ |
| ജീവിത പങ്കാളി | ബ്രഹ്മാവ് |
| Mount | അരയന്നം, മയിൽ |
ഹിന്ദു വിശ്വാസപ്രകാരം വിദ്യയുടെ ഭഗവതിയാണ് സരസ്വതി. നൃത്തം, സംഗീതം മുതലായ കലകൾ, കരകൗശലങ്ങൾ, അക്ഷരം, സാഹിത്യം, ബുദ്ധി എന്നിവ സരസ്വതിയുടെ പ്രത്യക്ഷ രൂപങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു. സപ്തസ്വരങ്ങൾ പുറപ്പെടുവിക്കുന്ന സാരസ്വത വീണ മനുഷ്യന്റെ പ്രതീകമാണ്, സംഗീതം പരമാനന്ദവും എന്ന് ഉപാസകർ കരുതുന്നു. കലാകാവ്യദികളിലും വാക്കിലുമൊക്കെ ദൈവീകത ദർശിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ ദേവതാസങ്കല്പം കൂടിയാണിത്. തെറ്റായ വാക്കുകൾ ഉച്ചരിക്കുമ്പോൾ നാവിൽ സരസ്വതിക്ക് പകരം 'വികടസരസ്വതി' കളിയാടുന്നു എന്നും വിശ്വസിക്കപ്പെട്ടിരുന്നു. താന്ത്രിക ബുദ്ധമതത്തിൽ 'വജ്രസരസ്വതി' എന്ന പേരിൽ ഭഗവതി അറിയപ്പെടുന്നു.
ദേവി മാഹാത്മ്യ പ്രകാരം ആദിപരാശക്തി അഥവാ ഭുവനേശ്വരിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ് മഹാസരസ്വതി. മഹാകാളി, മഹാലക്ഷ്മി, എന്നിവരാണ് മറ്റ് രണ്ടുപേർ. ഇത് ശാക്തേയ വിശ്വാസികളുടെ ഒരു പ്രധാന ഭഗവതിയാണ്. 'നീലസരസ്വതി' തുടങ്ങി പിന്നേയും ഉഗ്ര ഭാവങ്ങളുണ്ട്. സുംഭ നിസുംഭൻമാരെ വധിക്കാൻ പാർവതിയുടെ ശരീരത്തിൽ നിന്ന് കറുത്ത നിറത്തോട് കൂടിയ മഹാസരസ്വതി പ്രത്യക്ഷപ്പെട്ടു എന്ന് ദേവി പുരാണങ്ങൾ പറയുന്നു. പല ഭാവങ്ങളിലിരിക്കുന്ന ഭഗവതീ സങ്കല്പങ്ങളുണ്ട്, ഇവയിൽ ശാന്ത ഭാവങ്ങളോട് കൂടിയ സാത്വിക ഗുണമുള്ളവളാണ് പൊതുവേ സരസ്വതി. ഇത് പരമാത്മാവിന്റെ ജ്ഞാനശക്തി ആണെന്നാണ് വിശ്വാസം. സൃഷ്ടി നടത്താൻ വിദ്യാഗുണം ആവശ്യമാണ് എന്നതിനാൽ സൃഷ്ടാവായ ബ്രഹ്മാവിന്റെ പത്നിയായും സരസ്വതിയെ സങ്കല്പിച്ചിരിക്കുന്നു.
കൊല്ലൂർ മൂകാംബിക ഇന്ത്യയിലെ അതിപ്രസിദ്ധമായ മഹാസരസ്വതി ക്ഷേത്രമാണ്. ഇത് കർണാടകയിലെ ഉടുപ്പി ജില്ലയിലെ കൊല്ലൂരിൽ സ്ഥിതി ചെയ്യുന്നു. പല ഭഗവതീ ക്ഷേത്രങ്ങളിലും പ്രഭാതത്തിൽ പരാശക്തിയെ സരസ്വതിയായി ആരാധിക്കാറുണ്ട്. എറണാകുളം ചോറ്റാനിക്കര ഭഗവതീ ക്ഷേത്രം, വടക്കൻ പറവൂർ മൂകാംബിക ക്ഷേത്രം, കോട്ടയം ജില്ലയിലെ പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രം, കന്യാകുമാരി പദ്മനാഭപുരം തേവർക്കെട്ടു സരസ്വതി ക്ഷേത്രം, മാവേലിക്കര തട്ടാരമ്പലം സരസ്വതി ക്ഷേത്രം, കൊല്ലം ജില്ലയിലെ എഴുകോൺ ശ്രീമൂകാംബിക ക്ഷേത്രം, പത്തനംതിട്ട ജില്ലയിലെ പന്തളം പാട്ടുപുരക്കാവ് സരസ്വതി ക്ഷേത്രം, വർക്കല ശിവഗിരി ശാരദാമഠം എന്നിവ കേരളത്തിലെ സരസ്വതീ സാന്നിധ്യമുള്ള ചില ക്ഷേത്രങ്ങളാണ്.
പൊതുവെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കലാമണ്ഡലത്തെയും സരസ്വതീ ക്ഷേത്രങ്ങളായാണ് കണക്കാക്കുന്നത്. കേരളത്തിലെ നവരാത്രി മഹോത്സവവും വിദ്യാരംഭവും സരസ്വതീ പ്രാധാന്യം ഉള്ളതാണ്. വസന്തപഞ്ചമിയാണ് ഉത്തരേന്ത്യയിൽ വിശേഷ ദിവസം. ബുധൻ, പൗർണമി എന്നിവ സരസ്വതീപ്രധാന്യമുള്ള ദിവസങ്ങളാണ്.
വിദ്യാദേവി
[തിരുത്തുക]സരസ്വതിയെ ‘ജ്ഞാന’ ശക്തിയായും ലക്ഷ്മിയെ ‘ക്രിയ’ ശക്തിയായും ദുർഗ്ഗയെ ഇച്ഛയുടെ ശക്തിയുമായാണ് കരുതുന്നത്. ജ്ഞാന ശക്തികൾ എന്തെന്നാൽ അറിവ്, സംഗീതം, ക്രിയാത്മകത, ബുദ്ധി തുടങ്ങിയവയുടെ ഭഗവതിയായും സങ്കല്പിച്ചു പോരുന്നു. വേദങ്ങളുടെ അമ്മ എന്ന വിശേഷണവും ഉണ്ട്. സ്രഷ്ടാവ് ബ്രഹ്മാവാണെങ്കിലും, അദ്ദേഹത്തിന് പോലും അറിവും ബുദ്ധിയും നൽകുന്നത് സരസ്വതി ആണെന്ന് ദേവീഭാഗവതം പറയുന്നു. വാക്കിന്റെ ദേവതയായും സരസ്വതിയെ കണക്കാക്കുന്നു. വികടസരസ്വതി തെറ്റായ വാക്കിന്റെ അധിദേവതയാണ്. ദേവീമാഹാത്മ്യത്തിൽ അജ്ഞാനികളായ ശുംഭനിശുംഭന്മാരെ വധിച്ച ചണ്ഡികയാണ് മഹാസരസ്വതി. നീലസരസ്വതി ഭഗവതിയുടെ മറ്റൊരു രൂപമാകുന്നു. ഈ രൂപം നീലാദേവി എന്നും അറിയപ്പെടുന്നു. മനുഷ്യ ശരീരത്തിന്റെ പ്രതീകമായ വരവീണ മീട്ടിക്കൊണ്ടു പരമാനന്ദമാകുന്ന സംഗീതത്തെ ഉണർത്തുന്നവളാണ് സരസ്വതി എന്ന് വിശ്വാസം. വിദ്യ അഭ്യസിക്കുന്നിടത്ത് ഭഗവതി കുടികൊള്ളുന്നു എന്നാണ് സങ്കല്പം.
രൂപവും വേഷവിധാനവും
[തിരുത്തുക]ഒരു കയ്യിൽ വേദങ്ങളും, മറ്റൊരു കയ്യിൽ അറിവിന്റെ അടയാളമായ താമരയും, മറ്റ് രണ്ടു കൈകളിൽ സംഗീതത്തിന്റെ സൂചകമായ വീണയും കാണാം. ശ്വേതവസ്ത്രധാരിയായ സരസ്വതി ഇതിലൂടെ സമാധാനത്തിന്റെയും പരിശുദ്ധിയുടെയും അടയാളങ്ങൾ കാണിക്കുന്നു. വാഹനമായി അരയന്നവും ഉപയോഗിക്കുന്നു.[1]
പ്രാർത്ഥനാ ശ്ലോകങ്ങൾ
[തിരുത്തുക]| “ | സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണീ വിദ്യാരംഭം കരിഷ്യാമീ സിദ്ധിർ ഭവതുമേ സദാ[2] |
” |
അവലംബം
[തിരുത്തുക]- ↑ ഹിന്ദുനെറ്റ്.ഓർഗ്
- ↑ 'ക്ഷേത്രാചാരങ്ങൾ', കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്, പഞ്ചാംഗം പുസ്തകശാല, കുന്നംകുളം
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
| ഹിന്ദു ദൈവങ്ങൾ |
|---|
|
ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്
|